Pages

Tuesday, July 08, 2025

ദ ലാൻ്റിംഗ്

ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗക്ക് സമീപമുള്ള ബസ് സ്റ്റോപ്പിൽ ഏറെ നേരം കാത്ത് നിന്നിട്ടും ഞങ്ങൾക്കുള്ള ബസ് മാത്രം വരാതായപ്പോൾ മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി. മോളുടെ ഫ്ലാറ്റിൽ നിന്ന് ലഗേജെടുത്ത് തിരിച്ച് മെട്രോ സ്റ്റേഷനിൽ എത്തി ട്രെയിൻ കയറി അര മണിക്കൂറിലധികം യാത്ര ചെയ്താലേ എയർപോർട്ടിലെ മെട്രോ സ്റ്റേഷനിൽ എത്തുകയുള്ളൂ. സ്റ്റേഷൻ ടെർമിനൽ 1 ലാണ്; എൻ്റെ ഫ്ലൈറ്റ് ടെർമിനിൽ 2 ൽ നിന്നും. ഒന്നാം ടെർമിനലിൽ നിന്ന് ബസ്സിൽ കുറച്ചധിക സമയം സഞ്ചരിച്ചാലേ രണ്ടാം ടെർമിനലിൽ എത്തൂ എന്ന് മോളുടെ ഒരു കൂട്ടുകാരി പറഞ്ഞു. അതിനാൽ സമയ നഷ്ടം ആധിയായി പടരാൻ തുടങ്ങി.

അപ്പോഴേക്കും ഒരു ബസ് എത്തി.നല്ല തിരക്കാണെങ്കിലും, അടുത്ത ബസ്സിന് കാത്ത് നിൽക്കുന്നത് ബുദ്ധിക്ക് നിരക്കാത്തതായതിനാൽ ഞങ്ങൾ വേഗം കയറി. അങ്ങനെ ഞങ്ങൾ മകൾ താമസിക്കുന്ന ഹാജി കോളനിയിൽ എത്തി.  ഹുമയുൺ ടോംബിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങിയിട്ട്  അപ്പോഴേക്കും ഒരു മണിക്കൂറോളം പിന്നിട്ടിരുന്നു. അധിക സമയം ചെലവാക്കാൻ ഇല്ലാത്തതിനാൽ നോമ്പ് തുറക്കാനുള്ള ഏതാനും കാരക്കകൾ മോളുടെ റൂമിൽ നിന്നും കൈപ്പറ്റി ഞാൻ മടങ്ങി. മെട്രോ സ്റ്റേഷൻ വരെ മോളും എന്നെ അനുഗമിച്ചു.

ഞാൻ മെട്രോയിൽ കയറുന്ന ജാമിയ മില്ലിയ സ്റ്റേഷനും എയർപോർട്ട് ടെർമിനൽ 3 സ്റ്റേഷനും ഒരേ ലൈനിൽ (മജൻ്റ) ആയതിനാൽ ഇടയ്ക്ക് ഒരു മാറിക്കയറൽ വേണ്ട എന്നത് മാത്രമായിരുന്നു എൻ്റെ സമാധാനം. ഏഴ് മണിക്കുള്ള ഫ്ലൈറ്റിന് ആറ് മണിക്ക് റിപ്പോർട്ട് ചെയ്യണം എന്നായിരുന്നു ടിക്കറ്റിലെ നിർദ്ദേശം. അഞ്ചേ കാലോടെ ടെർമിനൽ 1 മെട്രോ സ്റ്റേഷനിൽ ഇറങ്ങിയതിനാൽ എനിക്ക് സമാധാനമായി. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി ടെർമിനൽ 2 ലേക്ക് പോകാനായി ഞാൻ ബസ് കാത്ത് നിന്നു. എൻ്റെ ടിക്കറ്റ് ഇൻഡിഗോയുടെത് ആയതിനാൽ അവരുടെ ബസാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ, മുന്നിൽ വന്ന് നിന്നത് ഡെൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ സർവ്വീസ് നടത്തുന്ന ഒരു ബസ്സായിരുന്നു.

ടെർമിനൽ 2 ലേക്കും 3 ലേക്കും പോകേണ്ട യാത്രക്കാർ എല്ലാം അതിൽ കയറി.ബസ് എയർപോർട്ട് വിട്ട് ഏതൊക്കെയോ തെരുവുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ എൻ്റെ സമാധാനം വീണ്ടും വിട പറഞ്ഞു.കുറെ ചുറ്റിത്തിരിഞ്ഞ് ബസ് ആദ്യം എത്തിയത് ടെർമിനൽ 3 ൽ ആയിരുന്നു ! ഇൻ്റർനാഷനൽ യാത്രക്കാരെ അവിടെ ഇറക്കിയ ശേഷം ബസ് വീണ്ടും ഏതൊക്കെയോ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. അവസാനം ടെർമിനൽ 2 ൽ എത്തുമ്പോൾ സമയം 6.15 കഴിഞ്ഞിരുന്നു. ബോർഡിംഗ് അപ്പോഴും ആരംഭിച്ചിരുന്നില്ല.

മുമ്പ് രണ്ട് തവണ ഡൽഹിയിലേക്ക് ഫ്ലൈറ്റിൽ വന്നിട്ടുണ്ട്. ഇതിന് തൊട്ടു മുമ്പത്തെ വരവ് 2018 ൽ ആയിരുന്നു.അതുകൊണ്ട് തന്നെ ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ മറന്ന് പോയിരുന്നു. ഏകദേശ ധാരണ വച്ച് ഞാൻ ഇൻഡിഗോയുടെ കൗണ്ടറിലെത്തി ടിക്കറ്റ് കാണിച്ച് ലഗേജ് ബാഗുകൾ നൽകി ബോർഡിംഗ് പാസ് എടുത്തു. കാശ്മീരിൽ നിന്നും വാങ്ങിയ ബാറ്റ് ബാഗിൽ നിന്നും പുറത്തേക്ക് തള്ളി നിന്നിരുന്നു. അത് മറ്റൊരു കൗണ്ടറിൽ നൽകണം എന്ന് പറഞ്ഞപ്പോൾ ഞാൻ വീണ്ടും പരവശനായി. ചെക്ക് ചെയ്ത സ്റ്റിക്കർ ഒട്ടിച്ച്, ദൂരെ ഒരിടത്ത് മാറി ഇരിക്കുന്ന ഒരാളെ ചൂണ്ടിക്കാണിച്ച് അവിടെ നൽകാൻ പറഞ്ഞു.ബാഗ് ഏതോ വഴിയിൽ യാത്രയായി.

കൗണ്ടറിൽ നിന്നും കാണിച്ച് തന്ന ആളുടെ അടുത്ത് ഞാൻ ബാറ്റ് നൽകി. അയാളത് തിരിച്ചും മറിച്ചും നോക്കി ഒരു മൂലയിൽ പോയി ഇരുന്നു. മറ്റൊരു സാധനവും അയാളുടെ കയ്യിൽ കാണാത്തതിനാലും അയാളുടെ ഉദാസീനമായ ഇരിപ്പും കണ്ട ഞാൻ ബാറ്റ് കോഴിക്കോട്ട് എത്തില്ല എന്ന് മനസ്സിൽ പറഞ്ഞു. ഒരു മുൻകരുതൽ എന്ന നിലയിൽ ബാറ്റിൽ ഒട്ടിച്ച സ്റ്റിക്കർ ഞാൻ ഫോട്ടോ എടുത്തിരുന്നു. മഗ്രിബ് ബാങ്കിൻ്റെ സമയം ആയപ്പോൾ കാരക്കയും വെള്ളവും കുടിച്ച് ഞാൻ നോമ്പ് തുറന്നു.

7.15 നാണ് ബോർഡിംഗ് ഗേറ്റ് തുറന്നത്.മറ്റു യാത്രക്കാരൊടൊപ്പം ഞാനും അങ്ങോട്ട് നീങ്ങി. നീളമേറിയ ഒരു ഇടനാഴിയിലൂടെ നടന്ന് ഞാനും വിമാനത്തിലേക്ക് പ്രവേശിച്ചു. എൻ്റെ സീറ്റ് കണ്ടെത്തി അതിൽ ഇരിപ്പുറപ്പിച്ചു. രാത്രി ആയതിനാൽ കാഴ്ചകൾ കാണാൻ കഴിയില്ല എന്നതിനാൽ വിൻ്റോ സീറ്റ് കിട്ടാത്തത് ഒരു പ്രശ്നമായി എനിക്ക് തോന്നിയില്ല. കൃത്യം 7.27 ന് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ എൻ്റെ അഞ്ചാം വിമാനയാത്ര ആരംഭിച്ചു.

രണ്ട് ദിവസം മുമ്പായിരുന്നു എൻ്റെ യഥാർത്ഥ ടിക്കറ്റ്. കാശ്മീരിൽ കുടുങ്ങിയത് കാരണം അന്ന് എത്താൻ സാധിക്കാത്തതിനാൽ എൻ്റെ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു. എണ്ണായിരത്തി ചില്ലാനം രൂപ ടിക്കറ്റ് ചാർജും രണ്ടായിരത്തി ചില്ലാനം രൂപ റീ ഷെഡ്യൂൾ ചാർജും അടക്കം പതിനായിരം രൂപയിൽ കൂടുതൽ എൻ്റെ പേരിൽ എന്നെ പറഞ്ഞ് വിട്ട സണ്ണി സാറിന് ചെലവ് വന്നു. എൻ്റെ തൊട്ടടുത്തിരുന്ന മണ്ണാർക്കാടുകാരൻ രാകേഷ് അന്ന് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ആകെ ചെലവായത് ആറായിരത്തിൽ താഴെയും! 

എൻ്റെ ടിക്കറ്റിൽ ഭക്ഷണം കൂടി ഉണ്ടായിരുന്നു. ഫ്ലൈറ്റ് പൊങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ ഹൈദരബാദി ബിരിയാണി എൻ്റെ മുന്നിലെത്തി. നോമ്പ് കാരണം വിശപ്പുണ്ടായിരുന്നതിനാൽ അത് പെട്ടെന്ന് തന്നെ കാലിയായി. രാത്രി 10.28 ന് വിമാനം കോഴിക്കോട് എയർപോർട്ടിൽ ലാൻ്റ് ചെയ്തു.

പുറത്തിറങ്ങി ബാഗേജ് കിട്ടാൻ ഞാൻ കൺവെയർ ബെൽറ്റിന് അടുത്തെത്തി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബാഗേജിന് മുമ്പേ ആദ്യം വന്നത് ആ ബാറ്റ് ആയിരുന്നു. പിന്നാലെ വന്ന ബാഗേജ് രാകേഷ് എടുത്തു. നേരത്തെ അറേഞ്ച് ചെയ്തിരുന്ന ടാക്സിയിൽ കയറി രാകേഷിനെ അവൻ പറഞ്ഞ സ്ഥലത്ത് ഡ്രോപ് ചെയ്തു. രാത്രി പതിനൊന്നരക്ക് വീട്ടിൽ എത്തിയതോടെ സംഭവബഹുലമായതും എൻ്റെ യാത്രകളിൽ ഏറ്റവും നീളമേറിയതുമായ ഒരു യാത്രക്ക് അവസാനമായി.

1 comments:

Areekkodan | അരീക്കോടന്‍ said...

സംഭവബഹുലമായതും എൻ്റെ യാത്രകളിൽ ഏറ്റവും നീളമേറിയതുമായ ഒരു യാത്രക്ക് കൂടി അവസാനമായി.

Post a Comment

നന്ദി....വീണ്ടും വരിക