Pages

Tuesday, October 15, 2019

വയനാട് ടീ മ്യൂസിയം

               മലയാളികളിൽ ചായ കുടിക്കാത്തവർ തുലോം കുറവാണ്. ചായ കുടിക്കുന്നവരാകട്ടെ ദിവസവും നാലോ അഞ്ചോ കപ്പ് കുടിക്കുകയും ചെയ്യും. വയനാട്ടിലും ഇടുക്കിയിലും മറ്റ് ഹൈറേഞ്ച് പ്രദേശങ്ങളിലും വളരുന്ന തേയിലയിൽ നിന്നാണ് തേയില ഉല്പാദിപ്പിക്കുന്നത് എന്ന വിവരം നമ്മളിൽ പലർക്കും ഉണ്ടാകും. അതിനപ്പുറം ചായയെക്കുറിച്ചുള്ള വിവരങ്ങൾ 90 ശതമാനം ചായകുടിയന്മാർക്കും ഇല്ല  എന്നതാണ് വാസ്തവം. ചായയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കുന്ന ഒരു മ്യൂസിയമാണ് വയനാട് അച്ചൂരിലെ വയനാട് ടീ മ്യൂസിയം. ഹാരിസൺ മലയാളം ലിമിറ്റഡിന്റേതാണ് ഈ മ്യൂസിയം.
              E3 തീം പാർക്കിലേക്കുള്ള യാത്ര പ്ലാൻ ചെയ്തപ്പോൾ തന്നെ അതിനൊപ്പം ഒരു ദിവസം കൂടി കൂട്ടി മാനന്തവാടിയിലെ പഴയ അയൽ‌വാസികളെയും മറ്റ് സുഹൃത്തുക്കളെയും കാണാം എന്നും കോഫീ ബീൻസ് എസ്റ്റേറ്റിൽ രാപാർക്കാം എന്നും കൂടി ഞാൻ തീരുമാനിച്ചിരുന്നു. ഞങ്ങൾ പുറപ്പെട്ടത് ശനിയാഴ്ചയായതിനാൽ മക്കളുടെ പഴയ കളിക്കൂട്ടുകാർക്ക് മുഴുവൻ അധ്യയന ദിവസമായിരുന്നു. അതിനാൽ വൈകിട്ട് അഞ്ച് മണിക്ക് ശേഷമേ അവരെ സന്ദർശിക്കാൻ പറ്റുമായിരുന്നുള്ളൂ. രാവിലെ ഒമ്പതരക്ക് വീട്ടിൽ നിന്ന് പുറപ്പെട്ടതിനാൽ വഴിയിൽ സമയം കളയൽ നിർബന്ധമായി. ചുരത്തിൽ ഒരു മണിക്കൂർ ബ്ലോക്ക് കിട്ടിയിട്ടും സമയം ബാക്കിയായി.
            വൈത്തിരി എത്തിയപ്പോൾ പൊഴുതന എസ്റ്റേറ്റിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ആ വഴി പോകാം എന്ന് വെറുതെ മനസ്സിൽ ഒരു മോഹം. വളവും തിരിവും ഏറെ ഉണ്ടെങ്കിലും ട്രാഫിക് കുറവായതും റോഡ് നല്ലതായതും പ്രകൃതി ഭംഗിയും എല്ലാം കൂടി ആയിരിക്കാം ഈ തീരുമാനത്തെ സാധൂകരിച്ചത്. പക്ഷെ പൊഴുതന എസ്റ്റേറ്റ് കാറിൽ ഇരുന്ന് ആസ്വദിക്കാനല്ലാതെ പുറത്തിറങ്ങാൻ ആരും താല്പര്യം പ്രകടിപ്പിച്ചില്ല. എസ്റ്റേറ്റും അച്ചൂർ അങ്ങാടിയും കഴിഞ്ഞ് അല്പം മുന്നോട്ട് നീങ്ങിയപ്പോൾ റോഡിൽ ഒരു ചെറിയ കുഴി കണ്ട് ഞാൻ കാറ് നിർത്തി. വെറുതെ പുറത്തേക്ക് നോക്കിയപ്പോൾ ഒരു പുരാതന കെട്ടിടത്തിന്റെ മുന്നിൽ  “ടീ മ്യൂസിയം” എന്നൊരു ബോർഡ് കണ്ടു. ഇത്ര കാലം അതിലൂടെ പോയിട്ടും എന്റെ കണ്ണിൽ പെടാത്ത ആ മ്യൂസിയം വർക്ക് ചെയ്യുന്നതാണോ എന്ന് ഗേറ്റിൽ നിന്നിരുന്ന സെക്യൂരിറ്റിയോട് ഞാൻ ചോദിച്ചു. അയാൾ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. അപ്രതീക്ഷിതമായ ആ വഴിത്തിരിവ് എനിക്കും കുടുംബത്തിനും സമ്മാനിച്ചത് നിരവധി അറിവുകളും പാഠങ്ങളും ആയിരുന്നു.
              വലിയവർക്ക് മാത്രമേ ടിക്കറ്റ് ഉള്ളൂ എന്ന് പറഞ്ഞപ്പോൾ ഞാൻ നാല് ടിക്കറ്റ് ആവശ്യപ്പെട്ടു. കിട്ടിയത് എനിക്കും ഭാര്യക്കും മാത്രമുള്ള ടിക്കറ്റ്. ഫൈനൽ ഡിഗ്രിക്ക് പഠിക്കുന്ന ലുലു അടക്കം ബാക്കി എല്ലാവർക്കും ഫ്രീ! ടിക്കറ്റ് നിരക്ക് അമ്പത് രൂപയും.
               കേരളത്തിൽ തേയില എത്തിയതിന്റെ മുഴുവൻ ചരിത്രവും മ്യൂസിയത്തിന്റെ ഗ്രൌണ്ട് ഫ്ലോറിൽ നിരത്തിയിട്ടുണ്ട്. കേരളത്തിൽ, പ്രത്യേകിച്ചും വയനാട്ടിൽ തേയിലത്തോട്ടങ്ങളും ഫാക്ടറികളും ബംഗ്ലാവുകളും ഉയർന്ന് വന്നതും വികാസം പ്രാപിച്ചതും എങ്ങനെ എന്ന് അവിടെ നിന്ന് നമുക്ക് വായിച്ചെടുക്കാം. പ്രസ്തുത മ്യൂസിയം തന്നെ 1911ൽ സ്ഥാപിതമായ ഒരു തേയില ഫാക്ടറി ആയിരുന്നു. തേയിലയുമായി യാതൊരു ബന്ധവും ഇല്ലാത്ത ചില ഉപകരണങ്ങളും ഗ്രൌണ്ട് ഫ്ലോറിൽ കാണാം. 150ലേറെ വർഷം പഴക്കമുള്ള ചീനഭരണി കണ്ടപ്പോൾ ലിദുമോന് അതിനകത്ത് കയറണം എന്നൊരാഗ്രഹം. അതിനകത്ത് കയറ്റി ഒരു ഫോട്ടോ എടുത്തപ്പോൾ അവനും സമാധാനമായി. 
               ഒന്നാം നിലയിൽ തേയില നുള്ളുന്നത് മുതൽ അടുക്കളയിൽ ചായപ്പൊടി ആയി എത്തുന്നത് വരെ കടന്ന് പോകുന്ന ഘട്ടങ്ങളും മെഷീനറികളും പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടെ ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഒന്ന് ഇരുന്ന് നോക്കാൻ തോന്നുന്നത് സ്വാഭാവികം മാത്രം. ചുമരിലും പ്രദർശന വസ്തുക്കൾക്കടുത്തും ഉള്ള കാപ്ഷനുകളും ചിരിക്കും ചിന്തക്കും വക നൽകുന്നതാണ്.
               രണ്ടാം നിലയിൽ ടീ ടേസ്റ്റിംഗ് സെന്റർ നമ്മെ വിസ്മയിപ്പിക്കും. വിവിധ ഗ്രേഡിലുള്ള ചായപ്പൊടികൾ ഇട്ട് ചായ ഉണ്ടാക്കുമ്പോൾ അതിന് ലഭിക്കുന്ന നിറ വ്യത്യാസം അവിടെ നേരിട്ട് കാണാം. ഗ്രീൻ ടീ, സി.ടി.സി ടീ, വൈറ്റ് ടീ എന്നിങ്ങനെ നിരവധി തരം ചായകൾ പരിചയപ്പെടാം , അമ്പത് രൂപ കൊടുത്താൽ രുചിയും അറിയാം. ഫാക്ടറിയിൽ ടീ ടേസ്റ്റർ എന്നൊരാൾ ആണത്രേ ചായയുടെ ഗ്രേഡ് തിരിക്കുന്നതും വിവിധ ഫ്ലേവറുകളുടെ അനുപാതം നിശ്ചയിക്കുന്നതും. മാസത്തിൽ ഒരാഴ്ച മാത്രം ജോലിയുള്ള ആ ‘ചായകുടിയന്” ശമ്പളം 2 മുതൽ 12 ലക്ഷം രൂപ വരെയാണ് പോലും!!പക്ഷേ, ഏഴു വർഷത്തെ പരിശീലനം നേടാൻ ലക്ഷങ്ങൾ ആദ്യം ചെലവാക്കണം എന്ന് മാത്രം.
                 തൊട്ടപ്പുറത്തുള്ള കഫറ്റീരിയയിൽ നിന്നുമുയരുന്ന ഗന്ധം നിങ്ങളെ ഒരു ചായയെങ്കിലും കുടിപ്പിക്കും.മസാല ചായയുടെയും ഐസ് കോഫിയുടെയും ചോക്കലേറ്റ് കോഫിയുടെയും മറ്റ് രണ്ട് തരം ചായയുടെയും രുചി അറിയാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. 40 രൂപ മുതൽ 60 വരെയാണ് ഒരു കപ്പ് ചായയുടെ വില! എങ്കിലും ആ ഒരു പ്രത്യേക ആമ്പിയൻസിൽ ഇരുന്ന് ഒന്ന് ചായ കുടിച്ച് നോക്കാൻ നിങ്ങളുടെ ഉള്ളിൽ നിന്ന് ആരോ പറഞ്ഞു കൊണ്ടേ ഇരിക്കും.ഒരു ചായ എങ്കിലും കുടിച്ചില്ലെങ്കിൽ ആ നഷ്ട ബോധം എന്നും പിന്തുടരുകയും ചെയ്യും.  
               ലിധിൻ എന്ന സ്റ്റാഫിന്റെ സഹായത്തോടെയാണ് ഇത്രയും വിവരങ്ങൾ ലഭിച്ചത്. മസാല ടീ പൌഡറും സാധാരണ ചായപ്പൊടിയും വാങ്ങി ഞങ്ങൾ പുറത്തിറങ്ങുമ്പോൾ കാറ് രണ്ട് മണിക്കൂറിലധികം വെയില് കൊണ്ട് കഴിഞ്ഞിരുന്നു. 
               ഞങ്ങൾ 100 രൂപ കൊടുത്താണ് പ്രവേശിച്ചത് എങ്കിലും മുതിർന്നവർക്ക് 50 രൂപയും 8 മുതൽ 12 വരെ വയസ്സുള്ള കുട്ടികൾക്ക് 30 രൂപയും അതിനും താഴെയുള്ളവർക്ക് സൌജന്യവും ആണ് പ്രവേശനം.മ്യൂസിയത്തിന് പുറമെ താല്പര്യമുള്ളവർക്ക് Zip Lineൽ കയറാം. ക്യാമ്പിങ്ങ് സൌകര്യവും ഉണ്ട് എന്ന് പറയപ്പെടുന്നു. കോഴിക്കോട് നിന്നും പോകുന്നവർ വൈത്തിരി ടൌണിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ അച്ചൂർ എത്തും.

7 comments:

Areekkodan | അരീക്കോടന്‍ said...

ഫാക്ടറിയിൽ ടീ ടേസ്റ്റർ എന്നൊരാൾ ആണത്രേ ചായയുടെ ഗ്രേഡ് തിരിക്കുന്നതും വിവിധ ഫ്ലേവറുകളുടെ അനുപാതം നിശ്ചയിക്കുന്നതും. മാസത്തിൽ ഒരാഴ്ച മാത്രം ജോലിയുള്ള ആ ‘ചായകുടിയന്” ശമ്പളം 2 മുതൽ 12 ലക്ഷം രൂപ വരെയാണ് പോലും!!പക്ഷേ, ഏഴു വർഷത്തെ പരിശീലനം നേടാൻ ലക്ഷങ്ങൾ ആദ്യം ചെലവാക്കണം എന്ന് മാത്രം.

സുധി അറയ്ക്കൽ said...

പണ്ട്‌ ബ്രഡ്‌ ഉണ്ടാക്കുന്ന ഒരു ഫാക്ടറിയിൽ പോയത്‌ ഓർമ്മ വന്നു.

Areekkodan | അരീക്കോടന്‍ said...

സുധീ...ഇവിടെ ഉല്പാദനം ഇല്ല.

pravaahiny said...

ഒരിക്കലും അങ്ങോട്ട് ഒന്നും വരാൻ പറ്റില്ലെങ്കിലും വന്ന ഒരു ഫീൽ തന്നു . അറിവ് പങ്ക് വച്ചതിന് ഒത്തിരി നന്ദി

Areekkodan | അരീക്കോടന്‍ said...

പ്രവാഹിനി...നന്ദി.ഒരിക്കലും എത്താന്‍ പറ്റില്ല എന്നതിന് പകരം ഒരു ദിവസം ഞാനും എത്തും എന്ന് ചിന്തിച്ചു നോക്കൂ...വഴിയുണ്ടാകും, അല്ലെങ്കില്‍ ഉണ്ടാക്കാം.

Muralee Mukundan , ബിലാത്തിപട്ടണം said...

കേരളത്തിൽ തേയില എത്തിയതിന്റെ മുഴുവൻ ചരിത്രവും മ്യൂസിയത്തിന്റെ ഗ്രൌണ്ട് ഫ്ലോറിൽ നിരത്തിയിട്ടുണ്ട്. കേരളത്തിൽ, പ്രത്യേകിച്ചും വയനാട്ടിൽ തേയിലത്തോട്ടങ്ങളും ഫാക്ടറികളും ബംഗ്ലാവുകളും ഉയർന്ന് വന്നതും വികാസം പ്രാപിച്ചതും എങ്ങനെ എന്ന് അവിടെ നിന്ന് നമുക്ക് വായിച്ചെടുക്കാം

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക