Pages

Monday, October 28, 2019

കണ്ണനെത്തേടി വൃന്ദാവനത്തിൽ...

             മൈസൂർ പാലസ് കഴിഞ്ഞാൽ പിന്നെ മൈസൂർ അറിയപ്പെടുന്നത് വൃന്ദാവനത്തിന്റെ പേരിലായിരിക്കും. മൈസൂരിലെ വൃന്ദാവനവും ബാംഗ്ലൂരിലെ ലാൽബാഗും കുട്ടിക്കാലത്തേ എനിക്ക് അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകുന്നതായിരുന്നു. ഇപ്പോഴത്തെ കുട്ടികളും ഒരു പക്ഷെ ആ പ്രയാസം നേരിടുന്നുണ്ടായിരിക്കാം. 
              കാവേരി നദിക്ക് കുറുകെയുള്ള KRS എന്ന കൃഷ്ണരാജ സാഗർ അണക്കെട്ടിന് താഴെയാണ് വൃന്ദാവൻ എന്ന മനോഹര പൂങ്കാവനം.  ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ പിതാവ് എന്നറിയപ്പെടുന്ന സർ എം.വിശേശ്വരയ്യ, കൃഷ്ണരാജ വോഡയാറിന്റെ ഭരണ കാലത്ത് നിർമ്മിച്ചതാണ് KRS Dam. മൈസൂർ പട്ടണത്തിൽ നിന്ന് 25 കിലോമീറ്ററോളം അകലെയാണ് വൃന്ദാവൻ.
              150 ഓളം ഏക്കറിൽ പരന്ന് കിടക്കുന്ന വൃന്ദാവനത്തിൽ വൈകിട്ട് കയറുന്നതാണ് അഭികാമ്യം. വൈകിട്ട് കയറിയാൽ രാത്രി നടക്കുന്ന മ്യൂസിക്കൽ ഫൌണ്ടൈൻ കൂടി ദർശിക്കാം. ദിവസം രണ്ട് ഷോ ആണ് ഉണ്ടാവാറ് എന്നറിയുന്നു. വിവിധ നിറത്തിൽ കുളിച്ച് നിൽക്കുന്ന മറ്റു ഫൌണ്ടനുകളും രാത്രി കണ്ണിന് സദ്യ ഒരുക്കും. 

           മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയും ആണ് പ്രവേശന ഫീസ്. മ്യൂസിക്കൽ ഫൌണ്ടൈൻ കാണാൻ പ്രത്യേക ഫീസ് ഒന്നും ഇല്ല. എന്നും ഒരേ തരം ഷോ ആണോ എന്നറിയില്ല, ഞങ്ങൾ കണ്ട ഷോ അറുബോറൻ ആയിരുന്നു. ഇതിലു മികച്ച ഷോ മലപ്പുറം കോട്ടക്കുന്നിൽ ഉണ്ടായിരുന്നു !

            ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസ് എന്ന മൈസൂർ മൃഗശാല ഇന്ത്യയിലെ പഴയ കാഴ്ച ബംഗ്ലാവുകളിൽ പെട്ട ഒന്നാണ്. 250 ഏക്കറിലധികം സ്ഥലത്ത് പരന്ന് കിടക്കുന്ന മൃഗശാല നൂറ്റി ഇരുപത്തഞ്ചാം വാർഷികം ആഘോഷിച്ചത് 2 വർഷം മുമ്പാണ്.  സിംഹവും കടുവയും അനാകോണ്ടയും രാജവെമ്പാലയും സീബ്രയും ജിറാഫും ഒട്ടകപക്ഷിയും എല്ലാം ഈ മൃഗശാലയിലുണ്ട്.ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും നടന്ന് കാണാനുള്ള അത്രയും ഉണ്ട് വിസ്തീർണ്ണം. പക്ഷെ ഇത്തവണ പല മൃഗങ്ങളുടെ വാസ സ്ഥലങ്ങളും ഒഴിഞ്ഞ് കിടക്കുന്നതായി കണ്ടു.
        രാവിലെ 8.30ന് മൃഗശാല തുറക്കും. മുതിർന്നവർക്ക് 80 രൂപയും 5 വയസ്സു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 40 രൂപയും ആണ് പ്രവേശന ഫീസ്. ക്യാമറക്കും പ്രത്യേക ഫീസ് ഉണ്ട്. ചൊവ്വാഴ്ച അവധി ആണെന്നത് മൈസൂരിലേക്ക് വിനോദയാത്ര പ്ലാൻ ചെയ്യുന്നവർ പ്രത്യേകം ഓർമ്മിക്കുക. സിറ്റിയുടെ ഹൃദയഭാഗത്ത് തന്നെ സ്ഥിതി ചെയ്യുന്നതിനാൽ പാലസ് കാണാൻ വരുന്നവർക്ക് മൃഗശാല കൂടി കാണാം. പാലസിൽ നിന്നും മൃഗശാലയിലേക്ക് ഒരു കുതിരവണ്ടി യാത്ര കൂടി ആയാൽ ഭേഷായി.
       പണ്ടൊരു കാലത്ത് മണിക്കൂറുകളോളം ഫോൺ ചെയ്ത് ‘എന്തൊക്കെയോ’ വിളിച്ച് പറഞ്ഞിരുന്ന ഒരു ബ്ലോഗർ സുഹൃത്ത് ഉണ്ടായിരുന്നു. പലരും അദ്ദേഹത്തിന്റെ ഫോൺ വിളി ഒരു തവണ എങ്കിലും ‘അനുഭവി‘ച്ചിട്ടുണ്ടാകും. വിനോദ് കുട്ടത്ത് എന്ന മലയാളി ബ്ലോഗർ താമസിക്കുന്നത് മൈസൂർ ആണെന്ന് നേരത്തെ അറിയാമായിരുന്നു. മൈസൂർ മൃഗശാലയിൽ നിന്നും ഇറങ്ങുന്നതിന്റെ തൊട്ട് മുമ്പ് വിനോദിനെയും കുടുംബത്തെയും കണ്ടുമുട്ടി.
                 
             മൈസൂരിൽ മുമ്പ് പോയപ്പോഴുന്നും ഞാൻ കേൾക്കാത്ത ഒരു സ്ഥലമാണ് കരൺ‌ജി ലേക്ക്. പേര് കേട്ടപ്പോൾ അതൊരു പ്രൈവറ്റ് പരിപാടിയാണെന്നാണ് തോന്നിയത്. മൃഗശാലക്ക് സമീപം തന്നെയാണ് ഇതും സ്ഥിതി ചെയ്യുന്നത്.Zoo authority യുടെ കീഴിൽ തന്നെയുള്ളതാണ് കരൺ‌ജി ലേക്കും.  മാത്രമല്ല കോമ്പോ ടിക്കറ്റ് എടുത്ത് മൃഗശാലക്കകത്ത് കൂടി കരൺജി ലേക്കിലേക്ക് പ്രവേശിക്കുകയും ചെയ്യാം. ലേക്കിലേക്ക് മാത്രമായുള്ള പ്രവേശന ഫീസ് മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയും ആണ്. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവേശന സമയം. ചൊവ്വാഴ്ച ഇവിടെയും അവധിയാണ്.
                 പേരിൽ ലേക്ക് ഉണ്ടെങ്കിലും തടാകം മുഴുവൻ കാട് മൂടി കിടക്കുകയാണ്. വീതിയേറിയ നടപ്പാതക്ക് ഇരുവശവും പെയിന്റടിച്ച് ഭംഗിയാക്കിയ പാം മരങ്ങൾ നമ്മെ മുന്നോട്ട് മാടി വിളിച്ചു കൊണ്ടെ ഇരിക്കും. മുൻ ധാരണ ഇല്ലാത്തതിനാൽ കയറി ചെല്ലുന്നിടത്തുള്ള കുട്ടികളുടെ പാർക്ക് ആണ് കാണാനുള്ളത് എന്ന് തെറ്റിദ്ധരിച്ചു അവിടെ ഇരുന്നു. തൊട്ടപ്പുറത്ത് നിന്ന് മയിലുകളുടെ ശബ്ദം തുടർച്ചയായി കേട്ടപ്പോഴാണ് എണീറ്റ് പോയി നോക്കാൻ തോന്നിയത്. തൊട്ടപ്പുറത്ത് ഒരു മയിൽ സങ്കേതം തന്നെയായിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. ഇത്രയും അടുത്ത് മയിലുകൾ സ്വൈര്യവിഹാരം നടത്തുന്നത് ആദ്യമായിട്ടാണ് അനുഭവിച്ചത്. മാത്രമല്ല കാലങ്ങളായി ഞങ്ങളിൽ പലരും കാണാൻ ആഗ്രഹിക്കുന്ന മയിലിന്റെ പീലി വിടർത്തൽ നിരവധി തവണ തൊട്ടു മുന്നിൽ കാണാനും സാധിച്ചു.തണ്ണീർതടമായതിനാൽ നിരവധി ദേശാടന പക്ഷികളുടെ ഇഷ്ട സങ്കേതം കൂടിയാണ് കരൺ‌ജി ലേക്ക്.
              മലയാളികൾ നടത്തുന്ന മഹാരാജ ഹോട്ടലിൽ ആയിരുന്നു ഞങ്ങളുടെ താമസം. അതിന് തൊട്ടടുത്താണ് പ്രസിദ്ധമായ സെന്റ് ഫിലോമിന ചർച്ച്. മുമ്പ് പോയപ്പോഴെല്ലാം മൈസൂരിൽ താമസം ഉണ്ടെങ്കിൽ അത് ഈ ഹോട്ടലിൽ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ആ സന്ദർഭങ്ങളിൽ എല്ലാം ചർച്ചിലും കയറിയിരുന്നു.
            ഇത്തവണ മോണിംഗ് വാക്കിനിടയിലാണ് ചർച്ചിന് മുമ്പിലെത്തിയത്. ചർച്ചും പരിസരവും ചുറ്റി കാണുന്നതിനിടക്ക് അങ്ങകലെയുള്ള സ്ട്രീറ്റ് ലൈറ്റും മേരി മാതാവിന്റെ ശിരസും തമ്മിൽ കിരീടം വച്ച പോലെ ഒത്തുചേർന്നത് ലുലു നോട്ട് ചെയ്തു. സ്റ്റ്രീറ്റ് ലൈറ്റ് അണയും മുമ്പ് അവൾ അത് ക്യാമറയിൽ പകർത്തി.
          ഇന്ത്യയിലെ തന്നെ വലിയ ചർച്ചുകളിൽ ഒന്നാണ് സെന്റ് ഫിലോമിന ചർച്ച്. 200 വർഷത്തിലധികം പഴക്കമുണ്ടെന്ന് ചരിത്രം പറയുന്നു. ചർച്ചിന്റെ ഇരട്ട ഗോപുരങ്ങൾ ജർമ്മനിയിലെ വാസ്തുശില്പ രീതിയിലുള്ളതാണ്. അത് തന്നെയാണ് ചർച്ചിന്റെ മുഖ്യ ആകർഷണവും. ചർച്ചിനകത്ത് പ്രവേശിച്ച് അണ്ടർ ഗ്രൌണ്ടിലേക്കിറങ്ങി കാഴ്ചകൾ കണ്ട് ടണൽ പോലെയുള്ള പാതയിലൂടെ പുറത്തേക്കിറങ്ങാം. കുർബാന നടക്കുന്ന സമയത്ത് ഒഴികെ മറ്റേത് സമയത്തും ഏത് മതസ്ഥർക്കും ചർച്ചിനകത്ത് സൌജന്യമായി പ്രവേശിക്കാം. 
             കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയം പോലെ കർണ്ണാടകയിലുണ്ടായ പ്രളയത്തിൽ രംഗൻ‌തിട്ടു പക്ഷി സങ്കേതത്തിലും വെള്ളം കയറിയിരുന്നു. സങ്കേതം അടച്ചിട്ടതിനാൽ അവിടെ ഇത്തവണയും പോയില്ല. മൈസൂരിലെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ച് കൊണ്ട് രണ്ട് ദിവസത്തെ ഞങ്ങളുടെ പരിപാടിക്ക് പരിസമാപ്തിയായി.


Wednesday, October 23, 2019

ടിപ്പു ഓർമ്മകളിൽ ശ്രീരംഗപ്പട്ടണത്തിലൂടെ....

           കാവേരി നദിയാൽ ചുറ്റപ്പെട്ടതും മൈസൂർ പട്ടണത്തിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ളതുമായ ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് ശ്രീരംഗപ്പട്ടണം. രംഗനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് ശ്രീരംഗപ്പട്ടണ എന്ന പേര് കിട്ടിയത്. മൈസൂർ കടുവ എന്നറിയപ്പെടുന്ന ടിപ്പു സുൽത്താന്റെ തലസ്ഥാന നഗരം കൂടിയായിരുന്നു ശ്രീരംഗപ്പട്ടണ. കോട്ട കെട്ടി സംരക്ഷിച്ച തലസ്ഥാനം ഇന്ന് ഒരു ഗ്രാമം പോലെ ഉറങ്ങിക്കിടക്കുന്നു. ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട നിരവധി ഓർമ്മ ശിലകളാണ് ശ്രീരംഗപ്പട്ടണത്തെ ആകർഷണ കേന്ദ്രമാക്കുന്നത്.

           പഴയ ശ്രീരംഗപ്പട്ടണം കോട്ടയുടെ അവശിഷ്ടങ്ങൾ അങ്ങുമിങ്ങും ഇപ്പോഴും തല ഉയർത്തി നിൽക്കുന്നത് കാണാം.  ബ്രിട്ടീഷുകാർ ഈ കോട്ട തകർത്ത് കയറിയ സ്ഥലം ഇന്നും കണ്ണീർ പൊഴിച്ച് നിൽക്കുന്ന പോലെ തോന്നും. ടിപ്പുവിന് വെടിയേറ്റ വാട്ടർഗേറ്റ് അവിടെ മാർക്ക് ചെയ്തത് ഞങ്ങൾ ബസ്സിലിരുന്ന് തന്നെ വീക്ഷിച്ചു. അല്പമകലെയായി ആ ധീര ദേശാഭിമാനിയുടെ മയ്യിത്ത് കാണപ്പെട്ട സ്ഥലവും അടയാളപ്പെടുത്തിയിട്ടുണ്ട്.
         ദാരിയ ദൌലത്ത് ബാഗ് എന്ന പൂന്തോട്ടത്തിന് നടുവിൽ 1784ൽ ടിപ്പു സുൽത്താൻ നിർമ്മിച്ച ദാരിയ ദൌലത്ത് എന്ന സമ്മർ പാലസ് ആണ് ശ്രീരംഗപ്പട്ടണത്തെ പ്രധാന നിർമ്മിതികളിൽ ഒന്ന്. തേക്ക് മരത്തിൽ തീർത്തതാണ് ഈ കൊട്ടാരം. ടിപ്പു സുൽത്താന്റെ കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങളും ആയുധങ്ങളും മറ്റു ചില പെയിന്റിംഗുകളും പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമാണ് ഇന്ന് സമ്മർ പാലസ്. 25 രൂപയാണ് പ്രവേശന ഫീസ്.
             യുദ്ധത്തിലോ മറ്റോ പിടിയിലാകുന്ന ബ്രിട്ടീഷ് ഓഫീസർമാരെ തടവുകാരാക്കി വച്ചിരുന്ന സ്ഥലം വാട്ടർ ജയിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. ചുമരിലുള്ള കൽ‌തുറുങ്കിലേക്ക് ഇരു കൈകളും ബന്ധിപ്പിച്ച് തൊട്ടപ്പുറത്തുള്ള കാവേരി നദിയിൽ നിന്ന് ജയിലിലേക്ക് വെള്ളം കയറ്റി ആണ് ശിക്ഷ നടപ്പിലാക്കിയിരുന്നത്.പക്ഷേ ഈ പൈശാചിക രീതിയിൽ ജീവൻ നഷ്ടപ്പെട്ടത് കേണൽ ബെയ്‌ലിക്ക് മാത്രമാണെന്ന് ചരിത്രം പറയുന്നു. അതുകൊണ്ട് തന്നെ ഇന്ന് വാട്ടർ ജയിൽ അറിയപ്പെടുന്നത് Bailey's Dungeon എന്നാണ്. അക്കാലത്ത് എങ്ങനെയോ അകത്തേക്ക് പതിച്ച ഒരു പീരങ്കി ഇന്നും അവിടെ കാണാം.
                  1787ൽ നിർമ്മിച്ച മസ്ജിദുൽ ജാമിയ എന്ന ജുമാ മസ്ജിദ് ആണ് മറ്റൊരാകർഷണം. പഴമ നിലനിർത്തിക്കൊണ്ട് ഇന്നും അവിടെ ആരാധനാ കർമ്മങ്ങളും മത പഠനവും നടന്നു കൊണ്ടിരിക്കുന്നു.ഉച്ച സമയമായതിനാൽ ഞങ്ങളും അവിടെ നിന്ന് നമസ്കാരം നിർവ്വഹിച്ചു. പള്ളിക്ക് ചുറ്റുമുള്ള കബറിടങ്ങൾ ആരുടെതാണെന്ന് ഇപ്പോഴും എനിക്കജ്ഞാതമാണ്. പള്ളിച്ചുമരിലെ പേർഷ്യൻ ലിപിയിലുള്ള എഴുത്തുകളിൽ ഒന്ന് അല്ലാഹുവിന്റെ 99 നാമങ്ങളാണ് എന്ന് പറയപ്പെടുന്നു.
              ടിപ്പു സുൽത്താനും പിതാവ് ഹൈദരാലിയും മാതാവ് ഫാത്തിമ ബീഗവും അന്ത്യ നിദ്ര കൊള്ളുന്ന മനോഹരമായ കെട്ടിടമാണ് Gumbaz. ദാരിയ ദൌലത്ത് ബാഗ്  പോലെയുള്ള വിശാലമായ ഒരു പൂന്തോട്ടത്തിലാണ് ഇതും സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിലെ മൂന്ന് മഖ്ബറകളിൽ മദ്ധ്യത്തിലുള്ളത് ഹൈദരാലിയുടെതാണ്. ഗുംബസിന് ചുറ്റും മറ്റു നിരവധി കബറുകൾ കൂടി കാണാം. ടിപ്പു സുൽത്താന്റെ മക്കളുടെയും മറ്റു ബന്ധുക്കളുടെയും ആണ് അവ എന്ന് ആലേഖനം ചെയ്തിരിക്കുന്നു.
            ശ്രീരംഗപ്പട്ടണത്തിൽ നിന്നും ഏതാനും കിലോമീറ്റർ അകലെയാണ് ദക്ഷിണേന്ത്യയിലെ ത്രിവേണി സംഗമം എന്നറിയപ്പെടുന്ന ‘സംഗമ’ സ്ഥിതി ചെയ്യുന്നത്. കാവേരി നദിയും ലോൿപവാനി നദിയും ഹേമവതി നദിയും ഇവിടെ സംഗമിക്കുന്നു. ശേഷം തമിഴ് നാട്ടിലെ മേട്ടൂർ ഡാമിലേക്ക് ഒഴുകുന്നു. ബലിയിടൽ കർമ്മവും മറ്റു ആരാധനാ കർമ്മങ്ങളും ഇവിടെ കാണാൻ സാധിക്കും. 

Tuesday, October 22, 2019

കൊട്ടാരങ്ങളുടെ നാട്ടിൽ...

              ഞാൻ ആദ്യമായി വിനോദയാത്ര പോയത്  ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്നാണ് എന്റെ ഓർമ്മ.മൈസൂരിലേക്കായിരുന്നു ആ യാത്ര. താമരശ്ശേരി ചുരം കയറുമ്പോൾ ഹെയർ പിൻ വളവുകളെപ്പറ്റിയും ചങ്ങല മരത്തെപ്പറ്റിയും പറഞ്ഞ് തന്നതും മൈസൂരില്‍ ഒരു “ഓപണ്‍” ഹോട്ടലില്‍ ഭക്ഷണം കഴിച്ചതും ആ സമയത്ത് കുരങ്ങന്മാര്‍ ഇറങ്ങി വന്നതും ഇന്നും ഓര്‍മ്മയിലുണ്ട്. ആദ്യമായി ബാപ്പ യാത്രാകുറിപ്പ് എഴുതിപ്പിച്ചതും അന്നായിരുന്നു. പിന്നെ ബ്ലോഗ് തുടങ്ങിയ ശേഷമാണ് യാത്രാകുറിപ്പുകള്‍ എഴുതുന്നത്.

             പിന്നീട് ഡിഗ്ഗ്രി ഫൈനല്‍ ഇയറിന് സ്റ്റഡി ടൂറ് ആയും വിവാഹം കഴിഞ്ഞ് കുടുംബ സമേതം നാല് തവണയും മൈസൂരില്‍ എത്തിയിരുന്നു. പക്ഷെ  ഇത്തവണ എത്തിയത് ഒരു മെഗാ സംഘമായിട്ടായിരുന്നു - ഭാര്യാ കുടുംബത്തിലെ അംഗങ്ങളുമായി. പുലര്‍ച്ചെ 4 മണിക്ക് പുറപ്പെട്ട ഞങ്ങള്‍ 11 മണിയോടെ മൈസൂരെത്തി.
               കൊട്ടാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന മൈസൂരില്‍ ഏഴ് കൊട്ടാരങ്ങള്‍ ഉണ്ട് എന്ന് പറയപ്പെടുന്നു. പക്ഷെ മിക്ക പേര്‍ക്കും അറിയാവുന്നത് വോഡയാര്‍ രാജവംശത്തിന്റെ മൈസൂര്‍ പാലസും ടിപ്പു സുല്‍ത്താന്റെ സമ്മര്‍ പാലസും മാത്രമാണ്. എനിക്ക് അറിയാവുന്ന മൂന്നാമത്തെ കൊട്ടാരം ഇന്ന് ആർട്ട് ഗ്യാലറി ആയി പ്രവർത്തിക്കുന്ന ജഗൻമോഹൻ പാലസ് ആണ്. മറ്റുള്ളവയെപ്പറ്റി ഗൂഗിൾ നൽകുന്ന വിവരങ്ങൾ മാത്രം.

              1897നും 1912നും ഇടയിൽ നിർമ്മിതമായതാണ് മൈസൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൈസൂർ പാലസ്. താജ്‌മഹൽ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത് ഇവിടെയാണ്. വർഷത്തിൽ ഏകദേശം 6 ലക്ഷം പേർ മൈസൂർ പാലസ് സന്ദർശിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. അമ്പ വിലാസ് പാലസ് എന്നും ഇതിന് പേരുണ്ടത്രെ.
             പാലസിന്റെ സൌത്ത് ഗേറ്റിലൂടെ ഞങ്ങൾ അകത്ത് പ്രവേശിച്ചു. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 30 രൂപയും ആണ് പ്രവേശന ഫീസ്. ക്യാമറ ഉപയോഗിച്ചാല്‍ ഭീമമായ പിഴ ഈടാക്കിയിരുന്നു. അതിനാല്‍ കയ്യിലുണ്ടായിരുന്ന DSLR ക്യാമറ ഡ്രൈവറെ ഏല്‍പ്പിച്ചാണ്  അകത്ത് കയറിയത്. പക്ഷേ എല്ലാവരും മൊബൈലും ക്യാമറയും ഉപയോഗിച്ച് ഫോട്ടോ പകര്‍ത്തുന്നത് കണ്ടപ്പോള്‍ എനിക്ക് സംശയം തോന്നി. അകത്തെ ഒരു ജീവനക്കാരനോട് അന്വേഷിച്ചപ്പോഴാണ് ക്യാമറ ഉപയോഗം സൌജന്യമാക്കിയത് അറിഞ്ഞത്.

             രാജകുടുംബം ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളുടെ പ്രദര്‍ശനവും (ആയുധങ്ങള്‍ , വസ്ത്രങ്ങള്‍, സംഗീത ഉപകരണങ്ങള്‍ തുടങ്ങിയവ) വോഡയാര്‍  രാജാക്കന്മാരുടെ ചിത്രങ്ങളും സൈനിക നീക്കങ്ങളുടെയും യുദ്ധങ്ങളുടെയും ചുമര്‍ചിത്രങ്ങളും ആണ് പാലസിനകത്ത് കാണാനുള്ളത്. വിവിധതരം കൊത്തുപണികളും നിര്‍മ്മാണ വൈദഗ്ദ്യവും ആസ്വദിക്കാന്‍ സാധിക്കുന്നവര്‍ക്ക് മൈസൂര്‍ പാലസ് കണ്ണിന് സദ്യ ഒരുക്കും. രാജസദസ്സ് കൂടുന്ന രണ്ട് ദര്‍ബാര്‍ ഹാളുകളും കുടുംബയോഗം ചേരുന്ന ഹാളും കൊത്തുപണി വിസ്മയങ്ങള്‍ തന്നെയാണ്.
          നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് വരുന്ന ദസറയുടെ വേദിയാണ് മൈസൂര്‍ പാലസ്. ദസറയോടനുബന്ധിച്ച് ദീപാലംകൃതമായ കൊട്ടാരം നോക്കി നിന്നു പോകും എന്ന് പറയപ്പെടുന്നു. ചാമുണ്ടി മലയില്‍ കയറി കാണുന്ന സാധാരണ രാത്രിയിലെ ദീപം തെളിച്ച കൊട്ടാരം തന്നെ സ്വര്‍ണ്ണ വര്‍ണ്ണ്മാണ്. ദസറ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൌജന്യമായി കൊട്ടാരം കാണാം..
Illuminated Mysore Palace






             വോഡയാർ രാജവംശത്തിന്റെ ഇഷ്ട ദേവതയായിരുന്നു ചാമുണ്ഠേശ്വരി. മൈസൂർ പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെ ചാമുണ്ടി മലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹിഷാസുര ഭരിച്ചിരുന്ന നാട് എന്നർത്ഥത്തിൽ മഹിഷുരു എന്നതിൽ നിന്നാണ് മൈസൂർ എന്ന നാമം കിട്ടിയത് എന്ന് പറയപ്പെടുന്നു. മൈസൂർ കൊട്ടാരത്തിൽ നിന്നും നോക്കിയാൽ കാണുന്ന ഏക മലയാണ് ചാമുണ്ടി മല.

             ചാമുണ്ഠേശ്വരി ക്ഷേത്രവും നന്തി എന്ന കാള പ്രതിമയും കയ്യിൽ വാളുമായി  പാമ്പിനെ വെട്ടാനൊരുങ്ങുന്ന ഒരു പ്രതിമയും ആണ് ചാമുണ്ടിയെക്കുറിച്ച് എന്റെ കുട്ടിക്കാല ഓർമ്മയിൽ ഉള്ളത്. വളരെക്കാലത്തിന് ശേഷം ഇത്തവണത്തെ ടൂറിലാണ് ദീപാലംകൃതമായ മൈസൂർ പട്ടണത്തിന്റെ ഭംഗി ആസ്വദിക്കാൻ രാത്രി ഞങ്ങൾ ചാമുണ്ടി മല കയറിയത്. ക്ഷേത്രത്തിൽ ഒരു ഉത്സവം നടക്കുന്നതിനാൽ ക്ഷേത്ര സന്ദർശനം ഒഴിവാക്കി.ചാമുണ്ടി മലയിൽ നിന്നുള്ള മൈസൂർ പട്ടണ രാത്രിക്കാഴ്ച പതിവ് പോലെ ഹൃദ്യമായി.

(ശ്രീരംഗപ്പട്ടണത്തിലൂടെ.... ടിപ്പു സുൽത്താന്റെ ഓർമ്മകളിൽ...)


Thursday, October 17, 2019

വയലട - മലബാറിലെ ഗവി

              ചില സ്ഥലങ്ങൾ നമ്മെ വീണ്ടും വീണ്ടും മാടി വിളിക്കും. അവിടെ എത്ര പോയാലും നമുക്ക് മതി വരികയും ഇല്ല. അങ്ങനെയൊരു സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കക്കയത്തിനടുത്തുള്ള കരിയാത്തൻ‌പാറ. തോണിക്കടവ് എന്നും ചിലർ ഈ സ്ഥലത്തിന് പറയുന്നുണ്ട്.
               കോളേജിൽ എന്റെ ഡിപ്പാർറ്റ്മെന്റിലെ സാങ്കേതിക വിഭാഗം ജീവനക്കാർ ഒരു ഏകദിന ടൂർ പോകാൻ ഉപദേശം ആരാഞ്ഞപ്പോൾ ഞാൻ നിർദ്ദേശിച്ചത് കരിയാത്തൻപാറ തന്നെയായിരുന്നു. നിരവധി തവണ കേട്ടിട്ടും ഇതുവരെ എനിക്ക് പോകാൻ പറ്റാത്ത മലബാറിലെ ഗവി എന്നറിയപ്പെടുന്ന വയലട കൂടി പോകാം എന്നതിനാൽ ഞാനും ഈ യാത്രയിൽ പങ്കെടുക്കാൻ തീരുമാനിച്ചു.
                കരിയാത്തൻപാറയിൽ ഞങ്ങൾ എത്തുമ്പോൾ മണി പത്താകുന്നതേ ഉണ്ടായിരുന്നുള്ളൂ. സൂര്യൻ അഗ്നി സ്ഫുലിംഗങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. വിരലിൽ എണ്ണാവുന്ന സഞ്ചാരികൾ മാത്രമേ പുഴയിൽ ഇറങ്ങിയിരുന്നുള്ളൂ. എങ്കിലും ഞങ്ങൾ പ്രകൃതി ഭംഗി ആസ്വദിക്കാനായി പുഴയിലേക്കിറങ്ങി.
                 സംഘത്തിൽ സ്ത്രീകളായിരുന്നു കൂടുതലും. വെയിൽ അല്പനേരം ഏറ്റുവാങ്ങിയതോടെ തന്നെ പലരും വാടാൻ തുടങ്ങി. കിട്ടിയ തണലിലേക്ക് ഓടിക്കയറി അല്പം വിശ്രമിച്ച് വീണ്ടും പുഴയിലേക്ക് തന്നെ ഇറങ്ങി. നന്നായി ഒന്ന് മുങ്ങിക്കുളിച്ച കാലവും നീന്തിത്തുടിച്ച കാലവും മനസ്സിൽ നിന്ന് മാഞ്ഞ് പോയിരുന്നതിനാൽ ഞാൻ വെള്ളത്തിൽ ഇറങ്ങാൻ തന്നെ തീരുമാനിച്ചു. ഒപ്പം കൂടെയുള്ള എല്ലാ ആൺ സഹപ്രവർത്തകരും ഇറങ്ങി. സമയം ഇഷ്ടം പോലെ ഉണ്ടായിരുന്നതിനാൽ തെളിഞ്ഞ വെള്ളത്തിൽ ശരിക്കും ആർമാദിച്ചു. സ്ത്രീകൾ കരയിൽ നോക്കിയിരുന്നു.
                     നേരത്തെ പരിചയമുള്ള, സ്ഥലവാസി സിദ്ദീഖ് ഇക്ക വഴി ഊൺ ഏർപ്പാടാക്കിയിരുന്നതിനാൽ ഉച്ചഭക്ഷണം കുശാലായി. ഭക്ഷണം കഴിഞ്ഞ ഉടനെത്തന്നെ ഞങ്ങൾ വയലടയിലേക്ക് തിരിച്ചു. വെറും പത്ത് കിലോമീറ്ററേ ദൂരമുള്ളൂ എങ്കിലും ഹെയർപിൻ വളവുകളും കയറ്റവും ഇറക്കവും നിറഞ്ഞ വഴി ഏറെ ദുർഘടം തന്നെയായിരുന്നു.
                  വയലട മെയിൻ റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഒരു ഇടുങ്ങിയ വഴി വീണ്ടും ഞങ്ങളെ മുന്നോട്ട് നയിച്ചു. ഒരു കിലോമീറ്ററോളം മുന്നോട്ട് പോയി വാഹനത്തിന് പോകാനുള്ള റോഡ് അവസാനിച്ചു. പിന്നെ ബോളർ പതിച്ചതോ അതല്ല പാറക്കല്ല് പൊങ്ങി വന്നതോ എന്നറിയാത്ത തരം ഒരു റോഡിലൂടെ ഒന്നര കിലോമീറ്റർ നടത്തം. റോഡ് അവസാനിക്കുന്നിടത്ത് വലതു സൈഡിൽ വ്യൂ പോയിന്റിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു കുഞ്ഞു കവാടം. അവിടം മുതൽ കുറെ സ്റ്റെപ്പുകളും അതുകഴിഞ്ഞ് വനമ്പ്രദേശത്തുകൂടെ ഒരാൾക്ക് പോകാൻ പറ്റുന്ന വീതിയിലുള്ള പാതയും. ഇതെല്ലാം താണ്ടി മല മുകളിൽ എത്തിയാൽ കുറ്റ്യാടി പുഴയും മറ്റും തീർക്കുന്ന മനോഹരമായ കാഴ്ച. അതാണ് വയലട അല്ലെങ്കിൽ മുള്ളമ്പാറ വ്യൂ പോയിന്റ്.
             കിഴുക്കാം തൂക്കായി നിൽക്കുന്ന പാറയിൽ കയറി ഫോട്ടോ എടുക്കുന്ന ഒരു സ്പോട്ട് ആണ് വയലടയുടെ പ്രധാന ആകർഷണം. ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അപകടം നിറഞ്ഞ ഫോട്ടോഷൂട്ട് ആണത്. പാറപ്പുറത്ത് എവിടെ ഇരുന്ന് ഫോട്ടോ എടുത്താലും താഴ്വര അതിൽ വ്യക്തമായി ലഭിക്കും. 
                ഈ യാത്രയിൽ എന്നെ വിസ്മയിപ്പിച്ചത് എന്റെ സഹപ്രവർത്തകൻ പ്രിയേഷ് ആണ്. ജന്മനാ അരക്ക് താഴെ സ്വാധീനമില്ലാത്ത പ്രിയേഷ് കൈ കുത്തി ഈ ദൂരം താണ്ടുമ്പോൾ വഴിയോര കച്ചവടക്കാരായ സ്ത്രീകൾ കുശുകുശുക്കുന്നുണ്ടായിരുന്നു. തിരിച്ചു വരുമ്പോൾ അവർ ചോദിച്ച ചോദ്യം “അയാളും കയറിയോ?” എന്നായിരുന്നു. ആത്മവിശ്വാസമുണ്ടെങ്കിൽ എവിടെയും എത്താം എന്നുള്ളത് പ്രിയേഷ് ചെയ്ത് കാണിച്ചു തന്നു. ചെമ്പ്ര പീക്കും മുമ്പ് ഒരു ടൂറിൽ പ്രിയേഷ് കയറിയിരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ അവന് മുന്നിൽ നമ്രശിരസ്കനായി.
            ഓരോ യാത്രയും ഒരനുഭവമാണ് , ഒരു പാഠമാണ് എന്ന് പറയുന്നത് ഇതൊക്കെക്കൊണ്ട് തന്നെ.

Tuesday, October 15, 2019

വയനാട് ടീ മ്യൂസിയം

               മലയാളികളിൽ ചായ കുടിക്കാത്തവർ തുലോം കുറവാണ്. ചായ കുടിക്കുന്നവരാകട്ടെ ദിവസവും നാലോ അഞ്ചോ കപ്പ് കുടിക്കുകയും ചെയ്യും. വയനാട്ടിലും ഇടുക്കിയിലും മറ്റ് ഹൈറേഞ്ച് പ്രദേശങ്ങളിലും വളരുന്ന തേയിലയിൽ നിന്നാണ് തേയില ഉല്പാദിപ്പിക്കുന്നത് എന്ന വിവരം നമ്മളിൽ പലർക്കും ഉണ്ടാകും. അതിനപ്പുറം ചായയെക്കുറിച്ചുള്ള വിവരങ്ങൾ 90 ശതമാനം ചായകുടിയന്മാർക്കും ഇല്ല  എന്നതാണ് വാസ്തവം. ചായയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കുന്ന ഒരു മ്യൂസിയമാണ് വയനാട് അച്ചൂരിലെ വയനാട് ടീ മ്യൂസിയം. ഹാരിസൺ മലയാളം ലിമിറ്റഡിന്റേതാണ് ഈ മ്യൂസിയം.
              E3 തീം പാർക്കിലേക്കുള്ള യാത്ര പ്ലാൻ ചെയ്തപ്പോൾ തന്നെ അതിനൊപ്പം ഒരു ദിവസം കൂടി കൂട്ടി മാനന്തവാടിയിലെ പഴയ അയൽ‌വാസികളെയും മറ്റ് സുഹൃത്തുക്കളെയും കാണാം എന്നും കോഫീ ബീൻസ് എസ്റ്റേറ്റിൽ രാപാർക്കാം എന്നും കൂടി ഞാൻ തീരുമാനിച്ചിരുന്നു. ഞങ്ങൾ പുറപ്പെട്ടത് ശനിയാഴ്ചയായതിനാൽ മക്കളുടെ പഴയ കളിക്കൂട്ടുകാർക്ക് മുഴുവൻ അധ്യയന ദിവസമായിരുന്നു. അതിനാൽ വൈകിട്ട് അഞ്ച് മണിക്ക് ശേഷമേ അവരെ സന്ദർശിക്കാൻ പറ്റുമായിരുന്നുള്ളൂ. രാവിലെ ഒമ്പതരക്ക് വീട്ടിൽ നിന്ന് പുറപ്പെട്ടതിനാൽ വഴിയിൽ സമയം കളയൽ നിർബന്ധമായി. ചുരത്തിൽ ഒരു മണിക്കൂർ ബ്ലോക്ക് കിട്ടിയിട്ടും സമയം ബാക്കിയായി.
            വൈത്തിരി എത്തിയപ്പോൾ പൊഴുതന എസ്റ്റേറ്റിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ആ വഴി പോകാം എന്ന് വെറുതെ മനസ്സിൽ ഒരു മോഹം. വളവും തിരിവും ഏറെ ഉണ്ടെങ്കിലും ട്രാഫിക് കുറവായതും റോഡ് നല്ലതായതും പ്രകൃതി ഭംഗിയും എല്ലാം കൂടി ആയിരിക്കാം ഈ തീരുമാനത്തെ സാധൂകരിച്ചത്. പക്ഷെ പൊഴുതന എസ്റ്റേറ്റ് കാറിൽ ഇരുന്ന് ആസ്വദിക്കാനല്ലാതെ പുറത്തിറങ്ങാൻ ആരും താല്പര്യം പ്രകടിപ്പിച്ചില്ല. എസ്റ്റേറ്റും അച്ചൂർ അങ്ങാടിയും കഴിഞ്ഞ് അല്പം മുന്നോട്ട് നീങ്ങിയപ്പോൾ റോഡിൽ ഒരു ചെറിയ കുഴി കണ്ട് ഞാൻ കാറ് നിർത്തി. വെറുതെ പുറത്തേക്ക് നോക്കിയപ്പോൾ ഒരു പുരാതന കെട്ടിടത്തിന്റെ മുന്നിൽ  “ടീ മ്യൂസിയം” എന്നൊരു ബോർഡ് കണ്ടു. ഇത്ര കാലം അതിലൂടെ പോയിട്ടും എന്റെ കണ്ണിൽ പെടാത്ത ആ മ്യൂസിയം വർക്ക് ചെയ്യുന്നതാണോ എന്ന് ഗേറ്റിൽ നിന്നിരുന്ന സെക്യൂരിറ്റിയോട് ഞാൻ ചോദിച്ചു. അയാൾ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. അപ്രതീക്ഷിതമായ ആ വഴിത്തിരിവ് എനിക്കും കുടുംബത്തിനും സമ്മാനിച്ചത് നിരവധി അറിവുകളും പാഠങ്ങളും ആയിരുന്നു.
              വലിയവർക്ക് മാത്രമേ ടിക്കറ്റ് ഉള്ളൂ എന്ന് പറഞ്ഞപ്പോൾ ഞാൻ നാല് ടിക്കറ്റ് ആവശ്യപ്പെട്ടു. കിട്ടിയത് എനിക്കും ഭാര്യക്കും മാത്രമുള്ള ടിക്കറ്റ്. ഫൈനൽ ഡിഗ്രിക്ക് പഠിക്കുന്ന ലുലു അടക്കം ബാക്കി എല്ലാവർക്കും ഫ്രീ! ടിക്കറ്റ് നിരക്ക് അമ്പത് രൂപയും.
               കേരളത്തിൽ തേയില എത്തിയതിന്റെ മുഴുവൻ ചരിത്രവും മ്യൂസിയത്തിന്റെ ഗ്രൌണ്ട് ഫ്ലോറിൽ നിരത്തിയിട്ടുണ്ട്. കേരളത്തിൽ, പ്രത്യേകിച്ചും വയനാട്ടിൽ തേയിലത്തോട്ടങ്ങളും ഫാക്ടറികളും ബംഗ്ലാവുകളും ഉയർന്ന് വന്നതും വികാസം പ്രാപിച്ചതും എങ്ങനെ എന്ന് അവിടെ നിന്ന് നമുക്ക് വായിച്ചെടുക്കാം. പ്രസ്തുത മ്യൂസിയം തന്നെ 1911ൽ സ്ഥാപിതമായ ഒരു തേയില ഫാക്ടറി ആയിരുന്നു. തേയിലയുമായി യാതൊരു ബന്ധവും ഇല്ലാത്ത ചില ഉപകരണങ്ങളും ഗ്രൌണ്ട് ഫ്ലോറിൽ കാണാം. 150ലേറെ വർഷം പഴക്കമുള്ള ചീനഭരണി കണ്ടപ്പോൾ ലിദുമോന് അതിനകത്ത് കയറണം എന്നൊരാഗ്രഹം. അതിനകത്ത് കയറ്റി ഒരു ഫോട്ടോ എടുത്തപ്പോൾ അവനും സമാധാനമായി. 
               ഒന്നാം നിലയിൽ തേയില നുള്ളുന്നത് മുതൽ അടുക്കളയിൽ ചായപ്പൊടി ആയി എത്തുന്നത് വരെ കടന്ന് പോകുന്ന ഘട്ടങ്ങളും മെഷീനറികളും പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടെ ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഒന്ന് ഇരുന്ന് നോക്കാൻ തോന്നുന്നത് സ്വാഭാവികം മാത്രം. ചുമരിലും പ്രദർശന വസ്തുക്കൾക്കടുത്തും ഉള്ള കാപ്ഷനുകളും ചിരിക്കും ചിന്തക്കും വക നൽകുന്നതാണ്.
               രണ്ടാം നിലയിൽ ടീ ടേസ്റ്റിംഗ് സെന്റർ നമ്മെ വിസ്മയിപ്പിക്കും. വിവിധ ഗ്രേഡിലുള്ള ചായപ്പൊടികൾ ഇട്ട് ചായ ഉണ്ടാക്കുമ്പോൾ അതിന് ലഭിക്കുന്ന നിറ വ്യത്യാസം അവിടെ നേരിട്ട് കാണാം. ഗ്രീൻ ടീ, സി.ടി.സി ടീ, വൈറ്റ് ടീ എന്നിങ്ങനെ നിരവധി തരം ചായകൾ പരിചയപ്പെടാം , അമ്പത് രൂപ കൊടുത്താൽ രുചിയും അറിയാം. ഫാക്ടറിയിൽ ടീ ടേസ്റ്റർ എന്നൊരാൾ ആണത്രേ ചായയുടെ ഗ്രേഡ് തിരിക്കുന്നതും വിവിധ ഫ്ലേവറുകളുടെ അനുപാതം നിശ്ചയിക്കുന്നതും. മാസത്തിൽ ഒരാഴ്ച മാത്രം ജോലിയുള്ള ആ ‘ചായകുടിയന്” ശമ്പളം 2 മുതൽ 12 ലക്ഷം രൂപ വരെയാണ് പോലും!!പക്ഷേ, ഏഴു വർഷത്തെ പരിശീലനം നേടാൻ ലക്ഷങ്ങൾ ആദ്യം ചെലവാക്കണം എന്ന് മാത്രം.
                 തൊട്ടപ്പുറത്തുള്ള കഫറ്റീരിയയിൽ നിന്നുമുയരുന്ന ഗന്ധം നിങ്ങളെ ഒരു ചായയെങ്കിലും കുടിപ്പിക്കും.മസാല ചായയുടെയും ഐസ് കോഫിയുടെയും ചോക്കലേറ്റ് കോഫിയുടെയും മറ്റ് രണ്ട് തരം ചായയുടെയും രുചി അറിയാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. 40 രൂപ മുതൽ 60 വരെയാണ് ഒരു കപ്പ് ചായയുടെ വില! എങ്കിലും ആ ഒരു പ്രത്യേക ആമ്പിയൻസിൽ ഇരുന്ന് ഒന്ന് ചായ കുടിച്ച് നോക്കാൻ നിങ്ങളുടെ ഉള്ളിൽ നിന്ന് ആരോ പറഞ്ഞു കൊണ്ടേ ഇരിക്കും.ഒരു ചായ എങ്കിലും കുടിച്ചില്ലെങ്കിൽ ആ നഷ്ട ബോധം എന്നും പിന്തുടരുകയും ചെയ്യും.  
               ലിധിൻ എന്ന സ്റ്റാഫിന്റെ സഹായത്തോടെയാണ് ഇത്രയും വിവരങ്ങൾ ലഭിച്ചത്. മസാല ടീ പൌഡറും സാധാരണ ചായപ്പൊടിയും വാങ്ങി ഞങ്ങൾ പുറത്തിറങ്ങുമ്പോൾ കാറ് രണ്ട് മണിക്കൂറിലധികം വെയില് കൊണ്ട് കഴിഞ്ഞിരുന്നു. 
               ഞങ്ങൾ 100 രൂപ കൊടുത്താണ് പ്രവേശിച്ചത് എങ്കിലും മുതിർന്നവർക്ക് 50 രൂപയും 8 മുതൽ 12 വരെ വയസ്സുള്ള കുട്ടികൾക്ക് 30 രൂപയും അതിനും താഴെയുള്ളവർക്ക് സൌജന്യവും ആണ് പ്രവേശനം.മ്യൂസിയത്തിന് പുറമെ താല്പര്യമുള്ളവർക്ക് Zip Lineൽ കയറാം. ക്യാമ്പിങ്ങ് സൌകര്യവും ഉണ്ട് എന്ന് പറയപ്പെടുന്നു. കോഴിക്കോട് നിന്നും പോകുന്നവർ വൈത്തിരി ടൌണിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ അച്ചൂർ എത്തും.

Monday, October 14, 2019

The Coffee Beans Estate

           ദൈനംദിന ജീവിതത്തിന്റെ വിരസതകളിൽ നിന്നും യാന്ത്രികയിൽ നിന്നും ഒരു മോചനം നേടി മനസ്സിനെ ഒന്ന് ഫ്രെഷ് ആക്കാനാണ് ഞാൻ പലപ്പോഴും ടൂറും പിക്നിക്കും എല്ലാം പോകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അവയിൽ 99 ശതമാനവും കുടുംബത്തോടൊപ്പം ആയതിനാൽ അവരും ഫ്രെഷ് അപ് ആകും. നഗരത്തിലെ ഹോട്ടലുകളിൽ നിന്നും മാറി, ഏതെങ്കിലും വില്ലയിലോ റിസോർട്ടിലോ ആണ് താമസമെങ്കിൽ കുടുംബത്തിന് അത് കൂടുതൽ രസകരവും ആകും.
               അത്തരം ഒരു ചിന്തയാണ് ഞങ്ങളെ ഗൂഡല്ലൂർ റിസോർട്ടിൽ എത്തിച്ചത്. കുടുംബത്തോടൊപ്പമുള്ള ആദ്യത്തെ റിസോർട്ട് വാസം അവർ അന്ന് ശരിക്കും ആസ്വദിച്ചു. ഒരു പ്രീ പ്ലാനിംഗും ഇല്ലാതെ അന്ന് മസിനഗുഡിയിലും   അവിടെ നിന്ന് മായാറിലെ ഗുൽമോഹർ തീരത്തും  എത്തിയതോടെ ലഭിച്ച പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്.  സുഹൃത്തായ പവിത്രേട്ടൻ വയനാട് വെള്ളമുണ്ടയിൽ നടത്തുന്ന മിസ്റ്റി ഗ്രീൻസ്  റിസോർട്ടിൽ താമസിച്ചില്ലെങ്കിലും അവിടെയും ഏതാനും മണിക്കൂർ ചെലവഴിച്ചപ്പോൾ അതിന്റെ രസം അവർക്ക് ശരിക്കും പിടികിട്ടി.
              ഇത്തവണ E3 തീം പാർക്കിലേക്ക് പുറപ്പെടുമ്പോൾ ഞാൻ നേരത്തെ തീരുമാനിച്ചതായിരുന്നു, എന്റെ NSS വളണ്ടിയർ ക്യാപ്റ്റൻ ആയിരുന്ന ഹന്ന പരിചയപ്പെടുത്തി തന്ന കോഫീ ബീൻസ് എസ്റ്റേറ്റിലെ റിസോർട്ടിൽ ഒരു ദിവസത്തെ തങ്ങൽ.റിസോർട്ട് മാനേജർ എന്നെ നന്നായറിയുന്ന, ഞാൻ മുമ്പ് പരിചയപ്പെടുത്തിയ സോളോയാത്രയുടെ ഭൈമീകാമുകൻ സുഹൈൽ കൂടിയായതിനാൽ മറ്റൊന്നും ആലോചിച്ചില്ല. മാനന്തവാടിയിലെ പതിവ് സുഹൃത് സന്ദർശനങ്ങൾ കഴിഞ്ഞ് നേരെ തലപ്പുഴക്കടുത്ത് കരിമാനിയിലെ റിസോർട്ടിലേക്ക് തിരിച്ചു.
             വൈകിട്ട് പെയ്ത മഴയിൽ റിസോർട്ടിലേക്കുള്ള വഴി ചെളിമയമായതിനാൽ കാർ കയറാൻ ബുദ്ധിമുട്ടാകും എന്ന് സുഹൈൽ അറിയിച്ചിരുന്നു. റോഡിൽ തന്നെ അവൻ ഏർപ്പാടാക്കിയ ജീപ്പ് ഉണ്ടെന്നും കാർ തൊട്ടടുത്ത വീട്ടിൽ പാർക്ക് ചെയ്ത് ജീപ്പിൽ കയറാനും അവൻ നിർദ്ദേശിച്ചു. ഓഫ് റോഡും  കുത്തിക്കുലുങ്ങിയുള്ള ജീപ്പ് യാത്രയും തൊട്ടടുത്തൊന്നും മനുഷ്യവാസം ഇല്ലാത്തതും കൂരിരുട്ടും എല്ലാം കൂടി ഞങ്ങളുടെ മനസ്സിൽ ഒരു ഭീതി പടർത്തി. പക്ഷെ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ എന്നെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്ത്  സ്വാഗതം ചെയ്ത സുഹൈൽ ആ ഭയം മുഴുവൻ ഇല്ലാതാക്കി.
           സുഹൈൽ തന്നെ പാകം ചെയ്ത ചിക്കൻ കറിയും ചപ്പാത്തിയും പൊറോട്ടയും പൊരിച്ച പത്തിരിയും ചിക്കൻ ഫ്രൈയും എല്ലാം കൂടി വിഭവ സ‌മൃദ്ധമായിരുന്നു രാത്രി ഭക്ഷണം. ആവശ്യമായ സാധനങ്ങൾ എല്ലാം കൊണ്ട്  വന്നാൽ, കൂട്ടമായി പാകം ചെയ്ത് കഴിക്കാനുള്ള സൌകര്യം ഉണ്ട്. അതാകുമ്പോൾ ഇത്തരം യാത്രകൾ ഏറെ ഹൃദ്യവുമാകും.റിസോർട്ടിലെ ഭക്ഷണമാണെങ്കിൽ  സാധാരണ നിരക്ക് മാത്രമേ അതിന് ഈടാക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്.
            Stay in the Woods , Feel at home എന്നാണ്  Coffee Beans Estateന്റെ കാപ്ഷൻ. രാത്രിയായാൽ  ശരിക്കും ഒരു കാട്ടിൽ താമസിക്കുന്ന പ്രതീതി അനുഭവപ്പെടുകയും ചെയ്യും.  കാലാവസ്ഥ അനുയോജ്യമെങ്കിൽ രാത്രി ക്യാമ്പ് ഫയർ നടത്താനും സൌകര്യമുണ്ട്. അതിരാവിലെ തേയിലത്തോട്ടത്തിലൂടെയുള്ള ട്രക്കിംഗും ആസ്വാദ്യകരമായ അനുഭവമായിരിക്കും. താഴെ എവിടെയോ ഒഴുകുന്ന അരുവിയുടെ കളാകളാരവവും പക്ഷികളുടെ കലപിലയും പൊഴിയുന്ന മഞ്ഞുകണവും സൂര്യന്റെ പൊൻ‌കിരണവും ഏറ്റ് ഈ വാതില്പടിയിൽ ഇരുന്ന് ഒരു ചുടുകട്ടൻ‌ചായ വലിച്ച് കുടിക്കുമ്പോഴുണ്ടാകുന്ന സുഖം....അതൊന്ന് വേറെത്തന്നെ.
            തലേദിവസം രാത്രി പേടിപ്പിച്ച അതേ വഴിയിലൂടെയാണ് ഞങ്ങൾ കാൽനടയായി തിരിച്ചിറങ്ങിയത്. ഇത്രയും സുന്ദരമായ വഴിയായിരുന്നു അതെന്നും വിളി കേൾക്കുന്നിടത്ത് താമസക്കാർ ഉണ്ടെന്നും അപ്പോഴാണ് മനസ്സിലായത്.
           രണ്ട് ബെഡ്‌റൂമും ഹാളും അടുക്കളയും ആണ് Coffee Beans റിസോർട്ടിലുള്ളത്. 4 പേർക്ക് 2500 രൂപയാണ് ഒരു ദിവസത്തെ റേറ്റ്. 6 പേരാണെങ്കിൽ 3500 രൂപയും. ഭക്ഷണം ഇതിൽ ഉൾപ്പെടില്ല. ഒരു ദിവസം മുഴുവൻ, എല്ലാ തിരക്കിൽ നിന്നും മാറി ഒന്നിരിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ വരൂ...കോഫീ ബീൻസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു.
Contact : 9567773715 (Suhail)

Friday, October 11, 2019

E3 തീം പാര്‍ക്ക് - 2

              E3 തീം പാര്‍ക്ക് കുറെ അറിവുകള്‍ കൂടി പകര്‍ന്നു നല്‍കുന്നുണ്ട്. Mos and Ferns എന്ന വിഭാഗത്തില്‍ ഒരു +2 സയന്‍സ് വിദ്യാര്‍ത്ഥി പഠിക്കുന്ന മിക്ക പന്നല്‍ ചെടികളും നേരിട്ട് കണ്ട് പ്രത്യേകതകള്‍ മനസ്സിലാക്കാം. ഇതിനെപ്പറ്റി പഠിക്കാത്തവന് ആ വിഭാഗം എന്തിനാണെന്ന ചോദ്യവും മനസ്സില്‍ ഉയരും. അതുകൊണ്ട് തന്നെ ക്ലോസിംഗ് സെറിമണി കഴിഞ്ഞാണ് അങ്ങനെയുള്ളവർക്ക് അവിടെ പ്രവേശിക്കാൻ അഭികാമ്യമായ സമയം.

             പാർക്കിലെ Pet Zooവിൽ വിവിധതരം വളർത്തുമൃഗങ്ങളെ കാണാം. മണലാരണ്യത്തിലെ ഒട്ടകത്തെ ഇവിടെ കൊണ്ട് വന്ന് കെട്ടിയിട്ടത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇതു കണ്ട് പുറത്ത് പോകുന്ന പ്രൈമറി സ്കൂൾ കുട്ടികൾ ഒട്ടകത്തെയും ഒരു പക്ഷെ ഇനി വളർത്തുമൃഗങ്ങളായി എണ്ണിയേക്കും.

               Pet Zoo കഴിഞ്ഞാൽ പിന്നെ പ്രവേശിക്കാനുള്ളത് ദിനോസർ പാർക്കിലേക്കാണ്. പ്രവേശന കവാടത്തിനടുത്ത് തന്നെ ഒരുക്കിയ മ്യൂസിയത്തിൽ തൊലിയുരിഞ്ഞ ദിനോസറിന്റെ വിവിധ ഭാഗങ്ങളെപ്പറ്റി പരിചയപ്പെടാം.
              പാർക്കിൽ കയറിയാൽ പിന്നെ ഒരു ജുറാസിക് പാർക്ക് പോലെത്തന്നെ അനുഭവപ്പെടും. ഇടക്കിടെ  ദിനോസറുകളുടെ ശബ്ദം പാർക്കിൽ നിന്നും ഉയരും. അതിനനുസരിച്ച് അവയുടെ ശരീര ഭാഗങ്ങൾ ഇളകുകയും ചെയ്യുന്നതോടെ കുട്ടികൾക്ക് ഹരമാകും. ജുരാസിക് പാർക്ക് എന്ന സിനിമയിൽ കാണുന്ന എല്ലാ ദിനോസറുകളുടെയും രൂപം ഈ ദിനോസർ പാർക്കിൽ വിവരണ സഹിതം ഉണ്ട്.           
               സാഹസികത നിറഞ്ഞ നിരവധി സംഗതികൾ ഉൾകൊള്ളിച്ച അഡ്വഞ്ചർ സോണിലേക്ക് പ്രവേശിക്കുന്നത് ഒരു തൂക്കുപാലത്തിലൂടെയാണ്. കുഞ്ഞുമോൻ ലിദു അടക്കം അതിലൂടെ കൈ പിടിക്കാതെ നടന്നു പോയപ്പോൾ വരാൻ പോകുന്ന സാഹസികതയെ ഞാൻ ഒരു വേള അണ്ടർ എസ്റ്റിമേറ്റ് ചെയ്തു. പക്ഷേ അഡ്വഞ്ചർ സോൺ ശരിക്കും കിടു ആയിരുന്നു.
             Adventure Zoneലെ Rope Course പ്രായ-ലിംഗ ഭേദമന്യേ എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ്. ഊഞ്ഞാല് പാലത്തിലൂടെയുള്ള നടത്തം ലൂന മോൾ പെട്ടെന്ന് പൂർത്തിയാക്കിയപ്പോൾ എന്റെ ഭാര്യ പലപ്പോഴും പരാജയപ്പെട്ടു. ഭാരം ഒരു ഘടകമാണെങ്കിലും ബാലൻസിംഗ് ടെക്നിക് അറിഞ്ഞിരുന്നാൽ അനായാസം മറുകര പറ്റാം. വെറും കയറുകൊണ്ടുള്ള അതേ ആക്റ്റിവിറ്റിയിൽ പലരും വിജയിക്കുന്നുമുണ്ട്. കെട്ടിത്തൂക്കിയ ടയറിൽ കൂടിയുള്ള നടത്തം എല്ലാവർക്കും സാധിച്ചോളണം എന്നില്ല. മക്കൾ മൂന്ന് പേരും അതും പൂർത്തിയാക്കി.
              ഇതും കഴിഞ്ഞാണ് Zip Lineൽ ഞങ്ങൾ എത്തിയത്. ഇതിന് 250 രൂപയുടെ ടിക്കറ്റ് വേറെ എടുക്കണം. അമ്പതടിയോളം ഉയരത്തിലൂടെ കയറിൽ തൂങ്ങിയുള്ള 300 മീറ്റർ യാത്ര പെട്ടെന്ന് തീരും. പക്ഷെ ചങ്കുറപ്പ് ഉണ്ടെങ്കിലേ കയറാൻ തോന്നൂ എന്ന് മാത്രം. 20 കിലോ മുതൽ 90 കിലോ വരെയാണ് Zip Line കപാസിറ്റി. ഒരാൾ പോയി മറുകര പറ്റിയിട്ടേ അടുത്ത ആളെ വിടൂ. മൂത്തവൾ ലുലു ആദ്യമേ ചാടിക്കയറി ടിക്കറ്റ് എടുത്തപ്പോൾ എന്റെ ഭാര്യക്കും ധൈര്യമായി. ലുഅ മോൾക്ക് പേടിയോട് പേടി. ലൂന കുട്ടികളുടെ Zip Lineൽ പോയത് പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ അവളും സമ്മതിച്ചു.
                ഫിനിഷിംഗ് പോയിന്റിന്റെ അല്പം മുമ്പ് വച്ച് സ്റ്റോപ് ആയെങ്കിലും അധികൃതർ എത്തി അവളെ ലാന്റിംഗ് പോയിന്റിൽ എത്തിച്ചു. ഞാൻ കർലാട് ലേക്കിൽ Zip Line ൽ കയറിയിരുന്നതിനാൽ ഇവിടെ അതിന് മുതിർന്നില്ല.
           
               സമയം ഏകദേശം അഞ്ച് മണിയാവാറായി. ഓപണിംഗ് സെറിമണി കാണാത്തതിനാൽ ക്ലോസിംഗ് സെറിമണി കാണണം എന്ന് നിർബന്ധമുണ്ടായിരുന്നു. ആംഫി തിയേറ്ററിൽ എത്തിയപ്പോൾ വളരെ കുറച്ച് ആളുകളേ സെറിമണി കാണാൻ ഉണ്ടായിരുന്നുള്ളൂ. മണിപ്പൂരി ബോയ്സ് അവതരിപ്പിച്ച അക്രോബാറ്റിക് ഷോ ശ്വാസം പിടിച്ചിരുന്നാണ് വീക്ഷിച്ചത്. ശേഷമുള്ള ഡാൻസുപരിപാടി രസംകൊല്ലിയായിരുന്നു.
               ആറ് മണിയോടെ ഞങ്ങൾ E3 തീം പാര്‍ക്കിൽ നിന്ന് പുറത്തിറങ്ങി. ലൂന മോൾക്ക് ലഭിച്ച സമ്മാനം കുടുംബ സമേതം ആസ്വദിക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി. മടക്ക യാത്രയിൽ വാളാട് താമസിക്കുന്ന എന്റെ മുൻ എൻ.എസ്.എസ് വളണ്ടിയർ ജിൻഷാദിന്റെ വീട്ടിൽ നിന്ന് രാത്രി ഭക്ഷണവും കഴിച്ചു. അവർ സ്നേഹപൂർവ്വം തന്ന വയനാടൻ വിഭവം “തൊറമാങ്ങ” യും സ്വീകരിച്ച് സ്ഥലം വിടുമ്പോൾ രാത്രി ഒമ്പതര മണിയായിരുന്നു. അർദ്ധരാത്രി ഒരു മണിക്ക് വീട്ടിൽ കയറിയതോടെ ഈ യാത്രയും അവസാനിച്ചു.           

Monday, October 07, 2019

E3 തീം പാര്‍ക്ക് - 1

          Entertainment, Education , Environment എന്നീ മൂൻ E കൾ ചേർന്നാണ് E3 theme park എന്ന പേര് ഉണ്ടായിരിക്കുന്നത്. വയനാട് ജില്ലയിലെ മക്കിയാട് എന്ന സ്ഥലത്തെ പ്രസ്തുത പാർക്ക് ജലകേളികൾ ഒട്ടും ഇല്ലാത്ത ഒരു തീം പാർക്കാണ്. അതിനാൽ തന്നെ പൊതു സ്വീകാര്യത താരതമ്യേന കുറവായിരിക്കും എന്ന് തോന്നുന്നു.
             രാവിലെ 10 മണിക്കുള്ള ഓപണിംഗ് സെറിമണി കാണണം എന്ന ഉദ്ദേശത്തോടെയാണ് കോഫീ ബീൻസ് ഹോം സ്റ്റേയിൽ നിന്നും ഞങ്ങൾ പുറപ്പെട്ടത്. റോഡിന്റെ ശോചനീയാവസ്ഥയും അപരിചിത റോഡിലൂടെയുള്ള ഡ്രൈവിംഗും കൂടി, കൃത്യം സെറിമണി കഴിഞ്ഞപ്പോൾ ഞങ്ങളെ പാർക്കിലെത്തിച്ചു. ഞായറാഴ്ച ആയിട്ടും വലിയ ആൾത്തിരക്കൊന്നും പാർക്കിൽ കണ്ടില്ല. ലൂന മോൾക്ക് ബാലഭൂമിയിൽ  നിന്നു കിട്ടിയ സമ്മാനക്കത്ത് കാണിച്ചപ്പോൾ എനിക്കും ലൂന മോൾക്കും കോമ്പ്ലിമെന്ററി പാസ് കിട്ടി. മൂന്ന് ടിക്കറ്റ് കൂടി എടുത്ത് ( Adult Rs.550/- , Child (4-12 years) Rs 450/-) ഞങ്ങൾ അകത്ത് പ്രവേശിച്ചു.
               സമയം 11 മണി കഴിഞ്ഞിരുന്നതിനാൽ 11.30നുള്ള ഷോ കാണാനാണ് ആദ്യം കയറിയത്. പഴയ സിനിമാ ടാക്കീസിനെ അനുസ്മരിപ്പിക്കുന്ന ബെഞ്ചുകൾ ആയിരുന്നു ഹാളിനകത്ത്. നൃത്തവും സംഗീതവും ചേർന്ന ഒരു ചരിത്രകഥയുടെ പുനരാവിഷ്കാരം എനിക്ക് അത്ര രുചിച്ചില്ല. എന്നെപ്പോലെ രുചിക്കാത്തവർ ഈ ഷോ കഴിഞ്ഞ് ഉടനെയുള്ള അടുത്ത ഷോക്ക് കയറാതെ കാഴ്ചകളിലേക്ക് ഇറങ്ങിപ്പോയതും അതു കൊണ്ടാവാം. പക്ഷെ രണ്ടാമത്തെ ഷോയിലെ മൂന്ന് ഐറ്റംസും കിടിലൻ ആയിരുന്നു . ലേസർമാൻ ഷോയും റിംഗ് ഗേളും ബാലൻസിംഗ് ബോയും നിലക്കാത്ത കയ്യടികൾ വാങ്ങി ( 11.30ന് ശേഷം വൈകിട്ട് 3 മണിക്ക് ഈ രണ്ട് ഷോകളും ആവർത്തിക്കും. ആദ്യം കാണാത്തവർക്ക് അപ്പോഴും കാണാം).
                 പാർക്കിലെ കാഴ്ചകളിൽ ഞങ്ങൾ ആദ്യം കയറിയത് ഹോറർ ടണലിലേക്കാണ്. കുട്ടികളെ പേടിപ്പിക്കുന്ന ചില കാഴ്ചകളും ശബ്ദങ്ങളും മുതിർന്നവരിൽ ഒരു കുലുക്കവും ഉണ്ടാക്കില്ല.പാർക്കിലെ തടാകത്തിൽ ബോട്ടിംഗ് സൌജന്യമാണ്. പെഡൽ ബോട്ട് ആയതിനാൽ പൊരി വെയിലത്ത് ഞങ്ങൾ അതിന് മുതിർന്നില്ല. കിഡ്സ് സോണിൽ കുട്ടികൾക്ക് ആർമാദിക്കാനുള്ള നിരവധി റൈഡുകൾ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള zip line സൌജന്യമാണ്. കുട്ടികള്‍ ആദ്യമൊന്ന് പേടിച്ച് മാറി നില്‍ക്കുമെങ്കിലും ഒരിക്കല്‍ ആസ്വദിച്ചാല്‍ വീണ്ടും കയറാന്‍ താല്പര്യപ്പെടും.പക്ഷേ എല്ലാം വണ്‍ ടൈം മാത്രമേ അനുവദിക്കൂ.
                പാര്‍ക്കിനകത്തെ പക്ഷി സങ്കേതത്തില്‍ പല തരത്തിലുള്ള തത്തകളെ കാണാം. പഞ്ച വര്‍ണ്ണ തത്ത തലങ്ങും വിലങ്ങും പറന്ന് സന്ദര്‍ശകരെ അത്ഭുതപ്പെടുത്തും. തലയിലും കയ്യിലും തത്തകളെ ഇരുത്തി ഫോട്ടോ എടുത്ത് പ്രിന്റ് തരുന്ന ഒരു പരിപാടി കൂടിയുണ്ട്. 110 രൂപ കൊടുക്കണം എന്ന് മാത്രം.

                ഉച്ച സമയമായതിനാല്‍ ഞങ്ങള്‍ റസ്റ്റാറന്റിലേക്ക് കയറി. 120 രൂപയാണ് ഊണിന്റെ വില. പായസവും ചിക്കന്‍ ചില്ലി പീസും അടങ്ങുന്ന ഊണ്‍ വയറ് നിറക്കും. പാകം ചെയ്ത ഒരു ഭക്ഷണ പദാര്‍ത്ഥവും പാര്‍ക്കിനകത്തേക്ക് കയറ്റില്ല എന്നതിനാല്‍ രെസ്റ്റാറന്റ് ഭക്ഷണം മാത്രമേ നിവൃത്തിയുള്ളൂ. ഭക്ഷണ ശേഷം ഞങ്ങള്‍ കയറിയത് ട്രൈബല്‍ വില്ലേജിലേക്കായിരുന്നു. മണ്‍കല നിര്‍മ്മാണത്തിന്റെ ലൈവ് കാഴ്ചയും ആദിവാസി നൃത്തവും കണ്ട ശേഷം അവരുടെ കുടിലും അവരുപയോഗിക്കുന്ന വിവിധ വസ്തുക്കളും അടങ്ങിയ മ്യൂസിയവും കാണാം.

(തുടരും...)