Pages

Wednesday, April 27, 2016

എന്റെ ഫലവൃക്ഷപരീക്ഷണ പിരാന്തുകള്‍ തുടരുന്നു...

          അങ്ങനെ മുറ്റത്ത് മാവുകള്‍ നിറയുന്നതിനിടയില്‍ തന്നെ അങ്ങാടിയില്‍ നിന്നും വാങ്ങുന്ന ചില പഴങ്ങളും ഞങ്ങള്‍ തിന്നുകൊണ്ടിരുന്നു. എവിടെ നിന്നോ എത്തിപ്പെട്ട ഒരു സീതപ്പഴം അക്കൂട്ടത്തില്‍ ഒരു വഴിത്തിരിവായി. പണ്ട് വല്യുമ്മയുടെ മുറ്റത്ത് മാത്രം കണ്ടിരുന്ന വെണ്ണീറില്‍ (ചാരം) പൂഴ്ത്തിവച്ച് പഴുപ്പിക്കുന്ന ചക്കപ്പഴം എന്ന് ഞങ്ങള്‍ വിളിക്കുന്ന കറുത്ത കുരുവുള്ള അതേ സാധനമായിരുന്നു രുചിയില്‍ ഈ സീതപ്പഴം.
          ചക്കപ്പഴം ഒരു ആപ്പിളിനെക്കാളും അല്പം കൂടി വലിപ്പം ഉണ്ടാകും.പഴുത്താല്‍ തൊലി ചുവപ്പ് കലര്‍ന്ന ചാരനിറം ആയി മാറും.നല്ല മധുരമുള്ള ഉള്‍ക്കാമ്പ് ഒരു തരിതരി രൂപത്തില്‍ ആയിരിക്കും.കറുത്ത കുരുവിന് പുറത്ത് കൂടെ ഒരു നേര്‍ത്ത പടലം ഉണ്ടാകും.വല്യുമ്മയുടെ വീട്ടില്‍ നാലോ അഞ്ചോ മരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കോളനിയിലെ മറ്റൊരു വീട്ടിലും ഒന്നിലധികം ഉണ്ടായിരുന്നില്ല.എന്റെ വീട്ടില്‍ ഒന്നുപോലും ഉണ്ടായിരുന്നില്ല എന്നതിനാല്‍ വല്യുമ്മ ചക്കപ്പഴം തരുമ്പോള്‍ ആര്‍ത്തിയോടെ വാങ്ങും.ഇപ്പോള്‍ തിന്ന സീതപ്പഴത്തിന്റെ തൊലി പച്ചയാണെന്നതും വലിപ്പം കുറവാണെന്നതും ഒഴിച്ചാല്‍ സീതപ്പഴം = ചക്കപ്പഴം എന്ന സമവാക്യം കിറുകൃത്യമാണ്.
           വല്യുമ്മയുടെ ചക്കപ്പഴത്തിന്റെ സ്വാദ് തരുന്ന ഈ സീതപ്പഴത്തിന്റെ കുരു ഒന്ന് കുഴിച്ചിട്ടു നോക്കിയാലോ എന്നൊരു തോന്നല്‍ അന്നേരം മനസ്സിലുദിച്ചു. എട്ടോ പത്തോ കുരുകളെടുത്ത് ഒരു ചാക്കില്‍ കുഴിച്ചിട്ടു. മഴക്കാലം വന്നതോടെ ചാക്കിലെ മണ്ണില്‍ വിടവുണ്ടാക്കി അതാ കുറെ പുതുനാമ്പുകള്‍ വെളിച്ചം കാണാന്‍ തലനീട്ടുന്നു ! വലിയ പരിചരണം കൂടാതെ തന്നെ അവ വളരാന്‍ തുടങ്ങി. ലൂനമോളുടെ രണ്ടാം ജന്മദിനത്തില്‍ അതിലൊന്ന് ഞങ്ങള്‍ പണിതുകൊണ്ടിരുന്ന വീടിന്റെ മുറ്റത്തോട് ചേര്‍ന്ന് നട്ടു. മറ്റൊന്ന് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് കാമ്പസിലും.
                ലൂന മോള്‍ക്ക് അഞ്ച് വയസ്സ് തികഞ്ഞ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അതില്‍ പത്തിലധികം കായകള്‍ പിടിച്ചു ! ഇന്നും ആ ചെടി കാണുമ്പോള്‍ ലൂന മോള്‍ സന്തോഷത്തോടെ അതിനെ തലോടി പറയും - എന്റെ ബര്‍ത്ത്ഡെ മരം !!
              അങ്ങനെ സീതപ്പഴം തിന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഉറുമാമ്പഴം തിന്നാന്‍ ആരോ പൂതിപറഞ്ഞത്. വില കാരണം വെറും മൂന്നെണ്ണം മാത്രം വാങ്ങി. ഇത് ഇത്രയും വില കൂടിയ സാധനമാണെങ്കില്‍ അവനെയും ഒന്ന് മുളപ്പിച്ചാലോ എന്നൊരു തോന്നല്‍. പക്ഷേ കുരു പുറത്തെടുക്കണോ വേണ്ടേ എന്നൊരു സംശയം.ആ സംശയത്തിന്മേല്‍ സൈക്കിളെടുത്ത് കൂടാന്‍ നിന്നില്ല.എട്ടു പത്ത് “ചുവപ്പ്മണികള്‍”എടുത്ത് ഗ്രോബാഗിലെ മണ്ണിലാഴ്ത്തി. ദിവസങ്ങള്‍ കഴിഞ്ഞു
 , അതാ ഗ്രോബാഗില്‍ മൂന്ന് പച്കവെളിച്ചം !സാവധാനം അവയും ഭൂമിയിലെ കാറ്റും വെളിച്ചവും ഏറ്റുവാങ്ങാന്‍ തുടങ്ങി.ഇക്കഴിഞ്ഞ നവമ്പറ് 15ന് ഭാര്യയുടെ ജന്മദിനവും ഞങ്ങളുടെ പതിനേഴാം വിവാഹവാര്‍ഷികവും  പ്രമാണിച്ച് അതിലൊന്ന് മുറ്റത്തേക്ക് മാറ്റി.ഒന്ന് മറ്റൊരു സ്ഥലത്തേക്കും.ഒന്ന് ഗ്രോബാഗില്‍ തന്നെ നിലനിര്‍ത്തി.
              മണ്ണിലേക്ക് മാറ്റിയ രണ്ടും വളരാന്‍ മടിച്ച് നില്‍ക്കുമ്പോള്‍ ഗ്രോബാഗിലേത് എന്തോ കാരണത്താല്‍ കോം‌പ്ലാന്‍ കുടിച്ച പയ്യനെപ്പോലെ പൊങ്ങാന്‍ തുടങ്ങി !കഴിഞ്ഞ ആഴ്ച വെറും രണ്ടാം വയസ്സില്‍ അവള്‍ ഋതുമതിയായി !!
ഫോട്ടോ എടുത്തത് : ലുഅ മോള്‍
              ഏതായാലും മഴക്കാലമായിട്ട് വേണം പുര നിറഞ്ഞ് സോറി ഗ്രോബാഗ് നിറഞ്ഞ് നില്‍ക്കുന്ന  ഇവളെയും ഒന്ന് മണ്ണിലേക്ക് കെട്ടിച്ച് വിടാന്‍!!
              ഇതിനിടക്ക് ഒരു മുസമ്പി പരീക്ഷണവും നടത്തി. അവനും മുളച്ച് വന്നെങ്കിലും എന്തോ വളരാന്‍ ഒരു മടിയുണ്ട്. ഈ വര്‍ഷക്കാലത്ത് അവനെയും വേണം ഒന്ന് കോം‌പ്ലാന്‍ കുടിപ്പിക്കാന്‍ (ഈ കോം‌പ്ലാന്‍  ഞാന്‍ തന്നെ ഉണ്ടാക്കുന്നതാണ് - വേപ്പിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കും ചാണകപ്പൊടിയും ചകിരിച്ചോറും മണ്ണും ചേര്‍ത്ത മിശ്രിതത്തില്‍ സ്യൂഡൊമൊണാസ് കൂടി ചേര്‍ത്തതാണ് ഈ കോം‌പ്ലാന്‍ .
നിയമമില്ലാ പ്രകാരമുള്ള മുന്നറിയിപ്പ് :  ഇത് സസ്യങ്ങള്‍ക്ക് മാത്രമുള്ള കോം‌പ്ലാന്‍ ആണ്).

പിരാന്തുകള്‍ തുടരും....

Sunday, April 24, 2016

മുറ്റത്തെ മാവുകള്‍ അഥവാ എന്റെ പിരാന്തുകള്‍

       അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു മാങ്ങക്കാലത്ത് പവിത്രേട്ടന്റെ വീട്ടില്‍ നിന്നും കുറെ മാങ്ങകള്‍ എനിക്ക് തന്നു.അത് കറിയിലും അച്ചാറിലുമായി മുങ്ങിക്കുളിച്ചു ചത്തു. അല്പദിവസം കഴിഞ്ഞ് പവിത്രേട്ടന്‍ തന്നെ കുറച്ച് പഴുത്ത മാങ്ങകളും തന്നു.അവ ഓരോന്നും തിന്ന ശേഷം അതിന്റെ അണ്ടികള്‍ ഞാന്‍ ഒരു കവറിലാക്കി മുളപ്പിച്ചു.മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ വീടൊഴിഞ്ഞ സമയത്ത് അവശേഷിച്ചിരുന്ന ഒരേ ഒരു മാവിന്‍ തൈ ഞാന്‍ അരീക്കോട്ടെത്തിച്ചു. ബാപ്പയുടെ മൂവാണ്ടന്‍ മാവിന്റെ അല്പമകലെയായി അവനും ഒരിടം നല്‍കി.ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍ അവന്‍ എന്നെക്കാളും പൊക്കക്കാരനായി.ഈ മാവിന്റെ ഇല നുള്ളി വാസനിച്ചാല്‍ വായില്‍ നിന്ന് വെള്ളമൂറും !!

       കാലം പിന്നെയും കടന്നുപോയി.കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആയിരിക്കെ ഒരു പരിസ്ഥിതി ദിനത്തില്‍ നടാനായി മനോരമ ദിനപത്രം ഞങ്ങള്‍ക്ക് ധാരാളം വൃക്ഷത്തൈകള്‍ തന്നു.പൂമരങ്ങളും ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും എല്ലാം അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കോളേജിലെ ചില ജീവനക്കാര്‍ക്ക് അവയില്‍ ചില തൈകള്‍ വീട്ടില്‍ നടാന്‍ ആഗ്രഹം.മരം എവിടെ വച്ചുപിടിപ്പിച്ചാലും അത് ഭൂമിക്ക് തണലാകും എന്ന് വിശ്വസിക്കുന്ന ഞാന്‍ അവരുടെ ആഗ്രഹം സഫലീകരിച്ചുകൊടുത്തു.തൈ കൊണ്ടുപോയതില്‍, നേരത്തെ എന്റെ കൂടെ ജോലിചെയ്തിരുന്ന കിഷോര്‍ എന്റെ മുമ്പില്‍ ഒരാശയം അവതരിപ്പിച്ചു.

      കിഷോറിന്റെ വീട്ടില്‍ ധാരാളം നാടന്‍ മാവിന്‍ തൈകളും പ്ലാവിന്‍ തൈകളും ഉണ്ട്.കൊണ്ടുപോയ തൈകള്‍ക്ക് പകരമായി അവ ഇങ്ങോട്ടും തരട്ടെ എന്ന് ചോദിച്ചു.ഞാന്‍ സമ്മതം മൂളി.ഒരാഴ്ച കഴിഞ്ഞ് കിഷോര്‍ കുറെ “സേലന്‍” മാവിന്റെ തൈകള്‍ കൊണ്ടു വന്നു.അതില്‍ മൂന്നെണ്ണം എഞ്ചിനീയറിംഗ് കോളേജ് കാമ്പസ്സില്‍ വലുതായി വരുന്നു.ഒന്ന് എന്റെ വീടിന്റെ സൈഡിലും ഉയരത്തിലേക്ക് കുതിക്കുന്നു.

      കഴിഞ്ഞ വര്‍ഷം കുടുംബസമേതം ബാംഗ്ലൂരില്‍ വിനോദയാത്ര  പോയപ്പോള്‍ അഷ്‌‌റഫിന്റെ ഫ്ലാറ്റില്‍ നിന്നും ഒരു മാങ്ങ തിന്നാനിടയായി.അവന്റെ നാടായ ചാവക്കാട് നിന്നും കൊണ്ടുവന്നതാണ് ഈ മാങ്ങ എന്നറിയിച്ചു.മാങ്ങ തിന്ന ശേഷം അതിന്റെ അണ്ടി ഞാന്‍ പൊതിഞ്ഞെടുത്ത് വീട്ടിലെത്തി ഒരു ഗ്രൊബാഗില്‍ കുഴിച്ചിട്ടു.അത് മുളച്ച് ഇതാ ഇത്രയായി.ഈ വര്‍ഷക്കാലത്ത് അവനെയും ഭൂമിയിലേക്ക് മാറ്റണം എന്ന് ഉദ്ദേശിക്കുന്നു.

     പഞ്ചാരമാങ്ങ എന്ന കുഞ്ഞുമാങ്ങയുണ്ടാകുന്ന വലിയ വലിയ മാവുകള്‍ എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ പറമ്പിലും തൊട്ടടുത്ത പറമ്പിലും ധാരാളം ഉണ്ടായിരുന്നു.അതില്‍ നിന്നും വീഴുന്ന മാങ്ങകള്‍ ഓടിച്ചെന്ന് പെറുക്കുന്ന ആ ട്രൌസര്‍ കാലം ഇന്നും മധുരം കിനിയുന്ന ഓര്‍മ്മകളാണ്. ഇക്കഴിഞ്ഞ ദിവസം ബാപ്പയുടെ കബറിടം സന്ദര്‍ശിക്കാനായി പോയപ്പോള്‍ പള്ളിക്കാടിനടുത്ത് ഒരു മാവില്‍ പഞ്ചാരമാങ്ങകള്‍ തൂങ്ങി നില്‍ക്കുന്നു.അണ്ണാന്‍ ഊമ്പിയിട്ട മാങ്ങയുടെ അണ്ടികള്‍ താഴെയും.കൂടെയുണ്ടായിരുന്ന മോളോട് അതില്‍ രണ്ടെണ്ണം എടുത്ത് കയ്യില്‍ പിടിക്കാന്‍ പറഞ്ഞു.ഇനി അവയും മുളപ്പിക്കണം (ഇന്‍ഷാ അല്ലാഹ്)

പിരാന്തുകള്‍ തുടരുന്നു...

Saturday, April 23, 2016

ബാപ്പയുടെ മൂവാണ്ടന്‍ മാവുകള്‍...

        വെറുതെ ചില കൌതുകങ്ങള്‍ മരിച്ചുപോയ എന്റെ ബാപ്പയില്‍ നിന്നും എനിക്ക് പാരമ്പര്യമായി കിട്ടിയിട്ടുണ്ട്. വീടിനടുത്തുള്ള മറ്റെല്ലാ പറമ്പിലും കോമാങ്ങയും പഞ്ചാര മാങ്ങയും മറ്റു നാടന്‍ മാവുകളും ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.പക്ഷെ ഞങ്ങളുടെ പറമ്പില്‍ മാങ്ങയുണ്ടാകുന്ന എല്ലാ മാവുകളും ഒറ്റ കുടുംബത്തില്‍ നിന്ന് മാത്രം – മൂവാണ്ടന്‍ എന്ന് ബാപ്പ പറഞ്ഞ് തന്ന ആണ്ടില്‍ ഒരിക്കല്‍ മാത്രം കായ്ക്കുന്ന കുറുക്കന്‍ മാവ്. എന്നിട്ടും ബാപ്പ പിന്നെയും അതിന്റെ അണ്ടി മുളപ്പിക്കുകയും പറമ്പില്‍ കുഴിച്ചിടുകയും ചെയ്തു. അങ്ങനെ എന്റെ പുതിയ വീടിനുള്ള സ്ഥലത്തും ബാപ്പ മരിക്കുന്നതിന് മുമ്പ് ഒരു മൂവാണ്ടന്‍ തൈ നട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങള്‍ക്ക് അതില്‍ നിന്നും മാങ്ങകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു.


        ഈ വര്‍ഷം മൂവാണ്ടന്‍ എന്ന പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് ഈ മാവ് പൂത്തത് മൂന്ന് തവണയാണ് – അഥവാ മൂന്ന് ഘട്ടങ്ങളിലായാണ്. നാട്ടിലെ എല്ലാ മാവുകളും പൂക്കുന്ന കാലത്ത് ഞങ്ങളുടെ മാവും പൂത്തു.കണ്ണിമാങ്ങയും പിടിച്ചു.ഏകദേശം ഒന്നര മാസം കഴിഞ്ഞ് വീണ്ടും അതാ മാവ് നിറയെ പൂവ്. അതും കണ്ണിമാങ്ങകളായി മാറി. ആദ്യ ഘട്ടത്തിലെ മാങ്ങകള്‍ മൂത്ത് പഴുത്ത് ഈ വര്‍ഷത്തെ ആദ്യത്തെ മാങ്ങകളായി ഞങ്ങളുടെ വയറ്റിലെത്തി. രണ്ടാം ഘട്ടത്തിലെ മാങ്ങകള്‍  മൂപ്പെത്തിത്തുടങ്ങുമ്പോളതാ രണ്ട് മൂന്ന് കുല പൂക്കള്‍ വീണ്ടും! അവയും ഇപ്പോള്‍ കണ്ണിമാങ്ങകളായി വരുന്നു.

       തലയില്‍ തട്ടുന്ന രൂപത്തില്‍ വീട്ടുമുറ്റത്ത് കുലകളായി തൂങ്ങി നില്‍ക്കുന്ന മാങ്ങകള്‍ കണ്ട് വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും രണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് – ഒന്നാമത്തേത് ഒട്ടുമാവ് ആണോ ? രണ്ടാമത്തേത് ഇവിടെ കുട്ടികള്‍ ഒന്നും ഇല്ലേ? എന്റെ ഉത്തരം ഇത്രമാത്രം - കുട്ടികള്‍ മാങ്ങയെ തല്ലില്ല, തലോടും. മാവിന്റെ ചുവട്ടില്‍ കളിക്കും, കളിയാക്കില്ല. മാവിന് വെള്ളം ഒഴിക്കും, പഴിക്കില്ല. അതുകൊണ്ട് ഓരോ വര്‍ഷവും മാങ്ങയുടെ എണ്ണം കൂടിക്കൂടി വരുന്നു.

       രണ്ടാം ഘട്ടത്തിലെ മാങ്ങകള്‍ മൂപ്പെത്തിയപ്പോഴാണ് ഈ വര്‍ഷം എനിക്ക് അവയെ ഒന്ന് ശ്രദ്ധിക്കാന്‍ സാധിച്ചത്.ഈ വര്‍ഷത്തെ ആദ്യത്തെ മാങ്ങാപറിക്കല്‍ കഴിഞ്ഞാഴ്ച എന്റെ ചെറിയ മകള്‍ ലൂന ഉത്ഘാടനം ചെയ്തു.

      ആദ്യ വിളവെടുപ്പിലെ മാങ്ങകള്‍ അയല്‍‌വാസികള്‍ക്കിടയില്‍ വിതരണം ചെയ്തു. ഇന്ന് രണ്ടാം ഘട്ട മാങ്ങാപറിക്കല്‍ നടത്തി.രണ്ടാമത്തെ മോള്‍ ലുഅയുടെ സുഹൃത്തുക്കളായി എത്തിയ കുട്ടികള്‍ അവര്‍ക്കുള്ള മാങ്ങ പറിച്ച് രണ്ടാം ഘട്ട മാങ്ങാപറിക്കല്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. മാങ്ങ പഴുപ്പിച്ച് തിന്ന ശേഷം അതിന്റെ അണ്ടി മുളപ്പിച്ച് തൈ നടണം എന്ന ഉപദേശത്തോടെ അവരെയും യാത്രയാക്കി.

       ഒരു കൌതുകത്തിന് ബാപ്പ നട്ട ആ മാവില്‍ നിന്നും എത്രയോ വീടുകളില്‍ മാങ്ങ എത്തി, ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. കാക്കയും അണ്ണാനും എന്നും മാങ്ങകള്‍ തിന്നുകൊണ്ടിരിക്കുന്നു. ബാപ്പ തുടങ്ങി വച്ച ആ കൌതുകത്തിന്റെ ബാക്കിഭാഗം ഞാന്‍ ഏറ്റെടുത്തു. എന്റെ ചില പിരാന്തുകള്‍ അടുത്ത ദിവസം....


Monday, April 18, 2016

നാലാം പിതാവ്!

അല്‍ഹംദുലില്ലാഹ് .....
ഞങ്ങളുടെ പ്രാര്‍ത്ഥനക്ക് ദൈവം വീണ്ടും ഉത്തരം നല്‍കി.
നാലാമത്തെ കുഞ്ഞിനെ  സിസേറിയന്‍  ശസ്ത്രക്രിയയിലൂടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (15/4/2016) രാവിലെ 9:52ന് പുറത്തെടുത്തതോടെ ഞാന്‍ വീണ്ടും ഒരു പിതാവായി !
എന്റെ മൂന്ന് സിസേറിയന്‍ പെണ്‍ മക്കള്‍ക്കും കൂടപ്പിറപ്പായി ഇത്തവണ ദൈവം തന്നത് ഒരു ആണ്‍‌തരിയെ....
അമ്മയും കുഞ്ഞും പിതാവും (!!) ആശുപത്രിയില്‍ സുഖമായിരിക്കുന്നു.

Thursday, April 14, 2016

അറബിക്കടലിന്റെ പേര് ...

         കിഴക്കെകോട്ടയില്‍ നിന്നും ശംഖുമുഖത്തേക്ക് ഞങ്ങള്‍ പുറപ്പെടുമ്പോള്‍ തന്നെ സമയം അഞ്ചരയോട് അടുത്തിരുന്നു.എട്ടരക്കുള്ള ട്രെയിനില്‍ തിരിച്ചു പോകേണ്ടതിനാല്‍ ശംഖുമുഖത്ത് പോകണോ വേണ്ടയോ എന്ന ഒരു ചോദ്യം എന്റെ മനസ്സില്‍ ഉരുണ്ട്കൂടിക്കൊണ്ടിരുന്നു. അതൊരു കാര്‍മേഘമായി മാറുന്നതിന് മുമ്പ് ശംഖുമുഖം ബസ് വന്നതിനാല്‍ കുട്ടികള്‍ എല്ലാവരും ചാടിക്കയറി
        ദൂരം കുറവാണെങ്കിലും മുക്കാല്‍ മണിക്കൂറോളം യാത്ര ചെയ്താണ് ഞങ്ങള്‍ ശംഖുമുഖത്തെത്തിയത്. സൂര്യാസ്തമന സമയമായതിനാല്‍ ശരിയായ നേരത്തായിരുന്നു ഞങ്ങളുടെ എത്തിച്ചേരല്‍. ശംഖുമുഖത്തിന്റെ മുഖമുദ്രയായ ശ്രീ കാനായി കുഞ്ഞിരാമന്റെ “മത്സ്യകന്യക” തന്നെയായിരുന്നു ആദ്യം സന്ദര്‍ശിച്ചത്.
          ബീച്ചില്‍ ഏതോ ഒരു പുതിയ ബിസിനസ്സിന്റെ പ്രചരണാര്‍ത്ഥം ഒരു ഗാനമേള നടക്കുന്നുണ്ടായിരുന്നു. കുറെ ശബ്ദകോലാഹലങ്ങള്‍ മാത്രമായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്.എന്നാല്‍ അല്പം അകലെ നിന്ന് മലയാളത്തിലെ അനശ്വരഗാനങ്ങള്‍ ഒഴുകി എത്തുന്നുണ്ടായിരുന്നു.അങ്ങോട്ട് പോകാന്‍ സമയമില്ലാത്തതിനാല്‍ തല്‍ക്കാലം ചെവിമാത്രം അങ്ങോട്ട് കൊടുത്തുകൊണ്ട് ഞങ്ങള്‍ കടലിനടുത്തേക്ക് നീങ്ങി.

           അപ്പോഴാണ് ഒരാള്‍ക്കൂട്ടം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.കുറെ കലാകാരന്മാര്‍ ഒരു മണല്‍ശില്പം ഉണ്ടാക്കിയതായിരുന്നു അത്.ശില്പങ്ങളില്‍ എല്ലാം സ്ത്രീകള്‍ക്കാണ് സ്ഥാനം എന്ന സത്യം അരക്കിട്ടുറപ്പിച്ച് ഈ മണല്‍ശില്പവും മനസ്സിലേക്ക് കുടിയേറി.

“സാര്‍...ഒരു സംശയം ചോദിക്കട്ടെ?” വയനാട്ടുകാരി ഹന്നയുടെ ചോദ്യം.

“ഓകെ...”

“ഈ കടലിന് അറബിക്കടല്‍ എന്ന് പറയുന്നത് എന്തുകൊണ്ടാ?”

“അതിന്റെ ഉത്തരം വയനാട്ടുകാരന്‍ തന്നെയായ ജിന്‍ഷാദ് പറയും...” ഞാന്‍ തല്‍ക്കാലം തടിതപ്പി.

“വെരി സിമ്പിള്‍...ഈ കടല്‍ കടന്നാല്‍ നേരെ എത്തുന്നത് അറെബ്യയിലാണ്...അപ്പോള്‍ അറെബ്യയിലേക്കുള്ള കടല്‍ എന്ന അര്‍ത്ഥത്തില്‍ അറബിക്കടല്‍ എന്ന് പേരിട്ടു...” ജിന്‍ഷാദ് സമര്‍ത്ഥമായി ഒപ്പിച്ചു.

“അപ്പോള്‍ അറെബ്യയില്‍ ഈ കടലിന്റെ പേരെന്തായിരിക്കും?”

“അറെബ്യയില്‍ നിന്നും നോക്കുമ്പോള്‍ കടലിനിക്കരെ ഇന്ത്യാ മഹാരാജ്യം...അപ്പോള്‍ കടലിന്റെ പേര്‍ ഇന്ത്യന്‍ മഹാ സമുദ്രം...!!”

“ങേ!!ഒരേ കടലിന് അങ്ങോട്ട് പോകുമ്പോള്‍ ഒരു പേരും ഇങ്ങോട്ട് വരുമ്പോള്‍ മറ്റൊരു പേരും..??”

“അതിലെന്താ ഇത്ര അത്ഭുതം?ഒരേ ട്രെയിനിന് അങ്ങോട്ട് പോകുമ്പോള്‍ ഒരു നമ്പറും ഇങ്ങോട്ട് വരുമ്പോള്‍ മറ്റൊരു നമ്പറും ആകുന്നില്ലേ?” ജിന്‍ഷാദ് തന്റെ ഉത്തരത്തെ പ്രതിരോധിച്ചതോടെ ഹന്ന ചോദ്യം നിര്‍ത്തി.

“ഓകെ...ഇനിയും ഇവിടെ നിന്നാല്‍ വണ്ടിയില്‍ ചാടിക്കയറേണ്ടി വരും...” ഞാന്‍ സമയം ബോധിപ്പിച്ചു.

“അതെ മടങ്ങാം സാര്‍....ഇന്നലെത്തന്നെ ഒരു വിധം രക്ഷപ്പെട്ടതാ...”എല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞു.കിട്ടിയ പെട്ടി ഓട്ടോയില്‍ കുത്തിക്കൊള്ളിച്ച് ഞങ്ങള്‍ ശംഖുമുഖത്ത് നിന്നും തമ്പാനൂരിലെത്തി.തമ്പാനൂരിന്റെ മുഖമുദ്രയായ കോഫീ ഹൌസില്‍ നിന്നും ഭക്ഷണവും കഴിച്ച് നാട്ടിലേക്ക് വണ്ടി കയറിയതോടെ അനുഭവസമ്പന്നമായ ഈ യാത്രയും അവസാനിച്ചു.


(അവസാനിച്ചു.)

Wednesday, April 13, 2016

അപ്രതീക്ഷിതങ്ങള്‍....


        പ്രോഗ്രാം ഷെഡ്യൂളിനെക്കുറിച്ച് നേരത്തെ ധാരണ ഇല്ലാതിരുന്നതിനാല്‍ മാര്‍ച്ച് 8ന് രാത്രി എട്ടരക്കുള്ള മംഗലാപുരം എക്സ്പ്രെസ്സിലായിരുന്നു ഞങ്ങള്‍ മടക്കയാത്ര തീരുമാനിച്ചത്.ഒരു മാരത്തോണ്‍ കണക്കെ മാര്‍ച്ച് 7ന് ആരംഭിച്ച് മാര്‍ച്ച് 8ന് പുലര്‍ച്ചെ 1 മണിക്ക് തിരുവനന്തപുരം മാനവീയം വീഥിയിലെ ഒത്തുചേരലോടെ പ്രോഗ്രാം അവസാനിച്ചപ്പോള്‍ അടുത്ത ഒരു പകല്‍ മുഴുവന്‍ ഞങ്ങളുടെ മുന്നില്‍ ശൂന്യമായി കിടപ്പുണ്ടായിരുന്നു.ജര്‍മ്മനിയില്‍ നിന്നും കേരളത്തിലേക്ക് സൈക്കിളിലെത്തിയ പാട്രിക് ഉള്‍പ്പെടുന്ന സൈക്ലിംഗ് ടീമിന്റെ കൂടെ തിരുവനന്തപുരത്തെ രാജവീഥിയിലൂടെ  സൈക്കിളോടിക്കാനും അപ്രതീക്ഷിതമായി അന്ന് എനിക്ക് ഭാഗ്യം ലഭിച്ചു.
        പ്രോഗ്രാം കഴിഞ്ഞ് രാത്രി മൂന്ന് മണിയോടെ എല്ലാവരും റൂമില്‍ തിരിച്ചെത്തി. തിരുവനന്തപുരം കാണാത്തവര്‍ എന്റെ കൂടെ ഉണ്ടായിരുന്നതിനാലും കോളേജിന്റെ യശ്ശസ് ഉയര്‍ത്തിയ ടീം ആയതിനാലും പിറ്റേന്ന് പകല്‍ മക്കളെയും കൊണ്ട് ഒന്ന് കറങ്ങാം എന്ന് ഞാന്‍ തീരുമാനിച്ചു.

“നമുക്കാദ്യം കാഴ്ചബംഗ്ലാവില്‍ പോകാം...പിന്നെ മ്യൂസിയം , ആര്‍ട്ട്ഗ്യാലറി എല്ലാം കഴിഞ്ഞ് ഊണും കഴിച്ച് ശംഖുമുഖത്തേക്ക്...” ഞാന്‍ പറഞ്ഞു.

“ഓകെ സാര്‍...” എല്ലാവരും സമ്മതം മൂളി.

“സാര്‍ ... കാഴ്ചബംഗ്ലാവിലേക്കാണെങ്കില്‍ ഒരു മിനുട്ട്....ഞാന്‍ ബാപ്പയെ ഒന്ന് വിളിക്കട്ടെ...” മികച്ച നടന്‍ വാസിഹ് പറഞ്ഞു.

“നീ പേടിക്കേണ്ടടാ....അവിടെയുള്ള സിംഹവും കടുവയും ഒക്കെ വയസ്സന്മാരാ...ഒന്നും ചെയ്യില്ല” ഈ അടുത്ത് അവിടം സന്ദര്‍ശിച്ച ആരോ പറഞ്ഞു.

“അല്ല....ബാപ്പയുടെ പരിചയക്കാരനാണ് .....”

“ങേ!! കാഴ്ചബംഗ്ലാവിലോ?നിന്റെ കോലവും അഭിനയവും കണ്ടപ്പഴേ അന്ന് കോഴിക്കോട് ക്യാമ്പില്‍ നിന്ന് ചിലര്‍ പറഞ്ഞതാ മുന്‍‌ജന്മത്തില്‍ കാഴ്ചബംഗ്ലാവിലായിരുന്നു എന്ന് തോന്നുന്ന് എന്ന്....” ഹന്ന കിട്ടിയ അവസരം മുതലെടുത്തു.

         വാസിഹ് ഇതിനിടയില്‍ ബാപ്പയെ വിളിച്ച് മ്യൂസിയത്തില്‍ ജോലി ചെയ്യുന്ന നാട്ടുകാരനും പിതാവിന്റെ സുഹൃത്തുമായ രാജേന്ദ്രന്‍ എന്നയാളുടെ നമ്പര്‍ സംഘടിപ്പിക്കുകയും അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. നേരെ നേപ്പിയര്‍ മ്യൂസിയത്തിന്റെ മുന്നിലെത്താന്‍ ഞങ്ങള്‍ക്ക് നിര്‍ദ്ദേശം കിട്ടി.

        മ്യൂസിയത്തിന് മുന്നില്‍ ഞങ്ങളെയും പ്രതീക്ഷിച്ച് മ്യൂസിയം സൂപ്രണ്ട് രാജേന്ദ്രന്‍ സാര്‍ നില്‍പ്പുണ്ടായിരുന്നു.പ്രവേശന ഫീ ഒന്നും ഇല്ലാതെ ഞങ്ങള്‍ അകത്തേക്ക് ആനയിക്കപ്പെട്ടു.1855-ല്‍ ബ്രിട്ടീഷുകാരനായ നേപ്പിയര്‍ നിര്‍മ്മിച്ച ഇന്ത്യയിലെത്തന്നെ രണ്ടാമത്തെ മ്യൂസിയത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നതെന്നും രണ്ടായിരത്തിലധികം കാഴ്ചവസ്തുക്കള്‍ കാണാനുണ്ടെന്നും രാജേന്ദ്രന്‍ സാര്‍ അറിയിച്ചു.തുടര്‍ന്ന് ഞങ്ങള്‍ മ്യൂസിയം മുഴുവന്‍ നടന്ന് കണ്ടു.
       അടുത്തതായി ശ്രീ ചിത്രാ ആര്‍ട്ട് ഗ്യാലറിയിലേക്ക് രാജേന്ദ്രന്‍ സാര്‍ ഞങ്ങളെ നയിച്ചു.പോകുന്ന വഴിക്ക് കാഴ്ചബംഗ്ലാവിന്റെ ഗേറ്റില്‍ നില്‍ക്കുന്ന ആളോട് ആര്‍ട്ട് ഗ്യാലറി കണ്ട് തിരിച്ച് വരുന്ന ഈ സംഘത്തെ അകത്തേക്ക് കയറ്റിവിടാന്‍ പറയാനും രാജേന്ദ്രന്‍ സാര്‍ മറന്നില്ല.

        രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവുമായിരുന്ന രാജാ രവിവര്‍മ്മ ചിത്രങ്ങള്‍കൊണ്ട് സമ്പുഷ്ടമായ ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറിയില്‍ ഇത്തവണ രാജേന്ദ്രന്‍ സാറുടെ അതിഥികളായി ചെന്നപ്പോഴാണ് രവിവര്‍മ്മയുടെ ഗുരു എന്ന് അപ്പോള്‍ അറിഞ്ഞ ഫ്രാങ്ക് ബ്രൂക്സ് വരച്ച  “ലേഡി വിത്  എ ഫാന്‍” എന്ന ത്രിമാനചിത്രം ശ്രദ്ധയില്‍ പെട്ടത്. നാം ഏത് ഭാഗത്തേക്ക് നിന്ന് നോക്കിയാലും അവള്‍ ആ ഭാഗത്തേക്ക് തല ചെരിച്ചു നോക്കുന്നതായി തോന്നുന്ന തരത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അങ്ങനെയൊരു ചിത്രം വരച്ച ആ കലാകാരനെ ഞങ്ങള്‍ നമിച്ചു.

         ആര്‍ട്ട്ഗ്യാലറിക്ക് ശേഷം നേരത്തെപറഞ്ഞപോലെ കാഴ്ചബംഗ്ലാവിലും ഞങ്ങള്‍ സൌജന്യമായി കയറി, മൃഗങ്ങളെയും പക്ഷികളെയും പാമ്പുകളെയും എല്ലാം കണ്ടു.
തിരിച്ച് നേപ്പിയര്‍ മ്യൂസിയത്തിലെത്തി ഞങ്ങള്‍ക്ക് ഇത്തരം ഒരവസരം ഒരുക്കിത്തന്ന രാജേന്ദ്രന്‍ സാറിന് എന്‍.എസ്.എസ് ക്ലാപ്പോട് കൂടിയ നന്ദി അര്‍പ്പിച്ച് അടുത്ത പരിപാടിയായ ആമാശയവിപുലീകരണത്തിലേക്ക് നീങ്ങി.


(തുടരും....)

Tuesday, April 12, 2016

അംഗീകാരത്തിന്റെ തിളക്കം....

2.അവര്‍ തിരക്കിലാണ്....
3. ക്രാഷ് ലാന്റിംഗ്

         സമയം 9 മണി കഴിഞ്ഞിരുന്നു.ക്യാമ്പ് നടക്കുന്ന പൂജപ്പുര എല്‍.ബി.എസ്.കോളെജില്‍ പ്രാതല്‍ ഉണ്ടാകും എന്നറിയിച്ചിരുന്ന‍തിനാല്‍ ഭക്ഷണം അവിടെ എത്തിയിട്ടാകാം എന്ന് തീരുമാനമായി (എങ്ങനെ സംഭവിച്ചു എന്നറിയില്ല).

“സാര്‍ , ഇതൊന്ന് സ്പൈറല്‍ ബൈന്റ് ചെയ്യണം...” രാത്രി മുഴുവന്‍ ഇരുന്ന് തയ്യാറാക്കിയ മാഗസിന്‍ പേപ്പറുകള്‍ അടുക്കിപ്പിടിച്ച് സഹ്‌വ പറഞ്ഞു.

“അതെ...എസ്.എസ്.കോവില്‍ റോഡില്‍ ബുക്ക്സ്റ്റാളുകള്‍ കാണും....രണ്ട് പേര്‍ വേഗം പോയി നോക്ക്...”

        അബ്ദുവും വാസിഹും ഹന്നയും സഹ്‌വയും ഞാന്‍ കാണിച്ച വഴിയെ ഓടി , ബൈന്റിംഗ് സ്ഥലം കണ്ടെത്തി.കട്ട് ചെയ്യാന്‍ തൊട്ടടുത്തുള്ള ഒരു പ്രിന്റിംഗ് പ്രെസ്സും കണ്ടെത്തി തുറപ്പിച്ചു!പേജുകള്‍ വൃത്തിയായി കട്ട് ചെയ്ത് ബൈന്റ് ചെയ്ത് മാഗസിനായി കയ്യില്‍ കിട്ടിയപ്പോള്‍ അത് വരെ കഷ്ടപ്പെട്ടതിന്റെ ഫലം സംതൃപ്തിയുടെ പുഞ്ചിരിയായി സഹ്‌വയുടെയും ടീമിന്റെയും മുഖത്ത് ഞാന്‍ കണ്ടു.

         കോളെജില്‍ എത്തിയ ഉടനെ തന്നെ വിവിധ മത്സരങ്ങളില്‍ ഞങ്ങള്‍ രെജിസ്റ്റര്‍ ചെയ്തു.കയ്യെഴുത്ത് മാഗസിന്‍, ഷോര്‍ട്ട് ഫിലിം,തെരുവ് നാടകം , തീം സോംഗ് എന്നീ ഇനങ്ങ്ളിലായിരുന്നു ഞങ്ങള്‍ പങ്കെടുത്തത്.ഡിജിറ്റല്‍ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിരുന്നെങ്കിലും പ്രിന്റഡ് കോപ്പി ഇല്ലാത്തതിനാല്‍ മത്സരിക്കാന്‍ സാധിച്ചില്ല.

         മത്സരത്തില്‍ പങ്കെടുക്കുന്ന മാഗസിനുകളും പോസ്റ്ററുകളും ചുമര്‍ പത്രികകളും എല്ലാം പ്രദര്‍ശനത്തിന് വച്ചിരുന്നു.താല്‍കാലികമായി സജ്ജീകരിച്ച ഒരു മുറിയില്‍ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും നടന്നു.എട്ട് ടീമുകള്‍ പങ്കെടുത്ത തെരുവ് നാടകം എല്ലാവര്‍ക്കും കാണാവുന്ന വിധത്തില്‍ ആംഫി തിയേറ്ററിലും നടത്തി.

        മറ്റ് മാഗസിനുകളുടെ കെട്ടും മട്ടും ഉള്ളടക്കവും കണ്ടതോടെ ഒരു രാത്രികൊണ്ട് തട്ടിക്കൂട്ടിയ ഞാന്‍ പ്രതീക്ഷയര്‍പ്പിച്ച ഞങ്ങളുടെ മാഗസിന്റെ കാര്യത്തില്‍ തീരുമാനമായിരുന്നു.വാസിഹ് രചിച്ച് സംവിധാനം ചെയ്ത തീം സോംഗും അന്ന് രാവിലെ ഇ-മെയില്‍ വഴി കിട്ടിയ ഷോര്‍ട്ട് ഫിലിമും ഞാന്‍ കേട്ടിട്ടോ കണ്ടിട്ടോ ഉണ്ടായിരുന്നില്ല.തെരുവ്നാടകത്തിന്റെ റിഹേഴ്സലിന്റെ ഒരു ഭാഗം കണ്ടിരുന്നതിനാല്‍ അത് കാണാമെന്ന ധാരണയില്‍ ഞാന്‍ ആംഫി തിയേറ്ററിലെത്തി.

         വിവിധ ടീമുകള്‍ തെരുവ്നാടകത്തിന്റെ തനത് വസ്ത്രാലങ്കാരങ്ങള്‍ നടത്തി, വാദ്യ ഉപകരണങ്ങള്‍ ഉപയോഗിച്ച്, രംഗ സജ്ജീകരണങ്ങള്‍ നടത്തി നാടകം അവതരിപ്പിക്കുന്നത് കണ്ട് എന്റെ മനസ്സ് വീണ്ടും പിടഞ്ഞു.പ്രത്യേകം ഡ്രെസ്സില്ലാതെ , ഉപകരണങ്ങള്‍ ഇല്ലാതെ , നേരത്തെ അഭിനയിച്ചിരുന്ന രണ്ട് അഭിനേതാക്കള്‍ ഇല്ലാതെ എത്തിയ എന്റെ പാവം മക്കള്‍ ഇതൊക്കെ കണ്ട് ആശ കൈവിടുമോ എന്നായിരുന്നു എന്റെ ഭയം.അല്പം താമസിച്ച് വന്ന് നാടകം എല്ലാം അവസാനിക്കുന്നത് വരെ അവിടെ നിന്ന എനിക്ക് എന്റെ മക്കളുടെ പ്രകടനം കാണാനും സാധിക്കാത്തതോടെ എന്റെ ആധി കൂടി.പക്ഷേ, പിന്നീടാണ് ആര്‍ ആദ്യം അവതരിപ്പിക്കും എന്ന ചോദ്യത്തിനുള്ള മറുപടിയായി ചങ്കൂറ്റത്തോടെ അവര്‍ ഒന്നാമതായി വന്നത് ഞാന്‍ അറിഞ്ഞത്.അതിനാലായിരുന്നു എനിക്ക് അത് കാണാന്‍ സാധിക്കാഞ്ഞത്.

          അന്ന് രാത്രി ജെന്‍സിസ് പ്രൊജക്ടിന്റെ ഔദ്യോഗിക സമാപനവും മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തുന്ന ചടങ്ങ് ആരംഭിച്ചു.എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് , അതുവരെ പിന്നിലെവിടെയോ ഒതുങ്ങിക്കൂടിയിരുന്ന എന്റെ മക്കള്‍ ഒന്നാമത്തെ നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു!

         ചടങ്ങിലെ പ്രഭാഷണങ്ങള്‍ കഴിഞ്ഞു.വിവിധ യൂണിറ്റുകള്‍ക്കുള്ള അംഗീകാരപത്ര വിതരണവും കഴിഞ്ഞു. പിന്നീട് മത്സര ഇനങ്ങളുടെ  ഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങി.ഒന്നിലും എന്റെ കോളേജിന്റെ പേര്‍ ഉയര്‍ന്ന് കേട്ടില്ല.അവസാനമായി തെരുവ്നാടകത്തിന്റെ ഫലം – ഞാന്‍ വെറുതെ ഒന്ന് കാത് കൂര്‍പ്പിച്ചു....
“തെരുവ്നാടകം ഒന്നാം സ്ഥാനം .... എഞ്ചിനീയറിംഗ് കോളേജ് , പെരിന്തല്‍മണ്ണ,മലപ്പുറം (കൃത്യമായ ഡ്രസ്കോഡ് സഹിതമായിരുന്നു അവരുടെ അവതരണം) , രണ്ടാം സ്ഥാനം ഗവ.എഞ്ചിനീയറിംഗ് കോളേജ് , വയനാട് ! തെരുവ്നാടകത്തിലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍  - അബ്ദുല്‍ വാസിഹ് കെ.എ , ഗവ.എഞ്ചിനീയറിംഗ് കോളേജ് , വയനാട് !!“
 അല്‍ഹംദുലില്ലാഹ്, ദൈവത്തിന് സര്‍വ്വസ്തുതിയും യൂണിറ്റ് ഏറ്റെടുത്ത് ആദ്യവര്‍ഷത്തില്‍ തന്നെ സംസ്ഥാനതലത്തില്‍ മികച്ച രണ്ട് അംഗീകാരങ്ങള്‍. മക്കളെ ഓരോരുത്തരെയും കൈ പിടിച്ച് കുലുക്കി അഭിനന്ദിച്ച് ഭക്ഷണത്തിനായി നീങ്ങാന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കി.

        മറ്റെല്ലാവരും ഭക്ഷണത്തിന് പോയ സമയത്ത് ,ഭിന്നലിംഗക്കാരുടെ പ്രതിനിധിയായി ക്യാമ്പില്‍ അതിഥിയായെത്തിയ സന്ധ്യാരാജന്റെ കൂടെ സെല്‍ഫി എടുക്കാന്‍ എന്റെ മക്കള്‍ അണിനിരന്നു.അപ്പോഴാണ് ഒരു പ്രെസ് ടീമിന്റെ വരവ്.പിറ്റേ ദിവസം നഗരത്തിലിറങ്ങിയ , ഇന്ത്യയിലെ ഏറ്റവും പ്രചാരം കൂടിയ പത്രമായ ടൈംസ് ഓഫ് ഇന്ത്യയില്‍ ,പരിപാടിയുടെ ന്യൂസിന്റെ കൂടെ വന്നത് എന്റെ മക്കളുടെ ഈ ഫോട്ടോ ആയിരുന്നു !


(തുടരും....)

Monday, April 11, 2016

ക്രാഷ് ലാന്റിംഗ്


      സുബ്‌ഹ് നമസ്കാരത്തിനായി രാവിലെ അഞ്ചരക്ക് ഞാന്‍ എണീറ്റു. എന്റെ കൂടെയുള്ള‍ പത്ത് മക്കളില്‍ ഒമ്പതും നല്ല ഉറക്കത്തിലാണ്. സഹ്‌വ മാത്രം അപ്പോഴും ഉണര്‍ന്നിരുന്ന് കര്‍മ്മനിരതയാണ്.

“സഹ്‌വ.....എന്തായി മാഗസിന്‍?”

“ഇനി ഫിനിഷിംഗ് ടച്ചുകള്‍ മാത്രം...”

“എഴുത്ത് മുഴുവന്‍ കഴിഞ്ഞോ?”

“ഇല്ല.... തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കഴിയും...”

“എട്ടരക്ക് തിരുവനന്തപുരത്ത് എത്തും...”

          വണ്ടി കൃത്യസമയത്ത് തന്നെ തിരുവനന്തപുരത്ത് എത്തി.മാഗസിനില്‍ ബോര്‍ഡര്‍ ഇടലും , തലക്കെട്ടെഴുത്തും , ഉള്ളടക്കം എഴുത്തും തുടങ്ങീ പലതും അപ്പോഴും ബാക്കിയായിരുന്നു. ഉറക്കമൊഴിഞ്ഞ് കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ എഴുതിയ സ്ഥിതിക്ക് ബാക്കി പണികൂടി തീര്‍ത്ത് മത്സരത്തിന് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

“ഈ ട്രെയിന്‍ ഇവിടം വരെയല്ലെയുള്ളൂ‍...” ഞാന്‍ ചോദിച്ചു.

“അതേ.... തിരുവനന്തപുരം വരെ..” ആരോ ഉത്തരം പറഞ്ഞു.

“എങ്കില്‍ നമുക്കിതില്‍ തന്നെ ഇരുന്ന് പണി മുഴുവനാക്കാം സാര്‍....”ഏതോ ഒരു പെണ്‍ബുദ്ധി പ്രവര്‍ത്തിച്ചു.

“എങ്കിലും ഒരു കണ്ണ് പുറത്തേക്ക് വേണം...” ഞാന്‍ സമ്മതിച്ചു.

         ഞങ്ങള്‍ എല്ലാവരും വിവിധ പ്രവൃത്തികളില്‍ മുഴുകി. കമ്പാര്‍ട്ട്മെന്റുകള്‍ മുഴുവന്‍ കാലിയായി.പത്തോ പതിനഞ്ചോ മിനുട്ട് കഴിഞ്ഞ് രണ്ട് പേര്‍ വന്ന് ബോഗിയിലെ വൈദ്യുതി ഓഫാക്കി.

“സാര്‍....വണ്ടി നീങ്ങുന്നുണ്ടോ എന്നൊരു സംശയം....” പുറത്തേക്ക് നോക്കി ആരോ പറഞ്ഞു.

“അത്...ആ വണ്ടിയാ....” തൊട്ടപ്പുറം നിര്‍ത്തിയിട്ട വണ്ടി നീങ്ങുന്നത് കാണിച്ച് ഞാന്‍ പറഞ്ഞു.

“കൂ....” ഞങ്ങളുടെ വണ്ടി ഒന്ന് കൂകി, പിന്നാലെ അത് മെല്ലെ നീങ്ങാന്‍ തുടങ്ങി.

“സാര്‍....വണ്ടി നീങ്ങുന്നു!!” ആരോ വിളിച്ചു പറഞ്ഞു.

“ശരിയാ..വേഗം ഇറങ്ങ്....”

           ബാഗുകള്‍ എല്ലാം റെഡിയാക്കി വച്ചിരുന്നതിനാല്‍ ആണ്‍കുട്ടികള്‍ ചാടിയിറങ്ങി.സീറ്റില്‍ പരന്നു കിടന്ന വിവിധ സാധനങ്ങള്‍ എല്ലാം ധൃതിയില്‍ പെറുക്കി കൂട്ടിയപ്പോഴേക്കും വണ്ടിയുടെ വേഗം കൂടി. വാതിലിനടുത്തേക്ക് നീങ്ങി പെണ്‍കുട്ടികളും ഓരോരുത്തരായി പുറത്തേക്ക് ചാടി.ചാടണോ വേണ്ടേ എന്ന് സംശയിച്ചു വാതിലിനടുത്ത് നിന്ന സഹ്‌വയെ പുറത്ത് നിന്നും ആരോ വലിച്ചു.ഞാന്‍ ചാടാന്‍ നോക്കുമ്പോഴേക്കും വണ്ടി അത്യാവശ്യം വേഗത്തിലായി !!

        ഓടുന്ന വണ്ടിയില്‍ നിന്നും മുന്നോട്ട് ചാടണം എന്ന ജഡത്വനിയമം 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ചത് ഓര്‍മ്മിച്ചുകൊണ്ട് രണ്ടും കല്പിച്ച് ഞാന്‍ വണ്ടിയുടെ അതേ ദിശയില്‍ മുന്നോട്ട് ചാടി....ഒരു നിമിഷം...ഒന്നുലഞ്ഞ് നിവര്‍ന്ന് ഞാന്‍ സുരക്ഷിതനായി പ്ലാറ്റ്ഫോമില്‍ ലാന്റ് ചെയ്തു !

       സ്ഥാവരജംഗമ വസ്തുക്കളും കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ ഉറക്കമിളച്ചതിന്റെ കടലാസ് കഷ്ണങ്ങളും തിരിച്ച് കിട്ടിയതിന്റെ സന്തോഷവും ,ഓടുന്ന വണ്ടിയില്‍ നിന്നും സുരക്ഷിതരായി ചാടി ഇറങ്ങിയതിന്റെ ത്രില്ലും ആയിരുന്നു പലരുടെയും മുഖത്ത് അപ്പോള്‍ ദര്‍ശിച്ചിരുന്നത്.അവസാന സ്റ്റോപ്പില്‍ നിര്‍ത്തിയ വണ്ടി ഇത്ര വേഗത്തില്‍ എങ്ങോട്ടാണ് ഓടുന്നത് എന്ന് മനസ്സിലാകാതെ ഓടിമറയുന്ന വണ്ടിയെ നോക്കി ഞാനും നിന്നു.

(തുടരും....)

Sunday, April 10, 2016

അവര്‍ തിരക്കിലാണ്....

1.ഒരു പ്രൊജക്ട് ഇന്‍ ചാര്‍ജ്ജിന്റെ ദയനീയത... 

        സമയം12 മണി കഴിഞ്ഞിട്ടും മലബാ‍ര്‍ എക്സ്പ്രസിന്റെ എസ് ‌‌-3 കമ്പാര്‍ട്ട്മെന്റിലെ രണ്ടാം നമ്പര്‍ കാബിനില്‍  വെളിച്ചം അണഞ്ഞിരുന്നി‍ല്ല. അവിടെ എന്റെ വളന്റിയര്‍മാര്‍  തിരക്കിട്ട പണികളിലായിരുന്നു.പിറ്റെ ദിവസം മത്സര ഇനങ്ങളിലേക്കുള്ള വിവിധ എന്‍ട്രികള്‍ തയ്യാറാക്കുന്ന തിരക്കില്‍.

        നാല് മാസമായി പേറ്റ് നോവനുഭവിച്ച കയ്യെഴുത്ത് ത്രൈമാസിക “തിരുത്ത്” റിലീസ് ചെയ്തതിന്റെ ക്ഷീണവും കൊണ്ടാണ് അതിന്റെ മുഖ്യ ശില്പികളിലൊരാളായ സഹ്‌വ ഷിനു ട്രെയിന്‍ കയറിയത്.നാളെ കയ്യെഴുത്ത് മാഗസിന്‍ മത്സരങ്ങളിലേക്കുള്ള കോപ്പി തയ്യാറാക്കുന്നതും സഹ്‌വ  തന്നെ.

“സഹ്‌വ എന്തായി മാഗസിന്‍?” ഞാന്‍ ചോദിച്ചു

“ദേ....ഇപ്പ ശരിയാക്കിത്തരാ...” അടുക്കി വച്ച ആ ചാര്‍ട്ട് കഷ്ണങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും വീണ്ടും അടുക്കി സഹ്‌വ പറഞ്ഞു.

“ഇതിലൊന്നും എഴുതിയിട്ടില്ലല്ലോ?” ഞാന്‍ സംശയം പ്രകടിപ്പിച്ചു.

“അതാണ് പറഞ്ഞത്...ഇന്ന് ഈ കാബിനില്‍ ആരും ഉറങ്ങില്ല...വണ്ടി തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും മാഗസിന്‍ റെഡിയായിരിക്കും...”

“അതിന് സൃഷ്ടികള്‍ എവിടെ?”

“വാട്സ് ആപ് മെസേജ് വരുന്ന ബ്ലും ബ്ലും ശബ്ദം സാര്‍ കേള്‍ക്കുന്നില്ലേ...അതെല്ലാം ആര്‍ട്ടിക്കിളുകളാ...”

“ഓ...”

“ഹന്ന നീ ഇന്നലെ എഴുതിയത് തുടര്‍ന്നോളൂ...ഹര്‍ഷ ഈ സ്ലിപ്പില്‍ ഉള്ളത് എഴുതിക്കോ...അനുശ്രീ ഇപ്പോ വന്ന ആ മെസേജ് നോക്കി പകര്‍ത്തിക്കോ....മഞ്ജൂ....നീ ആമുഖം തയ്യാറാക്കിക്കോ....സാര്‍ ആ എഡിറ്റോറിയല്‍ എഴുതിക്കോളൂ....” ഇത്രയും പറഞ്ഞ് സഹ്‌വ ഒരു ഷീറ്റ് എടുത്ത് അതില്‍ പെന്‍സില്‍ കൊണ്ട് എന്തൊക്കെയോ കോറി.ശേഷം ബാഗില്‍ നിന്ന് വാട്ടര്‍ കളറെടുത്ത് സ്കെയിലില്‍ വച്ച് വെള്ളവുമായി കൂട്ടിച്ചേര്‍ത്ത് ചായമടിച്ചപ്പോള്‍ അത് മുഖം തിരിഞ്ഞിരിക്കുന്ന ഒരു പെണ്‍കുട്ടിയായി! ഞാന്‍ വെറുതെ വാച്ചിലേക്കൊന്ന് നോക്കി – അപ്പോള്‍ സമയം പുലര്‍ച്ചെ രണ്ട് മണി.

ബിന്‍ഷിദും അബ്ദുവും ലാപ്ടോപ്പില്‍ എന്തോ ചെയ്തുകൊണ്ടിരിക്കുന്നു.ജിന്‍ഷാദ് മാഗസിനിലേക്കുള്ള ഒരു ചിത്രം വരക്കുന്നു.

“നിങ്ങള്‍ ലാപ്ടോപ്പുമായി ഇങ്ങനെ ഇരുന്നാല്‍ മാഗസിന്‍ പണി കഴിയില്ല...” അല്പം ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു.

“സാര്‍...ഞങ്ങള്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുകയാണ് ....”

“ഏത് പോസ്റ്റര്‍?”

“നാളത്തെ മത്സരത്തിലേക്കുള്ള ഡിജിറ്റല്‍ പോസ്റ്റര്‍...”

“ഓ...സോറി.....” ദേഷ്യപ്പെട്ടതില്‍ സോറി പറഞ്ഞ് ഞാന്‍ വാസിഹിന്റെ അടുത്തെത്തി.

“ഈ നട്ടപ്പാതിരക്ക് നീ ആര്‍ക്കാ ഫോണ്‍ ചെയ്യുന്നത്?”

“റാഷിദ്ക്കാക്ക്...ഷോര്‍ട്ട് ഫിലിം എഡിറ്റിംഗ് നടന്നുകൊണ്ടിരിക്കുകയാ.....”

“എവിടെ?”

“വയനാട്ടില്‍....ഞങ്ങളുടെ റൂമില്‍....”

          അങ്ങനെ പല സ്ഥലത്തായി പലരും ഉറക്കമൊഴിഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ സ്റ്റേറ്റ് ക്യാമ്പ് കാരണം കഴിഞ്ഞ മൂന്ന് ദിവസമായി ഉറക്കം നഷ്ടപ്പെട്ടിരുന്ന എനിക്ക് ഒന്ന് തല ചായ്ക്കണം എന്ന് തോന്നി.കിടന്ന ഉടനെത്തന്നെ ഞാന്‍ ഉറങ്ങുകയും ചെയ്തു.


(തുടരും....)

Saturday, April 09, 2016

ഒരു പ്രൊജക്ട് ഇന്‍ ചാര്‍ജ്ജിന്റെ ദയനീയത....

         സംസ്ഥാന സാമൂഹ്യ ക്ഷേമ ഡയരക്ടറേറ്റും നാഷണല്‍ സര്‍‌വീസ് സ്കീം ടെക്നിക്കല്‍ സെല്ലും സംയുക്തമായി GENSIS(Gender Equality through NSS Intervention Scheme) എന്ന ലിംഗസമത്വ പ്രചാരണ പരിപാടി നടത്തുന്നതായും അതിന്റെ പ്രൊജക്ട് ഇന്‍ ചാര്‍ജ്ജ് ഞാന്‍ ആണെന്നതും തിരുവനന്തപുരത്ത് ഒരു കോഴ്സില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് വിവരം കിട്ടിയത്. അതുപ്രകാരം പിറ്റെ ദിവസം തന്നെ പ്രാവച്ചമ്പലം ട്രിനിറ്റി എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടന്ന ത്രിദിന ദക്ഷിണ മേഖലാ സംസ്ഥാന ക്യാമ്പിലും കോഴിക്കോട് KMCT വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടന്ന ത്രിദിന ഉത്തര മേഖലാ സംസ്ഥാന ക്യാമ്പിലും SNGIST നോര്‍ത്ത് പറവൂര്‍, KGPT കണ്ണൂര്‍, ശ്രീപതി എഞ്ചിനീയറിംഗ് കോളേജ് പട്ടാമ്പി എന്നിവിടങ്ങളില്‍  വച്ച് നടന്ന ജില്ലാ സംഗമങ്ങളിലും പങ്കെടുത്തു. മാര്‍ച്ച് 8ന് വനിതാ ദിനത്തില്‍ തിരുവനന്തപുരത്ത് ഒരു മെഗാ ഇവന്റ് സംഘടിപ്പിച്ച് കൊണ്ട് പ്രൊജക്ട് ഔദ്യോഗികമായി പൂര്‍ത്തിയാക്കി.എന്റെ കോളേജിലെ 5 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളും അടങ്ങിയ സംഘത്തെയും കൊണ്ട് തിരുവനന്തപുരത്തേക്ക് നടത്തിയ ആ യാത്രയും അനുബന്ധ സംഭവങ്ങളും അവിസ്മരണീയമായി.

           മാര്‍ച്ച് 6നായിരുന്നു  ഞങ്ങളുടെ യാത്ര പ്ലാന്‍ ചെയ്തിരുന്നത്.അന്നേ ദിവസം ഉച്ചക്ക് 3 മണി വരെ ദുരന്ത നിവാരണ പരിശീലനത്തിന്റെ ഭാഗമായുള്ള ഒരു സംസ്ഥാന ക്യാമ്പിന് ഞങ്ങള്‍ ആതിഥേയത്വം വഹിക്കുന്നുണ്ടായിരുന്നു.ആ ക്യാമ്പ് സമാപനം നടത്തി എല്ലാവരെയും കയറ്റിവിട്ട് കോളേജും വൃത്തിയാക്കിയിട്ട് വേണം ഞങ്ങള്‍ക്ക് സ്ഥലം വിടാന്‍.

         ക്യാമ്പ് സമാപിച്ചപ്പോഴാണ് പിറ്റേന്ന് തിരുവനന്തപുരത്ത് നടക്കുന്ന മത്സര ഇനങ്ങളിലെ ഞങ്ങളുടെ ദയനീയ സ്ഥിതി ഞാന്‍ തിരിച്ചറിഞ്ഞത്.അത് ഇപ്രകാരം ചുരുക്കിപ്പറയാം –
1. കയ്യെഴുത്ത് പ്രതിയുടെ പേജുകള്‍ ചാര്‍ട്ട് പേപ്പറില്‍ നിന്നും വെട്ടി റെഡിയാക്കിയിട്ട് വേണം എഴുത്ത് തുടങ്ങാന്‍ !
2. ഷോര്‍ട്ട് ഫിലിം കഥ മനസ്സിലുണ്ട് , ഷൂട്ടിംഗ് നടത്തണം !!
3. ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിട്ട് വേണം !!!
4. 5 സ്ഥലങ്ങളില്‍ അവതരിപ്പിച്ച് ഒരു വിധം സെറ്റായ തെരുവ് നാടകത്തിലെ 2 പേര്‍ തിരുവനന്തപുരത്തേക്കില്ല !!!!

             പ്രൊജക്ട് ഇന്‍ ചാര്‍ജ്ജ്  ആയതിനാല്‍ തിരുവനന്തപുരത്ത് പോകല്‍ എനിക്ക് നിര്‍ബന്ധമായിരുന്നു.12 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ടിക്കറ്റ് റിസര്‍വ്വ് ചെയ്യുകയും ചെയ്തിരുന്നു.ഈ നിലയില്‍ ഇവരെയും കൊണ്ടുപോകണോ എന്ന ചോദ്യത്തിന് കൂട്ടത്തില്‍ പോരുന്ന സഹ്‌വയുടെ മറുപടി “കയ്യെഴുത്ത് പ്രതി കോഴിക്കോട് - തിരുവനന്തപുരം യാത്ര അവസാനിക്കുന്നതോടെ തയ്യാറാകും” എന്നായിരുന്നു.അര മണിക്കൂര്‍ ഷൂട്ടിംഗിലൂടെ ഷോര്‍ട്ട് ഫിലിമും റെഡിയാകും എന്ന് വാസിഹും അറിയിച്ചു.11 മണിക്ക് കോഴിക്കോട്ടെത്തുന്ന ട്രെയിന്‍ പിടിക്കാന്‍ 6 മണിക്കെങ്കിലും മാനന്തവാടിയില്‍ നിന്നും പുറപ്പെടണം എന്ന് കരുതി ആറെകാലിന്ന്‍ ഇറങ്ങുമ്പോഴാണ് അര മണിക്കൂര്‍ ഷൂട്ടിംഗ് സമയം ചോദിക്കുന്നത് !

            വൈകിട്ട് ആറരക്ക്  മാനന്തവാടി ബസ്‌സ്റ്റാന്റില്‍ ഒത്തുകൂടിയ അവൈലബിള്‍ വളണ്ടിയേഴ്സുമായി ഞാന്‍ കോഴിക്കോട്ടേക്ക് തിരിച്ചു.അപ്പോള്‍ നാടകത്തിന്റെയും ഷോര്‍ട്ട് ഫിലിമിന്റെയും മുഖ്യ സൂത്രധാരകനായ വാസിഹ് ഇല്ലായിരുന്നു. കോഴിക്കോട്ടെത്തി ഭക്ഷണം കഴിച്ചിട്ടും വാസിഹ് മാത്രം എത്തിയില്ല.അവസാനം 11.10ന് ട്രെയിന്‍ കോഴിക്കോട് വിട്ടപ്പോള്‍ എല്ലാ പേപ്പറുകളും അടങ്ങിയ ഫയലും വാസിഹിന്റെ അടുത്താണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി.

           “സാര്‍...” നീങ്ങിത്തുടങ്ങിയ വണ്ടിയിലേക്ക് ചാടിക്കയറിക്കൊണ്ട് വാസിഹ് വിളിച്ചപ്പോള്‍ ഞാന്‍ രണ്ട് നെടുവീര്‍പ്പുകള്‍ സീരീസായി വിട്ടു - ഒന്ന് അവന്‍ എത്തിയതിന് , രണ്ട് ഇത്രയും തടിയുണ്ടായിട്ടും വേഗം കൂടി വന്ന വണ്ടിയിലേക്ക് പിഴക്കാതെ ചാടിക്കയറിയതിന്.

(തുടരും...)

Friday, April 08, 2016

സന്നദ്ധ രക്തദാനം – ഒരനുഭവം

      ഇന്നലെ രാവിലെ കൊട്ടോട്ടിക്കാരന്റെ ഒരു ഫോണ്‍വിളി വന്നു.മലപ്പുറം അറവങ്കരക്കാരനായ ഒരാള്‍ക്ക് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ എ നെഗറ്റീവ് രക്തം വേണം. കൂടുതല്‍ വിവരങ്ങള്‍ രോഗിയുടെ കൂട്ടുനില്പുകാരന്‍ ഉടന്‍ അറിയിക്കും എന്നും പറഞ്ഞു.
       അല്പസമയത്തിനകം തന്നെ ഒരു ഗ്രാമീണ വര്‍ത്തമാനം എന്റെ ഫോണിലൂടെ ഞാന്‍ കേട്ട് തുടങ്ങി.ഏഴ് മാസം ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കളും മരിച്ചെന്നും സ്ത്രീയെ രക്ഷിക്കാന്‍ സര്‍ജറി അനിവാര്യമാണെന്നും അതിന് രണ്ട് കുപ്പി എ നെഗറ്റീവ് രക്തം ആവശ്യമാണെന്നും ഒന്ന് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.സംഗതിയുടെ അനിവാര്യത മനസ്സിലാക്കി അഞ്ച് മിനുട്ട് കഴിഞ്ഞ് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് ഞാന്‍ രക്തം അന്വേഷിച്ചുള്ള വിളികള്‍ ആരംഭിച്ചു.
      ആദ്യത്തെ വിളിയില്‍ തന്നെ കോഴിക്കോട് ജില്ലാ രക്തദാന ഫോറത്തിന്റെ സെക്രട്ടറി അശോകേട്ടന്‍ ഒരു നമ്പര്‍ തന്നു – കുണ്ടായിത്തോട്കാരന്‍ നിസാര്‍ എന്ന ആളുടേതാണെന്നും വിളിച്ചു നോക്കാനും പറഞ്ഞു.രണ്ട് പ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാല്‍, ഞാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പരിചയപ്പെട്ട റെജു തോട്ടുങ്ങലിനെ വിളിച്ചു നോക്കി. റെജുവിന്റെ ഫോണ്‍ നമ്പര്‍ നിലവിലില്ല എന്ന മറുപടിയും കിട്ടി.പിന്നെ എന്റെ പഴയ കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറി വിഷ്ണുവിനെ വിളിച്ചു.അവനും ഫോണ്‍ എടുക്കാതെയായപ്പോള്‍ വീണ്ടും കുണ്ടായിത്തോട്കാരനെ വിളിച്ചു.അപ്പോഴും മറുപടിയില്ല.
       കുണ്ടായിത്തോട്കാരന്റെ നമ്പര്‍ മെഡിക്കല്‍ കോളേജിലെ ആള്‍ക്ക് നല്‍കാം എന്നും മറ്റേതെങ്കിലും ഒരാളെ സംഘടിപ്പിക്കാന്‍ ശ്രമിക്കാം എന്നും കരുതി അങ്ങോട്ട് വിളിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവിടെ നിന്നും തിരിച്ചുള്ള വിളി വന്നു – “ താങ്കള്‍ ചെയ്ത സേവനത്തിന് ഒരു പാട് നന്ദിയുണ്ട്, ആവശ്യമായ രക്തം ഞങ്ങള്‍ തന്നെ സംഘടിപ്പിച്ചു.ഇനിയും ആവശ്യം വന്നാല്‍ ബന്ധപ്പെടാം“.എനിക്കും അല്പ നേരത്തേക്ക് ആശ്വാസമായി.രക്തം ലഭിച്ചതായി നമ്പര്‍ തന്ന അശോകേട്ടനെ അറിയിക്കുകയും ചെയ്തു.
      ഉച്ചക്ക് ഒരു മണിക്ക് വളണ്ടിയര്‍ സെക്രട്ടറി വിഷ്ണു എന്നെ തിരിച്ചു വിളിച്ചു കാര്യം തിരക്കി. ലാബിലായതിനാല്‍ ഫോണ്‍ അറ്റന്റ് ചെയ്യാന്‍ സാധിച്ചില്ല എന്ന് പറഞ്ഞ അവനോട് ഞാന്‍ സംഗതി പറഞ്ഞു.സമയം ഒന്നരയായപ്പോള്‍ ഏതോ ഒരു നമ്പറില്‍ നിന്നും വീണ്ടും വിളി വന്നു – “രാവിലെ 10.10ന് മിസ്കാള്‍ കണ്ടു , ആരാ ?“

      ഞാന്‍ ഇന്ന ആളാണെന്നും എ നെഗറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ വിളിച്ചതായിരുന്നെന്നും അറിയിച്ചു.ശേഷം ഞാന്‍ അദ്ദേഹത്തെപ്പറ്റി വെറുതെ ചില കാര്യങ്ങള്‍ ചോദിച്ചു. രക്തം സ്ഥിരം ദാനം ചെയ്യാറുണ്ടെന്നും കല്പണി ആണ് ജോലിയെന്നും അദ്ദേഹം പറഞ്ഞു.രക്തം ആവശ്യമുള്ളതിന്റെ തലേദിവസം വിളിച്ചറിയിച്ചാല്‍ സൌകര്യമാണെന്നും പണിക്ക് പോയാല്‍ അവിടെ നിന്നും പണി നിര്‍ത്തിപോരുന്നത് ഉടമക്കും തനിക്കും തന്റെ കുടുംബത്തിനും സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാക്കുമെന്നും നിസാര്‍ പറഞ്ഞപ്പോഴാണ് ഒരു സാദാ കൂലിപ്പണിക്കാരന്‍ സന്നദ്ധ രക്തദാനത്തിന് പോകുമ്പോഴുള്ള പ്രശ്നങ്ങള്‍ ഞാന്‍ മനസ്സിലാക്കിയത്. ഇത്തരം ആള്‍ക്കാര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ സമൂഹത്തിന് എന്തെങ്കിലും സാധിക്കുന്നുണ്ടോ ആവോ ?

Saturday, April 02, 2016

ഭൂമിയുടെ അവകാശികള്‍


                മലയാളത്തിന്റെ പ്രിയ കഥാകാരന്‍ അന്തരിച്ച ശ്രീ.വൈക്കം മുഹമ്മെദ് ബഷീറിന്റെ ഒരു കൃതിയാണ് ഭൂമിയുടെ അവകാശികള്‍. ഇന്ന് ഞാനും എന്റെ രണ്ട് സഹോദരങ്ങളും ഭൂമിയുടെ അവകാശികള്‍ ആയി.

               ഉമ്മ ആന്റ് ഉപ്പ വക വസ്തു (ഭൂ സ്വത്ത്) ഓഹരി വച്ച് ഞങ്ങള്‍ മക്കളുടെ പേരില്‍ ഇന്ന് അരീക്കോട് റജിസ്ട്രാര്‍ ഓഫീസില്‍ രെജിസ്റ്റര്‍ ചെയ്തതോടെയാണ് ഞങ്ങളും ആദ്യമായി ഭൂമിയുടെ അവകാശികള്‍ ആയത്. എനിക്ക്, ഈ സൌരയൂഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ സ്വന്തമായി 15 സെന്റ് സ്ഥലം ലഭിച്ചു !!


(ടോക്കണ്‍ നമ്പര്‍ ഒന്ന് ലഭിച്ചിട്ടും ഉച്ചക്ക് 2 മണിക്ക് മാത്രമാണ് ഞങ്ങള്‍ക്ക് അവസരം ലഭിച്ചത്. ടോക്കണ്‍ പൂജ്യവും മൈനസും ഒക്കെ ഉണ്ടൊ ആവോ? ഇത്തരം സംഗതികള്‍ ഒക്കെ ഇനിയും എത്രയോ ലളിതവല്‍ക്കരിക്കണം എന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അവ)