2009 ൽ ഞാൻ സ്ഥലം മാറ്റം കിട്ടി കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിൽ എത്തിയ സന്ദർഭം. കലാലയങ്ങളിലും സ്കൂളുകളിലും എല്ലാം ലോക പരിസ്ഥിതി ദിനം ആചരിക്കാനൊരുങ്ങുന്ന സമയം കൂടിയായിരുന്നു അത്. ജൂൺ അഞ്ചിനോ അതല്ല തൊട്ടടുത്ത ശനിയാഴ്ചയാണോ എന്നോർമ്മയില്ല, കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിലും എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാമ്പസിൽ തൈ നടുന്ന പരിപാടി ഉണ്ടായിരുന്നു.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അരീക്കോട് എം.ഇ.എ.എസ്.എസ് കോളേജിലെ അദ്ധ്യാപകനുമായ ഡോ.നുജും സർ ആയിരുന്നു അന്നത്തെ മുഖ്യാതിഥി. പരിസ്ഥിതി സംരക്ഷണ പ്രഭാഷണം കഴിഞ്ഞ് അടുത്ത പരിപാടിയായ വൃക്ഷത്തൈ നടലിലേക്ക് കടന്നു. ഒരു പയ്യൻ്റെ കൈകളിലേക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് സാർ ചോദിച്ചു.
"ഇതിൻ്റെ പേരെന്താ?'
"കൊന്ന"
"നിൻ്റെ പേരോ?"
"അഫ്നാസ്"
"എങ്കിൽ നീ നടുന്ന ഈ മരം ഇനി അഫ്നാസ് മരം എന്നറിയപ്പെടും. നോക്കി വളർത്തി പരിപാലിക്കുക"
അഫ്നാസ് പഠനം പൂർത്തിയാക്കി കാമ്പസിൽ നിന്നും എന്നോ ഇറങ്ങിപ്പോയി. ഡിപ്പാർട്ട്മെൻ്റിൻ്റെ തൊട്ടടുത്ത് വളർന്ന് വരുന്ന ആ മരത്തിൽ ഇപ്പോൾ എല്ലാ വർഷവും നിറയെ പൂക്കൾ വിരിയുന്നു.
എൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും മക്കളുടെ ജന്മദിനം ഒരേ ദിവസമായതിനാൽ ഒരു തൈ ആണ് ഈ വർഷം വയ്ക്കാൻ തീരുമാനിച്ചത്. വീട്ടിൽ ഇല്ലാത്ത ഒരു ഫലവൃക്ഷത്തൈ ആകട്ടെ എന്ന് കരുതി അബിയു ആണ് ഇത്തവണ വാങ്ങിയത്. മൂന്നാമത്തെ മകളുടെ പേര് അബിയ്യ ഫാത്തിമ എന്നും രണ്ടാമത്തവളുടെ പേര് ആതിഫ ജുംല എന്നുമാണ്. അതിനാൽ വൃക്ഷത്തൈ നൽകിക്കൊണ്ട്, അന്ന് നുജും സാർ പറഞ്ഞ പോലെ ഞാനും പറഞ്ഞു. ഇത് 'അബിജു' എന്ന പേരിൽ അറിയപ്പെടും. ഇപ്പോൾ ഫലങ്ങൾ തന്ന് കൊണ്ടിരിക്കുന്ന വീടിന് ചുറ്റുമുള്ള മിക്ക മരങ്ങളെയും പോലെ അബിജുവും രണ്ടോ മൂന്നോ വർഷത്തിനകം ഫലം തരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഒമ്പതാം ജന്മദിനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണെങ്കിലും മകനും ഇതോടൊപ്പം ഒരു തൈ നട്ടു. ഫലവൃക്ഷത്തൈ എന്ന പതിവ് തെറ്റിച്ച് മംഗള ഇനത്തിൽ പെട്ട കുള്ളൻ കമുകാണ് ഇത്തവണ നട്ടത്. മൂന്ന് വർഷം കൊണ്ട് സ്വന്തമായി ഒരു വരുമാനം കണ്ടെത്താനുള്ള പ്രചോദനം അവനും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
1 comments:
അന്ന് നുജും സാർ പറഞ്ഞ പോലെ ഞാനും പറഞ്ഞു. ഇത് 'അബിജു' എന്ന പേരിൽ അറിയപ്പെടും.
Post a Comment
നന്ദി....വീണ്ടും വരിക