Pages

Thursday, October 17, 2019

വയലട - മലബാറിലെ ഗവി

              ചില സ്ഥലങ്ങൾ നമ്മെ വീണ്ടും വീണ്ടും മാടി വിളിക്കും. അവിടെ എത്ര പോയാലും നമുക്ക് മതി വരികയും ഇല്ല. അങ്ങനെയൊരു സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കക്കയത്തിനടുത്തുള്ള കരിയാത്തൻ‌പാറ. തോണിക്കടവ് എന്നും ചിലർ ഈ സ്ഥലത്തിന് പറയുന്നുണ്ട്.
               കോളേജിൽ എന്റെ ഡിപ്പാർറ്റ്മെന്റിലെ സാങ്കേതിക വിഭാഗം ജീവനക്കാർ ഒരു ഏകദിന ടൂർ പോകാൻ ഉപദേശം ആരാഞ്ഞപ്പോൾ ഞാൻ നിർദ്ദേശിച്ചത് കരിയാത്തൻപാറ തന്നെയായിരുന്നു. നിരവധി തവണ കേട്ടിട്ടും ഇതുവരെ എനിക്ക് പോകാൻ പറ്റാത്ത മലബാറിലെ ഗവി എന്നറിയപ്പെടുന്ന വയലട കൂടി പോകാം എന്നതിനാൽ ഞാനും ഈ യാത്രയിൽ പങ്കെടുക്കാൻ തീരുമാനിച്ചു.
                കരിയാത്തൻപാറയിൽ ഞങ്ങൾ എത്തുമ്പോൾ മണി പത്താകുന്നതേ ഉണ്ടായിരുന്നുള്ളൂ. സൂര്യൻ അഗ്നി സ്ഫുലിംഗങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. വിരലിൽ എണ്ണാവുന്ന സഞ്ചാരികൾ മാത്രമേ പുഴയിൽ ഇറങ്ങിയിരുന്നുള്ളൂ. എങ്കിലും ഞങ്ങൾ പ്രകൃതി ഭംഗി ആസ്വദിക്കാനായി പുഴയിലേക്കിറങ്ങി.
                 സംഘത്തിൽ സ്ത്രീകളായിരുന്നു കൂടുതലും. വെയിൽ അല്പനേരം ഏറ്റുവാങ്ങിയതോടെ തന്നെ പലരും വാടാൻ തുടങ്ങി. കിട്ടിയ തണലിലേക്ക് ഓടിക്കയറി അല്പം വിശ്രമിച്ച് വീണ്ടും പുഴയിലേക്ക് തന്നെ ഇറങ്ങി. നന്നായി ഒന്ന് മുങ്ങിക്കുളിച്ച കാലവും നീന്തിത്തുടിച്ച കാലവും മനസ്സിൽ നിന്ന് മാഞ്ഞ് പോയിരുന്നതിനാൽ ഞാൻ വെള്ളത്തിൽ ഇറങ്ങാൻ തന്നെ തീരുമാനിച്ചു. ഒപ്പം കൂടെയുള്ള എല്ലാ ആൺ സഹപ്രവർത്തകരും ഇറങ്ങി. സമയം ഇഷ്ടം പോലെ ഉണ്ടായിരുന്നതിനാൽ തെളിഞ്ഞ വെള്ളത്തിൽ ശരിക്കും ആർമാദിച്ചു. സ്ത്രീകൾ കരയിൽ നോക്കിയിരുന്നു.
                     നേരത്തെ പരിചയമുള്ള, സ്ഥലവാസി സിദ്ദീഖ് ഇക്ക വഴി ഊൺ ഏർപ്പാടാക്കിയിരുന്നതിനാൽ ഉച്ചഭക്ഷണം കുശാലായി. ഭക്ഷണം കഴിഞ്ഞ ഉടനെത്തന്നെ ഞങ്ങൾ വയലടയിലേക്ക് തിരിച്ചു. വെറും പത്ത് കിലോമീറ്ററേ ദൂരമുള്ളൂ എങ്കിലും ഹെയർപിൻ വളവുകളും കയറ്റവും ഇറക്കവും നിറഞ്ഞ വഴി ഏറെ ദുർഘടം തന്നെയായിരുന്നു.
                  വയലട മെയിൻ റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഒരു ഇടുങ്ങിയ വഴി വീണ്ടും ഞങ്ങളെ മുന്നോട്ട് നയിച്ചു. ഒരു കിലോമീറ്ററോളം മുന്നോട്ട് പോയി വാഹനത്തിന് പോകാനുള്ള റോഡ് അവസാനിച്ചു. പിന്നെ ബോളർ പതിച്ചതോ അതല്ല പാറക്കല്ല് പൊങ്ങി വന്നതോ എന്നറിയാത്ത തരം ഒരു റോഡിലൂടെ ഒന്നര കിലോമീറ്റർ നടത്തം. റോഡ് അവസാനിക്കുന്നിടത്ത് വലതു സൈഡിൽ വ്യൂ പോയിന്റിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു കുഞ്ഞു കവാടം. അവിടം മുതൽ കുറെ സ്റ്റെപ്പുകളും അതുകഴിഞ്ഞ് വനമ്പ്രദേശത്തുകൂടെ ഒരാൾക്ക് പോകാൻ പറ്റുന്ന വീതിയിലുള്ള പാതയും. ഇതെല്ലാം താണ്ടി മല മുകളിൽ എത്തിയാൽ കുറ്റ്യാടി പുഴയും മറ്റും തീർക്കുന്ന മനോഹരമായ കാഴ്ച. അതാണ് വയലട അല്ലെങ്കിൽ മുള്ളമ്പാറ വ്യൂ പോയിന്റ്.
             കിഴുക്കാം തൂക്കായി നിൽക്കുന്ന പാറയിൽ കയറി ഫോട്ടോ എടുക്കുന്ന ഒരു സ്പോട്ട് ആണ് വയലടയുടെ പ്രധാന ആകർഷണം. ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അപകടം നിറഞ്ഞ ഫോട്ടോഷൂട്ട് ആണത്. പാറപ്പുറത്ത് എവിടെ ഇരുന്ന് ഫോട്ടോ എടുത്താലും താഴ്വര അതിൽ വ്യക്തമായി ലഭിക്കും. 
                ഈ യാത്രയിൽ എന്നെ വിസ്മയിപ്പിച്ചത് എന്റെ സഹപ്രവർത്തകൻ പ്രിയേഷ് ആണ്. ജന്മനാ അരക്ക് താഴെ സ്വാധീനമില്ലാത്ത പ്രിയേഷ് കൈ കുത്തി ഈ ദൂരം താണ്ടുമ്പോൾ വഴിയോര കച്ചവടക്കാരായ സ്ത്രീകൾ കുശുകുശുക്കുന്നുണ്ടായിരുന്നു. തിരിച്ചു വരുമ്പോൾ അവർ ചോദിച്ച ചോദ്യം “അയാളും കയറിയോ?” എന്നായിരുന്നു. ആത്മവിശ്വാസമുണ്ടെങ്കിൽ എവിടെയും എത്താം എന്നുള്ളത് പ്രിയേഷ് ചെയ്ത് കാണിച്ചു തന്നു. ചെമ്പ്ര പീക്കും മുമ്പ് ഒരു ടൂറിൽ പ്രിയേഷ് കയറിയിരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ അവന് മുന്നിൽ നമ്രശിരസ്കനായി.
            ഓരോ യാത്രയും ഒരനുഭവമാണ് , ഒരു പാഠമാണ് എന്ന് പറയുന്നത് ഇതൊക്കെക്കൊണ്ട് തന്നെ.

7 comments:

Areekkodan | അരീക്കോടന്‍ said...

ഓരോ യാത്രയും ഒരനുഭവമാണ് , ഒരു പാഠമാണ് എന്ന് പറയുന്നത് ഇതൊക്കെക്കൊണ്ട് തന്നെ.

സുധി അറയ്ക്കൽ said...

ചിത്രങ്ങളും വിവരണവും മനോഹരം.

Areekkodan | അരീക്കോടന്‍ said...

സുധീ...നന്ദി

pravaahiny said...

നല്ല കാഴ്ചകൾ.
പൊതുവേ ഭിന്നശേഷിക്കാർ എങ്ങും പോകാൻ പാടില്ല. അടങ്ങി ഒതുങ്ങി വീട്ടിൽ കിടക്കണം. എന്നോട് തന്നെ എത്ര പേർ ചോദിച്ചിരിക്കുന്നു. നിനക്ക് വീട്ടിലിരുന്ന് കൂടെ എന്ന്

Areekkodan | അരീക്കോടന്‍ said...

പ്രവാഹിനി...പോകണം, ബ്ഭിന്നശേഷിക്കാരും എല്ലായിടത്തും പോകണം.മൂന്ന്-നാല് വര്‍ഷം മുമ്പ് നാഷണല്‍ സര്‍വീസ് സ്കീമും ടൂറിസം വകുപ്പും ചേര്‍ന്ന് തെരഞ്ഞെടുത്ത ടൂറിസ്റ്റ് സ്പോട്ടുകള്‍ ഭിന്നശേഷീ സൌഹൃദമാക്കുന്ന ഒരു പ്രോഗ്രാം തുടങ്ങി വച്ചിരുന്നു.അന്നത്തെ ടൂറിസം ഡയര്‍ക്ടര്‍ ജോസ് സാര്‍ കള്‍ക്ടര്‍ ആയി സ്ഥലം മാറിയതോടെ അത് മന്ദഗതിയിലായി.ഞങ്ങള്‍ ഇപ്പോഴും റെഡിയാണ്, നിങ്ങളെ കൊണ്ടുപോകാനും കാണിക്കാനും.

Muralee Mukundan , ബിലാത്തിപട്ടണം said...

ഓരോ യാത്രയും ഒരനുഭവമാണ് ,
ഒരു പാഠമാണ് എന്ന് പറയുന്നത് ഇതൊക്കെക്കൊണ്ട് തന്നെ.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ....അതെ.

Post a Comment

നന്ദി....വീണ്ടും വരിക