Pages

Tuesday, August 28, 2007

രാഷ്ട്രപതി പാരവച്ച ഒരു വിശുദ്ധപ്രേമം!!!

Pre Degree ക്ക്‌ പഠിക്കുന്ന സമയം.ഞങ്ങള്‍ അരീക്കോട്ടുകാര്‍ തന്നെ അഞ്ച്‌ പേരായിരുന്നു ഹോസ്റ്റലില്‍.അക്കൂട്ടത്തില്‍ , സുനില്‍ ഒരു സിനിമാ ഭ്രാന്തന്‍ കൂടിയായിരുന്നു.മമ്മൂട്ടി സ്റ്റൈലില്‍ മുടിവെട്ടല്‍ , ഡ്രസ്സ്‌ ചെയ്യല്‍ എന്തിനധികം സംസാരം വരെ ഇഷ്ടന്‍ അനുകരിച്ച്‌ ദയനീയമായി പരാജയപ്പെട്ടു.
ആയിടക്ക്‌ സുനില്‍ ഞങ്ങളുടെ ക്ളാസ്സിലെതന്നെ ഒരു വെളുത്തതടിച്ചിക്കോതയെ ലൈനാക്കി.എല്ലില്ലാത്ത S S C ക്കാലത്ത്‌ സ്കൂളില്‍ ഒരുത്തിയെ ലൈനാക്കി വഴിയാധാരമാക്കി വന്ന്‌ ഇവിടെ പുതിയ ലൈന്‍ വലിക്കാന്‍ ഇവനെന്താ K S E B യിലെ ലൈന്‍മാനോ എന്ന അസൂയ നിറഞ്ഞ ഉള്‍ചോദ്യത്തില്‍ നിന്ന്‌ സുനിലിനെ ഒന്ന്‌ കളിപ്പിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
അങ്ങനെ നാടകത്തിണ്റ്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും എല്ലാം ( അടി കിട്ടുകയാണെങ്കില്‍ അതും ) പഞ്ചപാവമായ(?) എന്നില്‍ ഭരമേല്‍പിക്കപ്പെട്ടു.ഇവണ്റ്റെ ഡബിള്‍ ലൈനില്‍ ൧൧൦ കിലോവോള്‍ട്ട്‌ കടത്തിവിട്ട്‌ എങ്ങനെ കുളം തോണ്ടിക്കാം എന്നായി പിന്നെ എണ്റ്റെ ചിന്ത.
അങ്ങനെ എണ്റ്റെ മെഡുലമണ്ണാങ്കട്ടയില്‍ വീണ്ടും ബള്‍ബ്‌ കത്തി - നാട്ടിലെ ലൈനില്‍ നിന്ന്‌ സുനിലിന്‌ ഒരു പ്രേമലേഖനം വരുന്നു.
ഓപ്പറേഷനുള്ള അസംസ്ക്രിതവസ്തുക്കളായി ഒരു ലക്കോട്ട്കവര്‍ , അരീക്കോട്‌ പോസ്റ്റോഫീസിണ്റ്റെ സീല്‍ പതിഞ്ഞ രണ്ട്‌ സ്റ്റാമ്പുകള്‍ എന്നിവ സംഘടിപ്പിച്ചു.ശേഷം ഒരു കത്ത്‌ തയ്യാറാക്കി ഹോസ്റ്റലിലെതന്നെ പെണ്ണെഴുത്തും പെണ്‍ശരീരവും പെണ്‍ശബ്ദവുമുള്ള അന്‍വറിനെക്കൊണ്ട്‌ എഴുതിപ്പിച്ചു.കത്തിണ്റ്റെ കിഡ്നി ഇതായിരുന്നു - ' ഒക്റ്റോബര്‍ ൧൭ ന്‌ അനിയണ്റ്റെ കൂടെ കോഴിക്കോട്ട്‌ പോകുന്നുണ്ട്‌ . മാവൂറ്‍ റോഡിലെ ടൈറ്റാന്‍ ഷോറൂമില്‍ ഉച്ചക്ക്‌ രണ്ടരയോടെ എത്തും.വന്നാല്‍ നേരില്‍ കാണാമായിരുന്നു.... '
കവറിന്‌ പുറത്ത്‌ അന്‍വറിനെക്കൊണ്ട്‌ തന്നെ അഡ്രസ്സും എഴുതിപ്പിച്ച്‌ കത്ത്‌ അതിലിട്ടു.സ്റ്റാമ്പുകളിലെ സീല്‍ ക്രിത്യമായി മാച്ച്‌ ചെയ്യുന്ന വിധത്തില്‍ തന്നെ ഒട്ടിച്ച്‌ കത്ത്‌ സുനിലിന്‌ കൈമാറാന്‍ അന്‍വറിനെ തന്നെ ഏല്‍പ്പിച്ചു.
പിറ്റേ ദിവസം ഒക്റ്റോബര്‍ ൧൫. വൈകുന്നേരം അന്‍വര്‍ ഭംഗിയായി കത്ത്‌ സുനിലിന്‌ കൈമാറി.അന്‍വറിന്‌ സ്ഥിരം കത്ത്‌ വരാറുള്ളതിനാല്‍ അന്നത്തെ പോസ്റ്റില്‍ വന്നതായിരിക്കും എന്ന നിലയില്‍ സുനില്‍ കത്ത്‌ വാങ്ങി. ഞങ്ങള്‍ അരീക്കോടര്‍ നാലുപേരും 'രാമന്‍നാരായണ' ആലപിച്ച്‌ അങ്ങുമിങ്ങും നടന്നു!!
കത്തും കൊണ്ട്‌ റൂമില്‍ കയറിയ സുനില്‍ അല്‍പസമയം കഴിഞ്ഞ്‌ പുറത്തിറങ്ങി.'ഖല്‍ബില്‍ നിറയെ ഇഷ്ക്‌ പറഞ്ഞൊരു പൈങ്കിളിയേ...' എന്ന പാട്ടിണ്റ്റെ അന്നത്തെ വേര്‍ഷന്‍ ചുണ്ടില്‍ പടര്‍ത്തിയായിരുന്നു സുനിലിണ്റ്റെ വരവ്‌. പദ്ധതിയുടെ ആദ്യഭാഗം വിജയിച്ചതിലുള്ള മന്ദഹാസം എണ്റ്റെ ചുണ്ടിലും വിരിഞ്ഞു!
പിറ്റേ ദിവസം സുനില്‍ , ഹോസ്റ്റലിലെ തന്നെ മറ്റൊരു അന്തേവാസിയും മമ്മൂട്ടിഭ്രാന്തനുമായ നൌഫലിനെ ( ൧൯൨൧ എന്ന സിനിമ ഇറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ തലപോലെ ഇവന്‍ ക്ളീനാക്കിയ സ്ഥലം ഞാന്‍ ഇപ്പോള്‍ പറയുന്നില്ല!!) വിളിച്ചു ചോദിച്ചു.
" നൌഫലേ... മറ്റന്നാള്‍ ഉച്ചക്ക്‌ ശേഷം എന്തെങ്കിലും പരിപാടിയുണ്ടോ ?"
"ഇല്ല...വടക്കന്‍ വീരഗാഥ പത്താം ഖത്തം തീര്‍ക്കാനുണ്ട്‌....ചെമ്മാട്‌ ദര്‍ശനയില്‍ നിന്ന്‌.. "
"അത്‌ നമുക്ക്‌ പിന്നീടാക്കാം...വേറെ ചെറിയൊരു പരിപാടിയുണ്ട്‌... "
"ഉം.... എന്താ?"
"കോഴിക്കോട്‌ വരെ പോകണം.. !!"
"ഓ....൧൯൨൧ കാണാന്‍....ഞാന്‍ റെഡി....൧൯൨൧ പ്രാവശ്യം റെഡി...മമ്മൂട്ടി കി ജയ്‌..."
നൌഫലിണ്റ്റെ മമ്മൂട്ടിഭ്രാന്ത്‌ ഉറഞ്ഞ്‌തുള്ളി. 'ആ..ഒത്താല്‍ കാണാം' സുനില്‍ ആത്മഗതം ചെയ്തു.
അരീക്കോട്ട്കാരായ ഞങ്ങള്‍ പാര വക്കുമോ എന്ന സംശയത്തില്‍ കത്തിണ്റ്റെ വിവരം സുനില്‍ ഞങ്ങളോട്‌ പറഞ്ഞതേ ഇല്ല. എന്നാലും പദ്ധതി ആസൂത്രണത്തിണ്റ്റെ പുരോഗതി അറിയാന്‍ ഞങ്ങളിലൊരാള്‍ വെറുതെ ഒന്ന്‌ തട്ടി -
"മറ്റന്നാള്‍ വൈകിട്ട്‌ ' രക്തരക്ഷസ്സ്‌ ' കാണാന്‍ പോയാലോ?"
ഉടന്‍ സുനില്‍ ചാടിക്കയറി പറഞ്ഞു- " മറ്റന്നാള്‍ വെള്ളിയാഴ്ച രാവാണ്‌.. രക്തരക്ഷസ്സ്‌ കാണാന്‍ പറ്റിയ ദിവസമല്ല!!"
"ഓ...അത്‌ ശരിയാ..." പദ്ധതിയുടെ വിജയപുരോഗതി മനസ്സിലാക്കി ഞങ്ങള്‍ സംഭാഷണം അവിടെ വച്ച്‌ തന്നെ നിര്‍ത്തി.
൧൭ - ആം തിയ്യതി സുനിലും നൌഫലും തേഡ്‌ ഹവര്‍ കഴിഞ്ഞ്‌ പുറത്തിറങ്ങി.സമയം ഉച്ചക്ക്‌ ൧൨ മണി.ആദ്യം വന്ന കോഴിക്കോട്‌ ബസ്സില്‍ തന്നെ രണ്ടുപേരും ചാടിക്കയറി.എല്ലാം വീക്ഷിച്ചിരുന്ന ഞങ്ങള്‍ ചിരി അടക്കാന്‍ പാടുപെട്ടു.
ഉച്ചക്ക്‌ ൩ മണിയോടെ സുനിലും നൌഫലും ഹോസ്റ്റലില്‍ തിരിച്ചെത്തി!! സംഭവത്തിണ്റ്റെ ഗതി മാറിയോ എന്ന സംശയത്തില്‍ ഞാന്‍ സുനിലിനോട്‌ ചോദിച്ചു. "ഉച്ചക്ക്‌ നിന്നെ കണ്ടില്ലല്ലോ.... എവിടെ പോയിരുന്നു ?"
" ആ......*+%*+*% വെങ്കട്ടരാമന്‍.....<>?+ംള*..........(പുളിച്ച തെറിയുടെ നീണ്ടനിര) വരാന്‍ കണ്ടൊരു ദിവസം.....അവണ്റ്റെ *%്‌+*+%.... "
സംഭവിച്ചത്‌ ഇതായിരുന്നു.അന്ന്‌ കോഴിക്കോട്‌ രാഷ്ട്രപതി വെങ്കട്ടരാമന്‍ വരുന്ന ദിവസമായിരുന്നു.അതിനാല്‍ ബസ്സുകളെയും വലിയ വാഹനങ്ങളെയും നഗരാതിര്‍ത്തിയില്‍ പോലീസ്‌ തടഞ്ഞു.കിലോമീറ്ററുകള്‍ക്കിപ്പുറം തന്നെ അവര്‍ക്ക്‌ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. സുനില്‍ കിണഞ്ഞ്‌ ശ്രമിച്ചെങ്കിലും 'ക്രിത്യസമയത്ത്‌' കോഴിക്കോട്ടെത്താന്‍ പറ്റില്ല എന്നതിനാലും നൌഫലിന്‌ ൧൯൨൧ കാണാന്‍ വെറുതെ ഇത്രവലിയ റിസ്ക്‌ എടുക്കുന്നതില്‍ താല്‍പര്യം ഇല്ലാത്തതിനാലും ഒരു മണിക്കൂറിന്‌ ശേഷം അവര്‍ മടങ്ങി!!!
രാഷ്ട്രപതി പാരവച്ച ആ പ്രേമലേഖനത്തിണ്റ്റെ യാഥാര്‍ത്ഥ്യം പിന്നീട്‌ ഞങ്ങള്‍ സുനിലിനെ ധരിപ്പിച്ചെങ്കിലും അവന്‍ അത്‌ വിശ്വസിച്ചതേ ഇല്ല!! ഇന്നും വെങ്കട്ടരാമന്‍ എന്ന്‌ കേള്‍ക്കുമ്പോള്‍ സുനിലിണ്റ്റെ നാവില്‍ *%്‌+*+% എന്നേ വരൂ!!!!.

Monday, August 27, 2007

ഒരു ട്രെയിന്‍ മിസ്സിംഗ്‌...

വടക്കേ ഇന്ത്യയിലേക്ക്‌ ഒരു ടൂറ്‍ എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഞാന്‍ കുടുംബ സഹിതം സുഹ്രുത്ത്‌ ഹമീദിണ്റ്റെ കൂടെ റെയില്‍വെസ്റ്റേഷനിലെത്തിയത്‌.ട്രെയിന്‍ സ്റ്റേഷനില്‍ നേരത്തെ തന്നെ നിര്‍ത്തി ഇട്ടിരുന്നതിനാല്‍ ഞങ്ങളുടെ ലഗേജ്‌ ട്രെയിനില്‍ വച്ച ശേഷം ഭാര്യയേയും കുട്ടികളെയും അതിന്നടുത്തിരുത്തി. ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും ധാരാളം സമയം ഉള്ളതിനാല്‍ ഞാനും ഹമീദും പുറത്തിറങ്ങി. റെയില്‍വെസ്റ്റേഷനിലെ മായാക്കാഴ്ചകള്‍ കണ്ട്‌ ഞങ്ങള്‍ നടന്നു.നിരനിരയായി തൂക്കിയിട്ട കളിപ്പാട്ടങ്ങള്‍ നോക്കി ഞങ്ങള്‍ കൌതുകത്തോടെ നോക്കി നിന്നു.നടന്ന്‌ നടന്ന്‌ ഞങ്ങള്‍ റെയില്‍വെസ്റ്റേഷന്‌ പുറത്തെത്തി.വീണ്ടും നടന്ന്‌ റെയില്‍വെസ്റ്റേഷന്‌ തൊട്ടടുത്ത പുഴക്ക്‌ കുറുകെയുള്ള പാലത്തില്‍ കയറി. പാലത്തില്‍ നിന്ന്‌ താഴോട്ട്‌ നോക്കി ...ഉയരം കുറഞ്ഞ പാലം...ശോഷിച്ച പുഴയിലൂടെ നടന്ന്‌ നീങ്ങുന്ന ഒരു ഭക്തസംഘത്തിലെ കുട്ടികള്‍ പണസ്വരൂപണത്തിനായി പല വിക്രിയകളും കാട്ടുന്നത്‌ ഞങ്ങള്‍ കണ്ടു.ഭണ്ഠാരത്തില്‍ നിക്ഷേപ്പിക്കാനായി അവര്‍ സ്വരൂപിച്ച നാണയത്തുട്ടുകള്‍ കണ്ട്‌ ഞങ്ങള്‍ അമ്പരന്നു.അവര്‍ ഞങ്ങളുടെ നേരെയും കൈ നീട്ടിയപ്പോള്‍ ഞങ്ങള്‍ മെല്ലെ സ്ഥലം വിട്ടു. തിരിച്ച്‌ റെയില്‍വെസ്റ്റേഷണ്റ്റെ മുന്നിലെത്തിയപ്പോള്‍ ഒരു ട്രെയിന്‍ വന്നു നിന്നു.പിന്നാലെ സ്റ്റേഷനില്‍ നിന്നുള്ള അനൌണ്‍സ്മണ്റ്റ്‌ ഉയര്‍ന്നു... "..................നിന്നും ന്യൂഡല്‍ഹി വരെ പോകുന്ന ജയ എക്സ്പ്രസ്സ്‌ ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ ..... " "ങേ!!" ഞങ്ങള്‍ ഞെട്ടി. " അപ്പോള്‍ നമ്മള്‍ ലഗ്ഗേജ്‌ വച്ച ട്രെയിന്‍ ഡല്‍ഹിയിലേക്കുള്ളതല്ല....ആബിദ്‌ സാറെ ഓടി വാ...ട്രെയിന്‍ മാറിപ്പോയി....!!!" ഹമീദ്‌ വിളിച്ചുപറഞ്ഞു. ഹമീദിണ്റ്റെ വീട്‌ റെയില്‍വെസ്റ്റേഷന്‌ അടുത്ത്‌ തന്നെയായിരുന്നതിനാല്‍ ട്രെയിനും റയില്‍പാളവും പാളത്തിലെ പ്രകൃതിജന്യ വസ്തുക്കളുടെ വാസനയും അവന്‌ ചിരപരിചിതമായിരുന്നു.ഈ പരിചയത്തിണ്റ്റെ പിന്‍ബലത്തില്‍ അവന്‍ ഞങ്ങളുടെ ലഗേജ്‌ വച്ച ട്രെയിനിലേക്ക്‌ , ആള്‍ക്കൂട്ടത്തേയും പാളത്തെയും മുന്നില്‍കണ്ട സര്‍വ്വതിനേയും ഭേദിച്ചുകൊണ്ടോടി. കാര്യത്തിണ്റ്റെ ഗൌരവം പിടികിട്ടാതെ ഞാന്‍ സാവധാനം നടന്നു.ഏതോ ഒരു സുഹൃത്തിന്‌ പോസ്റ്റ്‌ ചെയ്യാന്‍ വേണ്ടി കരുതിയിരുന്ന പോസ്റ്റ്കാര്‍ഡില്‍ ആ സന്നിഗ്ദ്ധഘട്ടത്തില്‍ നാല്‌വരി കുറിക്കുകയും ചെയ്തു.അപ്പോഴാണ്‌ ഒരു റയില്‍വെ ജീവനക്കാരന്‍ എണ്റ്റെ തൊട്ടടുത്ത്‌ ഇരിക്കുന്നത്‌ ഞാന്‍ കണ്ടത്‌. "ചേട്ടാ....ഈ ട്രെയിന്‍ എങ്ങോട്ട്‌ പോവുന്നതാ...?" ഞാന്‍ ചോദിച്ചു. "നിങ്ങള്‍ക്ക്‌ എങ്ങോട്ടാ പോവേണ്ടത്‌?" അയാള്‍ തിരിച്ചു ചോദിച്ചു. പെട്ടെന്നുള്ള തിരിച്ചുചോദ്യം എന്നെ അങ്കലാപ്പിലാക്കി..'സത്താറ' എന്നോ 'മുംബൈ' എന്നോ മറ്റോ ആണ്‌ എണ്റ്റെ നാവില്‍ വന്നത്‌.പക്ഷേ പെട്ടെന്ന്‌ തന്നെ സമനില വീണ്ടെടുത്ത്‌ ഞാന്‍ പറഞ്ഞു. "ആഗ്ര... " "ആഗ്രയിലേക്കാണെങ്കില്‍ ഈ ട്രെയിന്‍ കയറിയാല്‍ മതി...ഇത്‌ ഡല്‍ഹിയിലേക്കാ..." അയാളുടെ മറുപടി മുഴുവന്‍ കേള്‍ക്കുന്നതിന്‌ മുമ്പേ ഞാന്‍ കുതിച്ചു പാഞ്ഞു.അപ്പോഴേക്കും ലഗേജുകളുമായി ഹമീദ്‌ പ്ളാറ്റ്ഫോമിലെത്തിയിരുന്നു.മൊബൈലിലൂടെ ആരെയോ വിളിച്ചുകൊണ്ടിരുന്ന അവന്‍ എനിക്ക്‌ ആംഗ്യത്തിലൂടെ നിര്‍ദ്ദേശം തന്നു.ഞാന്‍ റ്റ്രനിനടുത്തേക്ക്‌ വേഗത്തില്‍ നടന്നു. "ങേ..!! ട്രെയിന്‍ നീങ്ങിത്തുടങ്ങി!! എണ്റ്റെ ഭാര്യയും കുട്ടികളും..!!!" ഞാന്‍ എന്നാലാവും വേഗത്തില്‍ ഓടി ... തിരശ്ചീനമായി പിടിച്ചിരിക്കുന്ന ഒരു പച്ചക്കൊടിയുടെ ചുവട്ടില്‍ എണ്റ്റെ ഓട്ടം അവസാനിക്കുമ്പോഴേക്കും ട്രെയിന്‍ എണ്റ്റെ കണ്‍മുന്നില്‍ നിന്നും മറഞ്ഞിരുന്നു!!!! എന്നെ കാണാത്തതിനാല്‍ ട്രെയിനില്‍ നിന്നും എണ്റ്റെ കൊച്ചുമോള്‍ അലറിക്കരഞ്ഞു. കരച്ചില്‍ കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്ന്‌ നോക്കിയപ്പോള്‍ ഭാര്യയും മക്കളും കിടക്കയില്‍ എണ്റ്റെ തൊട്ടടുത്ത്‌ തന്നെ സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു!!!

Saturday, August 25, 2007

ഓണം മെഗാബമ്പര്‍ ഓഫര്‍

ഓണം shopping കണ്ടാസ്വദിക്കാനായി ഞാനും അങ്ങാടിയിലേക്കിറങ്ങി.ബസ്റ്റാണ്റ്റിണ്റ്റെ ഒരു മൂലയില്‍ കണ്ട ആള്‍ക്കൂട്ടത്തിന്‌ നേരെ ഞാന്‍ നടന്നു. "ഓണം....പൊന്നോണം...മെഗാബമ്പര്‍ ഓഫര്‍.." ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും വേറിട്ട ശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു. "വരൂ......കടന്നുവരൂ......ഈ ബമ്പര്‍ ഓഫറിലൂടെ കരസ്ഥമാക്കൂ...... ഒരു മാരുതി !!" "ങേ!!! മാരുതിയോ???അതും ഫുട്പാത്ത്‌ കച്ചവടത്തില്‍??"എനിക്കത്ഭുതം തോന്നി. "ഒരു കൊതുകുതിരിക്കൊപ്പം ഒരു പുതുപുത്തന്‍ മാരുതി ഫ്രീ!!!" "മൈ ഗോഡ്‌!!! ഇതെന്തൊരു ഓഫറ്‍??" എണ്റ്റെ ആകാംക്ഷ ഹിമാലയം കയറിയതിനാല്‍ ഒറ്റക്കുതിപ്പിന്‌ ഞാന്‍ ആള്‍ക്കൂട്ടത്തിണ്റ്റെ മുന്നിലെത്തി. "യെസ്‌....ആദ്യത്തെ (നിര്‍)ഭാഗ്യവാനിതാ എത്തിക്കഴിഞ്ഞു....പിടിക്കൂ സാര്‍.....ഒരു കൊതുകുതിരി........ ഒപ്പം ഇതാ ഒരു പുതുപുത്തന്‍ മാരുതി ബ്രാണ്റ്റ്‌ കൊതുകുതിരിസ്റ്റാണ്റ്റ്‌ തികച്ചും തികച്ചും സൌജന്യമായി തന്നെ!!!"

Thursday, August 23, 2007

ജീവിതദൗത്യങ്ങള്

‍കൂരിരുട്ടില്‍ ഉഴലുന്ന ലോകത്തിന്‌ ഒരിത്തിരി വെട്ടവുമായി സ്വയം ഉരുകിയൊലിച്ചു തീരുന്ന മെഴുകുതിരി...... കത്തുന്ന സൂര്യന്റെ ചൂടില്‍ നിന്നും വഴിയാത്രക്കാരന്‌ ഇത്തിരി തണലേകാന്‍ സൂര്യാതപം ശിരസ്സാവഹിക്കുന്ന തണല്‍മരങ്ങള്‍... വിശപ്പിന്റെ വിളിക്ക്‌ ഉത്തരം നല്‍കി ജീവജാലങ്ങള്‍ക്ക്‌ പഴവര്‍ഗ്ഗങ്ങള്‍ നല്‍കാന്‍ വെയിലും മഴയും കാറ്റും തണുപ്പും സഹിച്ച്‌ നില്‍ക്കുന്ന ഫലവൃക്ഷങ്ങള്‍.... മെഴുകുതിരി ഊതിക്കെടുത്താന്‍ , തണല്‍മരങ്ങള്‍ വെട്ടിമുറിക്കാന്‍, ഫലവൃക്ഷങ്ങള്‍ക്ക്‌ കല്ലെറിയാന്‍ ഞാനും നിങ്ങളുമടങ്ങുന്ന മനുഷ്യമൃഗങ്ങളും......

Wednesday, August 22, 2007

അബുവിന്റെ കന്നിപ്രകടനം

വണ്ടിക്കാരന്‍ സൈതാലിക്ക സലാം പറഞ്ഞിറങ്ങിയപ്പോള്‍ അബുവിന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി.'അറ്യാത്ത നാട്‌....അറ്യാത്ത ആള്‍ക്കാര്‌...അറ്യാത്ത പണി...പെരേന്ന്‌* എറങ്ങി പൊറപ്പെടാന്‍ കൊയപ്പം* ഇല്ലെയ്നി....ബയീല്‌* ആപ്പാന്റെ ഒപ്പം നിന്നാലും മത്യെയ്നി....ഔട്ന്നും ബ്ട്ട്‌...ഒട്ക്കം അര്‍മാന്‍ മോല്യാര്‍ പറഞ്ഞെ കേട്ടപ്പം.......അപ്പം തന്നെ മോല്യാരൊപ്പം കൂട്യാലും മത്യെയ്നി....ആര്‍ക്കും മാണ്ട്യാണോ ഞാന്‍ നാട്‌ ബ്ട്ടത്‌ ഓളെ തന്നെ കെട്ടിച്ച്‌ തരാന്‍ മോല്യാര്‌ നടക്ക്ണ സിതിക്ക്‌* ഇച്ച്‌ കല്ലായിന്റെ അട്ത്ത സോപ്പ്‌ലെറങ്ങി* നാട്ട്ക്കെന്നെ ബ്ട്ട മത്യെയ്നി....പാവം ഇമ്മ....ഇന്നലെ ഒറങ്ങീക്ക്ണോ ആവോ ?' ആലോചിച്ചപ്പോള്‍ അബുവിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ പൊടിഞ്ഞു. "അബോ.." കോയാക്കയുടെ വിളി കേട്ട്‌ അബു ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. "എത്താ..." "നീ എന്താ ആലോചിക്കുന്നത്‌?" "എത്തുംല്ല" "നിന്റെ കാര്യങ്ങളൊക്കെ സൈതാലി എന്നോട്‌ പറഞ്ഞിട്ടുണ്ട്‌...സൈതാലിം ഞാനും തമ്മില്‌ പല എടവാടുകളും ഉള്ളതോണ്ടാ ഓന്‍ പറഞ്ഞപ്പം ഞാന്‍ നിന്നെ ഇവിടെ നിര്‍ത്ത്യെത്‌...അല്ലെങ്കി നാടും വീടും വിട്ട്‌ വരുന്ന അലവലാതി കേസുകള്‍ക്കൊന്നും ഞാന്‍ നിന്ന്‌ കൊട്ക്കല്ല്ള" "ഉം" അബു മൂളി കേട്ടു. "നീ ഒര്‌ യത്തീമും കൂട്യാന്ന്‌ അര്‍ഞ്ഞപ്പം , ഇന്റെ ഖല്‍ബ്‌ പെടഞ്ഞു..." "ഉം" "അബോ...ദാ...ആ പാത്രോം ഗ്ലാസ്സോംക്കെ ബട്ക്കണീക്ക്‌* കൊണ്ടെ വച്ച്‌ കൊട്‌....ആയ്ശോ...ആയ്ശൂ...ഇതൊക്കെന്ന്‌ വൃത്ത്യാക്ക്യാ..."അബു മേശയിലെ പാത്രങ്ങളും ഗ്ലാസ്സും അടുക്കി.രണ്ടും കൂടി ഒരുമിച്ച്‌ കൊണ്ടുപോകാന്‍ പരിശീലനം ഇല്ലാത്തതിനാല്‍ ഓരോന്നായി അടുക്കളയില്‍ എത്തിച്ചു. അല്‍പ സമയത്തിനകം കോയാക്കയുടെ പെണ്ണുമ്പിള്ള ആയ്ശുമ്മാത്ത ഒരു ശീലക്കഷ്ണവും വേസ്റ്റ്‌ തട്ടാനുള്ള പാത്രവുമായി എത്തി. "ഇതേതാ പുതിയൊര്‌ ചെക്കന്‍ ?" അബുവിനെ കണ്ട ആയ്ശുമ്മാത്ത ചോദിച്ചു. "ആ..ഇവന്റെ പേര്‌ അബു...ഞമ്മളെ സൈതാലി കൊണ്ടന്നതാ...." "ആ...നന്നായി....പക്ഷേങ്കില്‌ ഞമ്മളെ പഴേ ചെക്കന്‍ ബാബൂന്റെ മാതിരി...." "ഏയ്‌...സൈതാലി ഗ്യാരണ്ടി തന്നതാ..." "ഉം..." 'നല്ലെ ശേല്‍ള്ളൊര്‌ ചെക്കന്‍....ഏതോ ഒര്‌ നല്ല കുടുംബത്ത്ന്ന്ള്ളതാ...ആ...കാത്തിര്‍ന്ന്‌ കാണാം...'മേശ തുടക്കുന്നതിന്നിടയില്‍ ആയ്ശുമ്മാത്ത അബുവിനെ നോക്കി മനസ്സില്‍ മന്ത്രിച്ചു. "അബോ അന്റെ പണി ...ഈ മക്കാനീല്‌ വരുന്നോര്‍ക്ക്‌ ആവശ്യംള്ള ഭക്ഷണം കൊട്ക്കാ...പിന്നെ......പാത്രോം ഗ്ലാസ്സോംക്കെ ബട്ക്കണീക്കെത്തിക്കാ....മേശ വൃത്ത്യാക്ക....പിന്നെ ഞമ്മള്‍ ഇല്ലെങ്കി , കാശ്‌ വാങ്ങലും അന്റെ പണ്യാ...." "ഉം" "കോയാക്കാ....അസ്സലമലൈക്കും..." രണ്ട്‌ പേര്‍ വന്ന്‌ കോയാക്കയോട്‌ സലാം പറഞ്ഞു. "വലൈകുമുസ്സലാം....കുത്തിരിക്ക്‌*....." "ആരാത്‌....പുതിയ അപ്രന്റീസ്‌,കോയാക്കാ...." ആഗതര്‍ അബുവിനെ കണ്ട്‌ ചോദിച്ചു. "ആ പുത്യേ അപ്പോയിന്റ്മെന്റാ....അബോ ഓല്‍ക്ക്‌* എന്താ വേണ്ട്യേന്ന്‌ നോക്ക്‌...." അബു ആഗതരുടെ മേശക്ക്‌ അടുത്ത്‌ ചെന്ന്‌ നിന്നു. "എന്താ കഴിക്കാനുള്ളത്‌...?" ആഗതര്‍ ചോദിച്ചു.അബു ഒന്ന്‌ ഞെട്ടി. 'മക്കാനീല്‌ കഴിക്കാനുള്ളതെന്തൊക്ക്യാന്ന്‌ ഇത്ബെരെ കോയാക്ക പറഞ്ഞ്‌ തെന്ന്ട്ട്ല്ല....ഞാനായിട്ട്‌ നോക്കീട്ടും ല്ല...' അബു ആലോചിച്ചു.അപ്പോഴാണ്‌ അവന്‍ കഴിച്ച ഭക്ഷണത്തെപ്പറ്റിയും രാവിലെത്തെ കോയാക്കയുടെ സംസാരവും ഓര്‍മ്മ വന്നത്‌.....ഉടന്‍ അബു പറഞ്ഞു. "നല്ല ആവി പറക്ക്ണ ബോട്ടിം പൂളേം ണ്ട്‌.....രണ്ട്‌ പ്ലേറ്റ്‌ എട്ക്കട്ടെ..." "ആഹാ.....എന്നാ രണ്ട്‌ പ്ലേറ്റ്‌ ഇങ്ങ്‌ പോരട്ടെ....കോയാക്കാ പുത്യേ അപ്പ്രന്റീസ്‌ ആള്‌ കൊള്ളാലോ..." അബുവിനെ ശ്രദ്ധിച്ചുനിന്ന കോയാക്കാക്കും അബുവിന്റെ ആദ്യപ്രകടനം ഇഷ്ടപ്പെട്ടു.രണ്ട്‌ പ്ലേറ്റ്‌ വീതം ബോട്ടിയും പൂളയും വെള്ളവും മേശപ്പുറത്തെത്തിച്ച്‌ അബു അടുത്ത ആള്‍ക്കാര്‍ക്കായി കാത്ത്‌ നിന്നു. (തുടരും ) *********************************************** പെരേന്ന്‌ = വീട്ടില്‍ നിന്ന്‌ കൊയപ്പം = കുഴപ്പം ബയീല്‌ = വഴിയില് ‍സിതി = സ്ഥിതി സോപ്പ്‌ലെറങ്ങി = സ്റ്റോപ്പ്‌ലിറങ്ങി ബട്ക്കണ്‍ = അടുക്കള കുത്തിരിക്ക്‌ = ഇരിക്കൂ ഓല്‍ക്ക്‌ = അവര്‍ക്ക്‌

Monday, August 20, 2007

തട്ടിപ്പിന്റെ ബാങ്ക്ലൂര്‍ മോഡല്‍.

ഡിഗ്രി കഴിഞ്ഞ്‌ ദിവാസ്വപ്നങ്ങള്‍ കണ്ട്‌ വായും നോക്കി നടക്കുന്ന സമയം.....ഏതോ ഒരു പരീക്ഷക്ക്‌ ചുമ്മാ ഒരപേക്ഷ അയച്ചു.കുറേ ദിവസങ്ങള്‍ക്ക്‌ ശേഷം എനിക്ക്‌ ഒരു ഹാള്‍ടിക്കറ്റ്‌ വന്നു. അക്കാലത്ത്‌ പല പരീക്ഷക്കും അപേക്ഷിച്ചിരുന്നതിനാല്‍ ഹാള്‍ടിക്കറ്റ്‌ വരുന്നത്‌ ഒരു പുതുമ ഇല്ലാത്ത കാര്യമായിരുന്നു.ആയതിനാല്‍ ഈ ഹാള്‍ടിക്കറ്റും പരീക്ഷഡേറ്റ്‌ നോക്കിയ ശേഷം എന്റെ എഴുതാപരീക്ഷാഹാള്‍ടിക്കറ്റ്‌ ബോക്സില്‍ നിക്ഷേപിച്ചു. ദിവസങ്ങള്‍ കടന്നുപോയി.ഏതോ ഒരു ഉള്‍വിളിയില്‍ പരീക്ഷക്ക്‌ രണ്ട്‌ ദിവസം മുമ്പ്‌ ഞാന്‍ ഹാള്‍ടിക്കറ്റ്‌ എടുത്ത്‌ നോക്കി. "ങേ!!പരീക്ഷാകേന്ദ്രം......ഏതോ ഒരു കോളേജ്‌, ബാങ്ക്ലൂര്‍!!!" ഞാന്‍ ഞെട്ടി.ഡിഗ്രി പഠനകാലത്ത്‌ കൂറ കപ്പലില്‍ പോയപോലെ ബാങ്ക്ലൂരില്‍ ടൂര്‍ പോയി എന്നല്ലാതെ ബാങ്ക്ലൂരും ഞാനും തമ്മില്‍ പിന്നീട്‌ യാതൊരു ബന്ധവും ഇല്ലായിരുന്നു.എങ്കിലും ബാങ്ക്ലൂരില്‍ പോയി ടെസ്റ്റ്‌ എഴുതാന്‍ തന്നെ മുടിഞ്ഞ ഒരു തീരുമാനം എടുത്തു. ബാങ്ക്ലൂരും കടന്ന് ബോംബെ (ഇപ്പോള്‍ മുംബൈ)വരെ എത്താനുള്ള കാശും ഉപ്പയുടെ അടുത്ത്‌ നിന്ന് അടിച്ചെടുത്തു. പരീക്ഷയുടെ തലേ ദിവസം രാത്രി നാട്ടിലൂടെയുള്ള ഒരു സര്‍ക്കാര്‍ ശകടത്തില്‍ ഞാന്‍ ബാങ്ക്ലൂരിലേക്ക്‌ കയറി.ഏതോ ഒരു നിര്‍ഭാഗ്യ മുഹൂര്‍ത്തത്തില്‍ ഞാന്‍ എന്റെ സഹസീറ്റുകാരനെ പരിചയപ്പെട്ടു.പട്ടാളത്തിലാണ്‌ ജോലി എന്നദ്ദേഹം എന്നോട്‌ പറഞ്ഞു.ധാരാളം അന്താരാഷ്ട്രവാര്‍ത്തകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്ത്‌ കുളമാക്കി.ഒടുവില്‍ അദ്ദേഹത്തിന്റെ വിലാസം ഞാന്‍ ചോദിച്ചു.(അന്ന് കത്തെഴുത്ത്‌ എന്റെ ജ്വരമായിരുന്നു.) പക്ഷേ പഠിച്ച കള്ളന്‍ ഇത്തരം ചിലന്തിവലയില്‍ കുടുങ്ങില്ലല്ലോ..?അദ്ദേഹം സ്നേഹപൂര്‍വ്വം എന്തോ കാരണം പറഞ്ഞ്‌ ഒഴിഞ്ഞുമാറി. അപരിചിതമായ നഗരത്തില്‍ പുലര്‍ച്ചെ നാല്‌ മണിക്ക്‌ ഞാന്‍ ബസ്സിറങ്ങി.അപ്പോഴും എന്റെ സഹയാത്രികന്‍ സഹായത്തിനെത്തി. "ഇതാണ്‌ മെജസ്റ്റിക്‌....ഇവിടെ നിന്നും അഞ്ചര മുതലേ ബസ്‌ സര്‍വീസ്‌ ആരംഭിക്കൂ....ഒരു കാര്യം ചെയ്യാം...നമുക്ക്‌ കുറച്ച്‌ നടക്കാം നിനക്ക്‌ നാടും കാണാം...പരീക്ഷാകേന്ദ്രവും ഞാന്‍ കാണിച്ചുതരാം.....ഒരു കാലിച്ചായയും അടിക്കാം...." സഹയാത്രികന്റെ നിര്‍ദ്ദേശം എനിക്കിഷ്ടപ്പെട്ടു. ഞങ്ങള്‍ നടത്തം തുടങ്ങി."ഇതാണ്‌ ......(ഏതോ ഒരു) പാര്‍ക്ക്‌.വൈകുന്നേരം ആറുമണിക്കല്ലേ തിരിച്ചുപോക്ക്‌...പരീക്ഷ കഴിഞ്ഞാല്‍ ഇവിടെ വന്നിരുന്ന് സമയം കളയാം.." അദ്ദേഹം പറഞ്ഞു."പിന്നെയ്‌....ശ്രദ്ധിക്കണം....ഇവിടെ ചില പോലീസുകാരുണ്ട്‌...വെറുതെ കൈ നീട്ടും...അഞ്ചു രൂപ കിട്ടിയാല്‍ തന്നെ വളരെ സന്തോഷമാണ്‌....പക്ഷേ കൊടുക്കരുത്‌...പറ്റിപ്പാണ്‌..." അദ്ദേഹം തുടര്‍ന്നു.നടത്തത്തിടയില്‍ ഞങ്ങള്‍ പല നാട്ടുകാര്യങ്ങളും കൂടി കൊളമാക്കി. "ഇതാണ്‌ വിധാന്‍ സൗധം - നിയമസഭാമന്ദിരം" വലതുഭാഗത്തെ നല്ലൊരു കെട്ടിടം കാണിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. "ഇതാ...ഇതാണ്‌ ------- കോളേജ്‌.നിന്റെ പരീക്ഷാകേന്ദ്രം.പരീക്ഷ കഴിഞ്ഞ്‌ ഇതേ റോഡിന്‌ തന്നെ തിരിച്ചു പോകാം" കോളേജും വഴിയും എല്ലാം എനിക്ക്‌ കാണിച്ചുതന്ന അയാളെ ഞാന്‍ മനസ്സില്‍ സ്തുതിച്ചു. "ദാ....അവിടെ ഒരു ചായക്കട....നമുക്കവിടന്ന് ഒരു കാലി അടിക്കാം...." "ശരി...ശരി.." ഞാന്‍ തലയാട്ടി.ആവിപറക്കുന്ന ചുടുചായ കുടിക്കുന്നതിനിടയില്‍ ഞാന്‍ എന്റെ സഹയാത്രികന്റെ സ്നേഹവായ്പിനെ മനസ്സില്‍ വാനോളം പുകഴ്ത്തി.ചായയുടെ കാശ്‌ കൊടുത്തുകൊണ്ട്‌ എന്റെ നന്ദി ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു. "ഇനി നമുക്ക്‌ തിരിച്ച്‌ നടക്കാം..." "ശരി.." ഞാന്‍ സമ്മതം മൂളി. "ഞാന്‍ പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ...ആര്‌ കൈ നീട്ടിയാലും കാശ്‌ കൊടുക്കരുത്‌..."അദ്ദേഹം പിന്നെയും എന്നെ ഓര്‍മ്മിപ്പിച്ചു. "ങാ...ഓര്‍മ്മയുണ്ട്‌" ഞാന്‍ തലകുലുക്കി. "അയ്യോ...!!" കീശതപ്പിക്കൊണ്ട്‌ പെട്ടെന്ന് അദ്ദേഹം പറഞ്ഞു. "എന്താ....എന്തുപറ്റി?" ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു. "അത്‌...." എന്തോ പരതുന്നപോലെ അദ്ദേഹം പറയാന്‍ മടിച്ചു. "എന്തുപറ്റി?" ഞാന്‍ വീണ്ടും ചോദിച്ചു. "പോകുന്ന വഴിക്ക്‌ എനിക്ക്‌ ഹോസ്പിറ്റലില്‍ ഒരു സുഹൃത്തിനെ കാണാനുണ്ട്‌....എന്റെ കയ്യില്‍ കാശ്‌ കുറവാ.....ആബിദ്‌ ഒരു അമ്പത്‌ രൂപ താ...വൈകിട്ട്‌ ആറുമണിയുടെ ബസ്സിനല്ലേ പോകൂ....അഞ്ചരക്ക്‌ ഞാന്‍ മെജസ്റ്റിക്കില്‍ വരാം....." അദ്ദേഹം പറഞ്ഞു. ആ 'മാന്യദേഹത്തിന്‌' ഞാന്‍ അമ്പത്‌ രൂപ എടുത്തുകൊടുത്തു. "താങ്ക്സ്‌....ഞാന്‍ പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ..സീ യൂ.." അദ്ദേഹം എന്നോട്‌ യാത്ര പറഞ്ഞു.അയാള്‍ നടന്നകലുന്നതും നോക്കി ഞാന്‍ നിന്നു. 'എത്ര നല്ല മനുഷ്യന്‍.....വൈകിട്ട്‌ ഇനി എന്നെ യാത്രയാക്കാനും വരും....എന്ത്‌ നല്ല സ്വഭാവം...' ഞാന്‍ മനസ്സില്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞ്‌ അവിടെയുമിവിടെയും കറങ്ങിത്തിരിഞ്ഞ്‌ അഞ്ചര മണിയോടെ ഞാന്‍ മെജസ്റ്റിക്കില്‍ തിരിച്ചെത്തി.എനിക്ക്‌ പോകാനുള്ള ബസ്‌ അതാ കിടക്കുന്നു.ഞാന്‍ എന്റെ സുഹൃത്തിനെ പ്രതീക്ഷയോടെ അവിടെ തിരഞ്ഞു.അദ്ദേഹത്തെ കാണാത്തതിനാല്‍ ഞാന്‍ ബസ്സില്‍കയറിയിരുന്ന് പുറത്തേക്ക്‌ തന്നെ നോക്കി ഇരുന്നു. 'പാവം....ഒരു പക്ഷേ എന്നെ അന്വേഷിച്ച്‌ നടക്കുകയാവും' മനസ്സില്‍ മന്ത്രിച്ചുകൊണ്ട്‌ എല്ലാവരും എന്നെ കാണുംവിധത്തില്‍ ബസ്സിന്റെ ഷട്ടര്‍ പൊക്കി ബസ്‌ ഷെല്‍ട്ടറിലേക്ക്‌ കണ്ണും നട്ട്‌ ഞാന്‍ ഇരുന്നു. സമയം ഇഴഞ്ഞ്‌ നീങ്ങി...അവസാനം ആറ്‌ മണിയായി...എന്നിട്ടും എന്റെ സുഹൃത്തിനെ കണ്ടില്ല...ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു....ഞാനെന്റെ സുഹൃത്തിന്‌ വേണ്ടി ഒന്നുകൂടി മെജസ്റ്റിക്കിലാകെ കണ്ണോടിച്ചു.....ബസ്‌ മെജസ്റ്റിക്‌ വിടുകയായി....എന്റെ സുഹൃത്ത്‌..?എന്റെ അമ്പത്‌ രൂപ..??പെട്ടെന്നാണ്‌ രാവിലെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്നിക്കോര്‍മ്മ വന്നത്‌.... "ഇവിടെ ചില പോലീസുകാരുണ്ട്‌...വെറുതെ കൈ നീട്ടും..........പറ്റിപ്പാണ്‌..." "അയ്യോ....എന്റെ അമ്പത്‌ രൂപ ആ വിരുതന്‍ അമുക്കി.." ബസ്‌ മെജസ്റ്റിക്‌ വിടുമ്പോഴാണ്‌ ആ ദു:ഖസത്യം ഞാന്‍ തിരിച്ചറിഞ്ഞത്‌.

Friday, August 17, 2007

മലയാളത്തിന്റെ മാഞ്ഞാളം

അന്നും പതിവുപോലെ സൂര്യന്‍ കിഴക്കുദിച്ചു.ക്ലോസപ്പിന്റെ നുരയുന്ന പത വായിലും , പരിശുദ്ധമെന്ന്‌ ലേബലുള്ള എണ്ണ കഷണ്ടിത്തലയിലും ഇരുപത്തി ഏഴോ മറ്റോ തവണ കുളിപ്പിക്കുന്ന സോപ്പിന്റെ പത ശരീരത്തിലും തേക്കുന്ന എല്ലാ പ്രഭാത കുറ്റകൃത്യങ്ങളും അന്നും ലംബോധരന്‍ മാഷ്‌ തെറ്റിച്ചില്ല.നവോന്മേഷത്തോടെ സ്കൂളിലേക്ക്‌ അടിവക്കുമ്പോളാണ്‌ മാസ്റ്ററുടെ അയല്‍വാസിയായ ഞാന്‍ അങ്ങാടിയിലേക്കിറങ്ങിയത്‌. "good Morning" ഞാന്‍ മാസ്റ്ററെ അഭിവാദ്യം ചെയ്തു. "ങാ....സുപ്രഭാതം " പതിവ്‌ തെറ്റിയ പ്രത്യഭിവാദ്യം എന്റെ ശ്രദ്ധയില്‍ പെട്ടില്ല. "മാഷേ.....സ്കൂളൊക്കെ എങ്ങനെ പോകുന്നു ? റിട്ടയര്‍മന്റ്‌ ലൈഫൊക്കെ പ്ലാന്‍ ചെയ്തോ ?" കുശലാന്വേഷണത്തിനായി എന്റെ വായില്‍ നിന്നും വന്ന ചോദ്യം പ്രായത്തെ കുറിച്ചോര്‍മ്മിപ്പിക്കുന്നത്‌ കൂടിയായി. "ങാ....പള്ളിക്കൂടം കുഴപ്പമില്ലാതെ മുന്നോട്ട്‌ പോകുന്നു.സേവനാനന്തരകാല പരിപാടികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല....തനിക്ക്‌ വല്ല അഡ്‌...സോ.......അല്ല...അല്ല....ഉപദേശനിര്‍ദ്ദേശങ്ങള്‍ തരാനുണ്ടോ ?" ജാള്യതയോടെ എന്തൊക്കെയോ മറച്ചുവച്ച്കൊണ്ട്‌ മാസ്റ്റര്‍ പറഞ്ഞു. "നോ...നോ....ഹൗ കാന്‍ ഐ അഡ്വൈസ്‌ എ സീനിയര്‍ പേഴ്സണ്‍ ലൈക്‌ യൂ..." എന്റെ വായില്‍ നിന്നും അല്‍പം ഇംഗ്ലീഷ്‌ നുരയൊഴുകി. മാസ്റ്റര്‍ വീണ്ടും മൗനം അവലംബിച്ചു.പതിവിന്‌ വിപരീതമായുള്ള മാസ്റ്റെറുടെ മൗനം എന്നില്‍ എന്തോ പന്തികേടുണ്ടാക്കി.കൂടുതല്‍ സമയം കളയാതെ ഞാന്‍ മാസ്റ്ററോട്‌ ഗുഡ്ബൈ ചൊല്ലി. * *** ****** ****** * * * * * * വൈകുന്നേരം ലംബോധരന്‍ മാസ്റ്റര്‍ തിരിച്ച്‌ എത്തുമ്പോള്‍ ഞാന്‍ എന്റെ പൂമുഖപടിയില്‍ പേപ്പര്‍ വായിച്ചിരിക്കുകയായിരുന്നു.കാളിംഗ്‌ ബെല്ലിന്‌ അകമ്പടിയായി എത്തുന്ന Good evening dear എന്ന പ്രയോഗം അസൂയയോടെ എന്നും ഞാന്‍ കേട്ടിരുന്നു.അന്നും ഞാനാ സ്നേഹമന്ത്രണത്തിന്‌ കാതോര്‍ത്തു. "സുസായാഹ്നം പ്രിയതമേ...!!" പുത്തനഭിവാദ്യം എനിക്കെന്ന പോലെ മാസ്റ്ററുടെ ശ്രീമതിക്കും ദഹിച്ചില്ല എന്ന്‌ തോന്നുന്നു.അന്തം വിട്ടു നിന്ന ശ്രീമതി ടീച്ചറെ നോക്കി ലംബോധരന്‍ മാഷ്‌ അടുത്തവെടി പൊട്ടിച്ചു. "വൈ ആര്‍ യൂ..... സോ....അല്ല..അല്ല...എന്താടീ നീ കുന്തം വിഴുങ്ങിയ പോലെ നില്‍ക്കണേ...?'പതിവില്ലാതെ ശ്രീമതി ടീച്ചറോടുള്ള ചോദ്യത്തിലെ പന്തികേട്‌ രാവിലെ എനിക്കനുഭവപ്പെട്ട പന്തികേടിനോട്‌ സംകലനം ചെയ്ത്‌ ഒരു നിഗമനത്തിലെത്തിയതിനാല്‍ ഞാന്‍ വീട്ടിനകത്തേക്ക്‌ കയറി മാസ്റ്ററുടെ ബാക്കി ഡയലോഗ്ഗുകള്‍ ഞാന്‍ ശ്രദ്ധിച്ചു. "വാട്ട്‌.....സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്യാന്‍ സമയത്ത്‌ വല്ല ട്രാന്‍സ്ഫറോ മെമ്മോയോ കിട്ടിയോ....അതോ ഹെഡ്മാസ്റ്റര്‍...." മാസ്റ്ററുടെ സ്വഭാവമാറ്റം ശ്രദ്ധിച്ച ടീച്ചര്‍ ചോദിച്ചു. "ഇല്ലെടീ ഇല്ല....സ്ഥലമാറ്റമൊന്നും ഇല്ല....പ്രധാനാദ്ധ്യാപകന്‍ ഒന്നും പറഞ്ഞുമില്ല.....പക്ഷേ ഒരു പരിപത്രം തന്നു...." "ങേ....താമ്രപത്രം എന്ന്‌ കേട്ടിട്ടുണ്ട്‌...പരിപത്രം...? അതെന്ത്‌ പത്രമാ...?" "ങാ...അങ്ങനെ ഒരു പത്രം....നിവൃത്തി വേദനം കണക്കാക്കാന്‍ അടിസ്ഥാന ശമ്പളം , ക്ഷാമബത്ത. സ്ഥാനപനതാ ബത്ത, ഉത്സവ ബത്ത തുടങ്ങീ എല്ലാ ബത്തകളും കൂട്ടിവച്ച്‌ എണ്ണിച്ചുട്ട്‌ വാങ്ങുന്ന ഉലുവാ എത്രയെന്ന്‌ എഴുതികൊടുക്കാന്‍ ഒരു പരിപത്രം...." "ശ്ശൊ....അതങ്ങ്‌ എഴുതിക്കൊടുക്കാനാണോ ഇത്ര പ്രയാസം...? അതും പരിപത്രവും തന്നിട്ട്‌...." ടീച്ചര്‍ക്ക്‌ മനസ്സിലായില്ല. "അതല്ലെടീ പ്രശ്നം....അത്‌ കണക്കാക്കാന്‍ ഞാന്‍ പരികലനെ എല്ലായിടത്തും അന്വേഷിച്ചു...." "ആരെ.....ആരെ.... അന്വേഷിച്ചൂന്ന്‌...?" "പക്ഷേ...പരികലന്‍ സംഗണകന്‍ മുറിയിലായിരുന്നു...." ടീച്ചറുടെ ചോദ്യം കേള്‍ക്കാതെ മാസ്റ്റര്‍ തുടര്‍ന്നു. "ങേ ....ദൈവമേ.." മാസ്റ്ററുടെ സംസാരത്തില്‍ പന്തികേട്‌ തോന്നിയ ടീച്ചര്‍ ഫോണിനടുത്തേക്ക്‌ ഓടി , റിസീവറെടുത്ത്‌ ഏതോ നമ്പറില്‍ ആഞ്ഞ്‌ കുത്തി. "സംഗണാകാദ്ധ്യാപകന്‍ മുറി തുറന്നപ്പോള്‍ പരികലകനെ ..." ടീച്ചര്‍ പോയതറിയാതെ മാസ്റ്റര്‍ തുടര്‍ന്നു. "ഡോക്ടര്‍....ഉടന്‍ ഇവിടം വരെ വരണം....മാഷ്‌ എന്തൊക്കെയോ പിച്ചും പേയും പറയുന്നു....ഉടന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍....ങും....ങും...." റ്റീച്ചര്‍ ഡോക്ടര്‍ക്ക്‌ ഫോണ്‍ ചെയ്തു. "പരികലനില്‍ ഞാന്‍..." അല്‍പസമയത്തിനകം മുറ്റത്ത്‌ ഒരു കാര്‍ വന്നു നിന്നു. ഡോക്ടര്‍ കാറില്‍ നിന്നുമിറങ്ങിയതും ടീച്ചര്‍ ഓടിക്കിതച്ചെത്തി. "ഇതുവരെ ഒരു കുഴപ്പവുമില്ലായിരുന്നു...സ്കൂള്‍ വിട്ട്‌ വന്നതില്‍ പിന്നെ തുടങ്ങിയതാ..." ടീച്ചര്‍ ഒറ്റ ശ്വാസത്തില്‍ വിവരങ്ങല്‍ പറഞ്ഞു. "good Evening" ഡോക്ടര്‍ ലംബോധരന്‍ മാസ്റ്റെറെ അഭിവാദ്യം ചെയ്തു. "ങാ....ആരിത്‌? എന്താ പതിവില്ലാതെ ഇതുവഴി...?" "ടീച്ചര്‍ കാള്‍ഡ്‌ മീ ആന്റ്‌ റ്റോള്‍ഡ്‌ യൂ ആര്‍ അബ്നോര്‍മല്‍...സ്പീക്കിംഗ്‌ അബ്നോര്‍മലി..." "ഞാന്‍....ഞാന്‍ അസാധാരാണമായൊന്നും സംസാരിച്ചില്ലല്ലോ....പള്ളിക്കൂടത്തില്‍ ഇന്ന്‌ നടന്ന ഒരു കാര്യത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു...." ലംബോധരന്‍ മാസ്റ്റര്‍ ഭാര്യയുടെ മുഖത്തേക്ക്‌ നോക്കി പറഞ്ഞു. "ങാ..എന്ത്‌ കാര്യം..?" ഡോക്ടര്‍ ചോദിച്ചു "പ്രധാനാദ്ധ്യാപകന്‍ ഒരു പരിപത്രം തന്നു...." "ങേ....പരിപത്രമോ...?.?" "പരിപത്രം....എന്നു വച്ചാല്‍ സര്‍ക്കുലര്‍...(പറഞ്ഞ ശേഷം രണ്ട്‌ തവണ മാസ്റ്റര്‍ മുറ്റത്തേക്ക്‌ കാര്‍ക്കിച്ചു തുപ്പി)...എന്റെ നിവൃത്തി വേദനം കണക്കാക്കാന്‍ സ്ഥാനപനതാബത്തയും മറ്റും..." "ങേ....എന്ത്‌...എന്ത്‌?" "അതായത്‌ പെന്‍ഷന്‍ കണക്കാക്കാന്‍ ഒഫീഷ്യേറ്റിംഗ്‌ അലവന്‍സും (വീണ്ടും മാസ്റ്റര്‍ നാല്‌ തവണ കാര്‍ക്കിച്ചു തുപ്പി) മറ്റും എഴുതി കൊടുക്കാന്‍ പറഞ്ഞു.അത്‌ നല്‍കാന്‍ ഞാന്‍ പരികലകനെ അന്വേഷിച്ചപ്പോള്‍ അത്‌ സംഗണക മുറിയില്‍ ...." "വാട്ട്‌...മൈ ഗോഡ്‌..." ഡോക്ടറും റ്റീച്ച്രും ഒരുമിച്ചലറി. "ശ്ശൊ.....നിങ്ങളൊക്കെ ഭൂമി മലയാളത്തിലല്ലേ വസിക്കുന്നത്‌ ? നേരെ ചൊവ്വെ മലയാളം പറയാനും സമ്മതിക്കില്ലല്ലോ....കാല്‍കുലേറ്റര്‍ അന്വേഷിച്ചപ്പോള്‍ കമ്പ്യൂട്ടര്‍ മുറിയിലാണെന്ന് ..." അല്‍പം ദ്വേഷ്യത്തോടെ പറഞ്ഞ്‌ മാസ്റ്റര്‍ വീണ്ടും നാല്‌ തവണ കാര്‍ക്കിച്ചു തുപ്പി. "ഈ വിവരം ഞാന്‍ സഹധര്‍മിണിയോട്‌ പറയുകയായിരുന്നു...അതിനിടയിലാണ്‌ താങ്കള്‍ ഇങ്ങോട്ട്‌ വന്നത്‌..." "ഓഹോ....ശരി...ശരി.." ഡോക്ടര്‍ക്ക്‌ സംഗതി പിടികിട്ടി. "എന്നാ പിന്നെ ഞാനിറങ്ങട്ടെ....." ജാള്യതയോടെ നില്‍ക്കുന്ന ടീച്ചറെ നോക്കി ഡോക്ടര്‍ യാത്ര പറഞ്ഞു. 'മലയാളത്തിന്റെ മാഞ്ഞാളം....' പിറുപിറുത്തുകൊണ്ട്‌ അകത്തേക്ക്‌ കയറിപ്പോകുന്ന ടീച്ചറെയും സംഭവിച്ചതെന്തന്നറിയാതെ ഇരിക്കുന്ന ലംബോധരന്‍ മാസ്റ്ററെയും വീക്ഷിച്ചിരുന്ന എന്റെ മനസ്സ്‌ മന്ത്രിച്ചു.

Thursday, August 16, 2007

കുട്ടപ്പേട്ടന്റെ 'സ്വാതന്ത്ര്യദിന സന്ദേശം'

പാരമ്പര്യമായി ഫുള്‍ടൈം 'വെള്ള'ത്തിലായതിനാലാവും കുട്ടപ്പേട്ടന്റെ കുടുംബപേരായിരുന്നു നല്ലതണ്ണി.സ്വാതന്ത്ര്യദിനത്തില്‍ ഡബിള്‍ഫുള്‍ വീശി സ്വാതന്ത്ര്യം നന്നായി ആഘോഷിക്കാനുള്ള പുറപ്പാടിലാണ്‌ കുട്ടപ്പേട്ടന്‍. "ഡേ.....എല്ലാരും ഒന്നെന്റെ ചുറ്റും കൂടി നിന്നേ..." ആടി ഉലയുന്ന കുട്ടപ്പേട്ടന്‍ പറഞ്ഞു. "എന്താ....കാറ്റടിക്കുമ്പം വീഴാതിരിക്കാനാണോ..?" ആരോ ചോദിച്ചു. "ഫൂ...ഒരു സ്വാതന്ത്ര്യദിന സന്ദേശം തരാനാ.....അങ്ങ്‌ ദൂരെ...ദൂരെ...." ദൂരേക്ക്‌ കൈ ചൂണ്ടിയ കുട്ടപ്പേട്ടന്‍ ബാക്കി കിട്ടാതെ തപ്പിത്തടഞ്ഞു. "ദൂരെ...ദൂരെ എന്താ..?" കുട്ടപ്പേട്ടന്‍ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയവര്‍ ചോദിച്ചു. "ദൂരെ..ദൂരെ കിണ്ടി...ആ....കിട്ടി....ചെങ്കോട്ടയില്‍ ലാല്‍സലാം മൂവര്‍ണ്ണക്കൊടി ഉയര്‍ത്തുന്നതാരാടോ ?" കുട്ടപ്പേട്ടന്റെ ചോദ്യം കേട്ട്‌ എല്ലാവരും ഞെട്ടി. "കൂശ്മാണ്ഠങ്ങള്‍.....ഒരു മിനറല്‍ നോളജും ഇല്ല....മുക്യമന്ത്രി അവുല്‍ഫക്കീര്‍ മന്മോഹന്‍സിംഗ്‌...മൂപ്പര്‌ എന്താ ചെങ്കോട്ടയില്‍ തന്നെ പതാക ഉയര്‍ത്തുന്നത്‌ എന്നറിയോ ?" എല്ലാവരും വീണ്ടും മിഴിച്ച്‌ നിന്നു. "ഫൂ ....അതും അറ്യാത്ത കാട്മണ്ഠുകള്‍..പുള്ളി അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഒരു പ്രധാന സ്ഥാപനമാ ചെങ്കോട്ട....അതോണ്ട്‌...." കുട്ടപ്പേട്ടന്‍ വിശദീകരിച്ചു. "ഓഹോ" "അതുപോലെ നമ്മള്‍ അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഒരു പ്രധാന സ്ഥാപനമാ ഇത്‌...." കള്ള്ഷാപ്പ്‌ ചൂണ്ടിക്കൊണ്ട്‌ കുട്ടപ്പേട്ടന്‍ പറഞ്ഞു. "അവിടെ അതാ.....ആ കാണുന്ന കൊടി ഉയര്‍ത്തിയത്‌ ആരാന്നറിയോ..? ഈ നല്ലതണ്ണി കുട്ടപ്പന്‍.." ഷാപ്പിന്റെ ഓലമറയില്‍ തിരുകിവച്ച ചെറിയൊരു പതാക ചൂണ്ടിക്കാണിച്ച്‌ നെഞ്ചില്‍ ശക്തിയിലടിച്ച്‌ കുട്ടപ്പേട്ടന്‍ പറഞ്ഞു. "അപ്പോ...ഞാനാരാ..? പ്രധാനമന്ത്രി നല്ലതണ്ണി കുട്ടപ്പന്‍..ഈ പ്രധാനമന്ത്രിക്ക്‌ സംരക്ഷണം നല്‍കാനാടോ നിന്നോടെല്ലാം എന്റെ ചുറ്റും കൂടി നില്‍ക്കാന്‍ പറഞ്ഞത്‌.....മനസ്സിലായോ -----------ന്റെ മക്കളേ...." കൂടുതല്‍ തെറി വായില്‍നിന്നും പുറപ്പെടുന്നതിന്‌ മുമ്പ്‌ കുട്ടപ്പേട്ടന്റെ 'സ്വാതന്ത്ര്യദിന സന്ദേശം' കേട്ടവര്‍ ഉടന്‍ പിരിഞ്ഞുപോയി ..

Tuesday, August 14, 2007

ദിശയും ഉദ്ദേശവും

"തിരുമേനീ എങ്ങോട്ടാ...?" നമ്പൂരിയുടെ എതിരെ വന്ന രാമേട്ടന്‍ ചോദിച്ചു "വടക്കോട്ടാ..." നമ്പൂരിയുടെ ഉത്തരം ഉടന്‍ വന്നു. "ഉം...എന്താ ഉദ്ദേശം..?" "എങ്കി തെക്കോട്ടാവാം...അപ്പോ നമുക്കും രാമന്റെ അതേ ഉദ്ദേശം തന്നെ ആവൊല്ലോ....എന്താ രാമന്റെ ഉദ്ദേശം ? " ചെറുചിരിയോടെ രാമേട്ടന്റെ അതേ ദിശയില്‍ തിരിഞ്ഞുനടന്നുകൊണ്ട്‌ നമ്പൂരി ചോദിച്ചു.

പൂച്ചകുഞ്ഞിന്റെ മരണം - ഒരന്വേഷണ ഗാഥ

അയല്‍പക്കത്തെ കുടിയേറ്റക്കാരന്‍ പൂച്ചകുഞ്ഞ്‌ ചത്തു.കുട്ടികള്‍ ചുറ്റും കൂടി.DPEP യുടെയും SSA യുടെയും അനന്തരഫലങ്ങള്‍ കുട്ടികളില്‍ നിന്നും പതഞ്ഞുപൊങ്ങാന്‍ തുടങ്ങി. "പൂച്ചമ്മ പാല്‌ കൊടുക്കാത്തത്‌ കൊണ്ടാ കുഞ്ഞ്‌ ചത്തത്‌..." അല്‍താഫ്‌ ആദ്യ മരണക്കുറിപ്പ്‌ ഇറക്കി. "പോടാ അതൊന്നുമല്ല..." ശഹാമ അല്‍താഫിനെ പിന്താങ്ങിയില്ല. "എങ്കി നീ പറ...എങ്ങനെയാ ചത്തതെന്ന്...." അല്‍താഫും വിട്ടില്ല. "അത്‌.....പൂച്ചകുഞ്ഞിന്‌ ആയുസ്സില്ലാത്തതുകൊണ്ട്‌..." ചിരിയുടെ അകമ്പടിയോടെ ശഹാമ പറഞ്ഞു. "പോടീ ....വിറ്റടിക്കാതെ..." ഉണ്ണി ഇടയില്‍ കയറി. "ആ...എങ്കില്‍ നീ പറയെടാ.....മരണകാരണം..."ശഹാമ ഉണ്ണിയുടെ നേരെ തിരിഞ്ഞു. "പൂച്ചകുഞ്ഞ്‌ മഴയത്ത്‌ ജോണ്‍സ്‌ കുട ചൂടാത്തത്‌കൊണ്ട്‌..." ഉണ്ണി തന്റെ സ്റ്റാന്റ്‌ അവതരിപ്പിച്ചു. "ഫൂ......ജഗദീശ്‌ ബിറ്റ്‌.....വളിപ്പ്‌...." ആരൊക്കെയോ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും ലുലുവും ഫാത്തിമയും കുശുകുശുത്തു.ശേഷം അവര്‍ ഒരുമിച്ച്‌ പറഞ്ഞു. "ഞങ്ങള്‍ പറയാം..." "ഓ....കേള്‍ക്കട്ടെ....പെണ്ണുങ്ങളുടെ അഭിപ്രായം...." അല്‍താഫും ഉണ്ണിയും മൊഴിഞ്ഞു. "അതോ...അത്‌...കടക്കെണിമൂലം ആത്മഹത്യ ചെയ്തതാ...." ചിരിച്ചുകൊണ്ട്‌ ലുലുവും ഫാത്തിമയും പറഞ്ഞു. "കൂയ്‌..കൂയ്‌...അതൊന്നുമല്ല..." കൂട്ടത്തില്‍ ഏറ്റവും പയ്യനായ റയീസിന്റെ ശബ്ദമുയര്‍ന്നു. "ആ...എങ്കില്‍ നീ പറാ.." എല്ലാവരും റയീസിന്റെ നേരെ തിരിഞ്ഞു. "അതോ...പൂച്ചകുഞ്ഞ്‌ ചത്തത്‌ പുര്‍ക്ക* കടിച്ച്‌ 'മട്ടന്‍ കെനിയ' എന്ന സൊക്കേട്‌* പിടിച്ചാ!!! "****************************** പുര്‍ക്ക = കൊതുക്‌ സൊക്കേട്‌ = അസുഖം

Sunday, August 12, 2007

രണ്ടാം ലൊകമഹായുദ്ധം മൂന്നാം ദിവസം സംഭവിച്ചത്‌ !!!

തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രിപ്പേര്‍ ചെയ്യാതെയാണ്‌ ചരിത്രാധ്യാപകനായ നൌഷാദ്‌ മാസ്റ്ററ്‍ ട്യൂഷന്‍ ക്ലാസ്സിലെത്തിയത്‌.രണ്ടാം ലൊകമഹായുദ്ധത്തെപ്പറ്റിയുള്ള ക്ലാസ്സ്‌ മൂന്നാം ദിനത്തിലേക്ക്‌ നീട്ടി എടുക്കുകയാണ്‌. "ജപ്പാനിലെ ഹിരൊഷിമക്ക്‌ മുകളിലൂടെ ബൊംബ്‌ നിറച്ച അമേരിക്കന്‍ വിമാനം വട്ടമിട്ട്‌ പറന്നു.... " കുട്ടികളെ ആകാംക്ഷാഭരിതരാക്കാന്‍ വേണ്ടി നൌഷാദ്‌ മാസ്റ്ററ്‍ വീണ്ടും പറഞ്ഞു. തൊട്ടപ്പുറത്ത്‌ ഒഫീസ്‌ മുറിയില്‍ മൂന്നാം ദിവസവും ഇത്‌ കേട്ട്‌ കൊണ്ടിരുന്ന പ്രിന്‍സിപ്പാള്‍ മന്‍സൂറ്‍ മാസ്റ്ററ്‍ ചുമരിന്‌ മുകളിലൂടെ എത്തി നൊക്കി കൊണ്ട്‌ ഒരു ഒര്‍ഡര്‍ - "നൌഷാദേ....ഇനി ആ ബൊംബങ്ങ്‌ ഇട്ടേക്ക്‌....മൂന്ന് ദിവസമായി വിമാനം ഹിരൊഷിമയുടെ മുകളില്‍ ചുറ്റിപ്പറക്കാന്‍ തുടങ്ങിയിട്ട്‌.!.!. " സൈക്കിളില്‍ നിന്ന് വീണ ചിരിയൊടെ നൌഷാദ്‌ മാസ്റ്റെരും ഞങ്ങളുറ്റെ കൂട്ടച്ചിരിയില്‍ പങ്കുകൊണ്ടു.

Saturday, August 11, 2007

മോല്യാരുടെ ചിന്തകള്‍

ആഴ്ചകള്‍ പിന്നിട്ടു.അര്‍മാന്‍ മോല്യാരുടെ മനസ്സില്‍ അബുവിണ്റ്റെ വിവാഹം എന്ന ഗുലുമാല്‍ കെട്ടിമറിയാന്‍ തുടങ്ങി.പ്രശ്നം ആദ്യം എവിടെ അവതരിപ്പിക്കണമെന്ന്‌ തീര്‍ച്ചയാക്കാന്‍ മോല്യാര്‍ക്ക്‌ പിന്നെയും ആഴ്ചകള്‍ വേണ്ടി വന്നു.കല്ലായി പോയി സമ്മതം ചോദിച്ചിട്ട്‌ നാളേക്ക്‌ രണ്ട്‌ മാസം തികയുന്നു.ഇത്രയുമായ സ്ഥിതിക്ക്‌ ഇനി പിന്നോട്ട്‌ പോകുന്നത്‌ ശരിയല്ല.പക്ഷേ...അബൂണ്റ്റെ വായീന്ന്‌ സംഗതി കേട്ട ദിവസം ബീപാത്തൂനോട്‌ കയര്‍ത്തതും മോലിയുടെ വീട്ടില്‍ പോയി കോലാഹലമുണ്ടാക്കിയതും ശരിയായില്ല.ഇനിയിപ്പോ ഈ കല്യാണം നിശ്ചയിക്കാനും......' അര്‍മാന്‍ മോല്യാര്‍ക്ക്‌ ആകെക്കൂടി ആശയക്കുഴപ്പമായി. 'ഏതായാലും അന്ന്‌ മോലിയുടെ വീട്ടില്‍ പോയപ്പോള്‍ മോലിയെ നേരിട്ട്‌ കണ്ടിട്ടില്ല.പറ്യാനുള്ളതെല്ലാം കദീശുണ്റ്റട്ത്ത്‌ പറഞ്ഞിട്ടാ പോന്നത്‌ അതോണ്ട്‌ ആദ്യം മോലിയെ നേരില്‍ കാണാം.കല്ലായീന്നും കേട്ട കാര്യങ്ങള്‍ മോലിണ്റ്റട്ത്ത്‌ പറ്യാനും ബയ്യ.സ്രീതനം കൊട്ക്കാന്‍ മോലിണ്റ്റട്ത്ത്‌ കായിണ്ടാവൂല.അപ്പം കല്യാണം കൊറച്ച്‌ കയ്ഞ്ഞിട്ടാ മോലിക്കും നല്ലത്‌.അയിണ്റ്റെ മുമ്പ്‌ ഓള്‍ക്ക്‌ ബേറെ കല്യാണം ഏതെങ്കിലും ബെന്നാല്‍..? അതങ്ങട്ട്‌ ഓന്‍ സമ്മയ്ച്ചും ചെയ്താല്‍..?ഞമ്മള്‌ കല്ലായി പോയതും ഈ തല പുണ്ണാക്ക്ണതും ഒക്കെ ബാത്തിലാവും*....' അര്‍മാന്‍ മോല്യാര്‍ തലപുകഞ്ഞ്‌ ആലോചിച്ചുകൊണ്ടിരുന്നു. 'അതോലെ ബീപാത്തൂനും ഈ കല്യാണത്തിന്‌ മൊടക്കുണ്ടോന്ന്‌ അന്വേസിക്കണം...ചെക്കന്‍ ഓളെ ബീട്ട്‌ലാ.....ഓള്‍ക്കുണ്ടാവും മരോള്‌ എങ്ങനായിര്‍ക്കണംന്ന്‌ ബിചാരം...മോലിണ്റ്റെ മോള്‌ കായികൊണ്ട്‌ ഓള്‍ക്ക്‌ ഒക്കും.....സ്വബാവും കൊയപ്പംല്ലാന്ന്‌ തോന്ന്ണ്ണ്ണ്ട്‌....ചൊര്‍ക്ക്‌* പിന്നെ ഓല്‌ ബാല്യേക്കാര്‌ തീര്‍മാനിച്ചണ്ട്യതാ... ' 'ഞമ്മക്ക്‌ കജ്ജ്ണ കോലത്തില്‌ ഞി രണ്ട്‌ കൂട്ടരേം അങ്ങട്ടട്പ്പിക്കണം.പെട്ടന്നങ്ങട്ട്‌ കേക്കുമ്പം രണ്ടൂട്ടര്‍ക്കും ഒര്‌ തീര്‍മാനം ക്ട്ടൂല....ചെക്കണ്റ്റെ ബാഗത്ത്‌ ഞി ബീപാത്തു സമ്മയിച്ചാ മതി.മോലിണ്റ്റെ ബാഗത്ത്‌ മോലിണ്റ്റിം കദീസൂണ്റ്റിം ബാക്കിള്ളോടൊക്കെ ചോയ്ച്ച്‌ തീര്‍മാനിക്കേണ്ടി ബെരും.....ഓണ്റ്റെ ബാക്കിള്ളോല്‌ യൌട്യാന്ന്‌ ഓനെന്നെ അറ്യോന്ന്‌ തംസ്യാ*....' 'ആ ഞി ആലോയിച്‌ ആലോയിച്‌ തല പുണ്ണാക്കണ്ട....ഓത്തള്ളി ബ്ട്ട്ട്ട്‌ നേരെ മോലിണ്റ്റട്ത്തണ്ട്‌ പോവ....ഓനോട്‌ ബേം കല്യാണത്തിന്‌ കായിണ്ടാക്കാന്‍ പറ്യ.....ന്നട്ട്‌ ഓണ്റ്റെ ബാക്കിള്ളോലോട്‌ ബീരം പറ്യാനും പറ്യ....പിന്നെ ബീപാത്തൂണ്റ്റട്ത്ത്‌ പോയി ഓളോടും അത്‌ ബെരെള്ള ബിസേസങ്ങള്‍ പറ്യാ...ന്നട്ട്‌ മജ്ജത്തായാലും* മാണ്ടില്ല.. ' ഓരോന്നാലോചിച്ചുകൊണ്ട്‌ മോല്യാര്‍ ഓത്തുപള്ളിയിലെത്തി.നേരെ ആറാം ക്ളാസ്സില്‍ പോയി വിളിച്ചു."സൈനബാ... " "ഓള്‌ ബന്ന്‌ട്ട്‌ ഇന്നക്ക്‌ രണ്ട്‌ മാസായി..." ആരോ പറഞ്ഞു. "ങേ!!! രണ്ട്‌ മാസോ ???" മോല്യാര്‍ ഞെട്ടി. ഉടന്‍ അഞ്ചാം ക്ളാസ്സില്‍ പോയി വിളിച്ചു." അബോ... " "അബുപ്പം ബെരല്ല്ലാ.. " "ങേ...അപ്പം ബലാലേള്‍ രണ്ടും കൂടി നാട്‌ ബ്ട്ടോ..?യാ മുഹ്‌യുദ്ദീന്‍ ശൈഖ്‌... " 'ബേം മോലിണ്റ്റെ ബീട്ട്‌ല്‌ പോയി ചോയ്ചില്ലെങ്കി ആകെ കുലുമാലാവും...നാട്നും നാട്ടാര്‍ക്കും കൊണം കെട്ടെ ഏര്‍പ്പാടാവും...' ആത്മഗതം ചെയ്തുകൊണ്ട്‌ മോല്യാര്‍ മോലിയുടെ വീട്‌ ലക്ഷ്യമാക്കി കുതിച്ചു. (തുടരും) *********************************** ബാത്തിലാവുക = വെറുതെയാവുക ചൊര്‍ക്ക്‌ = സൌന്ദര്യം തംസ്യം = സംശയം മജ്ജത്താവുക = മരിക്കുക

Tuesday, August 07, 2007

നടക്കാനുള്ള ടിക്കറ്റ്‌.

ഞങ്ങളുടെ നാട്ടില്‍ ഒരു പ്രദര്‍ശന ഫുട്ബാള്‍ മല്‍സരം നടക്കുന്ന ദിവസം.അരീക്കോട്‌ ഇലവനും കേരള ഇലവനും തമ്മിലായിരുന്നു കളി.പ്രവേശന ടിക്കറ്റുകള്‍ രാവിലെതന്നെ സ്റ്റേഡിയത്തില്‍ വില്‍പന തുടങ്ങിയിരുന്നു. കളി കാണാനായി നമ്പൂരിയും പുറപ്പെട്ടു.വഴിയില്‍ വച്ച്‌ ടിക്കറ്റ്‌ റാക്കുമായി വരുന്ന കണ്ടക്ടര്‍ അനില്‍ നമ്പൂരിയെ കണ്ടു. "നമ്പൂരീ....എങ്ങോട്ടാ?" അനില്‍ ചോദിച്ചു. "നമ്മുടെ കുട്ട്യേളെ കളി ഒന്ന് കാണാന്ന് വച്ചു...." " ടിക്കറ്റ്‌ എടുത്തോ ?" 'ഈശ്വരാ....!!! റോട്ടിലൂടെ നടക്കാനും ടിക്കറ്റോ.?' ആത്മഗതം ചെയ്തുകൊണ്ട്‌ നമ്പൂരി പറഞ്ഞു - " എങ്കി സ്റ്റേഡിയം വരെ നടക്കാനുള്ള ഒരു ടിക്കറ്റ്‌ വേഗം താ...."

ജനകീയ ബഹളം

ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഈവനിംഗ്‌വോക്കിന്‌ ഇറങ്ങിയതായിരുന്നു ഞാന്‍.സംശയം വേണ്ട...ജനകീയാസൂത്രണത്തിന്റെ ഭാഗമായി തന്നെ!!! ആരോഗ്യദൃഢഗാത്രപൗരന്‍ എന്നൊരു പുത്തന്‍സാധനത്തെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഗുണഭോക്താവ്‌ എന്ന നിലക്ക്‌ അമ്പത്‌ രൂപയുടെ മുദ്രക്കടലാസില്‍ ഒപ്പിട്ടപ്പോള്‍ അതിലെ അവസാനത്തെ നിബന്ധന ആയിരുന്നു ദിവസേന ഒരു ഈവനിംഗ്‌വോക്ക്‌.ഈ ഈവനിംഗ്‌വോക്കിലാണ്‌ ജനകീയം എന്ന ജനകീയ പദത്തെ കൂടുതല്‍ അടുത്തറിയാന്‍ എനിക്ക്‌ സാധിച്ചത്‌. ഞാന്‍ നടക്കുന്നത്‌ റോഡിലൂടെയാണ്‌..വെറും റോഡല്ല...ജനകീയ റോഡ്‌....വെട്ടുകുഴികളോ മാവേലിക്കുഴികളോ സ്വിമ്മിംഗ്‌ പൂളുകളോ വാഴ - ചേന കൃഷികളോ ഇല്ലാത്ത സുന്ദരമായ റോഡ്‌ അല്ല ഈ ജനകീയ റോഡ്‌...ഒരു റോഡിന്റെ മേല്‍ പറഞ്ഞ എല്ലാ സൗന്ദര്യഗുണങ്ങളും മേന്മകളും ഉള്ള ഒരു റോഡ്‌....പേര്‌ ജനകീയ റോഡ്‌ എന്നായി മാത്രം. റോഡില്‍ കയറിയാല്‍ ആദ്യം കാണുന്നത്‌ തന്നെ ഒരു ചായക്കട....വെറും ചായക്കടയല്ല...ചായക്കോപ്പയിലെ കൊടുങ്കാറ്റുകള്‍ ധാരാളം ആഞ്ഞുവീശിയ ഒരു ജനകീയ ചായക്കട....നാളത്തെ രാഷ്ട്രീയക്കോമാളിയുടെ അരങ്ങേറ്റവേദി.ഞാന്‍ അതുവഴി കടാന്നുപോകുമ്പോള്‍ എന്നും അവിടെ പൊരിഞ്ഞ ചര്‍ച്ചയാണ്‌...ജനകീയ ചര്‍ച്ച...വിഷയം ജനകീയാസൂത്രണം തന്നെ...അതിനിടയില്‍കൂടി കടയുടമ കോയാമുവിന്റെ ( ഇപ്പോള്‍ ജനകീയ കോയാമു ) നീട്ടിയുള്ള വിളി..." മാഷേ...ഒരു ജനകീയ ചായ കുടിച്ച്‌ ജനകീയനായി പോ..." അപ്പോഴേക്കും ഞാന്‍ അടുത്ത ജനകീയന്റെ മുമ്പിലെത്തി...ആളും ആരവവുമില്ലാത്ത ഈ ജനകീയന്‍ മറ്റാരുമല്ല.എല്ലാ ജനകീയപാര്‍ട്ടികളുടെയും പോസ്റ്ററുകളും തോരണങ്ങളും കൊടികളും വഹിക്കാന്‍ വിധിക്കപ്പെട്ട ബസ്റ്റോപ്പ്‌...മേല്‍ക്കൂര ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ആരും തിരിഞ്ഞ്‌ നോക്കാത്തതിനാലാവും കണ്ണേറ്‌ പറ്റാതിരിക്കാന്‍ സുന്ദരമായ പേര്‌ കുമ്പളങ്ങാ വലിപ്പത്തില്‍ - ജനകീയ ബസ്റ്റോപ്പ്‌. ജനകീയ ബസ്റ്റോപ്പിന്‌ തൊട്ടടുത്ത്‌ തന്നെയാണ്‌ അബുക്കയുടെ ബാര്‍ബര്‍ ഷോപ്പ്‌.ഇത്രയും കാലം ഊരോ പേരോ ഇല്ലാതിരുന്ന അബുക്കക്കും അടുത്തിടെ ഒരു ബിസിനസ്‌ മാന്ദ്യം....തലമാന്ദ്യവും താടിമാന്ദ്യവും.ഈ നാട്ടില്‍ എല്ലാവര്‍ക്കും കഷണ്ടി കയറിയോ എന്ന് വരെ സംശയിച്ചു.അപ്പോഴാണ്‌ അബുക്കയുടെ സുന്ദരകഷണ്ടിക്കുള്ളില്‍ പുതിയൊരാശയം ഉടലെടുത്തത്‌.കടക്ക്‌ സുന്ദരമായ ഒരു പേര്‌ - ജനകീയ ബാര്‍ബര്‍ ഷോപ്പ്‌ . മുടിയും താടിയും മൊത്തമായും ചില്ലറയായും കുറഞ്ഞ പരിക്കില്‍ കൂടുതല്‍ ലാഭത്തില്‍ കശാപ്പു ചെയ്തു കൊടുക്കുന്നു....ജനകീയ ബാര്‍ബര്‍ ഷോപ്പ്‌!!! ഞാന്‍ വീണ്ടും നടന്നു....ബസ്‌സ്റ്റാന്റില്‍ അതാ കിടക്കുന്നു ഓരോ നാട്ടിലേക്കും ജനകീയങ്ങള്‍.....ജനകീയ ബസ്‌. ജനങ്ങളെക്കാളും ജനകീയങ്ങളെക്കാളും അധികം കന്നുകാലീയങ്ങള്‍ ആയതിനാലാവും ബസ്‌സ്റ്റാന്റിന്‌ ജനകീയസ്റ്റാന്റ്‌ എന്ന പേര്‌ നല്‍കാഞ്ഞത്‌ എന്ന ചിന്തയിലേക്ക്‌ വീഴുമ്പോഴാന്‌ ബസ്‌സ്റ്റാന്റില്‍ നിന്നും ചില അപശബ്ദങ്ങള്‍ ഉയരുന്നത്‌ കേട്ടത്‌...രണ്ട്‌ ജനകീയങ്ങള്‍ തമ്മില്‍ തന്നെയാണ്‌ പ്രശ്നം...പരസ്പരം ചില ജനകീയ അണ്‍പാര്‍ലിമെന്ററി പദപ്രയോഗവും. ജനകീയത്തിന്റെ വ്യാപ്തി നേരിട്ടറിഞ്ഞ എന്റെ മെഡുലമണ്ണാങ്കട്ടയിലൂടെ ഒരു മിന്നല്‍ പിണര്‍ കടന്നുപോയി.അതും ഒരു ജനകീയ മണ്ണാങ്കട്ടയായിപ്പോയോ എന്ന ഒരു ജനകീയ സംശയവും ബാക്കിയായി.

Saturday, August 04, 2007

നമ്പൂരി കേട്ട മാപ്പിളപ്പാട്ട്‌

കലാസ്വാദകനയ രാമന്‍ നമ്പൂരി ഒരിക്കല്‍ മാപ്പിളപ്പാട്ട്‌ കേള്‍ക്കാന്‍ പോയി.മഹാകവി മോയിങ്കുട്ടി വ്യൈദ്യരുടെ പ്രസിദ്ധമായ 'സംകൃതപമഗിരി' ആയിരുന്നു ആദ്യത്തെ പാട്ട്‌.പാട്ട്‌ ആരംഭിച്ചു."സംകൃതപമഗിരി തങ്കത്തുങ്ങ റ്റരികിട ധിംകിട തരികിട..." പരിപാടി കഴിഞ്ഞപ്പോള്‍ നമ്പൂരിയോട്‌ ആരോ ചോദിച്ചു."എങ്ങനെയുണ്ടായിരുന്നു തിരുമേനീ പരിപാടി ?" "ശ്ശി ഇഷ്ടായി...പക്ഷേ ആദ്യത്തെ പാട്ടിന്‌ താളമിടാന്‍ തബലക്കാരന്‍ എത്തീല്ലാന്ന് തോന്ന്‌ണു.." "അതെന്താ അങ്ങിനെ തോന്നാന്‍...?" "...തബലയില്‍ വായിക്കുന്ന 'ധിംകിട തരികിട' എല്ലാം ഗായകന്‍ സ്വന്തം വായ കൊണ്ട്‌ പറയുന്നത്‌ കേട്ടു !!"

അര്‍മാന്‍ മോല്യാരുടെ സ്വപ്നം

പൂക്കോയയുടെ അടുത്ത ജ്യേഷ്ഠനെ അന്വേഷിക്കാന്‍ നില്‍ക്കാതെ അര്‍മാന്‍ മോല്യാര്‍ കിട്ടിയ വണ്ടിയില്‍ നാട്ടിലേക്ക്‌ മടങ്ങി.യാത്രയിലുടനീളം അബുവിന്റെ മൂത്താപ്പയുടെ പെരുമാറ്റം മോല്യാരുടെ മനസ്സിനെ മഥിച്ചു. 'സ്ത്രീധനോം അറ്യേം ....ഫൂ...അതില്ലെങ്കി കല്ല്യാണം അല്ലാന്നോ...ഫൂ..കോയയേയും കൂടി കണ്ടിരുന്നെങ്കില്‍??...ആ..അയാളും ഇങ്ങനെ ആണെങ്കി കണ്ടിട്ട്‌ ബല്ല്യ കാര്യൊന്നും ല്ല..' മോല്യാര്‍ ആത്മഗതം ചെയ്തു.പിറ്റേന്ന് സുബഹിയോടെ മോല്യാര്‍ നാട്ടില്‍ തിരിച്ചെത്തി. പതിവുപോലെ അര്‍മാന്‍ മോല്യാര്‍ രാവിലെത്തന്നെ ഓത്തുപള്ളിയിലെത്തി.ഓരോ ക്ലാസ്സിലും പോയി അവരവര്‍ക്കുള്ള ജോലികള്‍ കൊടുത്ത്‌ അര്‍മാന്‍ മോല്യാര്‍ ഏഴാം ക്ലാസ്സില്‍ പോയി ഇരുന്നു . "ബിസ്മില്ലാഹി റഹ്മാനി റഹീം.." അര്‍മാന്‍ മോല്യാര്‍ ഓത്ത്‌ ആരംഭിച്ചു. "ബിസ്മില്ലാഹി റഹ്മാനി റഹീം.." കുട്ടികള്‍ അതേറ്റ്‌ ചൊല്ലി. "അംദുലില്ലാഹി റബ്ബില്‍ ആലമീന്‍...." "അംദുലില്ലാഹി റബ്ബില്‍ ആലമീന്‍...." "അറഹ്മാനി ......പ്ധിം." ഉറക്കം തൂങ്ങിയ അര്‍മാന്‍ മോല്യാര്‍ മറിഞ്ഞ്‌ വീണു. കണ്ടു നിന്ന കുട്ടികള്‍ ആര്‍ത്തുചിരിച്ചു. "ഇന്റെ മോത്ത്ക്കാ നോക്കി ഇരിക്ക്‌ണ...കിതാബ്‌ക്ക്‌ നോക്ക്യടാ ഹമ്‌ക്ക്‌കളെ..."വീഴ്ചയുടെ നോവും ജാള്യതയും മറക്കാന്‍ വേണ്ടി മോല്യാര്‍ ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞു. "അറഹ്മാനി റഹീം..." "അറഹ്മാനി റഹീം..." "മാലികി യൗമി.....ങുര്‍....ങുര്‍.." അര്‍മാന്‍ മോല്യാര്‍ വീണ്ടും കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. മേശയില്‍ തലയും വച്ച്‌ അര്‍മാന്‍ മോല്യാര്‍ സുഖമായുറങ്ങി.തലേ ദിവസത്തെ യാത്രാക്ഷീണവും കാളവണ്ടിയിലെ കുത്തിക്കുലുങ്ങിയുള്ള യാത്രയും കാരണമുള്ള ഉറക്കനഷ്ടവും അര്‍മാന്‍ മോല്യാരെ പെട്ടെന്ന് സുഖനിദ്രയിലേക്ക്‌ നയിച്ചു.ഉറക്കത്തില്‍ അര്‍മാന്‍ മോല്യാര്‍ സ്വപ്നം കാണാനും തുടങ്ങി. 'അബുവിന്റെ കല്ല്യാണ ദിവസം.നേരത്തെ തന്നെ കുളിച്ചൊരുങ്ങി അത്തറും പൂശി മോല്യാര്‍ പുറപ്പെട്ടു. പൂക്കോയ മരിക്കുമ്പം ഈ ചെക്കന്റെ കല്ല്യാണത്തിന്‌ കൂടാന്‍ ഞമ്മക്ക്‌ ആയുസ്സ്‌ണ്ടാവും ന്ന് ബിചാരിച്ചതല്ല...അംദുലില്ലാഹ്‌....ആ കല്ല്യാണം നടത്തിക്കൊട്‌ക്കാന്‌ള്ള തൗഫീക്കും റബ്ബുല്‍ ആലമീനായ തമ്പുരാന്‍ ഞമ്മള്‍ക്ക്‌ തന്ന്...' ചിന്തയില്‍ മുഴുകിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ കല്ല്യാണവീട്ടിലെത്തി. തൂവെള്ള ഷര്‍ട്ടും വെള്ളത്തുണിയും ഇന്നാട്ട്‌ലെങ്ങും കാണാത്ത ത്ലങ്ങുന്ന കറുത്തൊരു ചെരുപ്പുമിട്ട്‌ ആഗതരെ സ്വീകരിക്കാനായി പന്തലിന്റെ മുമ്പില്‍തന്നെ അബു ചിരിച്ച്‌ നില്‍ക്കുന്നു.അര്‍മാന്‍ മോല്യാര്‍ കയറിച്ചെന്ന് സലാം പറഞ്ഞു.സലാം മടക്കി അബു അര്‍മാന്‍ മോല്യാരെ കസേരയിലിരുത്തി. മോല്യാരുടെ തൊട്ടടുത്ത കസേരയില്‍ തന്നെ അബുവും ഇരുന്നു.അപ്പോഴേക്കും മഞ്ഞ നിറത്തിലുള്ള ഒരു ഗ്ലാസ്സ്‌ വെള്ളം ആരോ അര്‍മാന്‍ മോല്യാര്‍ക്ക്‌ നല്‍കി.മോല്യാര്‍ ബിസ്മി ചൊല്ലി വെള്ളം കുടിച്ചു. അര്‍മാന്‍ മോല്യാര്‍ അടുത്തിരിക്കുന്നവരെ നോക്കി.ആ....അബുവിന്റെ മൂത്താപ്പയാണല്ലോ ആ ഇരിക്കുന്നത്‌....എന്ത്‌ കല്ല്യാണം എന്ന് ചോദിച്ച മൂത്താപ്പ..!! തൊട്ടപ്പുറത്ത്‌ ഇരിക്കുന്നത്‌ മൊകം അങ്ങട്ട്‌ മന്‌സ്സ്‌ലാവ്‌ണ്‌ല്ല.. '"ങേ!!..പൂക്കോയ...മരിച്ചുപോയ പൂക്കോയ!!!" ആര്‍ത്തുവിളിച്ചുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.കുട്ടികള്‍ വീണ്ടും ആര്‍ത്തുചിരിച്ചു.പൊട്ടിച്ചിരിക്കുന്ന കുട്ടികളെ കണ്ട്‌ അര്‍മാന്‍ മോല്യാര്‍ക്ക്‌ കലി കയറി. "ഫൂ....പോയിനെടാ ബഡ്‌ക്കൂസുകളേ....കള്ള ഹിമാറ്‌കള്‍ ന്റെ നെയ്ചോറും മൊടക്കി.." കുട്ടികള്‍ കിതാബുകളുമെടുത്ത്‌ പുറത്തേക്കോടി.