Pages

Showing posts with label tourism. Show all posts
Showing posts with label tourism. Show all posts

Friday, July 24, 2026

ഡൽഹിയിൽ ... ( ടീം 87 SSC @ കാശ്മീർ - 22)

 ടീം 87 SSC @ കാശ്മീർ - 21

രാവിലെ പത്ത് മണിയോടെ ഞങ്ങൾ ന്യൂഡൽഹിയിൽ വണ്ടിയിറങ്ങി. യാത്രയിൽ കൊറിക്കാനും തിന്നാനും കൊണ്ടു വന്നിരുന്ന പല സാധനങ്ങളും അപ്പോഴും ബാക്കിയായിരുന്നു. അവലോസ് പൊടി പോലെ ദീർഘകാലം ഉപയോഗിക്കാവുന്നവയും അണ്ടിപ്പരിപ്പും ബദാമും എല്ലാം അതിൽ ഉണ്ടായിരുന്നു. ഡൽഹിയിലുണ്ടായിരുന്ന എൻ്റെ രണ്ടാമത്തെ മകളെ റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അതെല്ലാം അവൾക്ക് കൊടുത്തൊഴിവാക്കി.

രാത്രി പത്തര മണിക്ക് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്നായിരുന്നു ഞങ്ങൾക്ക് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടത്.ന്യൂ ഡെൽഹി സ്റ്റേഷനിൽ നിന്ന്  നിസാമുദ്ദീനിലെത്താൻ ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗം ലോക്കൽ ട്രെയിൻ ആണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. നിസാമുദ്ദീനിലേക്ക്  അപ്പോൾ ട്രെയിൻ ഉണ്ട് എന്ന വിവരം കിട്ടിയതിനാൽ പത്ത് രൂപ ടിക്കറ്റെടുത്ത് ഞങ്ങൾ കാത്തിരുന്നു. പറഞ്ഞ സമയത്ത് തന്നെ ട്രെയിൻ എത്തി. യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ ട്രെയിനിൻ്റെ വിൻഡോ ഷട്ടറുകൾ മുഴുവൻ താഴ്ത്തി. പത്ത് മിനുട്ടോളം ആ ട്രെയിൻ പോകും എന്ന് കരുതി ഞങ്ങൾ നിന്നു. ബട്ട്, ഒരു പ്രതീക്ഷക്കും വകയില്ലാതെ ആ കാത്തിരിപ്പ് നീണ്ടപ്പോൾ ഞങ്ങൾ പുറത്തിറങ്ങി ടാക്സി പിടിച്ച് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തി.

പതിവ് പോലെ എ.സി വെയ്റ്റിംഗ് ഹാളിൽ കയറി എല്ലാവരും ഫ്രഷായി.നിസാമുദ്ദീൻ ദർഗ്ഗക്കടുത്ത് നല്ല ഭക്ഷണം കിട്ടും എന്ന് ഫൈസൽ പറഞ്ഞതനുസരിച്ച് ആദ്യം ദർഗ്ഗയിൽ തന്നെ പോകാമെന്ന് തീരുമാനിച്ചു. ലഗേജുകൾ മുഴുവൻ ക്ലോക്ക് റൂമിൽ ഏല്പിച്ച് രണ്ട് ടാക്സികളിലായി ഞങ്ങൾ നിസാമുദ്ദീൻ ദർഗ്ഗയിലെത്തി. ഇൻ്റർനെറ്റിൽ കണ്ട ഹോട്ടൽ തിരക്കി നടന്നെങ്കിലും കണ്ടില്ല. ദർഗ്ഗ കണ്ട് ഹുമയൂൺ ടോംബിലേക്ക് പോകുമ്പോൾ അവിടെ നോക്കാം എന്ന് ഞാൻ പറഞ്ഞെങ്കിലും ദർഗ്ഗക്കടുത്തുള്ള അസംഖ്യം തട്ടുകടകളിലെ പൂരിയും ചന്ന മസാലയും കണ്ടപ്പോൾ പലരുടെയും കൺട്രോൾ പോയി. അതിനാൽ ഒരു കടയിൽ കയറി ഞങ്ങളും പശിയടക്കി. കാലിനെ ഇക്കിളിപ്പെടുത്തി ഓടുന്ന എലികളിൽ നിന്നും രക്ഷപ്പെടാൻ കാല് അൽപം പൊക്കിയാണ് ഞാനിരുന്നിരുന്നത്.

ദർഗ്ഗാ സന്ദർശനത്തിലും പൂമൂടലിലും അവിടെ വച്ചുള്ള പ്രാർത്ഥനയിലും എനിക്ക് വിശ്വാസമില്ല.ദർഗ്ഗ കാണുന്നതിനപ്പുറം അവിടെ ഉണ്ടെന്ന് പറയപ്പെടുന്ന സ്റ്റെപ്പ് വെൽ കാണുക എന്നതായിരുന്നു എൻ്റെ ഉദ്ദേശ്യം. ഭക്ഷണ ശേഷം ഞങ്ങൾ എല്ലാവരും ദർഗ്ഗയിലെത്തി. അമീർ ഖുസ്രുവിൻ്റെയും നിസാമുദ്ദീൻ ഔലിയയുടെയും മഖാമുകളും അവിടെ നടന്ന് കൊണ്ടിരിക്കുന്ന വിവിധ ചടങ്ങുകളും എല്ലാവരും നിരീക്ഷിച്ചു. സ്റ്റെപ്പ് വെല്ലിനെപ്പറ്റി ഞാൻ അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനാൽ ഇത്തവണയും അത് കാണാനായില്ല.

ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗ സന്ദർശിച്ച ശേഷം ഒരു വിളിപ്പാടകലെയുള്ള ഹുമയൂൺ ടോമ്പിലേക്ക് ഞങ്ങൾ നടന്നു.ഈ വർഷം മൂന്നാമത്തെ തവണയായിരുന്നു ഞാൻ ഇവിടെ എത്തുന്നത്. അതിനാൽ കാണേണ്ട നിർമ്മിതികൾ മാത്രം കാണുക എന്നതായിരുന്നു എൻ്റെ തീരുമാനം. ഈസാ ഖാൻ്റെ ശവകുടീരമാണ് ആദ്യം ഞങ്ങൾ സന്ദർശിച്ചത്.ശേഷം പ്രധാന ആകർഷണ കേന്ദ്രമായ ഹുമയൂൺ ടോമ്പിലേക്കും നീങ്ങി. 

കാശ്മീരിൽ നിന്നും ഡൽഹിയിൽ എത്തിയത് മുതൽ കാലാവസ്ഥയിലുള്ള മാറ്റം ഞങ്ങൾ ശരിക്കും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ചൂട് കാരണം എല്ലാവരും പെട്ടെന്ന് തളർന്നു. ഹുമയൂൺ ടോമ്പിലെ ഹുമയൂണിൻ്റെയും മറ്റുള്ളവരുടെയും മഖ്‌ബറകൾ പെട്ടെന്ന് കണ്ട് തീർത്ത് ഞങ്ങൾ തിരിച്ചിറങ്ങി.

ഭൂരിപക്ഷാഭിപ്രായ പ്രകാരം അടുത്തത് ഇന്ത്യാ ഗേറ്റിലേക്ക് പോകാം എന്ന് തീരുമാനിച്ചു. വഴിയോരത്തെ സർബത്ത് കടക്കാരൻ പറഞ്ഞു തന്ന ബസ് നമ്പർ നോക്കിത്തന്നെ ഞങ്ങൾ കയറി. ഡൽഹിയിലെ സ്ത്രീ സൗജന്യയാത്ര ഒന്നാസ്വദിക്കണം എന്ന നിഷിയുടെ ആഗ്രഹവും അതോടെ സഫലമായി. ഇന്ത്യാ ഗേറ്റിലേക്ക് പോകാൻ കിസാൻ ഭവൻ സ്റ്റോപ്പിൽ ഇറങ്ങണം എന്ന് കണ്ടക്ടർ പറഞ്ഞു തന്നു. സ്ഥലം എത്തുമ്പോൾ പറയണം എന്ന് ഞാൻ അങ്ങോട്ടും പറഞ്ഞു. ഞങ്ങളെ കൂടാതെ രണ്ടോ മൂന്നോ യാത്രക്കാർ മാത്രമേ ബസ്സിൽ ഉണ്ടായിരുന്നുള്ളൂ.

അല്പം കൂടി മുന്നോട്ട് പോയ ശേഷം ഡ്രൈവർക്ക് ഒരു അക്കിടി പറ്റി. ഇടത്തോട്ട് തിരിയേണ്ടിടത്ത് ബസ് നേരെ വിട്ടു. ഇനി എങ്ങനെ യഥാർത്ഥ റൂട്ട് പിടിക്കണം എന്ന് ഡ്രൈവർക്കും കണ്ടക്ടർക്കും പിന്നെ ഒരു പിടിയും കിട്ടിയില്ല. അവസാനം യാത്രക്കാരിൽ ഒരാൾ പറഞ്ഞ വഴിയേ ബസ് നീങ്ങി. ഞങ്ങളോട് ഇറങ്ങാൻ പറയാത്തതിനാൽ ഞങ്ങൾ അവിടെ തന്നെയിരുന്നു. ബസ് പല റോഡിലൂടെയും കറങ്ങി കൃത്യം ഇന്ത്യാ ഗേറ്റിൻ്റെ മുന്നിലെത്തി. ഞങ്ങൾ എല്ലാവരും അവിടെ ഇറങ്ങി നേരെ ഇന്ത്യാ ഗേറ്റിലേക്ക് നടന്നു. ഉർവശീ ശാപം ഉപകാരം എന്നത് എന്തെന്ന് ഗോവിന്ദന് അപ്പോൾ മനസ്സിലായി.

നാല് മാസം മുമ്പ് ഇന്ത്യാ ഗേറ്റിലും ഞാൻ കുടുംബ സമേതം എത്തി അതിൻ്റെ ചുറ്റുമുള്ള ഏകദേശ സ്ഥലങ്ങളെല്ലാം കണ്ടിരുന്നതിനാൽ എങ്ങനെ എവിടെ പോകണം എന്ന നല്ല ധാരണ ഉണ്ടായിരുന്നു. ഇന്ത്യാ ഗേറ്റിന് മുന്നിൽ വെച്ച് പ്രൊഫഷണൽ ക്യാമറാമാനെ കൊണ്ട് ഫോട്ടോ എടുപ്പിക്കാൻ ഒരാഗ്രഹവും എനിക്കുണ്ടായിരുന്നു. മിക്കവരും അവിടെ നിന്ന് സിംഗിൾ ഫോട്ടോ എടുത്തു. ഈ യാത്രയിലെ അവസാന ഗ്രൂപ്പ് ഫോട്ടോയും ഞങ്ങൾ അവിടെ നിന്നെടുത്തു. ഇന്ത്യാ ഗേറ്റിൻ്റെ തൊട്ടടുത്ത് വരെ പോയി ഒന്നാം ലോകമഹാ യുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും കൊല്ലപ്പെട്ട പട്ടാളക്കാരുടെ പേരുകൾ കൊത്തിവച്ചത് വായിച്ചു. അൽപസമയം അവിടെ ചെലവഴിച്ച് സമീപത്തുള്ള ശാഹി മസ്ജിദിൽ നിന്ന് നമസ്‌കാരവും നിർവ്വഹിച്ച് ഞങ്ങൾ ഇന്ത്യാ ഗേറ്റിനോടും വിട പറഞ്ഞു.

യാത്രാ സംഘത്തിലെ സ്ത്രീ ജനങ്ങളിൽ നിന്ന് ഒരു ഷോപ്പിംഗ് അവസരം കൂടി ഉണ്ടായാൽ നന്നായി എന്നൊരു അഭിപ്രായം ഉയർന്ന് വന്നു.എങ്കിൽ അതും കൂടിയാവട്ടെ എന്ന് കരുതി ഞങ്ങൾ ഓട്ടോ പിടിച്ച് സരോജിനി മാർക്കറ്റിൽ എത്തി. മാസങ്ങൾക്ക് മുമ്പ് ഇവിടെയും മൂന്ന് മണിക്കൂറിലധികം ഞാൻ കറങ്ങിയിരുന്നതിനാൽ എനിക്ക് ഒന്നും വാങ്ങാനുണ്ടായിരുന്നില്ല. ഒരു മണിക്കൂർ കൊണ്ട് വാങ്ങാൻ സാധിക്കുന്ന സാധനങ്ങൾ വാങ്ങിച്ച് ഞങ്ങൾ നേരെ മെട്രോ സ്റ്റേഷനിൽ എത്തി. അങ്ങനെ ഡൽഹി മെട്രോ ട്രെയിനിലും  ടീം 87 SSC യുടെ കാല്പാടുകൾ പതിഞ്ഞു.

രാത്രി 10.20 ന് ഞങ്ങൾ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് ട്രെയിൻ കയറി. യാത്രയിലുടനീളം കഴിഞ്ഞ പത്ത് ദിവസത്തെ അനുഭവങ്ങൾ ഞങ്ങൾ അയവിറക്കി. യാത്രയുടെ ഒരു അവലോകനവും ട്രെയിനിൽ വെച്ച് തന്നെ നടത്തി. മൂന്നാം ദിവസം ഉച്ചക്ക് രണ്ട് മണിക്ക് ഞങ്ങൾ കോഴിക്കോട്ടെത്തി. നാട്ടിൽ നിന്നും വന്ന ടാക്സിയിൽ ലഗേജ് കയറ്റി വയ്ക്കുമ്പോൾ നുസൈബ വീണ്ടും ഷാളു കൊണ്ട് മുഖം മൂടി എൻ്റെ ചെവിയിൽ ചോദിച്ചു -  "പൊട്ടാ... നിനക്ക് വേറെ ഒരു വണ്ടിയും കിട്ടിയില്ലേ?"

ഞാൻ അന്ധാളിച്ച് നില്ക്കുമ്പോൾ അവൾ പറഞ്ഞു - "ഈ ഡ്രൈവറും എൻ്റെ വീട്ടിനടുത്താണ്. "

"ഒരാളും പത്താം ക്ലാസ് പരീക്ഷ പാസാകാത്ത നാട്ടിൽ പിന്നെ ഡ്രൈവർമാരല്ലാതെ  പ്രൊഫസർമാർ ഉണ്ടാകുമോ?" ഞാൻ തിരിച്ച് ചോദിച്ചപ്പോൾ നുസൈബ അടങ്ങി. മുമ്പൊരു യാത്രയിൽ പച്ചക്കറി കുറുമ തന്ന് പറ്റിച്ചു എന്ന നുസൈബയുടെ പരാതി തീർക്കാൻ, ഫൈസൽ സ്പോൺസർ ചെയ്ത ഊണും ഫിഷ് ഫ്രൈയും അംബിക ഹോട്ടലിൽ നിന്ന് കഴിച്ചതോടെ പന്ത്രണ്ട് ദിവസമായി ആമാശയം നേരിടുന്ന "ചോറ് പട്ടിണി" യും അവസാനിച്ചു.

നിഷി കോഴിക്കോട് നിന്ന് തന്നെ ഞങ്ങളോട് യാത്ര പറഞ്ഞു. വഴിയിൽ ഓരോരുത്തരായി യാത്ര പറഞ്ഞു കൊണ്ടിരുന്നു.വൈകിട്ട് നാല് മണിക്ക് അവസാനത്തെ യാത്രക്കാരനായി ഞാൻ എൻ്റെ വീട്ടിൽ വന്നിറങ്ങുമ്പോൾ ടീം 87 SSC ഗ്രൂപ്പിൽ ഒരു ചരിത്രം കൂടി പിറന്നു.

പന്ത്രണ്ട് ദിവസം ഞങ്ങൾ ശരിക്കും ആസ്വദിച്ചു. ഇഷ്‌ടപ്പെട്ട സ്ഥലങ്ങളിൽ എല്ലാം പോയി. ഇഷ്‌ടപ്പെട്ട ഭക്ഷണം ആവോളം ഭക്ഷിച്ചു. ഓരോരുത്തരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള വിവിധ ആഗ്രഹങ്ങൾ സാധിച്ചു. ട്രെയിൻ യാത്ര മുഴുവൻ തേർഡ് എസി ക്ലാസിലായിരുന്നു. എന്നിട്ടും, മുഴുവൻ വരവ് ചെലവ് കണക്കും കണക്ക് കൂട്ടിയപ്പോൾ ഒരാൾക്ക് ചെലവായത് വെറും 20184 രൂപ മാത്രമായിരുന്നു. വലിയ ചെലവാകും എന്ന് കരുതി നാം മാറ്റി വയ്ക്കുന്ന നിരവധി കാര്യങ്ങൾ ഇങ്ങനെയാണ്.

ജീവിതത്തിൽ ഏറ്റെടുത്ത യാത്രാ ദൗത്യങ്ങളിൽ ഒന്ന് കൂടി അവസാനിച്ചു. ഹിമാലയത്തിൽ നിന്നുള്ള ഒരു ഇളംകാറ്റ് അരാവലി പർവ്വത നിരകളും ഡക്കാൺ പീഠഭൂമിയും താണ്ടി പശ്ചിമഘട്ടവും കടന്ന് എന്നോട് ചോദിച്ചു - ഇനിയും വരുന്നോ കാശ്മീരിലേക്ക് ?

"ദേ... ഞങ്ങൾ റെഡി " 

"വെൽകം ബാക്ക് ടു പാരഡൈസ് ഓൺ എർത്ത്" 

പത്ത്  പേർക്കും മറുപടി പറഞ്ഞ് ആ കാറ്റ് അറബിക്കടലും താണ്ടി എങ്ങോ മറഞ്ഞു പോയി.


(അവസാനിച്ചു)

ഈ യാത്ര വിജയകരമായി സംഘടിപ്പിചതിന് യാത്രാ അംഗങ്ങൾ എനിക്ക് ഒരു സമ്മാനം തന്നു. ഈ യാത്രയുമായി ബന്ധപ്പെട്ട് നാലാമത്തെ സമ്മാനം. അത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

Saturday, July 18, 2026

ഗുഡ് ബൈ ചഷ്‌മെ ഷാഹി ( ടീം 87 SSC @ കാശ്മീർ - 21)

ടീം 87 SSC @ കാശ്മീർ - 20

ശ്രീനഗറിൽ മൂന്ന് മുഗൾ ഉദ്യാനങ്ങൾ ആണുള്ളത്. ഷാലിമാർ ബാഗ് , നിഷാത് ബാഗ്, ചഷ്‌മെ ഷാഹി എന്നിവയാണവ. ഇതിൽ ഏറ്റവും വലിയതാണ് ഷാലിമാർ ബാഗ്. ഏറ്റവും ചെറുത് ചഷ്‌മെ ഷാഹിയും.എൻ്റെ പ്രഥമ കാശ്മീർ സന്ദർശനത്തിൽ ബൊട്ടാണിക്കൽ ഗാർഡൻ്റെ മുമ്പിലും ചഷ്‌മെ ഷാഹി എന്ന് കണ്ടിരുന്നതിനാൽ അതാണ് ചഷ്‌മെ ഷാഹി എന്നായിരുന്നു എൻ്റെ ധാരണ. ഇപ്പോഴാണ് യഥാർത്ഥ ചഷ്‌മെ ഷാഹിയിൽ ഞങ്ങളെത്തിയത്. ഒരാൾക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കിൽ ടിക്കറ്റെടുത്ത് ഞങ്ങൾ അകത്ത് കയറി.

ചഷ്‌മെ ഷാഹി എന്നാൽ രാജകീയ നീരുറവ എന്നാണ് അർത്ഥം. മുഗൾ ചക്രവർത്തി ഷാജഹാൻ തൻ്റെ മകൻ ദാരാ ഷിക്കോവിനായി പണി കഴിപ്പിച്ചതാണ് ചഷ്‌മെ ഷാഹി. കാശ്മീർ പണ്ഡിറ്റുകളിലെ സാഹിബ് വംശജയായ രൂപ ഭവാനി കണ്ടെത്തിയതാണ് ഈ നീരുറവ. അന്ന് ചഷ്‌മെ സാഹിബി എന്ന് പേരിട്ടത് കാലക്രമേണ ചഷ്‌മെ ഷാഹി ആയി മാറി.

മറ്റു മുഗൾ ഉദ്യാനങ്ങളെപ്പോലെ ചഷ്‌മെ ഷാഹി യും വിവിധ തട്ടുകളായിട്ടാണ് രൂപ കല്പന ചെയ്തത്. ഏറ്റവും മുകളിലെ തട്ടിലെ സെൻട്രൽ പവലിയനിൽ ആണ് രാജകീയ നീരുറവയുള്ളത്.പവലിയനിലേക്ക് ആർക്കും പ്രവേശനമില്ല. നീരുറവ പുറത്ത് നിന്ന് നോക്കിക്കാണാം.ഗാർഡൻ പൂത്തുലഞ്ഞ് നിൽക്കുന്ന സീസണിലാണ് ഞങ്ങൾ അവിടെ എത്തിയത്. എങ്ങും കടും വർണ്ണത്തിലുള്ള വലുതും ചെറുതുമായ പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു. വളരെ ചെറിയ ഉദ്യാനമായതിനാൽ പെട്ടെന്ന് തന്നെ കണ്ട് തീർത്ത് ഞങ്ങൾ പുറത്തിറങ്ങി.

കയറിപ്പോയ കുന്ന് ഇറങ്ങാൻ തുടങ്ങുകയാണ്. അപ്പോഴാണ് നുസൈബക്ക് ഒടുക്കത്തെ ഒരാഗ്രഹം - ഓട്ടോയുടെ മുൻസീറ്റിൽ ഇരിക്കണം. ഞാൻ ഡ്രൈവറോട് കാര്യം പറഞ്ഞു. അയാൾ സമ്മതിച്ചു കൊണ്ട് ഒതുങ്ങി ഇരുന്നു. നുസൈബ കൂടി ഇരുന്നതോടെ അയാൾ ഏതാണ്ട് ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയെപ്പോലെയായി. ഒറ്റ ചന്തിയിൽ ഇരുന്ന് അയാൾ ഓടിക്കുന്ന ഓട്ടോയിൽ യാത്ര ചെയ്യുന്ന ഞങ്ങളുടെ അവസ്ഥ ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ച പോലെയും!

ഹൃദയം അല്പനേരം പെരുമ്പറ കൊട്ടിയെങ്കിലും ഓട്ടോ ഒരു വിധം താഴെ എത്തി. കയറിയ അതേ സ്ഥലത്ത് ഞങ്ങളിറങ്ങി. ബാഗുകളും ഡ്രൈ ഫ്രൂട്ടുകളും കാശ്മീരി കഹ്‌വയും കുങ്കുമവും എല്ലാം ഞൊടിയിടക്കുള്ളിൽ ഷോപ്പിംഗിലൂടെ പലരും സ്വന്തമാക്കി.

ഹോട്ടലിൽ ലഗേജുകൾ നേരത്തെ തയ്യാറാക്കി വച്ചിരുന്നതിനാൽ ടാക്സിലേക്ക് കയറ്റി വയ്ക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റൂം ബോയ് ആയ ഹിന്ദി പയ്യൻ ആ ഡ്യൂട്ടി ഏറ്റെടുത്തു. അവനും നല്ല ഒരു ടിപ്പ് കൊടുത്തു.ആദ്യ ദിവസം പരിചയപ്പെട്ട ഇർഫാൻ തന്നെ ഞങ്ങളെ സ്റ്റേഷനിലാക്കിത്തന്നു. കൃത്യ സമയത്ത് തന്നെ വന്ദേ ഭാരത് യാത്ര തുടങ്ങിയതോടെ ഞങ്ങൾ കാശ്‌മീരിനോട് ബൈ പറഞ്ഞു.

ട്രെയിനിൽ എൻ്റെ തൊട്ടടുത്ത് ഇരുന്നിരുന്നത് ഒരു കാശ്മീരി ആയിരുന്നു. ജമ്മു പോലീസിൽ ജോലി ചെയ്യുന്ന മുഷ്താഖ് അഹമ്മദ്.അർച്ചി പൂലും ചെനാബ് പാലവും വീണ്ടും ട്രെയിനിനകത്ത് മുഴങ്ങിക്കേട്ടു. യാത്രക്കാർ സീറ്റിൽ നിന്നെണീറ്റ് ആകാംക്ഷയോടെ പുറത്തേക്ക് നോക്കി. ഒന്നും കാണില്ല എന്ന് ശ്രീനഗറിലേക്കുള്ള യാത്രയിൽ മനസ്സിലാക്കിയ  എന്നോട് മുഷ്താഖും അത് തന്നെ പറഞ്ഞു. 

സംസാരത്തിനിടയിൽ മുഷ്താഖ് തൻ്റെ ബാഗ് തുറന്ന്, ഇരുനൂറ്റമ്പത് രൂപ വിലയുള്ള കാശ്മീരി കുങ്കുമത്തിൻ്റെ ഏറ്റവും ചെറിയ ഒരു ബോട്ടിൽ എടുത്ത് എനിക്ക് സമ്മാനിച്ചു!
"ആബി അയാളെയും പാട്ടിലാക്കി" കുങ്കുമ ഡെപ്പി കണ്ട നുസൈബ പ്രതികരിച്ചു. വണ്ടി കത്രയിൽ എത്തിയപ്പോൾ ഞാൻ മുഷ്താഖിനോട് സലാം ചൊല്ലിപ്പിരിഞ്ഞു.

കത്രയിൽ നിന്ന് രാത്രി ഡൽഹിയിലേക്ക് ട്രെയിൻ കയറിയതോടെ ഞങ്ങൾ ജമ്മു കാശ്മീരിനോട് പൂർണ്ണമായും വിട പറഞ്ഞു. പിറ്റേ ദിവസം രാവിലെ ഞങ്ങൾ ന്യൂഡൽഹിയിൽ വണ്ടിയിറങ്ങി.

Next: ഡൽഹിയിൽ

Wednesday, July 15, 2026

പരിമഹൽ അഥവാ യക്ഷികളുടെ കൊട്ടാരത്തിൽ ...( ടീം 87 SSC @ കാശ്മീർ - 20)

ടീം 87 SSC @ കാശ്മീർ - 19

കാശ്മീരിലെ ഞങ്ങളുടെ അവസാന ദിവസമാണ് ഇന്ന്. ഉച്ചക്ക് രണ്ട് മണിക്കുള്ള വന്ദേഭാരതിൽ കത്രയിലേക്ക് മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ആക്ച്വലി ഇത് ഒരു റിസർവ് ദിവസമായി കരുതിയ ദിനമാണ്.എൻ്റെ മുൻ സന്ദർശനങ്ങളിൽ നിന്ന് ഞാൻ പഠിച്ച പാഠത്തിൻ്റെ പ്രയോഗമായിരുന്നു അത്. ശ്രീനഗറിൽ കാണാൻ പറ്റാത്ത ലൊക്കേഷനുകൾ ഉണ്ടെങ്കിൽ കാണാനും അല്ലെങ്കിൽ ഒരു ഷോപ്പിംഗിംനും ആയിട്ടായിരുന്നു ഈ അരദിനം കണ്ടുവെച്ചത്. ഈ യാത്രയിലെ ആദ്യ ദിവസത്തെ ശ്രീനഗർ കാഴ്ചകളിൽ പ്ലാൻ ചെയ്തിരുന്ന പരിമഹലും ചഷ്‌മെ ഷാഹി ഗാർഡനും അന്ന് കാണാൻ സാധിച്ചിരുന്നില്ല.

ഓട്ടോയിൽ പരിമഹലിൽ പോകാം എന്ന പ്ലാനിൽ ഞങ്ങൾ എട്ട് മണിക്ക് തന്നെ ഖയാം ചൗക്കിലെത്തി. ഒരു ഓട്ടോക്ക് മുന്നൂറ് രൂപ എന്ന തോതിൽ മൂന്ന് ഓട്ടോ വേണം എന്ന് ഓട്ടോക്കാർ പറഞ്ഞപ്പോൾ അത് സമ്മതിക്കാൻ എനിക്ക് തോന്നിയില്ല. മറ്റൊരു ഓട്ടോക്കാരൻ ഇരുന്നൂറ്റമ്പത് രൂപ നിരക്കിൽ രണ്ട് ഓട്ടോയിൽ  പോകാം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വേഗം സമ്മതിച്ചു.

പതിവ് പോലെ ഇത്തവണയും ഞങ്ങൾ പരിമഹലിലേക്കുള്ള വഴിയിലെ ചെക്ക് പോസ്റ്റിൽ തടയപ്പെട്ടു. പരിമഹൽ ഒമ്പതര മണിക്കേ ഓപ്പൺ ആകൂ എന്നും അതിനാൽ ഒമ്പത് മണിക്ക് മാത്രമേ കടത്തിവിടാൻ പറ്റൂ എന്നും പട്ടാളക്കാർ പറഞ്ഞു. അവരോട് സംസാരിച്ചാൽ കടത്തിവിടും എന്ന് ഓട്ടോക്കാർ പറഞ്ഞതിനാൽ ഒന്ന് ശ്രമിച്ച് നോക്കാം എന്ന് ഞാൻ കരുതി. 

കേരളത്തിൽ നിന്നാണ് വരുന്നതെന്നും പരിമഹൽ കൂടി കണ്ട് ഉച്ചയോടെ തിരിച്ചു പോകണമെന്നും പറഞ്ഞു നോക്കിയെങ്കിലും പട്ടാളം കടത്തിവിട്ടില്ല. അതിനിടെ ഒരു പട്ടാളക്കാരൻ എൻ്റെ അടുത്തെത്തി. പരമേശ്വരൻ എന്നാണ് പേരെന്നും കന്യാകുമാരിക്കാരനാണെന്നും അയാൾ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു. ശേഷം അദ്ദേഹം ഞങ്ങളുടെ പ്രശ്നത്തിൽ സ്വമേധയാ ഇടപെട്ട് അകത്ത് പോയി ആരോടോ സംസാരിച്ചു . അതോടെ ഗേറ്റ് തുറന്നു ! ഞങ്ങൾ യാത്ര തുടർന്നു. 

പരിമഹലിൻ്റെ ഗേറ്റിലെത്താൻ വിജനമായ സ്ഥലത്ത് കൂടെ കയറിയിറങ്ങി പോകണമെന്നും വന്ന ഓട്ടോ വിട്ടു കഴിഞ്ഞാൽ തിരിച്ചു പോക്ക് ബുദ്ധിമുട്ടാകുമെന്നും ആ യാത്രയിൽ എനിക്ക് മനസ്സിലായി. അപ്പോഴേക്കും ഓട്ടോക്കാരും ഒരു പ്ലാൻ തയ്യാറാക്കിയിരുന്നു. ഒരു ഓട്ടോക്ക് ആയിരം രൂപ കൊടുത്താൽ ചഷ്മെ ഷാഹിയിലേക്കും തുടർന്ന് ഖയാം ചൗക്കിലേക്കും എത്തിച്ച് തരാമെന്ന് അവർ പറഞ്ഞു. ഉച്ചക്കുള്ള വണ്ടി പിടിക്കണം എന്നതിനാൽ ഒരു തർക്കവുമില്ലാതെ ഞാനത് അംഗീകരിച്ചു. 

രാവിലെ നേരത്തെ എത്തിയതിനാൽ പരി മഹലിലെ ടിക്കറ്റ് കൗണ്ടർ തുറന്നിരുന്നില്ല. ഒരാൾക്ക് ഇരുപത്തിയഞ്ച് രൂപയായിരുന്നു പ്രവേശനഫീസ് .ഗേറ്റിൽ നിന്ന ഒരുദ്യോഗസ്ഥൻ തന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് അകത്ത് കയറാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾക്കായി നിശ്ചിത സമയത്തിനും വളരെ മുമ്പേ അന്ന് പരിമഹൽ തുറക്കപ്പെട്ടു !

നിരവധി കമാനങ്ങളോട് കൂടിയ ചരിത്രപ്രസിദ്ധമായ ഒരു ശിലാ നിർമ്മിതിയാണ് പരി മഹൽ. ഷാജഹാൻ ചക്രവർത്തിയുടെ മകൻ ദാര ഷിക്കോവിൻ്റെ പാഠശാലയായി സ്ഥാപിച്ചതാണ് ഇത്. ദാര ഷിക്കോവും അദ്ദേഹത്തിൻ്റെ സൂഫി ഗുരു വര്യൻ മുല്ലാ ഷായും ഇവിടെ താമസിച്ചിരുന്നു. പ്രാദേശികമായി "യക്ഷികളുടെ കൊട്ടാരം" അല്ലെങ്കിൽ "യക്ഷികളുടെ വാസസ്ഥലം" എന്നും ഇതറിയപ്പെടുന്നു. ഇതോടനുബന്ധിച്ചുള്ള ഉദ്യാനം ഏഴ് തട്ടുകളായിട്ടാണുള്ളത്. അതിൽ ചിലതിലേക്കിറങ്ങുമ്പോൾ കടന്നു പോകുന്ന വഴി മേൽപേരിനെ അന്വർത്ഥമാക്കും. പരിമഹലിൽ നിന്നുള്ള ദാൽലേക്കിൻ്റെ കാഴ്ചയും ഹൃദ്യമാണ്.

സബർവാൻ പർവത നിരകളിൽ സ്ഥിതി ചെയ്യുന്ന പരി മഹലിലേക്ക് ശ്രീനഗറിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ ദൂരമേയുള്ളൂ. പക്ഷേ അങ്ങോട്ടുള്ള യാത്ര വളരെ ദുർഘടം പിടിച്ചതാണ്. അല്പം താഴെയുള്ള ചഷ്‌മെ ഷാഹി ഉദ്യാനം വരെയാണ് സാധാരണ സഞ്ചാരികൾ എത്താറ്. കാശ്മീർ ടൂർ പാക്കേജിൽ വരുമ്പോൾ ചരിത്രപ്രസിദ്ധമായ ഈ സ്ഥലങ്ങൾ ഒന്നും തന്നെ കാണാറില്ല. കാണണം എന്ന് കരുതിയാൽ തന്നെ ഗവർണ്ണറുടെ ബംഗ്ലാവ് ഈ റൂട്ടിലായതിനാൽ യാത്രാനുമതി അന്നത്തെ സാഹചര്യം അനുസരിച്ചിരിക്കും. എൻ്റെ നാലാം കാശ്‌മീർ സന്ദർശനത്തിലാണ് എനിക്കിവിടം കാണാൻ പറ്റിയത്. 

ഒരു മണിക്കൂറോളം ഞങ്ങൾ പരിമഹലിൽ തങ്ങിയെങ്കിലും മറ്റ് സഞ്ചാരികൾ ആരും തന്നെ അപ്പോഴും അവിടെ എത്തിയിരുന്നില്ല. ശേഷം ഞങ്ങൾ അടുത്ത ലൊക്കേഷനായ ചഷ്‌മെ ഷാഹിയിലേക്ക് പുറപ്പെട്ടു.


Next: ചഷ്‌മെ ഷാഹി


Monday, July 13, 2026

സിന്ധ് നദിയിൽ നിന്ന് വുളുവെടുത്ത് ഹസ്രത്ത് ബാൽ പള്ളിയിൽ ...( ടീം 87 SSC @ കാശ്മീർ - 19)

 ടീം 87 SSC @ കാശ്മീർ - 18

സോനാമാർഗ്ഗിലേക്കുള്ള യാത്രക്കിടയിൽ മഴ ഇടക്കിടെ പൊടിയുന്നുണ്ടായിരുന്നു. മഞ്ഞു വീഴ്ചയുടെ മുന്നോടിയായി ഉണ്ടാകുന്ന ഒരു പ്രതിഭാസമായതിനാൽ ഞങ്ങളെ അത് അലോസരപ്പെടുത്തിയില്ല. പൊടി മഴ മാറുമ്പോൾ ഉതിർന്ന് വീഴുന്ന സൂര്യകിരണങ്ങൾക്ക് ഒരു പൊൻപ്രഭ തന്നെയുണ്ടായിരുന്നു. സോനാമാർഗ് എന്ന സ്വർണ്ണപാതയിലൂടെയുള്ള യാത്രക്ക് അല്ലെങ്കിലും ഒരു പ്രത്യേക തിളക്കം മുമ്പും എനിക്ക് തോന്നിയിരുന്നു.

"എല്ലാവരും വണ്ടിയുടെ വലത് ഭാഗത്തേക്ക് നോക്കുക... " മുന്നോട്ട് പോകുന്ന വണ്ടിയിൽ ഇരിക്കുന്നവർക്ക് അഭിമുഖമായി നിന്ന് കൊണ്ട് ഞാൻ പറഞ്ഞപ്പോൾ കുറെ പേർ വലത്തോട്ടും കുറെ പേർ ഇടത്തോട്ടും നോക്കി.

"റോഡിൻ്റെ താഴെ ഭാഗത്ത് കൂടെ ഒഴുകുന്ന ആ പുഴയുടെ പേരാണ് ..." ഞാൻ ഒന്ന് നിർത്തി.

"കണ്ടിട്ട് നമ്മളെ മൂത്താപ്പൻ പുഴ മാതിരി ണ്ട്.." മുജീബ് പറഞ്ഞു.

"ങാ.... മൂത്താപ്പയും എളാപ്പയും ഒന്നുമല്ല... ഇതാണ് സിന്ധ് നദി"

"മ്മേ... സിന്ധു നദിയോ ? നമ്മള് പത്താം ക്ലാസിൽ പഠിച്ച സിന്ധു നദീതട സംസ്കാരത്തിലെ സിന്ധു നദിയോ ?" നുസൈബക്ക് വിശ്വാസം വന്നില്ല.

"ഏയ്.... ഇതെന്ത് പൊയാ... കടുങ്ങല്ലൂർ തോട് മാതിരി.... "മെഹബുവിനും വിശ്വാസമായില്ല.

"പേര് സിന്ധ് നദി എന്നാണ് ... നമ്മൾ ചരിത്രത്തിൽ പഠിച്ച സിന്ധു നദിയല്ല, ഝലം നദിയുടെ പോഷക നദി" ഞാൻ പറഞ്ഞു.

"സിന്ധുവിനെ ഒന്ന് തൊടാൻ പറ്റുമോ?" ഫൈസലിന് ചെറിയൊരു ആശ തോന്നി.

"യെസ് ... തിരിച്ചു വരുമ്പോൾ നമുക്ക് സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഇറങ്ങാം..." ഡ്രൈവർ മുദ്ദസറിന് ഞാൻ അപ്പോൾ തന്നെ അതിനുള്ള നിർദ്ദേശം നൽകി. അങ്ങനെ തിരിച്ച് ശ്രീനഗറിലേക്കുള്ള യാത്രയിൽ, പുഴയും റോഡും അതിരിട്ടൊഴുകുന്ന ഒരു സ്ഥലത്ത്  മുദ്ദസർ വണ്ടി നിർത്തി.

ചെറിയ ചെറിയ പാറകളിൽ തല തല്ലി കളകളാരവം പൊഴിച്ച് സിന്ധ് നദി ഝലം നദിയിൽ ചേരാൻ തിരക്ക് കൂട്ടി. ഞങ്ങളെല്ലാവരും സൗകര്യപ്രദമായ പാറകളിൽ  കയറി നദിയിലേക്ക് കൈ നീട്ടി.

"ഹൗ..." ഫാത്തിമ കുട്ടിയുടെ തൊണ്ടയിൽ നിന്ന് ഒരു ഭയങ്കര ശബ്ദമുയർന്നു.

"എന്താ... എന്തുപറ്റി? " നിഷി പാത്തുവിന്നോട് ചോദിച്ചു.

"എന്തൊരു തണുപ്പാടീ വെള്ളത്തിന്...." ഫാത്തിമകുട്ടി ചിരിച്ചു.

"അതേയ് ഹിമാലയത്തിലെ മഞ്ഞ് കട്ടകളിൽ നിന്ന് ഉത്ഭവിക്കുന്നതാണ് സിന്ധ് നദി. അതിന് അൻ്റെ ഇരുവഞ്ഞിപ്പുഴയുടെ തണുപ്പല്ല ണ്ടാവുക, പാത്തോ" നാരായണൻ വിശദീകരിച്ചു.

"സിദ്ധീഖെ... വുളു ഉണ്ടാക്കിക്കോ... വണ്ടിയിലിരുന്ന് നിസ്‌കരിക്കാം .... " ഞാൻ പറഞ്ഞു.

"സിന്ധു ന്ന് പറഞ്ഞാൽ ഹിന്ദു അല്ലേ? അപ്പോ അതീന്ന് വുളു ഉണ്ടാക്കിയാൽ ശരിയാകോ ?" നുസൈബക്ക് സംശയമായി.

"ഇതാ പറഞ്ഞത് ദൈവം തന്നെ ഇല്ലാന്ന് ... നദിക്കും മതം ..." കിട്ടിയ അവസരം ഗോവിന്ദൻ വെറുതെ വിട്ടില്ല.

സിന്ധ് നദിയിലെ തണുത്ത വെള്ളം കൊണ്ട് കയ്യും കാലും മുഖവും കഴുകിയതോടെ എല്ലാവർക്കും ഒരുന്മേഷം വീണ്ടുകിട്ടി.  ഹസ്രത്ത് ബാൽ പള്ളി കാണാൻ ഞങ്ങൾ യാത്ര തുടർന്നു.

വൈകിട്ട് ആറ് മണിക്ക് മുമ്പായി ഞങ്ങൾ ഹസ്രത്ത് ബാൽ പള്ളിയിൽ എത്തി. സന്ദർശകരുടെ തിരക്ക് അപ്പോഴേക്കും ഏകദേശം അവസാനിച്ചിരുന്നു. പള്ളിയിൽ കയറിയ ഉടനെ  അംഗശുദ്ധി വരുത്തി ഞങ്ങൾ ളുഹറും അസറും നമസ്‌കരിച്ചു. ശേഷം ഗോവിന്ദനെയും നാരായണനെയും  കൂട്ടി, നബി(സ)യുടെ മുടി സൂക്ഷിച്ച് വയ്ക്കപ്പെട്ട സ്ഥലത്തെത്തി.കഴിഞ്ഞ തവണ റമദാന് തൊട്ടുമുമ്പുള്ള സന്ദർശന സമയത്ത്  അറ്റകുറ്റപണികൾ കാരണം ഇവിടെ പൂട്ടിയിട്ടതായിരുന്നു. നവീകരിച്ച പള്ളിയുടെ ഉൾവശം കൂടുതൽ സ്വർണ്ണശോഭയിൽ തിളങ്ങുന്നതായി തോന്നി.

അകം കാഴ്ചകൾക്ക് ശേഷം പള്ളിയുടെ പുറം കാഴ്ചകൾ കൂടി ഞങ്ങൾ ആസ്വദിച്ചു. ഹസ്രത്ത് ബാൽ പള്ളിയുടെ മിനാരത്തിന് ചുറ്റും ദിക്റ് പാടി പറക്കുന്ന പ്രാവുകൾ ഇത്തവണയും അവിസ്മരണീയ കാഴ്ച ഒരുക്കിത്തന്നു. ഞങ്ങളുടെ സഹയാത്രികനായ സിദ്ദീഖിന് അന്ന് രാത്രി ഒമ്പത് മണിക്കുള്ള ഫ്ലൈറ്റിന് നാട്ടിലേക്ക് പോകേണ്ടതുണ്ടായിരുന്നു. അതു കൊണ്ട് പള്ളിയുടെ തൊട്ടടുത്തുള്ള പുരാതന തെരുവ് നടന്ന് കാണാൻ സമയമില്ലാത്തതിനാൽ ഒന്ന് കണ്ണോടിച്ച് മാത്രം കണ്ടു.

ഹസ്രത്ത് ബാൽ പള്ളിക്കടുത്തുള്ള മൂൺലൈറ്റിൻ്റെ ഔട്ട്ലെറ്റിൽ നിന്ന് വാൾനട്ട് ഫഡ്ജ് വാങ്ങണം എന്ന് പലരും എന്നെ ഏല്പിച്ചിരുന്നു. സമയം വൈകിയത് കാരണം അത് ഒഴിവാക്കാമെന്ന് കരുതി. ബട്ട്, വണ്ടി അതുവഴിയാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ ഒന്ന് ശ്രമിച്ച് നോക്കാം എന്ന് തോന്നി. ഭാഗ്യത്തിന്, കഴിഞ്ഞ തവണ അനുഭവിച്ച പോലെയുള്ള ഒരു തിരക്കും ഉണ്ടായിരുന്നില്ല. ആവശ്യമായ അത്രയും വാൾനട്ട് ഫഡ്ജ് പാക്കറ്റുകൾ വാങ്ങി ഞങ്ങൾ റൂമിലേക്ക് തിരിച്ചു.

നേരത്തെ തയ്യാറാക്കി വെച്ച ബാഗേജുകൾ എടുത്ത്, യാത്രയിൽ അവസാനം കണ്ണി കൂടിയ  സിദ്ദീഖ് ഞങ്ങളിൽ നിന്ന് ആദ്യം പിരിഞ്ഞു. ധൃതിപ്പെട്ട് എയർപോർട്ടിൽ എത്തിയെങ്കിലും അജഞാത കാരണങ്ങളാൽ ഫ്ലൈറ്റ് കാൻസൽ ചെയ്തതിനാൽ അവൻ എയർപോർട്ടിൽ കുടുങ്ങി എന്നും പിറ്റേന്ന് അമൃതസറിൽ പോയി അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചു എന്നും പിന്നീടാണ് ഞങ്ങളറിഞ്ഞത്. ഞങ്ങളപ്പോൾ കാശ്മീരിലെ അവസാന അത്താഴവും തേടി ഖയാം ചൗക്കിലെ കബാബ് മണവും ആസ്വദിച്ച് തേരാ പാരാ നടക്കുകയായിരുന്നു.


Next : യക്ഷി കൊട്ടാരത്തിലൂടെ ...

 


Thursday, July 09, 2026

ഗുംറി ( ടീം 87 SSC @ കാശ്മീർ - 18)

 ടീം 87 SSC @ കാശ്മീർ - 17

കാശ്മീരിലെ നാലാം ദിവസത്തിലാണ് ഞാൻ സോനാമാർഗ്ഗ് യാത്ര പ്ലാൻ ചെയ്തത്.അതിന് ഒരു കാരണം ഉണ്ടായിരുന്നു.എൻ്റെ ആദ്യ കാശ്മീർ യാത്രയിൽ മാത്രമേ ഞാൻ സോനാമാർഗ്ഗിൽ പോയിട്ടുള്ളൂ. ശ്രീനഗറിൽ നിന്ന് എൺപത് കിലോമീറ്ററോളം സഞ്ചരിച്ച് സോനാമാർഗ്ഗിൽ എത്തിയ ശേഷം മറ്റൊരു ടാക്സി വിളിച്ച് അതിദുർഘടമായ സോജിലാ പാസ് താണ്ടിയാലേ അവിടം വരെ പോകുന്നത് കൊണ്ടുള്ള ത്രില്ല് അനുഭവിക്കാൻ സാധിക്കൂ. ഞങ്ങൾ പത്ത് പേരുള്ളതിനാൽ രണ്ട് കാർ വിളിച്ച് പോകേണ്ടി വരും എന്നതിനാൽ ചെലവ് അതിഭീമമാകുകയും ചെയ്യും. കാശ്മീർ യാത്രയിൽ എന്തെങ്കിലും കാരണവശാൽ ഒരു ലൊക്കേഷൻ ഒഴിവാക്കേണ്ടി വന്നാൽ അതിനു നല്ലത് സോനാമാർഗ്ഗ് ആയതിനാലാണ് അത് ഞാൻ നാലാം ദിവസത്തിലേക്ക് പ്ലാൻ ചെയ്തത്.

സോനാമാർഗ്ഗിലേക്ക് പോകുന്ന വഴിക്കുള്ള കാഴ്ചകളും ബാൽതാൽ വരെയുള്ള സ്ഥലങ്ങളും താജിവാസ് ഗ്ലേസിയറും കണ്ട് തിരിച്ച് പോരാം എന്നായിരുന്നു എൻ്റെ മനസ്സിലെ പദ്ധതി. സോജിലാ ചുരം കടന്ന് സീറോ പോയിൻ്റിൽ എത്തിയാൽ കാണുന്ന മഞ്ഞ്, കഴിഞ്ഞ രണ്ട് ദിവസവും ഞങ്ങൾ ആസ്വദിച്ച് കഴിഞ്ഞതിനാൽ അത് തന്നെ ധാരാളമായിരുന്നു. സോനാമാർഗ്ഗ് കണ്ടില്ല എന്ന് പിന്നീട് പരിഭവം തോന്നാതിരിക്കാൻ ഒന്ന് പോവുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ രാവിലെ എട്ട് മണിക്ക് തന്നെ ഹോട്ടലിൽ നിന്ന് യാത്ര തിരിച്ചു. വഴിയിൽ വെച്ച് ബ്രേക് ഫാസ്റ്റും കഴിഞ്ഞ് പതിനൊന്നരയോടെ ഞങ്ങൾ സോനാമാർഗ്ഗിൽ എത്തി.

ആദ്യ തവണ ഞാൻ ചെന്നിറങ്ങിയ സ്ഥലവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരിടത്താണ് മുദ്ദസർ വണ്ടി പാർക്ക് ചെയ്ത് നിർത്തിയത്. വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ ഞാൻ സുഹൃത്തുക്കളെയും കൂട്ടി മുന്നോട്ട് നടക്കാൻ തുടങ്ങി. ആദ്യത്തെ അര മണിക്കൂർ നിലവിലുള്ള സ്ഥിതിഗതികൾ മനസ്സിലാക്കുക എന്നതായിരുന്നു എൻ്റെ ലക്ഷ്യം. പക്ഷേ, അപ്പോഴേക്കും ഒരു ഏജൻ്റ് എൻ്റെ മുമ്പിലെത്തി.

"സാബ്... ഗാഡി ചാഹ്ത ഹേ..." ചൂണ്ടയിട്ട് തുടങ്ങിയ അയാൾ ടാക്സി ഏജൻ്റാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ അയാളെ വക വയ്ക്കാതെ വേഗത്തിൽ നടന്നു. അയാളും എന്തൊക്കെയോ പറഞ്ഞു കൊണ്ട് എൻ്റെ പിന്നാലെ തന്നെ വന്നു. 

ടാക്സിക്ക് ആറായിരത്തഞ്ഞൂറ് രൂപയാകുമെന്നും  അയ്യായിരം നൽകിയാൽ മതി എന്നും അയാൾ പറഞ്ഞു. ഞാനിവിടെ മുമ്പ് വന്നതാണെന്നും അന്ന് കുട്ടികളടക്കം പതിനൊന്ന് പേർക്ക് സീറോ പോയിൻ്റിൽ പോകാൻ ആറായിരം രൂപയേ നല്കിയിട്ടുള്ളൂ എന്നും ഞാൻ പറഞ്ഞു. അന്ന് നിങ്ങൾ പോയത് ബാൽതാൽ വരെ മാത്രമായിരിക്കുമെന്ന് അയാളും തർക്കിച്ചു. അവസാനം സീറോ പോയിൻ്റിലെ മഞ്ഞിൽ ഞങ്ങൾ കളിക്കുന്നതിൻ്റെ ഫോട്ടോ കാണിച്ചപ്പോൾ അയാളൊന്ന് അയഞ്ഞു. കിട്ടിയ അവസരം ഉപയോഗിച്ചു് ഞാൻ ടാക്സിക്ക് നാലായിരം രൂപ പറഞ്ഞു. അതും ഗുംറി വരെ പോകണം (അതെവിടെയാണെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു! അയാൾ പറഞ്ഞതിൽ നിന്നും കേട്ടതായിരുന്നു!!) എന്നും നിർബന്ധം പിടിച്ചു. അയാൾ ഡ്രൈവർമാരോട് എന്തോ വിളിച്ച് പറഞ്ഞു. നിമിഷങ്ങൾക്കകം രണ്ട് വണ്ടികൾ അവിടെയെത്തി. അഞ്ച് പേർ വീതം ഓരോന്നിലും കയറി. സീറ്റ് കൂടുതൽ ഉണ്ടെങ്കിലും അഞ്ച് പേരെയേ അനുവദിക്കൂ എന്ന് ഡ്രൈവർ പറഞ്ഞു.

സോജിലാ ചുരത്തിലെ ടണലിൻ്റെ പണി കഴിഞ്ഞിട്ടുണ്ടാകും എന്നും അതിനുള്ളിലൂടെ ആയിരിക്കും കടന്ന് പോകുന്നത് എന്നുമായിരുന്നു എൻ്റെ ധാരണ. ബട്ട്, തുരങ്കത്തിൻ്റെ പണി കഴിഞ്ഞിരുന്നില്ല. അതിനാൽ സോജില പാസിൻ്റെ ഭീകരത ശരിക്കും അനുഭവിച്ച് കൊണ്ട് തന്നെ യാത്ര ചെയ്തു. ചില സ്ഥലങ്ങളിൽ ഡ്രൈവർ സൈഡ് കൊടുക്കുമ്പോൾ ഗോവിന്ദൻ സീറ്റിൽ വല്ലാതെ അള്ളിപ്പിടിക്കുന്നതും പുറത്തേക്ക് നോക്കാതിരിക്കുന്നതും ഞാൻ ശ്രദ്ധിച്ചു. ഇടയ്ക്ക് ഒരല്പനേരം ബ്ലോക്കിൽ പെട്ടപ്പോൾ സൈഡ് വിൻഡോ വഴി താഴേക്ക് നോക്കിയ പലരുടെയും ചങ്കിടിപ്പും ഞാൻ കേട്ടു.

ഗുൽമാർഗ്ഗിലും പഹൽഗാമിലും കിട്ടിയതുപോലെ സോജിലയുടെ ഉച്ചിയിലുള്ള സീറോ പോയിൻ്റിലും ഞങ്ങൾക്ക് സമൃദ്ധമായ മഞ്ഞ് വീഴ്ച്ച കിട്ടി. തലേ ദിവസം ഞങ്ങളുടെ ഹോട്ടലിൽ നിന്നും പോയവർ കാറ്റ് കാരണം സോജില കടക്കാനാവാതെ തിരിച്ചു പോരുകയായിരുന്നു. ഐ ലവ് സോജില എന്ന സെൽഫി പോയിൻ്റിൽ ഇറങ്ങി എല്ലാവരും ഫോട്ടോ പിടിച്ചു. കഴിഞ്ഞ തവണ വന്നപ്പോൾ ഈ സ്ഥലം ഞാൻ കണ്ടിരുന്നില്ല. ഇന്ത്യാ ഗേറ്റ് എന്ന പേരിൽ ഉയർന്ന് നിൽക്കുന്ന രണ്ട് പാറക്കല്ലുകൾ ഇത്തവണയും കണ്ടു. ശേഷം സീറോ പോയിൻ്റിൽ എത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ ഒരിടത്ത് എത്തിപ്പെട്ടത് പോലെയാണ് തോന്നിയത്.11649 അടി ഉയരത്തിലാണ് ഇപ്പോഴുള്ളത് എന്ന് കാണിക്കുന്ന ഒരു സൂചക ബോർഡും ഇത്തവണയാണ് ഞാൻ ആദ്യമായി കണ്ടത്.

മഞ്ഞിൽ ഉരുണ്ടും മറിഞ്ഞും ആവശ്യമുള്ളതിലധികം ഫോട്ടോകളും വീഡിയോകളും പിടിച്ച ശേഷം ഗുംറിയിലേക്ക് പോകാനായി ഞങ്ങൾ വണ്ടിക്കടുത്തെത്തി. വണ്ടി തിരിച്ചിട്ടത് കണ്ട എനിക്ക് ചെറിയൊരു സംശയം തോന്നി.

"അബ് ലൗടേ ഗ?" മടങ്ങുകയല്ലേ എന്ന ആ ചോദ്യം കേട്ട മാത്രയിൽ കാര്യം എനിക്ക് പിടികിട്ടി.

ഗുംറി വരെ പോകാമെന്ന് പറഞ്ഞ് യാത്ര തുടങ്ങി മുകളിൽ എത്തിയപ്പോൾ ഒരു വണ്ടിക്കാരൻ വാക്ക് മാറി. എന്നാൽ മറ്റേ ടാക്സിക്കാരൻ ഒന്നും മിണ്ടിയതുമില്ല.ഗുംറി വരെ പോകുമെന്ന് പറഞ്ഞത് അയാൾക്ക് അറിയാമായിരുന്നു. ഗുംറിയിലേക്ക് വരുന്നില്ലെങ്കിൽ തിരിച്ചു പോകാൻ ഞാനവനോട് പറഞ്ഞു. ഒറ്റ കാശും തരാൻ സൗകര്യമില്ല എന്നും അറിയിച്ചു.എന്ത് ധൈര്യത്തിലാണ് അത് പറഞ്ഞത് എന്നറിയില്ല. എൻ്റെ ശരീരഭാഷ പന്തിയല്ല എന്ന് കണ്ടത് കൊണ്ടാകാം കൂടുതൽ തർക്കിക്കാതെ അയാൾ ഗുംറിയിലേക്ക് തിരിച്ചു.

സീറോ പോയിൻ്റിൽ നിന്നും നോക്കിയാൽ കാണുന്ന അകലത്തിൽ രണ്ട് കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ എത്തുന്ന സ്ഥലമാണ് ഗുംറി. കാർഗിലിലേക്ക് പോകുന്നതിന് മുമ്പുള്ള സൈനിക ചെക്ക് പോസ്റ്റ് ഇവിടെയാണ്. കാർഗിൽ യുദ്ധത്തിൽ മരിച്ചവരുടെ സ്മരണക്കായി ഒരു വാർ മെമ്മോറിയൽ ഇവിടെയുണ്ട്. മഞ്ഞ് വീണ് അതിൻ്റെ ടൈൽസിട്ട തറ മുഴുവൻ വഴുതുന്നതിനാൽ ആരും അങ്ങോട്ട് പോയിരുന്നില്ല. സമീപത്തെ ജവാനോട് അനുവാദം ചോദിച്ച് ഞങ്ങൾ അകത്ത് കയറി. പക്ഷെ, ഒന്ന് നിവർന്ന് നിൽക്കുമ്പോഴേക്കും അടിതെറ്റുന്നതിനാൽ പെട്ടെന്ന് തന്നെ പുറത്തിറങ്ങി.

അല്പമകലെ ത്രിവർണ്ണ പതാകയുടെ നിറത്തിൽ ഒരു പ്ലാറ്റ്ഫോമിൽ "ഐ ആം @ സോജില" എന്ന് ഉണ്ടാക്കി വെച്ചിരുന്നു. അതിലും ഞങ്ങളെല്ലാവരും കയറി ഇറങ്ങി. എൻ്റെ കൗമാരകാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ബോഫോഴ്സ് എന്ന പീരങ്കിയും അവിടെ പ്രദർശിപ്പിച്ചിരുന്നു. കാർഗിൽ, ലേഹ് , ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്ന് പോകുന്നത് ഇതിന് മുന്നിലൂടെയാണ്.

ഏകദേശം മതി എന്ന് എല്ലാവർക്കും തോന്നിയ സമയത്ത് ഞങ്ങൾ തിരിച്ചിറക്കം ആരംഭിച്ചു. താഴെ എത്തിയ ശേഷം ടാക്സിക്കാർ സംഘം ചേരുമെന്ന് ചെറിയ ഒരു പേടി എൻ്റെ ഉള്ളിൽ നിഴലിട്ടു.പക്ഷേ, ഒന്നും സംഭവിച്ചില്ല. രണ്ട് വണ്ടിക്കും കൂടി എണ്ണായിരം രൂപ കൊടുത്ത് അവരെ ഞാൻ പിരിച്ചുവിട്ടു. ഹസ്രത്ത് ബാൽ പള്ളി കൂടി ഇന്ന് കാണാനുള്ളതിനാൽ ഞങ്ങൾ പെട്ടെന്ന് തന്നെ ശ്രീനഗറിലേക്ക് യാത്ര ആരംഭിച്ചു.

Next: ഹസ്രത്ത് ബാൽ പള്ളിയിൽ

Sunday, July 05, 2026

ആപ്പിൾ വാലിയിൽ ... ( ടീം 87 SSC @ കാശ്മീർ - 17)

ടീം 87 SSC @ കാശ്മീർ - 16

ഒക്ടോബറിൽ ഒരു കാശ്മീർ യാത്ര പ്ലാൻ ചെയ്യുമ്പോൾ മഞ്ഞ് കാണും എന്ന് എനിക്ക് നേരിയ പ്രതീക്ഷ ഉണ്ടായിരുന്നത് സോനാമാർഗ്ഗിലെ സീറോ പോയിൻ്റിൽ മാത്രമായിരുന്നു. അത് തന്നെ ആ പേര് തരുന്ന ആത്മവിശ്വാസത്തിൻ്റെ പിൻബലത്തിലും. ഒക്ടോബറിലെ സന്ദർശകരിൽ പലർക്കും പല അനുഭവങ്ങളും ആയതിനാൽ മുൻകൂട്ടി ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. കുങ്കുമപ്പൂക്കളുടെ വിളവെടുപ്പും ആപ്പിളുകളുടെ വിളവെടുപ്പിൻ്റെ അവസാന കാലവും ഒക്ടോബർ മാസത്തിലാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. അതിനാൽ അവയെങ്കിലും കാണാമെന്ന് ഞാൻ മനസ്സിൽ കണക്ക് കൂട്ടി.

ഇന്ത്യയുടെ കുങ്കുമപ്പട്ടണം എന്നറിയപ്പെടുന്നത് കാശ്മീരിലെ പാമ്പോർ (Pampore) ആണ്. ജമ്മു - ശ്രീനഗർ ഹൈവേയിൽ ശ്രീനഗർ എത്തുന്നതിന് പതിനഞ്ച് കിലോമീറ്റർ മുമ്പാണ് പാമ്പോർ സ്ഥിതി ചെയ്യുന്നത്.പ്രഥമ കാശ്മീർ യാത്രയിലെ ആദ്യത്തെ ടാക്സി ഡ്രൈവർ നസീർഖാൻ ഈ സ്ഥലം ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നിരുന്നു. ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്ക് പോകുമ്പോഴും പാമ്പോർ വഴി കടന്ന് പോകും. അതിനാൽ ഡ്രൈവർ മുദ്ദസറിനോട് ഒരു കുങ്കുമപ്പാടത്തിനരികെ വണ്ടി നിർത്തണം എന്ന് ഞാൻ പറഞ്ഞിരുന്നു.

എൻ്റെ പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു പാമ്പോറിലെ കാഴ്ചകൾ. നേരത്തെ പെയ്ത മഴ കാരണമാണോ എന്നറിയില്ല റോഡിനിരുവശവുമുള്ള കുങ്കുമപ്പാടങ്ങൾ എല്ലാം വിളവെടുപ്പ് കഴിഞ്ഞ് ചെടി ഉണങ്ങിയ നിലയിലായിരുന്നു. കത്ര - ശ്രീനഗർ വന്ദേഭാരത്  യാത്രയിലും ഞാൻ കുങ്കുമപ്പാടങ്ങൾക്കായി കണ്ണ് നട്ടിരുന്നു;പക്ഷേ കണ്ടില്ല. മുദ്ദസർ ഇടക്ക് വേഗത കുറക്കുമ്പോൾ ഞാനും പ്രതീക്ഷയോടെ കണ്ണോടിച്ചു. അവസാനം റോഡിൽ നിന്നും കുറെ അകലെയായി ഒരു പാടം മുദ്ദസർ കാണിച്ച് തന്നു.പക്ഷേ, എനിക്കത് ബോധ്യം വന്നില്ല. കുങ്കുമച്ചെടികൾ പൂത്ത് നിൽക്കുന്നത് കാണാം എന്ന മോഹം ഞാൻ സഹയാത്രികരിലേക്ക് പകർന്നിരുന്നില്ല. കണ്ട് കിട്ടിയാൽ തലേ ദിവസം ഇഷ്ഫാഖിൻ്റെ വീട്ടിൽ പോയത് പോലെ ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി.അതിനാൽ ഇനി കൂടുതൽ നോക്കണ്ട എന്ന് ഞാൻ ഡ്രൈവറോട് പറഞ്ഞു.

പഹൽഗാമിലേക്ക് പോകുന്ന വഴിയിൽ നിരവധി ആപ്പിൾ തോട്ടങ്ങൾ ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു ആപ്പിൾ തോട്ടം സന്ദർശിക്കണം എന്ന് ഞങ്ങൾക്ക് പദ്ധതിയും ഉണ്ടായിരുന്നു.തലേ ദിവസം ഗുൽമാർഗ്ഗിൽ നിന്ന് തിരിച്ചു വന്നപ്പോൾ ഞാനും മുജീബും ഒരു തോട്ടത്തിൽ  കയറിയപ്പോൾ മറ്റുള്ളവരും തൊട്ടടുത്ത തോട്ടത്തിൽ പോയിരുന്നു.പക്ഷേ, അവിടെ അവർക്ക് ആപ്പിൾ മരത്തോടടുക്കാൻ അനുവാദം ലഭിച്ചിരുന്നില്ല. ഇന്ന് അതെല്ലാം പരിഹരിക്കാം എന്ന് ഞാൻ വാക്കു കൊടുത്തു.

കുങ്കുമപ്പാടങ്ങളുടെ കാര്യം സൂചിപ്പിച്ചപ്പോഴേ ഡ്രൈവറോട് ഞാൻ ആപ്പിൾ തോട്ടത്തിൻ്റെ കാര്യവും പറഞ്ഞിരുന്നു. അങ്ങോട്ട് പോകുമ്പോൾ കയറിയാൽ സമയം വൈകും എന്നതിനാൽ തിരിച്ച് വരുമ്പോൾ എവിടെയെങ്കിലും നിർത്തിയാൽ മതി എന്നും ഞാൻ പറഞ്ഞു. ആപ്പിൾ നിറഞ്ഞ് നിൽക്കുന്ന പല തോട്ടങ്ങളും മടക്കയാത്രയിൽ കണ്ടിട്ടും മുദ്ദസർ വണ്ടി നിർത്തിയില്ല. അദ്ദേഹത്തിന് പരിചയമുള്ള വല്ല തോട്ടവും ഉണ്ടാകും എന്ന് കരുതി ഞാൻ ഒന്നും പറഞ്ഞതുമില്ല. അവസാനം നേരം ഇരുട്ടാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു സൂചന നൽകിയപ്പോഴാണ് മുദ്ദസറിന് കാര്യം ഓർമ്മ വന്നത്. ഭാഗ്യത്തിന് ഒരു ആപ്പിൾ തോട്ട കാവൽക്കാരൻ അവസാന വണ്ടിയും പ്രതീക്ഷിച്ച് നിൽക്കുന്നിടത്ത് ഞങ്ങൾ എത്തി.

രണ്ടോ മൂന്നോ ആപ്പിളുകൾ തൊലി കളഞ്ഞ് കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു യന്ത്രത്തിലിട്ട് ജ്യൂസ് എടുത്ത് വിൽക്കുന്ന ഒരു ചെറിയ കടയും അതിന് പിന്നിൽ ഒരു ആപ്പിൾ തോട്ടവും ആയിരുന്നു ഞങ്ങൾ കണ്ടത്. ഗ്ലാസിന് അമ്പത് രൂപ വരുന്ന ജ്യൂസോ ആപ്പിൾ കൊണ്ടുണ്ടാക്കിയ അച്ചാർ, സിറപ്പ് , ജാം ഇവയിൽ ഏതെങ്കിലുമൊക്കെ വാങ്ങി തോട്ടം കാണാനും ഫോട്ടോ എടുക്കാനും അദ്ദേഹം ഞങ്ങൾക്ക് അനുവാദം നൽകി. അതോടെ എല്ലാവരും ആപ്പിൾ മരങ്ങളുടെ ചുവട്ടിലേക്ക് ഓടി.

"സൂക്ഷിക്കണം, ആപ്പിൾ തലയിൽ വീഴും" ഫൈസൽ മെഹ്ബുവിനെ ഓർമ്മപ്പെടുത്തി.

"ശരിയാ... ഐൻസ്റ്റിൻ്റെ തലയിൽ ആപ്പിള് വീണ കഥ കേട്ടിട്ടുണ്ട്..." മെഹ്‌ബു തലയിൽ തൊപ്പി എടുത്ത് വച്ച് കൊണ്ട് പറഞ്ഞു.

"ഐൻസ്റ്റീൻ്റെ തലയിലല്ല... ന്യൂട്ടൻ്റെ തലയിലാ ആപ്പിൾ വീണത്  ..." സിദ്ദീഖ് തിരുത്തിക്കൊടുത്തു.

ഓരോരുത്തരും അവനവനിഷ്ടപ്പെട്ട ആപ്പിൾ മരത്തിനടുത്തു പോയി ആപ്പിളിൽ തൊട്ടും തലോടിയും സെൽഫിയും ഫോട്ടോയും വീഡിയോയും റീലുകളും എല്ലാം പിടിച്ചു. പച്ച ആപ്പിളും ചുവന്ന ആപ്പിളും മഞ്ഞ ആപ്പിളും മരത്തിലും നിലത്തും തീർത്ത വർണ്ണ വിസ്മയത്തിൽ ഞങ്ങൾ ആറാടി. നിലത്ത് വീണ് ആർക്കും വേണ്ടാതെ കിടക്കുന്ന ആപ്പിളുകൾ കണ്ട് ഞങ്ങൾക്ക് കൊതി തോന്നി. താല്ക്കാലിക ഷെഡിൽ പറിച്ചു കൂട്ടിയിട്ട ആപ്പിൾ കൂമ്പാരം കണ്ട് ഞങ്ങൾ പകച്ചു പോയി. 

എല്ലാവരും മരത്തിലെ ആപ്പിളിൽ തൊടുന്നതും ഫോട്ടോ എടുക്കുന്നതും കണ്ടപ്പോൾ നിശീഥിനിക്കും ഒരാപ്പിളിൽ കയ്യെത്തിക്കണം എന്നാഗ്രഹം തോന്നി.ഉടനെ നുസൈബ അവളെ എടുത്ത് പൊക്കി ആ ആഗ്രഹം സഫലമാക്കിക്കൊടുത്തു. തിരിച്ചു റൂമിൽ എത്തിയ ശേഷം പുതിയൊരു കാശ്മീരി ഭക്ഷണ വിഭവം തേടി പോവുക എന്നതല്ലാതെ മറ്റൊരു പണിയും ഇല്ലാത്തതിനാൽ മാക്സിമം സമയം ഞങ്ങൾ അവിടെ ചെലവഴിച്ചു. ളുഹറും അസറും അവിടെ നിന്ന് നമസ്കരിക്കുകയും ചെയ്തു. ജ്യൂസും മറ്റ് നിരവധി സാധനങ്ങളും വാങ്ങിയതിനാൽ കടക്കാരനും ഹാപ്പിയായി.

വെടിവെപ്പിൻ്റെ ഭീകരതയും ദുഃഖത്തിൻ്റെ മൂകതയും തളം കെട്ടി നിൽക്കുന്ന ഒരു പഹൽഗാം കാഴ്ച പ്രതീക്ഷിച്ച പലരുടെയും മുഖത്ത് സന്തോഷത്തിൻ്റെ ആപ്പിൾ വർണ്ണങ്ങൾ ആയിരുന്നു അന്ന് രാത്രി മുഴുവൻ വിരിഞ്ഞ് നിന്നത്.

Next: ഗുംറിയിൽ

Wednesday, June 17, 2026

ബേതാബ് വാലിയും ആരു വാലിയും ( ടീം 87 SSC @ കാശ്മീർ - 16)

 ടീം 87 SSC @ കാശ്മീർ - 15

കാശ്മീരിൽ ഏത് മാസം പോയാലും വ്യത്യസ്തങ്ങളായ കാഴ്ചകൾ അനുഭവിക്കാൻ പറ്റും എന്ന് ഇഷ്‌ഫാഖ് പലതവണ എന്നോട് പറഞ്ഞിരുന്നു. വേനൽക്കാല കാഴ്ചകളല്ല മഞ്ഞു കാലത്ത് കാണുന്നത്. അത് രണ്ടുമല്ല അതിനിടക്കുള്ള സമയത്ത് അനുഭവപ്പെടുന്നത്. കാശ്മീരിലേക്കുളള നാലാമത്തെ ഊ യാത്രയിൽ എനിക്ക് അത് ശരിക്കും ബോധ്യപ്പെട്ടു.

പഹൽഗാമിലെ ബേതാബ് വാലിയിലേക്ക്  ഞാൻ ആദ്യമായി പോകുന്നത് കഴിഞ്ഞ പ്രാവശ്യമാണ്. മഞ്ഞു വീഴ്ച ആസ്വദിച്ച് മുന്നോട്ട് നീങ്ങിയ ആ യാത്ര പക്ഷേ ബേതാബ് വാലിയിൽ എത്തിയില്ല. ഭീകരമായ മഞ്ഞ് വീഴ്ച കാരണം മുന്നോട്ട് പോകാൻ സാധിക്കാതെ വഴിയിൽ ഒരിടത്ത് വെച്ച് നിർത്തി. ആ സ്ഥലം പോലും അന്ന് വളരെ  സുന്ദരമായി അനുഭവപ്പെട്ടു.

ഹാഗൻ വാലി എന്നായിരുന്നു ഈ താഴ്‌വരയുടെ യഥാർത്ഥ പേര്. 1983 ൽ സണ്ണി ഡിയോൾ തകർത്ത് അഭിനയിച്ച ബേതാബ് എന്ന റൊമാൻ്റിക് ഹിന്ദി സിനിമ ഇവിടെ വെച്ച്  ഷൂട്ട് ചെയ്തതോടെ ഈ സ്ഥലം ബേതാബ് വാലി എന്നറിയപ്പെട്ടു. പ്രേമം പോലെയുള്ള മനുഷ്യൻ്റെ വികാരങ്ങൾ ഉദ്ദീപിപ്പിക്കാൻ ആ പരിസരവും കൂടി കാരണമാകുന്നുണ്ടോ എന്നൊരു സംശയം ബേതാബ് വാലിയിൽ എത്തിയപ്പോൾ എനിക്ക് തോന്നി. 

ഈ സീസണിലെ ആദ്യത്തെ മഞ്ഞു വീഴ്ചയിൽ വേനലും വിൻ്ററും ഒരുമിച്ചൊരുക്കിയ മനോഹരമായ ഒരു ദൃശ്യ വിസ്‌മയത്തിലേക്കായിരുന്നു ഞങ്ങൾ എത്തിച്ചേർന്നത്. വെളുത്ത കുഞ്ഞു പൂക്കൾ വിതറിയ പോലെ തോന്നിപ്പിക്കുന്ന മഞ്ഞിൻ പുതപ്പണിഞ്ഞ പച്ചപ്പുൽ മൈതാനവും അതേ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പോലെ മഞ്ഞു കണങ്ങൾ വഹിച്ച് നിൽക്കുന്ന മരങ്ങളും നിറഞ്ഞ ഒരു താഴ്‌വരയായിരുന്നു ബേതാബ് വാലി.

അകത്ത് പ്രത്യേകിച്ച് ഒന്നും കാണാനില്ല എന്നും കുതിരപ്പുറത്ത് പോകുന്നതാണ് കാഴ്ചകൾ കാണാൻ ഉത്തമം എന്നും ഘോടവാലകൾ പറഞ്ഞു.ടിക്കറ്റ് കൗണ്ടറിനകത്ത് ഇരിക്കുന്നയാൾ ഇതെല്ലാം കണ്ടിട്ടും ഒരക്ഷരം ഉരിയാടാത്തത് എന്ത് കൊണ്ട് എന്ന് മനസ്സിലായില്ല. ടിക്കറ്റ് എടുത്ത് ഞങ്ങൾ അകത്ത് കയറി.

മഞ്ഞു മരങ്ങൾക്കിടയിലുടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന പാതകളുടെ ഇരുവശവും വെള്ളാരം കല്ലുകൾ പതിച്ച പോലെ മഞ്ഞ് വീണ് മൂടിയിരുന്നു. ഇടക്കിടക്കുള്ള വിളക്ക് കാലുകൾ കാഴ്ചകളുടെ ദൃശ്യഭംഗി വർദ്ധിപ്പിച്ചു.റീലുകൾ ചിത്രീകരിക്കാൻ ഇതിലും മികച്ച ഒരു ലൊക്കേഷൻ ഇനി സ്വപ്നങ്ങളിൽ മാത്രമായിരിക്കും എന്ന് എല്ലാവരും തിരിച്ചറിഞ്ഞതിനാൽ റീൽ ചിത്രീകരണങ്ങളുടെ ഒരു പൂരമായിരുന്നു പിന്നീട് അരങ്ങേറിയത്. ടാക്സിക്കാർ അനുവദിച്ച ഒരു മണിക്കൂർ സമയ പരിധി അവസാനിച്ചതിനാൽ ഞങ്ങൾ പുറത്തിറങ്ങി.

ബേതാബ് വാലിയിൽ നിന്നും ഞങ്ങൾ പോയത് ആരുവാലിയിലേക്കായിരുന്നു. കഴിഞ്ഞ വരവിൽ ആരുവാലിയും ഞാൻ കണ്ടിരുന്നു എന്നായിരുന്നു എൻ്റെ ധാരണ. പക്ഷേ, ആരുവാലി ആണെന്ന് പറഞ്ഞ് കിലോമീറ്ററുകൾ മുമ്പുള്ള ഒരു സ്ഥലത്ത് ഇറക്കുകയായിരുന്നു അന്ന് എന്ന് യഥാർത്ഥ ആരുവാലിയിൽ എത്തിയപ്പോഴാന്ന് മനസ്സിലായത്.

ജനങ്ങൾ താമസിക്കുന്ന ഒരു ഗ്രാമമാണ് യഥാർത്ഥത്തിൽ ആരുവാലി. ഇവിടെ ഒന്നും തന്നെ കാണാനില്ലെന്ന് പഹൽഗാമിൽ നിന്ന് തന്നെ കുതിരക്കാർ പറഞ്ഞിരുന്നു. അവരുടെ ഒരു വാക്കും വിശ്വസിക്കാൻ പറ്റില്ല എന്നതിനാൽ ഞാൻ അത് കേട്ടതേ ഭാവിച്ചില്ല. ഗ്രാമം പിന്നിട്ട് ഒരൊഴിഞ്ഞ പാർക്കിംഗ് സ്ഥലത്ത് ഞങ്ങളെത്തി. കാർ പാർക്കിംഗ് ഏരിയയിൽ നിന്നും ഒന്നൊന്നര കിലോമീറ്ററോളം നടന്നാലേ സഞ്ചാരികളുടെ ആരുവാലിയിൽ എത്തൂ. മലയുടെ താഴ്‌വാരം ശരിക്കും മനസ്സിലാകുന്ന രൂപത്തിലായിരുന്നു ആരുവാലി. മഞ്ഞ് വീഴ്ച്ച ആരുവാലിയെയും മഞ്ഞ് പുതപ്പിച്ചിരുന്നു.പക്ഷേ, ബേതാബ് വാലി കണ്ട ശേഷം ആരുവാലിയിൽ വന്നത് ഒട്ടും ശരിയായില്ല എന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നി. ആരുവെയെക്കാളും സുന്ദരി ബേതാബ് തന്നെ.

ഇവിടെയും കുതിരക്കാർ അവരുടെ ദയനീയ സ്ഥിതി അവതരിപ്പിച്ചു കൊണ്ട് സവാരിക്ക് ക്ഷണിച്ചെങ്കിലും സഞ്ചാരികളാരും കുതിരപ്പുറത്ത് പോകുന്നത് കണ്ടില്ല. കുതിരപ്പുറത്ത് കയറാൻ നുസൈബ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഇരുപത്തഞ്ച് മീറ്റർ ദൂരം പോലും സഞ്ചരിക്കാൻ ഇല്ലാത്ത ഒരു യാത്രക്ക് ഇരുനൂറ് രൂപ അവർ ആവശ്യപ്പെട്ടു. അതോടെ ആ ആഗ്രഹവും അവിടെ തന്നെ കുഴിച്ച് മൂടി. അനുവദിച്ച ഒരു മണിക്കൂർ സമയം കഴിയും മുമ്പ് തന്നെ ഞങ്ങൾ ആരുവാലിയിൽ നിന്ന് തിരിച്ചു പോന്നു.

എ ബി സി വാലികളിലെ ചന്ദൻവാലി ഈ യാത്രയിലും സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചില്ല. അല്ലെങ്കിലും കാണാൻ ഇനിയും ബാക്കിയുണ്ട് എന്ന തിരിച്ചറിവുകളാണല്ലോ നമ്മെ വീണ്ടും വീണ്ടും യാത്രകൾക്ക് പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം. ഒരു പക്ഷേ അഞ്ചാം കാശ്മീർ യാത്രയിലാകാം ചന്ദൻവാലി കാണാനുള്ള യോഗം എഴുതി വെച്ചിരിക്കുന്നത്.


Next: ആപ്പിൾ വാലിയിൽ

Wednesday, June 10, 2026

എ ബി സി വാലിയിലേക്ക്... ( ടീം 87 SSC @ കാശ്മീർ - 15)

ടീം 87 SSC @ കാശ്മീർ - 14

പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക്  നേരെ വെടിവെപ്പ് നടന്ന് വെറും രണ്ട് മാസത്തിന് ശേഷമാണ് ഞാൻ എൻ്റെ നാലാം കാശ്മീർ യാത്ര പ്ലാൻ ചെയ്യുന്നത്. വെടിവെപ്പിൻ്റെ വെറും രണ്ട് മാസം മുമ്പായിരുന്നു മൂന്നാം കാശ്മീർ സന്ദർശനം എന്നത് യാദൃശ്ചികം മാത്രം. നാലാം യാത്ര പ്ലാൻ ചെയ്യുമ്പോൾ പഹൽഗാമിലേക്ക് സഞ്ചാരികൾക്ക് വീണ്ടും പ്രവേശനം നല്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഞങ്ങളുടെ യാത്രാ തിയ്യതി ആയപ്പോഴേക്കും വെടിവെപ്പ് നടന്ന ബൈസരൺ വാലിയിലേക്കുള്ള പ്രവേശനം മാത്രം തടഞ്ഞു കൊണ്ട് പഹൽഗാമിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം നൽകിത്തുടങ്ങിയിരുന്നു. ആദ്യത്തെ രണ്ട് പഹൽഗാം സന്ദർശനങ്ങളിലും ബൈസരൺ വാലിയിൽ പോയ കാര്യം (Click to Read) ഞാൻ സഹയാത്രികരോട് പങ്ക് വെച്ചിരുന്നു. എന്നിട്ടും, എൻ്റെ ടീമിൽ പെട്ട ചിലർ പഹൽഗാമിൽ പോകുന്ന വിവരം വീട്ടിൽ മിണ്ടുക പോലും ചെയ്തിരുന്നില്ല.

കാശ്മീരിലെ നാലാം ദിവസത്തിലായിരുന്നു ഞാൻ പഹൽഗാം യാത്ര ആസൂത്രണം ചെയ്തിരുന്നത്. ബട്ട്, കൂട്ടത്തിലുള്ള സിദ്ദീഖിന് നാലാം ദിവസം നാട്ടിലേക്ക് മടങ്ങണം എന്നും പഹൽഗാം കാണണം എന്നും അറിയിച്ചതിനാൽ മുൻ തീരുമാനം മാറ്റി  മൂന്നാം ദിവസം പഹൽഗാമിലേക്ക് പോകാൻ തീരുമാനിച്ചു. സ്വന്തം പാക്കേജുമായി യാത്ര ചെയ്യുമ്പോഴുള്ള സൗകര്യങ്ങളിൽ ഒന്നാണ് ഈ സഡൻ ചെയ്ഞ്ചുകൾ. കേബിൾ കാർ ടിക്കറ്റ് മുൻകൂട്ടി എടുക്കുന്നതിനാൽ ഗുൽമാർഗ്ഗ് യാത്ര ഇതുപോലെ മാറ്റാൻ സാധിക്കുകയുമില്ല.

തലേ ദിവസം തിരിച്ചെത്താൻ വൈകി എങ്കിലും  മൂന്നാം ദിവസം രാവിലെ ഏഴരക്ക് തന്നെ ഡ്രൈവർ മുദ്ദസർ വണ്ടിയുമായി ഹോട്ടലിന് മുന്നിൽ എത്തി. അതിനും മുന്നേ ടീം ടീമായി ഞങ്ങൾ തൊട്ടടുത്ത ഗല്ലിയിൽ നിന്ന് കാശ്മീരി മസാല ചായ കുടിച്ച് റെഡിയായിരുന്നു. എട്ട് മണിക്ക് ഞങ്ങൾ പഹൽഗാം ലക്ഷ്യമാക്കി യാത്ര തുടങ്ങി. വണ്ടിയിൽ മുദ്ദസർ വെച്ച ഖുർആൻ പാരായണ ശീലുകൾ യാത്രയുടെ തുടക്കം ധന്യമാക്കി. പിന്നാലെ ഫൈസൽ ഐറ്റം ഡാൻസ് പാട്ടുകളും പ്ലേ ചെയ്തു. കാശ്മീരി വാസ് വാൻ തയ്യാറാക്കുന്ന ബസുമതി അരി വിളയുന്ന പാടങ്ങളും കാശ്‌മീരിൻ്റെ സ്വർണ്ണമായ കുങ്കുമപ്പൂ പാടങ്ങളും ആപ്പിൾ തോട്ടങ്ങളും പിന്നിട്ട് വണ്ടി കുതിച്ചു പാഞ്ഞു.തലേ ദിവസം പെയ്ത മഴയിൽ വഴിയിലെ ചില അങ്ങാടികളിലെ കടകളിൽ വെള്ളം കയറിയത് കണ്ടപ്പോൾ കേരളത്തിലെ പ്രളയദിനങ്ങൾ ഓർമ്മ വന്നു. വഴിയിൽ കണ്ട ആളൊഴിഞ്ഞ ഒരു ഹോട്ടലിൽ നിന്ന് ഞങ്ങൾ പ്രാതൽ കഴിച്ചു.

വഴിയിലെ പലതരം ബ്ലോക്കുകളും തരണം ചെയ്ത് ഏകദേശം പന്ത്രണ്ട് മണിക്കാണ് ഞങ്ങൾ ആട്ടിടയൻമാരുടെ താഴ്‌വരയായ പഹൽഗാമിൽ എത്തിയത്. ടാക്സി പാർക്കിംഗ് ഏരിയയും ടൗണും പിന്നിട്ട് മുദ്ദസർ ഡ്രൈവിംഗ് തുടർന്നു. പഹൽഗാമിൽ കറങ്ങാൻ യൂണിയൻ ടാക്സി വിളിക്കണം എന്നായിരുന്നു എൻ്റെ അറിവ്. മുദ്ദസർ ആരു വാലിയിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞപ്പോൾ അദ്ദേഹം തന്നെ ഞങ്ങളെ വാലിയിൽ കൊണ്ടുപോകും എന്ന് ഞാൻ കരുതി. പക്ഷേ പോണി വാലകൾ വണ്ടി തടഞ്ഞ് മുദ്ദസറിനോട് കുറെ നേരം എന്തൊക്കെയോ പറഞ്ഞു. എനിക്കത് മനസ്സിലായില്ലെങ്കിലും അതിന് ശേഷം മുദ്ദസർ എൻ്റെ നേരെ തിരിഞ്ഞ് പറഞ്ഞു.

"സർ,യെ കഹ്തെ ഹേ ... ആരൂ ബന്ദ ഹേ...." 

ആരുവാലി പൂട്ടിക്കിടക്കുകയാണ് എന്ന് പറഞ്ഞത് എനിക്ക് വിശ്വാസമായില്ല. അവർ എന്നെ പുറത്തേക്ക് വിളിച്ചു.

"സർ ... ആരു ബന്ദ ഹേ .."എൻ്റെ മുഖത്ത് നോക്കി അയാൾ പച്ചക്കള്ളം പറഞ്ഞു.

"കോൻ ബോല ...? കൽ ഹമാരെ ഹോട്ടൽ സെ ലോഗ് ആയ ധ ..." ഞാൻ അയാളുടെ വാക്ക് നിഷേധിച്ചു.

"കൽ ഖുലാ ദ.... ലേകിൻ ആജ് ബന്ദ ഹേ... "  ഞാൻ ഉറച്ച് നിന്നപ്പോൾ ഇന്നാണ് പൂട്ടിയത് എന്നായി.

"സുനോ ... ആരു സെ അച്ചാ ഫോട്ടോ സ്പോട്ട് ആസ് പാസ് ഹേ ... ഘോടെ മേം ചലേഗ..."

.ഓ... അപ്പോ അതാണ് കാര്യം. അവരുടെ കുതിരയിൽ ഞങ്ങൾ കയറണം.  എനിക്ക് സംഗതി പിടി കിട്ടി. 

"പന്ത്രഹ് സൗ ഹോഗ... ലേകിൻ ആപ് ലോഗോം കൊ സിർഫ് ബാരഹ് സൗ..." 

ആയിരത്തി അഞ്ഞൂറ് രൂപയിൽ നിന്ന്  ഒരാൾക്ക് ഒറ്റയടിക്ക് മുന്നൂറ് രൂപ ഡിസ്‌കൗണ്ടും കിട്ടി!ഞാൻ എത്ര മറുത്ത് പറഞ്ഞിട്ടും കുതിരക്കാർ സമ്മതിച്ചില്ല. ഞാൻ വണ്ടിയിൽ തിരിച്ച് കയറി. അവർ മുദ്ദസറിനോട് പിന്നെയും സംസാരിച്ചു. മുദ്ദസറും അവരുടെ ഭാഗത്തേക്ക് ചായുന്നതായി തോന്നിയപ്പോൾ ഞാൻ ഞങ്ങളുടെ ഹോട്ടലിലേക്ക് വിളിച്ചു. ഹോട്ടൽ മാനേജർ മറ്റൊരു ടീമിനെയും കൊണ്ട് പഹൽഗാമിൽ തന്നെയുണ്ടെന്നും ഇപ്പോൾ വിവരം തരാമെന്നും പറഞ്ഞു. അല്പ സമയം കഴിഞ്ഞപ്പോൾ ആരുവാലി പൂട്ടിയിട്ടില്ല എന്ന് മാനേജർ പറഞ്ഞതോടെ ഞാൻ മുദ്ദസറിനോട് വണ്ടി ടാക്സി സ്റ്റാൻ്റിലേക്ക് വിടാൻ പറഞ്ഞു.ഉടൻ എവിടെ നിന്നോ രണ്ട് ടാക്സിക്കാരെ മുദ്ദസർ ഏർപ്പാടാക്കി തന്നു. 

ആരു വാലിയിലും ബേതാബ് വാലിയിലും എത്തിച്ച് ഓരോ മണിക്കൂർ വീതം ചെലവിടാൻ വണ്ടി ഒന്നിന് 2200 രൂപയാണ് അവർ പറഞ്ഞത്. എട്ട് മാസം മുമ്പ് വന്നപ്പോൾ വണ്ടി ഒന്നിന് നാലായിരം നൽകിയിരുന്നതിനാൽ ഈ റേറ്റ് അത്ര ഉയർന്നതായി എനിക്ക് തോന്നിയില്ല. മാത്രമല്ല, സമയം ഏറെ വൈകിയത് കാരണം ഞാൻ പിന്നെ വിലപേശാനും  നിന്നില്ല.

രണ്ട് കാറുകളിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി. കൂടിയാൽ ഇരുപത്തിയഞ്ച് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പയ്യനായിരുന്നു ഞങ്ങളുടെ കാറിൻ്റെ ഡ്രൈവർ.

"ആരുവാലി ബന്ദ ഹേ?" വെറുതെ ഞാൻ ചോദിച്ചു.

"കോൻ ബോല?"

"ഘോട വാല ബോല"

"ഹം അബ് തക് വഹാം ധ" 

ചിരിച്ചുകൊണ്ട് ആ പയ്യൻ പറഞ്ഞപ്പോൾ രണ്ട് മാസം എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും പൂട്ടിയിട്ടിട്ടും ഇവർ പാഠം പഠിച്ചിട്ടില്ല എന്ന് മനസ്സിലായി.

(തുടരും...)

Sunday, June 07, 2026

അറ്റ് ലാസ്റ്റ് .... (ടീം 87 SSC @ കാശ്മീർ - 14)

ടീം 87 SSC @ കാശ്മീർ  - 13

ഗുൽമാർഗ്ഗിൽ നിന്ന് മടങ്ങുമ്പോൾ സമയം ഏകദേശം  സന്ധ്യയോട് അടുത്തിരുന്നു. പോകുന്ന വഴിയിലെല്ലാം ആപ്പിൾ കച്ചവടക്കാർ ഞങ്ങളെ മാടി വിളിച്ചിരുന്നു. തിരിച്ച് പോരുമ്പോൾ വാങ്ങാം എന്നായിരുന്നു അപ്പോൾ ഉദ്ദേശിച്ചിരുന്നത്. മഞ്ഞിൽ ഏറെ നേരം ഉരുണ്ട് മറിഞ്ഞതിനാൽ ക്ഷീണം കാരണം, ആപ്പിൾ വാങ്ങാനുള്ള മൂഡ് എനിക്ക് ഇല്ലായിരുന്നു. പക്ഷേ, മുജീബിന് അത് വാങ്ങിയേ തീരൂ എന്നും. അതിനാൽ നല്ല ഒരു കട കണ്ടാൽ നിർത്താൻ ഞാൻ ഡ്രൈവർ മുസ്സമ്മിലിനോട് പറഞ്ഞു.

കടകൾ ഏറെ പിന്നിട്ടിട്ടും മുസ്സമ്മിൽ വണ്ടി നിർത്തിയില്ല! നേരം ഇരുട്ടാൻ തുടങ്ങിയതിനാൽ ആപ്പിൾ നോക്കി വാങ്ങൽ ബുദ്ധിമുട്ടാകും എന്ന് ഞാൻ മനസ്സിലാക്കി. മുൻ സീറ്റിലിരുന്ന മുജീബിനോട് തന്നെ അടുത്ത കട കാണുമ്പോൾ വണ്ടി നിർത്തിക്കാൻ പറഞ്ഞു. നിർദ്ദേശം നൽകി അൽപം കഴിഞ്ഞപ്പോഴേക്കും വണ്ടി ഒരു കടയുടെ മുന്നിൽ നിർത്തി. മുജീബ് കടയുടമയുടെ അടുത്ത് ചെന്ന് ആപ്പിളിൻ്റെ വില ചോദിച്ചു.ദൂകാൻദാർ ഹിന്ദിയിൽ പറയുന്ന വില മുജീബിന് മനസ്സിലാകുന്നില്ല എന്ന് എനിക്ക് മനസ്സിലായി. ഞാനും വണ്ടിയിൽ നിന്നിറങ്ങി.കാണിച്ചു തന്ന ആപ്പിളുകൾ ഫ്രഷ് തന്നെയല്ലേ എന്ന് ഞാൻ വെറുതെ ചോദിച്ചു. ഫ്രഷ് ആപ്പിളുകൾ തോട്ടത്തിൽ നിന്ന് കസ്റ്റമർക്ക് നേരിട്ട് പറിക്കാം എന്നും തോട്ടം തൊട്ടപ്പുറത്താണെന്നും അയാൾ മറുപടി നൽകി. ഉടൻ ഞാൻ ഇഷ്ഫാഖിൻ്റെ ഫോട്ടോ അയാളെയും കാണിച്ച് അറിയുമോ എന്ന് ചോദിച്ചു. വീണ്ടും ഞാൻ നിരാശനായി.

വണ്ടിയിലിരിക്കുന്ന മറ്റുള്ളവരോട് ഒന്നും പറയാതെ ഞാനും മുജീബും അയാളുടെ പിന്നാലെ നടന്നു. അയാൾ പറഞ്ഞ പോലെ തോട്ടം തൊട്ടപ്പുറത്ത് ആയിരുന്നില്ല. അല്പം നടക്കാൻ ഉണ്ടായിരുന്നു. തോട്ടത്തിൽ യഥാർത്ഥ മുതലാളിയും അയാളുടെ മകനും ഒരു തൊഴിലാളിയും ഉണ്ടായിരുന്നു. കിലോക്ക് എൺപത് രൂപ നിരക്ക് നിശ്ചയിച്ച് ഞങ്ങൾക്കാവശ്യമുള്ള അത്രയും ആപ്പിൾ പറിക്കാൻ മുതലാളി ഞങ്ങളോട് പറഞ്ഞു. തൊഴിലാളി ഒരു പെട്ടിയുമായി ഞങ്ങളെ ആപ്പിൾ മരത്തിനടുത്തേക്ക് നയിച്ചു. മുഴുത്ത ആപ്പിളുകൾ നോക്കി ഞാനും മുജീബും പറിച്ച് കൊണ്ടിരുന്നു. എത്ര വേണം എന്ന ചോദ്യത്തിന് മുജീബ് മറുപടി പറഞ്ഞതേയില്ല. പെട്ടി നിറഞ്ഞപ്പോഴാണ് അവൻ ആപ്പിൾ പറിക്കൽ നിർത്തിയത്.

ഇതിനിടെ ഞങ്ങളെ കാണാത്തതിനാൽ വണ്ടിയിലുള്ളവരും പുറത്തിറങ്ങി മറ്റേതോ ആപ്പിൾ തോട്ടത്തിൽ കയറിയിരുന്നു. ആപ്പിൾ പറിക്കാൻ അവസരം കിട്ടിയില്ലെങ്കിലും ആ തണുപ്പിൽ ചൂടു കായാൻ നല്ലൊരു നെരിപ്പോട് അവർക്കവിടെ ഒരുക്കിക്കൊടുത്തു. എല്ലാവർക്കും ഷെയർ ചെയ്ത് എടുക്കാം എന്ന ധാരണയിൽ ഏഴ് കിലോയോളം വരുന്ന ഒരു പെട്ടി ആപ്പിൾ കുറഞ്ഞ വിലയിൽ അവർ അവിടെ നിന്ന് വാങ്ങി.

മരത്തിൽ നിന്നും പറിച്ച ആപ്പിളിന് പുറമെ വീണ ആപ്പിളുകളും അവിടെ വില്പനക്കുണ്ടായിരുന്നു. ഒരു പോറൽ പോലും ഏൽക്കാത്ത അവയ്ക്ക് നേർ പകുതി മാത്രമാണ് വില. ഞങ്ങളുടെ കൂട്ടുകാർ വാങ്ങിയത് അങ്ങനെ വീണ ആപ്പിളായിരുന്നു. അവയിൽ ചിലത് പെട്ടെന്ന് ചീത്തയാകും എന്നും അവർ പറഞ്ഞു തന്നു. എല്ലാവർക്കും തിന്നാനായി ഒരു പെട്ടി വീണ ആപ്പിളും മുജീബ് വാങ്ങി. ഒറ്റ വായക്ക് തിന്നാവുന്ന ചീഡി ആപ്പിൾ എന്ന ഒരിനവും ഞങ്ങളവിടെ കണ്ടു. ഞാൻ അതും വാങ്ങി.

ഞാൻ രാവിലെ മുതൽ അന്വേഷിക്കുന്ന ഇഷ്‌ഫാഖിൻ്റെ പിതാവും ഒരു ആപ്പിൾ കച്ചവടക്കാരനായിരുന്നു. ആദ്യമൊന്ന് മടിച്ചെങ്കിലും എന്തോ ഒരു ഉൾപ്രേരണയാൽ  ഇഷ്ഫാഖിൻ്റെ ഫോട്ടോ ഞാൻ ഈ തോട്ടത്തിൻ്റെ മുതലാളിയെ കാണിച്ചു. അദ്ദേഹം അത് മകന് നേരെ നീട്ടി. അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു. ഉടൻ അവിടെ ഉണ്ടായിരുന്ന തൊഴിലാളി ഫോട്ടോയിലേക്ക് എത്തി നോക്കി. ആളെ തിരിച്ചറിഞ്ഞ അദ്ദേഹം മുതലാളിയോട് എന്തൊക്കെയോ പറഞ്ഞു. ഇഷ്ഫാഖിൻ്റെ വീടിൻ്റെ അടുത്താണ് ഞങ്ങളെന്നും അവനെ വിളിച്ചു നോക്കാനും അദ്ദേഹം പറഞ്ഞപ്പോൾ എൻ്റെ രോമങ്ങൾ എഴുന്നേറ്റ് നിന്നു. പക്ഷേ, എൻ്റെ വിളിക്ക് അവൻ മറുപടി നൽകിയില്ല.താൻ വിളിച്ചാൽ ഇഷ്ഫാഖ് എടുക്കും എന്ന് പറഞ്ഞു കൊണ്ട് മുതലാളിയുടെ മകൻ ഇഷ്ഫാഖിനെ വിളിച്ചു. പറഞ്ഞത് പോലെ ഇഷ്ഫാഖ് ഫോൺ എടുത്തു!!

കാലിക്കട്ട് നിന്ന് വന്ന നിൻ്റെ അദ്ധ്യാപകന് കൊടുക്കാം എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ഫോൺ എനിക്ക് തന്നു. സന്തോഷം കൊണ്ട് ഞാൻ "എടാ ഇഷ്ഫാഖേ" എന്ന് വിളിച്ചതും ഫോൺ കട്ടായി.പിന്നീട് വിളിച്ചിട്ട് എടുത്തതും ഇല്ല. എൻ്റെ ആഗ്രഹങ്ങൾക്ക് മുകളിൽ വീണ്ടും കരിമുകിൽ പടർന്നു. ആപ്പിളിൻ്റെ കാശ് കൊടുത്ത് അവിടെ നിന്നും ഇറങ്ങാൻ തുനിഞ്ഞപ്പോൾ ഇഷ്ഫാഖിൻ്റെ വിളി വന്നു.ഫോൺ സ്വിച്ച് ഓഫ് ആയി പോയതിനാലാണ് കട്ടായത് എന്ന് അവൻ പറഞ്ഞപ്പോൾ സമാധാനമായി. ഞങ്ങളെ അവൻ്റെ വീട്ടിലെത്തിക്കാൻ ആ സുഹൃത്തിനെ പറഞ്ഞേല്പിക്കുകയും ചെയ്തു. അങ്ങനെ അയാൾ ഞങ്ങളുടെ കൂടെ വണ്ടിയിൽ കയറി. പത്ത് മിനിട്ടിനകം ഞങ്ങൾ ഇഷ്ഫാഖിൻ്റെ നാടായ ധ്രുരു (Dhruru) വിൽ എത്തി.

ഇഷ്ഫാഖിൻ്റെ വീട്ടുകാർക്ക് നല്കാനായി നാട്ടിൽ നിന്നും ഞാൻ പലഹാരങ്ങളും മറ്റും കൊണ്ടു വന്നിരുന്നു. എങ്ങനെയെങ്കിലും അത് ഇഷ്‌ഫാഖിൻ്റെ വീട്ടുകാർക്ക് എത്തിക്കണം എന്നാഗ്രഹിച്ചതിനാൽ രാവിലെ വണ്ടിയിൽ എടുത്ത് വയ്ക്കുകയും ചെയ്തിരുന്നു. അതുമെടുത്ത് പത്ത് മിനുട്ട് കൊണ്ട് വരാം എന്നും പറഞ്ഞ് എല്ലാവരെയും വിളിച്ചിറക്കി ഞാൻ ആ അജ്ഞാത സുഹൃത്തിൻ്റെ കൂടെ നടന്നു. രാവിലെ ആരംഭിച്ച മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു. വീട്ടിലേക്കുള്ള വഴി എനിക്ക് സുപരിചിതമായതിനാൽ ഗേറ്റിന് മുന്നിൽ എത്തിയ എൻ്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളി. മൂന്ന് വർഷം മുമ്പ് ഞാൻ കുടുംബസമേതം നാല് ദിവസം താമസിച്ച കാശ്മീരിലെ വീട്ടിൽ ഞാൻ വീണ്ടും എത്തിയിരിക്കുകയാണ്. അകത്തേക്ക് കയറാതെ എൻ്റെ വഴികാട്ടി അവിടെ വെച്ച് മടങ്ങി. എങ്ങനെ അവനോട് നന്ദി പറയണം എന്നറിയാതെ എൻ്റെ കണ്ണ് നിറഞ്ഞു.

ഞാൻ വരുന്ന വിവരം ഇഷ്‌ഫാഖ് വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു. കാളിംഗ് ബെൽ അടിച്ച ഉടനെ ഇഷ്ഫാഖിൻ്റെ ഉമ്മ വാതിൽ തുറന്നു എന്നെ സ്വാഗതം ചെയ്തു. അകത്തേക്ക് കയറാൻ കാശ്മീരിയിൽ ആണ് പറഞ്ഞതെങ്കിലും ഹൃദയത്തിൻ്റെ ഭാഷയിൽ എനിക്കത് മനസ്സിലായി. പാദരക്ഷകൾ അഴിച്ച് ഞങ്ങളെല്ലാവരും അകത്ത് കയറി. കൊണ്ടുവന്ന സമ്മാനം ഞാൻ ഇഷ്ഫാഖിൻ്റെ ഉമ്മയെ ഏല്പിച്ചു. അവർ ഞങ്ങളെ എല്ലാവരെയും സ്വീകരണ മുറിയിലെ പരവതാനിയിൽ ഇരുത്തി.എൻ്റെ കൂട്ടുകാർ ഒരു കാശ്മീരി വീട്ടിൽ എത്തിയതിൻ്റെയും അവരുടെ ആതിഥ്യ രീതികളുടെ അനുഭവത്തിൻ്റെയും അമ്പരപ്പിലായിരുന്നു.

താമസിയാതെ വീട്ടുകാരും വന്ന് ഞങ്ങളുടെ കൂടെ ഇരുന്നു. പിന്നാലെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഇഷ്ഫാഖിൻ്റെ കസിൻ റിയാസ് പരിയും ഭാര്യയും വന്നു.മുമ്പ് വന്ന സമയത്ത് ഞങ്ങളുടെ കൂടെ കളിച്ച് രസിച്ച അവരുടെ കുട്ടികളും എത്തിയതോടെ അവിടെ ഇരുന്ന് പാട്ട് പാടിയതും മറ്റും ഞാൻ എൻ്റെ കൂട്ടുകാർക്ക് പറഞ്ഞു കൊടുത്തു. വീട്ടുകാർക്ക് വേണ്ടി ഞങ്ങൾ വീണ്ടും ഒരു പാട്ടു പാടി.

2022 ൽ ഞങ്ങൾക്കോരോരുത്തർക്കും രണ്ട് വാൾനട്ട് വീതം തന്ന് ഞങ്ങളെ പുഞ്ചിരിയോടെ യാത്രയാക്കിയ ഇഷ്ഫാഖിൻ്റെ വല്ല്യുമ്മയെ ഞാൻ അന്വേഷിച്ചു. അവർ റിയാസ് പരിയുടെ വീട്ടിലായിരുന്നു. കൂട്ടുകാരെ കൂട്ടാതെ ഞാൻ മാത്രം അവരെ കാണാൻ പോയി.എന്നെ കണ്ടതും അവർ തിരിച്ചറിഞ്ഞു.എൻ്റെ കണ്ണുകൾ സജലങ്ങളായി. സന്തോഷാതിരേകത്താൽ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. എൻ്റെയും കുടുംബത്തിൻ്റെയും സുഖ വിവരങ്ങൾ അവർ കാശ്മീരിയിൽ ചോദിച്ചു. റിയാസ് പരി ഞങ്ങൾക്കിടയിൽ ദ്വിഭാഷിയായി. അന്നവിടെ താമസിക്കാൻ പറഞ്ഞെങ്കിലും വീണ്ടും വരാമെന്ന് വാക്കു കൊടുത്ത് ഞാൻ സലാം പറഞ്ഞിറങ്ങി. കുടുംബ സമേതം ഇനിയും അവരെ കണ്ടുമുട്ടാൻ സാധിക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു.

ഇഷ്ഫാഖിൻ്റെ വീട്ടിൽ ഞങ്ങളെ സൽക്കരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. സമയമില്ല എന്നു പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. പഞ്ചസാര ചായ വേണോ ഉപ്പു ചായ വേണോ എന്ന് അവർ ചോദിച്ചു. അതിഥികൾക്ക് പ്രത്യേകം തയ്യാറാക്കുന്നതാണ് ഉപ്പു ചായ എന്ന് റിയാസ് പരി പറഞ്ഞു തന്നു. എങ്കിൽ അതു തന്നെ വരട്ടെ എന്ന് നുസൈബയും. ഏറെ പ്രതീക്ഷയർപ്പിച്ച ചായ കുടിച്ചു തീർക്കാൻ ഞങ്ങളിൽ പലരും ബുദ്ധിമുട്ടി. ചായയും അതിലേക്ക് തന്ന ലഘുഭക്ഷണവും ബാക്കി വയ്ക്കുന്നത് അവരെ അവഹേളിക്കുന്നതിന് തുല്യമാണ് എന്ന എൻ്റെ വാക്ക് കേട്ട് തന്നതെല്ലാം കാലിയാക്കി. പൊട്ടിക്കാത്ത വാൽനട്ടും ഇതിനിടയിൽ ഞങ്ങൾക്ക് മുന്നിലെത്തി. അത് പൊട്ടിക്കേണ്ട വിധവും വീട്ടുകാർ കാണിച്ച് തന്നു.

പത്ത് മിനുട്ട് കൊണ്ട് വരാം എന്ന് പറഞ്ഞ് പോന്ന ഞങ്ങൾ ഏകദേശം ഒരു മണിക്കൂർ അവിടെ ചെലവഴിച്ചു. ഇതിനിടയിൽ ഡ്രൈവർ മുസ്സമ്മിൽ പല തവണ എന്നെ വിളിച്ചു. 'ദേ, ഇറങ്ങി എന്ന് പറയുകയല്ലാതെ ഇറങ്ങാൻ സാധിച്ചില്ല. ഗതികെട്ട് അയാൾ ദ്വേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു. അവസാനം എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.

പുറത്ത് ഇരുട്ടിൽ വീണ്ടും ചില സർപ്രൈസുകൾ എന്നെ കാത്ത് നിന്നിരുന്നു. ഒരു കീസ് നിറയെ വാൽനട്ട് ആയിരുന്നു ആദ്യം കിട്ടിയത്. അത് വല്യുമ്മയുടെ വകയായിരുന്നു. പിന്നാലെ ഒരു പെട്ടി നിറയെ അമേരിക്കൻ ആപ്പിളും! കാശ്മീരിലെ ഒരു പ്രാദേശിക തരം ആപ്പിളാണ്  ഇടത്തരം വലിപ്പമുള്ളതും വിപണിയിൽ നല്ല ഡിമാൻ്റുള്ളതുമായ  അമേരിക്കൻ ആപ്പിൾ. ഇഷ്ഫാഖിൻ്റെ മാതാപിതാക്കൾ അത് എനിക്ക് കൈമാറി.

ഡ്രൈവർ മുസമ്മിൽ നല്ല ചൂടിൽ ആയതിനാൽ അയാളോട് സംസാരിക്കാൻ ഞാൻ ഇഷ്ഫാഖിൻ്റെ പിതാവിനെയും വണ്ടിയുടെ അടുത്തേക്ക് കൂട്ടി. അദ്ദേഹം മുസമ്മിലുമായി സംസാരിച്ചു. തൻ്റെ വണ്ടിയിൽ വന്ന സഞ്ചാരികളെ സുരക്ഷിതരായി തിരിച്ചെത്തിക്കേണ്ട ഉത്തരവാദിത്വം ഉള്ളതിനാലാണ് ഏറെ നേരം കഴിഞ്ഞിട്ടും കാണാതായപ്പോൾ ടെൻഷൻ കൂടിയത് എന്ന് മുസമ്മിൽ പറഞ്ഞു. അല്പം മുമ്പ് വാങ്ങിയവക്ക് പുറമെ ഒരു പെട്ടി ആപ്പിൾ കൂടി ആയതോടെ വണ്ടിയിൽ ആപ്പിളിൻ്റെ അയ്യരു കളിയായി. വണ്ടി ശ്രീനഗർ ലക്ഷ്യമാക്കി യാത്ര തുടർന്നു.

വഴിയിലുടനീളം ഞാൻ ദൈവത്തെ സ്തുതിച്ചു. ആൽകെമിസ്റ്റിലെ ആ വാചകങ്ങൾ വീണ്ടും എൻ്റെ മനസ്സിൽ ഓടി എത്തി."നിങ്ങൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ പ്രപഞ്ചം മുഴുവൻ അതി തീവ്രമായി ഗൂഡാലോചന നടത്തും". ഹോട്ടലിൽ തിരിച്ചെത്തിയ ഉടൻ മുസമ്മിലിനോട് ഞാൻ ക്ഷമാപണം നടത്തി. ഒപ്പം സന്തോഷ സൂചകമായി നല്ലൊരു ടിപ്പും നൽകി. എല്ലാവർക്കും ഈ യാത്രയിലെ ഏറ്റവും സന്തോഷകരമായ അനുഭവമായിരുന്നു ആ വീട് സന്ദർശനം.

Next: എ ബി സി വാലിയിലേക്ക്


Saturday, May 30, 2026

വർക്കല ബീച്ച് & ക്ലിഫ്

മുൻഭാഗം

ശ്രീ നാരായണ ഗുരുവിൻ്റെ സമാധി സ്ഥലമായ ശിവഗിരിയെപ്പറ്റി നിരവധി തവണ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് ഉള്ള ട്രെയിൻ യാത്രയിൽ എത്രയോ പ്രാവശ്യം വർക്കല ശിവഗിരി എന്ന സ്റ്റേഷനിലൂടെ കടന്ന് പോയിട്ടുമുണ്ട്. വർക്കല പാപനാശം ബീച്ചും പലപ്പോഴായി ചെവിയിലൂടെ കടന്നു പോയ ഒരു പേരാണ്. ആറ്റിങ്ങൽ സ്വദേശിയായ പ്രിയ സുഹൃത്ത് ശറഫുദ്ദീനിൻ്റെ വീട്ടിൽ ഒരു തവണ താമസിച്ചപ്പോൾ കാണണം എന്ന് പ്ലാൻ ചെയ്തു നടക്കാതെ പോയ ഒരു ഓർമ്മയും വർക്കല ബീച്ചിനെപ്പറ്റി എൻ്റെ മനസ്സിലുണ്ട്. ഇതെല്ലാം കാരണമായിട്ടാണ് ഇക്കഴിഞ്ഞ തിരുവനന്തപുരം യാത്രയിൽ വർക്കല ബീച്ചും ക്ലിഫും കാണണം എന്ന് ഞാൻ തീരുമാനിച്ചതും അതനുസരിച്ച് മറ്റു പരിപാടികൾ ആസൂത്രണം ചെയ്തതും.

കൊച്ചുവേളിയിൽ നിന്നും ട്രെയിൻ കയറി അര മണിക്കൂർ കൊണ്ട് ഞങ്ങൾ വർക്കല സ്റ്റേഷനിൽ എത്തി. ശിവഗിരിയിലേക്ക് പോകാൻ ഞങ്ങൾക്ക് ആർക്കും താല്പര്യമില്ലാത്തതിനാൽ സ്റ്റേഷന് പുറത്തിറങ്ങിയ ഉടൻ വർക്കല ക്ഷേത്രത്തിലേക്ക് പോകുന്ന ബസ്സിൽ കയറി. 2500 വർഷത്തോളം പഴക്കമുള്ള ജനാർദ്ദന സ്വാമി ക്ഷേത്രമാണ് വർക്കല ക്ഷേത്രം എന്നറിയപ്പെടുന്നത്. റെയിൽവെ സ്റ്റേഷനിൽ നിന്ന് മിനിമം ചാർജ്ജ് മാത്രമേയുള്ളൂ. ഇവിടെ ഇറങ്ങി , ക്ഷേത്രക്കുളത്തിന് സമീപത്ത് കൂടെയുള്ള റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ വർക്കല ബീച്ചിൽ എത്തും.

ശറഫുദ്ദീൻ പറഞ്ഞ പ്രകാരം ഞങ്ങൾ നേരെ ബീച്ചിലേക്ക് നടന്നു. ചായ കുടിച്ചാൽ കൊള്ളാം എന്നൊരാഗ്രഹം എല്ലാവരും ചായ കുടിച്ചു തന്നെ തീർത്തു. ചായക്കടക്ക് നേരെ എതിർവശത്ത് മറ്റൊരു ബോർഡ് ശ്രദ്ധയിൽ പെട്ട രണ്ട് പേർക്ക് ഉടൻ മൂത്ര ശങ്കയും മറ്റെന്തോ ആശങ്കയും മുള പൊട്ടിയതിനാൽ അവർ അങ്ങോട്ടും ഞാനും മറ്റ് രണ്ട് പേരും ബീച്ചിലേക്കും നീങ്ങി.

ഹിന്ദുമത വിശ്വാസ പ്രകാരം പാപനാശം നടത്താനുള്ള സ്ഥലങ്ങളിൽ ഒന്നാണ് വർക്കല പാപനാശം ബീച്ച്. പക്ഷെ, അതിൻ്റെതായ തിരക്കുകൾ ഒന്നും തന്നെ ഈ ബീച്ചിൽ അനുഭവപ്പെട്ടില്ല. കോവളത്തെപ്പോലെ പൊതുജനത്തിരക്ക് ഇല്ലാത്തതിനാലാവാം വിദേശി ടൂറിസ്റ്റുകൾ ഇവിടെ ധാരാളമുണ്ടായിരുന്നു. കടൽ വളരെ പരുക്കനായതിനാൽ കടലിൽ ഇറങ്ങുവാൻ ആരെയും അനുവദിച്ചിരുന്നില്ല. കടലിൽ നിന്നും മീറ്ററുകൾ അകലെ കയറുകെട്ടി, ലൈഫ് ഗാർഡുകൾ സദാ ജാഗരൂകരായി നിൽക്കുന്നുണ്ടായിരുന്നു. അതിനാൽ ബീച്ചിലൂടെ അൽപം മാത്രം നടന്ന് ഞങ്ങൾ ക്ലിഫിലേക്ക് കയറാൻ തീരുമാനിച്ചു.


ക്ലിഫിൻ്റെ മുകളിൽ പലരും നിൽക്കുന്നത് ഞങ്ങൾ ബീച്ചിൽ നിന്നും കണ്ടിരുന്നു. താഴേക്കുള്ള ആഴം മനസ്സിലാകാതെയുള്ള അവരുടെ ആ നില്പിൻ്റെ ഭയാനകത താഴെ നിന്ന് കാണുന്നവർക്കേ അനുഭവപ്പെടൂ. ബീച്ചിലൂടെ നടന്ന് ക്ലിഫിലേക്ക് കയറാം എന്ന് ശറഫുദ്ദീൻ പറഞ്ഞിരുന്നതിനാൽ ഞങ്ങൾ മുന്നോട്ട് തന്നെ നടന്നു. പാരാ സെയിലിംഗുകാരും പാരാ ഗ്ലൈഡിംഗുകാരും ഇതിനിടയിൽ ഞങ്ങളെ കടന്ന് പോയി.അല്പം കഴിഞ്ഞ് കുറ്റിക്കാടിനുള്ളിലൂടെ ഒരു നടവഴി തെളിഞ്ഞു. മുകളിലേക്ക് കുത്തനെ കയറി പോകുന്ന സ്റ്റെപ്പുകളിലേക്ക് ആ പാത ഞങ്ങളെ നയിച്ചു. സ്റ്റെപ്പ് ഇറങ്ങി വരുന്നവരെ കണ്ടെങ്കിലും കയറിപ്പോകാൻ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ക്ലിഫിൻ്റെ മുകളിൽ കയറിയ ഞങ്ങൾ എത്തിയത് മറ്റൊരു ലോകത്തിലാണ്. വിശാലമായ പാർക്കിംഗ് ഏരിയയിൽ ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. പല തരത്തിലുള്ള സാധനങ്ങളും വിൽക്കുന്ന നിരവധി കടകളുമുണ്ട്. ബീച്ചിലുള്ളതിനെക്കാളും ജനങ്ങളുമുണ്ടായിരുന്നു അവിടെ. ടൗണിൽ നിന്ന് വാഹന സൗകര്യമുള്ള റോഡും ബീച്ചിൽ നിന്നും ഒരു നടപ്പാതയും ക്ലിഫിലേക്ക് ഉണ്ടായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്.

ബീച്ച് സൈഡിൽ ചെങ്കൽ പാറക്കെട്ട് കാണപ്പെടുന്ന ഇന്ത്യയിലെ ഒരേ ഒരു സ്ഥലമാണ് വർക്കല ബീച്ച്. ബീച്ചിൽ നിന്ന് നോക്കുമ്പോൾ കടൽ കാർന്ന് തിന്ന ഒരു മലയായി അത് തോന്നും. എന്നാൽ മുകളിൽ എത്തുമ്പോൾ വിശാലമായ ഒരു മൈതാനവും. യഥാർത്ഥത്തിൽ അത് ഒരു ഹെലിപാഡ് ആണ്. ഇവിടെ നിന്നുള്ള ബീച്ചിൻ്റെ കാഴ്ചയും സൂര്യാസ്തമയ കാഴ്ചയും വളരെ മനോഹരമാണ്. ക്ലിഫിൽ നിന്നുള്ള നിരവധി ഫോട്ടോകളും വീഡിയോകളും സൂര്യാസ്തമയവും ക്യാമറയിൽ പകർത്തി ഞങ്ങൾ തിരിച്ചിറങ്ങി.

വർക്കല ടൗണിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള അയിരൂരിലായിരുന്നു ലിജിൻ മാസ്റ്റർ താമസിച്ചിരുന്നത്. 2019 ൽ ഞങ്ങളുടെ പത്താം ക്ലാസ് ബാച്ചിൻ്റെ പ്രഥമ പൂർവ വിദ്യാർത്ഥി സംഗമം നടത്തിയപ്പോൾ സ്‌കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു ലിജിൻ മാസ്റ്റർ. മാഷെ വീട്ടിൽ പോകുന്ന വിവരം ഞാൻ സഹപാഠികളോട് ആരോടും പറഞ്ഞിരുന്നില്ല. നാട്ടിൽ നിന്നും പോകുമ്പോൾ കരുതിയിരുന്ന നാരായണൻ്റെ വീട്ടിലെ കിളിച്ചുണ്ടൻ മാമ്പഴം ഞങ്ങൾ മാസ്റ്റർക്ക് കൈമാറി. മാഷ് നൽകിയ അത്താഴ വിരുന്ന് ഞങ്ങളും ആസ്വദിച്ചു. ശേഷം അദ്ദേഹം തന്നെ ഞങ്ങളെ റെയിൽവെ സ്റ്റേഷനിൽ ഡ്രോപ് ചെയ്തു.

നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് കൃത്യ സമയത്ത് തന്നെ എത്തി.പിറ്റേന്ന് കാലത്ത് വാണിയമ്പലം സ്റ്റേഷനിൽ ഞങ്ങൾ വണ്ടി ഇറങ്ങി. കാർ പാർക്ക് ചെയ്തിരുന്നത് എൻ്റെ ബ്ലോഗ് സുഹൃത്തായ OAB യുടെ വീട്ടിലായിരുന്നു. ഒരു സഞ്ചി നിറയെ മാങ്ങ തന്ന് അദ്ദേഹവും ഞങ്ങളെ യാത്രയാക്കിയതോടെ സൗഹൃദങ്ങൾ കൂട്ടിയിണക്കിയ ഒരു യാത്ര കൂടി വിജയകരമായി പൂർത്തിയാക്കി.

(അവസാനിച്ചു)


Wednesday, May 27, 2026

റോക്കറ്റ് വിക്ഷേപണം

വി.എസ്. എസ്.സി യിലെ സ്പേസ് മ്യൂസിയം കാണാൻ മുൻകൂട്ടി പ്രവേശന പാസ് എടുക്കണം. അതിനായി https://share.google/VILmmi3eMhjfMCSSy എന്ന ലിങ്കിലൂടെ കയറി New Visit Request എന്നതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. റിക്വസ്റ്റ് അപ്രൂവ് ചെയ്താൽ വിസിറ്റ് ഐഡൻ്റിഫിക്കേക്ഷൻ നമ്പർ അടക്കമുള്ള പാസ് മെയിലിൽ ലഭിക്കും. എൻട്രി ഗേറ്റിനടുത്തുള്ള കൗണ്ടറിൽ നിന്ന് അത് പ്രിൻ്റെടുത്ത് ഒപ്പും സീലും വാങ്ങിയ ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന ഫീസില്ല.

കിഴക്കേകോട്ടയിൽ നിന്ന് പെരുമാതുറ പോകുന്ന ബസിന് കയറിയാൽ മതി എന്ന് സുഹൃത്ത് ശറഫുദ്ദീൻ എന്നോട് പറഞ്ഞിരുന്നു. ഇത് പ്രകാരം തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിൽ എത്തി അവിടെ കണ്ട ട്രാഫിക് പോലീസുകാരനോട് ഞങ്ങൾ ദിശ ചോദിച്ചു. അദ്ദേഹം നേരെ വിപരീത ദിശയിലേക്ക് ആണ് പോകേണ്ടത് എന്ന് പറഞ്ഞതിനാൽ സിഗ്നലിൽ കാത്തു നിൽക്കുന്ന ഒരു ബസ്സിൽ ഞങ്ങൾ ചാടിക്കയറി. അല്പം കഴിഞ്ഞ് അതേ പോലീസുകാരൻ ഓടി വന്ന് ഞങ്ങളോട് തിരിച്ചിറങ്ങാനും പറഞ്ഞു! സിഗ്നലിൽ നിയമം തെറ്റിച്ച് കയറിയതിനാണ് തിരിച്ചിറക്കിയത് എന്നായിരുന്നു ഞാൻ ധരിച്ചത്. തെറ്റുപറ്റി എന്നും ഞങ്ങൾ നിന്ന അതേ ദിശയിൽ തന്നെയാണ് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞപ്പോഴാണ് സമാധാനമായത്.

സ്റ്റോപ്പിൽ ഉണ്ടായിരുന്ന യാത്രക്കാർ പലരും പല വഴികളും പറയുന്നുണ്ടായിരുന്നു.ഊബർ ടാക്സി വിളിച്ച് പോകാനും ഇടക്ക് ഞാൻ ഒരു ശ്രമം നടത്തി. പക്ഷേ, ഒരാൾക്ക് നൂറ് രൂപയോളം വരും എന്നതിനാൽ ഒഴിവാക്കി. അല്പനേരം കാത്തു നിന്ന ശേഷമാണ് പെരുമാതുറ ബസ് വന്നത്. അര മണിക്കൂർ കൊണ്ട് ഞങ്ങൾ സ്റ്റേഷൻകടവ് എന്ന സ്റ്റോപ്പിൽ എത്തി. ഇടത്തോട്ടുള്ള റോഡിലൂടെ  അല്പം മുന്നോട്ട് നടന്നപ്പോൾ മെൽവിൻ കോശി പറഞ്ഞ് തന്ന കനാൽ ഗേറ്റിൽ ഞങ്ങളെത്തി. അപ്പോൾ സമയം എട്ടര മണിയേ ആയിരുന്നുള്ളൂ. ഒമ്പതര മുതലേ പാസ് കൊടുക്കൂ എന്നും അതിന് മുമ്പ് ബാഗും ഫോണും സ്മാർട്ട് വാച്ച് അടക്കമുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കൗണ്ടറിൽ ഏല്പിക്കണം എന്നും അറിയിപ്പ് കിട്ടി.

കൗണ്ടറിൽ മൊബൈൽ ഫോൺ നൽകുന്നതിന് മുമ്പ് തന്നെ ആവശ്യമായതിലധികം ഫോട്ടോകൾ ഞങ്ങൾ ക്യാമറയിൽ പകർത്തി. ഒമ്പതരയോടെ പാസ് കൈപ്പറ്റിയപ്പോഴാണ് ബാഗ് അവിടെ വയ്ക്കാൻ സൗകര്യമില്ല എന്നറിഞ്ഞത്. മൊബൈൽ ഫോണുകളും വണ്ടിയിൽ വയ്ക്കാൻ പറഞ്ഞെങ്കിലും സ്വന്തം വണ്ടി ഇല്ലാത്തതിനാൽ കൗണ്ടറിൽ വാങ്ങി വെച്ചു. ബാഗ് അകത്തേക്ക് കൊണ്ടു പോകാൻ അനുമതിയും തന്നു.

എൻട്രി ഗേറ്റിലെ ശാരീരിക പരിശോധനകൾക്കും ബാഗ് സ്‌കാനിംഗിനും ശേഷം ഞങ്ങൾ അകത്ത് പ്രവേശിച്ചു. നിരനിരയായി നിർത്തിയിട്ട എ.സി ഷട്ടിൽ ബസ്സുകളിൽ ഒന്നിൽ ഞങ്ങളും കയറി.സീറ്റ് ലോഡ് ആയതോടെ ബസ് പുറപ്പെടുകയും ചെയ്തു. അല്പ സമയത്തെ യാത്രക്ക് ശേഷം ചർച്ച് പോലെ തോന്നിപ്പിക്കുന്ന ഒരു കെട്ടിടത്തിന് സമീപത്തെ ഗേറ്റിന് മുന്നിൽ ബസ് നിർത്തി. എല്ലാവരോടും അവിടെ ഇറങ്ങാനും പറഞ്ഞു.

പാദരക്ഷകൾ ഊരി വെച്ച് അകത്ത് പ്രവേശിക്കാൻ പറഞ്ഞപ്പോഴാണ് ആ ബോർഡ് ഞാൻ കണ്ടത് - സെൻ്റ് മേരി മഗ്ദലീൻ ചർച്ച്! 1962 വരെ ഒരു ചർച്ച് ആയിരുന്നു അത്. 1962ൽ ഇന്ത്യയിലെ പ്രഥമ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാനായി വിക്രം സാരാഭായിക്ക് ഈ ചർച്ചും പരിസരവും കൈമാറി. 1963 ൽ തന്നെ ഇന്ത്യയുടെ ആദ്യത്തെ വിജയകരമായ സൗണ്ടിംഗ് റോക്കറ്റ് ഇവിടെ നിന്നും വിക്ഷേപണം ചെയ്തു. Dr. അബ്ദുൽ കലാം അടയ്ക്കമുള്ള പ്രമുഖർ ഇവിടെ സേവനമനുഷ്ടിച്ചവരിൽ ഉൾപ്പെടുന്നു.

സ്പേസ് മ്യൂസിയത്തിന് മൂന്ന് സെക്ഷനുകൾ ആണുള്ളത്. ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളുടെയും ഉപഗ്രഹ വിക്ഷേപണങ്ങളുടെയും വിവിധതരം വിക്ഷേപണ വാഹനങ്ങളുടെയും വിശദ വിവരങ്ങളും യഥാർത്ഥ മോഡലുകളും പ്രദർശിപ്പിക്കുന്ന മെയിൻ മ്യൂസിയമാണ് ആദ്യ സെക്ഷൻ. വിവരണം നൽകാൻ പരിശീലനം ലഭിച്ച ട്രെയ്നികൾ ഇവിടെയുണ്ട്. PSLV റോക്കറ്റിൻ്റെ യഥാർത്ഥ വലിപ്പത്തിലുള്ള മാതൃകയും ഒറിജിനൽ റോക്കറ്റിൻ്റെ വിവിധ ഭാഗങ്ങളും പ്രദർശിപ്പിക്കുന്ന റോക്കറ്റ് ഗാർഡൻ ആണ് രണ്ടാമത്തെ സെക്ഷൻ.ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളായ ഗഗൻയാനിൻ്റെ ക്രൂ മോഡ്യൂളും ഭാരതീയ അന്തരീക്ഷ് സ്റ്റേഷനും അടക്കമുള്ളവ പ്രദർശിപ്പിക്കുന്ന സ്പേസ് തീം പാർക്കാണ് മൂന്നാമത്തെ സെക്ഷൻ.ഒരു മണിക്കൂറിലധികം കാണാനും പഠിക്കാനുമുള്ള വിഭവങ്ങൾ സ്പേസ് മ്യൂസിയത്തിൽ ഉണ്ട്.

മ്യൂസിയം കണ്ട ശേഷം, കടൽ തീരത്തോട് ചേർന്നുള്ള ഭാഗത്തേക്ക് ഞങ്ങൾ നീങ്ങി. മാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച ആയതിനാൽ റോക്കറ്റ് വിക്ഷേപണം ഉണ്ടായിരുന്നു. ലോഞ്ച് വ്യൂവിങ്ങ് ഷെൽട്ടറിൽ നിന്നേ അത് വീക്ഷിക്കാൻ പറ്റൂ. ഞങ്ങളെത്തുമ്പഴേക്കും അവിടം ജന നിബിഡമായിരുന്നു. എവിടെ നിന്നാണ് എങ്ങനെയാണ് വിക്ഷേപണം എന്ന് ആർക്കും ധാരണയില്ലാത്തതിനാൽ കിട്ടിയ സ്ഥലത്ത് ഓരോരുത്തരും ഇരുന്നു. വണ്ടിയിൽ റോക്കറ്റ്  എത്തിച്ച് ഷെൽട്ടറിൻ്റെ മുന്നിലുള്ള തുറന്ന സ്ഥലത്ത് വെച്ച് കത്തിച്ച് വിടും എന്ന് മുജീബ് പറഞ്ഞത് ഗോവിന്ദൻ വിശ്വസിച്ചതിനാൽ ഇറങ്ങി ഓടാനായി അവൻ എണീറ്റ് നിന്നു. കൃത്യം 11.45 ന് യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഫോടന ശബ്‌ദത്തോടെ ഒരു റോക്കറ്റ് കുതിച്ച് പൊങ്ങി ആകാശത്ത് മറഞ്ഞു.പ്രതീക്ഷയോടെ കാത്തിരുന്ന റോക്കറ്റ് വിക്ഷേപണം ഒരു മിനുട്ട് പോലും കാണാൻ കഴിയാത്തത് ഞങ്ങളിൽ നിരാശ പടർത്തി.

പ്ലസ് ടു തലം വരെ പഠിക്കുന്ന കുട്ടികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ് സ്പേസ് മ്യൂസിയം എന്നാണ് ഒരു മുൻ ഫിസിക്സ് അദ്ധ്യാപകനായ എൻ്റെ അഭിപ്രായം. ബഹിരാകാശ ശാസ്ത്രത്തിൽ താല്പര്യം സൃഷ്‌ടിക്കാൻ ഈ സന്ദർശനവും അവിടെ നിന്നുള്ള അനുഭവങ്ങളും ഉതകും. 

അകത്ത് എത്തിയതു പോലെ തന്നെ ബസ്സിൽ ഞങ്ങൾ എൻട്രി ഗേറ്റിൽ തിരിച്ചെത്തി. കൗണ്ടറിൽ നൽകിയ സാധനങ്ങൾ എല്ലാം തിരിച്ച് വാങ്ങി, തൊട്ടടുത്തുള്ള വേളി ടൂറിസ്റ്റ് വില്ലേജ് കാണാൻ പോയി. പക്ഷേ, ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ പൊരി വെയിലിൽ നടന്ന് കാണാൻ പലർക്കും വിമ്മിഷ്ടം തോന്നി. അതിനാൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഞങ്ങൾ വർക്കലക്ക് ട്രെയിൻ കയറി.


Next: വർക്കല ക്ലിഫ്

Sunday, May 17, 2026

ഗുൽമാർഗ്ഗിൽ ഒരു മഞ്ഞ് വീഴ്ചക്കാലത്ത് .... (ടീം 87 SSC @ കാശ്മീർ - 13)

ടീം 87 SSC @ കാശ്മീർ  - 12

കേബിൾ കാറിൻ്റെ ഒന്നാം ഘട്ടമായ കൊങ്ദൂരിയിൽ മഞ്ഞ് പെയ്യുന്നതിൻ്റെ യാതൊരു ലക്ഷണവും ഗുൽമാർഗ്ഗിലേക്ക് കയറുന്ന വഴിയിൽ എവിടെയും ഞാൻ കണ്ടില്ല. പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോഴും മഴയുടെ നനവല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പോണി വാലകളും ടാക്സിക്കാരും പൊതിയാൻ തുടങ്ങിയതിനാൽ അല്പം മുമ്പോട്ട് നടന്നാൽ കാണുന്ന ഗുൽമാർഗ്ഗ് സെൽഫി പോയിൻ്റിൽ എത്താൻ പറഞ്ഞ് ഞാൻ വേഗം നടന്നു. സെൽഫി പോയിൻ്റും നനഞ്ഞ് കുതിർന്ന് ചെളി നിറഞ്ഞിരുന്നു എന്നല്ലാതെ മഞ്ഞിൻ്റെ ഒരു കണം പോലും കണ്ടില്ല.

സെൽഫി പോയിൻ്റിൽ എത്തിയവരെയും കൊണ്ട് ഞാൻ കേബിൾ കാർ ഓപ്പറേറ്റിംഗ് സെൻ്ററിലേക്ക് നടന്നു. പകുതി ദൂരം പിന്നിട്ടിട്ടും ബാക്കിയുള്ളവരെ കാണാത്തതിനാൽ ഞാൻ അസ്വസ്ഥനായി. അൽപ സമയം ഞാൻ അവിടെ കാത്ത് നിന്നു. കുറെ കഴിഞ്ഞ് പിന്നിലായവർ എല്ലാവരും കൂടി ഒരു ടാക്സിയിൽ കയറി വന്നു. കാരണം അന്വേഷിച്ചപ്പോഴാണ് കൂട്ടത്തിലെ കാരണവരായ ഗോവിന്ദന് ശ്വാസം മുട്ടിയത് അറിഞ്ഞത്. ഇൻഹേലർ കരുതിയതിനാൽ വലിയൊരാശങ്കയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് സിദ്ദീഖ് പറഞ്ഞപ്പോഴാണ് കാര്യത്തിൻ്റെ ഗൗരവം പിടി കിട്ടിയത്. അതോടെ ബനിയൻ, സ്വറ്റർ, ജാക്കറ്റ്, കോട്ട് എന്നിവക്ക് പുറമെ കയ്യിൽ കരുതിയിരുന്ന മഴയുറ കൂടി അവൻ്റെ വസ്ത്രമായി. അതോടെ പ്രസിദ്ധമായ ഒറ ഡാൻസ് എന്ന ഐറ്റം ഞങ്ങൾക്ക് കാണാനുമായി.

കേബിൾ കാർ സെൻ്ററിൽ തിരക്ക് വളരെ കുറവായിരുന്നു. അഞ്ച് പേർ വീതം ഓരോ കാറിൽ കയറി ഞങ്ങൾ യാത്ര ആരംഭിച്ചു. താഴെ ചിതറിക്കിടക്കുന്ന വെള്ളപ്പൊട്ടുകൾ കൂടിക്കൂടി വരാൻ തുടങ്ങി. കൊങ്ദൂരിയിൽ മഞ്ഞ് വീഴ്ച ഉണ്ടെന്ന് അപ്പോഴാണ് ഞങ്ങൾക്ക് ഉറപ്പായത്. കേബിൾ കാറിൻ്റെ  ഒന്നാം ഘട്ടത്തിൽ ഇറങ്ങി രണ്ടാം ഘട്ടത്തിലേക്ക് ഞങ്ങൾ മാറിക്കയറി. രണ്ടാം ഘട്ട സ്റ്റേഷനായ അഫാർവത് മുഴുവൻ മഞ്ഞ് പുതച്ച് കിടക്കുകയായിരുന്നു. കേബിൾ കാറിൽ നിന്ന് ഞങ്ങൾ താഴെ ഇറങ്ങി. പെയ്ത് കൊണ്ടിരിക്കുന്ന മഞ്ഞിൻ്റെ ഭംഗി ഞങ്ങൾ ശരിക്കും ആസ്വദിച്ചു.

മഴപ്പെയ്ത്ത് ഞങ്ങളെല്ലാവരും കണ്ടിട്ടുണ്ടെങ്കിലും മഞ്ഞു വീഴ്ച പലർക്കും നവ്യാനുഭവമായിരുന്നു. എനിക്ക് ഈ വർഷം തന്നെ മൂന്നാമത്തെ മഞ്ഞ് വീഴ്ച ആസ്വദിക്കാനും ഇതിലൂടെ സാധിച്ചു. പരസ്പരം ഐസ് വാരി എറിഞ്ഞും ഡാൻസ് കളിച്ചും ഒപ്പന കളിച്ചും മഞ്ഞിൽ ഉരുണ്ട് മറിഞ്ഞും റീൽസ് ചിത്രീകരിച്ചും അങ്ങനെ എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാതെ പലരും പലതും ചെയ്തു. ശ്വാസം മുട്ടൽ കാരണം മഴയുറ ധരിച്ചിരുന്ന ഗോവിന്ദനും ചില ചുവടുകൾ വെച്ചു. ഞങ്ങൾക്കിടയിൽ അത് "ഒറ ഡാൻസ്" എന്ന പേരിൽ സുപ്രസിദ്ധമായി.മഞ്ഞിൽ കളി ഏകദേശം എല്ലാവർക്കും മതി എന്ന് തോന്നിയപ്പോൾ ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു. 

കേബിൾ കാറിൻ്റെ ഫസ്റ്റ് ഫേസ് ആയ കൊങ്ദൂരിയിൽ പ്രത്യേകിച്ച് ഒന്നും കാണാനില്ലെങ്കിലും ആ തണുപ്പിൽ ഒരു ചുടുചായ കുടിക്കുന്നത് വല്ലാത്തൊരു അനുഭൂതി ആയിരിക്കും എന്ന് എനിക്ക് തോന്നി. അങ്ങനെ ഞങ്ങൾ കൊങ്ദൂരിയിൽ തിരിച്ചെത്തി. നിര നിരയായി നിൽക്കുന്ന ചായക്കടകളിൽ ഒന്നിനകത്തേക്ക് കയറി ചുടു ചായ നുകർന്നു. പുറത്ത് അപ്പോഴേക്കും മഞ്ഞുവീഴ്ച ശക്തമാകാൻ തുടങ്ങി.

ചായക്ക് ശേഷം തൊട്ടടുത്തുള്ള പള്ളിയിലേക്ക് ഞങ്ങൾ നീങ്ങി. മുൻ സന്ദർശന വേളകളിൽ പ്രസ്തുത പള്ളി എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. നമസ്‌കാര ശേഷം, അവിടെ കണ്ട ഇമാമിനോട് അൽപ നേരം വർത്തമാനം പറഞ്ഞിരുന്നു.

അപ്പോഴേക്കും പുറത്ത് വിസിലിൻ്റെ ശബ്ദം കേട്ടു. മഞ്ഞ് വീഴ്ച കൂടുതൽ ശക്തമാകുന്നതിനാൽ കേബിൾ കാർ ഓപ്പറേഷൻ നിർത്താൻ പോവുകയാണെന്നും സഞ്ചാരികൾ എല്ലാവരും സ്ഥലം വിടണമെന്നും അറിയിപ്പ് കിട്ടി. അങ്ങനെ സീസണിലെ ആദ്യത്തെ മഞ്ഞ് വീഴ്ച ആവോളം ആസ്വദിച്ചു കൊണ്ട് ഞങ്ങൾ മടങ്ങി. ടാംഗ് മാർഗ്ഗിലെത്തി കോട്ടും ബൂട്ടും തിരിച്ച് നൽകി. 

മടക്ക യാത്രയിൽ എൻ്റെ മനസ്സിൽ ആ ചിന്ത വീണ്ടും മുളപൊട്ടി ; ഇഷ്ഫാഖിൻ്റെ വീട് , അതെങ്ങനെയെങ്കിലും കണ്ടെത്തണം!

Next: അറ്റ് ലാസ്‌റ്റ്

Monday, April 27, 2026

ഇൻ സേർച്ച് ഓഫ് ഇഷ്ഫാഖ്... .(ടീം 87 SSC @ കാശ്മീർ - 12)

ടീം 87 SSC @ കാശ്മീർ  - 11

കാശ്‍മീരിലെ ഞങ്ങളുടെ രണ്ടാം ദിവസം എവിടെ പോകണമെന്ന് ഒരു മാസം മുമ്പ് തന്നെ തീരുമാനിച്ചതായിരുന്നു.കാരണം കൃത്യം ഒരു മാസം മുമ്പ് മുതലേ ഗുൽമാർഗ് കേബിൾ കാർ ടിക്കറ്റ് റിസർവ് ചെയ്യാൻ പറ്റൂ.ഞങ്ങൾ നിശ്ചയിച്ചുറപ്പിച്ച ദിവസം ഇത്രയും കൃത്യമാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

കാശ്മീരി ഭാഷയിൽ ഗുൽമാർഗ് എന്നാൽ പൂമേട് എന്നാണ് അർത്ഥം. കാശ്മീരിലെ വേനൽ കാലമായ ഏപ്രിൽ മുതൽ ജൂൺ വരെ ഗുൽമാർഗ് വിവിധതരം ഡെയ്‌സി പൂക്കളുടെ ഒരു പൂമേട് തന്നെയാണ്.എൻ്റെ ആദ്യത്തെ കാശ്മീർ യാത്രയിൽ ഞാൻ അത് ശരിക്കും കണ്ടതും ആസ്വദിച്ചതുമാണ്.രണ്ടും മൂന്നും യാത്രകളിൽ ഗുൽമാർഗ് മഞ്ഞിനടിയിലായതിനാൽ പേരിന് പോലും പൂക്കൾ ഉണ്ടായിരുന്നില്ല.ഈ നാലാം യാത്രയിൽ മഞ്ഞ് ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ അല്പമെങ്കിലും പൂക്കൾ ഉണ്ടാകും എന്നായിരുന്നു എൻ്റെ പ്രതീക്ഷ.

മുമ്പ് രണ്ട് തവണ ഞാൻ ഗുൽമാർഗിലെ കേബിൾ കാറിൽ കയറിയിട്ടുണ്ട്.രണ്ടും ഒന്നാം ഫേസ് ആയ കോങ്ദൂരി വരെ മാത്രമായിരുന്നു.ഇത്തവണ മഞ്ഞിന് അല്പമെങ്കിലും സാദ്ധ്യതയുള്ളത് സെക്കൻഡ് ഫേസിൽ ആയതിനാലും ഞാൻ ഇതുവരെ അവിടെ പോകാത്തതിനാലും റിസർവ് ചെയ്തപ്പോഴേ ഗുൽമാർഗ് മുതൽ അഫാർവത് വരെ ടിക്കറ്റ് എടുത്തിരുന്നു. 1820 രൂപയാണ് ചാർജ്ജ്. മുൻ വർഷത്തിൽ ഇതേ സമയത്ത്  സെക്കൻഡ് ഫേസ് വരെ പോയി പാറക്കല്ലുകൾ മാത്രം കണ്ടു പോന്ന അനിയന്റെ അനുഭവം എന്റെ മനസ്സിൽ ചില ധാരണകൾ സൃഷ്ടിച്ചിരുന്നു. ഹോട്ടലിൽ തൊട്ടടുത്ത റൂമിൽ ഉണ്ടായിരുന്ന കോഴിക്കോട്ടുകാർ തലേ ദിവസം പോയി കാറ്റു കാരണം തിരിച്ച് പോന്നതും കൂടി കേട്ടതോടെ എൻ്റെ പ്ലാൻ മറ്റൊരു വഴിയേ നീങ്ങി.

ഒന്നാം കാശ്മീർ യാത്രയിൽ ഞാൻ കുടുംബ സമേതം താമസിച്ച ഗുൽമാർഗിനടുത്തുള്ള എൻ്റെ സ്റ്റുഡന്റ് ഇഷ്ഫാഖിന്റെ വീട്ടിൽ പോവുക എന്നതായിരുന്നു ആ പ്ലാൻ.എന്റെ സഹപാഠികൾക്ക് ഒരു കാശ്മീരി വീട് കാണാനും അവരുടെ ആതിഥേയത്വം അനുഭവിക്കാനും അതിലൂടെ സാധിക്കും എന്നതായിരുന്നു സാധാരണ ടൂറുകളിൽ നിന്ന് ഞാൻ ഇതിൽ കണ്ട വ്യത്യസ്തത. പിന്നെ ഇടക്കിടക്ക് കാശ്മീരിൽ പോകുന്നതിന്ന് പിന്നിൽ ഒരു രഹസ്യവും ഇല്ല എന്ന് തെളിയിക്കലും.പക്ഷേ, വീടിന്റെ ലൊക്കേഷൻ കിട്ടാൻ, ദിവസങ്ങളായി ശ്രമിച്ചിട്ടും അവനെ ബന്ധപ്പെടാൻ സാധിച്ചില്ല എന്നതായിരുന്നു എന്റെ മുന്നിലെ ഏറ്റവും വലിയ പ്രതിബന്ധം.

കാശ്മീരിൽ ഇനിയുള്ള ദിവസങ്ങളിൽ കറങ്ങാനുള്ള ട്രാവലർ ഹോട്ടലുകാർ തന്നെ ഏർപ്പാടാക്കി തന്നതായിരുന്നു.മുദ്ദസർ എന്ന കാശ്മീരി ആയിരുന്നു ഡ്രൈവർ. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഞാൻ എൻ്റെ മുൻ കാശ്മീർ സന്ദർശനങ്ങളെപ്പറ്റി അദ്ദേഹത്തോട് പറഞ്ഞു.കൂട്ടത്തിൽ ഇഷ്ഫാഖിന്റെ ഫോട്ടോ കാണിച്ച് അവനെ അറിയുമോ എന്നന്വേഷിച്ചു.പക്ഷെ അദ്ദേഹം കൈ മലർത്തി.

കൃത്യം എട്ടു മണിക്ക് ഞങ്ങൾ ഗുൽമാർഗ്ഗിലേക്ക് പുറപ്പെട്ടു.മഴ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. ശ്രീനഗറിന്റെ അതിർത്തി കഴിഞ്ഞത് മുതൽ തന്നെ ഞാൻ ജാഗരൂകനായി.മെയിൻ റോഡിൽ നിന്നും ഇഷ്ഫാഖിന്റെ വീട്ടിലേക്ക് തിരിയുന്ന വഴിയുടെ മൂന്ന് വർഷം മുമ്പത്തെ ചെറിയ ഒരോർമ്മ  ചിത്രം എന്റെ മനസ്സിലുണ്ടായിരുന്നു. റോഡിന്റെ  മറുവശത്ത് എവിടെയെങ്കിലും ആ വഴി ഉണ്ടോ എന്ന് ഞാൻ ഉറ്റുനോക്കിക്കൊണ്ടിരുന്നു. റോഡിന്റെ മദ്ധ്യഭാഗത്തെ ഡിവൈഡറിൽ ഉയർന്നു പൊങ്ങിയ ചെടികൾ എന്റെ കാഴ്ചകളെ പലപ്പോഴും മറച്ചു.മകം എന്ന സ്ഥലത്ത് എത്തിയപ്പോൾ ഇഷ്ഫാഖ് മുമ്പ് ആ സ്ഥലത്തെപ്പറ്റി എന്തോ പറഞ്ഞത് എന്റെ ഓർമ്മയിൽ മിന്നിമറഞ്ഞു.അല്പം മുന്നോട്ട് നീങ്ങി, ഒരു ധാബയിൽ പ്രഭാത ഭക്ഷണത്തിനായി ഞങ്ങൾ കയറി.

ഭക്ഷണം കഴിക്കുന്നതിനിടയിൽ മഴ കൂടുതൽ ശക്തമായി.യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ എല്ലാവരോടും മഴയുറ കരുതാൻ ഞാൻ പറഞ്ഞത് വെറുതെയല്ല എന്ന് എന്റെ സഹപാഠികൾക്ക് ബോദ്ധ്യമായി.ഗുൽമാർഗ്ഗിലെ കാഴ്ചകൾ മഴയിൽ മുങ്ങുമോ എന്ന ഭയം അവരുടെ മുഖത്ത് ഞാൻ കണ്ടു.പക്ഷേ എന്റെ മനസ്സിൽ പ്രതീക്ഷയുടെ ഒരു വെള്ളിമേഘം അപ്പോൾ ഉരുണ്ട് കൂടിത്തുടങ്ങി. കാശ്മീരിലെ അപ്രതീക്ഷിത മഴ മഞ്ഞു വീഴ്ചയുടെ മുന്നോടിയായി സംഭവിക്കുന്നതാണ് എന്ന അറിവായിരുന്നു അതിന് കാരണം.

അപ്പോഴേക്കും, തലേ ദിവസം ലാൽ ചൗക്കിൽ നിന്നും കഴിച്ച ഭക്ഷണം ഫൈസലിനും നാരായണനും പുറമെ എന്നെയും ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു.മഴ കാരണം യാത്ര തുടരാൻ സാധിക്കാതെ ധാബയിൽ തന്നെ ഇരുന്നതിനാൽ രണ്ടും മൂന്നും തവണ ടോയിലറ്റിൽ പോകാൻ സാധിച്ചു. ഇതിനിടെ ഒരു അസുഖവും ഇല്ലാത്ത ഗോവിന്ദൻ ടോയിലറ്റിൽ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്ത് വരാത്തത് എന്റെയുള്ളിൽ പരിഭ്രാന്തി പരത്തി. അവൻ്റെ മുൻകരുതൽ കാരണമാണ് വൈകിയത് എന്ന് പുറത്ത് വന്നപ്പോഴാണ് അറിഞ്ഞത്. ഗുൽമാർഗ്ഗിലെ തണുത്ത കാറ്റിൽ നിന്നും രക്ഷ നേടാൻ രണ്ട് അണ്ടർവെയറും അതിന് പുറത്ത് ഒരു ട്രാക്ക്സ്യൂട്ടും പിന്നെ ഒരു പാന്റും അതിനു മുകളിൽ ജീൻസും ധരിച്ച് മൂത്രമൊഴിക്കാൻ കയറിയ അവന്റെ അവസ്ഥ ഓർത്തപ്പോൾ എല്ലാവർക്കും ചിരി പൊട്ടി.  

മഴ ഒന്നടങ്ങിയപ്പോൾ ഞങ്ങൾ യാത്ര തുടരാൻ തീരുമാനിച്ചു.ധാബയിലെ സപ്ലയർ അടുത്തേതോ സ്ഥലവാസി ആണെന്നറിഞ്ഞപ്പോൾ അയാളെയും ഞാൻ ഇഷ്ഫാഖിന്റെ ഫോട്ടോ കാണിച്ചുകൊണ്ട് ആളെ അറിയുമോ എന്നന്വേഷിച്ചു.കാശ്മീരികളുടെ സ്വത സിദ്ധമായ ചിരിയോടെ അയാളും എന്നെ കൈവിട്ടു. അഞ്ച് ദിവസം പരിചയമുള്ള ഇഷ്ഫാഖിന്റെ ഗല്ലി പോകുന്ന വഴിയിൽ ഞാൻ വീണ്ടും തിരഞ്ഞെങ്കിലും മഴ വീണ്ടും തടസ്സപ്പെടുത്തി. അവസാനം ഗുൽമാർഗ്ഗിന്റെ കവാടമായ ടാങ്മാർഗ്ഗിൽ ഞങ്ങളെത്തി.

ഡ്രൈവർ മുദ്ദസർ, വണ്ടി നേരെ ഒരു കടയുടെ മുന്നിലേക്ക് കയറ്റി.കോട്ടും ബൂട്ടും വാടകക്ക് കൊടുക്കുന്ന കടയായിരുന്നു അത്.എല്ലാവരും ജാക്കറ്റും സ്വറ്ററും മഴയുറയും കരുതിയതിനാൽ ഇനി കോട്ടിന്റെ ആവശ്യം ഇല്ല എന്ന് ഞങ്ങൾ ഏകകണ്ഠമായി പറഞ്ഞു. പക്ഷേ, കടയുടമ ഗുൽമാർഗ്ഗ് കേബിൾ കാറിന്റെ ഒന്നാം ഫേസിലെ നിലവിലുള്ള അവസ്ഥ കാണിച്ചപ്പോൾ ഞങ്ങളുടെ കണ്ണ് തള്ളിപ്പോയി - മഞ്ഞു വീഴ്ചയിൽ ആറാടുന്ന സഞ്ചാരികൾ !! മഞ്ഞില്ലെങ്കിൽ കോട്ടിന്റെ വാടക നൽകേണ്ട എന്നും അദ്ദേഹം പറഞ്ഞതോടെ ഒരു സെറ്റിന് 300 രൂപ നിരക്കിൽ ഞങ്ങൾ എല്ലാവരും ആവശ്യമായ ഡ്രെസ്സുകൾ വാടകക്കെടുത്തു.

ഈ സീസണിലെ കാശ്മീരിലെ ആദ്യത്തെ മഞ്ഞുവീഴ്ച അന്ന് ആരംഭിക്കുകയായിരുന്നു.ഒരു മാസം മുമ്പ് ഈ ദിവസം ഗുൽമാർഗ് യാത്രക്കായി തീരുമാനിച്ചത് എത്ര കൃത്യമായിരുന്നു എന്ന് ഞാൻ ആലോചിച്ചുപോയി. ദൈവത്തിന് സ്തുതി.

തിരിച്ച് വണ്ടിയിൽ കയറുന്നതിന് മുമ്പ് ആ കടക്കാരനെയും ഇഷ്ഫാഖിന്റെ ഫോട്ടോ ഞാൻ കാണിച്ചു.അയാളത് മറ്റൊരാളെ കാണിച്ച് എന്തോ കുശുകുശുക്കി.ശേഷം എന്റെ കയ്യിൽ നിന്നും ഇഷ്ഫാഖിന്റെ നമ്പർ വാങ്ങി വിളിച്ച് നോക്കി. ഇഷ്ഫാഖ് ഫോൺ എടുക്കാത്തതിനാൽ ഞാൻ വീണ്ടും നിരാശനായി.കണ്ടെത്തിയാൽ ഒരു സർപ്രൈസ് ആകട്ടെ എന്നതിനാൽ ഇഷ്ഫാഖിനെ ഞാൻ തിരയുന്ന വിവരം മറ്റാരെയും അറിയിച്ചില്ല. 

മല മുകളിൽ മഞ്ഞുണ്ടെന്നറിഞ്ഞതോടെ ഞങ്ങളുടെ ആവേശം കൊടുമുടിയിലായി.വണ്ടി ഗുൽമാർഗ് ലക്ഷ്യമാക്കി മല കയറാൻ തുടങ്ങി.


Next: ഗുൽമാർഗ്ഗിൽ ഒരു മഞ്ഞ് വീഴ്ചക്കാലത്ത്

Wednesday, April 22, 2026

ദാൽ ലേക്കും ലാൽ ചൗക്കും (ടീം 87 SSC @ കാശ്മീർ - 11)

 ടീം 87 SSC @ കാശ്മീർ  - 10

ദാൽ തടാക തീരത്തുകൂടിയുള്ള ഇന്നത്തെ യാത്രകളും ശ്രീ ശങ്കരാചാര്യ ക്ഷേത്രത്തിൽ നിന്നുള്ള തടാകത്തിന്റെ വിദൂര കാഴ്ചയും ഞങ്ങളെ തടാകത്തിലേക്ക് മാടി വിളിച്ചുകൊണ്ടിരുന്നു. സായാഹ്‌ന സമയമായതിനാൽ ശിക്കാര റൈഡിനുള്ള അനുയോജ്യമായ സമയം കൂടിയായിരുന്നു.മഴ പെയ്യുമോ എന്നതായിരുന്നു ഏക ഭീഷണി.മുൻ സന്ദർശനങ്ങളിൽ എല്ലാം ഞാൻ ദാൽ തടാകത്തിൽ ശിക്കാര റൈഡ് നടത്തിയിട്ടുണ്ട്. ഓരോ റൈഡും ഓരോ അനുഭവമായതിനാൽ ഇത്തവണയും ഞാൻ അത് ഒഴിവാക്കിയില്ല.

ജമ്മു കാശ്മീരിലെ രണ്ടാമത്തെ വലിയ തടാകമാണ് ദാൽ തടാകം.18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുകയാണ് ദാൽ തടാകം. ബന്ദിപ്പോരക്കടുത്തുള്ള വൂളാർ തടാകമാണ് കാശ്മീരിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ തടാകം.പക്ഷെ,ശ്രീനഗർ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ദാൽ ലേക്ക് ആണ് ഏറ്റവും പ്രശസ്തമായത്.പൂക്കളുടെ തടാകം, ശ്രീനഗറിന്റെ രത്നം എന്നീ അപരനാമങ്ങളിലും ദാൽ തടാകം അറിയപ്പെടുന്നു. ആമ്പലും താമരയും പൂവിട്ട് നിൽക്കുന്ന സീസണിലാണ് ദാൽ ലേക്ക് കൂടുതൽ സുന്ദരിയാകുന്നത് എന്ന് ബോട്ടുകാരൻ യൂസഫ് പറഞ്ഞു.

ഗാട്ട് നമ്പർ 14ൽ നിന്നായിരുന്നു കഴിഞ്ഞ രണ്ട് തവണയും ഞാൻ ശിക്കാര യാത്ര നടത്തിയത്. ഇത്തവണയും അതിനടുത്തുള്ള ഒരു ഗാട്ട് നമ്പറാണ് ഹോട്ടലിൽ നിന്നും പറഞ്ഞ് തന്നത്. ഒരു മണിക്കൂറിന് അറുന്നൂറ് രൂപ മുതൽ ആയിരം രൂപ വരെ ഈടാക്കും എന്നും അറിവ് കിട്ടി.ഒരു ശിക്കാരയിൽ നാല് പേർക്കാണ് യാത്രയെങ്കിലും അഞ്ചു പേർക്ക് വരെ കയറാമെന്നും വിവരം കിട്ടി. അതനുസരിച്ച് രണ്ട് ബോട്ടുകളിൽ ഞങ്ങൾ അഞ്ച് പേർ വീതം കയറി.

സീസൺ അല്ലാത്തത് കൊണ്ടും പഹൽഗാം ഭീകരാക്രമണ ഭീതി വിട്ടുമാറാത്തതിനാലും എല്ലായിടത്തും സഞ്ചാരികൾ വളരെ കുറവായിരുന്നു. അതിനാൽ തന്നെ സഞ്ചാരികളെ ചൂഷണം ചെയ്യുന്നതിന് പകരം കൂടുതൽ സൗഹാർദ്ദപരമായി പെരുമാറാൻ തദ്ദേശീയർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പലതരം കച്ചവട വസ്തുക്കളും ബോട്ടുകളിൽ ഞങ്ങളുടെ ചുറ്റും വന്നും പോയും കൊണ്ടിരുന്നു.

എല്ലാ ബോട്ടുകാരും ചെയ്യുന്നപോലെ ഹൗസ് ബോട്ടുകളിൽ ഒരുക്കിയ ഫ്ലോട്ടിംഗ് മാർക്കറ്റിൽ ഞങ്ങളെയും കയറ്റി.പലരും സാധനങ്ങൾ വാങ്ങുകയും ചെയ്തു.കമ്മീഷൻ ലഭിക്കും എന്നതിനാൽ സമയം വൈകിയിട്ടും ബോട്ടുകാർ ഒന്നും പറഞ്ഞില്ല. ദാൽ തടാകത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച് കൊണ്ടിരിക്കുന്ന വിവിധതരം ബോട്ടുകളിൽ ഞങ്ങൾ കാശ്മീരിന്റെ പലതരം മുഖങ്ങളും ദർശിച്ചു.ദൈവം കനിഞ്ഞരുളിയ അനുഗ്രഹങ്ങൾക്കിടയിലും സന്തോഷം കെട്ടുപോയ ജീവിതങ്ങൾ മനസ്സിൽ വേദന പടർത്തി.

ശിക്കാര യാത്ര കഴിഞ്ഞ് ഞങ്ങൾ റൂമിൽ തിരിച്ചെത്തി.നേരത്തെ പറഞ്ഞുറപ്പിച്ച സംഖ്യ മാത്രം ഞാൻ ഡ്രൈവർക്ക് കൊടുത്തു.ടിപ് ചോദിച്ചെങ്കിലും നൽകിയില്ല.കാരണം തലേ ദിവസം ഞാൻ സംസാരിച്ചുറപ്പിച്ച സ്ഥലങ്ങൾ മുഴുവൻ കണ്ടിരുന്നില്ല.മാത്രമല്ല ഓരോ സ്ഥലത്തും പാർക്കിംഗ് ഫീ എന്ന പേരിൽ അമ്പത് രൂപ ഡ്രൈവർ വാങ്ങുകയും ചെയ്തിരുന്നു.ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹത്തിനും നൽകിയിരുന്നു.അതിനെല്ലാം  പുറമെ ഒരു ടിപ് ആവശ്യമുള്ളതായി എനിക്ക് തോന്നിയില്ല.

പതിവ് പോലെ രാത്രി കാശ്മീരി വിഭവങ്ങൾ തേടി ഇറങ്ങാൻ തീരുമാനിച്ചു.കേട്ട് മാത്രം പരിചയമുള്ള കാശ്മീരി വാസ്‌വാൻ ഇന്ന് രുചിച്ചു നോക്കാം എന്ന് ചിലർക്ക് തോന്നി.കാരണം അത്ര രുചികരമായ സാധനമാണെങ്കിൽ തിരിച്ചു പോകുന്നതിന് മുമ്പ് മറ്റൊരു ദിവസം കൂടി കഴിക്കാൻ അവസരം ലഭിക്കണമല്ലോ! കരീംസ് ആണ് വാസ്‌വാൻ കഴിക്കാൻ ഏറ്റവും നല്ല ഹോട്ടൽ എന്ന് ഫൈസൽ ആദ്യമേ മനസ്സിലാക്കി വച്ചിരുന്നു. 

ശ്രീനഗറിൽ കരീംസ് ഉണ്ടെന്നും ലാൽ ചൗക്കിൽ ആണ് അതെന്നും അന്വേഷണത്തിൽ നിന്ന് മനസ്സിലായപ്പോൾ സന്തോഷിച്ചത് ഞാനായിരുന്നു. കാരണം ഒന്നാമത്തെയും  മൂന്നാമത്തെയും കാശ്മീർ സന്ദർശനങ്ങളിൽ ഞാൻ കാണാൻ ആഗ്രഹിച്ച മാർക്കറ്റായിരുന്നു ലാൽ ചൗക്ക്. ആ രണ്ട് സന്ദർശനങ്ങളിലും സാധിക്കാത്ത ഒന്ന് കൂടി ഇതാ ഫൈസലിന്റെ ഭക്ഷണപ്രിയം കൊണ്ട് യാദൃശ്ചികമായി സംഭവിക്കാൻ പോകുന്നു.

ഖയാം ചൗക്കിൽ നിന്നും മെയിൻ റോഡിലേക്ക് കയറി അല്പം കൂടി മുന്നോട്ട് നടന്നാൽ ലാൽ ചൗക്കിൽ എത്താം എന്ന് ഞങ്ങളിൽ ആരോ എങ്ങനെയോ മനസ്സിലാക്കി.അതനുസരിച്ച് ഞങ്ങൾ നടത്തം ആരംഭിക്കുകയും ചെയ്തു.വഴിയിൽ ഒരു ഉന്തുവണ്ടിയിൽ എന്തോ ഒരു കായ ചുട്ടത് വില്പനക്ക് വച്ചത് പല സ്ഥലത്തും കണ്ടു. ഞാനും മുജീബും അതെന്തെന്നറിയാൻ വേണ്ടി ഒരു കച്ചവടക്കാരനെ സമീപിച്ചു.ചെസ്റ്റ് നട്ട് ആണെന്നറിഞ്ഞപ്പോൾ രുചി അറിയാൻ വേണ്ടി മാത്രം അല്പം വാങ്ങി എല്ലാവർക്കും നൽകി.ചക്കക്കുരു ചുട്ട അതേ രുചി ; വില കിലോക്ക് അറുനൂറ് രൂപയും!!

ഞങ്ങൾ മനസ്സിലാക്കിയ പോലെ ലാൽ ചൗക്ക് അത്ര സമീപത്തായിരുന്നില്ല. ഞായറാഴ്ച ആയതിനാൽ അല്പം നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ ഷോപ്പിംഗ് കൂടി നടത്താമായിരുന്നു എന്ന് തോന്നിപ്പോയി.സൺ‌ഡേ മാർക്കറ്റിന്റെ ഭാഗമായുള്ള തെരുവോര കച്ചവടങ്ങൾ മിക്കവയും ഞങ്ങളെത്തുമ്പോഴേക്കും അവസാനിപ്പിച്ചിരുന്നു.ഏകദേശം മൂന്ന് കിലോമീറ്റർ നടന്നു കഴിഞ്ഞപ്പോഴാണ് ഞങ്ങൾ ലാൽ ചൗക്കിൽ എത്തിയത്.

ശ്രീനഗറിലെ റെഡ് സ്‌ക്വയർ എന്നാണ് ലാൽ ചൗക്ക് അറിയപ്പെടുന്നത്. കാരണം രാഷ്ട്രീയ യോഗങ്ങളും റാലികളും മറ്റും എല്ലാം ഇവിടെയാണ് നടക്കാറുള്ളത്.നഗരത്തിലെ പ്രധാനപ്പെട്ട ഒരു കച്ചവട കേന്ദ്രം കൂടിയാണ് ലാൽ ചൗക്ക്.കശ്‍മീരി കരകൗശല വസ്തുക്കളും പഷ്മിന ഷാളുകളും ഡ്രൈ ഫ്രൂട്ടുകളും എല്ലാം ഇവിടെ ലഭിക്കും.ചത്വര മധ്യത്തിലെ ക്ലോക്ക് ടവർ ആണ് ലാൽ ചൗക്കിന്റെ മുഖമുദ്ര.ഇതിന്റെ ദീപാലംകൃതമായ രാത്രി ദൃശ്യം മനോഹരമാണ്.

ഉദ്ദേശിച്ചപോലെ കരീംസ് ഹോട്ടൽ അവിടെ എവിടെയും കണ്ടില്ല. അന്വേഷിച്ചപ്പോൾ പലരും പല ദിശയിലാണ് ചൂണ്ടിയത് എന്നതിനാൽ തൊട്ടടുത്ത ഒരു ഹോട്ടലിൽ ഞങ്ങൾ കയറി.വാസ്‌വാൻ മറ്റൊരു ദിവസം കഴിക്കാം എന്ന തീരുമാനത്തിൽ ഓരോരുത്തരും അവനവന് ഇഷ്ടമുള്ളത് ഓർഡർ ചെയ്തു.എന്ത് കഴിക്കണം എന്ന കൺഫ്യൂഷൻ വന്നതിനാൽ നുസൈബ പ്രത്യേകിച്ച് ഒന്നും ഓർഡർ ചെയ്തില്ല.ഇടക്ക് ആരെയോ ഓർമ്മ വന്നതിനാൽ അവൾ മറ്റേതോ ലോകത്തേക്ക് പോയി.

നിശീഥിനി വെജിറ്റേറിയൻ ആയതിനാൽ മഷ്‌റൂം മസാലയും ഓർഡർ ചെയ്ത കൂട്ടത്തിൽ ഉണ്ടായിരുന്നു.എല്ലാവരും അതിന്റെ രുചി നോക്കിയപ്പോൾ ഫൈസലും നാരായണനും ഒരല്പം കൂടുതൽ കഴിച്ചു.ഭക്ഷണം കഴിച്ച് തിരിച്ച് റൂമിലേക്കുള്ള മടക്ക യാത്രയിൽ ഫൈസലും നാരായണനും ഓട്ടമത്സരം നടത്തിയതിൻ്റെ ഗുട്ടൻസ് പിറ്റേന്നാണ് പലർക്കും പിടികിട്ടിയത്.

Next : ഇൻ സെർച്ച് ഓഫ് ഇഷ്ഫാഖ്