Pages

Sunday, January 23, 2022

തോട്ടിയുടെ മകൻ

LSS പരീക്ഷക്ക് പഠിക്കുമ്പോഴാണ് തകഴി ശിവശങ്കരപ്പിള്ള എഴുതിയ തോട്ടിയുടെ മകൻ എന്ന പുസ്തകത്തിന്റെ പേരും മനസ്സിൽ കുറിച്ച് വയ്ക്കപ്പെട്ടത്. പരീക്ഷയിലെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളെന്ന നിലയിൽ പഠിച്ച പല പുസ്തകങ്ങളും പിന്നീട് വായനയിലൂടെ അടുത്തറിയുകയും ആസ്വദിക്കുകയും ചെയ്തു. 

തോട്ടിയുടെ മകൻ എന്ന പുസ്തകം ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ കഥ പറയുന്ന ഒരു കൃതി എന്നതിൽ അപ്പുറം ഒന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഓരോ പേജും കഴിയും തോറും മനസ്സിനെ വിങ്ങിപ്പൊട്ടിക്കുന്ന അനുഭവങ്ങളിലൂടെ നോവൽ മുന്നേറുമ്പോൾ ആ ജീവിതങ്ങൾ അകപ്പെട്ട നിലയില്ലാക്കയം തിരിച്ചറിയും.

ഇഷ്ക് മുത്തു എന്ന കിടിലൻ പേര് അടുത്ത തലമുറയിൽ ചുടല മുത്തു എന്ന കാടൻ പേരിന് വഴി മാറുമ്പോൾ തന്നെ രണ്ട് പേരുടെയും സ്വഭാവ മാറ്റം പ്രകടമാകുന്നുണ്ട്. അടുത്ത തലമുറയിലേക്ക് എത്തുമ്പോൾ അത് പേരിൽ മനോഹരനാണെങ്കിലും ജീവിതം മനോഹരമല്ല.

ഇഷ്ക് മുത്തുവിന്റെ അവസാനത്തെ ആഗ്രഹം  ആണെന്ന് പോലും അറിയാതെ അത് നിറവേറ്റാൻ എട്ടും പൊട്ടും തിരിയാത്ത മകൻ ചുടല മുത്തു നടത്തുന്ന ഒരിറ്റ് കഞ്ഞി വെള്ളത്തിനുള്ള തെണ്ടലും തോട്ടി കോളനിയിൽ പടർന്ന് പിടിക്കുന്ന വസൂരിയും സ്വന്തം മകൻ തോട്ടിയായി മാറാതിരിക്കാൻ മാലിന്യം വാരുന്ന കൈ കൊണ്ട് അവനെ പുണരാതിരിക്കാനും ചുംബനം പോലും നൽകാതിരിക്കാനും ശ്രദ്ധിക്കുന്ന സ്നേഹനിധിയായ ഒരു പിതാവിന്റെ പ്രയത്നങ്ങളും തോട്ടിയുടെ മകൻ സ്കൂളിൽ അനുഭവിക്കുന്ന ശാരീരിക-മാനസിക പീഢനങ്ങളും കോളറ പിടിപെട്ടുള്ള നായികാ-നായകന്മാരുടെ മരണവും എല്ലാം ഈ നോവൽ വായിക്കുന്ന എല്ലാവരുടെയും കണ്ണിൽ ഒരിറ്റ് കണ്ണീരെങ്കിലും പൊടിയാൻ കാരണമാകും.

ജീവിതത്തിന്റെ രണ്ടറ്റവും തമ്മിൽ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന, സമൂഹം മനുഷ്യരെന്ന പരിഗണന പോലും നൽകാത്ത തോട്ടികളുടെ മമ്മട്ടിയിലെ അമേദ്യത്തിൽ നിന്ന് പണം കയ്യിട്ട് വാരുന്ന ഓവർസിയറും പ്രസിഡണ്ടും എല്ലാ കാലത്തിന്റെയും ശാപമാണ്. തോട്ടികളുടെ പരസ്പര സ്നേഹവും നോവലിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. വായന തീരുമ്പോൾ അസ്ഥികൂടങ്ങൾ നൃത്തം ചെയ്യുന്ന ഒരു വെളിസ്ഥലത്ത് നാമെത്തും എന്നത് തീർച്ചയാണ്.

ഒരു സഞ്ചാരിയായി വർത്തമാന കാലത്തെ ആലപ്പുഴയെ തിരിച്ചറിഞ്ഞ ഞാൻ,  ആ പട്ടണത്തിന്റെ വായിച്ചറിഞ്ഞ ഭൂതകാലത്തെ മക്കൾക്കും പരിചയപ്പെടുത്താൻ വേണ്ടി പുസ്തകം അവർക്കും വായനക്ക് നൽകാൻ ഉദ്ദേശിച്ചു. എന്റെ മുന്നേ തന്നെ അവരതിലൂടെ കടന്ന് പോയിരുന്നു എന്നറിഞ്ഞപ്പോൾ മനസ്സിന്റെ നോവിന് തെല്ലൊരാശ്വാസം കിട്ടി.

കോളേജ് ലൈബ്രറിയിൽ നിന്നാണ് എനിക്ക് ഈ പുസ്തകം കിട്ടിയത്. പുസ്തകത്തിന്റെ ഒന്നാം പേജിൽ ഒട്ടിച്ച് വച്ച Due date slip ലെ തിയ്യതികളുടെ ബാഹുല്യം കൃതിയുടെ ജനസമ്മതി വിളിച്ചോതുന്നു.തോട്ടികളുടെ മൂന്ന് തലമുറകളുടെ ചരിത്രത്തിന്റെ ചുരുൾ നിവർത്തുന്ന, 1947 ൽ പ്രസിദ്ധീകരിച്ച ഈ കൃതി എല്ലാ മലയാളികളും വായിച്ചിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ച് പോകുന്നു.


പുസ്തകം : തോട്ടിയുടെ മകൻ
രചയിതാവ് : തകഴി ശിവശങ്കരപ്പിള്ള 
പ്രസാധനം : ഡി സി ബുക്സ്
വില : 100 രൂപ (13-ാം പതിപ്പ് )
പേജ് : 126

7 comments:

Areekkodan | അരീക്കോടന്‍ said...

തോട്ടികളുടെ മൂന്ന് തലമുറകളുടെ ചരിത്രത്തിന്റെ ചുരുൾ നിവർത്തുന്ന, 1947 ൽ പ്രസിദ്ധീകരിച്ച ഈ കൃതി എല്ലാ മലയാളികളും വായിച്ചിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ച് പോകുന്നു.

© Mubi said...

തോട്ടിയുടെ മകന്റെ തമിഴ് മൊഴിമാറ്റം ഞാൻ സ്റ്റോറി ടെൽ വഴി കേട്ടിരുന്നു. ഓരോ വായനയും മനസ്സിന്റെ ഭാരം കൂട്ടും...

Dhruvakanth s said...

തീർച്ചയായും വായിക്കും.... കോഴിക്കോട് എന്റെ കോളേജ് ലൈബ്രറിയിലും ഞാൻ കണ്ടിരുന്നു...

Areekkodan | അരീക്കോടന്‍ said...

മുബീ... നീ എന്തിനാ തമിഴ് മൊഴിമാറ്റം കേൾക്കുന്നത്. മലയാളത്തിന്റെ അനുഭവം അതിൽ കിട്ടില്ല.

ധ്രുവകാന്ത് ... അതെ, വായിക്കണം.കോളേജ് ഏതാ ?

Dhruvakanth s said...

ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കോഴിക്കോട് 😊.....

Areekkodan | അരീക്കോടന്‍ said...

Dhruvakanth...OK. Study Well and be a good teacher

Dhruvakanth s said...

Thankyou sir.

Post a Comment

നന്ദി....വീണ്ടും വരിക