Pages

Monday, June 30, 2008

ബാപ്പയുടെ മരണം

സ്നേഹനിധിയായ എന്റെ പിതാവ്‌ (കെ.അത്രുമാന്‍ കുട്ടി മാസ്റ്റര്‍,റിട്ടയേര്‍ഡ്‌ ഹെഡ്‌മാസ്റ്റര്‍ , ജി.എച്ച്‌.എസ്‌.അരീക്കോട്‌) ഇന്നലെ രാത്രി 10.30ന്‌ ഈ ലോകത്തോട്‌ യാത്രപറഞ്ഞു.(ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി ....)

കരുണാവാരിധിയായ അല്ലാഹു അദ്ദേഹത്തിന്‌ പൊറുത്ത്‌കൊടുത്ത്‌ നാളെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച്‌ കൂട്ടുമാറാവട്ടെ,ആമീന്‍

Thursday, June 26, 2008

വെളിച്ചം ദു:ഖമാണുണ്ണീ....

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് കറന്റ്‌ പോയി.

കണ്ണ്‍ കാണാഞ്ഞിട്ടും കൈ കൃത്യമായി ഭക്ഷണ പാത്രത്തിലെത്തി!

ഇരുട്ടില്‍ വായ തപ്പിപ്പിടിക്കേണ്ട ഗതികേടും കൈക്ക്‌ വന്നില്ല!!

കൂരിരുട്ട്‌ മാത്രം നിറഞ്ഞ അന്നനാളത്തിലൂടെ തടസ്സമൊന്നുമില്ലാതെ ആ ഭക്ഷണ പദാര്‍ത്ഥം ആമാശയത്തിലുമെത്തി!!!

അല്ലെങ്കിലും ഇതിനൊക്കെ എന്തിനാ വെളിച്ചം അല്ലേ?

Wednesday, June 25, 2008

സ്റ്റാമ്പ്‌ ശേഖരണം

മഴയും വെയിലും ഒഴിഞ്ഞ ദിവസങ്ങളില്‍ എന്റെയും അനിയന്റെയും മക്കളുമൊത്ത്‌ മുറ്റത്തിറങ്ങി അവരുടെ കളികള്‍ കണ്ട്‌ ആസ്വദിക്കുകയാണ്‌ ജീവിതത്തിന്റെ സായം സന്ധ്യയില്‍ എത്തി നില്‍ക്കുന്ന എന്റെ പിതാവിന്റെ ഒരു പ്രധാന പരിപാടി.ഏതൊരു വല്ല്യുപ്പയേയും വല്ല്യച്ചനേയും പോലെ കുട്ടികളുടെ കുസൃതികള്‍ കണ്ട്‌ അദ്ദേഹം പൊട്ടിച്ചിരിക്കും.കുട്ടികളോടൊത്ത്‌ കളിക്കുകയും ചെയ്യും.

ഒരു ദിവസം കുട്ടികളുടെ കൂടെ മുറ്റത്തിരിക്കുമ്പോള്‍ പോസ്റ്റ്‌മാന്‍ വന്ന് ഒരു കത്ത്‌ പിതാവിന്റെ കയ്യില്‍ കൊടുത്തു.കവര്‍ പൊട്ടിച്ച്‌ അദ്ദേഹം കത്ത്‌ വായിക്കുമ്പോള്‍ എന്റെ രണ്ട്‌ മക്കളും കൂടി കവറിലെ സ്റ്റാമ്പ്‌ പറിക്കാന്‍ തുടങ്ങി.കത്ത്‌ വായിച്ച്‌ പിതാവ്‌ കുട്ടികളുടെ നേരെ നോക്കിയപ്പോള്‍ അദ്ദേഹം ഈ കാഴ്ച കണ്ടു.

"സ്റ്റാമ്പ്‌ പറിക്കുന്നത്‌ അങ്ങിനെയല്ല....വരൂ.....വല്ല്യാപ്പ കാണിച്ചു തരാം...."ബാപ്പ മക്കളെ വിളിച്ച്‌ വാട്ടര്‍ടാപിനടുത്തേക്ക്‌ നീങ്ങി.ശേഷം കവറിലെ സ്റ്റാമ്പിന്‌ ചുറ്റും വെള്ളം കൊണ്ട്‌ നനച്ചു.അല്‍പം കഴിഞ്ഞ്‌ എന്റെ മൂത്ത മകളോട്‌ സ്റ്റാമ്പ്‌ പറിക്കാന്‍ പറഞ്ഞു.അവള്‍ അനായാസം അത്‌ പറിച്ചെടുത്തു.

"ഇപ്പോ നിങ്ങള്‍ ചെയ്ത പോലെ കിട്ടുന്ന സ്റ്റാമ്പുകളെല്ലാം ശേഖരിക്കണം....അവ സസൂക്ഷ്മം നിരീക്ഷിക്കുകയും വേണം....ഒരു കൗതുകത്തിനപ്പുറം അവ പല അറിവും നിങ്ങള്‍ക്ക്‌ പ്രദാനം ചെയ്യും.അവ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്‌ക്‍വെക്കുകയും വേണം.പങ്‌ക്‍വെക്കുംതോറും വളരുന്ന ഒന്നാണ്‌ അറിവ്‌" ബാപ്പ എന്റെ മൂത്ത മകളെ നോക്കി പറഞ്ഞു.

കുട്ടികളുടെ ഏത്‌ ഹോബിയും കഴിവും ചെറുപ്പത്തിലേ കണ്ടെത്തുകയും പ്രോല്‍സാഹിപ്പിക്കുകയും വേണം.അവര്‍ അംഗീകരിക്കപ്പെടുന്നു എന്ന തിരിച്ചറിവ്‌ തന്നെ അവരില്‍ മാനസികമായ വളര്‍ച്ചയും വികാസവും സൃഷ്ടിക്കും.

വാല്‍: ബാപ്പയുടെ സ്റ്റാമ്പ്‌ ശേഖരണം ഏറ്റെടുത്ത്‌ ഞാന്‍ ഇന്നും അത്‌ തുടരുന്നു.രണ്ട്‌ അനിയന്മാരും സംഭാവന അര്‍പ്പിക്കുന്ന പ്രസ്തുത ശേഖരം ഒരു നല്ല കുടുംബ സ്വത്തായി ഞാന്‍ സൂക്ഷിക്കുന്നു.(അപൂര്‍വ്വ സ്റ്റാമ്പുകളും വിദേശരാജ്യങ്ങളുടെ സ്റ്റാമ്പുകളും വെറുതെ കളയുന്ന ബൂലോകര്‍ അവ എനിക്ക്‌ അയച്ചുതരാന്‍ താല്‍പര്യപ്പെടുന്നു)

Tuesday, June 24, 2008

ചെങ്ങങ്കോഴി

"ഉപ്പാ....ഉപ്പാ....ഞമ്മളെ അപ്രത്തെ(അപ്പുറത്തെ) ആ പഴേ വീട്ട്‌ല്‌ണ്ടല്ലോ......" LKGക്കാരിയായ എന്റെ ചെറിയ മോള്‍ എന്തോ ഒരു സംഗതി പറഞ്ഞു തുടങ്ങി.

"ആ..." കേള്‍ക്കുന്നു എന്നര്‍ത്ഥത്തില്‍ ഞാന്‍ മൂളി.

"ആ.....ഔടൊര്‌(അവിടെയൊരു) ബെല്ലിമ്മ(വല്ല്യമ്മ) ണ്ടല്ലോ....."

"ആ....ഉണ്ടല്ലോ...."

"ആ ബെല്ലിമ്മാക്ക്‌ ഒര്‌ കോഴിണ്ടല്ലോ...."

"ങാ...""ഒര്‌ ചെങ്ങങ്കോഴി...."

"അതേന്ന്...."എനിക്ക്‌ ചൊറിയാന്‍ തുടങ്ങി

"ആ....ആ ചെങ്ങങ്കോഴിണ്ടല്ലോ ബേറെ...."

"വേറെ???"

"ഒര്‌ കോഴിന്റെ മോള്‌ല്‌ കേറ..."

"ങേ!!!" ഞാന്‍ ഞെട്ടി.അവളുടെ നിരീക്ഷണ പാടവത്തെ മനസാ അഭിനന്ദിക്കുമ്പോള്‍ വിഷയം മാറിയതിനാല്‍ കൂടുതല്‍ ചോദ്യത്തില്‍ നിന്ന് തല്‍ക്കാലം ഞാന്‍ രക്ഷപ്പെട്ടു.

Monday, June 23, 2008

ഓര്‍മ്മയിലെ കോര്‍മ !!

പയ്യന്‍സായിരുന്ന ഞാനും അനിയനും ഇത്തിരി മുതിര്‍ന്ന കാലം.പാത്രം കഴുകുക,വെള്ളം കോരുക,തെങ്ങ്‌-കമുക്‌ തൈകള്‍ നനക്കുക തുടങ്ങീ പിള്ളേര്‍ പണികള്‍ക്ക്‌ പുറമേ പറമ്പില്‍ പോകുക,അങ്ങാടിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരിക,റേഷന്‍ പീടികയില്‍ പോകുക തുടങ്ങീ ജോലികള്‍ കൂടി ചെയ്യേണ്ട പോസ്റ്റിലേക്ക്‌ ഞങ്ങള്‍ക്ക്‌ ഒരുമിച്ച്‌ പ്രമോഷന്‍ കിട്ടി.

ഒരു ദിവസം ഉമ്മ ഞങ്ങളെ രണ്ട്‌ പേരെയും വിളിച്ച്‌ കൊണ്ട്‌ പറഞ്ഞു."ആബോ.....അരി കയ്‌ഞ്ഞ്‌....ജ്ജും അഫിം(അനിയന്റെ പേര്‌ - അഫീഫ്‌) കൂടി ബീരാന്‍ക്കാന്റെ പീട്യേ പോയ്‌ അരി മാങ്ങി ബാ..."

"ഏതര്യാ...?"

"കുറുവ"

"ങേ..!" ഞങ്ങള്‍ ഞെട്ടി.ലോകത്ത്‌ അന്നേ വരെ ഞങ്ങള്‍ കേട്ടിട്ടുള്ള അരികള്‍ ചാക്കിലിട്ട്‌ വയ്ക്കുന്ന ചാക്കരിയും വേറെ എവിടെയോ ഇട്ട്‌ വയ്ക്കുന്ന പച്ചരിയും മാത്രമായിരുന്നു...ഇപ്പോ ഇതാ കുറുമാന്‍ ന്നോ മറ്റോ പേരുള്ള പുതിയൊരു അരി !!!

"ആ....എത്ര മാണം?"

"ഒരഞ്ച്‌ കിലോീ മാങ്ങിക്കോ...രണ്ടാള്‌ം കൂടി ഏറ്റി കൊണ്ടന്നാ മതി..."

ഇന്നത്തെപ്പോലെ ഓട്ടോറിക്ഷകള്‍ വഴിമുടക്കാത്ത കാലമായിരുന്നതിനാല്‍ ഉമ്മ പറഞ്ഞപോലെ , സഞ്ചിയുമായി ഞങ്ങള്‍ അങ്ങാടിയിലേക്ക്‌ നടന്നു.

പോകുന്ന വഴിയില്‍, വീട്ടില്‍ നിന്നും അല്‍പം ദൂരം മാത്രം അകലെയാണ്‌ വിജയ ടാക്കീസ്‌.(സെക്കന്റ്‌ ഷോക്ക്‌ ഡയലോഗുകള്‍ കേട്ട്‌ സുഖമായി ഉറങ്ങാം).അതിന്റെ നേരെ എതിര്‍ഭാഗത്തുള്ള ഹോട്ടലില്‍ ടാക്കീസില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമയിലെ രംഗങ്ങള്‍ അടങ്ങുന്ന ഫോട്ടോകള്‍ തൂക്കിയിട്ടുണ്ടാകും.സിനിമ കാണാന്‍ അനുവാദമില്ലാത്തതിനാല്‍ ഞാനും അനിയനും ഫോട്ടോയില്‍ നോക്കി അതിന്റെ തൊട്ടു പിന്നില്‍ ഇട്ട ചില്ലലമാരിയിലെ പഴം പൊരിയും നോക്കും(വെറുതെ ഒരു കാഴ്ച സുഖത്തിന്‌ !)

ടാക്കീസ്‌ കഴിഞ്ഞ്‌ വാഴയില്‍ പള്ളിയുടെ മുന്നിലൂടെ നടന്ന് YMB എന്ന വായനശാലക്ക്‌ അടുത്തുള്ള ബേക്കറിയിലെ കുപ്പി ഭരണികള്‍ക്കുള്ളില്‍ മനോഹരമായി അടുക്കി വച്ച മസാലബിസ്കറ്റുകളിലേക്ക്‌ ഒരു നോട്ടമെറിഞ്ഞ്‌ വായിലൂറിയ വെള്ളമിറക്കി ഞങ്ങള്‍ രണ്ട്‌ പേരും, ന്യൂബസാറില്‍ സ്ഥിതിചെയ്യുന്ന ബീരാന്‍ക്കയുടെ കടയിലെത്തി.

കടയിലേക്ക്‌ കയറിയ ഞങ്ങള്‍ പരസ്പരം ചോദ്യ ഭാവേന നോക്കി.ഉമ്മ പറഞ്ഞ അരിയുടെ പേര്‌ ഞങ്ങള്‍ രണ്ട്‌ പേരും സുന്ദരമായി മറന്നിരുന്നു.വീട്ടിലേക്ക്‌ തിരിച്ചുപോയി , ചോദിച്ചു വരാന്‍ ഒത്തിരി ദൂരം നടക്കേണ്ടതിനാല്‍ അതിന്‌ മുതിര്‍ന്നില്ല.അപ്പോള്‍, കുഞ്ചുക്കുറുപ്പ്‌ പത്രം വായിച്ച പോലെ അനിയന്‍ പറഞ്ഞു.

"കൊ....കൊ..."

"ങാ....കിട്ടിപ്പോയ്‌...കോര്‍മ..."ഞാന്‍ വിജയീഭാവത്തില്‍ നെഞ്ച്‌വിരിച്ച്‌ വിളിച്ചു പറഞ്ഞു( "എന്റെ അപാരമായ ഓര്‍മ്മശക്തി കാരണം നിനക്ക്‌ വീട്ടില്‍ പോയി വീണ്ടും വരേണ്ട ഗതികേട്‌ വന്നില്ല " എന്ന് അന്ന് ഞാന്‍ അനിയനോട്‌ പറഞ്ഞിരുന്നോ ഇല്ലയോ എന്ന് ജുഡീഷ്യല്‍ അന്വേഷണത്തിന്‌ വിട്ടിരിക്കുന്നു)

"കോര്‍മ ണ്ടോ?" ഞാന്‍ കടക്കാരനോട്‌ ചോദിച്ചു.(എന്നെ നന്നായറിയുന്ന ബീരാന്‍ക്ക ചോദ്യം കേട്ട്‌ എന്നെ ഒന്നുഴിഞ്ഞ്‌ നോക്കിയോ?)

"ആ.....എത്ര മാണം?"

"അഞ്ച്‌ കിലോ"

അവന്‍ തൂക്കി തന്ന സാധനം ഞങ്ങള്‍ കാണിച്ച സഞ്ചിയിലേക്ക്‌ ചെരിഞ്ഞു.സാധനത്തിന്റെ കാശും കൊടുത്ത്‌ സഞ്ചി കെട്ടി അനിയന്റെ തലയില്‍ വച്ച്‌ കൊടുത്ത്‌ ഞങ്ങള്‍ വീട്ടിലേക്ക്‌ മടങ്ങി.(ഞാന്‍ ഓര്‍മ്മിച്ചതിന്‌ അവന്‌ ഫൈന്‍ !!)

വീട്ടിനടുത്തെത്തിയപ്പോള്‍ ഞാന്‍ സഞ്ചി വാങ്ങി എന്റെ തലയില്‍ വച്ചു.വീട്ടിലെത്തിയ ഉടനെ ഉമ്മയെ വിളിച്ച്‌ ഞാന്‍ ഉറക്കെ പറഞ്ഞു.

"ഇമ്മ പറ്‌ഞ്ഞെ അരിന്റെ പേര്‌ ഞങ്ങള്‌ മറന്ന്.....പിന്നെ ഞാനല്ലേ പോയത്‌....അതോണ്ട്‌ സാധനം കിട്ടി....ഇതാ...." ഉമ്മ സഞ്ചി വാങ്ങി കെട്ടഴിക്കാന്‍ തുടങ്ങി.

"ആ...ജ്ജ്‌ അല്ലെങ്ക്‌ലും.....ങേ!!!" ഉമ്മ ഞെട്ടിത്തെറിച്ചു.

"എത്താ മ്മ...?" ഞാനും അനിയനും സഞ്ചിയിലേക്ക്‌ എത്തി നോക്കി ചോദിച്ചു.

"ഇതെത്താ ങള്‌ മാങ്ങി കൊണ്ടന്നത്‌ ?"

"അത്‌....ഓന്‍ പറഞ്ഞി 'കോര്‍മ' ന്ന്..." കിട്ടിയ അവസരം മുതലെടുത്ത്‌ അനിയന്‍ പറഞ്ഞു.

"ആ.....ഓന്‍ കോയി കൊക്ക്‌ണ മാതിരി കൊ... കൊ...ന്ന് പറഞ്ഞപ്പം ഇച്ച്‌ കോര്‍മ ന്ന് ഓര്‍മ ബെന്ന്..."

"എടാ ......,,കോര്‍മ ന്ന് പറഞ്ഞാ പയ്ക്കളും പോത്തേളും ക്കെ തിന്ന്‌ണ സാധനാ.....ഞാമ്പറഞ്ഞെ കുറുവ ന്നാ.....ബേം പോയി മാറ്റി കൊണ്ടരി രണ്ടാളും....."

അപ്പോഴാണ്‌ ഞാന്‍ സഞ്ചിയിലേക്ക്‌ സൂക്ഷ്മമായി നോക്കിയത്‌.അരിയുമായി യാതൊരു ബന്ധവുമില്ലാത്ത കറുത്ത തവിട്‌ പോലെ എന്തോ ഒരു സാധനം - കോര്‍മ എന്റെ ഓര്‍മ്മയെ വെല്ലുവിളിച്ച്‌ പല്ലിളിക്കുമ്പോള്‍ അനിയന്‍ അടുത്ത്‌ തന്നെ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു.

Saturday, June 21, 2008

ലോകാല്‍ഭുതം നിങ്ങളുടെ വായ്ക്കകത്ത്‌...!!!

എത്രയോ കലോറി ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാനുള്ള ആദ്യ പടിയെന്ന നിലയില്‍, സ്വന്തം ശരീരത്തെ മറന്ന്, നാവ്‌ നിങ്ങളുടെ വായിലെ ഭക്ഷണത്തെ കൂര്‍ത്ത്‌ മൂര്‍ത്ത പല്ലുകള്‍ക്കിടയിലേക്ക്‌ തള്ളി നീക്കുമ്പോള്‍ 99 ശതമാനവും കടി ഏല്‍ക്കാതെ രക്ഷപ്പെടുന്നു !!!!! ( നാവിന്‌ ഒരു കടി കിട്ടിയപ്പോള്‍ പുളഞ്ഞ തലച്ചോറില്‍ നിന്നും വന്ന ഒരു ചിന്ത )

Wednesday, June 18, 2008

ആത്മഹത്യ ഒരു പരിഹാരമല്ല....

കുറച്ചുകാലമായി എന്റെ അയല്‍വാസി ബേബിയെ എനിക്ക്‌ കാണാന്‍ കിട്ടാറില്ല,ബിസിനസ്‌ സംബന്ധമായി എവിടെയെങ്കിലും പോയതായിരിക്കും എന്നാണ്‌ ഞാന്‍ കരുതിയത്‌.അങ്ങിനെ ഇരിക്കെ ഒരു ദിവസം ഭാര്യ എന്നോട്‌ പറഞ്ഞു. "പ്രമീള ചേച്ചി ഇവിടം വിട്ടു പോവുകയാണ്‌..." "ങും...എന്താ കാര്യം?" "സാമ്പത്തിക പ്രശ്നം...." "പെട്ടെന്ന് വിട്ടു പോകാന്‍ എന്ത്‌ പ്രശ്നമാ ഉണ്ടായത്‌ ?" "അത്‌......അയാളെ ആരോ വഞ്ചിച്ചു...." "ങേ....ആര്‌? എങ്ങനെ?" "അതൊരു കുടകന്‍ (കര്‍ണ്ണാടകയിലെ കുടക്‌ വാസി)....ഇയാള്‍ക്ക്‌ കുടകില്‍ എന്തോ ബിസിനസ്‌ ഉണ്ടായിരുന്നു.....പാര്‍ട്ട്‌ണറായ കുടകന്‍ ഇയാളെ വഞ്ചിച്ച്‌ രക്ഷപ്പെട്ടു.ആറ്‌ ലക്ഷം രൂപയോളം നഷ്ടം വന്നു എന്നാ ചേച്ചി പറഞ്ഞത്‌...." "ദൈവമേ!ആറ്‌ ലക്ഷം രൂപയോ ?" ചെറിയൊരു സംഖ്യ പ്രതീക്ഷിച്ച ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.ഭാര്യയും പിന്നീട്‌ ഒന്നും പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞു.ഒരു വെള്ളിയാഴ്ച നാട്ടില്‍ പോകാന്‍ വേണ്ടി ഞാന്‍ കോളേജില്‍ നിന്നും നേരത്തെ തിരിച്ചെത്തി ഉച്ച ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഭാര്യ ചോദിച്ചു. "നിങ്ങളറിഞ്ഞോ ?" "എന്ത്‌ ?" ഭാര്യ പുറത്തേക്കൊന്ന് നോക്കിയ ശേഷം ശബ്ദം താഴ്ത്തിക്കൊണ്ട്‌ പറഞ്ഞു "ബേബി വിഷം കഴിച്ചു !!" "ങേ!!!" "സീരിയസ്‌ ആണ്‌ എന്നാ കേട്ടത്‌....കുടകില്‍ പോകാന്‍ വേണ്ടി ഇന്നലെ ഇവിടെ നിന്ന് പോയതാ....കാട്ടിക്കുളത്ത്‌ ലോഡ്‌ജില്‍ റൂമെടുത്ത്‌ വിഷം കഴിച്ചു....അടുത്തുള്ള റൂമുകാരനാ കണ്ടെത്തി ഹോസ്പിറ്റലില്‍ എത്തിച്ചത്‌...." കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം അന്നനാളത്തിലൂടെ മുന്നോട്ട്‌ പോകാന്‍ മടിക്കുന്നതായി എനിക്കനുഭവപ്പെട്ടു.ഞാന്‍ ആദ്യമായി ഈ ക്വാര്‍ട്ടേഴ്സില്‍ വരുമ്പോള്‍ കൈകുഞ്ഞിനെയുമെടുത്ത്‌ ബേബി നിന്നിരുന്നതുംഞ്ഞാന്‍ അദ്ദേഹത്തോട്‌ സംസാരിച്ചതുമെല്ലാം എന്റെ മനസ്സിലൂടെ ഓടി മറഞ്ഞു. ഭക്ഷണം മുഴുമിക്കാനാകാതെ ഞാന്‍ എണീറ്റു. ആത്മഹത്യ ഒരു പരിഹാരമല്ല.അത്‌ വന്‍ ഭീരുത്വമാണ്‌,ഒളിച്ചോട്ടമാണ്‌.ജീവിത പ്രതിസന്ധികളെ ക്ഷമയോടും സഹനത്തോടും കൂടി കൈകാര്യം ചെയ്യുന്നവനാണ്‌ യഥാര്‍ത്ഥ വിജയി.നാം സ്വയം വരുത്തിവക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരവും ഉണ്ട്‌.അവ അന്വേഷിച്ച്‌ ചികഞ്ഞെടുക്കുക.ദൈവം തന്ന വിലപ്പെട്ട ജീവിതം സ്വയം ഹനിക്കാതെ ധൈര്യമായി മുന്നേറുക.തീര്‍ച്ചയായും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. വാല്‍ : മരണത്തില്‍ നിന്നും ബേബി രക്ഷപ്പെട്ടു.ഇപ്പോള്‍ വീണ്ടും ഞങ്ങളില്‍ ഒരുവനായി കഴിയുന്നു.

Tuesday, June 17, 2008

ഡ്രൈവിംഗ്‌ സുഗമമായ വഴി

ഡ്രൈവിങ്ങില്‍ വലിയ പ്രാക്ടീസ്‌ ഇല്ലായിരുന്നു എങ്കിലും കാറ്‌ വീട്ടില്‍ വെറുതേ ഇടുന്നതിലെ അനൗചിത്യം ഓര്‍ത്ത്‌ ഞാന്‍ ഇടക്കിടെ കാറുമായി പുറത്ത്‌ പോകും.അങ്ങാടിയുടെ നടുവില്‍ വച്ച്‌ ഓഫായും റൈസായും മറ്റു വിധേനയും എന്റെ TSG 8683 അരീക്കോട്ടുകാരുടെ കണ്ണിലുണ്ണിയായി ! മെയിന്‍ റോഡില്‍ നിന്നും ഞങ്ങളുടെ കോളനിയിലേക്ക്‌ കയറുന്ന സ്ഥലം അല്‍പം ഇടുങ്ങിയതാണ്‌.അതിന്‌ തൊട്ടു മുമ്പ്‌ മെയിന്‍ റോഡിന്‌ നല്ലൊരു വളവുള്ളതിനാല്‍ വണ്ടി ഇറക്കുമ്പോള്‍ പോലും എനിക്ക്‌ പേടിയായിരുന്നു.അതിനാല്‍ തന്നെ കാര്‍ വീട്ടിലേക്ക്‌ കയറ്റാന്‍ ഞാന്‍ റഹീമിന്റെ സഹായം തേടുകയായിരുന്നു പതിവ്‌. അഞ്ചോ ആറോ പ്രാവശ്യം ഈ പ്രാക്ടീസ്‌ തുടര്‍ന്നു.എന്റെ 'വിശാലമായ' ഡ്രൈവിംഗ്‌ കാരണം വീട്‌ വരെയുള്ള മതിലുകളെല്ലാം കലാപരമായി മാറിയിരുന്നു.അതുവഴി റോഡിന്റെ വീതി വര്‍ദ്ധിക്കുകയും ചെയ്തു. ഒരു ദിവസം രണ്ടും (മൂന്നും നാലും) കല്‍പ്പിച്ച്‌ മെയിന്‍ റോഡില്‍ നിന്ന് ഞാന്‍ തന്നെ കോളനി റോഡിലേക്ക്‌ കടത്തി.വിജയശ്രീലാളിതനായിക്കൊണ്ട്‌ കാര്‍ വീട്ടിലെത്തിച്ചു!!! ഇത്ര സുഗമമായി കാര്‍ കയറിയ വഴി ഒന്നു നടന്നു കാണാന്‍ ,കാര്‍ വീട്ടില്‍ നിര്‍ത്തി ഞാന്‍ മെയിന്‍ റോഡ്‌ വരെ ഒന്ന് തിരിച്ചു നടന്നു.അപ്പോള്‍ ഡ്രൈവിങ്ങില്‍ എക്സ്‌പര്‍ട്ട്‌ ആയ മൂത്താപ്പയുടെ മറ്റൊരു മകന്‍ ലുഖ്‌മാന്‍ എന്നോട്‌ ചോദിച്ചു. "എങ്ങനെയുണ്ട്‌ കാര്‍ ?" "ഇപ്പോ ഒരു കുഴപ്പവുമില്ല...." "ഡ്രൈവിങ്ങോ?" "റോഡില്‍ ആദ്യമേ സുഖമായിരുന്നു....നമ്മുടെ കോളനി റോഡില്‍ വിടുമ്പോഴായിരുന്നു ഒരു ഇടുങ്ങല്‍....ഇപ്പോള്‍ അതും ശരിയായി......" "അത്‌ പിന്നെ ഡ്രൈവിംഗ്‌ സുഖമാവാതിരിക്കുന്നതെങ്ങിനെ....മതിലായ മതിലെല്ലാം നീ തോണ്ടി തോണ്ടി റോഡിന്റെ വീതി കൂട്ടിയില്ലേ....?" ചിരിച്ചുകൊണ്ട്‌ ലുഖ്‌മാന്‍ പറഞ്ഞപ്പോള്‍ ഒരു പൊട്ടിച്ചിരിയല്ലാതെ എനിക്ക്‌ മറ്റൊരു മറുപടി ഇല്ലായിരുന്നു.

Monday, June 16, 2008

ഓട്ടോറിക്ഷയുടെ ഗ്യാസ്ട്രബ്‌ള്‍ !!!

രാമന്‍ നമ്പൂരി ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്നു.പെട്ടെന്ന് ഓട്ടോറിക്ഷ ബ്രേക്ക്‌ ഡൗണായി.ഓട്ടോഡ്രൈവര്‍ പുറത്തിറങ്ങി പലതും ചെയ്ത്‌ നോക്കിയെങ്കിലും ഓട്ടോ സ്റ്റാര്‍ട്ടായില്ല.അവസാനം ഡ്രൈവര്‍ നമ്പൂരിയോട്‌ പറഞ്ഞു. "തിരുമേനി ക്ഷമിക്കണം....ഓട്ടോക്ക്‌ ചെറിയൊരു ട്രബ്‌ള്‍.." "ങാ.....പ്രശ്നംല്ല്യ.....നോമിവിടെ ഇറങ്ങാം.....എന്താ ഓട്ടോക്ക്‌ ട്രബ്‌ള്‍ പറ്റ്യേത്‌ ?" "അത്‌ ഗ്യാസ്‌..." "ങേ !!! ഓട്ടോറിക്ഷക്കും ഗ്യാസ്ട്രബ്‌ളോ ?? കൃഷ്ണാ.....ഗുരുവായുരപ്പാ....കാലത്തിന്റെ ഒരു പോക്കേ...."

Wednesday, June 11, 2008

പെറ്റമ്മയും പോറ്റമ്മയും

വയനാട്ടില്‍ എന്റെ താമസ സ്ഥലത്തിനടുത്ത്‌ ധാരാളം കോര്‍ട്ടേഴ്സുകളുണ്ട്‌.എല്ലാ കോര്‍ട്ടേഴ്സിലും താമസക്കാരുമുണ്ട്‌.അവരുമായി കൂടുതല്‍ കൂടുതല്‍ പരിചയപ്പെട്ട്‌ വന്നപ്പോളാണ്‌ പലരുടെയും പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചത്‌.(അവ ഓരോന്നും പിന്നീട്‌ പറയാം)

ഞാനുമായി കൂടുതല്‍ ഇടപഴകുന്നില്ലെങ്കിലും കാണുമ്പോഴെല്ലാം പുഞ്ചിരിക്കുന്ന ഒരാളായിരുന്നു ഈ കോര്‍ട്ടേഴ്സുകളിലൊന്നില്‍ താമസിക്കുന്ന ബേബി.തൃശൂരോ മറ്റോ ആണ്‌ വീട്‌.വയനാട്ടില്‍ നിന്നും തടി ലേലത്തില്‍ പിടിച്ച്‌ നാട്ടിലേക്കും മറ്റും കയറ്റിവിടുകയാണ്‌ ജോലി.സാമാന്യം നല്ല ഒരു ബിസിനസ്സ്‌.

പുള്ളിയുടെ കൂടെ ഭാര്യയും മൂന്നോ നാലോ വയസ്സുള്ള ഒരു മകളുമുണ്ട്‌.ആ വീട്ടില്‍ മറ്റൊരു ആണ്‍കുട്ടി കൂടി താമസിക്കുന്നു എന്ന് പിന്നീടാണ്‌ ഞാന്‍ അറിഞ്ഞത്‌.

ഇടക്കിടക്ക്‌ മോഡേണ്‍ വേഷധാരിയായ ഒരു സ്ത്രീ അവിടെ വന്നു പോകാറുണ്ട്‌.ബേബിയുടെ ഭാര്യയുടെ ജ്യേഷ്ടത്തിയായ അവരുടെ മകനാണ്‌ ആ ആണ്‍കുട്ടി.ശരിയായ ശാരീരിക വളര്‍ച്ച ഇല്ലാത്ത ആ കുട്ടിയെ പരിചരിക്കാന്‍ ആ അമ്മക്ക്‌ സമയമില്ലത്രേ!അതിനാല്‍ കുട്ടിയെ നോക്കാന്‍ സ്വന്തം അനിയത്തിയെ ഏല്‍പിച്ച്‌, അവര്‍ സ്വസ്ഥം ഭര്‍ത്താവിന്റെ കൂടെ മദ്രാസില്‍ താമസിക്കുന്നു!!കുട്ടിയെ നോക്കുന്നതിന്‌ പകരമായി ഇവരുടെ വീട്ടുവാടകയും മറ്റു ചെലവുകളും അവര്‍ വഹിക്കുന്നു.

ദൈവം പലരെയും പല വിധത്തിലും പരീക്ഷിക്കും.സമ്പത്തും സന്താനങ്ങളും ജീവിതത്തിന്റെ അലങ്കാരങ്ങളും പരീക്ഷണ വസ്തുക്കളുമാണ്‌ എന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌.സമ്പത്ത്‌ നല്ല മാര്‍ഗ്ഗത്തില്‍ വിനിയോഗിച്ചും സന്താനങ്ങളെ നല്ല നിലയില്‍ വളര്‍ത്തിയും ഈ പരീക്ഷണങ്ങളില്‍ നാം വിജയം നേടണം.ആയിരം പോറ്റമ്മമാര്‍ ചേര്‍ന്നാലും പെറ്റമ്മയുടെ സ്നേഹലാളനങ്ങള്‍ക്ക്‌ തുല്യമാവില്ല എന്ന സത്യം തിരിച്ചറിഞ്ഞ്‌ നമ്മുടെ സന്താനങ്ങളോട്‌ നാം നീതി കാണിക്കണം.ഇല്ലെങ്കില്‍ ഭാവിയില്‍ അവര്‍ നമ്മെയും വല്ല വൃദ്ധസദനത്തിലുമാക്കി തടിയൂരും.

Monday, June 09, 2008

അവിലും വെള്ളം കൊണ്ടൊരു കല്യാണസദ്യ !!!

അടുക്കള മൂലയില്‍ തൂങ്ങുന്ന മൈസൂര്‍ പഴക്കുലയിലേക്ക്‌ നോക്കി ഉമ്മ ചോദിച്ചു. "പണ്ടെല്ലാം പഴം ഞൗണ്ടി അവിലും വെള്ളം ഉണ്ടാക്കാറുണ്ടായിരുന്നു.നിങ്ങള്‍ക്കെന്താ അതൊന്നും വേണ്ടേ?" "അത്‌ ചീഞ്ഞ പഴം ഉപയോഗപ്പെടുത്താനുള്ള മാര്‍ഗ്ഗമാ ഉമ്മാ...."ഞാന്‍ ഉമ്മയെ ധരിപ്പിച്ചു. "അത്‌ ഇപ്പോള്‍....... പണ്ട്‌ അകലെയുള്ള പല ബന്ധുവീടുകളിലും നടന്നുപോകേണ്ടിയിരുന്നു.ഓരോ ബന്ധുവീട്ടില്‍ നിന്നും ഇത്തരത്തിലുള്ള അവിലും വെള്ളം കിട്ടും.അത്‌ കുടിച്ചാല്‍ വിശപ്പും ദാഹവും മാറും.അടുത്ത ബന്ധുവീട്ടില്‍ എത്താന്‍ അത്‌ മതി." ഉമ്മ ഇത്രയും പറഞ്ഞപ്പോഴാണ്‌ എനിക്ക്‌ ഒരു പഴയ അമളി (എന്ന് പറയാന്‍ പറ്റില്ലെങ്കിലും) ഓര്‍മ്മ വന്നത്‌. അരീക്കോട്‌ കൂടി ഒഴുകുന്ന ചാലിയാറിന്റെ അക്കരെയുള്ള ഒരു സ്ഥലമാണ്‌ മൂര്‍ക്കനാട്‌.ഇപ്പോള്‍ അതുവഴി ബസ്‌ സര്‍വ്വീസ്‌ ഉണ്ടെങ്കിലും അന്ന് അങ്ങോട്ട്‌ നടന്നു പോകണമായിരുന്നു.അങ്ങനെ ഇരിക്കെ മൂര്‍ക്കനാട്ടുകാരനും, ബാപ്പയുടെ സഹപ്രവര്‍ത്തകനുമായ അസീസ്‌ മാസ്റ്റര്‍ , അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന്‌ ബാപ്പയെ ക്ഷണിച്ചു.ആ സമയത്ത്‌ ഞാന്‍ അവിടെ ഉണ്ടായിരുന്നതിനാല്‍ കല്യാണ തിയ്യതി ഞാന്‍ വെറുതേ നോട്ട്ചെയ്തു വച്ചു. അസീസ്‌ മാസ്റ്ററുടെ വീട്ടിലെത്താന്‍ പുഴ കടക്കണം.പുഴ അക്കരെ പറ്റാന്‍ തോണിയില്‍ കയറണം.തോണി ഇറങ്ങി ഒരു കിലോീമീറ്ററോളം നടക്കുകയും വേണം.തോണിയില്‍ കയറാന്‍ ബാപ്പാക്ക്‌ പേടിയായതിനാല്‍ കല്യാണത്തിന്‌ പോകാനുള്ള ഓര്‍ഡര്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്റെ നിര്‍ഭാഗ്യത്തിന്‌ കല്യാണ തിയ്യതിയുടെ തൊട്ട്‌ മുമ്പിലെ ഞായറാഴ്ച രാവിലെ ബാപ്പ എന്നെ വിളിച്ച്‌ പറഞ്ഞു. "ഇന്ന് അസീസ്‌ മാഷെ മകളെ കല്യാണമാ....നീ പോകണം..." "അത്‌ ഇന്നല്ല....അടുത്ത ആഴ്ചയാണ്‌..." ഞാന്‍ ബാപ്പയോട്‌ പറഞ്ഞു. "ഏയ്‌....ഈ ആഴ്ച തന്നെയാണ്‌..."ബാപ്പ തറപ്പിച്ച്‌ പറഞ്ഞു. ഒന്ന് വിളിച്ച്‌ ഉറപ്പ്‌ വരുത്താന്‍ ഇന്നത്തെ പോലെ മൊബൈലോ ഫോണോ ഇല്ലാത്തതിനാല്‍ ബാപ്പയുടെ ഉത്തരവനുസരിച്ച്‌ ഞാന്‍ കല്യാണത്തിന്‌ പുറപ്പെട്ടു. അസീസ്‌ മാസ്റ്ററുടെ വീടിന്‌ അടുത്തെത്തിയിട്ടും ബിരിയാണി മണമോ ആള്‍ക്കാരുടെ തിരക്കും ബഹളമോ ഒന്നും കേള്‍ക്കാത്തതിനാല്‍ എന്റെ ഭയം വര്‍ദ്ധിച്ചു.താമസിയാതെ വീട്ടുമുറ്റത്ത്‌ എത്തിയ എന്നെ പൂമുഖത്ത്‌ ഏകനായി ഇരിക്കുന്ന അസീസ്‌ മാസ്റ്റര്‍ സ്വീകരിച്ചു.എന്റെ ജാള്യത മറച്ചുപിടിക്കാന്‍ ഞാന്‍ പരമാവധി ശ്രമം നടത്തി. പലവിധ സംസാരത്തിനിടയില്‍ , നടന്ന് ക്ഷീണിച്ച്‌ അവശനായി കയറിവന്ന എനിക്ക്‌ കുടിക്കാനായി അവിലും വെള്ളം കൊണ്ടു വന്നു.ദാഹം കാരണം ഞാനത്‌ വേഗം വായിലാക്കി.പഴം കൈ കൊണ്ട്‌ കുഴച്ച്‌ തയ്യാറാക്കിയ ആ അവിലും വെള്ളം വായില്‍ ഒഴിക്കേണ്ട താമസം എനിക്ക്‌ ഓക്കാനം വന്നു.എങ്ങനെയൊക്കെയോ അല്‍പം കുടിച്ചെന്ന് വരുത്തി എന്റെ വരവിന്റെ പിന്നിലെ കഥ അസീസ്‌ മാഷെ ധരിപ്പിച്ച്‌ ഞാന്‍ തിരിച്ചുപോന്നു. ബിരിയാണി പ്രതീക്ഷിച്ച്‌ പോയ എനിക്ക്‌ അവിലും വെള്ളം കുടിച്ച്‌ ഓക്കാനിക്കാനായിരുന്നു അന്നത്തെ വിധി.തൊട്ടടുത്ത ആഴ്ച നടന്ന കല്യാണത്തിന്‌ പിന്നെ ഞാന്‍ പോയില്ല എന്നാണെന്റെ ഓര്‍മ്മ.

Sunday, June 08, 2008

ചിക്കന്‍ ബിരിയാണി തുലച്ച ഉന്തുവണ്ടി

"പ്രിയരേ....പ്രിയമുള്ളവരേ.......ചരിത്രമുറങ്ങുന്ന അരീക്കോടിന്റെ ഓരോ മണ്‍തരിയേയും പുളകമണിയിച്ചുകൊണ്ട്‌,ടിപ്പുസുല്‍ത്താന്‍ പടയോട്ടം നടത്താന്‍ ആഗ്രഹിച്ച രാജവീഥിയിലൂടെ ഇതാ .........T S G 8683 കടന്നു വരുന്നു.......അനുഗ്രഹിക്കൂ.....ആശീര്‍വദിക്കൂ......." എന്ന് വിളിച്ചുപറയാന്‍ എനിക്ക്‌ തോന്നിയെങ്കിലും ഉച്ചഭാഷിണി ഇല്ലാത്തതിനാല്‍ ആ ആഗ്രഹം കടിച്ച്‌ മുറിച്ച്ചവച്ചിറക്കി. മെയിന്‍ റോഡില്‍ നിന്നും ഞങ്ങള്‍ കോളനിയായി താമസിക്കുന്ന കോളനിറോഡിലേക്ക്‌ വണ്ടി തിരിഞ്ഞതും കോളനിവാസികളില്‍ പലരും ചുറ്റും കൂടി. "റഹീമേ.....ഇതേതാ പുതിയ ഉന്തുവണ്ടി?" മൂത്തുമ്മയുടെ മകന്‍ സല്‍മാന്റെ ആദ്യ ചോദ്യത്തെ ചെറിയോന്‍ പുഞ്ചിരിയോടെ നേരിട്ട്‌ എനിക്ക്‌ കൈമാറിയപ്പോള്‍ എന്റെ രക്തം പതഞ്ഞുപൊന്തി.ഉടന്‍ കാര്‍ ഓഫാവുകയും ചെയ്തു. "മുതലാളി ഇതാ ഇരിക്കുന്നു...ചോദിക്ക്‌..." "ങേ....ആബിക്കും കാറോ...?എന്നാ ചെലവ്‌ വേണം..."എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. 'ങാ....ചെലവുണ്ട്‌ ...ചെലവുണ്ട്‌ ...കാശിന്‌ നല്ല ചെലവുണ്ട്‌ ...' ഞാന്‍ മനസ്സില്‍ മന്ത്രിച്ചുകൊണ്ട്‌ പുഞ്ചിരിച്ചു. റഹീം വീണ്ടും കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിച്ചു.....ക്‌ര്‍...ച്‌....ച്‌..ച്‌...കാര്‍ സ്റ്റാര്‍ട്ടായില്ല.ക്‌ര്‍...ച്‌....ച്‌..ച്‌........ക്‌ര്‍...ച്‌....ച്‌..ച്‌.......വണ്ടി അനങ്ങിയില്ല.റഹീം എന്റെ മുഖത്തേക്ക്‌ നോക്കി.ഞാന്‍ ദയനീയമായി അവനേയും നോക്കി. "എല്ലാവരും കൂടി ഒന്ന് തള്ളിത്താ...." പുറത്ത്‌ നില്‍ക്കുന്നവരോട്‌ റഹീം പറഞ്ഞു. "ആ.....പഴയ കാര്‍ പുതിയതായി വാങ്ങിയ വകയില്‍ എല്ലാവര്‍ക്കും ചിക്കന്‍ ബിരിയാണി ഓഫര്‍ ചെയ്താല്‍ തള്ളാം...." റഹീം വീണ്ടും എന്റെ മുഖത്തേക്ക്‌ നോക്കി. "ഓകെ....റെഡി.." ഞാന്‍ ഏറ്റു. "എടാ മറ്റവനേ......മറിച്ചവനേ....വാ....ഉന്തുവണ്ടി ഒന്ന് തള്ളിക്കൊട്‌....." എല്ലാവരും കൂടി കാര്‍ തള്ളി.ചെറിയോന്‍ എന്തോ കുരുട്ടു വിദ്യയിലൂടെ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. പിറ്റേന്ന് എട്ട്‌ ചിക്കന്‍ ബിരിയാണി വാങ്ങിക്കൊടുക്കേണ്ട നടുക്കം വിട്ടു മാറും മുമ്പ്‌ സല്‍മാന്റ വക ആശീര്‍വാദം - "ഇതൊരു ഡെയ്‌ലി പ്രാക്ടീസ്‌ ആകട്ടെ...!! വ്യായാമത്തിന്‌ നല്ലതാ...!!!"

Saturday, June 07, 2008

കാശ്‌ തരുന്ന ഭഗവാന്‍!

നമ്പൂരിയും സുഹൃത്തും കൂടി ബസ്സില്‍ കയറി.കണ്ടക്ടര്‍ നമ്പൂരിയുടെ അടുത്തെത്തി കാശ്‌ ചോദിച്ചു. "മുന്നിലെ ആള്‌ തരും...." ""മുന്നിലാരാ...?" "ഭഗവാന്‍!!!" "ങേ!!! നിങ്ങളെന്താ ആളെ കളിപ്പിക്കുകയാണോ?" "കളിപ്പിക്കുകയോ....ഞാനോ?" "പിന്നേ..??" "മുന്നില്‍ എന്റെ സുഹൃത്ത്‌ ഭഗവാന്‍ദാസ്‌ ഉണ്ട്‌....ആര്‌ തരൂംന്ന് നീ ചോദിച്ചപ്പോ ഞാന്‍ അവന്റെ പേര്‌ പറഞ്ഞതാ ഇപ്പോ കുറ്റം....ശിവ...ശിവാ..."

Friday, June 06, 2008

അവസരങ്ങള്‍ കാത്തുനില്ക്കുകയില്ല

എന്റെ മോള്‍ പഠിക്കുന്ന സ്കൂളിന്‌ സ്വന്തമായി വാഹനം ഇല്ല..കുട്ടികള്‍ അധികപേരും സ്വന്തം ഏര്‍പ്പാടാക്കിയ ടാക്സികളിലും ഓട്ടോകളിലുമാണ്‌ വരുന്നത്‌.ഞാന്‍ സ്ഥലത്തെ പുതിയ താമസക്കാരനായതിനാലും അധ്യയനവര്‍ഷം തുടങ്ങിയ ശേഷം എത്തിയ ആളായതിനാലും മോള്‍ക്ക്‌ പോകാന്‍ ഓട്ടോ ഏര്‍പ്പാടാക്കാന്‍ സാധിച്ചില്ല.അതിനാല്‍ രാവിലെ അവളുടെ കൂടെ സ്കൂളില്‍ വരെ നടന്നുപോയി പിന്നെ ബസ്സില്‍ കോളേജില്‍ പോവുകയാണ്‌ എന്റെ പതിവ്‌. പലപ്പോഴും അവളെ സ്കൂളില്‍ വിട്ടു വരുമ്പോള്‍ മറ്റു കുട്ടികള്‍(പിഞ്ചുപിള്ളേരടക്കം) വാഹനത്തിരക്കേറിയ റോഡിലൂടെ നടന്നുവരുന്നത്‌ ഞാന്‍ കാണാറുണ്ട്‌.സ്കൂളില്‍ പോകാന്‍ വാഹനം ഏര്‍പ്പാടാക്കാന്‍ സാമ്പത്തികശേഷി ഇല്ലാത്തവരോ ,അതല്ലെങ്കില്‍ എന്നെപ്പോലെ വൈകിയത്തിയവരോ അതുമല്ല അകമ്പടി സേവിക്കാന്‍ സാധിക്കാത്ത മാതാപിതാക്കളുടെ കുട്ടികളോ ആയിരിക്കാം അവര്‍ എന്ന ചിന്തയാണ്‌ അവരെക്കാണുമ്പോള്‍ എനിക്കുണ്ടാകുന്നത്‌.അതിനാല്‍ തന്നെ റോഡ്‌ മറുവശം കടക്കാന്‍ ആ കുട്ടികളെ ഞാന്‍ സഹായിക്കാറുണ്ടായിരുന്നു.പലപ്പോഴും അവരുടെ സഹായത്തിന്‌ പോലീസും ഉണ്ടാകും. ഒരു ദിവസം മോളെ സ്കൂളില്‍ വിട്ടു തിരിച്ചുപോരുമ്പോള്‍ റോഡില്‍ നല്ല വാഹനത്തിരക്കായിരുന്നു.മോളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ സാധിക്കാതെ മറുവശത്ത്‌ നില്‍ക്കുന്നത്‌ എന്റെ ശ്രദ്ധയില്‍പെട്ടു.ആ കുട്ടിക്ക്‌ എന്നെ അറിയാവുന്നതുകൊണ്ട്‌ സഹായാര്‍ത്ഥത്തില്‍ അവള്‍ പുഞ്ചിരിച്ചു.വാഹനത്തിരക്ക്‌ ഒഴിയാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുന്നതിനിടയില്‍ , അതേ സ്കൂളിന്റെ കോണ്‍വെന്റില്‍ താമസിക്കുന്ന ഒരു സിസ്റ്റര്‍ റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ ശ്രദ്ധയോടെ അവളെ മറുവശത്തെത്തിച്ചു.സിസ്റ്ററുടെ പ്രവൃത്തി എന്നെ ഹഠാദാകര്‍ഷിച്ചെങ്കിലും ഒരു കൈ സഹായം നല്‍കാനുള്ള എന്റെ അവസരം നഷ്ടപ്പെട്ടതില്‍ എനിക്ക്‌ ദു:ഖം തോന്നി. അവസരങ്ങള്‍ അങ്ങിനെയാണ്‌.അവ കാത്തുനില്‍ക്കുകയില്ല.മുന്നില്‍ വന്നു നില്‍ക്കുന്ന അവസരത്തെ പ്രയോജനപ്പെടുത്തുകയാണ്‌ വേണ്ടത്‌. നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ചോര്‍ത്ത്‌ വൃഥാ ദു:ഖിക്കാന്‍ മാത്രമേ നിര്‍വ്വാഹമുള്ളൂ.മറ്റുള്ളവരെ സഹായിക്കാനും മറ്റും ലഭിക്കുന്ന അപൂര്‍വ്വാവസരങ്ങള്‍ ഒരിക്കലും പാഴാക്കാതെ ഓരോരുത്തരും അവനവന്റെ ജീവിതം ധന്യമാക്കുക.

Sunday, June 01, 2008

നോക്കിയ N95-ഉം ഒരു പാവം മരമണ്ടനും !!! (ഭാഗം 2)

(ഒന്നാം ഭാഗം:http://abidiba.blogspot.com/2008/05/n95.html ) സെറ്റ്‌ ചെയ്ത അലാറം കൃത്യമായി തന്നെ അടിയുമോ അതല്ല പറ്റിക്കുമോ എന്നറിയാന്‍ ഞാന്‍ രാത്രി 10.20-ന്‌ അലാറം സെറ്റ്‌ ചെയ്തു.അപ്പോള്‍ സമയം 10.16.നാലും അഞ്ചും അല്ല പത്ത്‌ മിനുട്ട്‌ കഴിഞ്ഞിട്ടും എന്റെ നോക്കിയ എന്നെ നോക്കി ഇളിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല.ഞാന്‍ വിട്ടില്ല.10.40-ന്‌ വീണ്ടുംഅലാറം സെറ്റ്‌ ചെയ്തു.അവനുണ്ടോ കുലുങ്ങുന്നു,ഞാനുണ്ടോ ഓര്‍ക്കുന്നു? പിറ്റേ ദിവസം എനിക്ക്‌ University Exam Invigilation Duty ഉണ്ടായിരുന്നു.പരീക്ഷാഹാളില്‍ എത്തി ഞാന്‍ ഉറക്കെ പറഞ്ഞു. "All of you switch of your mobilephone and keep it in my seat". എല്ലാവരും അവനവന്റെ കുന്ത്രാണ്ടങ്ങള്‍ പൊക്കി എടുത്ത്‌ എന്റെ അടുത്ത്‌ കൊണ്ടു വച്ചു.എന്റെ കയ്യിലെ കുന്ത്രാണ്ടം പോലെ ഒരെണ്ണം ആരുടെയും കയ്യില്‍ കണ്ടില്ല. ഇന്‍വിജിലേറ്റര്‍ ആയ ഞാന്‍ എന്റെ ഫോണും ഓഫാക്കണമായിരുന്നു.അതിനായി പഠിച്ച പണി 18-ഉം പയറ്റിയിട്ടും സാധിച്ചില്ല.തലേ ദിവസം തുടര്‍ച്ചയായി ഓഫായി കൊണ്ടിരുന്നതായിരുന്നു ഫോണിന്റെ പ്രശ്നം.ഇന്ന് ഓഫാക്കാന്‍ ഒരു വിധത്തിലും സാധിക്കുന്നില്ല!! ഞാന്‍ മെല്ലെ Exam Hall-ന്റെ വാതില്‍ക്കലേക്ക്‌ നീങ്ങി.ആരെയെങ്കിലും ഫോണ്‍ ഏല്‍പിച്ചാലോ എന്ന് ചിന്തിച്ചു.അപ്പോള്‍ അതുവഴി എന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ തന്നെ ലക്ചറര്‍ ആയ ശബീര്‍ സര്‍ വന്നു. ഫോണിന്മേല്‍ കളിയില്‍ അഗ്രഗണ്യനായ അദ്ദേഹത്തിന്‌ ഫോണ്‍ കൈമാറി അതൊന്ന് ഓഫ്‌ ചെയ്തു തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു.പത്ത്‌ മിനുട്ട്‌ നേരത്തെ പരിശ്രമത്തിന്‌ ശേഷം എങ്ങനെയോ (അതെ!!!എങ്ങനെ എന്ന് അദ്ദേഹത്തിനും അറിയില്ല!!!) സാധനം ഓഫായി.സമാധാനത്തോടെ ഫോണ്‍ കീശയിലിട്ട്‌ ഞാന്‍ പരീക്ഷാ ഹാളില്‍ കയറി. സമയം ഇഴഞ്ഞു നീങ്ങി.ഞാന്‍ കുട്ടികളുടെ പിന്നില്‍ ഇരുന്ന് പരീക്ഷ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌.പെട്ടെന്ന് ഒരു മൊബൈല്‍ റിങ്ങ്‌ടോണ്‍ ശബ്ദം! 'ങേ......ഹാ...ഞാനിങ്ങനെയൊക്കെ പറഞ്ഞിട്ടും Exam Hall-ല്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ മാത്രം ധൈര്യമുള്ള ഭിന്ദ്രന്‍വാല ആര്‌' എന്ന മട്ടില്‍ ഞാന്‍ ചാടി എണീറ്റു. അപ്പോഴാണ്‌ എന്റെ പാന്റിന്റെ കീശ വൈബ്രേറ്റ്‌ ചെയ്യുന്നതായി ഞാന്‍ മനസ്സിലാക്കിയത്‌!ഫോണെടുത്ത്‌ നോക്കിയ ഞാന്‍ ഞെട്ടിപ്പോയി.തലേ ദിവസം രാത്രി 10.40-ന്‌ അടിക്കാന്‍ ഏല്‍പിച്ച അലാറക്കഴുത രാവിലെ 10.40-ന്‌ എണീറ്റ്‌ അലമുറയിടുന്നു..സെറ്റ്‌ ഓഫായതിനാല്‍ എവിടെ പിടിച്ച്‌ നെക്കിയാലാണ്‌ ഈ അലറല്‍ നില്‍ക്കാ എന്നറിയാതെ ഞാന്‍ പുറത്തെക്കോടി.പുറത്തെത്തുമ്പോഴേക്കും അവന്‍ അലറല്‍ നിര്‍ത്തി.സമാധാനത്തിന്റെ നെടുവീര്‍പ്പിട്ട്‌ ഞാന്‍ വീണ്ടും ഹാളില്‍ പ്രവേശിച്ചു. സമയം വീണ്ടും നീങ്ങി.ഒരു കുട്ടി അഡീഷണല്‍ ഷീറ്റ്‌ ആവശ്യപ്പെട്ടു കൊണ്ട്‌ എണീറ്റ്‌ നിന്നു.ഞാന്‍ പേപ്പറുമായി അങ്ങോട്ട്‌ നീങ്ങവേ എന്റെ കീശ വീണ്ടും വൈബ്രേറ്റ്‌ ചെയ്യാന്‍ തുടങ്ങി!!!എന്ത്‌ ചെയ്യണമെന്നറിയാതെ ഞാന്‍ നിന്ന് പരുങ്ങുമ്പോള്‍ കുട്ടികളുടെ മുഖത്ത്‌ ചിരി പടരുന്നത്‌ നിസ്സഹായനായി ഞാന്‍ നോക്കി നിന്നു. അമളി പരമ്പരക്കൊടുവില്‍ , ഒരാഴ്ച പിന്നിട്ടപ്പോളാണ്‌ ഫോണ്‍ കൊടുത്തവിട്ട ആളുടെ വിളി വന്നത്‌.സുഖ വിവരങ്ങള്‍ അറിയാനല്ല,ഫോണിനെ കണ്ട്രോള്‍ ചെയ്യാന്‍ ആനക്ക്‌ തോട്ടി എന്ന പോലെ ഒരു കുത്താംകോല്‌ (കുത്തുന്ന വടി) കൂടി അതില്‍ തിരികി വച്ചിട്ടുണ്ട്‌ എന്ന് പറയാന്‍.അതെടുത്ത്‌ പ്രയോഗിച്ചാല്‍ ഫോണ്‍ മെരുങ്ങുമത്രേ!!! ആണി പോലുള്ള ആ കോലും കോലുപോലുള്ള ഈ ഞാനും മെരുക്കിയിട്ടും മെരുങ്ങാതെ എന്റെ നോക്കിയ N95 ഇപ്പോഴും എന്നെ നോക്കി ഇളിക്കുന്നു.