Pages

Showing posts with label നാടന്‍ കഥകള്‍. Show all posts
Showing posts with label നാടന്‍ കഥകള്‍. Show all posts

Monday, October 29, 2012

ചായപ്പൈസ

പോക്കരാക്ക പൊട്ടി ഒലിക്കുന്ന പൈപ്പ് നന്നാക്കാനായി പ്ലംബറെ വിളിച്ചു.പൈപ്പ് നന്നാക്കി പ്ലംബര്‍  പോകാനൊരുങ്ങുമ്പോള്‍ പോക്കരാക്ക ചോദിച്ചു.

"എത്ര്യ  കൂലി ?"

"അത് നിങ്ങള്‍ എന്തെങ്കിലും തന്നാല്‍ മതി..."

"ന്നാലും  പറയി.."

"ചായപ്പൈസ തന്നാ മതി.."

പോക്കരാക്ക ഒരു അമ്പതിന്റെ നോട്ടെടുത്ത് നീട്ടി പറഞ്ഞു -
"ഇന്നാ ചായപ്പൈസ"

"അത് പോര"

"ങ്ങെ !!!ചായപ്പൈസ ത് പോരാന്നോ?ഇജ്ജെന്താ ബ്‌ടാവ് ലാ ചായ  കുട്ച്ചല് ?"

****************
 ബ്‌ടാവ്  - വലിയ സിമന്റ് ഭരണി 

Tuesday, June 05, 2012

സീനിയര്‍ സിറ്റിസണ്‍ സ്ത്രീകള്‍

തിരക്കുള്ള ബസ്സില്‍ ഒരു സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും തൊട്ടടുത്ത് നിന്നിരുന്ന സ്ത്രീകള്‍ ഇരിക്കാത്തത് കണ്ട് പോക്കരാക്ക ചോദിച്ചു -
“സീറ്റ്  ണ്ടായിട്ടും ഇര്ക്കാത്തെന്താ?”


ചോദ്യം കേട്ട് ഒരു സ്ത്രീ പോക്കരാക്കയെ രൂക്ഷമായി  നോക്കിക്കൊണ്ട് ചോദിച്ചു -
“അതിന് മുകളില്‍ എഴുതിയത് കണ്ടില്ലേ?”


പോക്കരാക്ക അത് വായിച്ചു - “സീനിയര്‍ സിറ്റിസണ്‍ സ്ത്രീകള്‍” !!!!

Wednesday, April 11, 2012

ഒരു മൂക്കടപ്പിന് ഇതാണ് സ്ഥിതിയെങ്കില്‍ ?

വല്ലാതെ അലട്ടിക്കൊണ്ടിരുന്ന മൂക്കടപ്പ് ഒന്ന് ചികിത്സിച്ച് ഭേദമാക്കാന്‍ പോക്കരാക്ക വൈദ്യമഠത്തിലെത്തി.പരിശോധനക്ക് ശേഷം വൈദ്യര്‍ പറഞ്ഞു.
“ഇത് ചികിത്സിച്ച് ഭേദമാക്കാം.പക്ഷേ കുറച്ച് പഥ്യങ്ങള്‍ പാലിക്കണം...”

“ആ...കേക്കട്ടെ...” പോക്കരാക്ക തലയാട്ടി.

“ഇറച്ചിയും മീനും കഴിക്കാന്‍ പാടില്ല...”

“അയ്ക്കോട്ടെ...”

“പാലും മുട്ടയും ഒഴിവാക്കണം....”

“ങും...”

“കയ്പും മധുരവും ഭക്ഷണത്തില്‍ ഉണ്ടാവരുത്...”

“ഉം...”

“എരിവും പുളിയും നിര്‍ത്തണം...”

“ഫൂ....അപ്പോ പിന്നെ ഞാന്‍ വൈക്കോല്‍ തിന്നാ ജീവിക്കേണ്ടത്...?“

Friday, February 25, 2011

അര്‍ക്കീസ് വര്‍ഗ്ഗീസ് .

പേര് വര്‍ഗീസ് എന്നാണെങ്കിലും നാട്ടുകാര്‍ അര്‍ക്കീസ് എന്ന് വിളിക്കുന്ന വര്‍ഗീസ് ചേട്ടന്‍ പോക്കരാക്കയോട്‌ : “ഞാന്‍ എന്റെ ശരീരം മരണ ശേഷം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു.”

പോക്കരാക്ക : “ അപ്പം ശവപ്പെട്ടി വാങ്ങ്ണതും ലാഭിച്ചു , നീ ഒറിജിനല്‍ അര്‍ക്കീസ് തെന്നെ..”

Monday, October 18, 2010

അബ്ദുക്കയുടെ ഗ്രാമസ്വരാജ്

സ്ഥലം അച്ചുവേട്ടന്റെ ചായമക്കാനി. നാട്ടുപ്രമുഖരായ സംശയം അബ്ദുക്കയും നിവാരണം തോമസൂട്ടിയും പിന്നെ കുറേ കാണികളും മക്കാനിയിലുണ്ട്.

അബ്ദുക്ക: അല്ല തോമസൂട്ടി, ഈ കാമസ്വരാജ് ന്ന ഒരു പുത്തന്‍ സാതനം ണ്ടല്ലോ? അതെന്താ സാതനം ?

തോമസൂട്ടി: കാമസ്വരാജോ അതോ കാമരാജോ ?

അബ്ദുക്ക: ഈ സെലക്ഷന്‍ നടക്കാന്‍ പോകുന്ന സാതനം…

തോമസൂട്ടി: സെലക്ഷന്‍ അല്ല...എലക്ഷന്‍..…അത് കാമസ്വരാജ് അല്ല...ഗ്രാമസ്വരാജ്

അബ്ദുക്ക: ആ... അതന്നെ സാതനം

തോമസൂട്ടി:അത്... നമ്മുടെ രാഷ്ട്രപിതാവില്ലേ ഗാന്ധിജി…അദ്ദേഹം ഒരു സ്വപ്നം കണ്ടത്രേ…വലിയൊരു സ്വപ്നം.

അബ്ദുക്ക: ങേ ബല്യ സ്വപ്നമോ? സ്വപ്നത്ത്‌നുംണ്ടോ ബല്പം ???

തോമസൂട്ടി:ആ...കിനാവില്ലേ കിനാവ്…അതെന്നെ

അബ്ദുക്ക:ഓ, ഗള്‍ഫ്‌ല് പോയ മോനെ അയിക്കാരം കിനാവ് കണ്ടത്.

തോമസൂട്ടി:ഛെ…അതല്ല

അബ്ദുക്ക: ന്നാല് പിന്നെ അമ്മായിമ്മന്റെ മോന്തായമായിരിക്കും കണ്ടത്…

തോമസൂട്ടി:അതുമല്ല….ആ കിനാവായിരുന്നു ഗ്രാമസ്വരാജ്

അബ്ദുക്ക: ഓ..അപ്പോ കാന്ധിജിന്റെ കിനാവാണല്ലേ ഗ്രാമസ്വരാജ് ?

ശേഷം അബ്ദുക്ക മുണ്ടൂകന്റെ നേരെ തിരിഞ്ഞു.

അബ്ദുക്ക:ഈ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ന്ന് ബെച്ചാല് ന്താ മുണ്ടൂകാ?

മുണ്ടൂകന്‍: സ്വതന്ത്രന്‍ എന്നാല്‍ സ്വ തന്തയില്ലാത്തവന്‍….അതായത് ഒരു പാര്‍ട്ടി മേല്‍ വിലാസവും ഇല്ലാത്തവന്‍.

അബ്ദുക്ക:അപ്പം മേല്‍‌വിലാസം ഇല്ലാത്തോര്‍ എന്നാല്‍ ബെലാണല്ലേ?

മുണ്ടൂകന്‍:അതേ അതേ

തോമസൂട്ടി:വിഢിത്തം വിളമ്പാതെടാ മണ്ടൂകാ…സ്വതന്ത്രര് എന്ന് വച്ചാല് സ്വ തന്ത്രമുള്ളവര്…അതായത് ഇടക്കിടെ അവര് സ്വ തന്ത്രരും സ്വതന്ത്രരും ആയിക്കൊണ്ടിരിക്കും

അബ്ദുക്ക:ന്റെ തങ്ങളുപ്പാപ്പേ..ഞമ്മള് ഒടിയന് ന്ന് പറ്യണെ ജാത്യാണല്ലോ ത്.

അല്പസമയത്തിനകം പരിവാര സമേതം ഒരു സ്ത്രീ അവിടെ പ്രത്യക്ഷപ്പെട്ടു.

ആഗത: ഞാന്‍ ഈ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്…എന്റെ പേര് സാറാഅമ്മാളുമ്മ … നിങ്ങളുടെ വിലയേറിയ വോട്ട് ‘വാനിറ്റി ബാഗ്’ അടയാളത്തില്‍ കുത്തി എന്നെ വിജയിപ്പിക്കണം

‘ഓ…ഇത് ആ ഒടിയന്‍ ജാതി തെന്നെ…പേരും അടയാളും ഞമ്മള് ഇതുവരെ കേട്ടിട്ടില്ലാത്ത എന്തോ സാതനം’ അബ്ദുക്ക ആത്മഗതം ചെയ്തു.

അബ്ദുക്ക: അന്റെ അടയാളം ന്താ ന്നാ പറഞ്ഞെ ?

സ്ഥാനാര്‍ത്ഥി: (പൂച്ച രോമം കൊണ്ട് ആവരണം ചെയ്ത ബാഗ് കാണിച്ചുകൊണ്ട്) ഇതാ ഇത് തന്നെ…

അബ്ദുക്ക: (ഞെട്ടി മാറിക്കൊണ്ട്) ങേ!! പൂച്ചരോമ സഞ്ചി…അതിന്റെ ഇംക്ലീസ് ആണല്ലേ ജ്ജ് ആദ്യം പറഞ്ഞെ? നാലാള്‍ക്ക് മന്സ്‌ലാണെ കോലത്ത്‌ല് പറഞ്ഞൂടെ ന്നാ അനക്ക്.ഒര് ഇംക്ലീസ് മദാമ ബെന്ന്‌ക്ക്‌ണ് ഞ്മ്മളെ ചാണകക്കുണ്ട് വാര്‍ഡ്ക്ക്..ഫൂ....!ഇതാണോ കാന്തിജി കണ്ട ബിസേസപ്പെട്ട കിനാവ് ?

കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ സ്ഥാനാര്‍ത്ഥിയും അകമ്പടിക്കാരും ഉടന്‍ സ്ഥലം വിട്ടു.

Thursday, May 20, 2010

ഇബ്‌ലീസ് വണ്ടി

ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സമ്മേളനത്തോടനുബന്ധിച്ച് “ഇബ്‌ലീസ് വണ്ടി” എന്ന നാടകം അരങ്ങേറുന്നു എന്ന് കേട്ട് ഞാനും സമ്മേളനത്തിന് പോയി.അപ്പോള്‍ നേതാവ് ഘോരഘോരം പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.ഒരു മൂലയില്‍ ഒതുങ്ങി നില്‍ക്കുന്ന പോക്കരാക്കയോട്‌ ഞാന്‍ ചോദിച്ചു:

“ പോക്കരാക്കാ...ഇബ്‌ലീസ് വണ്ടി എത്തിയോ ?”

ഉടന്‍ പോക്കരാക്കയുടെ മറുപടി; “ ബല്ല്യ ഒര് ഇബ്‌ലീസ് വണ്ടി ആദ്യം എത്തി. അതിന്റെ ഒച്ചപ്പാടാ ഇപ്പോ ഈ കേട്ടു കൊണ്ടിരിക്കുന്നത് ...“

Sunday, May 09, 2010

ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്...

പത്രം വായിച്ചുകൊണ്ടിരുന്ന പോക്കരാക്ക: “അ..അ...ആ‍....ഇപ്പളല്ലേ പുടി കിട്ട്യേത്...”

“എന്താ പോക്കരാക്കാ പിടി കിട്ട്യേത്?” ഞാന്‍ ചോദിച്ചു.

പോക്കരാക്ക: ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്....

“ങേ!! ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സോ?” ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.

പോക്കരാക്ക:“ ആ അതന്നെ...പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ്...വര്‍ക്കിങ് കമ്മറ്റി പ്രെസിഡന്റ് മോന്‍സി ജോസഫ്...കമ്മറ്റി അംഗം കെ.സി.ജോസഫ്....പാര്‍ട്ടിക്ക് പിന്നെ ജോസഫ് ഗ്രൂപ്പ് എന്നല്ലാതെ വേറെ എന്ത് പേരാ ചേര്വാ?”

Sunday, February 07, 2010

ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...

പോക്കരാക്കയുടെ വീടിനടുത്തുള്ള പറമ്പ് പള്ളിയുടെ അധീനതയിലുള്ളതാണ്.അതില്‍ നിന്നും വീടിന് മുകളിലേക്ക് വീഴാനായി നില്‍ക്കുന്ന ഒരു ഉപ്പൂത്തി മരം മുറിച്ചുമാറ്റാനായി അദ്ദേഹം കമ്മിറ്റിയില്‍ തനിക്ക് പരിചയമുള്ള മയമുട്ടിയുടെ അടുത്ത് ചെന്ന് പരാതി ബോധിപ്പിച്ചു.


“നീ അതൊന്ന് ആലിക്കുട്ടിയുടെ അടുത്ത് കൂടി പറഞ്ഞേക്ക്..” മയമുട്ട്യാക്ക പറഞ്ഞു.
പോക്കരാക്ക ആലിക്കുട്ടിയുടെ അടുത്തെത്തി പരാതി ബോധിപ്പിച്ചു.


“നീ അതൊന്ന് കമ്മിറ്റിയില്‍ കൂടി പറഞ്ഞേക്ക്..” ആലിക്കുട്ട്യാക്ക പറഞ്ഞു. ഇതു കേട്ട് പോക്കരക്കാക്ക് ദ്വേഷ്യം വന്നു.


"ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി....ആ ഉപ്പൂത്തിയെങ്ങാനും എന്റെ വീടിന്റെ മേലെ വീണാല്‍ ചമ്മട്ടി...മണ്‍‌വെട്ടി...പോത്തുവെട്ടി ഇതില്‍ കയ്യില്‍ കിട്ടുന്ന ട്ടി ആയിരിക്കും ബാ‍ക്കി പറയുക...സൂക്ഷിച്ചോ"

Friday, January 29, 2010

ബുര്‍ജ് ദുബായ്ക്ക്‌ള്ള ദൂരം !

പോക്കരാക്കയുടെ നാട്ടില്‍ ഒരു പാലം ഉത്ഘാടനം ചെയ്യപ്പെട്ടതിന് ശേഷം ആദ്യമായി അന്നാണ് ഞാന്‍ പോക്കരാക്കയെ നേരില്‍ കാണുന്നത്.


“ഓ...ഒരു പാലം വന്നതോടെ നമ്മുടെ നാട്ടിലേക്കൊന്നും വരാതായി..” ഞാന്‍ വെറുതെ ഒന്ന് തട്ടി.


“ ഇതിലും വല്യ സിറ്റി കൊറച്ചു കൂടി ഞമ്മളെ അട്‌ത്ത് എത്തിയില്ലേ...പിന്നെ ആര്‍ക്ക് വേണം നിങളെ ഈ  ഊപ സിറ്റി...” പോക്കരാക്കയും വിട്ടില്ല.


‘ങേ !!!അതേതാ അരീക്കോടിനേക്കാളും വലിയ സിറ്റി നിങ്ങളുടെ അടുത്തെത്തിയത് ?” ഞാന്‍ അല്‍ഭുതപ്പെട്ടു.


“ ദുബായ്...ബുര്‍ജ് ദുബായ്ക്ക്‌ള്ള ദൂരം ഞമ്മളെ കുടീന്ന് കൃത്യം പത്ത് കിലോമീറ്ററാ കൊറഞത്...!!”


“ങേ!! ഇവിടെ പാലം ഉത്ഘാടനം ചെയ്യപ്പെട്ടതിന് ബുര്‍ജ് ദുബായ്ക്ക് ദൂരം കുറയേ...?” എനിക്ക് വിശ്വസിക്കാനായില്ല.


“ആ...പാലം വന്നപ്പോ എയര്‍പോര്‍ട്ട്ക്ക്‌ള്ള ദൂരം പത്ത് കിലോമീറ്ററാ കൊറഞത്...അപ്പം ദുബായീക്ക് പത്ത് കിലോമീറ്റര്‍ കൊറഞ്ഞോ കോയേ ?” 
പോക്കരാക്കയുടെ ഉത്തരവും ‘കോയേ‘ വിളിയും എന്നെ ആകെ പരവശനാക്കി.

Wednesday, December 30, 2009

പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍

“പോക്കരാക്കാ...പുതുവര്‍ഷമാണല്ലോ വരുന്നത്...” ഞാന്‍ പറഞ്ഞു.


“ആ...എന്താ ജ്ജ് ഞമ്മളെക്കൊണ്ട് ബല്ല കുന്ത്രാണ്ടോം ഒപ്പിക്കാനുള്ള പരിപാടി ആയിരിക്കും”


“അല്ല...ങ്ങള് ഒര് സൂപ്പര്‍സ്റ്റാര്‍ ആണ് ബൂലോകത്ത്...” ഞാന്‍ പോക്കരാക്കയെ ഒന്നു പൊക്കി.


“സുബറ് സ്റ്റാര്‍ ആണെന്നോ, കള്ള സുബറേ...ഹമ്ക്കേ..പോ...”


“ഏയ് മതി മതി... ഞാന്‍ ഒന്നും പറഞ്ഞില്ല....“


“ആ അനക്ക് എത്താ ഇപ്പം അറ്യേണ്ട?”


“ആ... പറയാം.എല്ലാരും ഒരു പുതിയ വര്‍ഷം വരുമ്പം ചില തീരുമാനങ്ങള്‍ എടുക്കും...ഇംഗ്ലീഷില്‍ അതിന് ന്യൂ ഇയര്‍ റസലൂഷന്‍ എന്ന് പറയും...”


“ഞമ്മള് റഷ്യന്‍ റവലൂഷന്‍ ന്നൊക്കെ കേട്ട്ക്ക്ണ്...ജ്ജ് പ്പം പറഞ്ഞ സാധനം ആദ്യായിട്ടാ കേക്ക്‌ണത്...ന്നാലും നല്ല ചേല്‌ള്ള പേര്...ഏത് ബാപ്പാ ആ പേര്‌ട്ടത്?”


“അത് ആരെങ്കിലുമാകട്ടെ...അപ്പോ പോക്കരാക്കാക്കും അങ്ങനെ ഒരു തീരുമാനം ഉണ്ടായിരിക്കുമല്ലോ?”


“അത് പിന്നെ ഇല്ലാതെ..”


“അത് ശരിക്കും ഒരു വര്‍ഷം പാലിക്കാനുള്ള തീരുമാനം തന്നെയാണോ ?”


“ഒരു വര്‍ഷോ ? ഞമ്മളെ തീരുമാനം ഒരു ആയുസ്സ്ന്‌ള്ളതാ...”


“ങേ!!ഒരു ആയുസ്സ്ന്‌ള്ളതോ ?? അതേതാ അങ്ങനെ ഒരു ന്യൂ ഇയര്‍ റസലൂഷന്‍ ?”


“ഇമ്മാതിരി മാണ്ടാത്ത പണി ഒന്നും ഇട്‌ക്കൂലാന്ന് തന്നെ...”

Sunday, December 13, 2009

ഓടത്തെരുവ് വളവ്

അരീക്കോട് - മുക്കം റോഡിലെ ഒരു പ്രധാന വളവാണ് ഓടത്തെരുവ് വളവ്.ഒരു ദിവസം രാവിലെ ,അരീക്കോട് അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന പോക്കരാക്കയുടെ അടുത്ത് ഒരു കാര്‍ പെട്ടെന്ന് നിര്‍ത്തി ഡ്രൈവര്‍ ചോദിച്ചു:
“മുക്കത്തേക്ക് നേരെ പോയാല്‍ മതിയോ?”


“ഓടത്തെരുവ് വളവ് പിന്നെ നിന്റെ ബാപ്പ വളക്കുമോ  ?” പോക്കരാക്കയുടെ മറുപടി കേട്ട ഡ്രൈവര്‍ പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല.

Wednesday, October 28, 2009

ലിസി ടീച്ചറും പോക്കരാക്കയും

പച്ചക്കറി വാങ്ങാന്‍ കടയില്‍ വന്ന ലിസി ടീച്ചര്‍ പച്ചക്കറികള്‍ ചീഞ്ഞത് കണ്ട് പറഞ്ഞു: ”ഹൊ....ഇതൊന്നും തന്നെ കൊള്ളത്തില്ലല്ലോ ?”


ഉടന്‍ തൊട്ടടുത്ത് നിന്നിരുന്ന പോക്കരാക്ക: “അത്  ങ്ങനെ അങ്ങാടീന്റെ നടൂന്ന് ബിളിച്ച് പറ്യാന്‍ പാടുണ്ടോ ? ഒന്നുല്ലെങ്കി ങ്ങള് ഒര് ടീച്ചറല്ലേ?”

Thursday, October 01, 2009

ആസ്യാന്റെ കരാറ്‌

"ആസ്യാ....എടീ ആ......" പോക്കരാക്ക ഉച്ചത്തില്‍ വിളിച്ചു. "എത്താ മന്‍സാ.....പോത്ത്‌ കാറും പോലെ കാറ്ണേ.. " "എടീ....ആസ്യാന്റെ കരാറ്‌ ജ്ജ്‌ കേട്ട്ക്ക്ണോ.. ?" "ഇച്ച്‌ അങ്ങനൊര്‌ കരാറ്‌ ബീരം ല്ല ല്ലോ... " "ആ....ന്നാ...നാളെ മന്‍സച്ചെങ്ങല ണ്ടാക്ക്‌ണ്ട്‌. " "മന്‍സച്ചെങ്ങലേ?" "ആ ...ആസ്യാന്റെ കരാറ്‌ അര്‍ബിക്കടല്‌ ഇടാന്‍ റോട്ട്ക്കൂടെ മന്‍സച്ചെങ്ങല....ആ കരാറ്‌ എത്താന്ന്‌ ആസ്യ ന്ന അന്‍ക്കും പുടില്ല...അന്നെ കെട്ട്യ ഇച്ചും പുടീല്ല........ഞി മജ്ജത്തായ അണ്റ്റെ ബാപ്പ എത്തേലും കരാറ്‌ എയ്തീന്യോ ആവോ.. ?"

Friday, September 25, 2009

പോത്തായ പോക്കരാക്ക

മാര്‍ക്കറ്റില്‍ ചെന്ന പോക്കരാക്ക : പോത്തോ... എരുമേ ? ഇറച്ചികച്ചവടക്കാരന്‍ : എന്താ സംശയം....പോത്തന്ന്യാ... പോക്കരാക്ക : പോത്താണെന്ന് എന്താ ഉറപ്പ് ? ഇറച്ചികച്ചവടക്കാരന്‍ : പോത്താണെങ്കില്‍ വാങ്ങ്യാ മതി. പോക്കരാക്ക : എങ്കില്‍ താ ഒരു കിലോ !!!

Monday, November 27, 2006

അബ്ദുള്ള കണ്ട ജിന്ന് !!!

ഞാന്‍ L P സ്കൂളില്‍ പഠിക്കുന്ന കാലം. ചാലിയാറിന്റെ വക്കിലായിരുന്നു എന്റെ സ്‌കൂൾ‌. സ്കൂള്‍ ഗ്രൌണ്ടിന്റെ ഒരതിര്‌ പലതരം ചെടികളും വളര്‍ന്ന്‌ മൂടിക്കിടന്നിരുന്നു. കുട്ടികളെക്കാളും ഉയരം കൂടിയ പലതരം കുറ്റിമരങ്ങളും പടര്‍ന്ന്‌ പന്തലിച്ച്‌ ഒരു കാട്‌ തന്നെ അവിടെ രൂപപ്പെട്ടിരുന്നു. ഇഴജന്തുക്കളും ക്ഷുദ്രജന്തുക്കളും സ്വൈരവിഹാരം നടത്തുന്ന കാടായിരുന്നു അത്. ഗ്രൌണ്ടില്‍ കളിക്കുമ്പോൾ പലപ്പൊഴും പന്ത്‌ ആ കാട്ടിനകത്തേക്ക്‌ പോകും.

കാട്ടിനകത്തേക്ക്‌ പോയ പന്ത്‌ എടുക്കാന്‍ എന്നും ധൈര്യം കാണിച്ചിരുന്നത്‌ അബ്ദുള്ളയാണ്‌. കുട്ടികളായ ഞങ്ങള്‍  ആ കാട്ടിനകത്തേക്ക്‌ പോകാതിരിക്കാന്‍ ആരോ ഒരു നുണക്കഥ പ്രചരിപ്പിച്ചിരുന്നു -
 " ആ കാട്ടിനകത്ത്‌ ജിന്നുകള്‍ താമസിക്കുന്നുണ്ട്‌ പോലും!!! " 

 കാട്ടിനകത്തേക്ക്‌ കയറാന്‍ കമാനം പോലെ ഒരു കവാടവും നടവഴിയും ഞാന്‍ ശ്രദ്ധിച്ചിരുന്നു.പലപ്പൊഴും ഞാന്‍ അവിടെ നിന്ന്‌ അകത്തേക്ക്‌ ഒന്നെത്തി നോക്കും -  ഏതെങ്കിലും ജിന്നുകള്‍ പുറത്തേക്ക്‌ വരുന്നുണ്ടൊ എന്നറിയാന്‍.എന്റെ ധൈര്യം അവിടെ അവസാനിക്കുകയും ചെയ്യും. അപ്പോഴും അബ്ദുള്ള ധൈര്യത്തോടെ ഉള്‍ക്കാട്ടിലേക്ക്‌ പൊയി തിരിച്ചുവരും!! ജിന്നുകൾ അവന്റെ ചങ്ങാതിമാരാണത്രെ ! 

 ഒരു ദിവസം ക്ളാസ്സിനിടയില്‍ അബ്ദുള്ള മൂത്രമൊഴിക്കാന്‍ പുറത്തുപോയി.അല്‍പസമയത്തിനകം തന്നെ അബ്ദുള്ള ഓടിക്കിതച്ച്‌ തിരിച്ചെത്തി.

" എന്താ ? എന്തുപറ്റി ?" മമ്മുണ്ണി മാസ്റ്റര്‍ അബ്ദുള്ളയോട്‌ ചോദിച്ചു.  

"സേര്‍....ഞാ....ഞാന്‌......ജി....ജിന്ന്‌നെ കണ്ട്‌..." അബ്ദുള്ള പറഞ്ഞൊപ്പിച്ചു.  

"ജിന്നിനെ കാണേ...?... എവിടെ ? "

"അ...അതാ...അബിടെ..ഒരു ജിന്ന്‌ ബെളക്കും കത്തിച്ചങ്ങനെ നടക്ക്ണ്ണ്ട്‌..." അബ്ദുള്ള കണ്ട സംഗതി വിവരിച്ചു.

"ങേ!! ജിന്ന്‌ വിളക്കും കത്തിച്ച്‌ കാട്ടിലൂടെ നടക്കേ? "
മമ്മുണ്ണി മാസ്റ്റര്‍ക്കും വിശ്വസിക്കാനായില്ല.. മമ്മുണ്ണി മാസ്റ്റര്‍ ഹെഡ്‌മാസ്റ്റര്‍ വേലായുധന്‍ മാസ്റ്ററെ വിവരമറിയിച്ചു.

അബ്ദുള്ള ജിന്നിനെ കണ്ട വിവരം നിമിഷങ്ങള്‍ക്കകം സ്കൂളിലാകെ പരന്നു.മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും മറ്റ്‌ മാസ്റ്റര്‍മാരും അബ്ദുള്ളയും പിന്നെ ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും ജിന്നിനെ കാണാനായി ഗ്രൌണ്ടിലേക്ക്‌ നടന്നു. മമ്മുണ്ണി മാസ്റ്റര്‍ നല്ലൊരു വടി എടുത്ത്‌ കയ്യില്‍ പിടിച്ചു.ശേഷം കണ്ണടച്ച്‌ എന്തൊക്കെയൊ മന്ത്രിച്ചു.വേലായുധന്‍ മാസ്റ്റര്‍ ഒന്നും മനസ്സിലാകാതെ വാ പൊളിച്ചു നിന്നു.  

"അബ്ദുള്ളേ ...എവിടെയാ നീ ജിന്നിനെ കണ്ടത്‌?" 
മമ്മുണ്ണി മാസ്റ്റര്‍ അബ്ദുള്ളയോട്‌ ചോദിച്ചു.  

"കാട്ട്ണ്റ്ള്ള്ക്ക്‌ കൊറച്ച്‌ പൊയിട്ട്‌... " അബ്ദുള്ളയുടെ മറുപടി കേട്ട്  ഞങ്ങളെല്ലാവരും ജിന്നിനെ കാണാനായി തിക്കിത്തിരക്കി.  

"കുട്ടികളാരും കാട്ടിന്നകത്തേക്ക്‌ കയറരുത്‌.....അബ്ദുള്ള വാ...നടക്ക്‌.. "  

അബ്ദുള്ളയും മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും വേറെ രണ്ട്‌ മാസ്റ്റര്‍മാരും കാട്ടിനുള്ളിലേക്ക്‌ കയറി.മലത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷ ഗന്ധം കാരണം എല്ലാവരും മൂക്ക്‌ പൊത്തി. പെട്ടെന്ന്‌ ഒരു ചെടിയുടെ അടിയില്‍ നിന്നും ഒരു വലിയ എലി പുറത്തേക്കോടി. മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും ഒന്ന്‌ ഞെട്ടി. ധൈര്യം സംഭരിച്ച്‌ വീണ്ടും മുന്നോട്ട്‌ നടക്കുന്നതിന്നിടയില്‍ പെട്ടെന്ന്‌ അബ്ദുള്ള വിളിച്ചു പറഞ്ഞു.

  "അതാ.....അതാ.....അതാ ജിന്ന്‌... !!" 

 അബ്ദുള്ള വിളിച്ചു പറഞ്ഞതും വേലായുധന്‍ മാസ്റ്ററും പിന്നിലുള്ളവരും ഞെട്ടിത്തിരിഞ്ഞ്‌ പുറത്തേക്കോടി. മമ്മുണ്ണി മാസ്റ്റര്‍ ജിന്നിനെ സൂക്ഷിച്ച്‌ നോക്കി... മെഴുകുതിരി കത്തിച്ച്‌ മലവിസര്‍ജ്ജനത്തിനിരിക്കുന്ന ഏതോ ഒരു നാടോടി!!!

Saturday, November 11, 2006

അഗ്നിപര്‍വ്വതത്തിന്റെ മുകളില്‍ അല്‍പനേരം!!

സമയം ഇന്ന് രാവിലെ 8.30.ഞാന്‍ പ്രാതല്‍ കഴിഞ്ഞ്‌ ഇന്ന് പോസ്റ്റാനുള്ള വിഷയം ആലോചിച്ച്‌ വീട്ടുവരാന്തയില്‍ ഇരിക്കുകയാണ്‌.ഇന്നലെ വില്ലേജാപ്പീസില്‍ പോയി രണ്ട്‌ മണിക്കൂര്‍ അവിടത്തെ അധോലോകഗുമസ്തനെ ( L D Clerk ) കാത്ത്‌ നിന്നത്‌ പോസ്റ്റണോ , അബുവിന്റെ പുതിയ കഥ പോസ്റ്റണോ അതോ കോളേജിലെ ചില അനുഭവങ്ങള്‍ പോസ്റ്റണോ..ആകെ കണ്‍ഫൂഷനില്‍ ഇരിക്കുമ്പോള്‍ വെളുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമുടുത്ത്‌ മുടി ചീകി ഒതുക്കിയ കറുകറുമ്പനായ ഒരു മധ്യവയസ്കന്‍ കയറി വന്നു.



"ആബിദിന്റെ വീടേതാ...?" ആഗതന്‍ ചോദിച്ചു. ഒട്ടും പരിചയമില്ലാത്ത ആള്‍ എന്റെ പേര്‌ എടുത്ത്‌ പറഞ്ഞ്‌ അന്വേഷിച്ച്‌ വന്നപ്പോള്‍ ഞാന്‍ ഒന്നുകൂടി കണ്‍ഫൂഷനിലായി.

  "എന്താ...ഞാന്‍ തന്നെയാ ആബിദ്‌"

  "നിങ്ങളുടെ കാര്‍ എവിടെ?"

  'തമ്പുരാനെ...എന്റെ പേരും എനിക്ക്‌ കാറും ഉള്ളത്‌ അറിഞ്ഞെത്തിയ ഇയാള്‍ ആരാണ്‌ ' എനിക്ക്‌ ആകെ മൊത്തം ടോട്ടല്‍ കണ്‍ഫൂഷന്‍.

  "അതാ...അവിടെ.." യാന്ത്രികമായി ഞാന്‍ കാര്‍ നിര്‍ത്തിയിട്ട സ്ഥലം ചൂണ്ടിക്കാണിച്ചു. ആഗതന്‍ നേരെ കാറിനടുത്തേക്ക്‌ പോയി.ഞാന്‍ അയാളെ സശ്രദ്ധം നിരീക്ഷിച്ചു.

ആഗതന്‍ കാറിന്റെ പിന്നില്‍ അല്‍പനേരം കൈ കൊണ്ട്‌ തലോടി!!! 'ഇയാളിത്‌ എന്തിനുള്ള പുറപ്പാടാണ്‌...' എനിക്ക്‌ ഒന്നും പിടികിട്ടിയില്ല. അല്‍പസമയത്തിന്‌ ശേഷം കാറിന്റെ പിന്നില്‍ നിന്നും തുടച്ചെടുത്ത പൊടി തട്ടിക്കൊണ്ട്‌ അയാള്‍ എന്റെ അടുത്തേക്ക്‌ വന്നു.



"എന്നെ മനസ്സിലായില്ല അല്ലേ?..ഞാന്‍ റോക്കോണ്‍ മൂണ്‍...റിട്ടേഡ്‌ ഫ്രം..."



"ങേ!! എന്താ പേര്‌ പറഞ്ഞത്‌...?" 50 വര്‍ഷം മുമ്പ്‌ ഈ കറുകറുമ്പന്‌ ഇത്ര നല്ലൊരു പേര്‌ എങ്ങനെ കിട്ടി എന്ന അടുത്ത കണ്‍ഫൂഷനില്‍ ഞാന്‍ ചോദിച്ചു.


"റോക്കോണ്‍ മൂണ്‍...പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പാറപ്പുറത്ത്‌ ചന്ദ്രന്‍!!!..ഇന്നലെ എന്റെ കാറ്‌ റിവേഴ്സെടുത്തപ്പോള്‍ പിന്നിലുണ്ടായിരുന്ന ഒരു പച്ച മാരുതി കാറിനെ തട്ടി..."  

"ഓഹോ...അതിന്ന്‌ എന്റെ കാര്‍ പച്ചയല്ല ; നീലയാണെന്ന് നിങ്ങള്‍ കാണുന്നില്ലേ ?" കണ്‍ഫൂഷന്റെ അഗ്നിപര്‍വ്വതത്തില്‍ നിന്ന എന്നില്‍ നിന്ന് ദ്വേഷ്യത്തിന്റെ ലാവ പൊട്ടിയൊലിക്കാന്‍ തുടങ്ങി.  

"ങാ..പച്ച ഈസ്‌ നീല...നീല ഈസ്‌ പച്ച...നിറമേതായാലും കാറ്‌ മാതുരി ആയാല്‍ മതി...ലൈക്ക്‌ മനുഷ്യനേതായാലും മതം നന്നായാല്‍ മതി..."

  "ഇപ്പോള്‍ ഇയാള്‍ക്കെന്താ വേണ്ടത്‌?" ഒന്നും മനസ്സിലാകാത്തതിനാല്‍ ഞാന്‍ ചോദിച്ചു.



"നഷ്ടപരിഹാരം.." ആഗതന്‍ ആവശ്യപ്പെട്ടു.  

"ങേ!!!...നിങ്ങളുടെ കാറ്‌ റിവേഴ്സെടുത്തപ്പോള്‍ ഏതോ ഒരു കാറിലിടിച്ചതിന്ന് ഞാന്‍ നഷ്ടപരിഹാരം തരികയോ.!!!!.?" എനിക്കാകെ കലി കയറി.  

"ങാ...എങ്കില്‍ വേണ്ട....ഞാന്‍ പോട്ടെ...നിന്റെ കാറും റിവേഴ്സെടുക്കും....സീ യൂ...ടാറ്റാ....സുമോ...." പറഞ്ഞ്‌ തിരിഞ്ഞതും ആഗതന്റെ വസ്ത്രത്തിനടിയില്‍ നിന്ന് ഒഴിഞ്ഞ ഒരു മദ്യക്കുപ്പി വീണതും ഒരുമിച്ചായിരുന്നു.

Wednesday, November 08, 2006

എക്സ്പ്രസ്സ്‌ ഷൂ പോളിഷിംഗ്‌.

രണ്ടു ജോഡി ഷൂസുകള്‍ ചെരുപ്പുകുത്തിയുടെ മുമ്പിലേക്കിട്ട്‌ കൊടുത്തുകൊണ്ട്‌ അയാള്‍ ചോദിച്ചു. "ഇവ പോളിഷ്‌ ചെയ്യാന്‍ എത്ര രൂപയാവും?"

 "50 രൂപ" ഒരു കണ്ണ്‍ ഷൂവിലേക്കും മറ്റേ കണ്ണ്‍ അയാളിലേക്കും ഫോക്കസ്‌ ചെയ്തുകൊണ്ട്‌ ചെരുപ്പുകുത്തി പറഞ്ഞു.

 "എത്ര സമയമെടുക്കും ?"

 "അര മണിക്കൂര്‍ "

 "ങേ! അര മണിക്കൂറോ ? എനിക്ക്‌ 10 മിനിറ്റിനകം കിട്ടണം"

 "ശരി ശരി.."

 "അപ്പോള്‍ എത്ര രൂപയാകും ?"

 " 100 രൂപ " കൂസലില്ലാതെ ചെരുപ്പുകുത്തി പറഞ്ഞു.

 " ങേ....സമയം കുറച്ചപ്പോള്‍ കാശ്‌ കൂടുതലോ ? "

 " സാര്‍... എക്സ്പ്രസ്സ്‌ വണ്ടിക്കോ പാസ്സഞ്ചര്‍ വണ്ടിക്കോ ചാര്‍ജ്ജ്‌ കൂടുതല്‍ ? " ചെരുപ്പുകുത്തി തിരിച്ചുചോദിച്ചു.

 "എന്താ സംശയം...എക്സ്പ്രസ്സ്‌ വണ്ടിക്ക്‌.."

 "സാധാരണ പോസ്റ്റിനോ സ്പീഡ്‌ പോസ്റ്റിനോ ചാര്‍ജ്ജ്‌ കൂടുതല്‍ ? "

 " സ്പീഡ്‌ പോസ്റ്റിന്‌ തന്നെ "

 " പിന്നെ ഞാന്‍ ഒരു ചെരുപ്പുകുത്തി എക്സ്പ്രസ്സ്‌ സ്പീഡില്‍ ഷൂ പോളിഷ്‌ ചെയ്തുതരുന്നതിന്ന് അധികം കൂലി വാങ്ങുന്നതില്‍ എന്താ തെറ്റ്‌ ? "
ഉത്തരമില്ലാതെ അയാള്‍ നിന്ന് പരുങ്ങി.

Tuesday, November 07, 2006

ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ കുട പോയാല്‍....

എന്റെ അയല്‍വാസിയുടെ മകന്‍ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലാണ്‌ പഠിക്കുന്നത്‌.ഒരു ദിവസം അവന്‍ തന്റെ കുട സ്കൂളില്‍ മറന്ന് വെച്ചു. വീട്ടിലെത്തിയപ്പോള്‍ ഉമ്മ മകനോട്‌ ചോദിച്ചു.

" നിന്റെ കുട എവിടെപ്പോയി ?"

 " സ്കൂളില്‍ മറന്ന് വെച്ചു "

 "നാളെ മറക്കാതെ സ്കൂളില്‍ അന്വേഷിക്കണം "

 " ങാ " . പിറ്റേ ദിവസവും അവന്‍ കുടയില്ലാതെ തിരിച്ചു വന്നു.

 " എന്താ , കുട കിട്ടിയില്ലേ ?" ഉമ്മ ചോദിച്ചു.

 " ഇല്ല "

 " നീ അന്വേഷിച്ചോ?"

 " ഇല്ല "

 " ഛെ...എന്താ നീ അന്വേഷിക്കാഞ്ഞത്‌ ?"

 " നിങ്ങള്‍ പറയുന്ന പോലെ അങ്ങനെയങ്ങ്‌ ചോദിക്കാന്‍ പറ്റൂല..."

 " പിന്നെ ..."

 " അത്‌ ഇംഗ്ലീഷില്‍ ചോദിക്കണം....ബലൂണ്‍ വീര്‍പ്പിക്കുന്ന വിസിലടിക്കുന്ന വെള്ളം ചീറ്റുന്ന ഒരു കുട നിങ്ങള്‍ ആരെങ്കിലും കണ്ടോ എന്ന് ഇംഗ്ലീഷില്‍ എങ്ങനെ ചോദിക്കും എന്ന് ഉമ്മ ഒന്ന് പറഞ്ഞാട്ടെ..."

 " മോനേ......അതിലും നല്ലത്‌ നമുക്ക്‌ പുതിയൊരു കുട വാങ്ങുന്നതാ..." ഉമ്മ മെല്ലെ തടിയൂരി.

പടച്ചോന്റെ സമ്മാനം.

നാളെ പെരുന്നാളാണ്‌.വീടുകളിലെല്ലാം ആഹ്ലാദാരവങ്ങള്‍ മുഴങ്ങിത്തുടങ്ങി.പള്ളിയില്‍ നിന്നും തക്ബീര്‍ വിളികളും ഉയര്‍ന്നു തുടങ്ങി.കുഞ്ഞാലിയുടെ വീട്ടില്‍ മാത്രം ആഹ്ലാദമില്ല.ഇടിഞ്ഞ്‌ വീഴാറായ വീടിന്റെ തിണ്ണയില്‍ ആലോചിച്ചിരിക്കുകയാണ്‌ കുഞ്ഞാലി. 'പെരുന്നാളിനെങ്കിലും വയറ്‌ നിറയെ തിന്നാന്‍, ഉമ്മ പറഞ്ഞ പ്രകാരമാണ്‌ ഫിത്വര്‍സകാത്തിന്റെ അരിക്ക്‌ പള്ളിയില്‍ പോയത്‌.പക്ഷേ....ജീവിച്ചിരുന്ന കാലത്ത്‌ ബാപ്പ പള്ളിയില്‍ കയറാത്തതിനാല്‍ അരി കിട്ടിയില്ല.ബാപ്പ മണ്ണായിട്ട്‌ കൊല്ലം ഒന്നാവാറായി..എന്നിട്ടും......' "കുഞ്ഞാല്യേ....ബെന്ന് കെടന്നോ....ഞമ്മക്ക്‌ പെര്‌ന്നാളായിട്ടില്ലാന്നണ്ട്‌ ബിചാര്‌ച്ചാ മതി.." പാത്തു മകനെ സമാധാനിപ്പിച്ചു. "ആ...ഞമ്മക്കും ബെരും ബല്ല്യര്‌ന്നാളും ബെള്ള്യായ്ചിം....അന്ന് ഞമ്മള്‍ക്ക്‌ കോയിബിര്യാണി ബെക്കണം മ്മാ...." "ആ...മോനെ....ഉമ്മണ്ടെങ്കി അന്‌ക്ക്‌ ബെച്ച്‌ തരും...ഇപ്പം ന്റെ മോന്‍ ബെന്ന് ഒറങ്ങ്യാട്ടെ...." "മാണ്ടമ്മാ....ഞാന്‍ പോയിട്ട്‌പ്പം ബെരാം..."കുഞ്ഞാലി ഇരുട്ടില്‍ മറയുന്നതും നോക്കി പാത്തു നിന്നു.പുന്നാരമോന്‌ പെര്‌ന്നാളിനും ഒന്നും നല്‍കാന്‍ കഴിയാതെ ആ മാത്ര്വ്ഹൃദയം തേങ്ങി. കുഞ്ഞാലി എങ്ങോട്ടെന്നില്ലാതെ നടന്നു.പെട്ടെന്ന് അന്തരീക്ഷം മാറി.ആകാശത്ത്‌ കാര്‍മേഘങ്ങള്‍ ഉരുണ്ട്‌ കൂടിത്തുടങ്ങി.ശക്തിയായ കാറ്റും വീശിത്തുടങ്ങി.കൂരിരുട്ടില്‍ മിന്നല്‍ തെളിച്ചുകൊടുത്ത വെളിച്ചത്തില്‍ കുഞ്ഞാലി മുന്നോട്ട്‌ തന്നെ നടന്നു.മഴ പൊടിയാന്‍ തുടങ്ങിയെങ്കിലും കുഞ്ഞാലി അതും ഗൗനിച്ചില്ല. പെട്ടെന്ന് ശക്തിയുള്ള ഒരു മിന്നല്‍പ്പിണര്‍ വീണു.വഴിയില്‍ അല്‍പം മുന്നിലായി ആരോ വീണു കിടക്കുന്നത്‌ മിന്നലിന്റെ വെളിച്ചത്തില്‍ കുഞ്ഞാലി കണ്ടു.കുഞ്ഞാലി അയാളുടെ അടുത്തേക്ക്‌ ഓടിച്ചെന്നു.അടുത്ത മിന്നല്‍പ്പിണരില്‍ കുഞ്ഞാലി അയാളുടെ മുഖം വ്യക്തമായി കണ്ടു.തനിക്ക്‌ ഫിത്വര്‍സകാത്തിന്റെ അരി നിഷേധിച്ച പള്ളിക്കമ്മിറ്റി പ്രസിഡണ്ട്‌!!! "മോനേ...ഞാനെബ്‌ടയാ..?" ചെളിപുരണ്ട മുഖം തുടച്ചുകൊണ്ട്‌ പ്രസിഡണ്ട്‌ ചോദിച്ചു. "പേട്ച്ചണ്ട....ഇങ്ങള്‌ന്റെ മടീലാ...ഇങ്ങക്കെന്താ പറ്റ്യേ..?" "ഒന്നൂംല്ല....ഒര്‌ ഇടിബാള്‌ ബെന്നപ്പം ബീണതാ...ന്റെ ബീട്‌ ബ്‌ടെ അട്‌ത്താ...അബിടം ബെരെ ജ്ജ്‌ ഞമ്മളെ ഒന്നാക്കിത്തെരണം...പടച്ചോന്‍ മോനെ രച്ചിക്കും..."പ്രസിഡണ്ട്‌ ദൈന്യതയോടെ പറഞ്ഞു.കുഞ്ഞാലി അയാളെ താങ്ങി വീട്ടിലെത്തിച്ചുകൊടുത്തു.തിരിച്ചുപോരാന്‍ ഇറങ്ങിയപ്പോള്‍ പ്രസിഡണ്ട്‌ തടഞ്ഞു. "നിക്ക്‌..നിക്ക്‌...ഇത്‌ അന്‌ക്ക്‌ ന്‌ക്കട്ടെ..." ഒരു 500 രൂപാ നോട്ടെടുത്ത്‌ പ്രസിഡണ്ട്‌ കുഞ്ഞാലിയുടെ കീശയില്‍ തിരുകി. "അന്റെ പേരും കുടീം ഒന്നും ജ്ജ്‌ പറഞ്ഞ്‌ലാ..." രക്ഷപ്പെട്ട പ്രസിഡണ്ട്‌ കുശലപ്രശ്നം തുടങ്ങി. "ഞമ്മള്‌...ഞമ്മള്‌..."കുഞ്ഞാലി ശങ്കിച്ച്‌ നിന്നു. "ആ..ആരെ മോനാ...?" "ഞമ്മള്‌ പള്ളീല്‌ കേറാത്ത തെക്കേപൊര്‍ത്ത്‌ പക്രൂന്റെ മോന്‍...ങള്‌ ഞമ്മക്ക്‌ അരി തന്ന്ല...പച്ചേങ്കില്‌ ങള്‌ പറഞ്ഞ മാതിരി പടച്ചോന്‍ ഞമ്മളെ രച്ചിച്ച്‌...ന്നാ ബെരട്ടെ...അസ്സലാമലൈക്കും....." "വലൈക്കുമുസ്സലാം വറഹ്മത്തുള്ളാഹ്‌.."കണ്ണ്‌ തുറക്കപ്പെട്ട പ്രസിഡണ്ട്‌ അറിയാതെ സലാം മടക്കി.

Monday, October 23, 2006

മരുഭൂമിയിലൂടെ ഒരു അന്ത്യയാത്ര!!!

"എങ്ങോട്ടാ നമ്മുടെ ഈ യാത്ര?"

 "പുതിയൊരു വാസസ്ഥലത്തേക്ക്‌" "എത്ര ദിവസം ഇങ്ങനെ അലയേണ്ടി വരും?"

 "നമ്മെ ആരും കണ്ടെത്തിയില്ലെങ്കില്‍ ഒരു ദിവസം"

 "ആരെങ്കിലും കണ്ടാല്‍?"

 "കണ്ടാല്‍ നമ്മുടെ പുതിയ വാസസ്ഥലത്തെത്തില്ല"

 അവര്‍ യാത്ര തുടര്‍ന്നു.ഇടക്ക്‌ അടുത്ത ചോദ്യം ഉയര്‍ന്നു. "ഇതിനെയാണോ മരുഭൂമി എന്ന് പറയുന്നത്‌?"

 "ജന്തുവാസമില്ലാത്ത സ്ഥലമാണ്‌ മരുഭൂമി"

 "ഇവിടെ എങ്ങും ജന്തുവാസമില്ലല്ലോ?"

 "ഇല്ല എന്ന് തോന്നുന്നു"

"അപ്പോള്‍ ഇത്‌ തന്നെ മരുഭൂമി"

 "പക്ഷേ...."

 "എന്താ?"

 " മരുഭൂമിയാണെങ്കിലും ഒരു മരുപ്പച്ച കാണേണ്ടതാണ്‌"

 "മരുപ്പച്ച എന്നാല്‍ എന്താ?"

 "നാം അന്വേഷിക്കുന്ന നമ്മുടെ പുതിയ വാസസ്ഥലം" അവര്‍ യാത്ര തുടര്‍ന്നു.

"അയ്യോ....ഇനി വയ്യ...എനിക്ക്‌ ദാഹിക്കുന്നു..."

"നമുക്കിവിടെ ഒന്ന് കുഴിച്ച്‌ നോക്കാം....ദാഹം തീര്‍ക്കാന്‍ വല്ലതും കിട്ടുമോ എന്ന്"

പെട്ടെന്നാണ്‌ എന്റെ സമൃദ്ധമായ കഷണ്ടിയുടെ നടുവില്‍ സൂചി കുത്തുന്ന പോലെ ചെറിയൊരു വേദന.ഞാന്‍ കൈ കൊണ്ട്‌ തപ്പിപ്പിടിച്ചു-ഒരു തള്ളപ്പേനും ഒരു കുട്ടിപ്പേനും!!!രണ്ട്‌ പേരെയും കാലപുരിയിലേക്ക്‌ അയച്ച്‌ ഞാന്‍ വീണ്ടും എന്റെ ജോലിയില്‍ മുഴുകി.