Pages

Saturday, April 23, 2016

ബാപ്പയുടെ മൂവാണ്ടന്‍ മാവുകള്‍...

        വെറുതെ ചില കൌതുകങ്ങള്‍ മരിച്ചുപോയ എന്റെ ബാപ്പയില്‍ നിന്നും എനിക്ക് പാരമ്പര്യമായി കിട്ടിയിട്ടുണ്ട്. വീടിനടുത്തുള്ള മറ്റെല്ലാ പറമ്പിലും കോമാങ്ങയും പഞ്ചാര മാങ്ങയും മറ്റു നാടന്‍ മാവുകളും ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.പക്ഷെ ഞങ്ങളുടെ പറമ്പില്‍ മാങ്ങയുണ്ടാകുന്ന എല്ലാ മാവുകളും ഒറ്റ കുടുംബത്തില്‍ നിന്ന് മാത്രം – മൂവാണ്ടന്‍ എന്ന് ബാപ്പ പറഞ്ഞ് തന്ന ആണ്ടില്‍ ഒരിക്കല്‍ മാത്രം കായ്ക്കുന്ന കുറുക്കന്‍ മാവ്. എന്നിട്ടും ബാപ്പ പിന്നെയും അതിന്റെ അണ്ടി മുളപ്പിക്കുകയും പറമ്പില്‍ കുഴിച്ചിടുകയും ചെയ്തു. അങ്ങനെ എന്റെ പുതിയ വീടിനുള്ള സ്ഥലത്തും ബാപ്പ മരിക്കുന്നതിന് മുമ്പ് ഒരു മൂവാണ്ടന്‍ തൈ നട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങള്‍ക്ക് അതില്‍ നിന്നും മാങ്ങകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു.


        ഈ വര്‍ഷം മൂവാണ്ടന്‍ എന്ന പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് ഈ മാവ് പൂത്തത് മൂന്ന് തവണയാണ് – അഥവാ മൂന്ന് ഘട്ടങ്ങളിലായാണ്. നാട്ടിലെ എല്ലാ മാവുകളും പൂക്കുന്ന കാലത്ത് ഞങ്ങളുടെ മാവും പൂത്തു.കണ്ണിമാങ്ങയും പിടിച്ചു.ഏകദേശം ഒന്നര മാസം കഴിഞ്ഞ് വീണ്ടും അതാ മാവ് നിറയെ പൂവ്. അതും കണ്ണിമാങ്ങകളായി മാറി. ആദ്യ ഘട്ടത്തിലെ മാങ്ങകള്‍ മൂത്ത് പഴുത്ത് ഈ വര്‍ഷത്തെ ആദ്യത്തെ മാങ്ങകളായി ഞങ്ങളുടെ വയറ്റിലെത്തി. രണ്ടാം ഘട്ടത്തിലെ മാങ്ങകള്‍  മൂപ്പെത്തിത്തുടങ്ങുമ്പോളതാ രണ്ട് മൂന്ന് കുല പൂക്കള്‍ വീണ്ടും! അവയും ഇപ്പോള്‍ കണ്ണിമാങ്ങകളായി വരുന്നു.

       തലയില്‍ തട്ടുന്ന രൂപത്തില്‍ വീട്ടുമുറ്റത്ത് കുലകളായി തൂങ്ങി നില്‍ക്കുന്ന മാങ്ങകള്‍ കണ്ട് വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും രണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് – ഒന്നാമത്തേത് ഒട്ടുമാവ് ആണോ ? രണ്ടാമത്തേത് ഇവിടെ കുട്ടികള്‍ ഒന്നും ഇല്ലേ? എന്റെ ഉത്തരം ഇത്രമാത്രം - കുട്ടികള്‍ മാങ്ങയെ തല്ലില്ല, തലോടും. മാവിന്റെ ചുവട്ടില്‍ കളിക്കും, കളിയാക്കില്ല. മാവിന് വെള്ളം ഒഴിക്കും, പഴിക്കില്ല. അതുകൊണ്ട് ഓരോ വര്‍ഷവും മാങ്ങയുടെ എണ്ണം കൂടിക്കൂടി വരുന്നു.

       രണ്ടാം ഘട്ടത്തിലെ മാങ്ങകള്‍ മൂപ്പെത്തിയപ്പോഴാണ് ഈ വര്‍ഷം എനിക്ക് അവയെ ഒന്ന് ശ്രദ്ധിക്കാന്‍ സാധിച്ചത്.ഈ വര്‍ഷത്തെ ആദ്യത്തെ മാങ്ങാപറിക്കല്‍ കഴിഞ്ഞാഴ്ച എന്റെ ചെറിയ മകള്‍ ലൂന ഉത്ഘാടനം ചെയ്തു.

      ആദ്യ വിളവെടുപ്പിലെ മാങ്ങകള്‍ അയല്‍‌വാസികള്‍ക്കിടയില്‍ വിതരണം ചെയ്തു. ഇന്ന് രണ്ടാം ഘട്ട മാങ്ങാപറിക്കല്‍ നടത്തി.രണ്ടാമത്തെ മോള്‍ ലുഅയുടെ സുഹൃത്തുക്കളായി എത്തിയ കുട്ടികള്‍ അവര്‍ക്കുള്ള മാങ്ങ പറിച്ച് രണ്ടാം ഘട്ട മാങ്ങാപറിക്കല്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. മാങ്ങ പഴുപ്പിച്ച് തിന്ന ശേഷം അതിന്റെ അണ്ടി മുളപ്പിച്ച് തൈ നടണം എന്ന ഉപദേശത്തോടെ അവരെയും യാത്രയാക്കി.

       ഒരു കൌതുകത്തിന് ബാപ്പ നട്ട ആ മാവില്‍ നിന്നും എത്രയോ വീടുകളില്‍ മാങ്ങ എത്തി, ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. കാക്കയും അണ്ണാനും എന്നും മാങ്ങകള്‍ തിന്നുകൊണ്ടിരിക്കുന്നു. ബാപ്പ തുടങ്ങി വച്ച ആ കൌതുകത്തിന്റെ ബാക്കിഭാഗം ഞാന്‍ ഏറ്റെടുത്തു. എന്റെ ചില പിരാന്തുകള്‍ അടുത്ത ദിവസം....


10 comments:

Areekkodan | അരീക്കോടന്‍ said...

തലയില്‍ തട്ടുന്ന രൂപത്തില്‍ വീട്ടുമുറ്റത്ത് കുലകളായി തൂങ്ങി നില്‍ക്കുന്ന മാങ്ങകള്‍ കണ്ട് വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും രണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്

Mubi said...

മാഷ്‌ പിന്തുടര്‍ന്ന വഴിയെ ഇനി മക്കളും.... വായിച്ചപ്പോള്‍ ഒരുപാട് സന്തോഷായി :)

വിനുവേട്ടന്‍ said...

മാങ്ങ എന്റെ ഒരു വീക്ക്നെസ് ആണ്... അതും മൂവാണ്ടന്‍... ഞാന്‍ വരുന്നുണ്ട് മാഷ്ടെ വീട്ടില്‍... എനിക്കും വേണം അതില്‍ നിന്നും കുറെ മാങ്ങ...

Areekkodan | അരീക്കോടന്‍ said...

Mubi.....മക്കള്‍ക്ക് ചെറുപ്പത്തിലെ ഇത്തരത്തില്‍ ഓരോ ഉത്തരവാദിത്വങ്ങള്‍ കൊടുത്താല്‍ അവര്‍ക്കതിന്റെ വിലയും അറിയും , ആസ്വദിച്ച് ചെയ്യുകയും ചെയ്യും. മുറ്റത്ത് കഴിഞ്ഞ വര്‍ഷം വച്ച ഒരു മാവ് കുഞ്ഞുമോള്‍ക്കാണ് എന്ന് പറഞ്ഞ് അത് നനക്കാന്‍ അവളെ ഏല്പിച്ചപ്പോള്‍ അവളുടെ മുഖത്ത് ഇന്ന് ഞാന്‍ ദര്‍ശിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

വിനുവേട്ടാ...ഉടന്‍ വന്നാല്‍ താഴെ നിന്ന് തന്നെ പറിക്കാം,വൈകിയാല്‍ ചിലപ്പോ കിട്ടത്തില്ല.വിളിച്ചിട്ട് വരിക - 9447842699

Bipin said...

ഈ പിരാന്ത് കൊണ്ടാ അരീക്കോടാ നമ്മൾ നില നിൽക്കുന്നത്. ബാപ്പേം ബാപ്പേടെ ബാപ്പെടെം അങ്ങിനെ ആ തലമുറ മുഴുവൻ ഇത്തരം പിരാന്ത് കാണിച്ചത് കൊണ്ടാ ഇന്ന് കഞ്ഞി കുടിച്ചു കഴിയുന്നത്‌. ആ പിരാന്ത് നമ്മളും തുടരണം. ഇല്ലെങ്കിൽ അടുത്ത തലമുറകൾ ആണ് അനുഭവിക്കുന്നത്. ഒരു മാവ് പൂ വിരിയുമ്പോൾ മനസ്സിലുണ്ടാകുന്ന സന്തോഷം. അത് ഉണ്ണി ആകുമ്പോൾ.. അങ്ങിനെ ഓരോ സ്റ്റെജും . അവസാനം അത് പഴുത്തു വീഴുമ്പോൾ.. ഹാ. ഈ പിരാന്ത് തുടരുക. മക്കൾക്കും പിരാന്തു പകരുക. നാടുകാർക്കും. അങ്ങിനെ ഒരു മാമ്പഴക്കാലം വരട്ടെ. മനസ്സിലും മാവിലും.

Areekkodan | അരീക്കോടന്‍ said...

ബിപിനേട്ടാ....അതെന്നെ.അതുകൊണ്ടാ ഇതിന് ഭ്രാന്ത് എന്നതിന് പകരം പിരാന്ത് എന്ന് പറയുന്നത്.ഇന്ന് വീട്ടില്‍ വന്ന മിക്കവര്‍ക്കും ഇന്നലെ പറിച്ച മാങ്ങകള്‍ പഴുപ്പിക്കാന്‍ നല്‍കി.അണ്ടി മുളപ്പിക്കണം എന്ന ഉപദേശവും.

ajith said...

ഒരു മാവ് എങ്കിലും കുഴിച്ചുവയ്ക്കാത്തോൻ മനുഷ്യനാണോ എന്ന് എല്ലാർക്കും തോന്നണം

Areekkodan | അരീക്കോടന്‍ said...

ajiththji...തോന്നട്ടെ ഒരു സത്ബുദ്ധി എല്ലാവര്‍ക്കും.

സുധി അറയ്ക്കൽ said...

മനസ്സ് നിറഞ്ഞ സന്തോഷം നല്‍കിയ വായന.

Areekkodan | അരീക്കോടന്‍ said...

സുധീ...എനിക്കും സന്തോഷായി

Post a Comment

നന്ദി....വീണ്ടും വരിക