Pages

Tuesday, November 28, 2023

കോട്ടയിലൊരു സ്നേഹവിരുന്ന് (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 14)

ആദ്യം ഇത് വായിക്കുക

"ആബിദ് ഭായ്...ആപ് ട്രെയിൻ പകട ?" ജയ്‌പൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറുമ്പോൾ തന്നെ എനിക്ക് അടുത്ത ഫോൺ കാൾ എത്തി.ഞങ്ങൾക്ക് നാട്ടിലേക്കുള്ള ട്രെയിൻ കയറേണ്ടത് കോട്ട ജംഗ്ഷനിൽ നിന്നായിരുന്നു. ജയ്പൂരിൽ നിന്നും കോട്ടയിലേക്ക് എത്താൻ വലിയ പ്രയാസം ഉണ്ടാകില്ല എന്നായിരുന്നു എന്റെ ധാരണ. ടിക്കറ്റ് എടുക്കാൻ ചെന്നപ്പോഴാണ് സംഗതി അത്ര എളുപ്പമല്ല എന്ന് മനസ്സിലായത്.

ജയ്പൂരിൽ നിന്നും കോട്ടയിലേക്ക് 240 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുണ്ട്. ട്രെയിനിൽ നാല് മണിക്കൂർ യാത്ര ചെയ്യണം.വൈകിട്ട് ടിക്കറ്റു കിട്ടാൻ വളരെ പ്രയാസമാണ്.മാത്രമല്ല മിക്ക മത്സര പരീക്ഷകൾക്കും കോച്ചിംഗ് കൊടുക്കുന്ന രാജസ്ഥാനിലെ ഏകസ്ഥലം കൂടിയാണ് കോട്ട. അതിനാൽ അത്തരം മത്സരാർത്ഥികളും ട്രെയിനിലെ തിരക്ക് വർദ്ധിപ്പിക്കും. വൈകിയാൽ കോട്ടയിലേക്ക് ട്രെയിൻ കിട്ടാനും ബുദ്ധിമുട്ടും. ഞങ്ങൾക്ക് മടങ്ങാനുള്ള ട്രെയിൻ  ഡെൽഹിയിൽ നിന്നും കോട്ടയിൽ എത്തുന്നത് പുലർച്ചെ 3 : 40 നായിരുന്നു. 

കൗണ്ടറിൽ നിന്ന് കൊണ്ട് ഞാൻ റിസർവേഷൻ ഫോം ധൃതിയിൽ പൂരിപ്പിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് എന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു. കോട്ടയിൽ എന്നെയും കുടുംബത്തെയും സ്വീകരിക്കാനായി എന്റെ മാർബിൾ പണിക്കാരൻ അബ്ദുറഹ്മാൻ അവന്റെ അനിയൻ അമീനിനെ ഏർപ്പാടാക്കിയിരുന്നു. അമീൻ ആയിരുന്നു അപ്പോൾ വിളിച്ചത്. 

"ആപ്കോ ടിക്കറ്റ് മില ?" ഫോൺ എടുത്ത ഉടനെ അമീൻ ചോദിച്ചു.

"നഹീം... ഫോം ഭർ കർ രഹാ ഹും..."

"ടീക്... ടിക്കറ്റ് ന മിൽ തോ മുജേ ബുലാവോ.." 

റെയിൽവേയിൽ ഉദ്യോഗസ്ഥൻ കൂടിയായ അമീൻ അങ്ങനെ പറഞ്ഞപ്പോൾ ആശ്വാസമായി. ഫോം ഫിൽ ചെയ്ത് കൗണ്ടറിൽ നൽകി. സ്റ്റേഷനിൽ നിൽക്കുന്ന ട്രെയിനിലെ ടിക്കറ്റാണ് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് അപ്പോഴാണ് മനസ്സിലായത്.അവസാന ടിക്കറ്റായി അത് ലഭിച്ചതും ഞങ്ങൾ ട്രെയിനിലേക്ക് ഓടിക്കയറി. ആ ട്രെയിൻ കിട്ടിയില്ലായിരുന്നെങ്കിൽ പണി പാളുമായിരുന്നു എന്ന് കോട്ടയിൽ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. രാത്രി ഒമ്പതരക്ക് ഞങ്ങൾ കോട്ട സ്റ്റേഷനിലിറങ്ങി.

വണ്ടി ഇറങ്ങിയ ഉടനെ ഞാൻ വീണ്ടും അമീനിനെ വിളിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച്  ഞങ്ങൾ മെല്ലെ മുന്നോട്ട് നീങ്ങി.അവസാനം,  ചുണ്ടിൽ ഒരു പുഞ്ചിരിയുമായി  പ്ലാറ്റ്ഫോമിൽ കാത്ത് നിൽക്കുന്ന അമീനുമായി സന്ധിച്ചു. പരസ്‌പരം ആദ്യമായിട്ട് കാണുന്ന ഞങ്ങൾക്ക് പക്ഷേ, അത് അനുഭവപ്പെട്ടതേ ഇല്ല.

"ആബിദ് ജീ... റൂം നസ്‌ദീക് മേം ഹേ... ആപ് ചാഹേ തോ റിക്ഷ ബുലായേഗാ..." ക്ഷീണിച്ച് വരുന്ന ഞങ്ങളോടായി അമീൻ പറഞ്ഞു.അന്ന് തന്നെ, നട്ട പാതിരായ്ക്ക് തിരിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു തന്നെ പോകേണ്ടി വരും എന്നതിനാൽ വഴി മനസ്സിലാക്കി വയ്ക്കണമായിരുന്നു. അതിനാൽ ലഗേജും നടക്കാൻ ബുദ്ധിമുട്ടുള്ളവരെയും  റിക്ഷയിൽ കയറ്റി ബാക്കിയുള്ളവർ നടന്നു.

കോട്ട റെയിൽവെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന അമീനിന്റെ ക്വാർട്ടേഴ്‌സിലേക്കാണ് പോകുന്നത്  എന്നായിരുന്നു ഞാൻ കരുതിയത്.സംസാരത്തിനിടക്കാണ് വീട് അല്പം അകലെയാണെന്നും ഫാമിലി അവിടെയില്ലെന്നും അതിനാൽ അല്പനേര വിശ്രമത്തിന് മാത്രമായുള്ള രണ്ട് റൂമുകൾ അറേൻജ് ചെയ്തിട്ടുണ്ടെന്നും അറിഞ്ഞത്.  

പോകുന്ന വഴി നീളെ ഭക്ഷണം വിളമ്പുന്ന  തട്ടുകടകൾ സജീവമായിരുന്നു. നെയ്ച്ചോറും ചിക്കൻ കറിയും ആയിരുന്നു പ്രധാന വിഭവം. റൂമിലെത്തി ഫ്രഷ് ആയി ഭക്ഷണത്തിന് ഇറങ്ങാം എന്ന് ഞാൻ മനസ്സിൽ കരുതി.മൂന്ന് പേർക്ക് കിടക്കാവുന്ന ഒരു റൂമും രണ്ടാൾക്ക് കിടക്കാവുന്ന മറ്റൊരു റൂമും കാണിച്ച് തന്ന് ഇപ്പോൾ വരാം എന്നും പറഞ്ഞ് അമീൻ പോയി.

ഒരു പബ്ലിക് ടോയ്‌ലെറ്റ് മാത്രമേ ഉള്ളൂ എന്നതിനാൽ പെട്ടെന്ന് ഫ്രെഷാകാനും നമസ്കരിക്കാനും, ശേഷം ഭക്ഷണത്തിന് ഇറങ്ങാമെന്നും ഞാൻ നിർദ്ദേശം നൽകി.പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും വാതിലിൽ ഒരു മുട്ട് കേട്ട് തുറന്ന് നോക്കിയപ്പോൾ വലിയൊരു ഷോപ്പറുമായി അമീൻ  പുഞ്ചിരിച്ച് നിൽക്കുന്നു !

"ആബിദ് ജീ.... യഹ് ഖാന ഹേ... ഗീ റൈസ് പസന്ത്‌ ഹേ ന?" എന്താണ് പറയേണ്ടത് എന്നറിയാതെ ഞാൻ പകച്ചു നിന്നു. 

"ആപ് ഖാവോ... ദോ തീൻ ഖണ്ഡേ ആരാം കരോ.... സബ് കുച്ച് മേം പേ കിയ ഹേ... തീൻ ഭജേ റൂം ബന്ദ് കർ നികലോ ... മുജേ അബ് ഡ്യൂട്ടി ഹേ... ഫിർ മിലാ നഹീം തോ ഭീ, കഭീ അൽവിത്ന കഹ്‌ന.. അസ്സലാമുഅലൈക്കും..."  

പടികൾ ഇറങ്ങി ധൃതിയിൽ നടന്നു പോകുന്ന അമീനിനെ നോക്കി ഞാൻ നിന്നുപോയി.രാജ്യത്തിന്റെ ഏതോ ഒരു കോണിൽ, ഇത് വരെ പരസ്പരം കണ്ടിട്ടില്ലാത്ത ഞങ്ങൾക്ക് വേണ്ടി എല്ലാ സൗകര്യവും ഒരുക്കിത്തരാൻ മാത്രം ഞാൻ ചെയ്ത സുകൃതം എന്തെന്ന് ദൈവത്തിന് മാത്രമറിയാം.

എന്റെ ഓരോ യാത്രയും ഇങ്ങനെ പല  അപ്രതീക്ഷിതങ്ങളും നിറഞ്ഞതാണ്. കുടുംബവും ഞാനും അവയെല്ലാം ആസ്വദിച്ച് അടുത്ത യാത്രക്ക് പ്ലാൻ തയ്യാറാക്കികൊണ്ടിരിക്കുന്നു.

(അവസാനിച്ചു...)

1 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ ഓരോ യാത്രയും ഇങ്ങനെ പല അപ്രതീക്ഷിതങ്ങളും നിറഞ്ഞതാണ്.

Post a Comment

നന്ദി....വീണ്ടും വരിക