Pages

Tuesday, November 25, 2008

പിന്നെ ഈ നാടെങ്ങിനെ നന്നാകും???

"Politics is the last refuge of a squanderer" എന്ന് പറഞ്ഞത്‌ ആല്‍ബെര്‍ട്ട്‌ ഐന്‍സ്റ്റൈനോഅല്ല മറ്റാരെങ്കിലുമാണോ എന്ന് എനിക്ക്‌ ഇപ്പോള്‍ വലിയ പിടിപാടില്ല.എന്റെ മാതാപിതാക്കള്‍ക്ക്‌ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാതിരുന്നതിനാല്‍ എനിക്കും രാഷ്ട്രീയത്തില്‍ഒരു താല്‍പര്യവും ഇല്ലായിരുന്നു.മാറിമാറി വരുന്ന അധികാരി ഭരണവര്‍ഗ്ഗവും പ്രതിപക്ഷവും പരസ്പരം പഴി ചാരാനും കുറ്റങ്ങള്‍ ചികഞ്ഞെടുക്കാനും മാത്രം സമയം കണ്ടെത്തുന്ന ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്രീയം തികച്ചും വിഡ്ഢികള്‍ക്ക്‌ മാത്രം ചേര്‍ന്നതാണ്‌ എന്ന് തന്നെയേ ഞാന്‍ പറയൂ.

എന്നിട്ടും സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുമ്പോള്‍ എനിക്ക്‌ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെസര്‍വീസ്‌ യൂണിയനില്‍ ചേരേണ്ടി വന്നു അഥവാ ചേരാന്‍ ഞാന്‍ നിര്‍ബന്ധിതനായി.പാര്‍ട്ടി ആശയങ്ങളോടും ആദര്‍ശങ്ങളോടും തികച്ചും വിഭിന്നമായ കാഴ്ചപ്പാടുള്ളഞാന്‍ അതേ പാര്‍ട്ടിയുടെ സര്‍വീസ്‌ യൂണിയനില്‍ പത്ത്‌ രൂപ അടച്ച്‌ മെമ്പര്‍ ആയി.

സംഘടനയുടെ പല യോഗങ്ങള്‍ക്കും ജാഥകള്‍ക്കും ധര്‍ണ്ണകള്‍ക്കും രാഷ്ട്രീയ കോലംകെട്ടലുകള്‍ക്കും എന്നെ ക്ഷണിച്ചെങ്കിലും തന്ത്രപൂര്‍വ്വം ഞാന്‍ അവയില്‍നിന്നെല്ലാം ഒഴിഞ്ഞു മാറി.ആളെക്കൂട്ടി ബഹളം വയ്‌ക്കുകയും ഭരണകക്ഷി സ്വന്തം പാര്‍ട്ടിതന്നെയാണെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനത്തെയോ കേന്ദ്രത്തെയോ പഴി ചാരിതടിയൂരുകയും ചെയ്യുന്ന ഇവരുടെ ഈ തൊലിക്കട്ടി കാരണമാണ്‌ ഞാന്‍ അവക്കൊന്നും പോകാതിരുന്നത്‌.

അങ്ങനെ ഒരു ദിവസം.യൂണിയന്‍ ജനറല്‍ ബോഡി യോഗം നടക്കുന്ന വിവരം യൂണിയന്‍നേതാവായ കോളേജിലെ തന്നെ ഒരു സാറ്‌ എന്നെ അറിയിച്ചു.പ്രത്യേകിച്ച്‌ഒരു തടസ്സവുമില്ലാത്തതിനാല്‍ അന്ന് എനിക്ക്‌ യോഗത്തിന്‌ പോകേണ്ടി വന്നു.അങ്ങനെ ആദ്യമായി ഞാന്‍ ഒരു യൂണിയന്‍ മീറ്റിംഗില്‍ പങ്കെടുത്തു.

"സുഹൃത്തുക്കളേ......ഇന്ന് നമുക്ക്‌ ചര്‍ച്ച ചെയ്യാനുള്ളത്‌ പ്രധാനമായുംമുപ്പതാം തീയതിയിലെ ധര്‍ണ്ണയാണ്‌..."യൂണിയന്റെ ഏരിയാ ഭാരവാഹി പ്രസംഗിക്കാന്‍ തുടങ്ങി."ഡി.എ അടക്കമുള്ള ആവശ്യങ്ങളോടൊപ്പം സിവില്‍ സര്‍വ്വീസ്‌കാര്യക്ഷമമാക്കുക എന്ന ആവശ്യം കൂടി ഈ ധര്‍ണ്ണയില്‍ നാം ഉന്നയിക്കുന്നുണ്ട്‌.നിങ്ങള്‍ക്കറിയാം, ഇന്ന് പൊതുജനത്തിന്‌ ഒരു ഓഫീസില്‍ നിന്നും അത്യാവശ്യമായ ഒരു സര്‍ട്ടിഫിക്കറ്റ്‌ കിട്ടണമെങ്കില്‍ ദിവസങ്ങള്‍ തന്നെ പിടിക്കുന്നുണ്ട്‌.ഒന്നുകില്‍ സെക്ഷനില്‍ക്ലര്‍ക്ക്‌ ഉണ്ടാകില്ല അല്ലെങ്കില്‍ ഒപ്പിടാന്‍ ഓഫീസര്‍ ഉണ്ടാകില്ല അങ്ങനെ അങ്ങനെ പല പല കാരണങ്ങളും.ഇങ്ങനെയുള്ള അവസരങ്ങളില്‍ തൊട്ടടുത്ത ആളെയോ അല്ലെങ്കില്‍ മറ്റാരെങ്കിലെയുമോ ഈ ചുമതല ഏല്‍പിച്ച്‌ പൊതുജനത്തിന്‌ ഉണ്ടാകുന്നബുദ്ധിമുട്ട്‌ ഒഴിവാക്കണം എന്നാണ്‌ സിവില്‍ സര്‍വ്വീസ്‌ കാര്യക്ഷമമാക്കുക എന്നതിലൂടെ നാം പ്രധാനമായും ആവശ്യപ്പെടുന്നത്‌..ഈ ധര്‍ണ്ണയുടെ വിജയത്തിനായിനാം സ്വീകരിക്കുന്ന പ്രചാരണ പരിപാടികള്‍ ജനറല്‍ സെക്രട്ടറി വിശദീകരിക്കുന്നതാണ്‌.

തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പ്രസംഗം ആരംഭിച്ചു."ധര്‍ണ്ണ മുപ്പതാം തീയതിയാണ്‌.അപ്പോള്‍ അതിന്‌ മുമ്പായി നാം എല്ലാ ഓഫീസര്‍മാരേയും നേരില്‍ കണ്ട്‌ വിവരംഅറിയിക്കണം.അതിനായി അടുത്ത ആഴ്ചയില്‍ തന്നെ സ്ക്വാഡുകള്‍ നടത്തണം.ധര്‍ണ്ണയുടെ തൊട്ട്‌മുമ്പിലെ രണ്ട്‌ ദിവസം നാം ലീവെടുത്ത്‌ എല്ലാ ഓഫീസുകളിലുംഒന്ന് കൂടി കയറി ഇറങ്ങണം...."

തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പ്രസംഗം ആരംഭിച്ചു."ധര്‍ണ്ണ മുപ്പതാം തീയതിയാണ്‌.അപ്പോള്‍ അതിന്‌ മുമ്പായി നാം എല്ലാ ഓഫീസര്‍മാരേയും നേരില്‍ കണ്ട്‌ വിവരംഅറിയിക്കണം.അതിനായി അടുത്ത ആഴ്ചയില്‍ തന്നെ സ്ക്വാഡുകള്‍ നടത്തണം.ധര്‍ണ്ണയുടെ തൊട്ട്‌മുമ്പിലെ രണ്ട്‌ ദിവസം നാം ലീവെടുത്ത്‌ എല്ലാ ഓഫീസുകളിലുംഒന്ന് കൂടി കയറി ഇറങ്ങണം...."

പിന്നെ ഈ നാടെങ്ങിനെ നന്നാകും???

Wednesday, November 19, 2008

തമസോമാ ജ്യോതിര്‍ഗമയ

ഡയറി എഴുത്ത്‌ എന്ന പരിപാടി കൃത്യം പത്ത്‌ വര്‍ഷം മുമ്പാണ്‌ ഞാന്‍ നിര്‍ത്തിയത്‌ - വിവാഹം കഴിച്ചതോടെ.എന്നാല്‍ ആ ഡയറി എഴുത്ത്‌ തുടര്‍ന്നിരുന്നുവെങ്കില്‍17/11/2008 ഞാന്‍ അതില്‍ തങ്കലിപികളില്‍ തന്നെ എഴുതുമായിരുന്നു.സിക്കിം സൂപ്പര്‍ ലൊട്ടോ അടിച്ചതുകൊണ്ടോ Cheverlot Spark കാര്‍ കിട്ടിയതുകൊണ്ടോ അല്ല അത്‌.(എനിക്ക്‌ രണ്ടും കിട്ടിയിട്ടില്ലട്ടോ)

ഏതോ ഒരു നിമിത്തം കാരണം വീണുകിട്ടിയ കോളേജ്‌ ഐ.ടി ക്ലബ്ബിന്റെ അസിസ്റ്റന്റ്‌ കോര്‍ഡിനേറ്റര്‍ ആയി നിയമിതനായ അന്നു മുതല്‍ എന്റെ മനസ്സിനെ മഥിക്കുന്നഒരു പ്രവര്‍ത്തനം.... പോരാ മഹത്തായ ഒരു സംരംഭത്തിന്‌ ,അന്ന് തുടക്കം കുറിച്ചു.എന്റെ തലയില്‍ ഉദിച്ച ഒരാശയം ഐ.ടി ക്ലബ്ബിന്റേയും NSS-ന്റെയും സന്നദ്ധ സേവന തല്‍പരരായ അംഗങ്ങളിലൂടെ തവിഞ്ഞാല്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരു ബൃഹദ്‌ പദ്ധതിയായി WE-STEP അന്ന് ഉത്ഘാടനം ചെയ്യപ്പെട്ടു.

WE-STEP എന്നാല്‍ Wayanad Engineering College Socio Technical Education program.

കാര്‍ഷിക ജില്ലയായ വയനാട്ടിലെ തികച്ചും സാധാരണ ജനങ്ങളായ,തോട്ടം തൊഴിലാളികളും ആദിവാസികളും കര്‍ഷകരും തിങ്ങി വസിക്കുന്നതവിഞ്ഞാല്‍ എന്ന അതിബൃഹത്തായ ഒരു ഗ്രാമത്തെ കമ്പ്യൂട്ടര്‍ വിദ്യ അഭ്യസിപ്പിക്കുക എന്ന ദൗത്യമാണ്‌ WE-STEP.പത്താം ക്ലാസ്‌ പാസ്സായ നാല്‍പത്‌ വയസ്സിന്‌ താഴെയുള്ള തൊഴില്‍രഹിതരെ ഓഫീസ്‌ ഓട്ടോമേഷന്‍ ആണ്‌പഠിപ്പിക്കുന്നത്‌.തികച്ചും സൗജന്യമായി കോളേജ്‌ NSS യൂണിറ്റിലേയും ഐ.ടി ക്ലബ്ബിലേയും അംഗങ്ങള്‍സ്വമേധയാ മുന്നോട്ട്‌ വന്ന് ചെയ്യുന്ന ഒരു സാമൂഹ്യ സേവന പ്രവര്‍ത്തനമാണ്‌WE-STEP.ഞാനടക്കമുള്ള കോളേജിലെ അധ്യാപക അനധ്യാപക സ്റ്റാഫ്‌ പൂര്‍ണ്ണസഹകരണം നല്‍കുന്ന പദ്ധതിയില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതും കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്‌.

ഇരുപത്തൊന്ന്‌ വാര്‍ഡുകള്‍ ഉള്ള തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഈ പദ്ധതി ലക്ഷ്യംകാണാന്‍ ഏകദേശം അഞ്ചു വര്‍ഷം തന്നെ വേണ്ടി വരും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.ഒരു പഞ്ചായത്തിലെ അഭ്യസ്തവിദ്യരായ മുഴുവന്‍ ജനതക്കും വിവരസാങ്കേതികവിദ്യ കൂടി പകര്‍ന്നു നല്‍കാന്‍ ഒരു പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥീ സമൂഹം മുന്നിട്ടിറങ്ങുന്നത്‌ കേരളത്തില്‍ തന്നെ ആദ്യമായാണ്‌.ഈ മാതൃകമറ്റുള്ളവരും പിന്തുടര്‍ന്നു കൊണ്ട്‌ കേരള ജനതയെ മുഴുവന്‍ വിവരസാങ്കേതികവിദ്യയുടെ അത്‌ഭുത ലോകത്തേക്ക്‌ താമസിയാതെ എത്തിക്കും എന്നാണ്‌ ഈഎളിയ തുടക്കത്തിന്‌ നാന്ദി കുറിച്ച ഞങ്ങളുടെ പ്രതീക്ഷ.

Saturday, November 15, 2008

ചാന്ദ്രയാനും നമ്പൂരിയും

രാമേട്ടന്‍:"എന്താ തിരുമേനീ....തലയില്‍ കയ്യും വച്ചിങ്ങനെ നടക്കുന്നേ?" നമ്പൂരി:"അപ്പോ....താനിതോന്നും അറിഞ്ഞില്ലേ രാമാ...?" രാമേട്ടന്‍:"എന്തോന്ന്?" നമ്പൂരി:"നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ എന്തോ ഒരു സാധനം ഇന്ന് ചന്ദ്രനില്‍ ഇടിച്ചിറങ്ങുമത്രേ..." രാമേട്ടന്‍:"അതിനെന്താ...?" നമ്പൂരി:"അങ്ങനെ ഇടിച്ചിറങ്ങുമ്പോ ആ ചന്ദ്രനെങ്ങാനും ഇങ്ങു വീണാലോ.....ശിവ ശിവാ.....ഇവന്മാര്‍ക്ക്‌ ആ സാധനമൊന്ന് സമാധാനമായി ഇറക്കിക്കൂടേ....ഇടിച്ചിറക്കി ഈ ഭൂമിലുള്ളോരെ മുഴുവന്‍ സ്വൈര്യവും കളയണോ..?"

Friday, November 14, 2008

Y = mX + C (മേടിക്കല്‍ എഞ്ചിനീയര്‍ - ഭാഗം 3)

ഓസിയില്‍ ഈസിയായി മാത്‌സ്‌ പാസാവാമെന്ന വ്യാമോഹം പൊലിഞ്ഞതല്ലാതെഅസീസ്‌ സാറിന്റെ ക്ലാസ്സില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്‌ എന്നില്‍ പ്രത്യേകിച്ച്‌ ദു:ഖബോധം ഒന്നും വളര്‍ത്തിയില്ല

വസന്തം തിരിച്ചെത്തിയ പൂന്തോട്ടം പോലെ എന്റെ ഉച്ചയുറക്കം വീണ്ടുംസജീവമായി.'കൊട്ടാവി' സുഹൃത്തുക്കളുടെ അസൂയയും കഷണ്ടിയും വീണ്ടുംഎവറസ്റ്റ്‌ കയറാനും തുടങ്ങി.ഉച്ചയുറക്കത്തിന്റെ ഏതോ യാമങ്ങളില്‍ അസീസ്‌സാറും മെഡിക്കല്‍ എന്‍ട്രന്‍സും എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സും ഫ്ലാഷ്ബാക്കുകളായോ(ഫ്രന്റുകളായോ) മിന്നിമറഞ്ഞു.

കാലചക്രം എങ്ങോട്ടോ കറങ്ങി.ഫസ്റ്റ്‌ ഇയര്‍ പരീക്ഷയുടെ അപേക്ഷ നല്‍കേണ്ട സമയമായി.സെക്കന്റ്‌ ഗ്രൂപ്‌ എടുത്തിരുന്ന ഞങ്ങള്‍ക്ക്‌, അപേക്ഷാഫോമില്‍ എവിടെയോഅഡീഷണല്‍ എന്ന പദം കണ്ടപ്പോളാണ്‌ 'അഡീഷണല്‍ മാത്‌സ്‌' നും കൂടി അപേക്ഷിക്കേണ്ടതുണ്ട്‌ എന്ന ബോധോദയമുണ്ടായത്‌.യൂണിവേഴ്സിറ്റി നടത്താനുദ്ദേശിക്കുന്നതും ഞങ്ങള്‍ എഴുതാനുദ്ദേശിക്കുന്നതുമായ വിഷയങ്ങളുടെ പേര്‌ നിരനിരയായി എഴുതി മാത്‌സ്‌ കൂടി കൂട്ടത്തില്‍ തുന്നിപ്പിടിപ്പിച്ച്‌, പരീക്ഷക്ക്‌ അപേക്ഷിക്കുക എന്ന രണ്ടാം കടമ്പയുംഞാന്‍ ചാടിക്കടന്നു.

പെരുമഴക്കാലവും മാമ്പഴക്കാലവും കഴിഞ്ഞ്‌ പരീക്ഷക്കാലമെത്തി.കാണാതെ പഠിച്ച്‌ വച്ച പലതും അതാത്‌ പാത്രങ്ങളില്‍ സോറി പത്രങ്ങളില്‍(പേപ്പര്‍) മാക്സിമം വൃത്തിയില്‍ ചര്‍ദ്ദിച്ച്‌ ഭംഗിയായി കെട്ടിപ്പൊതിഞ്ഞ്‌സാറിന്‌ കൈമാറി.ചിലര്‍ക്ക്‌ കലശലായ ചര്‍ദ്ദിയും പലര്‍ക്കും ഓക്കാനം മാത്രവും ഉണ്ടായതായി സ്ഥലത്തെ കുശുകുശുക്കല്‍ വ്യക്തമാക്കി.

അങ്ങനെ മാത്‌സ്‌ പരീക്ഷയും വന്നെത്തി.മാത്‌സ്‌ ടെക്സ്‌റ്റ്‌ ബുക്ക്‌ വാങ്ങി കാശ്‌വെറുതേ കളയേണ്ട എന്ന്‌ ആദ്യമേ തീരുമാനിച്ചതിനാല്‍ മാത്‌സ്‌ പരീക്ഷയുടെതലേന്ന് എനിക്ക്‌ ഒന്നും ചെയ്യാനില്ലായിരുന്നു.എന്നെ നിര്‍ത്തിപ്പൊരിച്ച്‌ അസീസ്‌ സാറ്‌ പറഞ്ഞ്‌ തന്ന y = mX + C എന്ന് മാത്രമെഴുതിയ മാത്‌സ്‌ നോട്ട്ബുക്കിലൂടെഒന്ന് കൂടി കണ്ണോടിച്ച്‌(ആരെങ്കിലും കാശ്‌ വല്ലതും വച്ചിട്ടുണ്ടെങ്കിലോ ?)ഞാന്‍ ഒരു ടെന്‍ഷനും ഇല്ലാതെ പരീക്ഷാ ഹാളില്‍ എത്തി.

പരീക്ഷക്കുള്ള നീണ്ട ബെല്‍ മുഴങ്ങി.തൂണുകളുടെ തണല്‍ ചാരി ഒരു മെലിഞ്ഞരൂപം പരീക്ഷാപേപ്പറുകളുമായി വരുന്നു.ആ രൂപം എന്റെ ക്ലാസ്സിലേക്ക്‌തന്നെ കയറി - അസീസ്‌ സാര്‍!!എന്നെ കണ്ടതും സാറ്‌ ഒന്നു കൂടി സൂക്ഷിച്ച്‌ നോക്കി - ആലുവ മണല്‍പുറത്തോ അതോ കൊണ്ടോട്ടി നേര്‍ച്ചക്കോ , എവിടെ വച്ചോ കണ്ട മൊഹമാണല്ലോ ഇത്‌ എന്നായിരിക്കും സാറിന്റെ ചിന്ത.മാത്‌സ്‌ പരീക്ഷ എഴുതാനുള്ള അദമ്യമായ ആഗ്രഹം കാരണം ഞാന്‍ അദ്ദേഹത്തിന്റെ ചിന്തകളെ മാനിച്ചില്ല.പകരം ഒരു (ചിറാ)പുഞ്ചിരി സമ്മാനിച്ചു.സീസറുടെ ഗാംഭീര്യത്തോടെ അസീസ്‌ സാര്‍ ആ പുഞ്ചിരി നിര്‍ദ്ദയം തള്ളിക്കളഞ്ഞു.

(തുടരും)

Thursday, November 13, 2008

ഒരു പേര്‌ നിര്‍ദ്ദേശിക്കൂ...

കോളേജ്‌ ഐ.ടി ക്ലബ്ബും N S S യൂണിറ്റും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ പരിപാടി(സാക്ഷരത അല്ല)ക്ക്‌ അനുയോജ്യമായ ഒരു പേര്‌ ബൂലോകത്ത്‌ നിന്നും പ്രതീക്ഷിക്കുന്നു.സാങ്കേതികത (ടെക്നോളജി)ഉള്‍പെടുത്തി ഗ്രാമീണതയുള്ള ഒരു മലയാളം പേര്‌ കൂടുതല്‍ അഭികാമ്യം.

ഗവര്‍ണറെ വയര്‍ ഷോര്‍ട്ടായപ്പോള്‍...

ബസ്സില്‍ നിന്നും പുക ഉയരുന്നത്‌ കണ്ട്‌ പരിഭ്രാന്തനായ നമ്പൂരി കണ്ടക്ടറോട്‌:"എന്താ , എന്താത്‌ പൊക വരുന്നേ?"

കണ്ടക്ടര്‍: "അത്‌, ഗവര്‍ണറെ വയര്‍ ഷോര്‍ട്ട്‌ ആയതാ..."

നമ്പൂരി:"ശിവ ശിവാ.....തിരോന്തരത്തിരിക്ക്‌ണ ഗവര്‍ണറെ വയര്‍ ഷോര്‍ട്ടായപ്പോ മലപ്പൊറത്ത്‌ നോമിരിക്ക്‌ണ ബസ്സില്‌ തീയും പൊകയും...ടെക്‌നോളജിയുടെ ഒരു പോക്കേ....."

Wednesday, November 12, 2008

അദ്ധ്വാനത്തിന്റെ മഹത്വം.

ഏകദേശം രണ്ട്‌ വര്‍ഷം മുമ്പ്‌ ഞാന്‍ എന്റെ ഷൂ നന്നാക്കാനായി മാനന്തവാടിയിലെഒരു ചെരുപ്പ്‌ കുത്തിയെ സമീപിച്ചു.ബസ്‌സ്റ്റാന്റിനടുത്തായിരുന്നു അയാളുടെ ഇരിപ്പ്‌.ഒറ്റ നോട്ടത്തില്‍ ആരോഗദൃഢഗാത്രനായ അയാളെ സൂക്ഷിച്ച്‌ നോക്കിയപ്പോളാണ്‌അയാളുടെ കാലിന്റെ വൈകല്യം എനിക്ക്‌ മനസ്സിലായത്‌.

ഷൂ കാണിച്ച ഉടനെ തമിഴ്‌ കലര്‍ന്ന മലയാളത്തില്‍ അയാള്‍ പറഞ്ഞു.

"ഇറുപത്‌ റൂപയാകും...".

അദ്ധ്വാനിച്ച്‌ ജീവിക്കുന്നവന്‍ എന്ന ധാരണ എന്നില്‍ അയാള്‍ ഉണ്ടാക്കിയതിനാല്‍ഞാന്‍ അത്‌ സമ്മതിച്ചു.ഷൂ തുന്നി അയാള്‍ പറഞ്ഞ സംഖ്യയും നല്‍കി ഞാന്‍സ്ഥലം വിട്ടു.

മാസങ്ങള്‍ക്ക്‌ ശേഷം അയാളെ ഞാന്‍ വീണ്ടും കണ്ടുമുട്ടി.എന്നെ അയാള്‍ക്ക്‌ മനസ്സിലായില്ലെങ്കിലുംഎനിക്ക്‌ ആ മുഖം പെട്ടെന്ന് ഓര്‍മ്മ വന്നു.പക്ഷേ ഇത്തവണ കണ്ടപ്പോള്‍ എനിക്ക്‌അയാളോട്‌ നീരസം തോന്നി.കാരണം അറിയാവുന്ന പണി ഒഴിവാക്കി വഴിയരികില്‍ഇരുന്ന് ഭിക്ഷ യാചിക്കുകയായിരുന്നു അദ്ദേഹം.പിന്നീട്‌ പലതവണ ഞാന്‍അയാളെ ഇതേ അവസ്ഥയില്‍ കണ്ടു.എന്നെപ്പോലെ പലരും ഇതേ ചിന്തയില്‍ അയാളുടെമുന്നിലൂടെ നടന്നു പോയിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു.

പിന്നീട്‌ കുറേ കാലം അയാളിരുന്ന വഴിയിലൂടെ ഞാന്‍ കടന്നു പോകാത്തതിനാല്‍ആ മുഖം ഞാന്‍ കണ്ടതേ ഇല്ല.പക്ഷേ ബസ്‌സ്റ്റാന്റിനടുത്ത്‌ ചെരുപ്പ്‌ കുത്തിയായി പിന്നീട്‌ ഒരിക്കലുംഅയാളെ ഞാന്‍ കണ്ടില്ല.

ഇക്കഴിഞ്ഞ ദിവസം ഞാന്‍ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ മടങ്ങി വരുന്ന സമയം.മാനന്തവാടിയിലെ കുപ്രസിദ്ധമായ മാനസസരസ്‌ ബാറിന്റെ മുന്നിലൂടെയാണ്‌എന്റെ താമസ സ്ഥലത്തേക്ക്‌ പോകേണ്ടത്‌.മനുഷ്യര്‍ "നാല്‍ക്കാലികളായും""പാമ്പുകളായും" ഇഴയുന്നത്‌ ഇവിടെ സര്‍വ്വ സാധാരണ കാഴ്‌ചയാണ്‌.അന്നും പതിവ്‌ പോലെ ഒരാള്‍ ബാറിന്റെ മുമ്പിലെ അടഞ്ഞ കടയുടെ തിണ്ണയില്‍ ഉടലും,ഫുട്‌പാത്തിലേക്ക്‌ തലയുമായി സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു.സമീപത്തായിഒരു ജോഡി ഊന്നുവടിയും കിടപ്പുണ്ടായിരുന്നു.വൈകല്യം ബാധിച്ച അയാളുടെകാല്‍ ഞാന്‍ വ്യക്തമായി കണ്ടു.സമീപത്ത്‌ കൂടെ കടന്നു പോയപ്പോള്‍ ഞാന്‍ അയാളുടെ മുഖത്തേക്ക്‌ ഒന്നു നോക്കി.

'ങേ!!!' - ഞാന്‍ ഞെട്ടി.

യാചകനായി മാറിയ അന്നത്തെ ചെരുപ്പ്‌കുത്തി കുടിയനും കൂടിയാണെന്നതിരിച്ചറിവ്‌ എന്നെ അസ്വസ്ഥനാക്കി.

അദ്ധ്വാനിച്ച്‌ ജീവിക്കാന്‍ ആവശ്യമായ തൊഴില്‍ അറിഞ്ഞിട്ടും യാചനയിലൂടെപണം സമ്പാദിക്കുന്ന എത്രയോ പേരുണ്ട്‌.ശരീരമനങ്ങാതെ, മറ്റുള്ളവരുടെമുമ്പില്‍ കൈ നീട്ടി ഇരന്നുവാങ്ങിയ പണം, ബാറില്‍ പോയി കുടിച്ച്‌ തീര്‍ക്കുന്നവരുമുണ്ട്‌.

അദ്ധ്വാനിച്ച്‌ സമ്പാദിക്കുന്നതാണ്‌ ഏറ്റവും ഉത്തമം.സ്വന്തം വിയര്‍പ്പൊഴുക്കിസമ്പാദിച്ച കാശ്‌ ഇത്തരം വേണ്ടാവൃത്തികള്‍ക്ക്‌ ഉപയോഗിക്കാന്‍ മന:സാക്ഷിഅനുവദിക്കില്ല.വെറുതേ കിട്ടിയ പണം ഒരു വിലയും ഇല്ലാതെ ചെലവഴിക്കാനേതോന്നൂ.അതിനാല്‍ അദ്ധ്വാനിച്ച്‌ ജീവിക്കുക.ധനസമ്പാദനത്തിനുള്ള കുറുക്കുവഴികള്‍ തേടാതിരിക്കുക.

Wednesday, November 05, 2008

വിശപ്പിന്റെ വിളി

കനത്ത മഴ പെയ്യുന്ന ഒരു ദിവസം.എന്റെ ചെറിയ അനിയന്‍ എന്തോ ആവശ്യത്തിന്‌അങ്ങാടിയില്‍ പോയതായിരുന്നു.പൊതുവേ പുറത്ത്‌ പോകുമ്പോള്‍ അവന്‍ ആരോടും പറയാറില്ല.തന്റെ ആവശ്യം നിര്‍വ്വഹിച്ച്‌ തിരിച്ച്‌ വീട്ടില്‍ വന്നാലും ആരോടും വെറുംസംസാരത്തില്‍ ഏര്‍പ്പെടാറില്ല. അന്നും പതിവ്‌ പോലെ അവന്‍ തിരിച്ചു വന്നു.പക്ഷേ അവന്റെ വരവ്‌ കണ്ട്‌വീട്ടില്‍ എല്ലാവരും ഞെട്ടി.കുടയില്‍ അവനോടൊപ്പം നനഞ്ഞൊലിച്ച്‌ കീറിപ്പറിഞ്ഞ്‌മുഷിഞ്ഞ വേഷം ധരിച്ച്‌ പാറിപ്പറന്ന തലമുടിയുമായി ഒരു കുട്ടിയേയുംകൂടെ കൂട്ടിയാണ്‌ അവന്‍ വന്നത്‌!!! "ഉമ്മാ....കഴിക്കാന്‍ എന്താ അവിടെ ഉള്ളത്‌?"വീട്ടില്‍ എത്തിയ ഉടനെ അവന്‍ ഉമ്മയെ വിളിച്ച്‌ ചോദിച്ചു. "ഉപ്പ്‌മാവുണ്ട്‌".അവന്‌ വേണ്ടിയാണെന്ന ധാരണയില്‍ ഉമ്മ പറഞ്ഞു. "ആ....ഒരു പ്ലേറ്റില്‍ നിറയെ എടുത്തോളൂ...." "ങേ!!!നീ ഇപ്പോ തിന്നു പോയതല്ലേയുള്ളൂ...അപ്പോഴേക്കും വിശന്നോ?"ഉമ്മ കാര്യമറിയാതെ ചോദിച്ചു. "ആ.....എനിക്കല്ല.....ഇതാ വിശപ്പറിയുന്ന ഒരു കുട്ടി ഇവിടെ......" ഉമ്മ അകത്ത്‌ നിന്നും വന്ന് നോക്കി.അപ്പോള്‍ അനിയന്‍ തുടര്‍ന്നു. "ഈ കുട്ടി വിശപ്പ്‌ കാരണം മണ്ണ്‌ പെറുക്കി തിന്നുകയായിരുന്നു.ഞാന്‍ ചിലതൊക്കെ ചോദിച്ചെങ്കിലും ഉത്തരം പറയാന്‍ അതിന്‌ കഴിയുന്നില്ല.ചോദ്യംമനസ്സിലാകാഞ്ഞിട്ടോ പറയാന്‍ സാധിക്കാഞ്ഞിട്ടോ അല്ലെങ്കില്‍ കേള്‍വിക്കുറവോഎന്താണെന്നറിയില്ല.പക്ഷേ ഞാന്‍ വിളിച്ചപ്പോള്‍ എന്റെ കൂടെ പോരുകയും ചെയ്തു." "അപ്പോള്‍ ഈ കുട്ടിക്ക്‌ മാതാപിതാക്കളില്ലേ?" "ഉണ്ട്‌....അവര്‍ തിയേറ്ററിനടുത്ത്‌ ആ ബില്‍ഡിംഗിന്റെ ചായ്പില്‍ താമസിക്കുന്നുണ്ട്‌.ഈ കുട്ടിക്ക്‌ഇനി എന്നും ഇവിടെ നിന്നും ആഹാരം നല്‍കണം.വിശപ്പ്‌ തോന്നുമ്പോള്‍ ഇങ്ങോട്ട്‌ വരാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്‌." അനിയന്‍ പറഞ്ഞ പ്രകാരം ഇന്നും ആ കുട്ടി വീട്ടില്‍ കയറി വരും.അവന്റെ ഭക്ഷണംകഴിച്ച്‌ തിരിച്ചു പോവുകയും ചെയ്യും. തെരുവില്‍ അലയുന്ന ധാരാളം കുട്ടികള്‍ ഒരു നേരത്തെ ഭക്ഷണം പോലുംലഭിക്കാതെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു.നമ്മുടെ വീടുകളില്‍ പാഴായിപോകുന്ന ഭക്ഷണ സാമഗ്രികളിലൂടെ ഒന്ന് കണ്ണോടിക്കുക.ലോകത്തിന്റെപല ഭാഗങ്ങളിലും, നാം പാഴാക്കുന്ന ഈ ഭക്ഷണത്തിന്റെ അംശം കൊണ്ട്‌ വിശപ്പടക്കാന്‍ സാധിക്കുന്ന എത്രയോ വയറുകളുണ്ട്‌ എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക.വിശക്കുന്ന വയറിന്റെ വിളി കേട്ടുകൊണ്ട്‌ മിതമായി കഴിക്കുക.ഭക്ഷണം ഒരിക്കലും പാഴാക്കാതിരിക്കുക.

Sunday, November 02, 2008

വയനാട്‌ ബ്ലോഗ്‌ ശില്‍പശാല ആരംഭിച്ചു.

ബ്ലോഗ്‌ അക്കാദമിയുടെ നേതൃത്വത്തിലുള്ള അവസാന ശില്‍പശാലയായ വയനാട്‌ ബ്ലോഗ്‌ ശില്‍പശാല അല്‍പം മുമ്പ്‌ ആരംഭിച്ചു.

ചിത്രകാരന്‍,ഡി.പ്രദീപ്‌കുമാര്‍,സുനില്‍ ഫൈസല്‍, ദ്രൗപതി,അരീക്കോടന്‍ തുടങ്ങീ ബ്ലോഗര്‍മാര്‍ പങ്കെടുക്കുന്നു.

കൂടാതെ വയണാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന പലരും പങ്കെടുക്കുന്നുണ്ട്‌.

സാമാന്യം നല്ല ശ്രോദ്ധാക്കള്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നു.

ഫൊട്ടോസ്‌ പിന്നാലെ....