കാശ്മീരിലെ ഞങ്ങളുടെ അവസാന ദിവസമാണ് ഇന്ന്. ഉച്ചക്ക് രണ്ട് മണിക്കുള്ള വന്ദേഭാരതിൽ കത്രയിലേക്ക് മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ആക്ച്വലി ഇത് ഒരു റിസർവ് ദിവസമായി കരുതിയ ദിനമാണ്.എൻ്റെ മുൻ സന്ദർശനങ്ങളിൽ നിന്ന് ഞാൻ പഠിച്ച പാഠത്തിൻ്റെ പ്രയോഗമായിരുന്നു അത്. ശ്രീനഗറിൽ കാണാൻ പറ്റാത്ത ലൊക്കേഷനുകൾ ഉണ്ടെങ്കിൽ കാണാനും അല്ലെങ്കിൽ ഒരു ഷോപ്പിംഗിംനും ആയിട്ടായിരുന്നു ഈ അരദിനം കണ്ടുവെച്ചത്. ഈ യാത്രയിലെ ആദ്യ ദിവസത്തെ ശ്രീനഗർ കാഴ്ചകളിൽ പ്ലാൻ ചെയ്തിരുന്ന പരിമഹലും ചഷ്മെ ഷാഹി ഗാർഡനും അന്ന് കാണാൻ സാധിച്ചിരുന്നില്ല.
ഓട്ടോയിൽ പരിമഹലിൽ പോകാം എന്ന പ്ലാനിൽ ഞങ്ങൾ എട്ട് മണിക്ക് തന്നെ ഖയാം ചൗക്കിലെത്തി. ഒരു ഓട്ടോക്ക് മുന്നൂറ് രൂപ എന്ന തോതിൽ മൂന്ന് ഓട്ടോ വേണം എന്ന് ഓട്ടോക്കാർ പറഞ്ഞപ്പോൾ അത് സമ്മതിക്കാൻ എനിക്ക് തോന്നിയില്ല. മറ്റൊരു ഓട്ടോക്കാരൻ ഇരുന്നൂറ്റമ്പത് രൂപ നിരക്കിൽ രണ്ട് ഓട്ടോയിൽ പോകാം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വേഗം സമ്മതിച്ചു.
പതിവ് പോലെ ഇത്തവണയും ഞങ്ങൾ പരിമഹലിലേക്കുള്ള വഴിയിലെ ചെക്ക് പോസ്റ്റിൽ തടയപ്പെട്ടു. പരിമഹൽ ഒമ്പതര മണിക്കേ ഓപ്പൺ ആകൂ എന്നും അതിനാൽ ഒമ്പത് മണിക്ക് മാത്രമേ കടത്തിവിടാൻ പറ്റൂ എന്നും പട്ടാളക്കാർ പറഞ്ഞു. അവരോട് സംസാരിച്ചാൽ കടത്തിവിടും എന്ന് ഓട്ടോക്കാർ പറഞ്ഞതിനാൽ ഒന്ന് ശ്രമിച്ച് നോക്കാം എന്ന് ഞാൻ കരുതി.
കേരളത്തിൽ നിന്നാണ് വരുന്നതെന്നും പരിമഹൽ കൂടി കണ്ട് ഉച്ചയോടെ തിരിച്ചു പോകണമെന്നും പറഞ്ഞു നോക്കിയെങ്കിലും പട്ടാളം കടത്തിവിട്ടില്ല. അതിനിടെ ഒരു പട്ടാളക്കാരൻ എൻ്റെ അടുത്തെത്തി. പരമേശ്വരൻ എന്നാണ് പേരെന്നും കന്യാകുമാരിക്കാരനാണെന്നും അയാൾ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു. ശേഷം അദ്ദേഹം ഞങ്ങളുടെ പ്രശ്നത്തിൽ സ്വമേധയാ ഇടപെട്ട് അകത്ത് പോയി ആരോടോ സംസാരിച്ചു . അതോടെ ഗേറ്റ് തുറന്നു ! ഞങ്ങൾ യാത്ര തുടർന്നു.
പരിമഹലിൻ്റെ ഗേറ്റിലെത്താൻ വിജനമായ സ്ഥലത്ത് കൂടെ കയറിയിറങ്ങി പോകണമെന്നും വന്ന ഓട്ടോ വിട്ടു കഴിഞ്ഞാൽ തിരിച്ചു പോക്ക് ബുദ്ധിമുട്ടാകുമെന്നും ആ യാത്രയിൽ എനിക്ക് മനസ്സിലായി. അപ്പോഴേക്കും ഓട്ടോക്കാരും ഒരു പ്ലാൻ തയ്യാറാക്കിയിരുന്നു. ഒരു ഓട്ടോക്ക് ആയിരം രൂപ കൊടുത്താൽ ചഷ്മെ ഷാഹിയിലേക്കും തുടർന്ന് ഖയാം ചൗക്കിലേക്കും എത്തിച്ച് തരാമെന്ന് അവർ പറഞ്ഞു. ഉച്ചക്കുള്ള വണ്ടി പിടിക്കണം എന്നതിനാൽ ഒരു തർക്കവുമില്ലാതെ ഞാനത് അംഗീകരിച്ചു.
രാവിലെ നേരത്തെ എത്തിയതിനാൽ പരി മഹലിലെ ടിക്കറ്റ് കൗണ്ടർ തുറന്നിരുന്നില്ല. ഒരാൾക്ക് ഇരുപത്തിയഞ്ച് രൂപയായിരുന്നു പ്രവേശനഫീസ് .ഗേറ്റിൽ നിന്ന ഒരുദ്യോഗസ്ഥൻ തന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് അകത്ത് കയറാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾക്കായി നിശ്ചിത സമയത്തിനും വളരെ മുമ്പേ അന്ന് പരിമഹൽ തുറക്കപ്പെട്ടു !
നിരവധി കമാനങ്ങളോട് കൂടിയ ചരിത്രപ്രസിദ്ധമായ ഒരു ശിലാ നിർമ്മിതിയാണ് പരി മഹൽ. ഷാജഹാൻ ചക്രവർത്തിയുടെ മകൻ ദാര ഷിക്കോവിൻ്റെ പാഠശാലയായി സ്ഥാപിച്ചതാണ് ഇത്. ദാര ഷിക്കോവും അദ്ദേഹത്തിൻ്റെ സൂഫി ഗുരു വര്യൻ മുല്ലാ ഷായും ഇവിടെ താമസിച്ചിരുന്നു. പ്രാദേശികമായി "യക്ഷികളുടെ കൊട്ടാരം" അല്ലെങ്കിൽ "യക്ഷികളുടെ വാസസ്ഥലം" എന്നും ഇതറിയപ്പെടുന്നു. ഇതോടനുബന്ധിച്ചുള്ള ഉദ്യാനം ഏഴ് തട്ടുകളായിട്ടാണുള്ളത്. അതിൽ ചിലതിലേക്കിറങ്ങുമ്പോൾ കടന്നു പോകുന്ന വഴി മേൽപേരിനെ അന്വർത്ഥമാക്കും. പരിമഹലിൽ നിന്നുള്ള ദാൽലേക്കിൻ്റെ കാഴ്ചയും ഹൃദ്യമാണ്.
സബർവാൻ പർവത നിരകളിൽ സ്ഥിതി ചെയ്യുന്ന പരി മഹലിലേക്ക് ശ്രീനഗറിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ ദൂരമേയുള്ളൂ. പക്ഷേ അങ്ങോട്ടുള്ള യാത്ര വളരെ ദുർഘടം പിടിച്ചതാണ്. അല്പം താഴെയുള്ള ചഷ്മെ ഷാഹി ഉദ്യാനം വരെയാണ് സാധാരണ സഞ്ചാരികൾ എത്താറ്. കാശ്മീർ ടൂർ പാക്കേജിൽ വരുമ്പോൾ ചരിത്രപ്രസിദ്ധമായ ഈ സ്ഥലങ്ങൾ ഒന്നും തന്നെ കാണാറില്ല. കാണണം എന്ന് കരുതിയാൽ തന്നെ ഗവർണ്ണറുടെ ബംഗ്ലാവ് ഈ റൂട്ടിലായതിനാൽ യാത്രാനുമതി അന്നത്തെ സാഹചര്യം അനുസരിച്ചിരിക്കും. എൻ്റെ നാലാം കാശ്മീർ സന്ദർശനത്തിലാണ് എനിക്കിവിടം കാണാൻ പറ്റിയത്.
ഒരു മണിക്കൂറോളം ഞങ്ങൾ പരിമഹലിൽ തങ്ങിയെങ്കിലും മറ്റ് സഞ്ചാരികൾ ആരും തന്നെ അപ്പോഴും അവിടെ എത്തിയിരുന്നില്ല. ശേഷം ഞങ്ങൾ അടുത്ത ലൊക്കേഷനായ ചഷ്മെ ഷാഹിയിലേക്ക് പുറപ്പെട്ടു.
(തുടരും ...)




1 comments:
യക്ഷിക്കൊട്ടാരത്തിലൂടെ ....
Post a Comment
നന്ദി....വീണ്ടും വരിക