Pages

Thursday, November 16, 2023

ജയ്‌പൂർ മെട്രോ (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 11)

ആദ്യം ഇത് വായിക്കുക

"ഉപ്പച്ചീ ...ജയ്പൂരിൽ മെട്രോ ട്രെയിൻ ഉണ്ടോ?  " ആദ്യ ദിവസത്തെ കാഴ്ചകൾ കഴിഞ്ഞ് ഹോട്ടലിൽ വിശ്രമിക്കുന്ന സമയത്ത് മക്കളിൽ ആരോ ചോദിച്ചു. ഇത്തവണ ഡൽഹി മെട്രോയിൽ കയറാൻ സാധിക്കാത്തതിനാൽ ആ ചോദ്യത്തിൽ കഴമ്പുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. സാധാരണ മെട്രോ സർവ്വീസുകൾ രാവിലെ ആറുമണിക്ക് ആരംഭിക്കും എന്നതിനാൽ മെട്രോയിൽ കയറി ഒന്ന് ആസ്വദിക്കാൻ സമയവും ഉണ്ടായിരുന്നു.ഉടൻ ഞാൻ ഗൂഗിളിൽ ഒന്ന് തപ്പി.ജയ്പൂരിൽ 2015 മുതൽ മെട്രോ ഓപ്പൺ ആണെന്ന് വിവരം ലഭിച്ചു. 

"അരെ ജീ...ജയ്‌പൂർ മെട്രോ ക കിസി സ്റ്റേഷൻ ആസ് പാസ് ഹേ?" അടുത്തേതെങ്കിലും സ്റ്റേഷൻ ഉണ്ടോ എന്നറിയാൻ  ഞാൻ ഹോട്ടലിന്റെ റിസപ്‌ഷൻ കൗണ്ടറിൽ ചെന്ന് ചോദിച്ചു.

"ഹാം സാർ...നസ്‌ദീക് മേം ഹേ..." അടുത്ത് തന്നെയുണ്ട് എന്ന മറുപടി കിട്ടി.

"കിത്ന ദൂർ ?"

"പൈദൽ ചൽനെ ക ദൂർ..." 

വെറും നടന്നെത്താനുള്ള ദൂരത്തിൽ സ്റ്റേഷൻ ഉണ്ട് എന്നറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായി.ഡൽഹി മെട്രോ,ബാംഗ്ളൂർ മെട്രോ,കൊച്ചിൻ മെട്രോ (Click & read) എന്നിവയ്ക്ക് ശേഷം രാജ്യത്തെ നാലാമത്തെ മെട്രോയിൽ കയറാനുള്ള അവസരം അപ്രതീക്ഷിതമായി കിട്ടിയിരിക്കുന്നു.

"കിസ് സ്റ്റേഷൻ?"

"ചാന്ദ്‌പോൾ "

"ങേ!!" ഞാനൊന്ന് ഞെട്ടി.കാരണം ഇന്നലെ ആമേർ  കോട്ടയിൽ കണ്ട രണ്ട് കവാടങ്ങളാണ് ചാന്ദ്പോളും സൂരജ്പോളും.

"ചാന്ദ്‌പോൾ ??" ഞാൻ ഒരിക്കൽ കൂടി ചോദിച്ചു.

"ഹാം..ചാന്ദ്‌പോൾ " 

"നാളെ നമുക്ക് ജയ്‌പൂർ മെട്രോയിൽ ഒന്ന് കയറി നോക്കാം..." റൂമിൽ തിരിച്ചെത്തി ഞാൻ മക്കളോട് പറഞ്ഞു.അവർക്കും അത് ഇഷ്ടമായി.

പിറ്റേ ദിവസം നേരത്തെ എണീറ്റ് റെഡിയായി ഞങ്ങൾ ഹോട്ടലിൽ നിന്നിറങ്ങി. നടക്കാനുള്ള ദൂരമേ ഉള്ളൂ എന്ന് പറഞ്ഞിരുന്നെങ്കിലും റിക്ഷയിൽ ഒന്ന് യാത്ര ചെയ്തു നോക്കാം എന്ന് തോന്നിയതിനാൽ റോഡിൽ ആദ്യം കണ്ട റിക്ഷാക്കാരനെ വിളിച്ചു. സ്റ്റേഷന്റെ സൂചനാ ഫലകം കണ്ടപ്പോഴാണ് തലേ ദിവസം ഞങ്ങൾ സഞ്ചരിച്ച റോഡ് തന്നെയാണെന്ന് മനസ്സിലായത്.തൊട്ടടുത്ത് കണ്ട ഒരു ഒറ്റമുറി ചായക്കടയിൽ നിന്ന് ചായ കുടിച്ച് ലിദുമോന് മരുന്ന് തയ്യാറാക്കാനായി അല്പം പഞ്ചസാരയും അദ്ദേഹത്തിൽ നിന്ന് പൊതിഞ്ഞ് വാങ്ങി ഞങ്ങൾ ചാന്ദ്പോൾ സ്റ്റേഷനകത്തേക്ക് പ്രവേശിച്ചു.

സ്റ്റേഷനകത്ത് പ്രവേശിച്ച ഞങ്ങൾ ഞെട്ടിപ്പോയി. ഞങ്ങൾ ആറ് പേർക്ക് പുറമെ ആകെ സ്റ്റേഷനിൽ ഉള്ളത് അഞ്ച് പേർ. അതിലൊരാൾ ടിക്കറ്റ് കൗണ്ടറിനകത്ത് , രണ്ട് പേർ സെക്യൂരിറ്റി , മറ്റു രണ്ട് പേർ യാത്രക്കാരാണെന്ന് തോന്നുന്നു.

എവിടം വരെ പോകണം എന്നറിയാത്തതിനാൽ ഞാൻ നേരെ കൗണ്ടറിലേക്ക് ചെന്നു.
"ഹമേം മെട്രോ മേം ജാന ഹെ... അഗല സ്റ്റേഷൻ തക് കിത് ന ഹോഗ? "

 " അഗല സ്റ്റേഷൻ ചോട്ടി ചൗപർ ഹേ... ആപ്കോ സിർഫ് ട്രെയിൻ മേം ജാന ഹെ തൊ ബഡീ ചൗപർ തക് ജാവൊ ..." ട്രെയിനിൽ യാത്ര ചെയ്തു എന്ന് പറയണമെങ്കിൽ ബഡീ ചൗപർ വരെ പോകണം എന്നതിനാൽ ഞാൻ അങ്ങോട്ടുള്ള ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചു.

"കിത് ന ഹെ..?''

" ചെഹ് രുപയെ പെർ സിർ " 

" സിർഫ് ചെഹ് രുപയെ ?" കേട്ടത് വിശ്വസിക്കാൻ കഴിയാത്തതിനാൽ ഞാൻ വീണ്ടും ചോദിച്ചു.

"യാഹ് ... വാപസ് ലാന ഹെ തോ ഔർ ചെഹ് ..."
ടോക്കൺ (ടിക്കറ്റ്) എടുത്ത് ഞങ്ങൾ ട്രെയിൻ വരാനായി കാത്ത് നിന്നു .


ആദ്യം വന്ന വണ്ടിയിൽ തന്നെ ഞങ്ങൾ കയറി. ഞങ്ങൾ കയറിയ ബോഗിയിൽ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ!കൂടുതൽ ഒന്നും കാണാനില്ലാത്തതിനാൽ ബഡീ ചൗപറിൽ ഇറങ്ങി അടുത്ത വണ്ടിക്ക് തന്നെ ഞങ്ങൾ ചാന്ദ് പോളിലേക്ക് തിരിച്ചു പോരുകയും ചെയ്തു. 

ഓട്ടോ പിടിച്ച് റൂമിലെത്തിയപ്പോഴേക്കും ഇന്നത്തെ കാഴ്ചകൾ കാണിക്കാനായി ജബ്ബാർ റെഡിയായി എത്തിയിരുന്നു.

"ആജ് ക്യാ ക്യാ ദേഖ്ന ഹെ?" ഞാൻ ജബ്ബാറിനോട് ചോദിച്ചു.

"കൽ ഹം ജയ്പൂർ ഔട്ടർ ദേഖ... ആജ് ജയ്പൂർ സിറ്റി സീൻസ് ദേഖ്ന ഹെ... സിറ്റി പാലസ്, ഹവാ മഹൽ, ജന്തർ മന്തർ, ആൽബർട്ട് ഹാൾ മ്യൂസിയം വഗൈരഹ് ...."

"കബ് നികൽന പടേഗ ...? "

"ജബ് ആപ് റെഡി ഹൊ തബ് നികലേഗ ..."

വൈകിട്ടോട് കൂടി ജയ്പൂർ വിടണം എന്നതിനാൽ ഇന്നത്തെ കാഴ്ചകൾ പെട്ടെന്ന് കണ്ടു തീർക്കണമായിരുന്നു. ഹോട്ടലിൽ പോയി സമയം കളയാനില്ലാത്തതിനാൽ ബ്രേക്ക് ഫാസ്റ്റ് ഓൺലൈനിൽ ഓർഡർ നൽകി. പെട്ടെന്ന് തന്നെ അത് റൂമിലെത്തുകയും ചെയ്തു. ഭക്ഷണം വേഗം കഴിച്ച് ഞങ്ങൾ ജയ്പൂർ സിറ്റി കാഴ്ചകൾ കാണാനായി പുറപ്പെട്ടു.

NB: ജയ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന്  മെട്രോയിൽ 12 രൂപക്ക് ബഡീ  ചൗപറിൽ എത്തിയാൽ ഹവാ മഹലിലേക്ക് നടക്കാനുള്ള ദൂരം മാത്രമേ ഉള്ളൂ.

Next : സിറ്റി പാലസും ജന്തർമന്തറും

1 comments:

Areekkodan | അരീക്കോടന്‍ said...

ജയ്പൂർ മെട്രോയിലും കയറിയപ്പോൾ

Post a Comment

നന്ദി....വീണ്ടും വരിക