Pages

Monday, June 23, 2008

ഓര്‍മ്മയിലെ കോര്‍മ !!

പയ്യന്‍സായിരുന്ന ഞാനും അനിയനും ഇത്തിരി മുതിര്‍ന്ന കാലം.പാത്രം കഴുകുക,വെള്ളം കോരുക,തെങ്ങ്‌-കമുക്‌ തൈകള്‍ നനക്കുക തുടങ്ങീ പിള്ളേര്‍ പണികള്‍ക്ക്‌ പുറമേ പറമ്പില്‍ പോകുക,അങ്ങാടിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരിക,റേഷന്‍ പീടികയില്‍ പോകുക തുടങ്ങീ ജോലികള്‍ കൂടി ചെയ്യേണ്ട പോസ്റ്റിലേക്ക്‌ ഞങ്ങള്‍ക്ക്‌ ഒരുമിച്ച്‌ പ്രമോഷന്‍ കിട്ടി.

ഒരു ദിവസം ഉമ്മ ഞങ്ങളെ രണ്ട്‌ പേരെയും വിളിച്ച്‌ കൊണ്ട്‌ പറഞ്ഞു."ആബോ.....അരി കയ്‌ഞ്ഞ്‌....ജ്ജും അഫിം(അനിയന്റെ പേര്‌ - അഫീഫ്‌) കൂടി ബീരാന്‍ക്കാന്റെ പീട്യേ പോയ്‌ അരി മാങ്ങി ബാ..."

"ഏതര്യാ...?"

"കുറുവ"

"ങേ..!" ഞങ്ങള്‍ ഞെട്ടി.ലോകത്ത്‌ അന്നേ വരെ ഞങ്ങള്‍ കേട്ടിട്ടുള്ള അരികള്‍ ചാക്കിലിട്ട്‌ വയ്ക്കുന്ന ചാക്കരിയും വേറെ എവിടെയോ ഇട്ട്‌ വയ്ക്കുന്ന പച്ചരിയും മാത്രമായിരുന്നു...ഇപ്പോ ഇതാ കുറുമാന്‍ ന്നോ മറ്റോ പേരുള്ള പുതിയൊരു അരി !!!

"ആ....എത്ര മാണം?"

"ഒരഞ്ച്‌ കിലോീ മാങ്ങിക്കോ...രണ്ടാള്‌ം കൂടി ഏറ്റി കൊണ്ടന്നാ മതി..."

ഇന്നത്തെപ്പോലെ ഓട്ടോറിക്ഷകള്‍ വഴിമുടക്കാത്ത കാലമായിരുന്നതിനാല്‍ ഉമ്മ പറഞ്ഞപോലെ , സഞ്ചിയുമായി ഞങ്ങള്‍ അങ്ങാടിയിലേക്ക്‌ നടന്നു.

പോകുന്ന വഴിയില്‍, വീട്ടില്‍ നിന്നും അല്‍പം ദൂരം മാത്രം അകലെയാണ്‌ വിജയ ടാക്കീസ്‌.(സെക്കന്റ്‌ ഷോക്ക്‌ ഡയലോഗുകള്‍ കേട്ട്‌ സുഖമായി ഉറങ്ങാം).അതിന്റെ നേരെ എതിര്‍ഭാഗത്തുള്ള ഹോട്ടലില്‍ ടാക്കീസില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമയിലെ രംഗങ്ങള്‍ അടങ്ങുന്ന ഫോട്ടോകള്‍ തൂക്കിയിട്ടുണ്ടാകും.സിനിമ കാണാന്‍ അനുവാദമില്ലാത്തതിനാല്‍ ഞാനും അനിയനും ഫോട്ടോയില്‍ നോക്കി അതിന്റെ തൊട്ടു പിന്നില്‍ ഇട്ട ചില്ലലമാരിയിലെ പഴം പൊരിയും നോക്കും(വെറുതെ ഒരു കാഴ്ച സുഖത്തിന്‌ !)

ടാക്കീസ്‌ കഴിഞ്ഞ്‌ വാഴയില്‍ പള്ളിയുടെ മുന്നിലൂടെ നടന്ന് YMB എന്ന വായനശാലക്ക്‌ അടുത്തുള്ള ബേക്കറിയിലെ കുപ്പി ഭരണികള്‍ക്കുള്ളില്‍ മനോഹരമായി അടുക്കി വച്ച മസാലബിസ്കറ്റുകളിലേക്ക്‌ ഒരു നോട്ടമെറിഞ്ഞ്‌ വായിലൂറിയ വെള്ളമിറക്കി ഞങ്ങള്‍ രണ്ട്‌ പേരും, ന്യൂബസാറില്‍ സ്ഥിതിചെയ്യുന്ന ബീരാന്‍ക്കയുടെ കടയിലെത്തി.

കടയിലേക്ക്‌ കയറിയ ഞങ്ങള്‍ പരസ്പരം ചോദ്യ ഭാവേന നോക്കി.ഉമ്മ പറഞ്ഞ അരിയുടെ പേര്‌ ഞങ്ങള്‍ രണ്ട്‌ പേരും സുന്ദരമായി മറന്നിരുന്നു.വീട്ടിലേക്ക്‌ തിരിച്ചുപോയി , ചോദിച്ചു വരാന്‍ ഒത്തിരി ദൂരം നടക്കേണ്ടതിനാല്‍ അതിന്‌ മുതിര്‍ന്നില്ല.അപ്പോള്‍, കുഞ്ചുക്കുറുപ്പ്‌ പത്രം വായിച്ച പോലെ അനിയന്‍ പറഞ്ഞു.

"കൊ....കൊ..."

"ങാ....കിട്ടിപ്പോയ്‌...കോര്‍മ..."ഞാന്‍ വിജയീഭാവത്തില്‍ നെഞ്ച്‌വിരിച്ച്‌ വിളിച്ചു പറഞ്ഞു( "എന്റെ അപാരമായ ഓര്‍മ്മശക്തി കാരണം നിനക്ക്‌ വീട്ടില്‍ പോയി വീണ്ടും വരേണ്ട ഗതികേട്‌ വന്നില്ല " എന്ന് അന്ന് ഞാന്‍ അനിയനോട്‌ പറഞ്ഞിരുന്നോ ഇല്ലയോ എന്ന് ജുഡീഷ്യല്‍ അന്വേഷണത്തിന്‌ വിട്ടിരിക്കുന്നു)

"കോര്‍മ ണ്ടോ?" ഞാന്‍ കടക്കാരനോട്‌ ചോദിച്ചു.(എന്നെ നന്നായറിയുന്ന ബീരാന്‍ക്ക ചോദ്യം കേട്ട്‌ എന്നെ ഒന്നുഴിഞ്ഞ്‌ നോക്കിയോ?)

"ആ.....എത്ര മാണം?"

"അഞ്ച്‌ കിലോ"

അവന്‍ തൂക്കി തന്ന സാധനം ഞങ്ങള്‍ കാണിച്ച സഞ്ചിയിലേക്ക്‌ ചെരിഞ്ഞു.സാധനത്തിന്റെ കാശും കൊടുത്ത്‌ സഞ്ചി കെട്ടി അനിയന്റെ തലയില്‍ വച്ച്‌ കൊടുത്ത്‌ ഞങ്ങള്‍ വീട്ടിലേക്ക്‌ മടങ്ങി.(ഞാന്‍ ഓര്‍മ്മിച്ചതിന്‌ അവന്‌ ഫൈന്‍ !!)

വീട്ടിനടുത്തെത്തിയപ്പോള്‍ ഞാന്‍ സഞ്ചി വാങ്ങി എന്റെ തലയില്‍ വച്ചു.വീട്ടിലെത്തിയ ഉടനെ ഉമ്മയെ വിളിച്ച്‌ ഞാന്‍ ഉറക്കെ പറഞ്ഞു.

"ഇമ്മ പറ്‌ഞ്ഞെ അരിന്റെ പേര്‌ ഞങ്ങള്‌ മറന്ന്.....പിന്നെ ഞാനല്ലേ പോയത്‌....അതോണ്ട്‌ സാധനം കിട്ടി....ഇതാ...." ഉമ്മ സഞ്ചി വാങ്ങി കെട്ടഴിക്കാന്‍ തുടങ്ങി.

"ആ...ജ്ജ്‌ അല്ലെങ്ക്‌ലും.....ങേ!!!" ഉമ്മ ഞെട്ടിത്തെറിച്ചു.

"എത്താ മ്മ...?" ഞാനും അനിയനും സഞ്ചിയിലേക്ക്‌ എത്തി നോക്കി ചോദിച്ചു.

"ഇതെത്താ ങള്‌ മാങ്ങി കൊണ്ടന്നത്‌ ?"

"അത്‌....ഓന്‍ പറഞ്ഞി 'കോര്‍മ' ന്ന്..." കിട്ടിയ അവസരം മുതലെടുത്ത്‌ അനിയന്‍ പറഞ്ഞു.

"ആ.....ഓന്‍ കോയി കൊക്ക്‌ണ മാതിരി കൊ... കൊ...ന്ന് പറഞ്ഞപ്പം ഇച്ച്‌ കോര്‍മ ന്ന് ഓര്‍മ ബെന്ന്..."

"എടാ ......,,കോര്‍മ ന്ന് പറഞ്ഞാ പയ്ക്കളും പോത്തേളും ക്കെ തിന്ന്‌ണ സാധനാ.....ഞാമ്പറഞ്ഞെ കുറുവ ന്നാ.....ബേം പോയി മാറ്റി കൊണ്ടരി രണ്ടാളും....."

അപ്പോഴാണ്‌ ഞാന്‍ സഞ്ചിയിലേക്ക്‌ സൂക്ഷ്മമായി നോക്കിയത്‌.അരിയുമായി യാതൊരു ബന്ധവുമില്ലാത്ത കറുത്ത തവിട്‌ പോലെ എന്തോ ഒരു സാധനം - കോര്‍മ എന്റെ ഓര്‍മ്മയെ വെല്ലുവിളിച്ച്‌ പല്ലിളിക്കുമ്പോള്‍ അനിയന്‍ അടുത്ത്‌ തന്നെ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു.

17 comments:

Areekkodan | അരീക്കോടന്‍ said...

"ങാ....കിട്ടിപ്പോയ്‌...കോര്‍മ..."ഞാന്‍ വിജയീഭാവത്തില്‍ നെഞ്ച്‌വിരിച്ച്‌ വിളിച്ചു പറഞ്ഞു( "എന്റെ അപാരമായ ഓര്‍മ്മശക്തി കാരണം നിനക്ക്‌ വീട്ടില്‍ പോയി വീണ്ടും വരേണ്ട ഗതികേട്‌ വന്നില്ല " എന്ന് അന്ന് ഞാന്‍ അനിയനോട്‌ പറഞ്ഞിരുന്നോ ഇല്ലയോ എന്ന് ജുഡീഷ്യല്‍ അന്വേഷണത്തിന്‌ വിട്ടിരിക്കുന്നു)

Sherikutty said...

ആ‘കോര്‍മ‘ വെള്ളത്തില്‍ കലക്കി നിങ്ങള്‍ക്കു രണ്ടു പേര്‍ക്കും തരുകയായിരുന്നു വേണ്ടത്....എന്തായാലും നന്നായിട്ടുണ്ട്..

Tomz said...

ബാല്യകാല സ്മരണകള്‍ എപ്പോഴും ഇങ്ങനെ എല്ലാവരുടെയും മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കട്ടെ

ശ്രീ said...

ഭാഗ്യം മാഷേ. ഉമ്മ അതു നിങ്ങളെ കൊണ്ട് തീറ്റിച്ചില്ലല്ലോ. ;)

ഓര്‍മ്മക്കുറിപ്പ് നന്നായീട്ടോ. :)

Rare Rose said...

ഹ..ഹ....കോര്‍മ ന്നു ആദ്യായിട്ടാ കേള്‍ക്കണത്.... എന്തായാലും ഉമ്മ പാവമായതോണ്ട് ശിക്ഷയൊന്നും കിട്ടീല്ലല്ലോ...ഭാഗ്യം...പിന്നീടോര്‍ത്തു ചിരിക്കാന്‍ ഇങ്ങനെ കുഞ്ഞു കുഞ്ഞു സംഭവങ്ങള്‍ നല്ലതാണു........:)

HAMID said...

ഹെയ്! ഈ കൊര്‍മ ആധ്യമായനല്ലോ ഈ പാവം കാവനൂര്‍ക്കാരന്‍ കേള്‍ക്കുന്നത്..
കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയ വല്ല വാക്കുമാണോ മാഷേ?

സജി said...

എന്റെ അരീക്കോടാ...
എല്ലാ ബാല്യവും ഒരുപോലെ..എല്ലാ നാടും ഒരൊപോലെ...

ഞാനാണെങ്കില്‍..നിര്‍ത്താതെ പറഞ്ഞുകൊണ്ടുപോകുമായിരുന്നു..“അരക്കിലോ മുളക്, ഇരുന്നൂറു ഉഴുന്നു,രണ്ടുകിലോ സവാള....”

എഴുതിത്തരാന്‍ അമ്മയ്ക്ക്ക് എഴുത്ത് അറിയില്ലായിരുന്നു .
പോകുന്ന വഴിക്ക് കാടാണ്. മിക്കവാറും പാമ്പുകള്‍ ഉണ്ടാവും..പേടിച്ച് പറച്ചില്‍ നിര്‍ത്തും...
പിന്നെ തുടങ്ങുമ്പോള്‍ എല്ലാം തല തിരിഞ്ഞു പോകും..“രണ്ട് കിലോ ഉഴുന്നു..ഇരുന്നൂരു സവാള..“..അടീം കിട്ടും .തിരിച്ചു കൊടുക്കുകേം വേണം...തിരിച്ചു ചെല്ലുമ്പോല്‍ കടയിലെ സാധനങള്‍ല്‍ എടുത്തുകൊടുക്കുന്ന ചെറുക്കന്റെ ചിരി..അതാണ്‍ സഹിക്കാന്മേലാത്തത് .....

അരീക്കോടാ...........
ഒന്നു ഓര്‍മ്മിപ്പിക്കല്ലേ!!

Areekkodan | അരീക്കോടന്‍ said...

sherikkutty.....സ്വാഗതം....അതിന്‌ sherikkutty ഞങ്ങളുടെ കൂടെ ഇല്ലായിരുന്നല്ലോ...
tomz...സ്വാഗതം.....അതെ,പച്ചപിടിക്കട്ടെ...
ശ്രീ.....ഭാഗ്യം തന്നെ
rare rose.....ഉമ്മ അന്നും ഇന്നും ഒരു പച്ചപാവാ....
hamid.....ആ കാവനൂര്‍ ബസ്‌ സ്റ്റോപ്പിന്റെ എതിര്‍ ഭാഗത്ത്‌ള്ള പീട്യേ പോയി ഒന്ന് ചോയിച്ചോക്ക്‌....കാവനൂരില്‍ നിന്നും ഒലിച്ചുപോയിരിക്കാന്‍ സാധ്യതയില്ല.
സജി....ഇത്‌ സ്ഥിരം പറ്റുന്നതോണ്ട്‌ ആ പരിപാടി ആദ്യമേ നിര്‍ത്തി...ആ കാലം എന്തു രസായിരുന്നുല്ലേ?

ചിതല്‍ said...

ഞാനും ആദ്യമായിട്ട കോര്‍മ കേള്‍ക്കുന്നത്...

“ചാക്കിലിട്ട്‌ വയ്ക്കുന്ന ചാക്കരിയും വേറെ എവിടെയോ ഇട്ട്‌ വയ്ക്കുന്ന പച്ചരിയും മാത്രമായിരുന്നു” ശരിയാ
ഈ പച്ചരി എവിടെയാ ഇട്ട് വെക്കാ.. ലീഗ് ഓഫിസിലാണോ.. പച്ചാന്ന് പറഞ്ഞപ്പോള്‍ എനിക്കും ഡൌട്ട്..

OAB said...

താഷ്ക്കന്റ് ഹോട്ടലില്‍ പാല്‍ കൊടുത്ത്, ആ തൂക്ക് പാത്രത്തില്‍ മമ്മതുകാക്കാന്റെ പീടികയില്‍ നിന്നും കോറ്മ വാങ്ങിയിരുന്നത് ഓറ്മ വന്നത് ഇത് വായിച്ചപ്പഴാ.ഇങ്ങനെ ഒന്ന് ഓറ്മിപ്പിച്ചില്ലെങ്കില്‍ സത്യമായിട്ടും ഞാനത് മറന്നു പോയേനെ.

നന്ദി അരീക്കോടാ.
അങ്ങനെ ഒരു കാലിത്തീറ്റ ഉണ്ടായിരുന്നു ഹമീദെ, ചിതലെ.

Shabeer said...

നന്നായിട്ടുണ്ട് .. കൊറ്മ കലക്കി.....

അനൂപ്‌ കോതനല്ലൂര്‍ said...

ഞാന്‍ അരി കഴിക്കാറില്ല ചോറുണ്ണന്നത് കൊണ്ട്
എനിക്ക് ഇതിനെകുറിച്ചൊന്നും അറിയില്ല

വാല്‍മീകി said...

ഹഹഹ.. ആതു കലക്കി.. വാ‍യനോക്കി നടന്നാല്‍ ഇങ്ങനെയിരിക്കും.

കുഞ്ഞന്‍ said...

ഇതില്‍നിന്നും എനിക്കു മനസ്സിലാക്കാന്‍ സാധിച്ചത്..

‘ങ്ങള് ഒരു ബുദ്ധി രാക്ഷസന്‍ തന്നെ മാഷെ, ആ ദൂരം മുഴുവന്‍ അനിയനെക്കൊണ്ടു കോര്‍മ ചുമപ്പിച്ചിട്ട്..വീടെത്താറായപ്പോള്‍... ഞാനൊന്നും കൂടുതല്‍ പറയുന്നില്ല..!

സജിയുടെ കമന്റ്.. അതെനിക്കും സംഭവിക്കാറുള്ളതാണ്..പക്ഷെ പാവം അമ്മയെ ഞാന്‍ പ്രതിയാക്കും..!

ചിതല്‍ ആദ്യമായി സ്വന്തം വരികളില്‍ അഭിപ്രായീകരിച്ചിരിക്കുന്നു..അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം..!

ബഷീര്‍ വെള്ളറക്കാട്‌ said...

ശ്രീ,

ആ സംഭവം ഇവിടെ വിവരിച്ചാല്‍ ഉള്ള ചീത്തപ്പേരു പോവൂലോ... എന്റെ ബലമായ സംശയം ..അന്ന് കോര്‍മ്മ തിന്നതിന്റെ ഫലമാണീ കാണുന്നതൊക്കെ എന്നാ.. മാഷേ .. ഞാനോടി.. കുറുമാന്‍ ഇവിടെയുണ്ടോ ?

Areekkodan | അരീക്കോടന്‍ said...

ചിതല്‍....ഏതായാലും അത്‌ ചിതലിന്‌ പോലും തിന്നാന്‍ പറ്റില്ല !!
oab...വീണ്ടുമൊരു പഴയ ഓര്‍മ്മ അല്ലേ?
shabeer.....നന്ദി
അനൂപ്‌....ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്നല്ലേ...
വാല്മീകീ.....ഇവിടെ തന്നെൂണ്ടല്ലേ....ഒരു പണിയും ഇല്ലാത്ത കാലത്ത്‌ ആ പണിയെങ്കിലും ചെയ്ത്‌ മാന്യമായി ജീവിക്കാനും സമ്മതിക്കില്ലേ?
കുഞ്ഞാ...സമ്മതിച്ചു അല്ലേ?എന്റെ തല കണ്ടപ്പോളും ഉറപ്പിച്ചില്ലേ?
ബഷീര്‍...അന്ന് അത്‌ തിന്നുമ്പോള്‍ തരോന്ന് ചോദിച്ച്‌ കിട്ടാത്തതോണ്ടല്ലേ ഇപ്പോ ഇങ്ങനെ പറയുന്നത്‌?

ശിവ said...

നല്ല ഓര്‍മ്മകള്‍...ഇതൊക്കെ പങ്കു വയ്ക്കുന്നതിന് നന്ദി...

എത്ര സുന്ദരം ബാല്യം....

സസ്നേഹം,

ശിവ.

Post a Comment

നന്ദി....വീണ്ടും വരിക