2021 ആഗസ്റ്റിൽ, മൂത്ത മകൾ ലുലുവിൻ്റെ ജാമിയ മില്ലിയ യൂ: സിറ്റി പ്രവേശന പരീക്ഷാർത്ഥം ഡൽഹിയിൽ കുടുംബ സമേതം പോയിരുന്നു. പരീക്ഷ കഴിഞ്ഞ് രാത്രി ജയ്പൂരിലേക്ക് പോകാനായിരുന്നു എൻ്റെ പ്ലാൻ.അത് അങ്ങനെ തന്നെ നടക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് രാത്രി വരെയുള്ള സമയം എന്ത് ചെയ്യും എന്ന ചോദ്യത്തിന് മറുപടിയായി അടുത്തുള്ള സ്ഥലങ്ങൾ കാണാൻ പോകാം എന്ന് ഞാൻ പറഞ്ഞു. അപ്രകാരം ഞാൻ തെരഞ്ഞെടുത്തത് ഹുമയൂൺ ടോംബ് ആയിരുന്നു.
ഫാമിലി സഹിതം പോകാൻ പറ്റുന്ന ഒരു സ്ഥലമല്ല അത് എന്നായിരുന്നു ടാക്സി ഡ്രൈവർ ദീപ് സിങിൻ്റെ പെട്ടെന്നുള്ള പ്രതികരണം.മുമ്പ് പാലക്കാട് ശിലാവാടിയിൽ പോയപ്പോൾ കണ്ട കാഴ്ചകൾ പോലെയുള്ളവ ആയിരിക്കും ഇവിടെയും എന്നാണ് പ്രസ്തുത സംസാരത്തിൽ നിന്ന് ഞാൻ കരുതിയത്. അതിനാൽ ഹുമയൂൺ ടോംബ് ഒഴിവാക്കി, പല തവണ കണ്ടതും ദീപ് സിംഗ് നിർദ്ദേശിച്ചതുമായ കുതബ് മിനാർ (Click to Read) വീണ്ടും കാണാൻ ഞങ്ങൾ പുറപ്പെട്ടു .
ആഗ്രയിൽ പല തവണ പോയിട്ടും മേൽ പറഞ്ഞ പോലെയുള്ള ചില അഭിപ്രായങ്ങൾ കേട്ട് ഫത്തേപൂർ സിക്രി ഇപ്പോഴും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. അതിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് ഇത്തവണത്തെ ഡൽഹി കാഴ്ചകളിൽ ഹുമയൂൺ ടോംബ് കാണണം എന്ന് ഞാൻ തീരുമാനിച്ചു. ലുഅ മോളും ഹുമയൂൺ ടോംബ് ആദ്യമായിട്ടാണ് കാണുന്നത്.
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഒരു സ്മാരകമാണ് ഹുമയൂൺ ടോംബ്. നിസാമുദ്ദീൻ ദർഗ്ഗക്ക് വളരെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എന്ന് ഈയിടെയാണ് ഞാൻ മനസ്സിലാക്കിയത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണെങ്കിലും തിങ്കളാഴ്ചയും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ച് രൂപയാണ് ഓൺ ലൈനിൽ ടിക്കറ്റ് വില. നേരിട്ട് എടുത്താൽ നാൽപത് രൂപയും.
ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങുമ്പോൾ വലത് വശത്ത് ആദ്യത്തെ സമുച്ചയം കാണാം. ഏതാനും സ്റ്റെപ്പുകൾ കയറി ഒരു കോട്ട വാതിൽ പോലെയുള്ള കവാടത്തിലൂടെ വേണം അകത്തേക്ക് കയറാൻ.ഡൽഹി സുൽത്താനായിരുന്ന ഷേർ ഷാ സൂരിയുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്ന ഈസാഖാൻ്റെ ശവകുടീരമാണ് അത്.എട്ട് വശങ്ങളുള്ള മനോഹരമായ ഒരു കല്ലറയാണിത്. തൊട്ടടുത്ത് തന്നെ ഒരു നമസ്കാര പള്ളിയും കാണാം.

ഈസാഖാൻ ടോംബിൽ നിന്ന് പുറത്തിറങ്ങി മുന്നോട്ട് നടന്നാൽ കോട്ട പൊളിച്ചു വഴിയുണ്ടാക്കിയ പോലെ ഒരു നേർവഴി കാണാം. അത് ചെന്നെത്തുന്നത് അതി മനോഹരമായ ഒരു കെട്ടിടത്തിന് മുന്നിലാണ്. വെള്ള മാർബിളും റെഡ് സ്റ്റോണും സമ്മിശ്രമായി ഉപയോഗിച്ച് നിർമ്മിച്ച ആ കെട്ടിടം താജ്മഹലിനെ അനുസ്മരിപ്പിക്കും. താജ്മഹലിന് എഴുപത്തി അഞ്ച് വർഷം മുമ്പേ നിർമ്മിക്കപ്പെട്ട ഹുമയൂൺ ടോംബ് ആണ് പ്രസ്തുത നിർമ്മിതി.
ഹുമയൂണിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഭാര്യ ഹമീദ ബാനു ബീഗമാണ് ഈ ശവകുടീരം നിർമ്മിച്ചത്. ഹുമയൂണിന്റെ കല്ലറക്കു പുറമേ പ്രധാന കെട്ടിടത്തിലും അനുബന്ധ കെട്ടിടങ്ങളിലുമായി ഹുമയൂണിൻ്റെ ക്ഷുരകൻ്റെതടക്കം നൂറോളം കല്ലറകൾ വേറെയുമുണ്ട്. അതിനാൽ ഈ ശവകുടീരത്തിനെ മുഗളരുടെ കിടപ്പിടം (Dormitory of Mughals) എന്നും പറയാറുണ്ട്.
വിശാലമായ ചാർ ബാഗിൻ്റെ (നാല് പൂന്തോട്ടങ്ങൾ) മധ്യത്തിലായാണ് ഹുമയൂൺ ടോംബ് നിർമ്മിച്ചിരിക്കുന്നത്. മധ്യത്തിൽ വിശാലമായ ഒരു മുറിയും ചുറ്റും എട്ട് മുറികളും കാണാം. ഹഷ്ട് ബിഹിഷ്ട് എന്നാണ് ഈ നിർമ്മാണരീതിയുടെ പേര്. വിശാലമായ മുറിയിൽ വെണ്ണക്കല്ലിൽ തീർത്തതാണ് ഹുമയൂണിൻ്റെ കല്ലറ. മറ്റു മുറികളിൽ ഹുമയൂണിൻ്റെ പത്നി ഹമീദാ ബാനു, ഷാജഹാൻ ചക്രവർത്തിയുടെ മക്കളിൽ ഒരാളായ ദാരാ ഷിക്കോ എന്നിവരുടെ കല്ലറകളും കാണാം.
കാഴ്ച്ചകൾ കണ്ട ശേഷം പുറത്തിറങ്ങുമ്പോഴാണ് ഇടത് ഭാഗത്ത് ഒരു വലിയ ഗേറ്റ് എൻ്റെ ശ്രദ്ധയിൽ പെട്ടത്. അതിനകത്ത് എന്തെങ്കിലും ഉണ്ടോ എന്ന ജിജ്ഞാസ എന്നെ അതിൻ്റെ മുന്നിലെത്തിച്ചു. അറബ് സെറായി ഗേറ്റ് എന്നാണ് ആ കവാടത്തിൻ്റെ പേര്. ഹുമയൂൺ ടോംബിൻ്റെ കരകൗശല വിദഗ്ധരുടെ താമസ സ്ഥലമായിരുന്നു അതിനകത്ത് എന്ന് ഗേറ്റിനടുത്തുള്ള സൂചനാ ഫലകം പറയുന്നു.
മെയിൻ ഗേറ്റ് കടന്ന് പുറത്തിറങ്ങിയാൽ നീല മകുടത്തോട് കൂടിയ ഒരു നിർമ്മിതി റോഡിൽ കാണാം. സബ്സ് ബുർജ് എന്ന ആ സ്മാരകവും മുഗൾ കാലഘട്ടത്തിലേതാണ്. രണ്ട് വർഷം മുമ്പ് നവീകരിച്ച ഇതും ആരുടെയോ ശവക്കല്ലറയാണെന്ന് പറയപ്പെടുന്നു. അതിനകത്തേക്ക് ആരും പ്രവേശിക്കുന്നത് കണ്ടില്ല. എനിക്കാണെങ്കിൽ മോളെ ഫ്ലാറ്റിൽ പോയി ലഗേജ് എടുത്ത് എയർപോർട്ടിലേക്ക് പോകുകയും വേണമായിരുന്നു. അതിനാൽ ഞങ്ങൾ വേഗം ബസ് സ്റ്റോപ്പിലേക്ക് നീങ്ങി.