Pages

Friday, November 24, 2023

ഹവാ മഹലും ആൽബർട്ട് ഹാൾ മ്യൂസിയവും (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 13)

ആദ്യം ഇത് വായിക്കുക 

ജന്തർ മന്തറിലെ ചൂടിൽ നിന്നും എത്രയും പെട്ടെന്ന് ഞങ്ങൾക്ക് രക്ഷപ്പെടേണ്ടതുണ്ടായിരുന്നു.അല്ലെങ്കിലും സൂര്യനെയും മറ്റു ആകാശ ഗോളങ്ങളെയും നിരീക്ഷിച്ച് സമയവും കാലവും എല്ലാം കണക്കുകൂട്ടി എടുക്കുന്നിടത്ത് തണലിന് ഒരു പ്രസക്തിയും ഇല്ലായിരുന്നു. തെല്ലൊരാശ്വാസം കിട്ടാൻ ഞങ്ങൾ വേഗം പുറത്തിറങ്ങി.

"അഗലെ ക്യാ?" ലൂന മോളുടെ ചോദ്യം എന്നെയും ആശ്ചര്യപ്പെടുത്തി.

"ഹവാ മഹൽ..."

പൊതുവിജ്ഞാന പുസ്തകത്തിൽ നിരവധി തവണ വായിച്ച ആ നിർമ്മിതി നേരിട്ട് അനുഭവിക്കാൻ  പോകുന്നുവെന്ന സത്യം എന്റെ ഉള്ളിൽ ആവേശം ജ്വലിപ്പിച്ചു.സിറ്റി പാലസിൽ നിന്നും ജന്തർ മന്തറിൽ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്തിലുള്ള ഹവാ മഹലിലേക്ക് ഞങ്ങൾ നീങ്ങി.

കാറ്റിന്റെ കൊട്ടാരം എന്നാണ് ഹവാ മഹൽ എന്നതിന്റെ വാക്കർത്ഥം. വേനൽക്കാല വസതിയായി 1799 ൽ ജയ്‌പൂർ രാജാവ് സവായ് പ്രതാപ് സിംഗ് ആണ് ഹവാ മഹൽ നിർമ്മിച്ചത്. ഹിന്ദു-ഇസ്‌ലാമിക് വാസ്തുവിദ്യ പ്രകാരം നിർമ്മിച്ച ഒരു  അഞ്ചു നില കെട്ടിടമാണ് ഹവാ മഹൽ. മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് ഇരുപത് രൂപയുമാണ് പ്രവേശന ഫീസ്.

കൊട്ടാരത്തിലെ സ്ത്രീകൾക്ക് പൊതുജനങ്ങൾ കാണാതെ, പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കാനുള്ള ഒരു സംവിധാനമാണ് ഹവാ മഹലിൽ ഒരുക്കിയിരിക്കുന്നത്. 'ജെരോഖ' എന്ന 953  കിളിവാതിലുകൾ ആണ് ഹവാ മഹലിന്റെ പ്രത്യേകത. ഈ കിളിവാതിലുകളിലൂടെയുള്ള വായു സഞ്ചാരമാണ് ഹവാമഹലിനകത്തെ അന്തരീക്ഷം തണുപ്പിക്കുന്നത്. ജയ്‌പൂരിന്റെ മുഖമുദ്രയായ ഹവാ മഹലിന്റെ മുകൾ നില വരെ സന്ദർശകർക്ക് കയറാനും കാഴ്ചകൾ ആസ്വദിക്കാനുമുള്ള സൗകര്യമുണ്ട്. 

ഹവാ മഹലിന്റെ ഏറ്റവും മുകളിലെ കിളിവാതിൽ വരെ ഞങ്ങൾ എല്ലാവരും എത്തി.മുകളിലേക്ക് പോകുംതോറും വഴി ഇടുങ്ങി ഇടുങ്ങി അവസാനം ഒരാൾക്ക് കഷ്ടിച്ച് കടന്നു പോകാനുള്ള അത്രയും വരെ ആയി. സാധാരണയിലും അല്പം കൂടുതൽ വണ്ണമുള്ളവരാണെങ്കിൽ ഏറ്റവും മുകൾ നിലയിലെ വാതിലിലൂടെ ചെരിഞ്ഞ് കയറിപ്പോകേണ്ടി വരും.മുകളിൽ നിന്നുള്ള കാഴ്ചകൾ പകർത്തി ഞങ്ങൾ തിരിച്ചിറങ്ങി.
ഹവാ മഹലിൽ നിന്നുള്ള ജന്തർ മന്തറിന്റെ ദൃശ്യം

ജയ്‌പൂർ നഗരത്തിൽ ഞങ്ങൾ ലിസ്റ്റ് ചെയ്തതിൽ ഇനി അവസാനമായി കാണാനുള്ളത് ആൽബർട്ട് ഹാൾ മ്യൂസിയമായിരുന്നു. സെൻട്രൽ മ്യൂസിയം എന്നും ഇതിന് പേരുണ്ട്.ലണ്ടനിലെ പ്രസിദ്ധമായ Victoria and Albert Museumത്തിന്റെ നാമത്തിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. വിവിധങ്ങളായ ലോഹ നിർമ്മിത വസ്തുക്കൾ,തടി കൊണ്ടുള്ള കര കൗശല വസ്തുക്കൾ,പരവതാനികൾ,ശില്പങ്ങൾ,ആയുധങ്ങൾ എന്നിവയൊക്കെയാണ് മ്യൂസിയത്തിൽ കാണാനുള്ളത്. മുതിർന്നവർക്ക് അമ്പത് രൂപയും വിദ്യാർത്ഥികൾക്ക് ഇരുപത് രൂപയുമാണ് പ്രവേശന ഫീസ്.

ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ മ്യൂസിയം മുഴുവനായി കണ്ടു.സമയം ബാക്കിയുള്ളതിനാൽ ബിർള മന്ദിർ കൂടി കാണാം എന്ന് ഞാൻ ജബ്ബാറിനോട് പറഞ്ഞു. ബിർള മന്ദിർ പോകുന്ന വഴിക്കുള്ള ഒരു ക്ഷേത്രമാണെന്നും പ്രത്യേകിച്ച് ഒന്നും കാണാനില്ലെന്നും ജബ്ബാർ അറിയിച്ചതോടെ കാർ പാസ് ചെയ്യുമ്പോൾ കാണാം എന്ന തീരുമാനത്തിലെത്തി. വെണ്ണക്കല്ലിൽ തീർത്ത ക്ഷേത്രം അപ്രകാരം കാണുകയും ചെയ്തു.

ആൽബർട്ട് ഹാൾ മ്യൂസിയത്തിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങളെയും കൊണ്ട് ജബ്ബാർ എയർ പോർട്ട് റോഡിലൂടെ യാത്ര തുടർന്നു.നഗരാതിർത്തിയും കടന്ന് കാർ മുന്നോട്ട് പോയപ്പോൾ ജബ്ബാറിന് വഴി തെറ്റിയോ എന്നൊരു സംശയം എനിക്കുണ്ടായി.

"അരെ, യഹ് എയർ പോർട്ട് റോഡ് ഹേം ന ?" സംശയം തീർക്കാനായി ഞാൻ ചോദിച്ചു.

"ഹാം.." ജബ്ബാർ മൂളി.

"ഹം ട്രെയിൻ മേം ജാത്തേ ഹോ,പ്ലെയിൻ മേം നഹീം..." ഞാൻ ജബ്ബാറിനോട് പറഞ്ഞു.

"മാലും ഹേ സാർ... യഹാം ഏക് ഷോപ്പിംഗ് മാൾ ഹേ... സാരെ രാജസ്ഥാൻ ക സബ്സെ ബഡാ ... ദേഖാ ന തോ ജയ്‌പൂർ പൂര ന ഹോഗാ..."

'മണ്ണാങ്കട്ട...നാട്ടിലെ ഹൈലൈറ്റ് മാളിൽ പോലും ഇതുവരെ പോകാത്ത (മാളിൽ പോകുന്നത് പൊതുവെ ഇഷ്ടമില്ലാത്തതിനാൽ) എന്നെയാണ് മാള് കാണിക്കാൻ കൊണ്ട് പോകുന്നത് ' ഞാൻ മനസ്സിൽ പറഞ്ഞ് വണ്ടി തിരിക്കാൻ പറഞ്ഞു. പക്ഷെ മാൾ എത്തി എന്നും ഇനി കണ്ടിട്ട് പോകാം എന്നും ജബ്ബാർ പറഞ്ഞതിനാൽ മനസ്സില്ലാ മനസ്സോടെ ഞങ്ങൾ അകത്ത് കയറി.

ജയ്‌പൂരിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിംഗ് മാൾ ആണ് World Trade Park.അവിടെയും ഇവിടെയും ഒക്കെ ഒന്ന് കറങ്ങി ഫുഡ് കോർട്ടിൽ നല്ല സംഖ്യയും പൊട്ടിച്ച് ഞങ്ങൾ തിരിച്ചിറങ്ങി.

"സാർ.... സീധ റെയിൽവേ സ്റ്റേഷൻ ഹേം ന ?"

"ഹാം.."

അധികമൊന്നും ട്രാഫിക് പ്രശ്നങ്ങൾ ഇല്ലാതെ കാർ സ്റ്റേഷനിലെത്തി. സാധനങ്ങൾ ഇറക്കി, വിട പറയുന്നതിന്റെ മുമ്പ് രണ്ട് ദിവസത്തെ ടാക്സി ചാർജ്ജ് കൊടുക്കാനായി എത്ര ആയി എന്ന് ഞാൻ ചോദിച്ചു.

"ആപ് ക മർസി..." 

എന്ന് വച്ചാൽ എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള സംഖ്യ. ഇവിടുത്തെ ടാക്സി റേറ്റ് അറിയാത്തതിനാൽ അത് ഭയങ്കരം പ്രശ്നമുള്ള ഒരു സംഗതിയായിരുന്നു.എത്ര നിർബന്ധിച്ചിട്ടും ജബ്ബാർ സംഖ്യ പറഞ്ഞതുമില്ല. അവസാനം ഞാൻ നാട്ടിലെത്തിയിട്ട് അയക്കാം എന്ന് പറഞ്ഞപ്പോൾ അയാൾ അതിന് സമ്മതിച്ചു! അങ്ങനെ രണ്ട് ദിവസത്തെ ജയ്‌പൂർ കാഴ്ചകൾക്ക് വിട നൽകി ഞങ്ങൾ സ്റ്റേഷനിലേക്ക് കയറി.



1 comments:

Areekkodan | അരീക്കോടന്‍ said...

അവസാനം ഞാൻ നാട്ടിലെത്തിയിട്ട് അയക്കാം എന്ന് പറഞ്ഞപ്പോൾ അയാൾ അതിന് സമ്മതിച്ചു!

Post a Comment

നന്ദി....വീണ്ടും വരിക