Pages

Monday, February 28, 2022

സൌഹൃദം പൂക്കുന്ന വഴികൾ - 15

പഴയ സുഹൃത്തുക്കളെ തേടിപ്പിടിക്കുന്നതും അവരുടെ ഒത്തുകൂടൽ നടത്തുന്നതും ആ നല്ല കാലങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള മനുഷ്യന്റെ ആന്തരികേച്ഛയുടെ പ്രതിഫലനമാണ്. അതിൽ പല കാരണങ്ങളാലും പങ്കെടുക്കാൻ സാധിക്കാത്തവരെ തേടിപ്പിടിച്ച്, സംഗമത്തിന് ശേഷം ഉണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കുക എന്നതാണ് പിന്നീട് പല ഗ്രൂപ്പുകളും ചെയ്യുന്നത്.അതിനകത്ത് ചില സൗന്ദര്യപ്പിണക്കങ്ങളും അനാവശ്യ ബന്ധങ്ങളും മുളപൊട്ടി ഒന്നുകിൽ ഗ്രൂപ്പ് അല്ലെങ്കിൽ കുടുംബം പൊട്ടുന്നതായാണ് പിന്നീട് സംഭവിക്കാറ് .

രണ്ട് വർഷം മുമ്പാണ് ഞങ്ങളുടെ പത്താം  ക്ലാസ് ബാച്ച് ആദ്യമായി സംഘടിച്ചത്.സാധാരണ ഗ്രൂപ്പുകളിൽ നിന്ന് വിഭിന്നമായി സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കൊണ്ട് ഇന്നും അത് നന്നായി മുന്നോട്ട് പോകുന്നു.സംഗമത്തിൽ പങ്കെടുക്കാൻ പറ്റാത്തവരെ പലരെയും തേടിപ്പിടിച്ച് പഴയ സൗഹൃദ വലയത്തിലേക്ക് കൊണ്ട് വരികയും ചെയ്തിട്ടുണ്ട്.അതിനിടയ്ക്കാണ് പത്താം ക്ലാസ് കഴിഞ്ഞ ഉടൻ തന്നെ ഒരു സഹപാഠിയുടെ കുടുംബം വയനാട്ടിലേക്ക് താമസം മാറിയതായി ആരോ പറഞ്ഞറിഞ്ഞത്.പ്രസ്തുത സഹപാഠി ഒരു മുൻ പ്രവാസി കൂടി ആയതിനാൽ ഞങ്ങളുടെ തന്നെ ബന്ധങ്ങളിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് ആളെ ഗ്രൂപ്പിൽ ചേർത്തു. കഴിഞ്ഞ ദിവസം അവനെത്തേടി ഞങ്ങൾ അഞ്ച് പേര് പുറപ്പെടുകയും ചെയ്തു.

എന്തോ ആവശ്യാർത്ഥം അതേ ദിവസം തന്നെ ഈ സഹപാഠി മുക്കത്ത് വരുന്നുണ്ട് എന്ന വിവരം കിട്ടിയത് വൈകിയാണ്.എങ്കിലും വഴിയിൽ ഇവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്ന പ്രതീക്ഷ ഞങ്ങൾ കൈവിട്ടില്ല.ഉദ്ദേശിച്ച പോലെത്തന്നെ മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം താമരശ്ശേരി ചുരത്തിന്റെ  അടിവാരത്ത് വച്ച് സിദ്ദീഖ് എന്ന ആ സുഹൃത്തിനെ കണ്ടുമുട്ടി.ഏറെ നേരം സംസാരിച്ച് ഒരുമിച്ച് ചായയും കുടിച്ച് ഞങ്ങൾ പിരിഞ്ഞു.അവൻ മുക്കത്തേക്കും ഞങ്ങൾ വയനാട്ടിലേക്കും യാത്ര തുടർന്നു.

കൽപറ്റ എത്തിയപ്പോഴാണ് മറ്റൊരു സഹപാഠിയും ഗവ.ജനറൽ ഹോസ്പിറ്റലിലെ ഹെഡ് നഴ്‌സുമായ രജനിയെ ഓർമ്മ വന്നത്.മുമ്പൊരു തവണ അവളുടെ വീട്ടിൽ പോയതാണെങ്കിലും വണ്ടി അങ്ങോട്ട് തിരിച്ചു.ഒന്നാം തരം സംഭാരവുമായി രജനി ഞങ്ങളെ സ്വീകരിച്ചു.വീട്ടിൽ നട്ടുണ്ടാക്കിയ മഞ്ഞളും ചില വയനാടൻ ചെടികളും ഞങ്ങൾക്ക് അവിടെ നിന്ന് കിട്ടി.

പിന്നീടുള്ള യാത്രക്ക് പ്രത്യേക ലക്ഷ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.മുത്തങ്ങ പോയി തിരിച്ചു വരാം എന്ന് മാത്രമായിരുന്നു ഉദ്ദേശ്യം.ഓൺ ദി വേ മുട്ടിൽ എത്തിയപ്പോൾ കൂട്ടത്തിലെ എക്സ് മിലിട്ടറി ഷുക്കൂറിന് അവന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാളെ ഓർമ്മ വന്നു.വിളിച്ചപ്പോൾ ആള് സ്ഥലത്തുണ്ട് എന്നും അറിഞ്ഞു.അങ്ങനെ വണ്ടി നേരെ ആ ജവാന്റെ വീട്ടിലേക്ക് തിരിച്ച് വിട്ടു.പോകുന്ന വഴിയിൽ അല്പം പൊക്കത്തിലിരിക്കുന്ന ഒരു വീട് കണ്ടപ്പോൾ എന്റെ മുൻ വളണ്ടിയർ സെക്രട്ടറി അപർണ്ണയുടെ വീട് ആണോ എന്നൊരു സംശയം തോന്നി ഞാൻ അവളെ വിളിച്ചു.പക്ഷെ ഫോൺ കിട്ടിയില്ല.

ജവാന്റെ ചായ സൽക്കാരം കഴിഞ്ഞ ഉടനെ അപർണ്ണ തിരിച്ച് വിളിച്ചു.ഞാൻ അപ്പോൾ നിൽക്കുന്ന സ്ഥലം പറഞ്ഞപ്പോൾ അവളുടെ വീടിന്റെ സമീപത്ത് തെന്നെയാണെന്നറിയിച്ചു. പക്ഷെ ഞാൻ സംശയിച്ച വീട് അല്ലായിരുന്നു.സ്ഥലം പറഞ്ഞപ്പോൾ ജവാനും ആളെ പിടികിട്ടി.അദ്ദേഹം തന്നെ ഞങ്ങളെ അപർണ്ണയുടെ വീട് വരെ ആക്കിത്തന്നു.അങ്ങനെ അപ്രതീക്ഷിതമായി വർഷങ്ങൾക്ക് ശേഷം അപർണ്ണയെയും കണ്ട് മുട്ടി.

തലേ ദിവസം പാലക്കാട് നിന്നും മടങ്ങുമ്പോൾ പറഞ്ഞ ഒരു വാക്ക് പിറ്റേ ദിവസം തന്നെ നടപ്പിലായി.വർഷങ്ങൾക്ക് മുമ്പ് അപർണ്ണയുടെ വീട് സന്ദർശിച്ചപ്പോൾ കൊണ്ടുവന്ന സ്ട്രോബറിച്ചെടി എന്റെ വീട്ടിൽ നിന്നും കുറ്റിയറ്റു പോകുന്ന ഘട്ടത്തിലാണുണ്ടായിരുന്നത്.അപർണ്ണയുടെ വീട്ടിൽ പോകുമ്പോൾ കൊണ്ടുവരാം എന്ന് വെറുതെ അന്ന് പറഞ്ഞിരുന്നു !!

സൗഹൃദം അങ്ങനെയാണ് , എപ്പോ വേണമെങ്കിലും അത് പൂത്തുലയും - നാമൊന്ന് മനസ്സ് വയ്ക്കണം എന്ന് മാത്രം.


Thursday, February 24, 2022

പാമ്പിൻ തുപ്പൽ

തലേന്ന് രാത്രി പെയ്ത മഴയിൽ മുറ്റം നനഞ്ഞു കിടന്നിരുന്നു . കാർമേഘമൊഴിഞ്ഞ ആകാശത്ത് സൂര്യൻ വെട്ടിത്തിളങ്ങിത്തുടങ്ങി . അബ്ബയും ലിദുമോനും മെല്ലെ മുറ്റത്തേയ്ക്കിറങ്ങി. 

"അബ്ബാ... ഇന്നലത്തെ മണ്ണിരപ്പാമ്പ് പോയിട്ടുണ്ടാകുമോ?"

"പിന്നല്ലാതെ..."

"ങാ...രാത്രി ആയപ്പോ അതിന്റെ അമ്മയുടെ അടുത്ത് പോയിട്ടുണ്ടാകും അല്ലെ?"

"അല്ലല്ല ..സൂര്യന്റെ ചൂട് കൂടുന്തോറും അവയെ കാണാതാകും..."

"അതെന്താ ?"

"അതിന്റെ പുറത്ത് ഒരു എണ്ണ പുരട്ടിയ പോലെ നീ ശ്രദ്ധിച്ചിരുന്നില്ലേ?"

"ആ...അതാരാ പുരട്ടിയത്?"

"അത് ജന്മനാ ഉള്ളതാ ....അതിന്റെ ശരീരം ഉണങ്ങാതെ സൂക്ഷിക്കാനുള്ള സംവിധാനമാണ് ..."

"അയ്യേ ...എൻറെ കൈ ..." 

മുറ്റത്ത് വളർന്നു വന്നിരുന്ന കശുമാവിൻ തൈയിലെ ശിഖരങ്ങൾ വകഞ്ഞുമാറ്റി മുന്നോട്ട് പോവാൻ ശ്രമിച്ച ലിദു മോൻ പെട്ടെന്ന് കൈ വലിച്ച് കൊണ്ട് പറഞ്ഞു.

"എന്താ ...എന്തുപറ്റി ..വല്ല പുഴുവും കുത്തിയോ?"

"ഇല്ല...ആരോ ഇതിന്റെ മേലെ തുപ്പിയത് എന്റെ കയ്യിലായി ...."

"അയ്യേ...നോക്കട്ടെ... കൊറോണ കാലമാ... കൈ വൃത്തിയായി സൂക്ഷിക്കണം ..."

"അയ്യേ ... ഇതാരാ ഈ മരത്തിൽ മൊത്തം തുപ്പി വച്ചത്? അബ്ബ എന്നോട് കണ്ടത്തിലേക്ക് തുപ്പാൻ പറയും , ഇവിടെ ആരോ മരത്തിൽ തുപ്പി നിറച്ച് വൃത്തി കേടാക്കി വച്ചിരിക്കുന്നു..."

"ലുബീ .... ലൂ ...ബീ ..." അബ്ബ നീട്ടി വിളിച്ചു.

"ദേ ....വന്നൂ... ഈ ജനലുകൾ ഒക്കെ ഒന്ന് തുറന്നിടട്ടെ...."

"വരണ്ട ...പറഞ്ഞ് തന്നാ മതി.... "

"എന്താ ?"

"ഇന്നലെ ആരാ ഈ മരത്തിൽ മുഴുവൻ തുപ്പി വച്ചത്?"

"മരത്തിൽ തുപ്പുകയോ?"

"അതേ .... വേഗം ആ സോപ്പോ സാനിറ്റൈസറോ എടുത്ത് വാ ..... ലിദു മോന്റെ കൈ മൊത്തം തുപ്പലായി..."

"മോനെ ....എവിടെയാ തുപ്പൽ ? ഞാനൊന്ന് നോക്കട്ടെ ...?"

"ഇതാ ഇവിടെ ..." ലിദു കശുമാവിന്റെ മൂന്നാല് ഇലകളുടെ അടിഭാഗം കാണിച്ചു  കൊടുത്തു.

"ഓ ... പാമ്പിൻ തുപ്പൽ..."

"ങേ !!! പാമ്പിൻ തുപ്പലോ ..." ലിദുവും അബ്ബയും ഒരുമിച്ച് ഞെട്ടി.

"ഹ ഹ ഹാ... പേടിച്ച് പോയോ രണ്ടാളും ?"

"ങ്ങും"

"ഇതിന് നമ്മളിട്ട പേരാണ് പാമ്പിൻ തുപ്പൽ ന്ന്...."

"മൂർഖൻ ആണോ തുപ്പിയത് ?"

"ഏയ്... ഒരു പാമ്പും മരത്തിൽ കയറി ഇങ്ങനെ തുപ്പി വയ്ക്കില്ല .... പാമ്പിന് ഇങ്ങനെ ഒരു തുപ്പലും ഇല്ല..."

"പിന്നെ ഇതെന്താ സാധനം?"

"ആ പതക്കകത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ ...." 

"അബ്ബാ... വേണ്ട , പാമ്പ് അടുത്തെവിടെങ്കിലും ഉണ്ടെങ്കിൽ കടിക്കും..."

"ഏയ്...ആരും കടിക്കില്ല ...സ്പിറ്റിൽബഗ് എന്ന് പേരുള്ള  വണ്ടു പോലെയുള്ള ഒരു തരം ഷഡ് പദമുണ്ട്.ഷഡ് പദങ്ങളുടെ കുഞ്ഞുങ്ങളെ ജന്തുശാസ്ത്രത്തിൽ നിംഫുകൾ എന്ന് വിളിക്കും.സ്പിറ്റിൽബഗ് നിംഫുകളുടെ കൂടാണത്..." ബയോളജി പഠിച്ച ഉമ്മി വിശദീകരിക്കാൻ തുടങ്ങി

"നല്ല രസമുള്ള കൂട്... എന്തിനാ ഇവർ ഈ തുപ്പൽ കൂടുണ്ടാക്കുന്നത്?"

"ആ പത കണ്ടില്ലേ? വായുകുമിളകൾ ആണവ.. അതുകൊണ്ട് തന്നെ ചൂടും തണുപ്പും കൂടിന്റെ ഉള്ളിലേക്ക് അധികം എത്തില്ല. കുഞ്ഞായ  നിംഫിന്റെ ലോലശരീരം ഈർപ്പം നഷ്ടപ്പെട്ട് ഉണങ്ങിപ്പോകാതെ  കാത്ത് സൂക്ഷിക്കാനാണ് ഈ പതപ്പുതപ്പ്"

"ഓ...മണ്ണിരപ്പാമ്പിനുള്ളത് പോലെത്തന്നെ..."

"അതെ....ഓരോ ജീവിക്കും ഇങ്ങനെ പല പ്രത്യേകതകളും ദൈവം നൽകിയിട്ടുണ്ട്... ഓരോന്നോരോന്നായി നീ നോക്കി മനസ്സിലാക്കണം.."

"ശരി ഉമ്മീ....അപ്പോ ഇനി കൈ  കഴുകേണ്ട അല്ലെ?"

"കഴുകിക്കോ കഴുകിക്കോ... പത്തിരിയും ചായയും റെഡിയായി ...."

"ഓകെ ... അബ്ബാ ... എന്നാ ചായ കുടിക്കാം ..."

"ശരി ..." 

അബ്ബായും ലിദുവും കൈ കഴുകി അകത്തേക്ക് കയറി.

Wednesday, February 23, 2022

കൊത്തങ്കല്ല് കളി

പൊതുവെ പെൺകുട്ടികളുടെ ഒരു നാടൻ കളിയാണ് കൊത്തങ്കല്ല് കളി.  പക്ഷെ കുട്ടിക്കാലത്ത് ഞാനും ഈ കളിയിൽ അഗ്രഗണ്യനായിരുന്നു. സ്‌കൂളിൽ പെൺകുട്ടികൾ മാത്രവും ഞങ്ങളുടെ കോളനിയിൽ ആണും പെണ്ണും ഒരുമിച്ചും ആയിരുന്നു കൊത്തങ്കല്ല് കളിച്ചിരുന്നത്. കല്ലുകൊത്തിക്കളി എന്നും ഈ കളിക്ക് പേരുണ്ട്. 

അഞ്ച് ചെറിയ കല്ലുകളാണ് കളിയുടെ അടിസ്ഥാന ഘടകം. ഇന്ന് നാം അര ഇഞ്ച് മെറ്റൽ എന്ന് വിളിക്കുന്ന കരിങ്കല്ലുകൾ അന്ന് പെറുക്കിയിരുന്നത് റോഡ് വക്കിൽ നിന്നായിരുന്നു. കോൺക്രീറ്റ് വർക്കുകൾ അപൂർവ്വമായിരുന്നതിനാൽ മെറ്റൽ ഇന്നത്തെ പോലെ സുലഭമായിരുന്നില്ല. എന്നാൽ റോഡിന്റെ പാർശ്വങ്ങളിൽ നിന്നും അടർന്നു പോകുന്ന കല്ലുകൾ റോഡ് സൈഡിൽ കാണാമായിരുന്നു. വക്ക്  കൂർത്തതും മൂർച്ഛയുള്ളതുമായ അത്തരം കല്ലുകൾ മൂന്നാല് ദിവസത്തെ കളിയോടെ ഉരുണ്ട് വരും. എൻ്റെ ജ്യേഷ്ഠത്തിയും കൂട്ടുകാരും സ്ഥിരം ഉപയോഗിച്ചിരുന്ന കല്ലുകൾ ശരിക്കും ഗോലി പോലെ ആയിരുന്നു. 

അഞ്ചോ ഏഴോ കല്ലുകൾ കൊണ്ട് കൊത്തങ്കല്ല് കളിക്കാം. അഞ്ച് കല്ലുക കൊണ്ടായിരുന്നു ഞങ്ങൾ  കളിച്ചിരുന്നത്. വട്ടത്തിൽ നിലത്ത് പടിഞ്ഞിരുന്നാണ് കളി. കളിയിലെ ആരെങ്കിലും ഒരാൾ അഞ്ച് കല്ലുകളും കയ്യിൽ എടുത്ത് നിലത്ത് ചിതറി ഇടും. ആദ്യ ഘട്ടത്തിൽ ഓരോ കല്ലുകളായി എടുക്കണം എന്നതിനാൽ കല്ലുകൾ മാക്സിമം അകലത്തിൽ ആകാൻ പാകത്തിൽ ആയിരിക്കും ചിതറി ഇടുന്നത്.ഇതിൽ നിന്ന് ഒന്നെടുത്ത് മേലോട്ട് എറിയും.എന്നിട്ട് നിലത്തുള്ള ഓരോ കല്ല് വീതം മറ്റു കല്ലുകളിൽ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അതേ കൈ കൊണ്ട് പിടിക്കുകയും വേണം. 

ഇതു രണ്ടും തെറ്റിക്കാതെ ചെയ്താൽ കളിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാം.എല്ലാം ഒന്നാം ഘട്ടത്തിലെപ്പോലെ തന്നെ ചെയ്യുക. പക്ഷെ ഈരണ്ട് കല്ലുകൾ വീതം കൊത്തി എടുക്കണം.മൂന്നാം ഘട്ടത്തിൽ ആദ്യം മൂന്ന് കല്ലുകൾ ഒരുമിച്ച് കൊത്തി എടുക്കണം. ശേഷം ഒറ്റക്കല്ലും.നാലാം ഘട്ടത്തിൽ മുകളിലെറിഞ്ഞ കല്ല് താഴെ വീഴും മുമ്പ് നാല് കല്ലുകളും വാരി എടുക്കണം.അതേ കൈകൊണ്ട് തന്നെ ആ കല്ല് പിടിക്കുകയും വേണം.എല്ലാ ഘട്ടങ്ങളിലും ഒരു കൈ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. ഓരോ ഘട്ടത്തിലെ കല്ലുകൾ കൊത്തി എടുക്കുമ്പോഴും കളത്തിലെ മറ്റു കല്ലുകൾക്ക് ഒരനക്കവും സംഭവിക്കാൻ പാടില്ല.ഇതിലേതെങ്കിലും നിയമം തെറ്റിച്ചാൽ കളി അടുത്ത ആൾക്ക് കൈമാറണം.

അഞ്ചാമത്തെ ഘട്ടം "തോണ്ടി" ആണ്. നാല് കല്ലുകൾ കൈക്കകത്ത് തന്നെ വച്ച് ഒരു കല്ല് മുകളിലേക്കെറിയും.കല്ല് ഉയരുന്നതിനിടയിൽ ചൂണ്ടു വിരൽ കൊണ്ട് നിലത്ത് ഒന്ന് തോണ്ടും.ശേഷം എറിഞ്ഞ കല്ല് പിടിക്കും.ആറാം ഘട്ടത്തിൽ കൈക്കകത്തെ ഒരു കല്ല് മുകളിലേക്കെറിഞ്ഞ് ബാക്കി മുഴുവൻ നിലത്ത് വയ്ക്കും.എറിഞ്ഞ കല്ല് പിടിച്ച ശേഷം വീണ്ടും മുകളിലേക്കെറിഞ്ഞ് മുഴുവൻ കല്ലുകളും വാരി എടുക്കും.വീഴുന്ന കല്ല് അതേ കൈ കൊണ്ട് തന്നെ പിടിക്കുകയും വേണം.ഈ ഘട്ടത്തെ "വാരി" എന്ന് പറയും.

നാല് കല്ലുകളും വാരിയ ശേഷം വരുന്ന ഘട്ടത്തെ "തൂഞ്ചി" എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്.അഞ്ച് കല്ലുകളും ഒരുമിച്ച് മുകളിലേക്കിട്ട് കൈപ്പത്തിയുടെ പുറം ഭാഗത്ത് അവയെ ലാന്റ് ചെയ്യിപ്പിക്കണം.കൈപ്പുറത്ത് ഒരു കല്ല് മാത്രമേ കിട്ടിയുള്ളൂ എങ്കിൽ ആ ഘട്ടത്തിൽ നിന്ന് പുറത്താകും.ഒന്നിലധികം ഉണ്ടെങ്കിൽ നമുക്ക് ഇഷ്ടമുള്ള അത്രയും കൈപ്പുറത്ത് നിർത്തി ബാക്കി ശ്രദ്ധയോടെ  താഴേക്കിടാം.

ശേഷം കൈപ്പുറത്തെ കല്ലുകൾ വീണ്ടും മുകളിലേക്കിട്ട് വായുവിൽ വച്ച് തന്നെ അവ കൊത്തി എടുക്കണം(ഇതിനാണ് തൂഞ്ചുക എന്ന് പറയുന്നത്.മലയാളത്തിൽ ഇങ്ങനെ ഒരു പദം ഉള്ളതായി എനിക്കറിവില്ല).അപ്പോൾ ഏതെങ്കിലും കല്ല് കിട്ടാതെ പോയാലും ആ ഘട്ടത്തിൽ നിന്ന് പുറത്താകും.മുകളിലേക്കിട്ട എല്ലാ കല്ലുകളും പിടിച്ച് കഴിഞ്ഞാൽ പിന്നെ ഒരു കല്ല് മുകളിലേക്കിട്ട് കളത്തിലെ ബാക്കി കല്ലുകൾ കൂടി കൊത്തി എടുക്കണം.എത്ര കല്ലുകൾ തൂഞ്ചി പിടിക്കുന്നുവോ അത്രയും പോയിന്റ് നമുക്ക് കിട്ടും.കളി ഇങ്ങനെ തുടരും.

തന്ത്രവും വേഗവും സമന്വയിപ്പിച്ച് കല്ല് എടുക്കുന്നതിനാലാണു കൊത്തിയെടുക്കുക എന്നു പറയുന്നത്. എല്ലാ കല്ലുകളും കൊത്തിയെടുക്കുന്ന കളിയായതു കൊണ്ട് ഈ കളിയെ കൊത്തൻ കല്ല് കളി എന്നു വിളിക്കുന്നു. മഴക്കാലത്തെ പ്രധാന കളികളിൽ ഒന്നാണിത്. പല സ്ഥലങ്ങളിലും മുതിർന്ന സ്ത്രീകളും കുട്ടികൾക്കൊപ്പം കൊത്തൻ കല്ല് കളിക്കാറുണ്ടായിരുന്നു.പക്ഷെ ഇന്നത്തെ തലമുറക്ക് ഈ കളി പരിചയം പോലും ഇല്ല.

Thursday, February 17, 2022

അഴിയന്നൂർ ദോശ

(ആമാശയം ദോശയെ ആശിച്ച നിമിഷം - ഇതിൽ ക്ലിക്കി വായന ആരംഭിക്കുക)

നേരം സന്ധ്യ മയങ്ങിത്തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. പക്ഷെ ആ ദേശത്ത്, സൂര്യൻ നേരത്തെ സേവനം  നിർത്തിപ്പോയ പോലെ ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയിരുന്നു.നോക്കെത്തും ദൂരത്ത് ഒരു മനുഷ്യനെപ്പോലും കാണാത്തതിനാൽ ആശിച്ച ദോശ കിട്ടില്ലേ എന്നൊരു സന്ദേഹം മെല്ലെ മനസ്സിൽ അരിച്ച് കയറാൻ തുടങ്ങി.

"ദേ ...നോക്ക് .." മുന്നോട്ടുള്ള പ്രയാണത്തിനിടയിൽ ഷൈൻ സാർ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും നോക്കി.

"എന്താണ്  സാർ?" പ്രത്യേകിച്ച് ഒന്നും കാണാത്തതിനാൽ ഞാൻ ചോദിച്ചു.

"കട പൂട്ടിയിട്ടത് കണ്ടില്ലേ ?"

"ഇതല്ല സാർ... ഇനിയും മുന്നോട്ട് പോകണം" റഹീം മാഷ് പറഞ്ഞു.

"ഏയ് ഇതു തന്നെയാ അന്ന് നമ്മൾ കഴിച്ച കട..."

"അതെ, പക്ഷെ ഇതല്ല ഒറിജിനൽ കട...നിങ്ങള് വിട്ടോളൂ... ഞാൻ പറഞ്ഞ് തരാം" റഹീം മാഷുടെ വാക്കുകളിൽ വല്ലാത്തൊരു ധൈര്യം നിറഞ്ഞ് നിന്നിരുന്നു.

കുണ്ടും കുഴിയും ഇരുട്ടും നിറഞ്ഞ റോഡിലൂടെ ഒന്നൊന്നര കിലോമീറ്റർ സഞ്ചരിച്ചപ്പോൾ ദൂരെ ഒരു വെളിച്ചം ദൃശ്യമായി.അതിനടുത്ത് തന്നെ ഒന്ന് രണ്ട് കാറുകളും ഇടുങ്ങിയ റോഡിൽ ഒതുക്കി ഇട്ടതായി കണ്ടു.

"അതാ ...ആ കാണുന്നതാണ് ദോശക്കട " റഹീം മാസ്റ്റർ പറഞ്ഞു.

ഒരു വാഹനത്തിന് മാത്രം കടന്നു പോകാൻ പറ്റുന്ന വഴിയിൽ നന്നായി അരിക് പറ്റി ഷൈൻ സാർ വണ്ടി പാർക്ക് ചെയ്തു.ഷീറ്റ് മേഞ്ഞ കടയിൽ നിന്നും തുറന്നിട്ട വാതിലിലൂടെ വെളിച്ചത്തിന്റെ ഒരു കീറ് പുറത്തേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു.ആരും ശ്രദ്ധിക്കാത്ത രൂപത്തിൽ പൊടിപിടിച്ച ചെറിയ ഒരു ഫ്ളക്സ് കഷ്ണത്തിൽ എഴുതി വച്ചത് ഞാൻ വായിച്ചു - ഹോട്ടൽ ഹരിഹരപുത്ര.

കൈ കഴുകി അകത്ത് പ്രവേശിച്ച ഞങ്ങളെ വരവേറ്റത് "ശ്ശ്‌" എന്ന ദോശ മൊരിയുന്ന തുടർച്ചയായ ശബ്ദമായിരുന്നു.ആകെക്കൂടി  പത്ത് പേർക്കിരിക്കാവുന്ന ഒരു സെറ്റപ്പ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.കഴിച്ച് കഴിഞ്ഞവർ വേഗം സ്ഥലം കാലിയാക്കണം എന്ന അലിഖിത നിയമം ഞാൻ ആ സെറ്റപ്പിൽ നിന്നും വായിച്ചെടുത്തു. 

വെളുത്ത് മെലിഞ്ഞ് കുപ്പായം ധരിക്കാത്ത ഒരു ചേട്ടൻ ആയിരുന്നു ദോശക്കല്ലിനടുത്തുണ്ടായിരുന്നത്.കുട്ടേട്ടൻ എന്നാണ് കടയിൽ വരുന്നവർ അദ്ദേഹത്തെ വിളിച്ചിരുന്നത്.ദോശയും റോസ്റ്റും പാർസലും അല്ലാതെയുമായി  കുട്ടേട്ടൻ നല്ല തിരക്കിലാണ്.സഹായിയായി മറ്റൊരു ചേട്ടനും ഉണ്ട്.

"അച്ഛന്റെ പേര് ഹരിഹരൻ എന്നാണല്ലേ?" കുട്ടേട്ടൻ ഞങ്ങളുടെ അടുത്ത് വന്നപ്പോൾ ജയപാലൻ മാഷ് ചോദിച്ചു.

"അതെന്താ അങ്ങനെ ചോദിക്കാൻ ?"

"കടയുടെ പുറത്ത് ഹോട്ടൽ ഹരിഹരപുത്ര എന്നെഴുതിയത് കണ്ട് ചോദിച്ചതാ ..."

"ആദ്യം ദോശ കഴിക്കണം, അത് കഴിഞ്ഞ് നെയ് റോസ്റ്റും ..." റഹീം മാഷ് നിർദ്ദേശിച്ചതനുസരിച്ച് ഞങ്ങൾ ദോശക്ക് ഓർഡർ നൽകി കാത്തിരുന്നു.അൽപ സമയത്തിനകം തന്നെ നല്ലവണ്ണം ആരെടുത്ത മൊരിഞ്ഞ ദോശകൾ ഞങ്ങൾക്ക് മുന്നിൽ അണി നിരന്നു.

തേങ്ങാ ചട്ടിണിയും മുളക് ചമ്മന്തിയും കൂട്ടി ദോശ തിന്നാൻ തുടങ്ങിയത് ഓർമ്മയുണ്ട്.പിന്നെ ടേബിളിൽ ദോശയുടെ വരവും പോക്കും തന്നെയായിരുന്നു.അതിനിടയിൽ ഫ്രണ്ട് ഡോർ അടക്കുകയും ചെയ്തു - ഇന്നത്തെ കച്ചവടം നിർത്തുന്നതിന്റെ സൂചനയാണ്;എന്ന് വച്ചാൽ ഞങ്ങൾ ജസ്ററ് എസ്‌കേപ്ഡ്.

ദോശക്ക് ശേഷം കഴിച്ചതിനാലാണോ എന്നറിയില്ല റോസ്റ്റ് എനിക്കത്ര പിടിച്ചില്ല.ഒപ്പം വന്നവരും അതെ അഭിപ്രായക്കാരായിരുന്നു.ബട്ട്, കേരളത്തിൽ ഇരുപത് രൂപക്ക് നെയ്‌റോസ്‌റ്റ് കിട്ടണമെങ്കിൽ  കുട്ടേട്ടന്റെ അടുത്ത് തന്നെ എത്തേണ്ടി വരും.

പാലക്കാട് നിന്നും ചെർപ്പുളശ്ശേരിയിലേക്ക് പോകുമ്പോൾ അഴിയന്നൂർ എന്ന സ്ഥലത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞാണ് പോകേണ്ടത്.നാട്ടു രുചികൾ തേടിപ്പോകുന്നവർക്ക് കുട്ടേട്ടന്റെ കൈപ്പുണ്യം ദോശയിലെ നൈപുണ്യമായി ആസ്വദിക്കാം.

Wednesday, February 16, 2022

ആമാശയം ദോശയെ ആശിച്ച നിമിഷം

പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എന്റെ സഹപ്രവർത്തകരായ ഷൈൻ സാർ, റഹീം മാഷ്,ജയപാലൻ മാഷ് എന്നിവർക്കൊപ്പം പതിവ് പോലെ ഒരു സവാരിക്ക് ഇറങ്ങിയതായിരുന്നു. പാലക്കാട് ജില്ലയിലെ ഗവ.ചിൽഡ്രൻസ് ഹോമിലാണ് അതവസാനിച്ചത്.ആരോരുമില്ലാത്ത വിവിധ പ്രായക്കാരായ കുട്ടികൾക്ക് മധുരം നൽകി അല്പനേരം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ ഹോസ്റ്റലിലേക്ക് തന്നെ മടങ്ങി. ആ യാത്രയിലാണ് ഭക്ഷണ പ്രിയനായ റഹീം മാഷ് ഒരു ദോശയുടെ പേര് പറഞ്ഞത്.

"സാർ അയ്യന്നൂർ ദോശ കഴിച്ചിട്ടുണ്ടോ?" റഹീം മാഷ് എന്നോട് ചോദിച്ചു.

"ഞാൻ രാമശേരി ഇഡലി കഴിച്ചിട്ടുണ്ട്... ഇപ്പറഞ്ഞ  ദോശ കേട്ടിട്ടില്ല..."

"ങാ എന്നാ ഒന്ന് കഴിച്ച് നോക്കണം..."

"എവിടെയാ ആ  ദോശ കിട്ടുക?"

"ദേ ...നമ്മൾ പോകുന്ന വഴിക്ക് തന്നെയാ..."

"ഏയ്...അങ്ങോട്ടൊന്നും പോകേണ്ട..." ഷൈൻ സാർ ഇടക്ക് കയറി പറഞ്ഞു.

"സാർ , ആ ദോശ കഴിച്ച് നോക്കണം ...എന്നിട്ട് പറ ..." റഹീം മാഷ് ഷൈൻ സാറോട് പറഞ്ഞു.

"ഞാൻ അന്ന് നിങ്ങടെ കൂടെ വന്ന് കഴിച്ചതാ ..."

"ആ അത്...പുതിയ കട...ഇത് ഒറിജിനൽ കട ...."റഹീം മാഷ് വിട്ടില്ല.

"ഭൗമ സൂചികാ പദവി വല്ലതും ലഭിച്ചതാണോ ഈ ദോശക്ക്?" അറിയാനായി ഞാൻ ചോദിച്ചു.

"ഏയ്.. അത്തരം പൊല്ലാപ്പൊന്നും ഉണ്ടാക്കിയിട്ടില്ല  ...ഇത് ഒരു സാദാ മനുഷ്യൻ നടത്തുന്ന കടയിലെ ദോശയാ.. "

"പിന്നെ എന്താ ഇത്ര പ്രത്യേകത? ?"

"മമ്മൂട്ടി വന്ന് കഴിച്ച ദോശയാണ് ..." ഒരു ബലം കിട്ടാൻ റഹീം മാഷ് പറഞ്ഞത്, സിനിമയുമായി ബന്ധമില്ലാത്ത എന്നോടായിപ്പോയി.

"ഏതായാലും ഇന്ന് നമുക്ക് ആ ദോശയാക്കാം രാത്രി ഭക്ഷണം ...സാർ വണ്ടി എടുക്ക്..." റഹീം മാഷ് ഷൈൻ സാറോട് പറഞ്ഞു. ഇതിനിടക്ക് ജയപാലൻ മാഷ് ഗൂഗിളിൽ അയ്യന്നൂർ എന്ന് ഒരു സർച്ച് നടത്തി.

"സാറേ ... ഇത് 250 കിലോമീറ്റർ ദൂരം കാണിക്കുന്നുണ്ട്..." ജയപാലൻ മാഷ് പറഞ്ഞു.

"ഏയ്...ഇത് ഇവിടെ അടുത്താ ... 2 .5 കിലോമീറ്റർ ആയിരിക്കും ...ശരിക്കും നോക്ക് ..." റഹീം മാഷ് അൽപം ഈർഷ്യയോടെ പറഞ്ഞു.

"എന്നാ ഇതാ നോക്ക് ...." ജയപാലൻ മാഷ് ഫോൺ റഹീം മാഷക്ക് നേരെ നീട്ടിക്കാണിച്ചു.

"അത് പയ്യന്നൂരാ ആ കാണിക്കുന്നത്...പൊട്ടത്തരം വിളിച്ചു പറയരുത്..." റഹീം മാഷുടെ ശാസന കേട്ട് സർവീസിൽ ജൂനിയറായ ജയപാലൻ മാഷ് സെർച്ചിംഗ് നിർത്തി ഫോൺ പോക്കറ്റിലേക്കിട്ടു.

"ഒരു സ്‌കൂളിനടുത്ത് നിന്ന് വലത്തോട്ട് തിരിയുന്ന വഴി ആണ് ... സാറ് വിട്ടോ ഞാൻ പറയാം..." റഹീം മാഷ് ഷൈൻ സാറോട് പറഞ്ഞു.

"വഴി കഴിഞ്ഞു പോയാൽ പിന്നെ തിരിച്ചു വരില്ല ട്ടോ ..." ഷൈൻ സാർ കട്ടായം നൽകി.

വഴി കണ്ടെത്തണേ എന്ന് ഞാൻ മനസാ പ്രാർത്ഥിച്ചു.കാരണം ഇനി ഈ അരിയന്നൂർ ദോശ കഴിക്കാൻ വേണ്ടി മാത്രം വണ്ടി എടുത്ത് അത് വഴി വരാൻ സാദ്ധ്യത കുറവായിരുന്നു.മാത്രമല്ല ആമാശയം ദോശയെ ആശിച്ച് കഴിഞ്ഞു.

"ദാ ...ഇത് തന്നെ വഴി..." ഒരു ചെറിയ അങ്ങാടിയിൽ നിന്നും വലത്തോട്ട് തിരിയുന്ന ഇരുട്ട് നിറഞ്ഞ റോഡ് ചൂണ്ടിക്കൊണ്ട് റഹീം മാഷ് പറഞ്ഞു.ഞാൻ അവിടെക്കണ്ട ഒരു പീടികയുടെ ബോർഡിലേക്ക് നോക്കി.ജയപാലൻ മാഷും കണ്ണട ശരിയാക്കി എന്തോ നോക്കുന്നുണ്ടായിരുന്നു.

"വെറുതെയല്ല ഗൂഗിളമ്മച്ചിക്ക് പിടി കിട്ടാഞ്ഞത് ... ഇത് അഴിയന്നൂരാ... നോട്ട് സൊ കാൾഡ് അരിയന്നൂർ..." ജയപാലൻ മാഷ് പറഞ്ഞു.

"ആ ... വിശക്കുന്ന സമയത്ത് ഇത്തരം ചില സ്പെല്ലിംഗ് മിസ്റ്റേക്കുകൾ സാധാരണമാണ് .... പോട്ടെ വണ്ടി ദോശക്കടയിലേക്ക് ...." റഹീം മാഷുടെ ഓർഡർ അനുസരിച്ച്, വലത്തോട്ടുള്ള ഇടുങ്ങിയ റോഡിലേക്ക് തിരിഞ്ഞ്  ഞങ്ങളുടെ കറുത്ത ഹ്യുണ്ടായി ക്രെറ്റ ഇരുട്ടിലേക്ക് പ്രവേശിച്ചു.


(തുടരും..)


Tuesday, February 15, 2022

കാക്കത്തുരുത്തിലെ കൂട്ടുകാരും പറക്കും തളികയും

 2022 ന്റെ ആദ്യദിനത്തിൽ തന്നെ എനിക്ക് കിട്ടിയ സമ്മാനമായിരുന്നു ബ്ലോഗിണി കൂടിയായ കെ.എസ് മിനി ടീച്ചർ എഴുതിയ കാക്കത്തുരുത്തിലെ കൂട്ടുകാരും പറക്കും തളികയും എന്ന പുസ്തകം. ഞാൻ എഴുതിയ "അമ്മാവന്റെ കൂളിങ് എഫക്ടു"മായി കൈമാറ്റം നടത്തിയ ആദ്യപുസ്തകം എന്ന നിലയിൽ ഈ വർഷത്തെ ആദ്യവായന അതാകട്ടെ എന്ന് തീരുമാനിച്ചതായിരുന്നു.ബട്ട്, തുടങ്ങി വച്ച പുസ്തകമായ തോട്ടിയുടെ മകൻ വായന പൂർത്തിയാക്കി തിരിച്ചു നൽകാനുള്ളതിനാൽ ഇത് രണ്ടാമതായി.

പുഴക്ക് നടുവിലെ കാക്കത്തുരുത്ത് എന്ന ദ്വീപിൽ ജനിച്ച് വളർന്ന ഒരു ബാലന്റെയും അവന്റെ കൂട്ടുകാരായ പക്ഷിമൃഗാദികളുടെയും സൗഹൃദത്തിന്റെ കഥ പറയുന്ന ബാലസാഹിത്യ നോവലാണ് ഈ പുസ്തകം.ഒരു ദിവസം പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന പറക്കും തളികയിൽ അവർ ദ്വീപിൽ നിന്നും പുറത്ത് കടക്കുമ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾ സ്വന്തം നാടിന്റെ സുഖം വിളിച്ചോതുന്നു.

ബാലനെ വളർത്തിയ മുത്തശ്ശിയുടെ അപകട മരണവും അവൻ കരയിൽ എത്തിയപ്പോൾ ഏറ്റ പീഢനവും സ്‌കൂളിൽ ചേരാൻ ആഗ്രഹിച്ചിട്ടും അത് നടക്കാതെ പോകുന്നതും എല്ലാം മനസ്സിനെ നൊമ്പരപ്പെടുത്തും. നമ്മുടെ ചുറ്റുപാടിൽ സാധാരണ നടക്കുന്ന കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്ന രൂപത്തിൽ പറയുന്നതിൽ ടീച്ചർ വിജയിച്ചിരിക്കുന്നു.പരിസ്ഥിതി സ്നേഹവും നോവലിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.

തികച്ചും കാല്പനികമാണെങ്കിലും ഏറെ ഹൃദ്യമായും ലളിതമായും കഥ മുന്നേറുന്നു.ഓരോ അദ്ധ്യായത്തിനും നൽകിയ ടൈറ്റിലുകൾ എനിക്കത്ര ഇഷ്ടമായില്ല.അവ ഒഴിവാക്കുകയോ അല്ലെങ്കിൽ ഒന്ന് കൂടി ആകർഷകമാക്കുകയോ ചെയ്യാമായിരുന്നു എന്ന് തോന്നുന്നു.പുസ്തകത്തിന്റെ ഇല്ലസ്ട്രേഷൻ വർക്കും വായനക്കാർക്ക് ഇഷ്ടപ്പെടും.

പുസ്തകം : കാക്കത്തുരുത്തിലെ കൂട്ടുകാരും പറക്കും തളികയും 
രചയിതാവ് : കെ.എസ് മിനി
പ്രസാധനം : ബ്ലൂ ഇങ്ക് ബുക്സ് 
വില : 100 രൂപ 
പേജ് : 80 

Monday, February 14, 2022

പതിനഞ്ചാമത്തെ രക്തദാനം

ചില സ്ഥലങ്ങളിൽ നാം എത്തിച്ചേരുന്നത് വളരെ അവിചാരിതമായിട്ടായിരിക്കും.എൻറെ ഭാഷയിൽ പറഞ്ഞാൽ ദൈവം നമ്മെ അവിടെ എത്തിക്കുകയാണ് ചെയ്യുന്നത്.അങ്ങനെ ഒരു അനുഭവമായിരുന്നു കഴിഞ്ഞ ദിവസം എനിക്കുണ്ടായത്.

ഒരു കല്യാണസദ്യയും കഴിഞ്ഞ് അനിയന്റെ കൂടെ മടങ്ങുന്ന വഴിയായിരുന്നു.നാട്ടിലെ സന്നദ്ധ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന അവൻ ബൈക്ക് പെട്ടെന്ന് അവൻറെ പഴയ സ്‌കൂളിലേക്ക് തിരിച്ചു.സ്‌കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടക്കുന്നുണ്ട്.അതൊന്ന് സന്ദർശിച്ച് പോരാം എന്നായിരുന്നു അവന്റെ ലക്‌ഷ്യം. 

നാല്പതിലേറെ തവണ അവൻ രക്തം ദാനം ചെയ്തിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്.അതിനാൽ അവന്റെ സാന്നിദ്ധ്യം സംഘാടകർക്ക് ഒരു പോസിറ്റീവ് എനർജി നൽകും എന്നത് തീർച്ചയാണ്.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായിരിക്കെ, കോളേജ് കുട്ടികൾക്കായി ഇത്തരം നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ച എനിക്കും പഴയകാലങ്ങളിലേക്കുള്ള ഒരു തിരിച്ചു പോക്ക് ആകും എന്ന നിലയിൽ ഞാനും അവന്റെ ഉദ്ദേശ്യത്തോട് യോജിച്ചു.

അനിയൻ അവസാനമായി രക്തം ദാനം ചെയ്തിട്ട് മൂന്ന് മാസം തികഞ്ഞിരുന്നില്ല.ഞാനാകട്ടെ ഒരു വർഷം  മുമ്പാണ് അവസാനമായി രക്തം ദാനം ചെയ്തത് എന്നാണ് എന്റെ ഓർമ്മ.ഇത്തരം ക്യാമ്പുകൾ അപൂർവ്വമായി ലഭിക്കുന്നതാകയാൽ ഞാൻ രക്തം ദാനം ചെയ്ത ശേഷം വരാം എന്ന് പറഞ്ഞ് അനിയനെ ഞാൻ പറഞ്ഞയച്ചു.

അങ്ങനെ എന്റെ പതിനഞ്ചാമത്തെ രക്തദാനം സ്വന്തം നാട്ടിൽ വച്ച് നടന്നു.തൊട്ടുമുമ്പത്തെ ദാനം അനിയന്റെ ക്ലബ്ബ്, തൊട്ടടുത്ത പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എന്റെ പഴയ സ്‌കൂളിൽ വച്ച് നടത്തിയതായിരുന്നു.ഒരു ദാനത്തിലൂടെ നാല് പേർക്കാണ് രക്തത്തിന്റെ ആവശ്യം നിറവേറുക എന്നതിനാൽ ഞാൻ അഭിമാനിക്കുന്നു.ഇനിയും ഇത്തരം അവസരങ്ങൾക്കായി കാത്ത് നിൽക്കുന്നു.