Pages

Sunday, January 20, 2013

കലോത്സവ നഗരി മാലിന്യ നരകം !

         സംസ്ഥാന സ്കൂള്‍ കലോത്സവം മലപ്പുറത്ത് അക്ഷരാര്‍ത്ഥത്തില്‍ പൊടിപാറിച്ച് മുന്നേറുമ്പോള്‍ ഒരു മലപ്പുറംകാരനായിട്ട് അത് കണ്ടില്ല എന്ന നാണക്കേട് ഒഴിവാക്കാനും, കുടുംബത്തിനും ഇതിന്റെ ഒരു ഹരം അറിയിച്ചുകൊടുക്കാനും വേണ്ടി ഞാനും കുടുംബസമേതം ഇന്നലെ മലപ്പുറത്തെത്തി.പ്രധാന വേദിയായ എം.എസ്.പി ഗ്രൌണ്ടില്‍ ആയിരുന്നു ഞാന്‍ ആദ്യം പോയത്.കോല്‍കളിയായിരുന്നു അവിടെ നടക്കാന്‍ പോകുന്ന ഇനം.കര്‍ട്ടന്‍ താഴ്ന്നു നില്‍ക്കുന്ന അവസ്ഥയില്‍ എന്തോ തടസ്സം നേരിട്ട അനൌന്‍സ്മെന്റ് വന്നു കൊണ്ടിരുന്നതിനാല്‍ ഞാന്‍ നഗരിയിലൂടെ ഒന്ന് ചുറ്റാന്‍ തീരുമാനിച്ചു.

             എല്ലാ പത്രങ്ങളും മത്സരിച്ച് അടിക്കുറിപ്പ് മത്സരവും ക്വിസ് മത്സരങ്ങളും നടത്തുന്നതും സപ്പ്ലിമെന്റുകള്‍ വിതരണം ചെയ്യുന്നതും ജനം അവിടെയെല്ലാം തിക്കിതിരക്കുന്നതും ഞാന്‍ കണ്ടു.ഞാനും മക്കളും ആ തിരക്കിലേക്ക് തന്നെ അലിഞ്ഞു ചേര്‍ന്നു.

           വിവിധ സ്റ്റാളുകളില്‍ നിന്നും അകന്നു പോകുന്നവരുടെ കയ്യില്‍ നിറയെ പത്രങ്ങള്‍ കാണാമായിരുന്നു.മലപ്പുറത്തുകാര്‍ ഇങ്ങനെ പത്രം വായിക്കാന്‍ തുടങ്ങിയോ എന്ന് ഞാന്‍ ഒരു വേള സംശയിച്ചു പോയി.പിന്നീടാണ് ഓസിന് കിട്ടുന്നത് എന്തും തല്‍ക്കാലം കയ്യിലും പിന്നെ വഴിയിലും എന്ന യാഥാര്‍ത്ഥ്യം ഞാന്‍ നേരില്‍ കണ്ടത്.മാലിന്യം ഇല്ലാത്ത കലോത്സവം എന്ന് സംഘാടകര്‍ അലമുറയിട്ടിരുന്നത് ഈ മേളയെപറ്റി തന്നെയോ എന്ന് ആരും ചോദിച്ചുപോകും.അത്രയധികം മാലിന്യമായിരുന്നു കലോത്സവ നഗരിയില്‍ കണ്ടിരുന്നത്.ഇടക്കിടെ ഈ ബോര്‍ഡും ഒരു ‘മാലിന്യമായി’ കാണാമായിരുന്നു.


             അവനവന്‍ വാങ്ങുന്ന പത്രം വായിച്ചോ അല്ലാതെയോ അവിടെ തന്നെ നിക്ഷേപ്പിക്കുന്നതിന് പകരം സ്വന്തം വീട്ടില്‍ കൊണ്ടു പോകാനെങ്കിലും നാം പഠിക്കേണ്ടിയിരിക്കുന്നു.അല്ലെങ്കില്‍ ഇത്തരം മേളകളില്‍ സംഘാടകര്‍ തന്നെ ഈ സാധനങ്ങള്‍ നിക്ഷേപ്പിക്കാന്‍ ഒരു ബിന്‍ കൂടി സ്ഥാപിക്കാന്‍ എല്ലാ മാധ്യമങ്ങളോടും ആവശ്യപ്പെടണം.മാലിന്യം ഉണ്ടാക്കുന്നവര്‍ക്ക് തന്നെയാണ് അത് സംസ്കരിക്കാനുള്ള ബാധ്യതയും എന്ന് എല്ലാവരും മനസ്സിലാക്കണം.മാലിന്യ മുക്ത കലോത്സവ നഗരിയില്‍ നിന്നും ലഭിച്ച മാലിന്യത്തിന്റെ തൂക്കം ഏതെങ്കിലും ചാനലോ പത്രമോ റിപ്പോര്‍ട്ട് ചെയ്യുമോ എന്നും നമുക്കൊന്ന് കാത്തിരുന്ന് കാണാം.
 
                              ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കലോത്സവം എന്ന നിലക്ക് ഈ കലോല്‍സവം  ഉണ്ടാക്കിയ വിവിധപ്രശ്നങ്ങളെക്കുറിച്ച് അധികാരികള്‍ ആഴത്തിലുള്ള ഒരു വിലയിരുത്തല്‍ തന്നെ നടത്തണം.പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരായുന്നത് നല്ലതായിരിക്കും.എങ്കിലേ ഇനിയും ഇതുപോലെയുള്ള ചെറുപട്ടണങ്ങള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളക്ക് ആഥിത്യം വഹിക്കുമ്പോള്‍ വരുന്ന പോരായ്മകള്‍ പരിഹരിക്കാന്‍ സാധിക്കൂ.

Tuesday, January 08, 2013

മെസ്സി... വീണ്ടും വീണ്ടും വീണ്ടും ലോക ഫുട്ബോളര്‍ !!!

             കാല്പന്തുകളിയിൽ പോയ വർഷം പുതിയ ചരിത്രം കുറിച്ച ഫുട്ബാളിൽന്റെ രാജകുമാരൻ ലയണൽ മെസ്സി, യഥാർത്ഥ ഫുട്ബാൾ ഇതിഹാസം താൻ തന്നെയാണെന്ന് ലോകത്തിന് മുമ്പിൽ ഒരിക്കൽ കൂടി തെളിയിച്ചു.ഗോൾ വേട്ടയിൽ എന്ന പോലെ ലോക ഫുട്ബാളർ പുരസ്കാര വേട്ടയിലും തന്നെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ചുകൊണ്ട് തുടർച്ചയായി നാലാം തവണയും
ഫിഫ  ബാലൺ ഡി ഓർ (FIFA Ballon d'Or) ‍ പുരസ്കാരം അർജന്റീനക്കാരൻ  ലയണൽ മെസ്സി കരസ്ഥമാക്കി.

            ഫുട്ബാൾ മൈതാനത്ത്, കഴുകന്റെ കണ്ണും പുള്ളിപ്പുലിയുടെ വേഗതയും കുറുക്കന്റെ കൌശലവും സിംഹത്തിന്റെ ഗാംഭീര്യവും സമന്വയിപ്പിച്ച് ചിത്രശലഭം പോലെ പാറിക്കളിക്കുന്ന  ഒരു പാവം പയ്യൻ എന്ന് ഒറ്റ വാചകത്തിൽ മെസ്സിയെ പരിചയപ്പെടുത്താം. സ്വയം ഗോളടിക്കുന്നതിന് പുറമേ കൂട്ടുകാരെക്കൊണ്ട് ഗോളടിപ്പിക്കുന്നതിലും മെസ്സി ഒട്ടും പിന്നിലല്ല എന്ന് ബാഴ്സലോണയുടെ സ്പാനിഷ് ലീഗ് മത്സരഫലങ്ങൾ നമ്മോട് പറയുന്നു.ഇരുപത്തി അഞ്ചാം വയസ്സിൽ തന്നെ ഇത്രയധികം നേട്ടങ്ങൾ കൊയ്ത ഈ ഇതിഹാസം, ക്രിക്കറ്റിൽ സചിൻ ടെൻഡുൽക്കർ സൃഷ്ടിച്ചപോലെ ഫുട്‌ബാളിൽ റിക്കാർഡുകളുടെ ഒരു മല തന്നെ  സൃഷ്ടിച്ചേക്കാം.

                ഫ്രാൻസിന് യൂറോകപ്പും ലോക കപ്പും നേടിക്കൊടുക്കുന്നതിലും റയൽ മാഡ്രിഡിനെ സ്പാനിഷ്‌ലീഗിലും ചാമ്പ്യൻസ് ലീഗിലും ജേതാക്കളാക്കുന്നതിലും മുഖ്യപങ്കു വഹിച്ച സിനദിൻ സിദാനും ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ചതാരം എന്ന ബഹുമതിയും ബ്രസീലിനെ തുടർച്ചയായി മൂന്ന് തവണ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിലും രണ്ട് തവണ ചാമ്പ്യന്മാർ ആക്കുന്നതിലും മുഖ്യപങ്ക് വഹിച്ച റൊണാൽഡൊയുമായിരുന്നു മുമ്പ് ഈ ബഹുമതി തുടർച്ചയായി മൂന്ന് തവണ നേടി ഫുട്ബാൾ ആരാധകരെ വിസ്മയിപ്പിച്ചത്.മെസ്സി ആ അതിശയ ചരിത്രവും മാറ്റി എഴുതിക്കഴിഞ്ഞു.
  
               സ്പെയിനിന്റെ ലോകകപ്പ് വിജയത്തിലേക്കും വീണ്ടും യൂറോകപ്പ് നേട്ടത്തിലേക്കും നയിച്ച ആന്ദ്രെ ഇനിയെസ്റ്റ എന്ന മിഡ്ഫീൽഡ് ജനറലിനെയും റയൽ മാഡ്രിഡിനെ സ്പാനിഷ്‌ലീഗ് കിരീടം തിരിച്ചുപിടിക്കാൻ കരുത്ത് പകർന്ന സാക്ഷാൽ കൃസ്ത്യാനോ റോണാൾഡൊയേയും കടുത്ത മത്സരത്തിൽ പിന്തള്ളിയാണ് മെസ്സി ഇത്തവണ നേട്ടം കൊയ്തത്. തുടർച്ചയായി ആറാം തവണയാണ് മെസ്സി ഈ പുരസ്കാരത്തിന്റെ അവസാനലിസ്റ്റിൽ ഇടം പിടിക്കുന്നത് എന്നത് തന്നെ ഈ താരത്തെ ഭൂമിയിലെ ഫുട്‌ബാൾ രാജാവാക്കി മാറ്റുന്നു.
 

                   ഗർഡ്മുള്ളറുടെ 40 വർഷം പഴക്കമുള്ള ഒരു റിക്കാർഡ് ആണ് 2012 എന്ന വിസ്മയ വർഷത്തിൽ മെസ്സി പഴംകഥയാക്കിയത്. ലോക ഫുട്ബാളിൽ ഇതിനകം എത്രയോ താരങ്ങളും ‘ഇതിഹാസ‘ങ്ങളും ഉദിച്ചെങ്കിലും കലണ്ടർ വർഷം 85 ഗോളുകൾ എന്ന റിക്കാർഡ് കാലങ്ങളായി മായാതെ കിടന്നു.ഫുട്ബാളിന്റെ മിഷിഹ അത് ബഹുദൂരം പിന്നിലാക്കി 91 എന്ന സംഖ്യയിൽ അത് അവസാനിപ്പിച്ചു - ബാഴ്സലോണക്ക് വേണ്ടി 79ഉം അർജന്റീനക്ക് വേണ്ടി 12ഉം ഗോളുകളാണ് 2012ൽ മെസ്സിയുടെ ബൂട്ടിൽ നിന്ന് വലതുളച്ചു കയറിയത്. ഇതിനിടയിൽ സീസണിലെ കപ്പ് വിജയങ്ങളുടെ എണ്ണത്തിലും സ്പാനിഷ്‌ലീഗിലെ അപരാചിതകുതിപ്പിന്റെ എണ്ണത്തിലും ബാഴ്സലോണ റിക്കാർഡ് സ്ഥാപിച്ചിരുന്നു.

                ഫ്രെഞ്ച് ഫുട്ബാൾ മാഗസിൻ 1956 മുതൽ നൽകി വരുന്ന ബാലൺ ഡി ഓർ പുരസ്കാരവും  (Ballon d'Or) ഫിഫയുടെ ലോക ഫുട്ബാളർ ഓഫ് ദ ഇയർ പുരസ്കാരവും (World Footballer of the Year) സമന്വയിപ്പിച്ച് 2010 മുതലാണ് ഫിഫ  ബാലൺ‍ ഡി ഓർ (FIFA Ballon d'Or) ‍ പുരസ്കാരംനൽകിത്തുടങ്ങിയത്. 2009ൽ ലോക ഫുട്ബാളർ ഓഫ് ദ ഇയർ പുരസ്കാരവും 2010 , 2011 വർഷങ്ങളിൽ ഫിഫ  ബാലൺ‍ ഡി ഓർ പുരസ്കാരവും ആണ് മെസ്സി കരസ്ഥമാക്കിയത്. വിവിധ ദേശീയ ടീമുകളുടെ നായകരും പരിശീലകരും ലോകത്തെ മുൻ‌നിര കളി‌എഴുത്തുകാരും ആണ് മികച്ച താരത്തെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്.

             ഇത്രയും നേട്ടങ്ങൾക്കിടയിലും ഒരു സ്വകാര്യ ദു:ഖം മെസ്സിയെ പിന്തുടരുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. മെസ്സി അംഗമായ അർജന്റീന ടീമിന് ലോകകപ്പ് നേടാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നത് തന്നെയാണത്. മാത്രമല്ല ലോകകപ്പിൽ ഒരു ഗോൾ നേടാൻ ഗോളുകളുടെ തമ്പുരാന് ഇതുവരെ സാധിച്ചിട്ടില്ല എന്നതും വിസ്മയാവഹം തന്നെ.എങ്കിലും ഹോർമോൺ ചികിത്സക്ക് ബാഴ്സലോണയിൽ എത്തിയ ഈ പയ്യനിൽ നിന്ന്, അർജന്റീന ഇനിയും പലതും പ്രതീക്ഷിക്കുന്ന പോലെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫുട്ബാൾ ആരാധകരും പലതും പ്രതീക്ഷിക്കുന്നു.