Pages

Wednesday, June 25, 2008

സ്റ്റാമ്പ്‌ ശേഖരണം

മഴയും വെയിലും ഒഴിഞ്ഞ ദിവസങ്ങളില്‍ എന്റെയും അനിയന്റെയും മക്കളുമൊത്ത്‌ മുറ്റത്തിറങ്ങി അവരുടെ കളികള്‍ കണ്ട്‌ ആസ്വദിക്കുകയാണ്‌ ജീവിതത്തിന്റെ സായം സന്ധ്യയില്‍ എത്തി നില്‍ക്കുന്ന എന്റെ പിതാവിന്റെ ഒരു പ്രധാന പരിപാടി.ഏതൊരു വല്ല്യുപ്പയേയും വല്ല്യച്ചനേയും പോലെ കുട്ടികളുടെ കുസൃതികള്‍ കണ്ട്‌ അദ്ദേഹം പൊട്ടിച്ചിരിക്കും.കുട്ടികളോടൊത്ത്‌ കളിക്കുകയും ചെയ്യും.

ഒരു ദിവസം കുട്ടികളുടെ കൂടെ മുറ്റത്തിരിക്കുമ്പോള്‍ പോസ്റ്റ്‌മാന്‍ വന്ന് ഒരു കത്ത്‌ പിതാവിന്റെ കയ്യില്‍ കൊടുത്തു.കവര്‍ പൊട്ടിച്ച്‌ അദ്ദേഹം കത്ത്‌ വായിക്കുമ്പോള്‍ എന്റെ രണ്ട്‌ മക്കളും കൂടി കവറിലെ സ്റ്റാമ്പ്‌ പറിക്കാന്‍ തുടങ്ങി.കത്ത്‌ വായിച്ച്‌ പിതാവ്‌ കുട്ടികളുടെ നേരെ നോക്കിയപ്പോള്‍ അദ്ദേഹം ഈ കാഴ്ച കണ്ടു.

"സ്റ്റാമ്പ്‌ പറിക്കുന്നത്‌ അങ്ങിനെയല്ല....വരൂ.....വല്ല്യാപ്പ കാണിച്ചു തരാം...."ബാപ്പ മക്കളെ വിളിച്ച്‌ വാട്ടര്‍ടാപിനടുത്തേക്ക്‌ നീങ്ങി.ശേഷം കവറിലെ സ്റ്റാമ്പിന്‌ ചുറ്റും വെള്ളം കൊണ്ട്‌ നനച്ചു.അല്‍പം കഴിഞ്ഞ്‌ എന്റെ മൂത്ത മകളോട്‌ സ്റ്റാമ്പ്‌ പറിക്കാന്‍ പറഞ്ഞു.അവള്‍ അനായാസം അത്‌ പറിച്ചെടുത്തു.

"ഇപ്പോ നിങ്ങള്‍ ചെയ്ത പോലെ കിട്ടുന്ന സ്റ്റാമ്പുകളെല്ലാം ശേഖരിക്കണം....അവ സസൂക്ഷ്മം നിരീക്ഷിക്കുകയും വേണം....ഒരു കൗതുകത്തിനപ്പുറം അവ പല അറിവും നിങ്ങള്‍ക്ക്‌ പ്രദാനം ചെയ്യും.അവ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്‌ക്‍വെക്കുകയും വേണം.പങ്‌ക്‍വെക്കുംതോറും വളരുന്ന ഒന്നാണ്‌ അറിവ്‌" ബാപ്പ എന്റെ മൂത്ത മകളെ നോക്കി പറഞ്ഞു.

കുട്ടികളുടെ ഏത്‌ ഹോബിയും കഴിവും ചെറുപ്പത്തിലേ കണ്ടെത്തുകയും പ്രോല്‍സാഹിപ്പിക്കുകയും വേണം.അവര്‍ അംഗീകരിക്കപ്പെടുന്നു എന്ന തിരിച്ചറിവ്‌ തന്നെ അവരില്‍ മാനസികമായ വളര്‍ച്ചയും വികാസവും സൃഷ്ടിക്കും.

വാല്‍: ബാപ്പയുടെ സ്റ്റാമ്പ്‌ ശേഖരണം ഏറ്റെടുത്ത്‌ ഞാന്‍ ഇന്നും അത്‌ തുടരുന്നു.രണ്ട്‌ അനിയന്മാരും സംഭാവന അര്‍പ്പിക്കുന്ന പ്രസ്തുത ശേഖരം ഒരു നല്ല കുടുംബ സ്വത്തായി ഞാന്‍ സൂക്ഷിക്കുന്നു.(അപൂര്‍വ്വ സ്റ്റാമ്പുകളും വിദേശരാജ്യങ്ങളുടെ സ്റ്റാമ്പുകളും വെറുതെ കളയുന്ന ബൂലോകര്‍ അവ എനിക്ക്‌ അയച്ചുതരാന്‍ താല്‍പര്യപ്പെടുന്നു)

7 comments:

കുഞ്ഞന്‍ said...

മാഷെ,

ബാപ്പയുടെ കാഴ്ചപ്പാടുകള്‍ വിലമതിക്കാനാവാത്തതാണ്.

ചിലര്‍ അവരുടെ അറിവുകള്‍ വയറിലിട്ട് നടക്കുകയാണ് എന്നിട്ട് ബെല്‍റ്റ് കെട്ടി നടക്കുന്നു.. ബെല്‍റ്റ് കെട്ടിയില്ലെങ്കില്‍ വിജ്ഞാന ഭണ്ഡാകാരം പൊട്ടി പുറത്തുപോയാലൊ - ഹുയാന്‍സാങ്ങ് എഴുതിയ വരികള്‍..!

അറിവ് ചെറിതൊ വലുതൊ ആകട്ടെ മുഖം നോക്കാതെ അത് പകരട്ടെ..!

ഒരു കാലി സ്റ്റാമ്പ് ഒട്ടിച്ച കവര്‍ ഉള്ളില്‍ വച്ച് ഒരെഴുത്ത് എനിക്കയച്ചുതരുകയാണെങ്കില്‍ തിരിച്ച് ആ കവറില്‍ സ്റ്റാമ്പ് അയച്ചുതരാം..!

Typist | എഴുത്തുകാരി said...

പറഞ്ഞിരിക്കുന്നതു് സ്റ്റാമ്പ് ശേഖരണത്തെപറ്റിയാണെങ്കിലും, പിതാവു് മക്കളുടെ മക്കളോടൊത്തു് അവരുടെ കൂടെ കളിച്ചു്, ആസ്വദിക്കുന്നു എന്നതാണെനിക്കു് ഇഷ്ടപ്പെട്ടതു്. നിങ്ങള്‍ക്കു് നിങ്ങളുടെ അഛനു് ഇതില്‍ കൂടുതലെന്താ കൊടുക്കാന്‍ കഴിയുക?

Bindhu said...

തപാലിനെ ‘സ്നെയില്‍ മെയില്‍’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന ഈ കാലത്ത് സ്റ്റാമ്പ് ശേഖരണം പ്രതിസന്ധി നേരിടുന്നുണ്ടോ? :-)

ബഷീര്‍ വെള്ളറക്കാട്‌ said...

കുട്ടികളും വയസ്സയാവരും ഒരു പൊലെയാണു. അവരുള്ളത്‌ കൊണ്ടാണു ഈ ലോകത്തെ അല്ലാഹു കീഴ്മേല്‍ മറിക്കാത്തത്‌..


സ്റ്റാമ്പ്‌ ശേഖരണം നല്ല ഒരു പരിപാടിയാണു..

ശിവ said...

ഞാന്‍ ശ്രമിക്കാം...കിട്ടുകയാണെങ്കില്‍ ഫോണ്‍ ചെയ്യാം...

Areekkodan | അരീക്കോടന്‍ said...

കുഞ്ഞാ....ഞാന്‍ ഉടന്‍ അയക്കാം.അഡ്രെസ്സ്‌??
typist....മറ്റൊരു angleലൂടെ വീക്ഷിച്ചതിന്‌ നന്ദി.
ബിന്ദു....സ്വാഗതം.ഏയ്‌ ഒരു പ്രതിസന്ധിയും ഇല്ല.
ബഷീര്‍.....വയസ്സുകാലം എന്നാല്‍ കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചുപോക്ക്‌ അല്ലേ?
ശിവ....നല്ല മനസ്സിന്‌ നന്ദി.ചിലവ്‌ ഞാന്‍ വഹിക്കും.

അനൂപ്‌ കോതനല്ലൂര്‍ said...

വയസ്സാകുമ്പോള്‍ കുട്ടികളുടെ സ്വാഭാവം ഉണ്ടാകുക
സ്വാഭാവികമാണ്.വൃദ്ധമാതാപിതാക്കള്‍ക്കൊപ്പം
അവരുടെ തമാശകള്‍ കേട്ടിരീക്കാനും അവരുടെ സന്തോഷത്തില്‍ പങ്കു ചേരാനും സാധിക്കുക എന്നത് വലിയ കാര്യമാണ്.അങ്ങനെ കുട്ടികള്‍ക്ക്
കിട്ടുന്ന സൌഭാഗ്യങ്ങള്‍ നാം ഒരിക്കലും നഷ്ടപെടുത്തരുത്.

Post a Comment

നന്ദി....വീണ്ടും വരിക