Pages

Tuesday, July 29, 2025

അഗ്രസേൻ കി ബാവോലി (ഡൽഹി ദിൻസ് - 4 )

ഡൽഹി ദിൻസ് - 3

ഡൽഹിയിൽ എത്തി രണ്ടാം ദിവസം മുതൽ തിരക്കിട്ട ഷെഡ്യൂൾ ആയിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്. കാണാത്ത കാഴ്ചകൾക്കൊപ്പം ചരിത്ര പാഠങ്ങൾ മക്കളെ പഠിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഉള്ളതിനാൽ അങ്ങനെയൊരു ഷെഡ്യൂൾ നിർബന്ധമായിരുന്നു. 

നേരത്തെ എണീറ്റ് പ്രഭാത കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ഞങ്ങളുടെ ഹോം സ്റ്റേയിലെ ആദ്യ ഭക്ഷണം കഴിച്ചു. ഇഡ്ലിയും സാമ്പാറും ആയിരുന്നു ഒരുക്കിയിരുന്നത്. ഇഷ്ടമുള്ളത്രയും എടുക്കാൻ അനുവാദം ഉണ്ടായിരുന്നതിനാൽ എല്ലാവരും നന്നായി തന്നെ ഭക്ഷിച്ചു. ശേഷം നേരെ ഒഖ്ല വിഹാർ മെട്രോ സ്റ്റേഷനിലെത്തി പട്ടേൽ ചൗക്കിലേക്ക് ടിക്കറ്റെടുത്തു. നാൽപത് രൂപയായിരുന്നു ഒരാൾക്ക് ടിക്കറ്റ്.

ഡൽഹി മെട്രോയിൽ ലിദു മോൻ്റെ കന്നിയാത്രയായിരുന്നു ഇത്. 2022 ൽ , കയ്യിലുണ്ടായിരുന്ന കളിത്തോക്ക് കാരണം ചുണ്ടിനും കോപ്പക്കുമിടയിൽ അവസരം നഷ്ടമാകുകയായിരുന്നു. ജയ്പൂർ മെട്രോയിൽ  (Click & Read 41) കയറിയതാണ് അവൻ്റെ ഏക മെട്രോ യാത്ര. ലൂന മോൾക്കും, സ്ഥലകാലബോധം വന്ന ശേഷമുള്ള ആദ്യ ഡൽഹി മെട്രോ യാത്ര ആയിരുന്നു ഇത്. അതിനാൽ രണ്ട് പേർക്കും ട്രെയിനിനകത്തെ ഡിസ്പ്ലേകളും അറിയിപ്പുകളും സ്റ്റേഷൻ വിവരങ്ങളും സാധാരണ ഉപയോഗിക്കുന്ന ഹിന്ദി വാക്കുകളും പഠിപ്പിച്ചു കൊണ്ടായിരുന്നു ആ യാത്ര.ഹൗസ് ഖാസിൽ നിന്ന് ലെയിൻ മാറിക്കയറാനുണ്ടായതിനാൽ അതും അവർക്ക് പഠിക്കാനായി.

നാൽപത്തിയഞ്ച് മിനുട്ട് യാത്ര ചെയ്ത് പതിനേഴ് സ്റ്റേഷനുകൾ പിന്നിട്ട് ഞങ്ങൾ പട്ടേൽ ചൗക്കിലെത്തി. സ്റ്റേഷന് പുറത്തിറങ്ങി ഒറ്റ ഓട്ടോയിൽ ആറ് പേരും കയറി നേരെ അഗ്രസേൻ കി ബാവോലിയിൽ എത്തി. നൂറ് രൂപയായിരുന്നു ഓട്ടോ ചാർജ്ജ്. 

ഡൽഹിയിൽ ഇങ്ങനെ ഒരു പടിക്കിണർ ഉള്ളത്  ആദ്യമായിട്ടറിയുന്നത് ലുഅ മോൾ കൂട്ടുകാരോടൊപ്പം ഇവിടം സന്ദർശിച്ചപ്പോഴാണ്. നഹാർ ഗഡ് കോട്ടയിലെ (Click & Read 84) പടിക്കിണർ ഞങ്ങളെല്ലാവരും കണ്ടിരുന്നെങ്കിലും അഹമ്മദാബാദിലെ അത്‌ലജ് പടിക്കിണർ (Click & Read 144) കണ്ടപ്പോഴാണ് എനിക്കതിൻ്റെ സൗന്ദര്യം മനസ്സിലായത്. ഡൽഹിയിൽ അത്തരം ഒന്ന് ഉണ്ട് എന്നറിഞ്ഞതോടെ അത് കുടുംബത്തെയും കാണിക്കണമെന്നാഗ്രഹിച്ചു. അങ്ങനെയാണ് ഞാനും ഇന്നു വരെ കാണാത്ത അഗ്രസേൻ കി ബാവോലിയിൽ ഞങ്ങളെത്തിയത്.

"നികാലോ....യഹ് ഹെ സർ  അഗ്രസേൻ കി ബാവോലി" ; ആളൊഴിഞ്ഞ സ്ഥലത്തുള്ള ഒരു കരിങ്കൽ ഭിത്തിക്ക് സമീപം നിർത്തിക്കൊണ്ട് ഓട്ടോക്കാരൻ പറഞ്ഞു.

തുറന്നിട്ട കവാടത്തിന് സമീപം ടിക്കറ്റ് കൗണ്ടർ ഉണ്ടെങ്കിലും അകത്ത് ആരും ഉണ്ടായിരുന്നില്ല. കവാടം കടന്ന് അകത്തെത്തിയപ്പോൾ കണ്ടത് മലയാളം സംസാരിക്കുന്ന ഒരമ്മയും രണ്ട് പെൺ മക്കളും മാത്രം!

ഈ പടിക്കിണർ ആര് നിർമ്മിച്ചതാണ് എന്നതിന് വ്യക്തമായ തെളിവുകളില്ല. അഗർവാൾ സമുദായത്തിൽ പെട്ടവരാണ് ഇത് നിർമ്മിച്ചത് എന്ന് പൊതുവെ കരുതപ്പെടുന്നു. കിണറിൻ്റെ വാസ്തു വിദ്യയിൽ നിന്ന് ഇത്  തുഗ്ലക്ക് ഭരണകാലത്തും ലോധി ഭരണകാലത്തും പുനർ നിർമ്മിച്ചതായും കണക്കാക്കപ്പെടുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചര വരെയാണ് സന്ദർശന സമയം.

മൂന്ന് നിലകളാണ് അഗ്രസേൻ കി ബാവോലി ക്കുള്ളത്. ദീർഘചതുരാകൃതിയിലുള്ള ഒരു കിണറിൽ നിന്നും പടുത്തുയർത്തിയ കരിങ്കൽ കൊട്ടാരം പോലെയാണ് ഒറ്റ നോട്ടത്തിൽ തോന്നുക. ഓരോ നിലയിലും ഇരുവശത്തും കമാനാകൃതിയിലുള്ള മാടങ്ങളും കാണാം. നൂറിലധികം സ്റ്റെപ്പുകൾ ഇറങ്ങിയാലേ വെള്ളത്തിലെത്തൂ. പക്ഷെ, അങ്ങോട്ട് ഇറങ്ങാൻ അനുവാദമില്ല.

ആമിർ ഖാൻ്റെ പി കെ , സൽമാൻ ഖാൻ അഭിനയിച്ച സുൽത്താൻ, ഷാറൂഖ് ഖാൻ്റെ കഭി അൽവിദ്ന കഹ്ന തുടങ്ങീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഇവിടെ നിന്ന് ചിത്രീകരിച്ചതായി പറയപ്പെടുന്നു. ഇതിലേതും ഞാൻ കണ്ടിട്ടില്ല എന്നതിനാൽ ഞാനത് മൂളിക്കേൾക്കുക മാത്രം ചെയ്തു.

ബെഹെൻസ് കി ബാവോലി എന്ന് കൂടി അറിയപ്പെടുന്ന അഗ്രസേൻ കി ബാവോലി ജന്തർ മന്തറിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ജന്തർ മന്തർ ആണെന് കരുതി കാണാൻ വന്ന ഒരു സഞ്ചാരിയെയും അവിടെ വച്ച് ഞാൻ കണ്ടു. ജയ്പൂരിലെ ജന്തർ മന്ത (Click & Read 46) കുടുംബ സമേതം കണ്ടിരുന്നതിനാൽ ഡൽഹിയിലേത് കാണാൻ ഞങ്ങൾക്ക് താല്പര്യം തോന്നിയില്ല. അര മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ അടുത്ത കാഴ്ച കാണാൻ നീങ്ങി.

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

ദീർഘചതുരാകൃതിയിലുള്ള ഒരു കിണറിൽ നിന്നും പടുത്തുയർത്തിയ കരിങ്കൽ കൊട്ടാരം പോലെയാണ് ഒറ്റ നോട്ടത്തിൽ തോന്നുക.

Post a Comment

നന്ദി....വീണ്ടും വരിക