Pages

Tuesday, November 07, 2006

പടച്ചോന്റെ സമ്മാനം.

നാളെ പെരുന്നാളാണ്‌.വീടുകളിലെല്ലാം ആഹ്ലാദാരവങ്ങള്‍ മുഴങ്ങിത്തുടങ്ങി.പള്ളിയില്‍ നിന്നും തക്ബീര്‍ വിളികളും ഉയര്‍ന്നു തുടങ്ങി.കുഞ്ഞാലിയുടെ വീട്ടില്‍ മാത്രം ആഹ്ലാദമില്ല.ഇടിഞ്ഞ്‌ വീഴാറായ വീടിന്റെ തിണ്ണയില്‍ ആലോചിച്ചിരിക്കുകയാണ്‌ കുഞ്ഞാലി. 'പെരുന്നാളിനെങ്കിലും വയറ്‌ നിറയെ തിന്നാന്‍, ഉമ്മ പറഞ്ഞ പ്രകാരമാണ്‌ ഫിത്വര്‍സകാത്തിന്റെ അരിക്ക്‌ പള്ളിയില്‍ പോയത്‌.പക്ഷേ....ജീവിച്ചിരുന്ന കാലത്ത്‌ ബാപ്പ പള്ളിയില്‍ കയറാത്തതിനാല്‍ അരി കിട്ടിയില്ല.ബാപ്പ മണ്ണായിട്ട്‌ കൊല്ലം ഒന്നാവാറായി..എന്നിട്ടും......' "കുഞ്ഞാല്യേ....ബെന്ന് കെടന്നോ....ഞമ്മക്ക്‌ പെര്‌ന്നാളായിട്ടില്ലാന്നണ്ട്‌ ബിചാര്‌ച്ചാ മതി.." പാത്തു മകനെ സമാധാനിപ്പിച്ചു. "ആ...ഞമ്മക്കും ബെരും ബല്ല്യര്‌ന്നാളും ബെള്ള്യായ്ചിം....അന്ന് ഞമ്മള്‍ക്ക്‌ കോയിബിര്യാണി ബെക്കണം മ്മാ...." "ആ...മോനെ....ഉമ്മണ്ടെങ്കി അന്‌ക്ക്‌ ബെച്ച്‌ തരും...ഇപ്പം ന്റെ മോന്‍ ബെന്ന് ഒറങ്ങ്യാട്ടെ...." "മാണ്ടമ്മാ....ഞാന്‍ പോയിട്ട്‌പ്പം ബെരാം..."കുഞ്ഞാലി ഇരുട്ടില്‍ മറയുന്നതും നോക്കി പാത്തു നിന്നു.പുന്നാരമോന്‌ പെര്‌ന്നാളിനും ഒന്നും നല്‍കാന്‍ കഴിയാതെ ആ മാത്ര്വ്ഹൃദയം തേങ്ങി. കുഞ്ഞാലി എങ്ങോട്ടെന്നില്ലാതെ നടന്നു.പെട്ടെന്ന് അന്തരീക്ഷം മാറി.ആകാശത്ത്‌ കാര്‍മേഘങ്ങള്‍ ഉരുണ്ട്‌ കൂടിത്തുടങ്ങി.ശക്തിയായ കാറ്റും വീശിത്തുടങ്ങി.കൂരിരുട്ടില്‍ മിന്നല്‍ തെളിച്ചുകൊടുത്ത വെളിച്ചത്തില്‍ കുഞ്ഞാലി മുന്നോട്ട്‌ തന്നെ നടന്നു.മഴ പൊടിയാന്‍ തുടങ്ങിയെങ്കിലും കുഞ്ഞാലി അതും ഗൗനിച്ചില്ല. പെട്ടെന്ന് ശക്തിയുള്ള ഒരു മിന്നല്‍പ്പിണര്‍ വീണു.വഴിയില്‍ അല്‍പം മുന്നിലായി ആരോ വീണു കിടക്കുന്നത്‌ മിന്നലിന്റെ വെളിച്ചത്തില്‍ കുഞ്ഞാലി കണ്ടു.കുഞ്ഞാലി അയാളുടെ അടുത്തേക്ക്‌ ഓടിച്ചെന്നു.അടുത്ത മിന്നല്‍പ്പിണരില്‍ കുഞ്ഞാലി അയാളുടെ മുഖം വ്യക്തമായി കണ്ടു.തനിക്ക്‌ ഫിത്വര്‍സകാത്തിന്റെ അരി നിഷേധിച്ച പള്ളിക്കമ്മിറ്റി പ്രസിഡണ്ട്‌!!! "മോനേ...ഞാനെബ്‌ടയാ..?" ചെളിപുരണ്ട മുഖം തുടച്ചുകൊണ്ട്‌ പ്രസിഡണ്ട്‌ ചോദിച്ചു. "പേട്ച്ചണ്ട....ഇങ്ങള്‌ന്റെ മടീലാ...ഇങ്ങക്കെന്താ പറ്റ്യേ..?" "ഒന്നൂംല്ല....ഒര്‌ ഇടിബാള്‌ ബെന്നപ്പം ബീണതാ...ന്റെ ബീട്‌ ബ്‌ടെ അട്‌ത്താ...അബിടം ബെരെ ജ്ജ്‌ ഞമ്മളെ ഒന്നാക്കിത്തെരണം...പടച്ചോന്‍ മോനെ രച്ചിക്കും..."പ്രസിഡണ്ട്‌ ദൈന്യതയോടെ പറഞ്ഞു.കുഞ്ഞാലി അയാളെ താങ്ങി വീട്ടിലെത്തിച്ചുകൊടുത്തു.തിരിച്ചുപോരാന്‍ ഇറങ്ങിയപ്പോള്‍ പ്രസിഡണ്ട്‌ തടഞ്ഞു. "നിക്ക്‌..നിക്ക്‌...ഇത്‌ അന്‌ക്ക്‌ ന്‌ക്കട്ടെ..." ഒരു 500 രൂപാ നോട്ടെടുത്ത്‌ പ്രസിഡണ്ട്‌ കുഞ്ഞാലിയുടെ കീശയില്‍ തിരുകി. "അന്റെ പേരും കുടീം ഒന്നും ജ്ജ്‌ പറഞ്ഞ്‌ലാ..." രക്ഷപ്പെട്ട പ്രസിഡണ്ട്‌ കുശലപ്രശ്നം തുടങ്ങി. "ഞമ്മള്‌...ഞമ്മള്‌..."കുഞ്ഞാലി ശങ്കിച്ച്‌ നിന്നു. "ആ..ആരെ മോനാ...?" "ഞമ്മള്‌ പള്ളീല്‌ കേറാത്ത തെക്കേപൊര്‍ത്ത്‌ പക്രൂന്റെ മോന്‍...ങള്‌ ഞമ്മക്ക്‌ അരി തന്ന്ല...പച്ചേങ്കില്‌ ങള്‌ പറഞ്ഞ മാതിരി പടച്ചോന്‍ ഞമ്മളെ രച്ചിച്ച്‌...ന്നാ ബെരട്ടെ...അസ്സലാമലൈക്കും....." "വലൈക്കുമുസ്സലാം വറഹ്മത്തുള്ളാഹ്‌.."കണ്ണ്‌ തുറക്കപ്പെട്ട പ്രസിഡണ്ട്‌ അറിയാതെ സലാം മടക്കി.

4 comments:

അരീക്കോടന്‍ said...

പെരുന്നാളിന്റെ കാണാപ്പുറം

ഇത്തിരിവെട്ടം|Ithiri said...

ആബിദേ നല്ല കഥ. കഥയ്ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന മറ്റൊരു സത്യവും. അസ്സലായിരിക്കുന്നു

ikkaas|ഇക്കാസ് said...

തീം പഴയതെങ്കിലും ഇപ്പൊഴത്തെ സാഹചര്യത്തില്‍
സമുദായസ്നേഹവും ആദര്‍ശവും പറഞ്ഞ് നടക്കുന്ന മുസ്ലിം ചെറുപ്പക്കാ‍ര്‍ ഇതൊന്ന് വായിക്കുന്നത് നന്നായിരിക്കും.
ആബിദേ, ആശംസകള്‍

വേണു venu said...

ആബിദേ കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍.

Post a Comment

നന്ദി....വീണ്ടും വരിക