Pages

Monday, June 09, 2008

അവിലും വെള്ളം കൊണ്ടൊരു കല്യാണസദ്യ !!!

അടുക്കള മൂലയില്‍ തൂങ്ങുന്ന മൈസൂര്‍ പഴക്കുലയിലേക്ക്‌ നോക്കി ഉമ്മ ചോദിച്ചു. "പണ്ടെല്ലാം പഴം ഞൗണ്ടി അവിലും വെള്ളം ഉണ്ടാക്കാറുണ്ടായിരുന്നു.നിങ്ങള്‍ക്കെന്താ അതൊന്നും വേണ്ടേ?" "അത്‌ ചീഞ്ഞ പഴം ഉപയോഗപ്പെടുത്താനുള്ള മാര്‍ഗ്ഗമാ ഉമ്മാ...."ഞാന്‍ ഉമ്മയെ ധരിപ്പിച്ചു. "അത്‌ ഇപ്പോള്‍....... പണ്ട്‌ അകലെയുള്ള പല ബന്ധുവീടുകളിലും നടന്നുപോകേണ്ടിയിരുന്നു.ഓരോ ബന്ധുവീട്ടില്‍ നിന്നും ഇത്തരത്തിലുള്ള അവിലും വെള്ളം കിട്ടും.അത്‌ കുടിച്ചാല്‍ വിശപ്പും ദാഹവും മാറും.അടുത്ത ബന്ധുവീട്ടില്‍ എത്താന്‍ അത്‌ മതി." ഉമ്മ ഇത്രയും പറഞ്ഞപ്പോഴാണ്‌ എനിക്ക്‌ ഒരു പഴയ അമളി (എന്ന് പറയാന്‍ പറ്റില്ലെങ്കിലും) ഓര്‍മ്മ വന്നത്‌. അരീക്കോട്‌ കൂടി ഒഴുകുന്ന ചാലിയാറിന്റെ അക്കരെയുള്ള ഒരു സ്ഥലമാണ്‌ മൂര്‍ക്കനാട്‌.ഇപ്പോള്‍ അതുവഴി ബസ്‌ സര്‍വ്വീസ്‌ ഉണ്ടെങ്കിലും അന്ന് അങ്ങോട്ട്‌ നടന്നു പോകണമായിരുന്നു.അങ്ങനെ ഇരിക്കെ മൂര്‍ക്കനാട്ടുകാരനും, ബാപ്പയുടെ സഹപ്രവര്‍ത്തകനുമായ അസീസ്‌ മാസ്റ്റര്‍ , അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന്‌ ബാപ്പയെ ക്ഷണിച്ചു.ആ സമയത്ത്‌ ഞാന്‍ അവിടെ ഉണ്ടായിരുന്നതിനാല്‍ കല്യാണ തിയ്യതി ഞാന്‍ വെറുതേ നോട്ട്ചെയ്തു വച്ചു. അസീസ്‌ മാസ്റ്ററുടെ വീട്ടിലെത്താന്‍ പുഴ കടക്കണം.പുഴ അക്കരെ പറ്റാന്‍ തോണിയില്‍ കയറണം.തോണി ഇറങ്ങി ഒരു കിലോീമീറ്ററോളം നടക്കുകയും വേണം.തോണിയില്‍ കയറാന്‍ ബാപ്പാക്ക്‌ പേടിയായതിനാല്‍ കല്യാണത്തിന്‌ പോകാനുള്ള ഓര്‍ഡര്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്റെ നിര്‍ഭാഗ്യത്തിന്‌ കല്യാണ തിയ്യതിയുടെ തൊട്ട്‌ മുമ്പിലെ ഞായറാഴ്ച രാവിലെ ബാപ്പ എന്നെ വിളിച്ച്‌ പറഞ്ഞു. "ഇന്ന് അസീസ്‌ മാഷെ മകളെ കല്യാണമാ....നീ പോകണം..." "അത്‌ ഇന്നല്ല....അടുത്ത ആഴ്ചയാണ്‌..." ഞാന്‍ ബാപ്പയോട്‌ പറഞ്ഞു. "ഏയ്‌....ഈ ആഴ്ച തന്നെയാണ്‌..."ബാപ്പ തറപ്പിച്ച്‌ പറഞ്ഞു. ഒന്ന് വിളിച്ച്‌ ഉറപ്പ്‌ വരുത്താന്‍ ഇന്നത്തെ പോലെ മൊബൈലോ ഫോണോ ഇല്ലാത്തതിനാല്‍ ബാപ്പയുടെ ഉത്തരവനുസരിച്ച്‌ ഞാന്‍ കല്യാണത്തിന്‌ പുറപ്പെട്ടു. അസീസ്‌ മാസ്റ്ററുടെ വീടിന്‌ അടുത്തെത്തിയിട്ടും ബിരിയാണി മണമോ ആള്‍ക്കാരുടെ തിരക്കും ബഹളമോ ഒന്നും കേള്‍ക്കാത്തതിനാല്‍ എന്റെ ഭയം വര്‍ദ്ധിച്ചു.താമസിയാതെ വീട്ടുമുറ്റത്ത്‌ എത്തിയ എന്നെ പൂമുഖത്ത്‌ ഏകനായി ഇരിക്കുന്ന അസീസ്‌ മാസ്റ്റര്‍ സ്വീകരിച്ചു.എന്റെ ജാള്യത മറച്ചുപിടിക്കാന്‍ ഞാന്‍ പരമാവധി ശ്രമം നടത്തി. പലവിധ സംസാരത്തിനിടയില്‍ , നടന്ന് ക്ഷീണിച്ച്‌ അവശനായി കയറിവന്ന എനിക്ക്‌ കുടിക്കാനായി അവിലും വെള്ളം കൊണ്ടു വന്നു.ദാഹം കാരണം ഞാനത്‌ വേഗം വായിലാക്കി.പഴം കൈ കൊണ്ട്‌ കുഴച്ച്‌ തയ്യാറാക്കിയ ആ അവിലും വെള്ളം വായില്‍ ഒഴിക്കേണ്ട താമസം എനിക്ക്‌ ഓക്കാനം വന്നു.എങ്ങനെയൊക്കെയോ അല്‍പം കുടിച്ചെന്ന് വരുത്തി എന്റെ വരവിന്റെ പിന്നിലെ കഥ അസീസ്‌ മാഷെ ധരിപ്പിച്ച്‌ ഞാന്‍ തിരിച്ചുപോന്നു. ബിരിയാണി പ്രതീക്ഷിച്ച്‌ പോയ എനിക്ക്‌ അവിലും വെള്ളം കുടിച്ച്‌ ഓക്കാനിക്കാനായിരുന്നു അന്നത്തെ വിധി.തൊട്ടടുത്ത ആഴ്ച നടന്ന കല്യാണത്തിന്‌ പിന്നെ ഞാന്‍ പോയില്ല എന്നാണെന്റെ ഓര്‍മ്മ.

10 comments:

യൂനുസ് വെളളികുളങ്ങര said...

ഉത്തരം പറയൂ ഇ ചോദ്യത്തിന്‍
അവള്‍ എന്റെ ഭാ‍ര്യയെ പോലെയാണ്
അവളുടേ മുഖത്ത് നോക്കി ഞാന് എപ്പോഴും പുഞ്ജിരിക്കുന്നു, ആകാംഷയോടേ !
അവളോട് ഒരു കാര്യം ഞാന്‍ ഓര്‍മ്മിക്കാന്‍ കൊടുത്താല്‍
ഞാന്‍ ചോദിക്കുന്ന സമയത്ത് അവള്‍ എനിക്ക് പറഞ്ഞുതരും
അവളെ ഉപയോഗിച്ച് ആളുകളെ വശീകരിച്ച് പണം ഉണ്ടാക്കാം
പക്ഷേ പിടിക്കപെട്ടാല്‍ ഞാന്‍ ജയിലില്‍ പോകേണ്ടിവരും
അവളെ അമിതമായി ഉപയോഗിച്ചാല്‍ മാരകരോഗത്തിന്‍ അടിമയാകും
അവള്‍ ആരാണ്‍ ?
http://thamaravadunnu.blogspot.com ലെക്ക് comment ചെയ്തോളൂ

Rafeeq said...

ബിരിയാണിക്കു പകരം.. കൈകൊണ്ടു കുഴ്ച്ച പഴവെള്ളം കൊള്ളാം..
എന്നാലും മാഷേ.. ഞാന്‍ പെരിന്തല്‍മണ്ണ പോവുമ്പോല്‍, നമ്മുടെ പഴയ ബസ്‌ സ്റ്റന്റ്‌ ഉണ്ടായിരുന്നപ്പോള്‍, അവിടെ സ്റ്റാന്റില്‍ കിട്ടുന്ന അവില്‍ ജ്യൂസിന്റെ രുചി ഇപ്പോഴും എന്റെ വായിലുണ്ട്‌.. :)

Unknown said...

അരിക്കോടന്‍ മാഷെ അങ്ങനെ ബിരിയാണി സദ്യക്ക് പകരം അവില്‍ സദ്യ കഴിച്ച് തൃപ്തി വരുത്തിയല്ലെ

ശ്രീ said...

ഞാനിത് കഴിച്ചിട്ടില്ല മാഷേ... എന്തായാലും അടുത്തയാഴ്ച കല്യാണത്തിനു പോയി അതിന്റെ ക്ഷീണം തീര്‍ക്കേണ്ടതായിരുന്നു.

ബഷീർ said...

ഹലാക്കിലെ അവിലും കഞ്ഞി യായി അല്ലേ..

അവിലും വെള്ളത്തില്‍ പഴം ചേര്‍ക്കുമോ ?

പണ്ടൊക്കെ നോമ്പിനു അത്താഴത്തിനു ശേഷം ഉമ്മ മൈസൂര്‍ പഴവും തേങ്ങ ചിരവിയതും ശര്‍ക്കരയും കൂടി കഞ്ഞിവെള്ളത്തില്‍ മിക്സ്‌ ചെയ്ത്‌ തരാറുണ്ട്‌.. അതിന്റെ മധുരം ഒന്ന് വേറെ തന്നെ..

Unknown said...

വയര്‍ നിറച്ച് ഉണ്ണാന്‍ കിട്ടുന്നവര്‍ക്ക് കൈകൊണ്ട് കുഴച്ച് അവില്‍ വെള്ളം ഓക്കാനമുണ്ടാകും. ആ വെള്ളത്തിന്‍റെ സ്നേഹം പക്ഷേ ജ്യൂസ് മെഷിനിലടിച്ച്, സ്ട്രോ ഇട്ട് കുടിക്കുന്ന ജ്യൂസിനുണ്ടാകില്ല അരീക്കോടാ.....

കുറിപ്പ് കൊള്ളാം.

OAB/ഒഎബി said...

നാട്ടില്‍ നിന്ന് കൊണ്ടു വന്ന അവിലും, ഇവിടെ കിട്ടുന്ന പഴവും കൂട്ടി ഇന്ന് ഉച്ചക്ക് അടിച്ച് മൂക്കറ്റം കുടിച്ച് കഴിഞ്ഞപ്പൊ ഇതാ കിടക്കുന്നു ഇവിടെയും അവിലും വെള്ളം...(ഇന്നിവിടത്തെ ചൂട് 46 ഡിഗ്രി) രണ്ടും കൂടി ആയപ്പോള്‍ നന്നായി തണുത്തു.

ഒരു സ്നേഹിതന്‍ said...

നാട്ടിലെ ജൂസു കടയില്‍ നിന്നു നിത്യവും കുടിക്കുന്ന അവില്‍ മില്‍ക്ക് വിത് പഴം...
ആ രുചി നാവിലൂറി മാഷുടെ കഥ കേട്ടപ്പൊള്‍ ....
വെറുതെ കൊതിപ്പിച്ചു....

Areekkodan | അരീക്കോടന്‍ said...

യൂനുസ്‌....സ്വാഗതം...എന്താ ഇത്‌?
rafeeq.....അവില്‍ ജ്യൂസിന്റെ രുചി വേറെ തന്നെയാ...
അനൂപേ ....അല്ലാതെന്ത്‌ ചെയ്യാന്‍...?
ശ്രീ....ജീവിതം പകുതി നഷ്ടമായി എന്ന് ഞാന്‍ പറയും!!!
ബഷീര്‍...കഞ്ഞി വെള്ളത്തില്‍ ഇതൊക്കെ ഇട്ടാ അത്‌ കുടിക്കാന്‍ പറ്റോ?
സാദിഖ്‌...അത്‌ എനിക്കിട്ട്‌ ഒരു തട്ടാണല്ലോ?
oab..ഇവിടെയും മഴ കാരണം നല്ല തണുപ്പാ....
സ്നേഹിതാ....സ്വാഗതം.അവില്‍ ജ്യൂസിന്റെ രുചി വേറെ തന്നെയാ.......കൊതിപ്പിച്ചതിന്‌ ക്ഷമ ചോദിക്കുന്നു.

ആഷ | Asha said...

ഇങ്ങനൊരു സംഗതി ആദ്യായിട്ടാണ് കേള്‍ക്കുന്നത്. അവല്‍ നനച്ചതില്‍ പഴം ചേര്‍ത്തു കഴിക്കാറുണ്ട്.

Post a Comment

നന്ദി....വീണ്ടും വരിക