Pages

Monday, February 27, 2023

കള്ളു കുടിയൻ മെരു

ഞങ്ങളുടെ സ്‌കൂളിൽ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണുണ്ടായിരുന്നത്. ഏഴാം ക്ലാസ് വരെ മൂർക്കനാട്ടും എടവണ്ണയും അരീക്കോട്ടും തോട്ടുമുക്കത്തും എല്ലാം ഉള്ള വിവിധ സ്‌കൂളുകളിൽ പഠിച്ച് വരുന്നവരാണ് പലരും.അതിനാൽ എട്ടാം തരത്തിൽ എത്തുമ്പോൾ മിക്കവർക്കും എല്ലാവരും അപരിചിതരായിരിക്കും.എന്നാൽ മൂർക്കനാട് യു.പി യിൽ പഠിച്ച് വരുന്നവർ നേരത്തെ ഒരു സെറ്റ് ആയിട്ടും ഉണ്ടാകും.ക്രമേണ ക്രമേണ അപരിചിത്വം മാറി എല്ലാവരും കൂട്ടുകാരാകും.

ഞങ്ങളുടെ ക്ലാസ്സിലെ പുതിയ അപരിചിതരിൽ പ്രധാനിയായിരുന്നു അജ്മൽ. അജ്മലിന്റെ വാപ്പ മൂർക്കനാട് യു.പി സ്‌കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നതിനാൽ പലർക്കും അജ്മലിനെ നേരത്തെ അറിയാം. അദ്ധ്യാപകന്റെ മകൻ ആയതിനാൽ പഠനത്തിൽ അജ്മൽ മുന്നിലായിരുന്നു.ഞങ്ങളുടെ ക്ലാസ്സിലെ ടോപ് സ്കോററും അജ്മൽ തന്നെയായിരുന്നു.പരീക്ഷക്ക് അവന്റെ പേപ്പറിലേക്ക് നോക്കി ഉത്തരം എഴുതൽ ആയിരുന്നു അവന്റെ നാല് ഭാഗത്തും ഇരിക്കുന്നവരുടെ മെയിൻ പരിപാടി.അജ്മലിന്റെ അയലത്ത് സീറ്റ് കിട്ടാത്തവർക്ക് ഇത് അസൂയക്ക് കാരണമായി.

അജ്മലിന്റെ അടുത്ത് സീറ്റ് കിട്ടിയ ഒരു ഭാഗ്യവാനായിരുന്നു ഞാൻ.എന്റെ തൊട്ടപ്പുറത്താണ് അബു ഇരുന്നിരുന്നത്.അവൻ ആ ക്ലാസ്സിൽ രണ്ടാം തവണയായിരുന്നു.മുമ്പത്തെ ചില ക്ലാസ്സുകളിലും ഒന്നിലധികം വർഷം ഇരുന്ന പരിചയമുള്ളതിനാൽ അബുവിന് ഞങ്ങളെക്കാൾ വലിപ്പവും ശക്തിയും ധൈര്യവും എല്ലാം ഉണ്ടായിരുന്നു.അതിനാൽ തന്നെ അവൻ പറയുന്നത് അനുസരിക്കാൻ ഞങ്ങളിൽ പലരും നിർബന്ധിതരായിരുന്നു.

പരീക്ഷയുടെ ഉത്തരപേപ്പർ കാണിച്ച് കൊടുക്കുക,മാഷ് ചോദ്യം ചോദിക്കുമ്പോൾ പിന്നിൽ നിന്നും ഉത്തരം പറഞ്ഞ് കൊടുക്കുക,ഇരുപതിലധികം തവണ ഇമ്പോസിഷൻ കിട്ടിയാൽ എഴുതാൻ സഹായിക്കുക,ഹോം വർക്ക് കോപ്പി അടിക്കാൻ കൊടുക്കുക തുടങ്ങീ വളരെ ലളിതമായ ആവശ്യങ്ങളേ അബു ഉന്നയിക്കാറുള്ളൂ.ഇതിന് പ്രതിഫലമായി പലപ്പോഴും ഒരു ശർക്കര ആണിയുടെ കഷ്ണം തരികയും ചെയ്യും.അബുവിന്റെ മടിക്കുത്തിൽ എപ്പോഴും ഒരു ശർക്കരയാണിയെങ്കിലും ഉണ്ടാകും.വീട്ടിൽ നിന്ന് കൊണ്ടുവരുന്നതാണ് എന്നാണ് അവൻ പറയുന്നതെങ്കിലും സംഗതി ചെറിയൊരു മോഷണമാണ്.

അങ്ങനെയിരിക്കെ ഓണപ്പരീക്ഷക്ക്  ഒരു ദിവസം അജ്മലിന്റെ പേപ്പറിൽ നോക്കി ഞാൻ ഉത്തരം എഴുതുന്നത് അബു കണ്ടു.

"ജാഫറെ..." അബു എന്നെ മെല്ലെ വിളിച്ചു.ഞാൻ അത് മൈൻഡ് ചെയ്തില്ല.

"ജാഫറെ... എടാ കള്ളക്കാഫിറെ..." അബുവിന്റെ ശബ്ദം അല്പം കൂടി ഉയർന്നു.അപ്പോഴും ഞാൻ മൈൻഡ് ചെയ്തില്ല.

"ജാഫറെ.. ആ പേപ്പറ് ഇച്ചും കൊണ്ടാ...ഇല്ലെങ്കി ഞാനിപ്പം മാഷോട് പറിം..."

അത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരു മിന്നൽപ്പിണർ ഉണ്ടായി.അബു, മാഷോട് പറയും എന്ന് മാത്രമല്ല സ്‌കൂൾ വിട്ടു പോകുമ്പോൾ തലക്ക് നല്ല കുത്തും കിട്ടും.അങ്ങനെ അബുവിന് കാണാൻ പാകത്തിൽ ഞാൻ പേപ്പർ അഡ്ജസ്റ്റ് ചെയ്തു വച്ചു.ഞാനെഴുതിയത് മുഴുവൻ വള്ളി പുള്ളി വിടാതെ അവൻ നോക്കി എഴുതി. അത്യാവശ്യം നല്ലൊരു ഉപന്യാസത്തിന് ഉത്തരം കാണിച്ച് കൊടുത്തതിനാൽ അന്നെനിക്ക് രണ്ട് ശർക്കരയാണി സമ്മാനമായി കിട്ടി.

പരീക്ഷാ കാലം കഴിഞ്ഞു. ഓണം അവധി കഴിഞ്ഞ് ആദ്യത്ത ദിവസം തന്നെ പരീക്ഷാ പേപ്പറുകൾ കിട്ടിത്തുടങ്ങി. മലയാളം ബി ആയിരുന്നു അബു എന്റെ പേപ്പർ നോക്കി എഴുതിയ വിഷയം. വൽസമ്മ ടീച്ചർ എന്റെ പേര് വിളിച്ച് പേപ്പർ തന്നു. എനിക്ക് അമ്പതിൽ ഇരുപത് മാർക്ക് കിട്ടിയിരുന്നു. പക്ഷെ,എന്റെ പേപ്പർ അതേ പടി നോക്കി എഴുതിയ അബുവിന് കിട്ടിയത് നാല് മാർക്ക് !

"ജാഫറേ..." ടീച്ചർ പോയ ഉടനെ ബാക്ക് ബെഞ്ചിൽ നിന്നും അബുവിന്റെ വിളി വന്നു.

"ഉം.."

"അന്ക്കെത്ര്യാ മാർക്ക് ?''

"ഇരുവത്"

" അതെങ്ങന്യാ കള്ള @#* !...ഇച്ച് നാലാ കിട്ട്യത്.... " 

അതു കേട്ട ഞാൻ ഞെട്ടി. ഇന്ന്  എന്റെ മണ്ട  അബുവിന്റെ ചെണ്ടയായിരിക്കും. പുറമേ, അന്ന് തിന്ന രണ്ട് ശർക്കരാണി തിരിച്ച് കൊടുക്കുകയും വേണ്ടി വരും.

"അന്ന് ഞാൻ തെന്ന രണ്ട് ശർക്കരാണിം കൊണ്ട് ബെന്നോ ണ്ടി നാളെ കള്ള @#* ! ..." അബുവിന്റെ ഓർഡർ ഇറങ്ങി.

എന്നാലും, എന്റെ പേപ്പർ അതേപടി കോപ്പിയടിച്ച അബുവിന്റെ മാർക്ക് കുറഞ്ഞത് എങ്ങനെ എന്നറിയാൻ എനിക്ക് അതിയായ ആഗ്രഹം തോന്നി. ഞാൻ അവന്റെ പേപ്പർ വാങ്ങി നോക്കി.അപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം ഞാൻ അറിഞ്ഞത്. ആദ്യ ചോദ്യമൊഴികെ ഒരു ചോദ്യത്തിന്റെ ഉത്തരത്തിനും അബു നമ്പർ ഇട്ടിരുന്നില്ല.കാള മൂത്രമൊഴിച്ച പോലെ വാരി വലിച്ച് എഴുതിയതിന് കിട്ടിയ നാല് മാർക്ക് തന്നെ ലാഭം. പക്ഷെ, അതവനോട് പറഞ്ഞാൽ നാലഞ്ച് കുത്തും കൂടി അധികം കിട്ടുമെന്നതിനാൽ, ഞാൻ പിറ്റേന്ന് രണ്ട് ശർക്കരാണി ഒപ്പിക്കാനുള്ള ചിന്തയിൽ മുഴുകി.

സ്കൂളിൽ നിന്നും വീട് വരെയുള്ള വഴിയിലുടനീളം ആലോചിച്ചിട്ടും എന്റെ ചോദ്യത്തിന് ഒരുത്തരം കിട്ടിയില്ല. അങ്ങനെ വീടിന്റെ കോലായിൽ ഇരിക്കുമ്പോഴാണ് വലിയൊരു പൊതിയുമായി ചിന്നപ്പേട്ടൻ നടന്നു പോകുന്നത് ഞാൻ കണ്ടത്. ആ പൊതിയിലുള്ളത് ശർക്കരയാണെന്ന് ഒരു മുൻ അനുഭവത്തിൽ നിന്ന് എനിക്കറിയാമായിരുന്നു.

ഞങ്ങളുടെ പറമ്പിന്റെ തൊട്ടപ്പുറത്തെ പറമ്പിൽ അനധികൃതമായി നടത്തുന്ന ചാരായ വാറ്റിനായിട്ടാണ് ഈ ശർക്കര കൊണ്ടു പോകുന്നത്. അബുവിന് എന്നും ശർക്കരാണി കിട്ടിയിരുന്നതും ഇവർ വാറ്റിനായി കുടത്തിൽ കുഴിച്ചിട്ട് പോയതിൽ നിന്നായിരുന്നു.
കരിയിലകൾ നീക്കി മണ്ണിൽ കുഴിച്ചിട്ട കുടത്തിൽ ചിന്നപ്പേട്ടൻ ശർക്കര ഇടുന്നത് ഞാൻ കണ്ടു. ഉടൻ ഞാൻ എന്റെ സന്തത സഹചാരിയായ അബ്ദുവിന്റെ അടുത്തേക്ക് ഓടി.

"അദ്ദ്വാ...  അദ്ദ്വാ" ഞാൻ ഉറക്കെ വിളിച്ചു.

" എന്താടാ...?"

" ബേം .... ബാ.... ഒര് കാര്യണ്ട് ...."

അബ്ദുവിനെയും കൂട്ടി ഞാൻ ചിന്നപ്പേട്ടന്റെ ശർക്കര കുടം കുഴിച്ചിട്ടതിനടുത്തുള്ള ഞങ്ങളുടെ പറമ്പിലെത്തി.ചിന്നപ്പേട്ടനെ അവിടെയെങ്ങും കണ്ടില്ല.

" അദ്ദ്വാ ... ആ ചമ്മല് കൂട്ട്യത് കണ്ട് ലേ... അയിന്റ ടീല് ഒര് നിധി ണ്ട്..." സ്ഥലം ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

"നിധി?"

"ആ... ഞമ്മള് അഞ്ചാം ക്ലാസ് ല് പഠിച്ചിട്ടില്ലേ... മണ്ണ്ന്റടീലെ കൊടത്ത് ന്ന് കിട്ട്ണ ത്..."

"ആ...മൻസ് ലായി..."

"ജ്ജ് പോയി അത് ട്ത്ത് ബാ.. ഒര് നാലഞ്ചെണ്ണം ഇട്ത്തോണ്ടി.... ആരേലും ബെര്ണ് ണ്ടോന്ന് ഞാം നോക്കാ ..."

ഞാൻ പറഞ്ഞതനുസരിച്ച് അബ്ദു കുടം കുഴിച്ചിട്ട സ്ഥലത്തെത്തി. മുകളിൽ കൂട്ടിയിട്ടിരുന്ന കരിയിലകൾ നീക്കിയപ്പോൾ കുടത്തിന്റെ വായ അടച്ച ചെറിയൊരു പലക കണ്ടു. അത് മെല്ലെ ഇളക്കി മാറ്റി അബ്ദു കുടത്തിലേക്ക് കയ്യിട്ടു തപ്പാൻ തുടങ്ങി.

"ഇമ്മേ...!!!" പെട്ടെന്ന് കൈ വലിച്ച് അബ്ദു അലറി. അപ്പോഴേക്കും ഞാൻ ഓടി രക്ഷപ്പെട്ടു. അബ്ദുവിന്റെ കയ്യിലൂടെ ചോണനുറുമ്പുകൾ ഓടിക്കയറി.. കയ്യിലൂടെയും കാലിലൂടെയും എല്ലാം ചോണനുറുമ്പുകൾ കയറിയതോടെ അബ്ദുവിന് നിൽക്കക്കള്ളിയില്ലാതായി. അവൻ ഓടാനായി തിരിഞ്ഞതും ഞെട്ടിത്തരിച്ച് അവിടെ തന്നെ നിന്നു.മുമ്പിൽ ചിന്നപ്പേട്ടൻ!!

" അപ്പോ... നീയാണാ കള്ളു കുടിയൻ മെരു "

ചിന്നപ്പേട്ടനെ വെട്ടിച്ച് അബ്ദു ഓടി രക്ഷപ്പെട്ടെങ്കിലും അന്ന് മുതൽ നാട്ടിൽ അവൻ "കള്ളുട്യൻ മെരു" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

Tuesday, February 21, 2023

സൌഹൃദം പൂക്കുന്ന വഴികൾ - 20

തികച്ചും അപ്രതീക്ഷിതമായാണ് അന്ന് ഞാൻ വീട്ടിലെത്തിയത്. കോളേജ് പ്രവൃത്തി ദിനങ്ങളിൽ സാധാരണയായി ഞാൻ നാട്ടിൽ തിരിച്ചെത്താറില്ല. പക്ഷെ അന്ന് എന്തോ ഒരു ഉൾവിളി കാരണം വീട്ടുകാരിയെപ്പോലും അറിയിക്കാതെ ഞാൻ നാട്ടിലേക്ക് ബസ് കയറി.  

നാല് ദിവസം മുമ്പ് ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ നിന്നും പോയ ടൂറിന്റെ അവലോകനം അന്ന് രാവിലെ കഴിഞ്ഞിരുന്നു.ടൂർ പ്ലാൻ ചെയ്ത വ്യക്തി എന്ന നിലയിൽ കണ്ട സ്ഥലങ്ങളും കിട്ടിയ സൗകര്യങ്ങളും സമയക്രമവും എല്ലാം വളരെയധികം പ്രശംസയ്ക്ക് പാത്രമായി.ആദ്യം സന്ദർശിച്ച കരുവാരക്കുണ്ടിൽ ഞങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു തന്ന എന്റെ സുഹൃത്തുക്കളായ സാഹിറിനെയും മണിയേയും അവലോകനത്തിൽ ഞാൻ പ്രത്യേകം എടുത്ത് പറയുകയും ചെയ്തിരുന്നു.

കോളേജിൽ നിന്നും വീട്ടിലേക്കുള്ള വഴിയേ ഞാൻ പെരിന്തൽമണ്ണ എത്തിയപ്പോൾ പെട്ടെന്ന് മേൽ സൂചിപ്പിച്ച മണി എന്നെ വിളിച്ചു.
"ആബിദേ.. നീ വീട്ടിലുണ്ടോ?" 

"ഇല്ലെടാ...പക്ഷെ ഞാൻ ഇന്ന് വീട്ടിലെത്തും... നീ എവിടെയാ?"

"ഞാൻ അരീക്കോട്ടുണ്ട്...മൈത്രയിൽ..."

"നീ എപ്പോഴാ തിരിച്ചു പോവുക?"

"ഞാനിതാ ഇറങ്ങുകയാണ്...പക്ഷെ അഞ്ചര വരെ അരീക്കോട്ടുണ്ട്...."

"ഓ..കെ..അപ്പോഴേക്കും ഞാനെത്തും...നീ എവിടെയാ ഉണ്ടാവുക?"

"അരീക്കോട്ട് കെ.എസ്.ടി.എ യുടെ ഒരു ഓഫീസുണ്ട്...അവിടെ.."

"എടാ...അതിന്റെ നേരെ ഓപ്പോസിറ്റ് ആണ് എൻറെ വീട്..ബാക്കി നേരിൽ കണ്ടിട്ട് പറയാം...." ഞാൻ ഫോൺ കട്ട് ചെയ്തു.

നാട്ടിൽ ബസ്സിറങ്ങി വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങി മെയിൻ റോഡിൽ നിന്നും എന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയാൻ അഞ്ചാറടി കൂടി ഉള്ളപ്പോഴാണ് "കേരള സർക്കാർ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്‌ഞം" എന്ന  ചുവപ്പ് ബോർഡ് വച്ച കാർ എന്റെ മുന്നിൽ വന്നു നിന്നത്! പൊതുവിദ്യഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ആയ മണി ആയിരുന്നു പ്രസ്തുത കാറിൽ ഉണ്ടായിരുന്നത്. അവൻ പറഞ്ഞ ഓഫീസും അവിടെ നിന്ന് നോക്കിയാൽ കാണുന്ന എന്റെ വീടും കാണിച്ച ശേഷം ഞാൻ വീട്ടിലേക്ക് നടന്നു.

സംഘടനാപരമായി ചെയ്യാനുള്ള ചില കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം മണി എന്റെ വീട്ടിലെത്തി. 1995ലെ ബി.എഡ് പഠന കാലത്തെ പഴയ ഓർമ്മകളും മറ്റുവിശേഷങ്ങളും പങ്കു വച്ച്, അന്നേ അവന് പരിചയമുള്ള എന്റെ ഉമ്മയെയും കണ്ട്, ചായ സൽക്കാരവും കഴിഞ്ഞ് അവൻ തിരിച്ചു പോകുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു - ഒരു സുഹൃത്തിനെപ്പറ്റി രാവിലെ സംസാരിക്കുക ... വൈകിട്ട് അവൻ എന്നെ വിളിക്കുക... അറിയാതെ അവൻ എന്റെ വീടിന്റെ നേരെ മുന്നിൽ എത്തിപ്പെടുക... മറ്റൊരു നാട്ടിലുള്ള ഞാനും അവനും അന്ന് തന്നെ കണ്ടുമുട്ടുക ... ദൈവത്തിന്റെ ഓരോരോ വികൃതികൾ!!

ഇന്ന് അപ്രതീക്ഷിതമായി ഞാൻ നാട്ടിലെത്തിയത്, ഈ ചങ്ങാതിയെ സൽക്കരിക്കാനുള്ള ദൈവ നിശ്ചയം പൂർത്തീകരിക്കാൻ മാത്രം !! കാത്ത് സൂക്ഷിക്കേണ്ട നിധികളാണ് ഓരോ സൗഹൃദങ്ങളും.അത് യഥാർത്ഥ സൗഹൃദമാണെങ്കിൽ പഴക്കം കൂടുന്തോറും അതിന്റെ അടുപ്പം കൂടി വരുന്നു.ഇത്തരം സൗഹൃദങ്ങൾ ഇനിയും പൂത്തുലയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Monday, February 20, 2023

അയമോട്ട്യാക്കാന്റെ കൊരങ്ങൻ

സ്കൂളിൽ പഠിക്കുന്ന കാലത്ത് നിരവധി ചീത്തവിളികൾ നേരിട്ടും അല്ലാതെയും കേട്ടിട്ടുണ്ട്. അതിൽ പെട്ട ഒന്നായിരുന്നു "കൊരങ്ങത്തി". മലയാളത്തിൽ അങ്ങനെ ഒരു പദം ഉണ്ടോ എന്ന് പോലും അറിയില്ല. എന്നാലും വിളിക്കുന്നവനും/ൾക്കും കേൾക്കുന്നവനും/ൾക്കും  മത് ലബ് ക്യാഹെ കൃത്യമായി മനസ്സിലാകും.

 വയനാട്ടിലെക്കോ മൈസൂരിലേക്കോ ടൂർ പോകുമ്പോഴാണ് പലപ്പോഴും കുരങ്ങുകളെ കാണാറുള്ളത്.ഇത് രണ്ടിനും പോകാത്തത് കൊണ്ട് ഞാൻ ജീവനുള്ള കുരങ്ങനെ അന്നൊന്നും കണ്ടിരുന്നില്ല. എങ്കിലും ഒരു കുരങ്ങന്റെ ചിത്രം എന്റെ മനസ്സിലുണ്ട്; കഥകളിലൂടെ വായിച്ചറിഞ്ഞ കപീഷ് എന്ന മാന്ത്രിക സിദ്ധിയുള്ള കുരങ്ങൻ. അനന്തമായി നീട്ടാൻ സാധിക്കുന്ന വാലുള്ള കപീഷിന്റെ കഥകൾ വായിച്ച് വായിച്ച് ഒരു കുരങ്ങനെ എങ്കിലും നേരിട്ട് കാണണം എന്ന ആഗ്രഹം എന്റെ മനസ്സിൽ പൊട്ടി മുളച്ചു.

വർഷങ്ങൾ ഏറെ കഴിഞ്ഞു.പുതിയ ആഗ്രഹങ്ങൾ മനസ്സിൽ കയറാൻ തുടങ്ങിയതോടെ പഴയത് പലതും കാലയവനികക്കുള്ളിൽ മറഞ്ഞു.എങ്കിലും അവയിൽ ചിലത് ഇടക്കിടെ സ്വപ്നത്തിൽ വന്ന് എൻറെ  ഉറക്കം കെടുത്തിക്കൊണ്ടിരുന്നു.ധാരാളം കേട്ടത് കൊണ്ടാകാം സ്വപ്നത്തിൽ എന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ച ജീവി കുരങ്ങൻ തന്നെയായിരുന്നു.

അങ്ങനെ കാലം (കാലനും) ചക്രത്തിൽ കിടന്ന് തിരിഞ്ഞ് കൊണ്ടിരിക്കുമ്പഴാണ്  ആ വാർത്ത വലിയ വായിൽ നിന്നും ചെറിയ ചെവികളിലേക്ക് പടർന്ന് കയറിയത് - നെച്ചിയൻ അയമോട്ടിക്കയുടെ വീട്ടിൽ മൂപ്പർക്ക് പുറമെ ഒരു കുരങ്ങനും കൂടി ഉണ്ട്. പലരും ഗേറ്റിനുള്ളിലൂടെ അതിനെ കണ്ടതായും പറഞ്ഞതോടെ കുരങ്ങനെ ഒന്ന് കണ്ട് സായൂജ്യമടയാൻ എനിക്കും ആഗ്രഹം ജനിച്ചു. കൂട്ടുകാരി റംലയോട് വിവരം പറഞ്ഞപ്പോൾ അവളും റെഡിയായി. അങ്ങനെ അന്ന് വൈകിട്ട് സ്കൂൾ വിട്ടതും ഞങ്ങൾ രണ്ട് പേരും ആവേശത്തോടെ നെച്ചിയൻ അയമോട്ടിക്കയുടെ വീട് ലക്ഷ്യമാക്കി ഓടി.

"സൂറേ... നീ എങ്ങോട്ടാ .... ഇതു വഴി ?" പതിവില്ലാത്ത വഴിയിൽ എന്നെ കണ്ട സൽമ ചോദിച്ചു.

"ഞങ്ങള് ആയിഷയുടെ വീട്ടിലേക്ക് പോകാണ്..." തൽക്കാലം തടിയൂരാൻ ഞാൻ പറഞ്ഞു.

"അത് ഈ വഴിയല്ല...."

"ആ ... നീ പറഞ്ഞ ആയിഷ അല്ല ഞാൻ ഉദ്ദേശിച്ച ആയിഷ... അല്ലേ റംലേ ...?" കൂടുതൽ ചോദ്യങ്ങൾ വരുന്നതിനു മുമ്പ്, അവളിൽ നിന്നും വേഗം രക്ഷപ്പെട്ട് ഞങ്ങൾ ഓടി... അങ്ങനെ ഓടിയോടി ഒരുവിധം ഞങ്ങൾ കുരങ്ങുള്ള വീടിന്റെ മുന്നിലെത്തി. 

വീടിന്റെ ഗേറ്റ് പൂട്ടിയിട്ടുണ്ട്. കുരങ്ങൻമാർക്ക് പെൺകുട്ടികളെ കണ്ടാൽ സ്വഭാവം മാറും എന്ന് കേട്ടിട്ടുള്ളതിനാൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഉള്ളിൽ ചെറിയൊരു പേടിയുമുണ്ട്.എന്നാലും ധൈര്യം സംഭരിച്ച്  ഗേറ്റിനുള്ളിലൂടെ ഞങ്ങൾ എത്തി നോക്കി. പക്ഷെ കുരങ്ങനെ കണ്ടില്ല.

"ച്ച്...ച്ച് ...ച്ച് ..." റംല ഒരു പ്രത്യേക രീതിയിൽ ശബ്ദമുണ്ടാക്കി. 

പെട്ടെന്നൊരു ചങ്ങല കിലുക്കം കേട്ടു. ചങ്ങലയിൽ കെട്ടിയിരുന്ന കുരങ്ങൻ എവിടെ നിന്നോ ചാടി വന്നു. പേടിച്ച് ഞങ്ങൾ ഗേറ്റിൽ നിന്നും പിന്നാക്കം പോയി. കുരങ്ങൻ ചങ്ങലയിലായതിനാൽ ഞങ്ങൾ വീണ്ടും ഗേറ്റിനടുത്തേക്ക് ചെന്നു. അവൻ ഞങ്ങളെ നോക്കി പല ഗോഷ്ടികളും കാണിച്ചു.

"എടീ.... നോക്ക് ... നോക്ക്.... അത് ആണാ..." അല്പം നാണത്തോടെ ഞാൻ പറഞ്ഞു.

"നമ്മള് പെണ്ണുങ്ങളാണെന്ന് അവനെങ്ങനാ അറിഞ്ഞത് ?"

"നമ്മളെ പാവാട കണ്ടിട്ടായിരിക്കും.." ഞാൻ പറഞ്ഞു.

അങ്ങനെ കുരങ്ങനെയും നോക്കി നിന്ന് പല കഥകളും വിശേഷങ്ങളും പറഞ്ഞ് സമയം പോയത് ഞങ്ങളറിഞ്ഞതേയില്ല.

ഇതേ സമയം ഞങ്ങളുടെ രണ്ട് പേരുടെയും വീട്ടിൽ ഭയങ്കരമായ ഒരു കൊടുങ്കാറ്റ് രൂപപ്പെടുന്നുണ്ടായിരുന്നു. സാധാരണ, വൈകിട്ട് നാലരക്കും അഞ്ചു മണിക്കും ഇടയിലായി സ്കൂൾ വിട്ട് തിരിച്ച് വീട്ടിലെത്തുന്ന എന്നെ കാണാതെ ഉമ്മയുടെ മനസ്സ് പുകയാൻ തുടങ്ങി. അഞ്ച് മണിയും കഴിഞ്ഞതോടെ നാല് വീടപ്പുറമുള്ള എന്റെ സന്തത സഹചാരി റംലയുടെ വീട്ടിൽ ഞാനുണ്ടോ എന്നന്വേഷിച്ച് ഉമ്മ അങ്ങോട്ട് ചെന്നു. റംലയും അവിടെ എത്തിയില്ല എന്നറിഞ്ഞതോടെ രണ്ട് ഉമ്മമാർക്കും ആധിയായി. വേവലാതിയോടെ രണ്ട് പേരും എന്റെ വീട്ടിലേക്ക് വച്ച് പിടിച്ചു. എന്റെ ജ്യേഷ്ഠത്തി ട്യൂഷനും കഴിഞ്ഞ് എത്തിയിട്ടും ഞാൻ  വീട്ടിൽ തിരിച്ച് എത്തിയിരുന്നില്ല. സമാധാനം പോയ രണ്ടുമ്മമാരും വീണ്ടും റംലയുടെ വീട്ടിലേക്കോടി.

"എന്താദ് ...? രണ്ടാളും സഫ മർവന്റെ എടേല് ഓട്ണ മാതിരി കൊറേ നേരായല്ലോ ...??" ഉമ്മമാരെ ശ്രദ്ധിച്ചിരുന്ന മക്കാനിയിലെ ബീരാൻക്ക ചോദിച്ചു.

"ന്റിം ഓളിം മക്കള് ... " ഉമ്മ വിതുമ്പാൻ തുടങ്ങി.

"ങേ!! എന്തു പറ്റി മക്കൾക്ക് ... ?"

ഉമ്മ ബീരാൻക്കയോട് കാര്യം പറഞ്ഞു.വിവരം കേട്ട് മക്കാനിയിലുണ്ടായിരുന്ന അബ്ദ്വാക്കയും അബോക്കരാക്കയും കോരുവേട്ടനും എല്ലാം, കുടിച്ച് കൊണ്ടിരുന്ന ചായ മതിയാക്കി പുറത്തിറങ്ങി. 

"കോരോ ... ജ്ജ് .... ഈ ബയ്ക്ക് പോയോക്ക.... അബു ഇമ്പയിക്കും... ഞാൻ അവറാനിം ബിൾച്ച് പുഴന്റെ അട്ത്തും പോകാ... ബയ്ക്കല്ള്ള കെണറ്റിന്റിം കൊളത്തിന്റിം അട്ത്തും കൂടി നോക്കിക്കോണ്ടി ട്ടോ..." അബ്ദ്വാക്ക പെട്ടെന്ന് തന്നെ ഒരു തിരച്ചിൽ പ്ലാൻ തയ്യാറാക്കിക്കൊണ്ട് വിവിധ വഴികളിലൂടെ തെരച്ചിലിനായി തിരിച്ചു.

"രാമാ... ഇജ്ജ് കേട്ടോ... മാളൂന്റിം പൂവിന്റിം കുട്ട്യേളെ കാണാന് ല്ല..." റേഷൻ കടയുടെ മുന്നിലൂടെ പോയപ്പോൾ കടക്കാരൻ രാമനോട് അബോക്ക വിളിച്ച് പറഞ്ഞു.

"ഈശ്വരാ... എന്താ പറ്റ്യത് ? " രാമനും അവിടെ കൂടി നിന്നവരും ചോദിച്ചു.

"അതറിയങ്കി ഞങ്ങളിങ്ങനെ തെര്യാൻ നടക്കോ?" പോകുന്ന പോക്കിൽ അബോക്ക കുശുകുശുത്തു. റേഷൻ വാങ്ങാൻ വന്ന നാലഞ്ച് പേർ കൂടി അവരോടൊപ്പം ചേർന്നു.

"അല്ല... എങ്ങട്ടാ അബോ .... ഈ ജാഥ ?" അബോക്കയെയും പരിവാരങ്ങളെയും കണ്ട മീൻകാരൻ സൈതാലി ചോദിച്ചു.

"അറബിക്കടല് ന്ന് കൊറച്ച് പുത്യേ മീന് നെ പുട്ച്ചാനാ...ജ്ജ് പോര് ണോ?" മനസ്സ് ചൂട് പിടിച്ച അബോക്ക പറഞ്ഞു.

"ങേ! അറബിക്കടല് ഇവിടിം എത്ത്യോ റബ്ബേ...?"

"രണ്ട് കുട്ട്യേളെ കാണാന് ല്ല..ഓലെ തെരെഞ്ഞെറങ്ങ്യതാ .... ഈ ബയിക്ക് പോണത് ജ്ജ് കണ്ടീന്യോ ?."കൂട്ടത്തിലെ ആരോ സൈതാലിയോട് ചോദിച്ചു.

"രണ്ടെണ്ണം മാത്രായിട്ട് പോണത് കണ്ട് ല... ആണും പെണ്ണും ആയ്ട്ട് കൊറെ എണ്ണം ഇതിലെ പോയിക്ക്ണ്...ന്നാ ഞാനും ബെരാ ... തെര്യാൻ ..." സൈതാലി പറഞ്ഞു.

"കൃഷ്ണാ... മാളൂന്റിം പൂവിന്റിം കുട്ട്യേളെ കാണാന് ല്ല..." ടൈലർ കൃഷ്ണന്റെ പീടികക്ക് മുമ്പിലെത്തിയപ്പോൾ അബോക്ക വിളിച്ച് പറഞ്ഞു.

അങ്ങനെ വഴിയിൽ കണ്ടവരെയൊക്കെ അറിയിച്ച് വലിയൊരു പട ഞങ്ങളെയും തേടി പഞ്ചായത്തിലെ എല്ലാ ഇടവഴികളിലൂടെയും അരിച്ച് പെറുക്കി തിരയാൻ തുടങ്ങി. നാട്ടിൽ നടക്കുന്ന സംഭവങ്ങളൊന്നും അറിയാതെ കുരങ്ങനെ മതിവരോളം കണ്ട് ഞങ്ങൾ തിരിച്ച് നടക്കാനും തുടങ്ങി.

"അതാ... രണ്ട് പെങ്കുട്ട്യേള്... " ആരോ വിളിച്ച് പറയുന്നത് കേട്ട് ഞാൻ ഞെട്ടി. തിരിഞ്ഞ് നോക്കിയപ്പോൾ വലിയൊരു ആൾക്കൂട്ടം ഞങ്ങളുടെ നേരെ ഓടി വരുന്നു. ഞങ്ങൾ രണ്ട് പേരും പേടിച്ചു വിറച്ചു എന്ത് ചെയ്യണം എന്നറിയാതെ നിന്നു പോയി.

"എവിട്യായ് നെടീ നീ ഇത്രിം നേരം..?'' എന്നെ തിരിച്ചറിഞ്ഞ,ആ കൂട്ടത്തിലെ  എന്റെ ഒരു ബന്ധു ചോദിച്ചു.

"ഞങ്ങള് ദാ ഔടെ ... കൊരങ്ങനെ കാണാൻ പോയതാ... " നെച്ചിയൻ അയമോട്ടിക്കയുടെ വീട് ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

"മോന്തി നേരത്താ അന്റെ കൊരങ്ങനെ കാണാൻ പോകല് ഹിമാറേ...?"

"ഇന്റതല്ല... അയമോട്ട്യാക്കാന്റതാ കൊരങ്ങൻ...." നിഷ്കളങ്കമായി ഞാൻ പറഞ്ഞു.

"ഉം... നടക്ക് ബേഗം കുടീക്ക് ... "

വീട്ടിലെത്തിയപ്പോഴാണ് ഞങ്ങളെ കാണാതായ വിവരം കാട്ടുതീ പോലെ നാട്ടിൽ പടർന്നത് അറിഞ്ഞത്. അത്യാവശ്യം ചൂടുള്ള പത്തിരുപത് അടികൾ കൂടി അന്ന് കിട്ടിയതിനാൽ, പിന്നീട് കുരങ്ങൻ എന്ന് കേൾക്കുമ്പഴേ എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നും.


Thursday, February 16, 2023

കേരളാം കുണ്ട് വെള്ളച്ചാട്ടം.

ബി.എഡ് പഠന കാലത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മണി. കരുവാരക്കുണ്ട് എന്ന ഗ്രാമത്തിനടുത്ത് കേരള എസ്റ്റേറ്റ് എന്ന സ്ഥലത്തായിരുന്നു അവന്റെ വീട്. ബി.എഡ് പഠനത്തിന് ശേഷമുള്ള ഒരു ഓണത്തിന് അവന്റെ വീട്ടിൽ പോയി സദ്യ ഉണ്ട ശേഷം, കട്ട സഖാവായ അവന്റെ പേരിൽ നേർന്ന  ഒരു വഴിപാടിനായി കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോയത് ഇന്നും മനസ്സിൽ പച്ച പിടിച്ച് കിടക്കുന്നുണ്ട്.

കടിഞ്ഞാണില്ലാത്ത കുതിരയായതിനാൽ അക്കാലത്ത് എവിടെ വേണമെങ്കിലും പോകുമായിരുന്നു. ബട്ട്, മുറ്റത്തെ മുല്ലക്ക് മണമില്ലാത്തത് കൊണ്ടാകാം എന്റെ സ്വന്തം ജില്ലയിലെ നിരവധി സ്ഥലങ്ങൾ എന്റെ ഫേവറിറ്റ് ലിസ്റ്റിൽ അന്ന് വന്നതേ ഇല്ല. അതിനാൽ  ഇക്കഴിഞ്ഞ ദിവസം പാലക്കാട് ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഐ.ടി ഡിപ്പാർട്ട്മെന്റിലെ സഹപ്രവർത്തകരോടൊപ്പം  എത്തുന്നത് വരെ കരുവാരക്കുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം ഞാൻ ഫോട്ടോയിൽ മാത്രം കണ്ട പരിചയമേ ഉണ്ടായിരുന്നുള്ളൂ.

മലപ്പുറം ജില്ലയിലെ മലയോരമേഖലയായ കരുവാരകുണ്ടിലെ നിരവധി വെള്ളച്ചാട്ടങ്ങളിലെ ഏറ്റവും സുന്ദരമായ ഒന്നാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ഒലിപ്പുഴയുടെ ഉൽഭവ സ്ഥാനമാണ് ഈ വെള്ളച്ചാട്ടം എന്ന് പറയപ്പെടുന്നു. കരുവാരകുണ്ട് ടൗണിൽ നിന്നും വെറും ആറുകിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ  കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ എത്താം.വെള്ളച്ചാട്ടത്തിന്റെ രണ്ട് കിലോമീറ്റർ അടുത്ത് വരെ മാത്രമേ സാധാരണ വാഹനങ്ങൾ എത്തൂ. ശേഷമുള്ള കരിങ്കല്ല് പാകിയ ഓഫ്റോഡ് തരണം ചെയ്യാൻ ജീപ്പ് യാത്ര മാത്രമാണ്  ശരണം. രണ്ട് കിലോമീറ്ററോളം നീളുന്ന ഓഫ് റോഡ് യാത്രക്ക്  വൺ സൈഡ് നിരക്ക് ജീപ്പൊന്നിന് ഇരുനൂറ്റമ്പത് രൂപയാണ്.ഒരു ജീപ്പിൽ എട്ട് പേർക്ക് പോകാം.

ജീപ്പിറങ്ങുന്നിടത്ത് തന്നെയാണ് ടിക്കറ്റ് കൗണ്ടർ. ഇരുപത് രൂപയാണ് പ്രവേശന ഫീസ്. ഒരു മൊബൈൽ കമ്പനിക്കും റേഞ്ചില്ലാത്തതിനാലാണോ എന്നറിയില്ല ഒരു തരത്തിലുള്ള ഓൺലൈൻ പെയ്മെന്റ് സംവിധാനവും അവിടെ ഇല്ല. ജീപ്പിറങ്ങി ഞങ്ങൾ വെള്ളച്ചാട്ടം ആരംഭിക്കുന്ന സ്ഥലത്തേക്ക് നടന്നു. 150 അടി ഉയരത്തില്‍ നിന്നും വെളളം താഴേക്ക് പതിക്കുന്ന കാഴ്ച അതിമനോഹരമാണ്. കാണാൻ താഴെ വരെ ഇറങ്ങണം എന്ന് മാത്രം.

സൈലന്റ് വാലിയോട് തൊട്ടുചേര്‍ന്നാണ് കരുവാരക്കുണ്ട് സ്ഥിതി ചെയ്യുന്നത്. സൈലന്റ് വാലി ബഫർ സോണിലെ കാട്ടരുവികളിൽ നിന്നും ഒഴുകി വരുന്ന വെള്ളമാണ് കേരളാംകുണ്ടിൽ എത്തുന്നത്. അതിനാൽ തന്നെ ഈ  വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്ന്  പഴമക്കാര്‍ പറയുന്നു. 

ടിക്കറ്റെടുത്ത് താഴെ എത്തിയപ്പോൾ തന്നെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ എന്നെ സമീപിച്ചു.

"മണി മാഷ് പറഞ്ഞ ആൾക്കാരാണോ?" 

"അതെ...'' ഒരമ്പരപ്പോടെ ഞാൻ പറഞ്ഞു.

മൂന്നാഴ്ച മുമ്പ് മണിയെ കണ്ടപ്പോൾ ഈ യാത്രയെപ്പറ്റി ഞാനവനോട് സൂചിപ്പിച്ചിരുന്നു. എന്താവശ്യമുണ്ടങ്കിലും  വിളിക്കാനും അവൻ പറഞ്ഞിരുന്നു.പക്ഷെ, ഇവിടെ അവൻ ഇങ്ങനെ പറഞ്ഞേൽപിക്കും എന്ന് സ്വപ്നേപ്പി നിനച്ചില്ല. മണിയുടെ അയൽവാസികളും ഇവിടത്തെ ജീവനക്കാരുമായ പ്രണവും ഉണ്ണികൃഷ്ണനും പ്രത്യേകം ഒരുക്കിത്തന്ന സൗകര്യങ്ങളുപയോഗിച്ച് ഞങ്ങൾ കരുതിയിരുന്ന പ്രാതൽ അവിടെ ഇരുന്ന് കഴിച്ചു.

വെള്ളച്ചാട്ടത്തിൽ ഇറങ്ങണമെങ്കിൽ ഓഫീസിന് തൊട്ട് താഴെ തന്നെ സ്ത്രീകൾക്ക് ഡ്രസ് മാറാനുള്ള സൗകര്യം ഉണ്ട്. ഒരു ഇരുമ്പ് പാലം കടന്ന് വേണം അക്കരെ എത്താൻ. പാലത്തിന്റെ തൊട്ടുതാഴെ അത്യാവശ്യം വലിയൊരു കുഴിയുണ്ട്. കുട്ടികൾക്കും നീന്തലറിയാത്തവർക്കും ഇവിടെ കുളിക്കാം. പാറയിലൂടെ  അൽപം മുകളിലേക്ക് കയറിപ്പോയാൽ അവിടെയും കുളിക്കാം. താഴേക്ക് നീണ്ട് കിടക്കുന്ന വലിയൊരു  ഇരുമ്പ് ഗോവണി വഴി പ്രധാന വെള്ളച്ചാട്ടത്തിന്റെ അടുത്ത് വരെ പോകാം. വെള്ളച്ചാട്ടത്തിൽ കുളിക്കണമെങ്കിൽ ബാരിക്കേഡ് കടന്ന് പാറയിൽ സജ്ജീകരിച്ച വടത്തിൽ പിടിച്ചിറങ്ങണം.

ഞാനും സഫീർ സാറും വിനയൻ സാറും ജയപാലൻ മാഷും റഹീം മാഷും വടത്തിൽ തൂങ്ങി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി. ശുദ്ധമായ തണുത്ത വെള്ളത്തിൽ നീന്തിത്തുടിച്ച് ആർമാദിക്കുമ്പോഴാണ് ഗാർഡ് ഉണ്ണികൃഷ്ണൻ ഞങ്ങളുടെ കൂട്ടത്തിൽ വന്ന കുട്ടികളെ വടം വഴി വെള്ളത്തിലേക്ക് ഇറക്കുന്നത് കണ്ടത്. അൽപം കഴിഞ്ഞ് ഡിപ്പാർട്ട്മെന്റ് ഹെഡ് സംഗീത മിസ്സും മുൻ ഹെഡ് ധന്യ മിസ്സും ഗാർഡ്മാരുടെ സഹായത്തോടെ വടത്തിൽ പിടിച്ച് വെള്ളച്ചാട്ടത്തിലിറങ്ങി. അങ്ങനെ ചരിത്രത്തിലാദ്യമായി ചിലർ പ്രകൃതി ഒരുക്കിയ വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിച്ചു.

കയറിപ്പോരാൻ ആർക്കും മനസ്സ് വന്നില്ലെങ്കിലും നിരവധി സ്പോട്ടുകൾ ഇനിയും കാണാനുള്ളതിനാൽ ഞങ്ങൾ തിരിച്ച് കയറി.


Monday, February 13, 2023

ട്രൂപ്പ് ,സാവധാൻ അരൂ ...ക്ക് !!

വാർഷിക കായിക ദിനം പഠന കാലത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്.സാധാരണയായി രണ്ട് ദിവസങ്ങളിലായിട്ടാണ്  കായിക മത്സരങ്ങൾ നടത്താറുള്ളത്. ഈ രണ്ട് ദിവസങ്ങളിലും ഇംഗ്ലീഷും കണക്കും  മറ്റു വിഷയങ്ങളൊന്നും തന്നെ പഠിപ്പിക്കില്ല. 'ഓൺ യുവർ മാർക്ക് .... സെറ്റ്... പീ... എന്ന് ഇംഗ്ലീഷിൽ പറയുമ്പോൾ 1, 2, 3 എന്നിങ്ങനെ കണക്കെഴുതി വച്ച ട്രാക്കിലൂടെ ഓടിയാൽ മാത്രം മതി. മത്സരത്തിന് ഇല്ലാത്തവർക്ക് ഐസും ഈമ്പി അലഞ്ഞ് നടന്നാലും മതി. സ്വാതന്ത്ര്യ ദിനത്തിൽ പോലും തിരിച്ചറിയാത്ത സ്വാതന്ത്ര്യം  എന്ത് എന്നത് കുട്ടികൾക്ക് പലപ്പോഴും മനസ്സിലാകുന്നത് ഇത്തരം ദിവസങ്ങളിലാണ്.

തെരട്ടമ്മൽ ഗ്രൗണ്ടിലാണ് സാധാരണയായി ഞങ്ങളുടെ സ്കൂളിന്റെ സ്പോർട്ട്സ് മത്സരങ്ങൾ നടക്കാറുള്ളത്.ഗ്രൗണ്ടിൽ ട്രാക്ക് വരക്കാനും ജംബിങ്ങ് പിറ്റ് തയ്യാറാക്കാനും പന്തലിനുള്ള കാലുകൾ നാട്ടാനും ഒക്കെ തല മുതിർന്ന  ഏതാനും പേരെ തലേ ദിവസം തന്നെ ഏർപ്പാടാക്കിയിരുന്നു.

രാവിലെ ഒമ്പത് മണിയോടെ ഞങ്ങളും ഗ്രൗണ്ടിൽ എത്തി. ഗ്രൗണ്ടിനെ മുഴുവൻ ഒന്ന് വലം വച്ച് പരിസര വീക്ഷണം നടത്തി. ഓരോ ഹൗസിന്റെയും മത്സരാർത്ഥികൾ നാല് മൂലകളിലായി തമ്പടിച്ചിട്ടുണ്ട്. ഹൗസ് ചുമതലയുള്ള അദ്ധ്യാപകനും ഹൗസ് ക്യാപ്റ്റനും ഒരു പേപ്പറും പേനയും പിടിച്ച് നടക്കുന്നുണ്ട്.

ഐസ് പെട്ടി മൂട്ടിൽ വച്ച് മയമ്മാക്കയുടെ സൈക്കിളും നേരത്തെ തന്നെ ഗ്രൗണ്ടിൽ എത്തിയിട്ടുണ്ട്. കോലൈസ്, പാലൈസ് എന്നിവക്ക് പുറമെ മുന്തിരി ഐസും അവിൽ ഐസും കൂടി പെട്ടിയിലുണ്ടെന്ന് മയമാക്ക വിളിച്ചു പറയുന്നുണ്ട്. നിർത്താതെ പോം പോം ഹോണടിച്ച് മയമാക്ക എല്ലാവരെയും പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. എന്റെ കയ്യിൽ ഐസ് വാങ്ങാനായി പത്ത് പൈസ ഉണ്ട് . പക്ഷെ, ഇപ്പോൾ തന്നെ ഐസ് വാങ്ങി തിന്നാൽ മറ്റു കൂട്ടുകാർ വാങ്ങുമ്പോൾ അവരുടെ വായിലേക്ക് നോക്കി നിൽക്കേണ്ടി വരുമെന്നതിനാൽ ആ ആഗ്രഹം തൽക്കാലം അടക്കിപ്പിടിച്ചു.

അൽപം അകലെയായി കാഞ്ഞിരമരച്ചുവട്ടിൽ നാരങ്ങ മുറിച്ച് മുളക് പുരട്ടി വിൽക്കുന്ന അബോക്ക തമ്പടിച്ചിട്ടുണ്ട്. കത്തി കൊണ്ട് മുളക് മിശ്രിതം തോണ്ടിയെടുത്ത് നെടുകെ കീറിയ നാരങ്ങയുടെ ഉള്ളിൽ വച്ച് കത്തി വലിച്ചൂരുമ്പോൾ നാരങ്ങയിൽ മുഴുവൻ അത് പരക്കുന്നത് എന്നും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. വീട്ടിൽ പോയി അത് പരീക്ഷിച്ച് കൈ മുറിഞ്ഞ് മുറിവിൽ മുളക് പൊടി കൂടി ആയപ്പോൾ കണ്ണിൽ നിന്നും പൊന്നീച്ച പറന്നത് ഇന്നും ഓർമ്മയിലുണ്ട്. ചാക്കിൽ നിന്ന് നാരങ്ങയെടുക്കാനും നിരത്താനും അബോക്കയെ സഹായിക്കാൻ പലർക്കും ആവേശമാണ്.  പ്രതിഫലമായി മുളക് പുരട്ടിയ  ഒരു നാരങ്ങാമുറി കിട്ടുമെന്നതാണ് ഈ ആവേശത്തിന്റെ കാരണം.
 
വെയിലിന്റെ കാഠിന്യം കൂടാൻ തുടങ്ങി.വിവിധ മൽസരങ്ങൾ ആരംഭിക്കാനുള്ള സമയമായി. അനൗൺസ്മെന്റ് ചുമതല ജോർജ്ജ് മാസ്റ്റർക്കായിരുന്നു.
"മൽസരങ്ങൾ ആരംഭിക്കാൻ പോകുകയാണ്. കുട്ടികൾ ആരും തന്നെ ട്രാക്കിലേക്ക് പ്രവേശിക്കരുത്. വളണ്ടിയറിംഗ് ചുമതലയുള്ള എൻ സി സി കാഡറ്റുകൾ എത്രയും പെട്ടെന്ന്  മൈക്ക് പോയിൻ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്''.

ആ വർഷമാണ് സ്കൂളിൽ ആദ്യമായി എൻ സി സി  ട്രൂപ്പ് ആരംഭിച്ചത്.രാമചന്ദ്രൻ മാസ്റ്റർ ആയിരുന്നു പ്രഥമ എൻ.സി.സി അദ്ധ്യാപകൻ.  സ്കൗട്ടിലുണ്ടായിരുന്ന, തടിമിടുക്കും കായബലവുമുള്ള പലരെയും എൻ സി സി യിലേക്ക് മാറ്റിയാണ് യൂണിറ്റ് തുടങ്ങിയത്. എവിടെ നിന്നോ വന്ന ഒരു ഹിന്ദിക്കാരന്റെ കീഴിലായിരുന്നു പരേഡും പരിശീലനവും എല്ലാം നടത്തിയിരുന്നത്. സാവ്ധാൻ ,വിശ്രം , ദൈനേ മൂട് , ബായേം മൂട് തുടങ്ങി കമാൻഡുകൾ മനസ്സിലായി കിട്ടാൻ എല്ലാവർക്കും ഏറെ പ്രയാസപ്പെടേണ്ടി വന്നു.

സ്പോർട്സ് ദിനത്തിൽ  യൂനിഫോമണിഞ്ഞ വളണ്ടിയർമാർ ആദ്യമായി സേവനം ആരംഭിച്ചത് ആ വർഷമായിരുന്നു. അതൊന്ന് കാണാൻ എനിക്കും അതിയായ ആഗ്രഹം തോന്നി. ക്യാപ്റ്റൻ ഷുക്കൂറിന്റെ നേതൃത്വത്തിൽ എൻ.സി.സി അംഗങ്ങൾ മൂർക്കനാട് നിന്ന് ഗ്രൗണ്ടിലേക്ക് മാർച്ച് ചെയ്ത് കൊണ്ടാണ് വന്നിരുന്നത്. കുട്ടികളും വൃദ്ധരും വീട്ടമ്മമാരും മറ്റും മാർച്ച് കാണാൻ  വഴിയരികിൽ കൗതുകത്തോടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.ജോർജ്ജ് മാസ്റ്ററുടെ അനൗൺസ്മെന്റ്  മുഴങ്ങുമ്പോൾ എൻ.സി.സി  കാഡറ്റുകൾ കാരാതോട് പാലം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ.

റോഡിന് വീതി കുറവുള്ള ഭാഗത്ത് കേഡറ്റുകൾ എത്തിയ സമയത്താണ് പിന്നിൽ നിന്നും ഒരു ലോറി  വന്നത്.പഠിച്ച കമാന്റുകളിൽ ഒന്നും തന്നെ സ്യൂടബിൾ അല്ലാത്തതിനാൽ റോഡരികിലേക്ക് മാറാൻ എന്ത് നിർദ്ദേശമാണ് കാഡറ്റുകൾക്ക് കൊടുക്കേണ്ടതെന്ന്  ഷുക്കൂർ ആലോചിച്ചു. പെട്ടെന്ന് ഷുക്കൂറിന്റെ തലയിൽ ഒരു ബൾബ് കത്തി .

" ട്രൂപ്പ് കേഡറ്റ്സ് ... സാവധാൻ ....അരൂ ......ക്ക് "

ഷുക്കൂർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
എല്ലാവർക്കും ചിരി വന്നെങ്കിലും, ക്യാപ്റ്റൻ ഉദ്ദേശിച്ചത് എന്തെന്ന് മനസിലായി. അവർ ലോറിക്ക് പോകാൻ വഴി മാറി കൊടുത്തു. ഇതിന് ശേഷം ഷുക്കൂർ "അരൂക്ക് " എന്നറിയപ്പെട്ടു.

Friday, February 10, 2023

ഉസ്‌(റുള്ള)മാൻ

പാഠ്യ വിഷയങ്ങൾക്ക് പുറമെ പാഠ്യേതര കാര്യങ്ങളിലും കുട്ടികളെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിരവധി പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ ഉണ്ടായിരുന്നു. സ്പോർട്ട്സ്  ആയിരുന്നു അതിൽ പ്രധാനം. കലാ പ്രാഗത്ഭ്യം തെളിയിക്കാനായിട്ടുള്ള യൂത്ത് ഫെസ്റ്റിവൽ, സാമൂഹ്യ സേവന പ്രവർത്തനത്തിനുള്ള സ്കൗട്ട് തുടങ്ങിയവയും അന്ന് ഉണ്ടായിരുന്നു.

കുട്ടികളിലെ സർഗവാസനകളെ തിരിച്ചറിയാനും  പരിപോഷിപ്പിക്കാനും   അന്നത്തെ അദ്ധ്യാപകരിൽ ചിലർക്ക് അതീവ താൽപര്യമുണ്ടായിരുന്നു.  എന്റെ ഹൈസ്‌കൂൾ പഠന കാലത്തെ, സ്കൂളിലെ മുഴുവൻ കലാകാരന്മാരും അടിഞ്ഞ് കൂടിയത് എന്റെ ക്ലാസിലായിരുന്നു എന്നാണ് അന്നും ഇന്നും എന്റെ വിശ്വാസം. ഓരോ മാസത്തിലെയും അവസാനത്തെ വ്യാഴാഴ്ച എല്ലാ ക്ലാസുകളിലും സാഹിത്യ സമാജം നടത്തിയിരുന്നു. ഓരോ വിദ്യാർത്ഥിയും എന്തെങ്കിലും ഒരു  കലാപരിപാടി അവതരിപ്പിക്കൽ നിർബന്ധവുമായിരുന്നു.

അങ്ങനെ ആദ്യത്തെ സാഹിത്യ സമാജത്തിൽ പരിപാടികള്‍ അവതരിപ്പിക്കാനുളളവരുടെ പേരെഴുതിയപ്പോള്‍, ആനി ടീച്ചര്‍ എന്റെ പേരും എഴുതി. എനിക്ക് യാതൊരു ബന്ധവുമില്ലാത്ത മാപ്പിളപ്പാട്ടിനായിരുന്നു എന്‍റെ പേരെഴുതിയത്. പൊതുവെ അന്തർമുഖനായ എനിക്ക് സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിക്കുക എന്ന് കേട്ടതോടെ തന്നെ വിറയൽ തുടങ്ങി.

മാപ്പിളപ്പാട്ട് പോയിട്ട് ഏഴാം ക്ലാസ് വരെ പഠിച്ച ഏതെങ്കിലും കവിത പോലും ആലപിക്കാൻ കഴിയാത്ത ഞാൻ ആകെ പരവശനായി.ഇന്നത്തെപ്പോലെ ഇഷ്ടമുള്ള പാട്ട് കേൾക്കാൻ യാതൊരു മാർഗ്ഗവും അന്നില്ലായിരുന്നു.ആകെ കേട്ടിരുന്ന പാട്ട് വല്ല കുറിക്കല്യാണവും ഉണ്ടെങ്കിൽ ഹോട്ടലിന് മുന്നിൽ വച്ച് കെട്ടുന്ന കോളാമ്പിയിലൂടെ പുറത്ത് വന്നിരുന്ന സിനിമാഗാനങ്ങൾ ആയിരുന്നു.അതും, അപൂർവ്വമായി മാത്രമേ കേൾക്കാൻ പറ്റൂ.

"എനിക്ക് പാട്ട് അറിയില്ല ടീച്ചർ.." ഞാന്‍ താണു കേണു പറഞ്ഞു.

"പരിപാടിക്ക് ഇനിയും പത്ത് ദിവസം ഉണ്ട്...അതുകൊണ്ട് ഒരു പാട്ട് പഠിച്ചിട്ട് വന്നോളൂ..." യാതൊരു ദയയും കാണിക്കാതെ ടീച്ചർ പറഞ്ഞു.

"ടീച്ചർ തരുന്ന കണക്ക് തന്നെ പഠിക്കാൻ കഴിയുന്നില്ല....പിന്നെ എങ്ങനാ പാട്ട് പഠിക്കുന്നത്?"

"ആ...നീ എന്തെങ്കിലും പഠിക്കുമോ എന്നൊന്ന് നോക്കട്ടെ..."

"പ്ലീസ് ടീച്ചർ...എനിക്ക് പാടാൻ അറിയില്ല" 

"എങ്കിൽ ബാപ്പയെയും കൂട്ടി വന്നോളൂ..."

"ങേ!! ബാപ്പയും പാടില്ല ടീച്ചർ..." എന്റെ മറുപടി കേട്ട് ടീച്ചർ ചിരിച്ചെങ്കിലും എന്നെ ഒഴിവാക്കിത്തന്നില്ല.

ഇനി ഒരു പാട്ട് പഠിക്കുക തന്നെ രക്ഷയുള്ളൂ എന്നതിനാൽ ശനിയാഴ്ച്ച ആവാൻ ഞാൻ കാത്തിരുന്നു.അരീക്കോട് ചന്ത നടന്നിരുന്നത് ശനിയാഴ്ച്ചകളിലാണ്. ചന്തയിൽ പോയാൽ ഏകദേശം എല്ലാ സാധനവും കിട്ടും.പാട്ടു പുസ്തകവും അന്ന് ചന്തയിലേ കിട്ടൂ. കേട്ട പാട്ടിന്റെ വരികൾ ഉള്ള പുസ്തകം തപ്പിപ്പിടിക്കണം.അതിന് പുസ്തകം മുഴുവൻ തിരഞ്ഞ് നോക്കണം.അങ്ങനെ തിരഞ്ഞ് തിരഞ്ഞ്, ഞാൻ പല തവണ കേട്ട ഒരു പാട്ടിന്റെ വരികളുള്ള പുസ്തകം കിട്ടി.

അങ്ങനെ ഞാൻ പാട്ട് പഠിക്കാൻ തുടങ്ങി. വീട്ടിനകത്ത് നിന്ന് പാട്ട് പാടി നോക്കിയാൽ അനിയനും അനിയത്തിയും ഒക്കെ കേട്ട് കളിയാക്കും എന്നതിനാൽ ഞാൻ വീട്ടിലെ കിണറിന്റെ ആൾമറയുടെ അപ്പുറത്ത് പോയിരുന്നു. പാട്ട് ഏകദേശം പഠിച്ച് കഴിഞ്ഞപ്പോൾ അൽപം ഉച്ചത്തിൽ ഞാൻ ഒന്ന് പാടി നോക്കി.

"ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ...
ഉടയോൻ തുണയില്ലെ നമുക്ക് ബാപ്പാ..."

പാട്ട് കേട്ടതും ഉമ്മ ആ ഭാഗത്തേക്ക് നോക്കി.ഞാൻ ആൾമറയുടെ അപ്പുറത്ത് ഇരുന്നായിരുന്നു പാടിയിരുന്നത്.അതിനാൽ ഉമ്മാക്ക് എന്നെ കാണാൻ കഴിഞ്ഞിരുന്നില്ല.

"അള്ളോ...ന്റെ മോൻ...കിണറ്റിൽ..."

ഉമ്മയുടെ നിലവിളി കേട്ട് ബാപ്പയും അയൽവാസികളും എല്ലാം ഓടിക്കൂടി. ബഹളം കേട്ട് ഞാനും എണീറ്റു.എന്നെക്കണ്ടതും ഉമ്മ അന്തം വിട്ടു നിന്നു.പിന്നിൽ ഓടി വന്നവരും സഡൻ ബ്രേക്കിട്ടു.

"എന്തയിനി അനക്ക് ഔടെ പണി...?" ഉമ്മയുടെ ചോദ്യം.

"സാഹിത്യ സമാജത്തിന് പാട്ട് പഠിച്ചെയ്‌നി..."

"അത്...കെണറ്റിന്റെ ബക്കത്ത് നിന്നാ പട്ച്ചല്...നടക്കങ്ങട്ട് ഔത്ത് ക്ക്..." ബാപ്പയുടെ ആജ്ഞ വന്നതോടെ ഞാൻ വീട്ടിനകത്തേക്ക് കയറി.ഉമ്മയുടെ നിലവിളി കേട്ട് ഓടി വന്നവരൊക്കെ അവരുടെ വഴിക്കും പോയി.

അങ്ങനെ സാഹിത്യ സമാജത്തിന്റെ ദിനമായി.ടീച്ചർ ഓരോരുത്തരെയായി വിളിക്കാൻ തുടങ്ങി. അവരെല്ലാം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. എന്റെ പേര് വിളിച്ചതും ഞാൻ എണീറ്റ് സ്റ്റേജിലേക്ക് കയറി.എന്റെ കയ്യും കാലും കയ്യിലെ പുസ്തകവും എല്ലാം കിടു കിടാ വിറക്കുന്നുണ്ടായിരുന്നു.ആരെയും  മുന്നിൽ കാണാതിരിക്കാനായി പുസ്തകം മുഖത്തിന് നേരെ പിടിച്ച് ഞാൻ പാട്ടങ്ങ് തുടങ്ങി.

"ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ...
ഉടുക്കാൻ തുണിയില്ല നമുക്ക് ബാപ്പാ..."

"ആ...മതി..മതി..." ടീച്ചർ പറഞ്ഞു.പക്ഷെ.മുഖം മറച്ചു പിടിച്ചിരുന്നതിനാൽ ഞാനത് കേട്ടില്ല.അടുത്ത ഭാഗവും പാടി. കുട്ടികൾ എല്ലാവരും ആർത്തു ചിരിച്ചു.

"ഉസ്മാനെ...മതീന്ന് നിന്നോടല്ലേ പറഞ്ഞത്..." ടീച്ചറുടെ ശബ്ദം കൂടി. ഞാനും ശബ്ദം കൂട്ടി അടുത്ത രണ്ട് സ്റ്റാൻസയും പാടി പാട്ട് മുഴുവനാക്കി.

'ചന്തയിൽ പോയി പുസ്‌തകവും വാങ്ങി, പാട്ട് പഠിച്ചത് നാട്ടുകാര് മുഴുവൻ അറിയുകയും ചെയ്തു... പിന്നെ രണ്ട് വരി പാടിയിട്ട് നിർത്താനോ... ഞാനേ ഉസ്മാനാ... ഉസ്‌റുള്ള മാൻ ...' സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോരുന്നതിനിടയിൽ ഞാൻ ആത്മഗതം ചെയ്തു.പിന്നീട് പത്താം ക്ലാസ് വരെയുള്ള ഒരു സാഹിത്യ സമാജത്തിലും എനിക്ക് പാട്ട് പാടേണ്ടി വന്നിട്ടില്ല.

Wednesday, February 08, 2023

കോലൈസ്

 Part 1 - പറങ്കിമാവിൻ കൊമ്പത്ത്...

ഓടിക്കിതച്ച് ഞാൻ സ്‌കൂളിൽ എത്തുമ്പോൾ ഇന്റർവെൽ സമയമായിരുന്നു.അദ്ധ്യാപകർക്ക് ഒരു ചായ കുടിക്കാനും കുട്ടികൾക്ക് മൂത്രമൊഴിക്കാനും ഉള്ള സമയമായിട്ടാണ് ഇന്റർവെലിനെ ഞാൻ മനസ്സിലാക്കി വച്ചത്.പൈസ കയ്യിലുള്ള കുട്ടികളിൽ ചിലർ ഐസ് വാങ്ങും; കൂടുതൽ പൈസ ഉള്ളവർ ചായ കുടിക്കും, നെയ്യപ്പം കടിക്കും.

അപ്പോഴാണ് രാവിലെ ബാപ്പയുടെ കീശയിൽ നിന്ന് എന്റെ കീശയിലേക്ക് ട്രാൻസ്ഫർ ആയ ഇരുപത് പൈസയെപ്പറ്റി എനിക്കോർമ്മ വന്നത്.ദൂരെ നിന്ന് എവിടെന്നോ മയമാക്കയുടെ ഐസിന്റെ ഹോണടി കേൾക്കുന്നുണ്ട്.

ഗേറ്റിനടുത്ത് ചെന്ന് ഞാൻ സ്‌കൂൾ കോമ്പൗണ്ടിലേക്ക് എത്തി നോക്കി.അപ്പോൾ കയറി വരുന്നതാണ് എന്ന് ആരും അറിയാതിരിക്കാൻ പുസ്തകങ്ങൾ അരയിൽ തിരുകി.കൂട്ടുകാരൻ മെഹബൂബ് ക്ലാസ്സിൽ നിന്നും പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു.വെള്ളം എടുക്കാൻ തൂക്കുപാത്രവുമായിട്ടാണ് അവൻ വരുന്നത്.

"മയബോ...എത്ര നേരായി അന്നെ ഞാൻ കാത്ത് നിക്കണ്..." മെഹബൂബ് ഗേറ്റിൽ എത്തിയ ഉടനെ ഞാൻ പറഞ്ഞു.

"അന്നെ ഞാൻ ക്ലാസ്സിൽ കണ്ടില്ലല്ലോ..." മെഹബുവിന്റെ മറുപടി കേട്ട് ഞാൻ ഒന്ന് ഞെട്ടി.

"അത്..ഞാൻ നേരം വൈകി വന്നതോണ്ട് ബാക്കിലായി...ഞമ്മൾക്ക് ഒരു ഐസ് മാങ്ങാൻ പോകാ..."

"അതിന് മയമാക്കാനെ കാണുന്നില്ല ല്ലോ..."

"മയമാക്ക അങ്ങാടീല് ണ്ട്...." ഞാൻ അറിയാതെ പറഞ്ഞുപോയി.

"അതെങ്ങനാ അപ്പം ജ്ജ് കണ്ടത്?"

"അത്...അത്...ജ്ജ് കേക്കിണില്ലേ...പോം...പോം..പോം..."

ഞങ്ങൾ രണ്ട് പേരും ചെവി കൂർപ്പിച്ചു.ദൂരെ എവിടെ നിന്നോ കേൾക്കുന്ന ഹോണടി അങ്ങാടിയിൽ നിന്നായിരിക്കും എന്ന ധാരണയിൽ ഞങ്ങൾ അങ്ങോട്ട് ഓടി.മയമാക്ക ഇറക്കം വിട്ട് സ്പീഡിൽ പോകുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത്.

"മയമാക്കേ...മയമാക്കേ..." ഞങ്ങൾ രണ്ട് പേരും ആർത്ത് വിളിച്ച് പിന്നാലെ ഓടി.ബ്രേക്ക് ഇല്ലാത്തതിനാൽ   ഇറക്കം കഴിഞ്ഞ് ആണ് മയമാക്ക സൈക്കിൾ നിർത്തിയത്.

"ഒര്....ഒര്....ഒര് കോലൈസ്.." കിതച്ചു കൊണ്ട് ഞാൻ പറഞ്ഞു.

"ഇച്ച് ഒര് പാലൈസ്..." മെഹബൂബ് പറഞ്ഞു.

"അയിന് അന്റെ അട്ത്ത് പൈസ ണ്ടോ...?" ഞാൻ ചോദിച്ചു.

"ഇജ്ജല്ലേ ഐസ് മാങ്ങിത്തരാന്ന് പറഞ്ഞ് ബിൾച്ചത്..."

"ആ...ഒര് ഐസ് മാങ്ങി രണ്ടാൾക്കും ഈമ്പാ...ആദ്യം ഞാൻ ഈമ്പും...പിന്നെ ജ്ജ്...പിന്നെ ഞാൻ...പിന്നെ ജ്ജ്...പിന്നെ ഞാൻ..."

അങ്ങനെ ഐസും വാങ്ങി രണ്ടാളും മാറി മാറി ഈമ്പി സ്‌കൂൾ ഗേറ്റിൽ എത്തി.അപ്പോഴേക്കും ഇന്റർവെൽ കഴിഞ്ഞ് ക്ലാസ് തുടങ്ങിയിരുന്നു.ഐസ് പകുതിയോളം ബാക്കിയും!

"എടാ... ക്ലാസ് തൊടങ്ങി...ഐസും ഈമ്പി ചെന്നാ ബേബി മാസ്റ്ററെ അട്ത്ത്ന്ന് നല്ല അടിം ക്ട്ടും..." ഞാൻ പറഞ്ഞു.

"അന്റെ പണ്യാ ദ്..." മെഹബൂബ് എന്നെ കുറ്റപ്പെടുത്തി.

"ഒര് കാര്യം ചെയ്യാ...ഐസ് അന്റെ തൂക്കാത്രത്തില് ഇട്...ഞമ്മക്ക് ഉച്ചക്ക് തിന്നാ..."

അങ്ങനെ ഐസ് തൂക്കുപാത്രത്തിൽ ഇട്ട് അടച്ച് ഞങ്ങൾ രണ്ട് പേരും ക്‌ളാസ്സിലേക്ക് നടന്നു.ബോർഡിലേക്ക് തിരിഞ്ഞ് എന്തോ എഴുതിക്കൊണ്ടിരുന്ന ബേബി മാഷ് കാണാതെ പിന്നിലെ വാതിലിൽ കൂടി അകത്ത് കയറി തൂക്കുപാത്രം ചുമരിന്റെ ഓരത്ത് ഒതുക്കി വച്ച് ഒഴിവുള്ള സ്ഥലത്ത് ഇരുന്നു.

ഉച്ച ഊണിനുള്ള ബെല്ലടിച്ച ഉടനെ മെഹബൂബും ഞാനും ഐസ് തിന്നാൻ തിരക്കിട്ട് തൂക്കുപാത്രം എടുത്ത് പുറത്തേക്കോടി.മറ്റാരും ചോദിക്കാതിരിക്കാൻ ഒഴിഞ്ഞ ഒരു മൂലയിൽ ചെന്നിരുന്നു.മെഹബൂബ് തൂക്കുപാത്രം തുറന്നു.അടിയിൽ ഒരൽപം വെള്ളം മാത്രം കണ്ട മെഹബൂബ് എന്റെ നേരെ ദ്വേഷ്യത്തോടെ നോക്കി.

"എടാ...കള്ള #@$%....ഐസ് മുഴുവൻ ജ്ജ് തിന്നല്ലേ?"

"ആഹാ...ജ്ജ് അല്ലെ പാത്രം ബെച്ചത്...ജ്ജ് അത് മുയ്‌വൻ തിന്നല്ലേ?"

അവൻ തൂക്കുപാത്രം കൊണ്ട് എന്റെ തലക്കിട്ട് കൊട്ടി.ഞാനും വിട്ടില്ല. തൂക്കുപാത്രം പിടിച്ച് വാങ്ങി അവന്റെ തലക്കും ഒന്ന് കൊടുത്തു.അങ്ങനെ അടി തുടരുന്നതിനിടയിലാണ് ഹെഡ്മാസ്റ്ററുടെ വരവ് കണ്ടത്.പെട്ടെന്ന് അടി നിർത്തി രണ്ടാളും രണ്ട് വഴിക്ക് ഓടിയതിനാൽ കൂടുതൽ അടി കിട്ടുന്നതിൽ നിന്നും രക്ഷപ്പെട്ടു.

Tuesday, February 07, 2023

പറങ്കിമാവിൻ കൊമ്പത്ത്...

"പോം...പോം...പോം....." മയമാക്കാന്റെ സൈക്കിളിൽ ഘടിപ്പിച്ചിരിക്കുന്ന ബലൂൺ പോലെയുള്ള ഹോൺ അമർത്തുമ്പോൾ വരുന്ന ശബ്ദം മനസ്സിനെ മദിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.കോലൈസും പാലൈസും വാങ്ങി വായിലിട്ട് ഈമ്പി വരുന്നവരെ ഞാൻ അസൂയയോടെ നോക്കി നിന്നിരുന്നു.ഒരു പത്ത് പൈസ കിട്ടിയിരുന്നെങ്കിൽ എനിക്കും ഒരു പൊട്ടിയ ഐസോ അല്ലെങ്കിൽ കോല് പോയ ഐസോ വാങ്ങാമായിരുന്നു.പക്ഷെ ബാപ്പയുടെ കീശ തപ്പിയാൽ പലപ്പോഴും കിട്ടുന്നത് പകുതി കത്തിയ ദിനേശ് ബീഡിയായിരിക്കും.

അന്ന് മദ്രസയിലേക്ക് പോകുമ്പോഴാണ് ബാപ്പയുടെ ഷർട്ട് വീണ്ടും എന്റെ ശ്രദ്ധയിൽ പെട്ടത്.വെറുതെ ഒന്ന് അതിന്റെ കീശയിൽ കയ്യിട്ട് നോക്കി.ചെറിയൊരു തണുപ്പ് കയ്യിലടിച്ചതോടെ ഞാൻ ചുറ്റും ഒന്ന് നോക്കി.ബാപ്പ ആ പരിസരത്തൊന്നും ഇല്ല.ഉമ്മയും അടുക്കളയിൽ എന്തോ പണിയിലാണ്.കയ്യിൽ തടഞ്ഞ സാധനം ഞാൻ മെല്ലെ എടുത്തു - ഇരുപതു പൈസയുടെ ഒരു പിച്ചള നാണയം.'ഇന്ന് എനിക്കും ഒരു കോലൈസ് വാങ്ങാനുള്ള പൈസ ആയി' എന്ന സന്തോഷത്തിൽ അതും കീശയിലിട്ട് മദ്രസയിലേക്കോടി.
ഞാൻ എത്തിയപ്പോഴേക്കും പോക്കർ മോല്യാർ ക്ലാസ് തുടങ്ങിയിരുന്നു.

"ഉം...എന്തിനാ ബെന്നേ ?" പോക്കർ മോല്യാരുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് പരുങ്ങി.

"ഓത്ത് പട്ച്ചാന്..."

"അത് ച്ചറിയാ..അയിന് നേരത്തും കാലത്തും ബെരണം...ഔടിം ബ്ടിം ഒക്കെ കജ്ജും തലിം ട്ട് ബെന്നാ നേരം ബെഗ്ഗും...കജ്ജ് ങ്ങട്ട് നീട്ട്..."

'മ്മേ!! ഞാൻ ബാപ്പയുടെ കീശയിൽ കയ്യിട്ട് പൈസ എടുത്തത് മദ്രസയിൽ ഇരിക്കുന്ന പോക്കർ മോല്യാർ കണ്ടോ?' എന്റെ ഹൃദയം പട പടാ അടി തുടങ്ങി.മോല്യാർ പറഞ്ഞതനുസരിച്ച് അറിയാതെ ഞാൻ കൈ നീട്ടി.

"ച്ലിം..ച്ലിം..ച്ലിം..." മൂന്നെണ്ണം കിട്ടിയതും ഞാൻ കൈ വലിച്ചു.മെഹബുവും അന്ത്രുവും ആസ്യയും ബീവിയും ഒക്കെ എന്നെ നോക്കി ചിരിക്കുന്നുണ്ട്.

'ഇനി സ്‌കൂളിൽ ചെന്നാലും ഇവര് എന്നെ കളിയാക്കി ചിരിക്കും... പോരാത്തതിന് കണക്കിലെ ഹോംവർക്കും ചെയ്യാനുണ്ട്...ഇന്ന് ആനി ടീച്ചറോടും നല്ല നുള്ള് കിട്ടും...ഇന്ന് ഇനി സ്‌കൂളിൽ പോകാതിരിക്കുന്നതാണ് നല്ലത്...' ഞാൻ ആലോചിച്ചു. 

മദ്രസ വിട്ട് വന്ന ഞാൻ ചായ കുടിച്ച ശേഷം പുസ്തകക്കെട്ടും എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി.നേരെ പോയത് അല്പം അകലെയുള്ള പറങ്കിമാവിന്റെ തോട്ടത്തിലേക്കാണ്.തോട്ടം ആരുടേത് എന്ന് അന്ന് നോട്ടമില്ല.താഴെ വീണ പറങ്കിമാങ്ങയിൽ നിന്ന് അണ്ടി ഊരിയെടുത്ത് അത് ട്രൗസറിന്റെ കീശയിലേക്കും മാങ്ങ വായിലേക്കും വയ്ക്കുക എന്നതായിരുന്നു ശീലം.

അന്ന് മാവ് പൂത്തു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.അതിനാൽ തന്നെ മറ്റാരും അങ്ങോട്ട് വരില്ല എന്നത് എന്റെ മനസ്സിൽ സമാധാനം പരത്തി.

'ഇനി വൈകുന്നേരം വരെ ഏതെങ്കിലും മരത്തിന്റെ മുകളിൽ കയറി ഇരിക്കണം.സ്‌കൂൾ വിട്ട് കുട്ടികൾ തിരിച്ച് പോകുന്ന സമയത്ത് അവരുടെ കൂടെ വീട്ടിലേക്ക് തിരിച്ച് പോകണം'. മനസ്സിൽ അത്തരം ഒരു പദ്ധതി തയ്യാറാക്കിക്കൊണ്ട് പുസ്തകം അടുത്തുള്ള പൊന്തക്കാട്ടിൽ ഒളിപ്പിച്ച് വച്ച് ഞാൻ വലിയൊരു പറങ്കിമാവിൽ വലിഞ്ഞു കയറി.അത്യാവശ്യം ഉയരത്തിലുള്ള ഇരിക്കാൻ സൗകര്യമുള്ള നല്ലൊരു കൊമ്പിൽ ഞാൻ സീറ്റുറപ്പിച്ചു.

മരത്തിൽ നിന്നും കാണാവുന്ന ദൂരത്തിലുള്ള ചെമ്മൺ പാതയിലൂടെ കടന്ന് പോകുന്ന കുട്ടികളുടെ എണ്ണം ക്രമേണ കുറഞ്ഞ് കുറഞ്ഞ് വന്നു.സ്‌കൂൾ പഠന സമയം ആരംഭിച്ചതായി ഞാൻ മനസ്സിലാക്കി.

പറങ്കിമാവിന്റെ പൂക്കളുടെ മണവും ഇളം തെന്നലും ഏറ്റതോടെ മരത്തിൽ ഇരുന്ന എനിക്ക് അല്പം കഴിഞ്ഞ് ചെറിയൊരു മയക്കം വരാൻ തുടങ്ങി.ഇരുന്ന കൊമ്പിനെയും എന്നെയും തുണികൊണ്ട് ഒന്ന് കെട്ടി താഴെ വീഴില്ല എന്ന് ഞാൻ ഉറപ്പ് വരുത്തി.വെയില് അത്യാവശ്യം ചൂടായി തുടങ്ങി.പെട്ടെന്നാണ് ഞാൻ ഇലകൾ ചവിട്ടി അമരുന്ന ഒരു ശബ്ദം കേട്ടത്.മയക്കത്തിൽ നിന്നും ഞെട്ടി എണീറ്റു ഞാൻ താഴോട്ട് നോക്കി.

"പടച്ചോന്റെ റബ്ബേ!!!" ഞാൻ ഞെട്ടി.കണ്ണ് ഒന്ന് കൂടി തിരുമ്മി നോക്കി.

'ബാപ്പ അതാ ഓരോ പറങ്കിമാവും പൂത്തതും  നോക്കി നോക്കി വന്നു കൊണ്ടിരിക്കുന്നു.ഇത്തവണ ഈ തോട്ടം പാട്ടത്തിന് എടുത്തത് ബാപ്പയുടെ കൂട്ടുകാരനാണ്.അദ്ദേഹം തോട്ടം നോക്കാൻ ഏൽപിച്ചത് ബാപ്പയെയും'.

പിടിക്കപ്പെടും എന്നുറപ്പായതിനാൽ ഞാൻ വേഗം തുണി ശരിയാക്കി കണ്ണ് പൊത്തി ഇരുന്നു.പക്ഷെ, കാലടികൾ അകന്ന് അകന്ന് പോകുന്നതായി തോന്നിയതിനാൽ ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കി. ബാപ്പ , ഞാനിരിക്കുന്ന മരവും കഴിഞ്ഞ് പോയിട്ടുണ്ട്. എങ്കിലും, അതുവഴി തന്നെ തിരിച്ചു വരും എന്നതിനാൽ എത്രയും വേഗം രക്ഷപ്പെടലാണ് ബുദ്ധി എന്ന് മനസ്സ് പറഞ്ഞു. ഇറങ്ങാനായി ഞാൻ മെല്ലെ എണീറ്റു.

"ക്ർ... ർ... ർ...... ഡും..." എണീറ്റ് നിന്ന എന്റെ ഭാരം താങ്ങാനാവാതെ കൊമ്പ് പൊട്ടി വീണു.ശബ്ദം കേട്ട് ബാപ്പ വേഗം ഓടി രക്ഷപ്പെട്ടതിനാൽ ഞാൻ ബാപ്പയുടെ തലയിലേക്ക് വീണില്ല. ചന്തി നന്നായി വേദനിച്ചെങ്കിലും വേഗം മൂട് തട്ടി എണീറ്റ് കുറ്റിക്കാട്ടിൽ നിന്നും പുസ്തകക്കെട്ടും എടുത്ത് ഞാൻ സ്കൂളിലേക്കോടി.

(തുടരും...)

Friday, February 03, 2023

സരോജിനി നഗർ മാർക്കറ്റ്

2012ൽ ടെക്നിക്കൽ സെൽ എൻ.എസ്.എസ് ടീമിന്റെ കൂടെ ഡൽഹിയിൽ എത്തിയ സമയത്താണ് ഞാൻ ആദ്യമായി സരോജിനി മാർക്കറ്റ് എന്ന ഷോപ്പിംഗ് സ്ഥലത്തെപ്പറ്റി കേൾക്കുന്നത്.അന്ന് അവിടം സന്ദർശിച്ച് നടന്ന് നടന്ന് മടുത്തു എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല.2013ൽ ഞാൻ എൻ.എസ്.എസ് ഇന്ദിരാഗാന്ധി ദേശീയ അവാർഡ് സ്വീകരിക്കാൻ എത്തിയ സമയത്ത്  ബ്ളാക്ക് ഷൂ നിർബന്ധമാണ് എന്ന കിംവദന്തി കാരണം വീണ്ടും ഈ മാർക്കറ്റിൽ എത്തിയിരുന്നു.അന്ന് വാങ്ങിയ ഷൂ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

മൂത്ത മകൾ ലുലു ജമ്മുവിൽ നിന്നും സഹപാഠികൾക്കൊപ്പം ഡൽഹിയിൽ കറങ്ങാൻ വന്ന സമയത്ത് സരോജിനി മാർക്കറ്റിൽ പോയ വിവരം എന്റെ ഭാര്യയോട് പറഞ്ഞിരുന്നു. ആ മാർക്കറ്റിൽ നിന്നും വാങ്ങിയ വിവിധ സാധനങ്ങളെപ്പറ്റിയും അവൾ പറഞ്ഞതോടെ അടുത്ത തവണ ഡൽഹിയിൽ പോകുമ്പോൾ ഈ മാർക്കറ്റിൽ ഒന്ന് കറങ്ങിയിട്ട് തന്നെ പോരൂ എന്ന് അവരെല്ലാവരും കൂടി തീരുമാനിച്ച് കഴിഞ്ഞിരുന്നു.
ഏതായാലും ഏറും മോറും ഒത്തു എന്ന് പറഞ്ഞപോലെ കാശ്മീരിൽ നിന്നും തിരിച്ച് ഡൽഹിയിൽ എത്തിയപ്പോൾ ഒരു പകൽ മുഴുവൻ ഞങ്ങൾക്ക് മുന്നിൽ പരന്നു കിടക്കുന്നുണ്ടായിരുന്നു.

കാശ്മീരിലേക്ക് പോകുമ്പോൾ ഞങ്ങളെ വേണ്ട വിധം സൽക്കരിക്കാൻ കഴിയാതിരുന്ന റഈസ് അവന്റെ വീട്ടിലേക്ക് ഞങ്ങളെ വീണ്ടും ക്ഷണിച്ചു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് കൂട്ടത്തിലെ സ്ത്രീജനങ്ങൾക്ക് ഒരു ഷോപ്പിംഗ് ആഗ്രഹമുദിച്ചത്. സരോജിനി മാർക്കറ്റ് തൊട്ടടുത്താണ് എന്നറിഞ്ഞതോടെ ആഗ്രഹത്തിന് എരിവ് കൂടി. അങ്ങനെ രണ്ട് യൂബറുകളിലായി ഞങ്ങൾ മാർക്കറ്റിലേക്ക് തിരിച്ചു.

നിത്യോപയോഗത്തിനുള്ള വിവിധതരം വസ്ത്രങ്ങൾ, ബാഗുകൾ, ബെൽറ്റുകൾ, ഷൂസുകൾ, ചെരിപ്പുകൾ തുടങ്ങിയവയാണ് ഈ മാർക്കറ്റിലെ പ്രധാന കച്ചവട സാധനങ്ങൾ. ഒരറ്റത്ത് നിന്നും തുടങ്ങിയാൽ അതിലെയും ഇതിലെയും എല്ലാം തിരിഞ്ഞ് കൂട്ടം തെറ്റാനും വഴി തെറ്റാനും ഒക്കെ വളരെയധികം സാദ്ധ്യതകളും ഉണ്ട്. കുട്ടികളെ കൈപിടിച്ച് തന്നെ നടന്നില്ലെങ്കിൽ നഷ്ടപ്പെടും എന്ന് തീർച്ചയാണ്.

 
ഡൽഹിയിലെ എരിപൊരി ചൂടിലാണ് ഞങ്ങൾ മാർക്കറ്റിൽ എത്തുന്നത്.മുൻ സന്ദർശന സമയത്ത് ധാരാളം ഇരിപ്പിടങ്ങൾ അവിടവിടെയായി കണ്ടിരുന്നു. ഇത്തവണയും ചിലതൊക്കെ കണ്ടെങ്കിലും സൂര്യന്റെ കത്തിക്കാളലിൽ അതിലിരിക്കുക സാദ്ധ്യമായിരുന്നില്ല. എന്റെയും നൗഷാദിന്റെയും ഫാമിലികൾ കടകൾ തോറും കയറിയിറങ്ങിയും സാധനങ്ങൾ വാങ്ങിയും നടന്നതിനാൽ അവർക്ക് സമയം പ്രശ്നമായിരുന്നില്ല. ഞാനും മോനും ഒരു ഇരിപ്പിടം തേടി അലഞ്ഞു കൊണ്ടേയിരുന്നു.

അങ്ങനെ ഒരു സ്ഥലത്ത് നിൽക്കുമ്പഴാണ് വഴിയോരക്കച്ചവടക്കാർ എല്ലാവരും കൂടി വാരിപ്പെറുക്കി ഓടുന്നത് കണ്ടത്. ഷോപ്പിൽ നിന്നും പുറത്തേക്ക് വച്ചിരുന്ന സാധനങ്ങൾ പെട്ടെന്ന് പൊക്കി എടുത്ത്  ചിലർ അകത്തേക്ക് വയ്ക്കുന്നു. ഓടാൻ സാധിക്കാതെ കുടുങ്ങിപ്പോയ ഒരു പാവത്തിന്റെ മുഴുവൻ സാധനങ്ങൾക്കുമൊപ്പം അവനെയും തൂക്കി എടുത്ത് ഒരാൾ നടന്ന് നീങ്ങുന്നു. എന്താണ് സംഭവം എന്ന് ചോദിച്ചപ്പോഴാണ് വന്നത് പോലീസാണെന്നും വഴിയോര വാണിഭം കർശനമായി വിലക്കിയതാണെന്നും മനസ്സിലായത്. എന്നാൽ പോലീസ് സ്ഥലം വിട്ടതും എല്ലാം പഴയപടിയായി. പത്ത് മിനിട്ടിനകം വീണ്ടും ഇതാവർത്തിച്ചു. അങ്ങനെ ഒന്നര മണിക്കൂറിനുള്ളിൽ നിരവധി തവണ ഞാനിതിന് ദൃക്സാക്ഷിയായി. 

ലിദുമോന് പറ്റിയ ഒന്നും ഷോപ്പിംഗിനിടയിൽ ശ്രദ്ധയിൽ പെട്ടില്ല. അങ്ങനെ എക്സിറ്റ് ഗേറ്റിൽ എത്തിയപ്പോഴാണ് അവിടെ ഒരു കളിത്തോക്ക് കണ്ടത്. നാട്ടിലെ വിലയിലും കൂടുതലാണെങ്കിലും "ഡൽഹിയിൽ നിന്നും വാങ്ങിയത് " എന്ന ലേബൽ കിട്ടാൻ അതൊന്ന് വാങ്ങി. അതോടെ അവനും വളരെ ഹാപ്പിയായി.

മാർക്കറ്റ് ഗേറ്റിന് തൊട്ടടുത്ത് തന്നെ മെട്രോ സ്റ്റേഷൻ ഉണ്ടായിരുന്നു. എങ്കിൽ ഡൽഹി മെട്രോയിൽ ഒരു ഹ്രസ്വദൂര യാത്ര നടത്താം എന്ന് ഞങ്ങൾ കരുതി. എങ്ങനെ എങ്ങോട്ട് ടിക്കറ്റ് എടുക്കണം എന്ന് അറിയാത്തതിനാൽ മെട്രോ ജോലിക്കാരിയായ ഒരു സ്റ്റാഫിനെ ഞാൻ സമീപിച്ചു. ടിക്കറ്റിനായി ഞാൻ 500 രൂപ നൽകി. ഇതിനിടക്ക് മറ്റൊരാൾക്ക് നൽകാനായി എന്നോട് അവർ ചില്ലറ ചോദിച്ചു. ഞാനതും നൽകി. ടിക്കറ്റിന് നൽകിയ അഞ്ഞൂറ് രൂപയുടെ ബാക്കി ചോദിച്ചപ്പോൾ അത് തന്നതായി അവർ പറഞ്ഞു. എനിക്കറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും എല്ലാം പറഞ്ഞു നോക്കിയെങ്കിലും ആ 'മാന്യസ്ത്രീ' കാശ് തിരിച്ച് തന്നില്ല. തർക്കിച്ചിട്ട് കാര്യമില്ലാത്തതിനാൽ ഞങ്ങൾ ട്രെയിൻ കയറാനായി അണ്ടർഗ്രൌണ്ട് സ്റ്റേഷനിൽ എത്തി. ലിദുമോന്റെ കയ്യിലെ കളിപ്പാട്ടം കണ്ടതും പോലീസ് ഞങ്ങളെ തടഞ്ഞു.കളിക്കോപ്പാണ് എന്നറിഞ്ഞിട്ടും അതും കൊണ്ട് യാത്ര അനുവദിക്കാൻ നിർവ്വാഹമില്ല എന്ന് പോലീസ് അറിയിച്ചു.

യാത്ര മുടങ്ങിയതോടെ ടിക്കറ്റ് റീഫണ്ട് ചെയ്യാനുള്ള വഴി ചോദിച്ചു. അകത്ത് കസ്റ്റമർ കെയറിൽ അന്വേഷിക്കാൻ ആയിരുന്നു നിർദ്ദേശം. പക്ഷെ,അങ്ങോട്ട് കയറണമെങ്കിൽ മാസ്ക് നിർബന്ധവും. അപ്പോൾ അതുവഴി വന്ന ഒരു യാത്രക്കാരൻ ഒരു മാസ്ക് തന്നതിനാൽ അതും വച്ച് നൗഷാദ് അകത്ത് കയറി ടിക്കറ്റ് റീഫണ്ട് ചെയ്തു. സമയം പിന്നെയും ഉള്ളതിനാൽ സ്ത്രീകൾ വീണ്ടും മാർക്കറ്റിലേക്ക് തന്നെ കയറി. അങ്ങനെ മതി വരുന്നത് വരെ ഷോപ്പിംഗ് നടത്തി സന്ധ്യയോടെ ഞങ്ങൾ റഈസിന്റെ വീട്ടിലേക്ക് തന്നെ മടങ്ങി.