Pages

Monday, November 20, 2023

വേളിയിൽ ഒരു വേളി വാർഷികം

വർഷത്തിലെ പന്ത്രണ്ട് മാസങ്ങളിൽ പതിനൊന്നാമനായ നവംബറുമായി എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. 1977 നവംബർ 14 ന് ആണ് എന്റെ ഭാര്യ ഭൂജാതയായത്. 1998 നവംബർ 15 ന് ആണ് ഞാൻ അവളെ വിവാഹം ചെയ്തത്. ഇതു രണ്ടിനും ശേഷം 2013 നവംബർ 19 ന് ആണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ പ്രദമായ സംഭവങ്ങളിൽ ഒന്നായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് ദേശീയ അവാർഡ് അന്നത്തെ രാഷ്‌ട്രപതി ശ്രീ.പ്രണബ് മുഖർജിയിൽ നിന്നും ഞാൻ സ്വീകരിച്ചത്.

ഒരു തൈ നട്ടു കൊണ്ട് ജന്മദിനവും വിവാഹ വാർഷികവും ഒരുമിച്ച് ഓർമ്മ പുതുക്കലാണ് വർഷങ്ങളായുള്ള പതിവ്. ലോകചരിത്രത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള അനശ്വരപ്രേമത്തിന്റെ സ്മൃതികുടീരമായ താജ്മഹലിന് മുമ്പിലായിരുന്നു 2013 ൽ വിവാഹത്തിന്റെ പതിനാറാം വാർഷികം നടന്നത് .2023 ൽ രജത ജൂബിലി പിന്നിട്ട് ഇരുപത്തിയാറാം വാർഷികത്തിന് തുടക്കമിട്ടത് തിരുവനന്തപുരം ജില്ലയിലെ വേളി ടൂറിസ്റ്റ് വില്ലേജിലായിരുന്നു.

വേളി കായലും അറേബ്യൻ കടലും കൂടി ഒരുക്കുന്ന പ്രകൃതി രമണീയതയാണ് വേളി ടൂറിസ്റ്റ് വില്ലേജിന്റെ സംസ്ഥാപനത്തിന് കാരണം എന്നാണ് എന്റെ വിശ്വാസം. സാമൂഹ്യമാധ്യമങ്ങളും മറ്റു പബ്ലിസിറ്റി രീതികളും ഇത്രയും ജനകീയമാകാത്ത 2002ൽ ഭാര്യയും ഞാനും അന്ന് മൂന്നു വയസ്സുകാരിയായിരുന്ന മൂത്ത മകളും എന്റെ സുഹൃത്ത് ജലീൽ കോയപ്പയും കൂടി ഇവിടെ എത്തിയിരുന്നു.ഈ സ്ഥലത്തെപ്പറ്റി അന്ന് എങ്ങനെ അറിഞ്ഞെന്ന് ഓർമ്മയില്ലെങ്കിലും മഹീന്ദ്രയുടെ ഒരു വാനിൽ സിറ്റിയിൽ നിന്നും വേളിയിലേക്ക് കയറിയത് ഓർമ്മയിലുണ്ട്.ഇന്ന് വേളിയിലേക്ക് ഇഷ്ടം പോലെ ബസ്സുകളുണ്ട്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നും വളരെ അടുത്താണ് ടൂറിസ്റ്റ് വില്ലേജ്. 

മകൾക്ക് കിട്ടിയ ഒ.വി.വിജയൻ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങാൻ വേണ്ടി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പഴയ സ്മരണകൾ പുതുക്കാൻ ഞങ്ങൾ വേളിയിലെത്തി വേളീ വാർഷികം കൂടി ആഘോഷിച്ചത്. അന്ന് ഫോട്ടോക്ക് പോസ് ചെയ്ത അതേ ശംഖുകളുടെ പശ്ചാത്തലത്തിൽ വീണ്ടും ഞങ്ങൾ ഒരുമിച്ച് നിന്നു.അന്നത്തെ മൂന്ന് വയസ്സുകാരി ഇന്നത്തെ ഫോട്ടോഗ്രാഫറായി.

മുതിർന്നവർക്ക് ഇരുപത് രൂപയും കുട്ടികൾക്ക് അഞ്ച് രൂപയും ആണ് പ്രവേശന ഫീസ്.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് സമയം.വില്ലേജിനകത്തെ കാഴ്ചകൾ ചുറ്റിക്കാണാനായി ഒരു കുഞ്ഞൻ ട്രെയിൻ ഉണ്ട്.അതിൽ കയറണമെങ്കിൽ പ്രത്യേക ടിക്കറ്റ് എടുക്കണം.കുട്ടികൾക്ക് ആസ്വദിക്കാനായി ചിൽഡ്രൻസ് പാർക്കും ഉണ്ട്. പഴയതിൽ നിന്നും വ്യത്യസ്‍തമായി, വേളി കായലിൽ സ്പീഡ് ബോട്ട് സഞ്ചാരം കൂടി ഉണ്ട് എന്നതാണ് ഇപ്പോൾ കണ്ട മാറ്റം.ഒരാൾക്ക് മുന്നൂറ് രൂപയാണ് ചാർജ്ജ്. കുളവാഴ മൂടിക്കിടക്കുന്ന കായലിൽ യാത്ര അത്ര രസകരമല്ലാത്തതിനാൽ ഞാൻ ആ വഴിക്ക് പോയില്ല.അഴിമുഖത്തേക്ക് പോകാൻ ഒരു പൊങ്ങുപാലം ഉണ്ടെങ്കിലും അത് അടച്ചിട്ടതിനാൽ അങ്ങോട്ട് പോകാനും സാധിച്ചില്ല.

കേരളത്തിലെ ഏറ്റവും വലിയ മാൾ ആയ തിരുവനന്തപുരം ലുലു മാൾ സന്ദർശിച്ച ശേഷം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പോകാനായി ഓട്ടോയിൽ കയറിയതായിരുന്നു ഞങ്ങൾ.പക്ഷെ ഡ്രൈവർ ഞങ്ങളെ കൊണ്ടെത്തിച്ചത് വേളിയിലായി. മക്കൾ ഇത് രണ്ടും കണ്ടിട്ടില്ലാത്തതിനാൽ വേളിയിലെ കാഴ്ചകൾ കണ്ട ശേഷം ഞങ്ങൾ ശംഖുമുഖം ബീച്ചിലേക്ക് നീങ്ങി.

1 comments:

Areekkodan | അരീക്കോടന്‍ said...

2023 ൽ രജത ജൂബിലി പിന്നിട്ട് ഇരുപത്തിയാറാം വാർഷികത്തിന് തുടക്കമിട്ടത് തിരുവനന്തപുരം ജില്ലയിലെ വേളി ടൂറിസ്റ്റ് വില്ലേജിലായിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക