Pages

Saturday, November 30, 2013

ഞാൻ രാഷ്ട്രപതിയെ തൊട്ടു!!!.(ദേശീയ അവാർഡ് ദാനം-4)


    രാഷ്ട്രപതി ഭവനിലേക്ക്…..(ദേശീയ അവാർഡ് ദാനം-3)

           അൽഹംദുലില്ലാഹ്……ദൈവത്തിന് സ്തുതി..ദർബാർ ഹാളിന്റെ വലതു ഭാഗത്ത് കൂടെ 72 കാരിയായ എന്റെ ഉമ്മ ഹാളിലേക്ക് പ്രവേശിക്കുന്നത് ഞാൻ കൺ കുളിർക്കെ കണ്ടു. പിന്നാലെ 9 വയസ്സുകാരി ലുഅയും എത്തി. മൂന്നാമതായി അമ്മായിയമ്മയും എത്തിച്ചേർന്നു.12 വയസ്സിന് താഴെയുള്ളവർക്ക് രാഷ്ട്രപതി ഭവനിലേക്ക് പ്രവേശനം ഇല്ല എന്ന് നേരത്ത് അറിയിച്ചിരുന്നതിനാൽ നാല് വയസ്സുകാരിയായ ചെറിയമോൾ ലൂനയെ ഞാൻ പ്രതീക്ഷിച്ചില്ല.അമ്മയിയപ്പൻ അവളേയും കൊണ്ട് പുറത്ത് നിന്നു.അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം എന്നെ പല സ്ഥലങ്ങളിലും സ്പർശിക്കുന്നത് ഞാൻ അറിഞ്ഞു, അതിനാൽ ദൈവത്തെ വീണ്ടും വീണ്ടും സ്തുതിച്ചു.അങ്ങനെ എന്റെ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണയും സഹായവും നൽകിയ കുടുംബത്തിലെ ഏകദേശം എല്ലാവരും ഈ അസുലഭ മുഹൂർത്തത്തിന് സാക്ഷിയാകാൻ എത്തി,

     കുടുംബത്തിലെ  എല്ലാവരും ഇരുന്നിരുന്നത് വലത് ഭാഗത്തായതിനാൽ അവർ ക്യാമറക്കണ്ണിൽ പെടില്ല എന്ന് ഉറപ്പായിരുന്നു.അപ്പോഴാണ് അടുത്ത അത്ഭുതം സംഭവിച്ചത് – ഉമ്മയെ ആരോ എണീപ്പിച്ച് ഞാൻ ഇരിക്കുന്ന സൈഡിലെ രണ്ടാം നിരയിൽ ജബ്ബാർ സാർക്ക് തൊട്ടു മുമ്പിലായി ഇരുത്തി. വീണ്ടും സീറ്റുകൾ അവിടെ ഒഴിഞ്ഞ് കിടന്നതിനാൽ ഉമ്മ എണീറ്റ് നിന്ന് മറ്റുള്ളവരെയും വിളിക്കാൻ തുടങ്ങി.ഉമ്മ ഉറക്കെ വിളിക്കുമോ എന്ന ആശങ്ക എന്റെ മനസ്സിൽ പടരുന്നതിന് മുമ്പ് ഷാജഹാൻ സാർ ഉമ്മയെ ഇരുത്തി.എല്ലാവരും ഉമ്മയുടെ അടുത്തേക്ക് ഇരിക്കുകയും ചെയ്തു,ഇപ്പോൾ ക്യാമറയിൽ പതിയും എന്ന് എനിക്കുറപ്പായി.

     സമയം പതിനൊന്നരയേ ആയിരുന്നുള്ളൂ.അതിനാൽ തന്നെ കഴിഞ്ഞ വർഷത്തെ പോലെ രാഷ്ട്രപതി വരുന്നതിന് മുമ്പ് ഒരു റിഹേഴ്സൽ കൂടി  ഞാൻ പ്രതീക്ഷിച്ചു പക്ഷേ അതുണ്ടായില്ല.കുന്തം പിടിച്ച ചുവന്ന വസ്ത്രധാരികളായ കുറേ പേർ ഹാളിന്റെ വിവിധ ഭാഗങ്ങലിൽ നിലയുറപ്പിച്ചു.പതിനൊന്നേ മുക്കാലോടെ കേന്ദ്ര യുവജനകാര്യവകുപ്പ് മന്ത്രി ശ്രീ.ജിതേന്ദ്രകുമാർ സിങ് ഹാളിൽ എത്തി.മുൻ‌നിരയിലെ ജേതാക്കൾക്ക് മാത്രം ഹസ്തദാനം നൽകി പോകുകയായിരുന്ന മന്ത്രിയെ ആരോ പിന്നോട്ട് നയിച്ചു.ആ വരവിൽ , അവസാന സീറ്റിൽ ഇരുന്ന എനിക്കും ഒരു ഷേൿഹാന്റ് കിട്ടി.


    12 മണിയൊടെ എല്ലാ വായകളും നിശബ്ദമായി.സദസ്സിൽ ശ്വാസം വിടുന്ന ശബ്ദം പോലും കേൾക്കാതായി,പെട്ടെന്ന് ബാന്റ് ടീമിന്റെ ഭാഗത്ത് നിന്നും കുഴലൂത്ത് ഉയർന്നു.സദസ്സ്യർ ഒന്നടങ്കം എഴുന്നേറ്റ് നിന്നു.മുന്നിൽ അടിവച്ചടിവച്ച് വരുന്ന സുരക്ഷ ഉദ്യോഗസ്ഥർക്ക് പിന്നിലായി ഇന്ത്യൻ പ്രെസിഡെന്റ് ശ്രീ. പ്രണബ് മുഖർജി എന്ന കുറിയ മനുഷ്യൻ കടന്ന് വന്നു. തൊട്ടു പിന്നിലായി വീണ്ടും രണ്ട്  സുരക്ഷ ഉദ്യോഗസ്ഥർ. സദസ്സിന് അഭിമുഖമായി അല്പം മാത്രം ഉയരത്തിലുള്ള തറയിൽ വച്ച  സിംഹാസനം പോലെയുള്ള കസേരക്കടുത്ത് കയറി നിന്ന അദ്ദേഹം സദസ്സിന് നേരെ തിരിഞ്ഞ് നിന്നു. ഉടൻ ബാന്റ്വാദ്യക്കാർ ദേശീയഗാനം വായിച്ചു.



       രാഷ്ട്രപതി സ്വന്തം സീറ്റിൽ ഉപവിഷ്ടനായി.എൻ.എസ്.എസ് കേന്ദ്ര സെക്രട്ടറി രാഷ്ട്രപതിയുടെ മുന്നിലെത്തി പരിപാടി ആരംഭിക്കാനുള്ള അനുവാദം ചോദിച്ചു. രാഷ്ട്രപതിയുടെ അനുവാദത്തോടെ ചടങ്ങ് ആരംഭിച്ചു.ഞങ്ങളുടെ തൊട്ടു പിന്നിൽ നിന്നിരുന്ന പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ സ്ഫുടമായ ഹിന്ദിയിൽ അവാർഡ് ജേതാക്കളുടെ പേരുകൾ വായിക്കാൻ തുടങ്ങി.

      അവാർഡ് ആദ്യം ഏറ്റുവാങ്ങിയത് ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായി തെരഞ്ഞെടുക്കപ്പെട്ട മംഗലാപുരം യൂണിവേഴ്സിറ്റിയായിരുന്നു.വൈസ് ചാൻസലർക്കും പ്രോഗ്രാം കോർഡിനേറ്റർക്കും രാഷ്ട്രപതി തന്നെ ഹസ്തദാനം നൽകി.ശേഷം സംയുക്ത ജേതാക്കളായ കേരള ഹയർസെക്കണ്ടറി ഡയരക്ടറേറ്റിന് വേണ്ടി ഹയർസെക്കണ്ടറി ഡയരക്ടർ കേശവേന്ദ്രയും പ്രോഗ്രാം കോർഡിനേറ്റർ സുബൈർക്കുട്ടിയും അവാർഡ് ഏറ്റുവാങ്ങി. പിന്നീട് മികച്ച അപ്കമിങ് യൂണിവേഴ്സിറ്റിയായി ഉത്തരാഖണ്ഠിലെ കുമാവൂൺ യൂണിവേഴ്സിറ്റിയും ശേഷം കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അടക്കം ഏഴ് പ്രോഗ്രാം കോർഡിനേറ്റർമാർക്ക് പ്രശംസാപത്രവും നൽകി.അവരിൽ കൈ നീട്ടിയവർക്കെല്ലാം രാഷ്ട്രപതി ഹസ്തദാനം നൽകിയത് ഞാൻ ശ്രദ്ധിച്ചു.

      പിന്നീട് മികച്ച യൂനിറ്റുകലുളുടെയും പ്രോഗ്രാം ഓഫീസർമാരുടേയും അവസരമായി.അതിൽ നാലാമതായി കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റേയും പ്രിൻസിപ്പാൾ പ്രൊഫ്.കെ.വിദ്യാസാഗറിന്റേയും പ്രോഗ്രാം ഓഫീസർ ആബിദ് തറവട്ടത്തിന്റേയും പേര് ദർബാർ ഹാളിൽ മുഴങ്ങിയതോടെ ഞങ്ങൾ നടുത്തളത്തിലെ ചെറിയപരവതാനിയിൽ ചെന്ന് നിന്ന് രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തു.ശേഷം രാഷ്ട്രപതിയുടെ നേരെ നടന്ന് ചെന്നു.

“കൺഗ്രാചുലേഷൻസ്” രാഷ്ട്രപതി പറഞ്ഞു.


“താങ്ക് യൂ സർ” ഞാൻ തിരിച്ചും പറഞ്ഞു.

   സുരക്ഷഭടൻ താലത്തിൽ വച്ച് കൊണ്ട്‌വന്ന ട്രോഫി എടുത്ത് രാഷ്ട്രപതി പ്രിൻസിപ്പാൾക്ക് കൈമാറി.ഫോട്ടോക്ക് ജസ്റ്റ് ഫോക്കസ് ചെയ്ത് അദ്ദേഹം മാറിനിന്നു.ശേഷം എനിക്കുള്ള സർട്ടിഫിക്കറ്റും മെഡലും രാഷ്ട്രപതിയിൽ നിന്നും ഞാൻ സ്വീകരിച്ചു.ഫോട്ടോക്ക് ഞാനും രാഷ്ട്രപതിയും നിമിഷനേരത്തേക്ക് പോസ് ചെയ്തു.പോരുന്നതിന് മുമ്പ് ഞാൻ നീട്ടിയ കൈ പിടിച്ച് കുലുക്കാനും രാഷ്ട്രപതി വിമുഖത കാട്ടിയില്ല.അങ്ങനെ ബഷീർ കൃതിയിൽ എവിടെയോ വായിച്ചപോലെ ഞാൻ രാഷ്ട്രപതിയെ തൊട്ടു!!!



       എന്റെ ശേഷം ആറ് പ്രോഗ്രാം ഓഫീസർമാരും അത്രയും പ്രിൻസിപ്പൾമാരും പിന്നീട് ഷിജിൻ വർഗ്ഗീസ് എന്ന പത്തനംതിട്ടക്കാരനടക്കം 30 വളണ്ടിയർമാരും അവാർഡുകൾ ഏറ്റുവാങ്ങി.അരമണിക്കൂറിനകം മുഴുവൻ പരിപാടിയും അവസാനിച്ചു.വീണ്ടും ബാന്റ് വാദ്യക്കാർ ദേശീയഗാനം വായിച്ചു. ശേഷം ഹാളിന് പുറത്ത് തലേദിവസം പറഞ്ഞിരുന്ന സ്ഥലത്ത് വളണ്ടിയർമാർ ഒഴികെയുള്ളവരുടെ കൂടെ രാഷ്ട്രപതി ഇരുന്ന് ഗ്രൂപ് ഫോട്ടോയും എടുത്തു. വളണ്ടിയർമാരുടെ കൂടെ മാത്രമായി മറ്റൊരു ഗ്രൂപ് ഫോട്ടോയും എടുത്ത ശേഷം രാഷ്ട്രപതി സ്ഥലം വിട്ടു.

     ശേഷം വിഭവസ‌മൃദ്ധമായ ഒരു ചായസൽക്കാരം അരങ്ങേറി.ഹാളിൽ തടിച്ചു കൂടിയ എല്ലാവർക്കും ഇഷ്ടം പോലെ കഴിക്കാനുള്ള വിഭവങ്ങൾ അടങ്ങിയ സൽക്കാരം.അതിൽ ഒരു ഐറ്റം രാഷ്ട്രപതിയുടെ പ്രിയപത്നി തയ്യാറാക്കുന്നതാണ് എന്ന പ്രത്യേകതയും ഈ സൽക്കാരത്തിനുണ്ട്.മതിയവോളം കഴിച്ച ശേഷം അല്പം റൂമിലേക്കും എടുത്ത് (അതുകൊണ്ട് നിങ്ങൾക്കിവിടെ കാണാനായി) ഞങ്ങൾ ദർബാർ ഹാളിനോട് വിടപറഞ്ഞു.



രാഷ്ട്രപതിഭവന്റെ മുറ്റത്ത് നിന്നുള്ള ഫോട്ടോ സെഷനുകൾക്ക് ശേഷം എല്ലാവരും തിരിച്ച് ബസ്സിൽ കയറി ഹോസ്റ്റലിലേക്ക് തന്നെ മടങ്ങിയതോടെ ആ ചരിത്രമുഹൂർത്തം അവസാനിച്ചു.



(അവസാനിച്ചു.)

Friday, November 29, 2013

രാഷ്ട്രപതി ഭവനിലേക്ക്…..(ദേശീയ അവാർഡ് ദാനം-3)

ഹോട്ടൽ സ‌‌മ്രാട്ടിലെ ഡിന്നർപാർട്ടി…..(ദേശീയ അവാർഡ് ദാനം-2)

    ഡിന്നർപാർട്ടി കഴിഞ്ഞ് തിരിച്ച് ഹോട്ടലിലേക്ക് പോരുമ്പോൾ നേരത്തെ ഞങ്ങൾക്ക് നിർദ്ദേശം നൽകിക്കൊണ്ടിരുന്ന ദൽഹി യൂത്ത്‌ഓഫീസർ ശ്രീ.ദിലീപ് കുമാർ സാറിനെ അടുത്ത് കിട്ടി.തലേ ദിവസം ,കുടുംബാങ്ങൾക്ക് കൂടി അവാർഡ്ദാന ചടങ്ങ് കാണാൻ വേണ്ടി അപേക്ഷിച്ചിരുന്ന എൻ‌ട്രി പാസ് അനുവദിച്ചോ ഇല്ലയോ എന്ന് അന്വേഷിച്ചു.

“വാറ്റ് വാസ് തെയർ നെയിം?”

“ലുബ്ന” ഞാൻ എത്ര പറഞ്ഞിട്ടും അദ്ദേഹത്തിന് മനസ്സിലായില്ല.

  “ദെ റിജക്ടഡ് ലാസ്റ്റ് വൺ..ലെറ്റ് അസ് ലുക്ക്.” തലേ ദിവസം അവസാനം എഴുതിയത് എന്റെ പേരായതിനാൽ എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.പരിപാടി കാണാനുള്ള സാധ്യത വളരെ വിരളമാണെന്ന് നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നതിനാൽ അവർക്ക് നിരാശ തോന്നുമായിരുന്നില്ല.എന്നിരുന്നാലും പ്രൌഢഗംഭീരമായ ആ ചടങ്ങ് നേരിട്ട് കാണാൻ കുടുംബത്തിലെ ആർക്കും കാണാൻ സാധിക്കാതെ പോകുന്നത് എന്നിൽ വേദനയുണ്ടാക്കി.

    ഹോസ്റ്റലിലെത്തി അദ്ദേഹം റൂമിൽ പോയെങ്കിലും തിരിച്ച് വരും എന്ന പ്രതീക്ഷയോടെ ഞാൻ ലോബിയിൽ തന്നെ ചുറ്റിപ്പറ്റി നിന്നു, അല്പസമയത്തിനകം തന്നെ പാസുകൾ അടങ്ങിയ ഒരു സഞ്ചിയുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു.ലിസ്റ്റ് ഓരോന്നായി വായിച്ചു.അതിൽ അവസാനത്തെ തൊട്ടു മുമ്പായിരുന്നു എന്റെ പേരുണ്ടായിരുന്നത്.ഭാര്യ ലുബ്നക്കും മൂത്തമകൾ ലുലുവിനും അനുവദിച്ച പാസ് നമ്പർ കണ്ടപ്പോൾ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു. സമയം രാത്രി പതിനൊന്നര മണി ആയിരുന്നെങ്കിലും .പിറ്റേ ദിവസം പത്ത് മണിയോടെ രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെടണം എന്നതിനാൽ ഞാൻ അപ്പോൾ തന്നെ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചു

    അവാർഡ് ജേതാക്കളുടെ അതിഥികളേയും വഹിച്ചുള്ള ബസ്സിൽ കയറിപ്പറ്റിയാൽ കുടുംബത്തിലെ മറ്റുള്ളവർക്കും രാഷ്ട്രപതി ഭവനിന്റെ ഗേറ്റ് കടന്ന് അകത്തെത്താം എന്നതിനാൽ രാവിലെത്തന്നെ എല്ലാവരോടും ഞാൻ താമസിക്കുന്ന ഹോസ്റ്റലിൽ എത്താൻ പറഞ്ഞു.ചെറിയ ഒരു ആശങ്ക ഉണ്ടായിരുഅന്നതിനാൽ എനിക്ക് ഡൽഹിയിൽ നിന്ന് വന്ന അവാർഡ് വിവരക്കത്തിന്റെ പുറത്ത് എന്റെ ഒരു അപേക്ഷ കൈപ്പടയിൽ തയ്യാറാക്കി അമ്മായിയപ്പനെ ഏൽ‌പ്പിച്ചു.പുറത്ത് നിർത്തപ്പെട്ടാൽ അത് കാണിച്ച് ഗേറ്റെങ്കിലും കടക്കാൻ പറ്റുമോ എന്ന് ശ്രമം നടത്താൻ വേണ്ടിയുള്ള ഒരു കുറിപ്പ് മാത്രം.എല്ലാവരുടേയും ഐ.ഡി കാർഡ് കരുതാൻ ഞാൻ നേരത്തെ പറഞ്ഞിരുന്നു.

     പ്രോഗ്രാം ഓഫീസർമാരും പ്രിൻസിപ്പാൾമാരും അടങ്ങിയ സംഘം ഒരു ബസ്സിലും, വളണ്ടിയർമാർ മറ്റൊരു ബസ്സിലും അതിഥികൾ മൂന്നാമത്തെ ബസ്സിലും കയറി.പാസ് ഇല്ല എങ്കിലും സ്റ്റേറ്റ് യൂത്ത് ഓഫീസറോട്‌ അന്വേഷിച്ച ശേഷം എന്റെ കുടുംബാങ്ങൾ മുഴുവനും ബസ്സിൽ കയറി.അതോടെ അവർ രാഷ്ട്രപതി ഭവനിന്റെ മുറ്റത്ത് എങ്കിലും എത്തും എന്ന പ്രതീക്ഷ എന്നെ സന്തോഷവാനാക്കി.

     ഉച്ചക്ക് 12 മണിക്കായിരുന്നു അവാർഡ് ദാന ചടങ്ങ്.പത്തരയോടെ എല്ലാ ബസ്സുകളും രാഷ്ട്രപതി ഭവൻ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. രാഷ്ട്രപതി ഭവനിന്റെ 37-ആം നമ്പർ ഗേറ്റിലൂടെ ബസ്സുകൾ ഓരോന്നായി അകത്തെത്തിയതോടെ ഞാൻ സമാധാനത്തിന്റെ നെടുവീർപ്പിട്ടു. രാഷ്ട്രപതി ഭവൻ വളരെ അടുത്ത് നിന്ന് കാണാനുള്ള അവസരമെങ്കിലും എല്ലാവർക്കും ലഭിച്ചല്ലോ എന്ന സന്തോഷം എന്നിൽ നിറഞ്ഞു.

    ബസ്സ് ഇറങ്ങിയ ഉടനേ അവാർഡ് ജേതാക്കൾ രാഷ്ട്രപതി ഭവനിന്റെ പ്രധാനകവാടത്തിലൂടേയും ജേതാക്കളുടെ അതിഥികൾ ഇടത് വശത്തുള്ള കവാടത്തിലൂടേയും പ്രവേശിക്കാനായി വരിയായി നിന്നു.എന്റെ കുടുംബാംഗങ്ങൾ മുഴുവൻ ആ ക്യൂവിൽ നിൽക്കുന്നത് കണ്ടപ്പോൾ അവർക്കും രാഷ്ട്രപതി ഭവനിലെ മ്യൂസിയം കാണാനുള്ള അവസരം ലഭിച്ചേക്കും എന്ന് ഞാൻ കരുതി.അല്പ സമയത്തിനകം തന്നെ എന്റെ ഉമ്മ,മക്കളായ ലുഅ (9 വയസ്സ്) ,ലൂന (4വയസ്സ്),അമ്മായിയപ്പൻ , അമ്മായിയമ്മ എന്നിവർ തിരിച്ച് നടക്കുന്നത് കണ്ടപ്പോൾ എന്റെ പ്രതീക്ഷകൾ അസ്തമിച്ചു. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഞാൻ മൂന്നാം തവണയും ദർബാർ ഹാളിൽ പ്രവേശിച്ചു.തലേ ദിവസം കാണിച്ചു തന്ന സീറ്റിൽ ഇരിപ്പുറപ്പിച്ചു.

   അകത്തേക്ക് വരുന്ന ഓരോരുത്തരേയും ഞാൻ ശ്രദ്ധിച്ചു.ഞാനും പ്രിൻസിപ്പാളും സാധാരണ വേഷത്തിലായിരുന്നു ഉണ്ടായിരുന്നത് – പാന്റും ഷർട്ടും ഷൂസും. അവാർഡ് ജേതാക്കളിൽ 90 ശതമാനം പേരും കോട്ടും ടൈയും കെട്ടിയിരുന്നു. അതിനാൽ തന്നെ ഞങ്ങളെ തിരിച്ചറിയാൻ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.ഹാളിന്റെ ഇടത് ഭാഗത്ത് പ്രെസ്സ് ഗാലറിക്ക് സമീപം ഏറ്റവും അവസാനത്തെ നിരയിൽ അവസാനക്കാരനായിരുന്നു ഞാൻ.

    അല്പം കഴിഞ്ഞ് ഞങ്ങളുടെ ഔദ്യോഗിക അതിഥികളും ടെക്നിക്കൽ സെൽ എൻ.എസ്.എസിന്റെ പ്രതിനിധികളുമായ സ്റ്റേറ്റ് കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ സാറും ഷാജഹാൻ സാറും വിജയകുമാർ സാറും രവി മോഹൻ സാറും എത്തി.കഴിഞ്ഞ വർഷം ഞാൻ ഇരുന്ന ഇടതു ഭാഗത്തെ രണ്ടും മൂന്നും നിരകളാണ് വീഡിയോ ക്യാമറയിൽ കൂടുതൽ കാണുന്നത് എന്ന് മനസ്സിലാക്കി അവർ അവിടെത്തന്നെ വന്നിരുന്നു.അല്പം കഴിഞ്ഞ് എന്റെ ഭാര്യയും മകൾ ലുലുവും വലതു ഭാഗത്തെ ഏറ്റവും വലത്ത് പോയിരുന്നു.ക്യാമറയിൽ പെടാൻ ഒരു സാധ്യതയും ഇല്ലാത്ത ആ സ്ഥലത്ത് നിന്നും അവരെ വിളിക്കാൻ എനിക്ക് പോകാനും സാധിച്ചില്ല.

       അങ്ങനെ ഇരിക്കുമ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത് . ഞാൻ കണ്ണുകൾ നന്നായി തിരുമ്മി.കാണുന്നത് സ്വപ്നമല്ല എന്ന് ഉറപ്പ് വരുത്താനുള്ളതെല്ലാം ചെയ്തു.എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.




Thursday, November 28, 2013

ഹോട്ടൽ സ‌‌മ്രാട്ടിലെ ഡിന്നർപാർട്ടി…..(ദേശീയ അവാർഡ് ദാനം-2)


ദർബാർ ഹാളിലേക്ക് വീണ്ടും…..(ദേശീയ അവാർഡ് ദാനം-1)

       തിരിച്ചുള്ള യാത്രയിൽ ഞങ്ങൾക്ക് ധാരാളം നിർദ്ദേശങ്ങൾ ലഭിച്ചു. സ്ലിപ്പറുകളും സ്പോർട്സ് ഷൂവും ധരിക്കരുത് എന്നായിരുന്നു അതിൽ ഏറ്റവും പ്രധാ‍നം.അത് ആരോ നിർവ്വചിച്ച് ഷൂ നിർബന്ധമാണെന്നും അതും കറുത്തത് തന്നെയായിരിക്കണമെന്നും വരെ എത്തിച്ചു.അങ്ങനെ ഷൂ ഇടാത്ത എന്റെ പ്രിൻസിപ്പാളും ബ്രൌൺ ഷൂ ധരിച്ച ഞാനും കറുത്ത ഷൂ വാങ്ങാൻ നിർബന്ധിതരായി. ടി.എ ബിൽ ആവശ്യത്തിലേക്ക് ഒരു ഫോട്ടോസ്റ്റാറ്റ് കൂടി എടുക്കാൻ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ മാർകറ്റിൽ പോകാൻ തന്നെ തീരുമാനിച്ചു.

    അന്വേഷിച്ചപ്പോഴാണ് രണ്ട് കിലോമീറ്റർ ദൂരത്തുള്ള സരോജിനി മാർകറ്റാണ് ഏറ്റവും അടുത്തത് എന്ന് മനസ്സിലായത്. ആവശ്യം നടക്കാൻ അവിടെത്തന്നെ പോകണം എന്നതിനാൽ അമ്പത് രൂപ കൊടുത്ത് ഒരു ഓട്ടോ വിളിച്ച് ഞങ്ങൾ സരോജിനി മാർക്കറ്റിൽ എത്തി.ആളില്ലാത്ത ഒരു സ്ഥലത്ത് നിന്നും ആളുകൾ നിറഞ്ഞൊഴുകുന്ന ഒരു മാർക്കറ്റിൽ എത്തിയപ്പോൾ ഞങ്ങളുടെ പ്രതീക്ഷകൾ ഉയർന്നു.ആദ്യം ഫോട്ടോസ്റ്റാറ്റ് എടുക്കാം അല്ലെങ്കിൽ ഇന്റെർനെറ്റ് കഫേയിൽ കയറാം എന്ന പ്രതീക്ഷയിൽ മാർക്കറ്റ് മുഴുവൻ അലഞ്ഞെങ്കിലും ഷൂ കടയും വസ്ത്രകടയും ഭക്ഷണശാലകളും അല്ലാതെ മറ്റൊന്നും കണ്ടതേ ഇല്ല.ദീർഘനേരത്തെ അലച്ചിലിന് ശേഷം കണ്ട മാർക്കറ്റ് പ്ലാനിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ഒരു സ്റ്റുഡിയോ തിരഞ്ഞ് വന്ന വഴി മുഴുവൻ തിരിച്ച് നടന്നു.കടയുടെ മുമ്പിൽ എത്തിയപ്പോൾ ആ സ്റ്റുഡിയോ അടഞ്ഞ് കിടക്കുന്നു! തൊട്ടടുത്ത് അതേ പേരിൽ കണ്ട ഒരു ഷൂ കടയിൽ അന്വെഷിച്ചപ്പോൾ ഈ മാർക്കറ്റിൽ മേല്പറഞ്ഞ രണ്ടും ഇല്ല എന്ന ഒഴുക്ക മറുപടി കിട്ടി! പോക്കുവരവിന്റെ ചെലവ് കിട്ടാൻ ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് നിർബന്ധമായിരുന്നതിനാൽ ആ വാക്കുകൾ ഞങ്ങൾ ചെവികൊണ്ടില്ല.അവസാനം കണ്ട പോലീസുകാരനോട് ചോദിച്ചപ്പോൾ “ഐ ഡോന്റ് നൊ’ എന്ന മറുപടിയും കിട്ടി.

      നേരത്തെ സബ്‌സിഡിയറിയായി ഉദ്ദേശിച്ചിരുന്ന ഷൂ മേടിക്കൽ കർമ്മം ബാക്കിയുള്ളതിനൽ ഒരു ഷൂ കടയിൽ ഞങ്ങൾ കയറി.താൽക്കാലിക ആവശ്യത്തിനുള്ളതായതിനാൽ കാണാൻ ലുക്കുള്ള വില കുറഞ്ഞ ഒരു ഐറ്റം ഞങ്ങൾ രണ്ട് പേരും വാങ്ങി.(തിരിച്ച് ഹോസ്റ്റലിൽ എത്തിയപ്പോഴാന് ഷൂ ധരിക്കാത്ത മറ്റൊരു കേരളീയൻ സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി രണ്ടായിരം രൂപയുടെ ഷൂ വാങ്ങിയ കഥ കേട്ടത് !എന്റെ പ്രിൻസിപ്പാൾ പ്രോഗ്രാമിന് ശേഷം അദ്ദേഹത്തിന്റെ ഷൂ കൂടി എനിക്ക് തന്നു.)

‘മെട്രൊ.മെട്രൊ.” റോഡിന്റെ മറുവശത്ത് നിന്നും ഒരു വടാഫട്ട്/ഫടാഫട്ട്/ഫടാഹട്ട് (ഇതിലേതോ ആണ് ബാറ്ററിയിൽ ഓടുന്ന ഈ റിക്ഷയുടെ പേർ) കാരൻ വിളിക്കുന്നത് കേട്ടപ്പോൾ പ്രിൻസിപ്പാൾ പറഞ്ഞു – ആബിദേ, മെട്രോയുടെ അടുത്തെങ്ങാനും ഉണ്ടാകുമോ?”

“സാധ്യത കുറവാണ് സാർ
.”

    “പത്ത് രൂപയല്ലേ ഉള്ളൂ.ഒന്ന് പോയി നോക്കാം” അങ്ങനെ ഞങ്ങൾ റിക്ഷയിൽ കയറി.ഇപ്പോ എത്തും ഇപ്പോ എത്തും എന്ന പ്രതീക്ഷ തെറ്റിച്ച് റിക്ഷ മുന്നോട്ട് കുതിച്ചു.പക്ഷേ റിക്ഷ ഇറങ്ങിയ സ്ഥലത്ത് പലതരത്തിലുള്ള കടകൾ കണ്ടപ്പോൾ സമാധാനമായി.മെട്രോ സ്റ്റേഷനിന്റെ അടിപ്പാത ഉപയോഗിച്ച് റോഡ് മുറിച്ച് കടന്ന് ആ മാർക്കറ്റിൽ എത്തിയപ്പോഴാണ് രണ്ട് ദിവസം മുമ്പ് ഡെൽഹി കറക്കത്തിനിടക്ക് ടാക്സി ഡ്രൈവർ കാണിച്ച് തന്ന ഐ.എൻ.എ മാർക്കറ്റാണ് അതെന്ന് മനസ്സിലായത്.

    അന്വെഷണത്തിൽ മുമ്പിലെവിടെയോ ഫോട്ടോസ്റ്റാറ്റ് കട ഉണ്ട് എന്ന് മനസ്സിലായതിനാൽ ഞങ്ങൾ തിരഞ്ഞുകൊണ്ടേ ഇരുന്നു.ദീർഘ നേരത്തെ അലച്ചിലിന് ശേഷം ഒരു ചായ കുടിക്കാൻ മോഹമുദിച്ചതിനാൽ അടുത്ത അന്വേഷണം ആ വഴിക്കായി.’ആഗെആഗെ’ (മുന്നൊട്ട്.) എന്ന മറുപടിയിൽ പെട്ടെന്ന് കണ്ണുകളെ ഞങ്ങൾക്ക് വിശ്വസിക്കാനായില്ല !!!

     “ചുരിദാറുകൾ ഒരു മണിക്കൂറിനകം തയ്ച്ച് നൽകും” എന്ന് പച്ചമലയാളത്തിൽ മഞ്ഞബോർഡിൽ കറുത്ത എഴുത്ത്!! തൊട്ടപ്പുറത്ത് “……..നിർമ്മിച്ച് നൽകും”. നേരെ എതിർവശത്ത് “കേരള ഹോട്ടൽ” തൊട്ടുപിന്നിൽ ഫോട്ടോസ്റ്റാറ്റ് !!!അതിനടുത്ത് തന്നെ ഇന്റെർനെറ്റ് കഫെയും.ആകെക്കൂടി ഒരു കേരളപ്പട്ടണത്തിൽ എത്തിയ പതീതി.ആവശ്യങ്ങൾ എല്ലാം നിർവ്വഹിച്ച് സംതൃപ്തിയോടെ ഞങ്ങൾ റിക്ഷയിൽ കയറി വീണ്ടും സരോജിനി മാർക്കറ്റിൽ എത്തി.

    ഏഴ് മണിക്ക് മന്ത്രിയ്യോടോപ്പം അവാർഡ് ജേതാക്കൾക്ക് ഡെൽഹി ഹോട്ടൽ സ‌‌മ്രാട്ടിൽ ഡിന്നർ ഒരുക്കിയിരുന്നതിനാൽ അടുത്ത ഓട്ടോയിൽ തന്നെ മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു.പക്ഷേ വരുന്ന ഓട്ടോകൾ ഒന്നും നിർത്താത്തതിനാലും ഞങ്ങളെപ്പോലെ നിരവധി ആൾക്കാർ ഓട്ടോക്ക് കാത്ത് നിൽക്കുന്നതിനാലും ഞങ്ങളുടെ ചങ്കിടിപ്പ് വർദ്ധിച്ചു.കുറേ നേരത്തെ പ്രയത്നത്തിന് ശേഷം കിട്ടിയ ഓട്ടോയിൽ ഞങ്ങൾ ഹോസ്റ്റലിൽ തിരിച്ചെത്തുമ്പോൾ സമയം 6:50 ആയിരുന്നു.വേഗം റൂമിൽ പോയി പെട്ടെന്ന് തന്നെ റെഡിയായി തിരിച്ചെത്തി.

     വിശാലമയ കൌടില്യ ഹാളിൽ ഞങ്ങൾ എല്ലാവരും അതിഥികളായിരുന്നു.എൻ.എസ്.എസിന്റെ കേന്ദ്ര സെക്രട്ടരിയുടെ സന്ദേശത്തോടെ ഡിന്നർ പാർട്ടി ആരംഭിച്ചു.പ്രതീക്ഷയോടെ കാത്തിരുന്ന മന്ത്രി എത്തില്ല എന്ന അറിയിപ്പ് എല്ലാവേരേയും നിരാശരാക്കി.ശേഷം ഇന്ത്യൻ ആചാരപ്രകാരം തിലകം ചാർത്തി ഹാരമണിയിച്ച് ഓരോ സംസ്ഥാനത്ത് നിന്നുള്ളവരേയും അതാത് യൂത്തോഫീസർമാർ സ്വീകരിച്ചു. പിന്നീട് ചില അനുഭവവിവരണങ്ങളും കലാപ്രകടനങ്ങളും അരങ്ങേറി.നേരത്തെ സൂചിപ്പിച്ച ആന്ധ്രമാന്യദേഹം മരത്തെക്കുറിച്ച് തെലുങ്കിൽ അവതരിപ്പിച്ച ഒരു ഗാനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.അദ്ദേഹം തന്നെ നയിച്ച ഒരു ആന്ധ്രാസംഘഗാനം വെറും ശബ്ദകോലാഹലം മാത്രമായും തോന്നി.വിഭവസ‌മൃദ്ധമായ വെജിറ്റേറിയൻ ഡിന്നറിൽ എന്ത് കഴിക്കണം എന്ന് ഒരു നിമിഷം ശങ്കിച്ചു.രാത്രി പത്തരയൊടെ ഞങ്ങൾ ഹോസ്റ്റലിലേക്ക് തന്നെ മടങ്ങി