Pages

Saturday, April 28, 2018

പ്രഥമ വിമാനയാത്രികര്‍ ശ്രദ്ധിക്കാന്‍

                  ഓരോ യാത്രയും ഓരോ പുതിയ അനുഭമായിരിക്കണം എന്നാണ് എന്റെ ആഗ്രഹം. അത് അങ്ങനെത്തന്നെ ആകാറുമുണ്ട്. അല്ലെങ്കിലും ആവര്‍ത്തനം തനി ബോറിംഗ് ആണ്. രാമേശ്വരം യാത്ര കഴിഞ്ഞ് വന്ന് തൊട്ടടുത്ത ആഴ്ചയാണ്, പ്രധാനമന്ത്രി ശ്രീ.മോദിജിയുടെ ചിന്തയില്‍ നിന്നുരുത്തിരിഞ്ഞ ഉന്നത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഓറിയെന്റേഷന്‍ മീറ്റിംഗില്‍ പങ്കെടുക്കാനായി പ്രിന്‍സിപ്പാള്‍ എന്നെ നിയോഗിച്ചത്. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ സമിതിയുടെ (AICTE) ഡെല്‍ഹിയിലെ വസന്ത്‌കുഞ്ച് എന്ന സ്ഥലത്തുള്ള ആസ്ഥാന മന്ദിരത്തിലായിരുന്നു മീറ്റിംഗ്.

                    ഞാന്‍ നിയോഗിക്കപ്പെട്ടതോടെ ആദ്യം ചെയ്തത് കോഴിക്കോട് , മംഗലാപുരം,കൊച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിവിധ വിമാന കമ്പനികളുടെ സര്‍വീസ് സമയവും നിരക്കും തിരയലായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്ക്  കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന  ഇന്‍ഡിഗോയുടെ വൈകിട്ട് 7:40 നുള്ള ഫ്ലൈറ്റില്‍ ആയിരുന്നു. എന്റെ ആദ്യ വിമാനയാത്രയുടെയും രണ്ടാമത്തേതിന്റെയും എല്ലാ പേപ്പര്‍ വര്‍ക്കുകളും മറ്റും ചെയ്തത് മറ്റാരോ ആയതിനാല്‍ ഇതൊന്നും പരിചയം ഇല്ലായിരുന്നു. അതിനാല്‍ ടിക്കറ്റ് ബുക്കിംഗ് ഏജന്‍സിയെ ഏല്‍പ്പിക്കണോ എന്ന് ആലോചിച്ചു. പക്ഷെ എല്ലാം സ്വയം ചെയ്ത് പരിശീലിക്കാന്‍ ഇനി ഒരവസരം ലഭിക്കില്ല എന്ന ചിന്തയില്‍ ടിക്കറ്റ് ഞാന്‍ തന്നെ ബുക്ക് ചെയ്തു. ഈ ഫ്ലൈറ്റ് ഡെല്‍ഹിയില്‍ എത്തുന്നത് രാത്രി 11 മണിക്കായിരിക്കും എന്ന് അറിഞ്ഞിട്ടും അതും ഒരു പരിചയം ആകട്ടെ എന്ന് കരുതി.
                 തിരിച്ച് പോരാനുള്ള ടിക്കറ്റിന് വേണ്ടിയും ഞാന്‍ എല്ലാ റേറ്റും നോക്കി. അതിരാവിലെ ഡെല്‍ഹിയില്‍ നിന്നും നേരിട്ടുള്ള ഫ്ലൈറ്റില്‍ റേറ്റ് കുറവാണെങ്കിലും രണ്ട് മണിക്കൂര്‍ മുന്നെ എയര്‍പോര്‍ട്ടില്‍ എത്തുന്നത് റിസ്ക് ആയിരിക്കും എന്ന് മനസ്സിലാക്കി. അതിനാല്‍ ഉച്ചക്ക് കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റില്‍ തന്നെ ടിക്കറ്റ് എടുത്തു. അത് ഹൈദരാബാദ് വഴി ആയതിനാല്‍ സമയം അധികം പിടിക്കും എന്ന് മാത്രം. റേറ്റും കൂടും !

                   ഡെല്‍ഹിയില്‍ എത്തിയതിന് ശേഷം താമസത്തിനും ട്രാന്‍സ്പോര്‍ട്ടേഷനും ആവശ്യമായ കാര്യങ്ങള്‍, ഇതേ സ്ഥലത്ത് മാസങ്ങള്‍ക്ക് മുമ്പ് പോയ നിസാം സാറോട് അന്വേഷിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം “OYO" എന്ന ആപ്പിലൂടെ ഓണ്‍ലൈന്‍ ആയി റൂം ബുക്ക് ചെയ്തു. എയര്‍പോര്‍ട്ടിന് അടുത്ത് മഹിപാല്‍‌പുരില്‍ ഹോട്ടല്‍  സ്കൈ വ്യൂവില്‍  രണ്ട് ദിവസത്തേക്ക് എല്ലാ സൌകര്യങ്ങളോടും കൂടിയ എ.സി റൂം കിട്ടിയത് 1908 രൂപക്ക് ! ബ്രേക്ക് ഫാസ്റ്റ് സൌജന്യവും !!

                   ടിക്കറ്റ് ബുക്ക് ചെയ്ത് രണ്ട് ദിവസം കഴിഞ്ഞ് ഇന്‍ഡിഗോയില്‍ നിന്നും വെബ് ചെക്ക് ഇന്‍ ചെയ്യാന്‍ മെയില്‍ വന്നു. എയര്‍പോര്‍ട്ടില്‍ അതാത് വിമാന കമ്പനികളുടെ കൌണ്ടറില്‍ പോയി ക്യൂ നിന്ന് ബോര്‍ഡിംഗ് പാസ് വാങ്ങുന്നതിന് പകരമുള്ള ഓണ്‍ ലൈന്‍ പരിപാടിയാണ് വെബ് ചെക്ക് ഇന്‍ . ആളുകളെ ഓണ്‍ലൈന്‍ സംഗതികള്‍ ഉപയോഗിക്കാന്‍ ഉപദേശിക്കുന്ന ഞാന്‍ ഇത് ഉപയോഗിക്കാതിരിക്കുന്നത് തെറ്റായിരിക്കും എന്നതിനാല്‍ വെബ് ചെക്ക് ഇന്‍ ചെയ്ത് അതിന്റെ പ്രിന്റ് ഔട്ടും എടുത്ത് വച്ചു. ലഗേജ് ഇല്ലെങ്കില്‍,  എയര്‍പോര്‍ട്ടില്‍ നേരെ സെക്യൂരിറ്റി ചെക്കിന് കയറാനും അത് വഴി സാധിക്കും.
                     ഇനി പറയുന്ന കാര്യങ്ങള്‍ എന്നെപ്പോലെ ആദ്യമായി ഒറ്റക്ക് വിമാനയാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടി റഫറന്‍സിനുള്ളതാണ്.

സ്റ്റെപ് 1 :-  വിമാന ടിക്കറ്റും ഒറിജിനല്‍ ഐ.ഡി പ്രൂഫും സഹിതം, ടെര്‍മിനല്‍ ഗേറ്റിന് വെളിയില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ സമീപിച്ച് രണ്ടും കാണിക്കുക. എല്ലാം കൃത്യമല്ലേ എന്ന് നോക്കി അദ്ദേഹം അതെല്ലാം തിരിച്ച് തരും.

സ്റ്റെപ് 2 :- നാം പോകാനുദ്ദേശിക്കുന്ന ഫ്ലൈറ്റ് കമ്പനിയുടെ കൌണ്ടറില്‍ പോയി ടിക്കറ്റും ഒറിജിനല്‍ ഐ.ഡി പ്രൂഫും കാണിച്ച്  ലഗേജ് ഏല്‍പ്പിക്കുക. അവിടെ നിന്നും  ബോര്‍ഡിംഗ് പാസ് വാങ്ങുക.

സ്റ്റെപ് 3 :- ബോര്‍ഡിംഗ് പാസും ഒറിജിനല്‍ ഐ.ഡി പ്രൂഫും കൊണ്ട് സെക്യൂരിറ്റി ചെക്ക് ഇന്‍ കവാടത്തിലെ ഉദ്യോഗസ്ഥനെ കാണിക്കുക.

സ്റ്റെപ് 4:- ഹാന്റ് ബാഗുകള്‍ എക്സ്‌റെ ചെക്കിംഗിന് വിധേയമാക്കുക. ബാഗിലുള്ള ലാപ്ടോപും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും മൊബൈല്‍ ഫോണും പഴ്സും പുറത്തെടുത്ത് ഒരു ട്രേയില്‍ നിക്ഷേപ്പിച്ചിട്ട് ചെക്കിംഗിന് വിടുക.

സ്റ്റെപ് 5:- ബോര്‍ഡിംഗ് പാസ് കാണിച്ച് ശാരീരിക പരിശോധനക്ക് വിധേയമാകുക

സ്റ്റെപ് 6:- ചെക്ക് ചെയ്ത സാധനങ്ങള്‍ പെറുക്കിയെടുത്ത് അനേകായിരം യാത്രക്കാര്‍ക്കിടയില്‍ ഒരാളായി ഏതെങ്കിലും ചെയറില്‍ സ്ഥാനം പിടിക്കുക. ഇടക്കിടക്ക് അറിയിപ്പുകള്‍ കാണിക്കുന്ന ഡിസ്‌പ്ലേ ശ്രദ്ധിക്കുക.

സ്റ്റെപ് 7 :- നമുക്ക് പോകേണ്ട ഫ്ലൈറ്റിന് നേരെ ബോര്‍ഡിംഗ് എന്ന് കാണിക്കുമ്പോള്‍ പ്രസ്തുത ഗേറ്റിലേക്ക് നീങ്ങുക. അവിടെയും ബോര്‍ഡിംഗ് പാസ് കാണിച്ച ശേഷം ബസ്സിലേക്ക് നീങ്ങുക.

സ്റ്റെപ് 8 :- ബസ് ഫ്ലൈറ്റിന്റെ അടുത്ത് വരെ പോകും. ഫ്ലൈറ്റ് കവാടത്തില്‍ നില്‍ക്കുന്ന ആള്‍ക്കും ബോര്‍ഡിംഗ് പാസ് കാണിച്ച് അകത്ത് കയറി , പാസില്‍ രേഖപ്പെടുത്തിയ സീറ്റില്‍ ഇരിക്കുക.

ബാക്കി നിര്‍ദ്ദേശങ്ങള്‍ തരാന്‍ നഖത്തിലും ചുണ്ടിലും ഒക്കെ പെയിന്റ് അടിച്ച പെണ്‍‌കുട്ടികള്‍ ഫ്ലൈറ്റില്‍ ഉണ്ടാകും. അവരുടെ അംഗവിക്ഷേപങ്ങള്‍ ശ്രദ്ധിക്കുക.


ശേഷം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, April 26, 2018

രാമനാഥസ്വാമി ക്ഷേത്രത്തിലൂടെ...

              മീശ മാധവന്‍ ആരുടെയെങ്കിലും മുഖത്ത് നോക്കി മീശ പിരിച്ചാല്‍ പിന്നെ അവന്‍ അന്ന് അവിടെ കയറിയിരിക്കും എന്ന് പറയാറുണ്ട്. അതുപോലെ തന്നെയാണ് ഡ്രൈവര്‍ മണികണ്ഠനും. വാച്ചിലേക്ക് നോക്കിയാല്‍ പിന്നെ സമയത്തെ മണികണ്ഠന്‍ കൊല്ലുമെന്ന് തീര്‍ച്ച. ഇവിടെയും അത് സംഭവിച്ചു.ഏഴ് മണി കഴിഞ്ഞ് അല്പം കൂടിയായപ്പോള്‍ പ്രേതനഗരിയില്‍ നിന്ന്  ഞങ്ങള്‍ രാമനാഥസ്വാമി ക്ഷേത്ര കവാടത്തില്‍ എത്തി. തമിഴര്‍ ഇതിനെ കോവില്‍ എന്നാണ് പറയുന്നത്.എല്ലാ ക്ഷേത്രത്തിനും അത് തന്നെയാണ് പറയുന്നത്. എട്ട് മണിവരെ ഇവിടെ പ്രവേശിക്കാം.
               ക്ഷേത്രത്തിന് ചുറ്റുമുള്ള വലുതും ചെറുതുമായ എല്ലാ കടകളിലും ഒരു ബോര്‍ഡ് തൂങ്ങി നിന്നിരുന്നു - “ Cell Phone Locker". ആദ്യം മനസ്സിലായില്ലെങ്കിലും മണികണ്ഠന്‍ ഇവിടെയും സഹായത്തിനെത്തി.

“സര്‍, മൊബൈല്‍ ഫോണും ക്യാമറയും ഉള്ളെ പോകാത്...പക്കത്തിലെ എല്ലാ കടകളിലും ലോക്കര്‍ ഇരിക്ക്....”

               അതായത് ക്ഷേത്രത്തിനകത്തേക്ക് അവയൊന്നും കൊണ്ടു പോകാന്‍ പറ്റില്ല.എത്ര വിലപിടിപ്പുള്ള സാധനമാണെങ്കിലും അകത്ത് കയറണമെങ്കില്‍, അറിയാത്ത ഈ നാട്ടിലെ ഏതെങ്കിലും അണ്ണനെ ഏല്പിച്ചേ തീരൂ എന്ന് ! അങ്ങനെ ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ഐഫോണും സെന്‍ഫോണും വൊഡാഫോണും എല്ലാം തൊട്ടടുത്ത പെട്ടിക്കടയില്‍ ഏല്പിച്ചു - ഒന്നിന് പത്ത് രൂപ നോക്ക് കൂലി നല്‍കണം (കട അത്യാവശ്യം മുതലുള്ളതാണെന്ന് വെറുതെ ഒന്ന് ഉറപ്പ് വരുത്തുക).

                ചെരുപ്പ് എല്ലാം പുറത്ത് അഴിച്ചു വയ്ക്കണം. കയ്യിലുള്ള ബാഗ് അകത്തേക്ക് കൊണ്ട് പോകാം. കയറുന്നതിന് മുമ്പ് ഏത് ഗേറ്റിലൂടെയാണ് അകത്ത് പ്രവേശിക്കുന്നത് എന്ന് മനസ്സിലാക്കി വച്ചാല്‍ നല്ലത്.ഇല്ലെങ്കില്‍ അകത്ത് ചുറ്റിയ അത്രയും പുറത്ത് കൂടിയും വലം വയ്ക്കേണ്ടി വരും എന്ന് മാത്രം!! നഗ്നപാദരായി ഞങ്ങള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു.

              ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്ര ഇടനാഴിയിലേക്കാണ് ഞങ്ങള്‍ പ്രവേശിച്ചത് എന്ന്  മുന്നോട്ട്  നോക്കിയപ്പോള്‍ മനസ്സിലായി. കരിങ്കല്ലില്‍ കൊത്തിയ നിറം പിടിപ്പിച്ച ശില്പങ്ങളും തൂണുകളും കുട്ടിക്കാലത്ത് വായിച്ച ഏതോ അമര്‍ ചിത്രകഥയിലെ മാസ്മര ലോകത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതി നല്‍കി. 
                                                                കടപ്പാട് : ഗൂഗിള്‍
                  ഇടനാഴിയിലെ ഫോട്ടോകളിലൂടെ പറയുന്ന രാമായണം കഥയിലെ ചില ഭാഗങ്ങള്‍ ഞാന്‍ എന്റെ കുഞ്ഞുമോള്‍ക്ക് പറഞ്ഞുകൊടുത്തു. ക്ഷേത്രത്തിനുള്ളില്‍  പ്രസിദ്ധമായ നിരവധി തീർത്ഥങ്ങൾ(കുളങ്ങൾ) ഉണ്ട് എന്നറിഞ്ഞെങ്കിലും ഞങ്ങള്‍ക്കതില്‍ താല്പര്യമില്ലാത്തതിനാല്‍ അവ കാണാന്‍ പോയില്ല. കാഴ്ചകള്‍ കണ്ട് പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത് നേരെ എതിര്‍ഭാഗത്തേക്കാണ് ഇറങ്ങിയത് എന്ന്.അതിലൂടെ തന്നെ അകത്തേക്ക് കയറാന്‍ ശ്രമിക്കുമ്പോഴാണ് എന്റെ തോളില്‍ ഉറങ്ങുന്ന മകന്റെ കാലിലെ ചെരുപ്പ് സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍ പെട്ടത്.അത് അവിടെ അഴിച്ചു വച്ച് കയറാന്‍ പറഞ്ഞു. അതോടെ നഗ്നപാദരായി രാമേശ്വരം ടൌണിലൂടെയും ക്ഷേത്രത്തെ വലം വച്ചു. ഞങ്ങളെപ്പോലെ അമളി പിണഞ്ഞ വേറെ കുറെ പേരെയും ആ പ്രദക്ഷിണത്തില്‍ കണ്ടു.
              ചെറിയ ശംഖുകൾ കൊണ്ടുണ്ടാക്കിയ key ചെയിനുകൾ വിൽക്കുന്ന ധാരാളം കച്ചവടക്കാർ ക്ഷേത്രത്തിന്റെ പുറത്ത് ഉണ്ട്. വില്‍യും തുച്ഛമാണ്. 10 എണ്ണത്തിന് 20 രൂപ.പഠന കാലത്ത് ഏതോ ടൂറിന് പോയപ്പോള്‍ വാങ്ങിയ ശംഖുകള്‍ ഇപ്പോഴും വീട്ടില്‍ അനാഥമായി കിടക്കുന്നതിനാല്‍ ഞങ്ങളതും വാങ്ങിയില്ല.

             ഫോണുകള്‍ തിരിച്ച് വാങ്ങി ഞങ്ങള്‍ തൊട്ടടുത്ത ഹോട്ടലില്‍ കയറി.ലഞ്ചും സപ്പറും കൂടി നന്നായങ്ങ് ആഘോഷിച്ചു. സമയം ഇനിയും ഏറെ ഉള്ളതിനാല്‍ റെയില്വെ സ്റ്റേഷനിലേക്ക് നടക്കാന്‍ തീരുമാനിച്ചു. ഇരുട്ടില്‍ അങ്ങനെ നടക്കുന്നതിനിടയിലാണ് അബ്ദുല്‍ കലാംസ് ഹൌസ് എന്ന ഒരു ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്. സമയം അപ്പോള്‍ രാത്രി ഒമ്പത് മണിയോട് അടുത്തിരുന്നു. സമീപത്ത് തന്നെയാണെന്ന് മനസ്സിലായതോടെ ഞങ്ങള്‍ ആ ഗല്ലിയിലേക്ക് തിരിഞ്ഞു. 100 മീറ്റര്‍ പോകുന്നതിന് മുമ്പെ വീടിന്റെ മുന്നില്‍ എത്തുകയും ചെയ്തു. പക്ഷെ ഗേറ്റ് അടച്ചിരുന്നതിനാല്‍ പുറത്ത് നിന്നും ഫോട്ടോ എടുത്ത് തൃപ്തിയടഞ്ഞു.
              പിന്നെ റെയില്‍‌വെ സ്റ്റേഷനില്‍ വന്ന് പ്ലാറ്റ്‌ഫോമില്‍ വന്ന് ട്രെയിനിനായി കാത്തിരുന്നു. കടലില്‍ നിന്നുള്ള സുഖമായ കാറ്റ് എന്നെ വേഗം ഉറക്കത്തിലേക്ക് നയിച്ചു. കുടുംബം വെയിറ്റിംഗ് റൂമിലേക്ക് പോയതിനാല്‍ ട്രെയിന്‍ അനൌണ്‍സ്മെന്റ് കേട്ട് അവര്‍ വന്നു. പക്ഷെ ട്രെയിന്‍ മാത്രം കണ്ടില്ല. 11.10ന് പോകേണ്ട ട്രെയിന്‍ 11 മണിയായിട്ടും കാണാതിരുന്നപ്പോള്‍ അല്പം ദൂരെ മറ്റെ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയ ട്രെയിന്‍ പോയി നോക്കാന്‍ ഞാന്‍ മക്കളെ വിട്ടു. അതല്ല എന്നും ഇനി കുറെ ദൂരെ ഒരു ട്രെയിന്‍ നിര്‍ത്തിയിട്ടുണ്ട് എന്നും അവര്‍ അറിയിച്ചു. അപ്പോഴാണ് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോം അവസാനിക്കുന്ന സ്ഥലം എന്റെ ഓര്‍മ്മയില്‍ പെട്ടെന്ന് വന്നത്.പിന്നെ ബാഗുകളും എടുത്ത് ഒരു ഓട്ടമായിരുന്നു - രാമേശ്വരത്തിലൂടെയുള്ള അവസാന ഓട്ടം !!

ശ്രദ്ധിക്കുക : എറണാകുളം ട്രെയിന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് പുറപ്പെടാറ്.സ്റ്റേഷനോട് ചേര്‍ന്ന് കാണുന്ന ഗ്രാനൈറ്റ് പതിച്ച പ്ലാറ്റ്ഫോമുകള്‍ രണ്ടും മൂന്നും ആണ്.ഇവിടെ കാത്ത് നിന്നാല്‍ ട്രെയിന്‍ പോയിട്ടേ വിവരം അറിയൂ. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് എത്താന്‍ കുറെ കൂടി മുന്നോട്ട് നടക്കണം.

അങ്ങനെ രാമേശ്വരം യാത്രയും കഴിഞ്ഞു. ഇനി ഡെല്‍ഹിയിലേക്ക് !!
                                                         

Wednesday, April 25, 2018

ധനുഷ്കോടിയിലെ ഫിഷ് ഫ്രൈ

      36000 അടി ഉയരത്തിലിരുന്നാണ് ഈ കുറിപ്പ് എഴുതുന്നത്. കൊച്ചിയില്‍ നിന്നും ഡെല്‍ഹിയിലേക്കുള മൂന്ന് മണിക്കൂര്‍ വിമാനയാത്ര അറുബോറന്‍ ആയപ്പോള്‍ ഞാന്‍ വീണ്ടും രാമേശ്വരത്തേക്ക് തിരിഞ്ഞു.

     ധനുഷ്കോടിയില്‍ ഇരുട്ട് പരന്നതോടെ അത് ശരിക്കും ഒരു പ്രേത നഗരം തന്നെയായി. ചര്‍ച്ചും പോസ്റ്റ് ഓഫീസും മറ്റു കെട്ടിടങ്ങളും ഓരോ പിശാചിന്റെ രൂപങ്ങളായി മാറുന്നത് ഞങ്ങള്‍ തിരിച്ചറിഞ്ഞു. പോലീസ് എല്ലാവരെയും അവിടെ നിന്ന് തുരത്തുന്നതും ഈ ഭീകര രൂപങ്ങളില്‍ നിന്ന് സഞ്ചാരികളെ രക്ഷിക്കാനായിരിക്കും.

     അരിചല്‍മുനയിലേക്ക് (Click Here) പോകുമ്പോള്‍ പല സ്ഥലത്തും ഫ്രെഷ് ഫിഷ് ഫ്രൈ തയ്യാറാക്കി വച്ചതും ഓര്‍ഡര്‍ അനുസരിച്ച് തയ്യാറാക്കുന്നതും കണ്ടിരുന്നു.പോകുന്ന വഴിയില്‍ ഡ്രൈവര്‍ മണികണ്ഠന്‍ ഒരു കടയിലേക്ക് താളം കാട്ടുന്നതും കണ്ടിരുന്നു.പക്ഷെ മടക്കത്തില്‍ ഇരുട്ട് പരക്കാന്‍ ആരംഭിച്ചതിനാല്‍ ഈ ആഗ്രഹം നടക്കാതെ പോകുമോ എന്ന് സംശയം തോന്നി. 2007ലെ ഫാമിലി ടൂറില്‍ ചെന്നൈ മറീന ബീച്ചില്‍ നിന്നും വാങ്ങിക്കഴിച്ച കൊഞ്ച് ഫ്രൈയുടെ രുചി നാവില്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഫ്രൈ നിര്‍ബന്ധമാണെന്ന്, എനിക്കറിയാവുന്ന തമിഴില്‍ ഞാന്‍ മണികണ്ഠനെ ധരിപ്പിച്ചു.

      അധികം പോകുന്നതിന് മുമ്പെ തന്നെ മണികണ്ഠന്‍ സംഗതി ഒപ്പിച്ചു. വഴിയരികില്‍ അവസാനത്തെ ആര്‍ത്തി പണ്ടാരങ്ങളെയും കാത്ത് നില്‍ക്കുന്ന ഒരു വൃദ്ധന്‍. ഓട്ടോ സൈഡാക്കി വില ചോദിച്ചപ്പോള്‍ ചെറിയ ഒരു കഷ്ണം ഫ്രൈക്ക് 20 രൂപ.അല്പം വലുതിന് 30 രൂപയും. മണികണ്ഠന്‍ തമിഴില്‍ എന്തോ പറഞ്ഞപ്പോള്‍ കരിമീന്‍ പോലെ പരന്ന ഒരു മീന്‍ കാണിച്ച് തന്നു.അതിന് 40 രൂപ. മണികണ്ഠന്‍ വീണ്ടും എന്തോ പറഞ്ഞതോടെ പീസിന് 30 രൂപയായി.
      ആ കൊച്ചു കട തന്നെയാണ് അദ്ദേഹത്തിന്റെ വീടും എന്ന് അകത്ത് കയറിയപ്പോള്‍ മനസ്സിലായി. വീടിന്റെ നേരെ പിന്നില്‍ കടല്‍ ഇരമ്പുന്നുണ്ടായിരുന്നു. മീന്‍ ഫ്രൈ ആകുന്നത് വരെ ഞങ്ങള്‍ കാഴ്ചകള്‍ ആസ്വദിച്ച് കാത്തിരുന്നു. നാട്ടിന്‍പുറത്തെ ഒരു കള്ള്ഷാപ്പ് ലുക്ക് ആ കടക്ക് ഉണ്ടായിരുന്നു. 
       വിറക് ശേഖരിക്കാന്‍ പോയ കടയുടമയുടെ ഭാര്യ വന്നതോടെ പൊരിയുടെ ചട്ടുകം അവര്‍ ഏറ്റെടുത്തു. അല്പ സമയത്തിനകം തന്നെ ഫ്രൈ റെഡിയായി.ഈ അവസരം ഒരുക്കിത്തന്ന മണികണ്ഠനെയും ഞങ്ങളുടെ കൂടെ കൂട്ടി.
       മീനിനെപ്പറ്റി കടയുടമ അഭിപ്രായം ചോദിച്ചു. കുഞ്ഞുമോനടക്കം ഏഴു പേര്‍ക്കും ആ ഫ്രൈ ഇഷ്ടമായി. സ്ഥലം വിടുന്നതിന് മുമ്പെ ഞാന്‍ അദ്ദേഹത്തോട് പേര് ചോദിച്ചു.രാമനാഥന്‍ എന്ന മറുപടിക്കൊപ്പം ചിരിച്ചു കൊണ്ട് ഇതും കൂടി ചേര്‍ത്തു – “കോവിലിന് ഉള്ളേ ഇരിക്കുന്നത് ഞാന്‍ താന്‍ തന്നെ !”

      രാമനാഥന്‍ ചേട്ടന്‍ ആ നാട്ടിലെ ഒന്നാം നമ്പര്‍ പാല്‍ വ്യാപാരിയായിരുന്നു പോലും. രണ്ട് പെണ്മക്കളെ കല്യാണം കഴിപ്പിച്ച് വിട്ടതോടെ സമ്പാദ്യം മുഴുവന്‍ തീര്‍ന്നു. ഇപ്പോള്‍ ഭാര്യയോടൊത്ത് ഈ പ്രേത നഗരത്തിന്റെ സമീപം ഞങ്ങളെപ്പോലെയുള്ള‍ മീന്‍ കുതുകികളെ ഫ്രെഷ് ഫിഷ് ഫ്രൈ തീറ്റിച്ച് സന്തോഷമായി കഴിഞ്ഞ് പോരുന്നു എന്ന് മണികണ്ഠന്‍ പറഞ്ഞു.

      ആശിച്ച സംഗതി നടന്നതോടെ ഞങ്ങള്‍ തിരിച്ച് കയറി.കോവിലില്‍ ഇനി കയറാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായി മണികണ്ഠന്‍ വാച്ചിലേക്ക് നോക്കി. പിന്നെ മണികണ്ഠന്‍റ്റെ ഓട്ടോ പാഞ്ഞത് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയായിരുന്നു.

Tuesday, April 24, 2018

പ്രേത നഗരിയിലേക്ക്...

             അരിചല്‍ മുനയില്‍ സായാഹ്ന സൂര്യന്‍ കടലില്‍ വീഴുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് ധനുഷ്‌കോടിയില്‍ എത്തണമെന്നുണ്ടായിരുന്നു. കാരണം ഇരുട്ട് പരന്നാല്‍ ആ മഹാ വെള്ളപ്പൊക്കത്തിന്റെ അവശിഷ്ടങ്ങള്‍ ഒന്ന് കൂടി ഭയാനകമായി തോന്നും. പിന്നെ അതിനടുത്തേക്ക് പോകാന്‍ കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരു ഉള്‍ഭയം തോന്നും. അതുകൊണ്ട് തന്നെയാണ് ധനുഷ്കോടിയെ പ്രേത നഗരം എന്ന് കൂടി പറയുന്നത്. 1964ലെ ചുഴലിക്കാറ്റും 2004ലെ സുനാമിയും കൂടി തകർത്തെറിഞ്ഞ ധനുഷ്കോടി പട്ടണം ഇന്ന് ഏതാനും ഓല മേഞ്ഞ ഷെഡുകള്‍ മാത്രമുള്ള ഒരു സ്ഥലമാണ്. 
              പഴയ നഗരത്തില്‍ പ്രധാനമായും കാണേണ്ടത് അവിടത്തെ റെയില്‍‌വെ സ്റ്റേഷന്റെ ബാക്കി വന്ന കല്ലുകളാണ്. OLD TANK എന്ന ചൂണ്ടു പലകയോടെ റോഡിന്റെ ഒരു വശത്ത് ഒരു കരിങ്കല്‍ ചുമര്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കാണാം. അതായിരുന്നു പോലും ധനുഷ്‌കോടി റെയില്‍‌വെ സ്റ്റേഷന്‍. 1964ലെ കൊടുങ്കാറ്റില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രെയിന്‍ അതേ പോലെ മണ്ണിനടിയില്‍ താഴ്ന്നു പോയി എന്ന് ഡ്രൈവര്‍ മണികണ്ഠന്‍ പറഞ്ഞു(സത്യം,അല്ലാഹു അ‌അ്‌ലം) . നഷ്ടപ്രതാപത്തിന്റെ സ്മാരകശിലകളുടെ തലയെടുപ്പ് ശരിക്കും ഒന്ന് വേറെത്തന്നെ.
              ആ കാലഘട്ടത്തില്‍ അവിടെ റെയില്‍‌വെയില്‍ ജോലി ചെയ്തിരുന്ന എന്റെ സുഹൃത്ത് ജലീല്‍ കോയപ്പയുടെ പിതാവ് ഒരു ഓര്‍മ്മ പങ്കുവച്ചു. ധനുഷ്കോടിയില്‍ തീവണ്ടി എത്തുന്നതിനനുസരിച്ച് ഒരു ബോട്ട് ശ്രീലങ്കയിലെ ജാഫ്നയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. അന്ന് പാസ്പോര്‍ട്ടും വിസയും ഒന്നും ആവശ്യമില്ലായിരുന്നു. ധനുഷ്കോടിയില്‍ നിന്നും ജാഫ്നയിലേക്കും തിരിച്ചും വിവാഹം വരെ നടത്തിയിരുന്നു പോലും.
              റെയില്‍‌വെ സ്റ്റേഷന്റെ ശേഷിപ്പുകളുടെ നേരെ എതിര്‍ഭാഗത്താണ് പഴയ ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. ചുറ്റും ഓലമേഞ്ഞ നിരവധി ഷെഡുകളില്‍ കീ ചെയിനും ശംഖ് മാലയും മറ്റു മാലകളും പുതിയ ഉടമസ്ഥരെ തേടുന്നു.സമയം ആറ് മണി ആയിത്തുടങ്ങിയതിനാല്‍ ഇന്നത്തെ കച്ചവടം മതിയാക്കി പലരും സ്ഥലം വിടാന്‍ ഒരുങ്ങുകയായിരുന്നു. വഴിയും സമയവും തെറ്റിയെത്തുന്ന അല്പം ചിലരില്‍ പ്രതീക്ഷ അര്‍പ്പിച്ച് നാലഞ്ച് പേര്‍ കടയും തുറന്ന് അപ്പോഴും അവിടെ ഇരിപ്പുണ്ട്.
               കൊടുംകാറ്റ് ബാക്കി വച്ചതിനെ ഉപ്പുകാറ്റ് കാര്‍ന്നു തിന്നുന്നത് ആ കടലോരത്തെ എല്ലാ ശേഷിപ്പുകളും പറയുന്നുണ്ട്. അസ്ഥിപഞ്ജരങ്ങളില്‍ നിന്നും ഇഷ്ടികയും കല്ലുകളും ഇപ്പോള്‍ അടര്‍ന്ന് വീഴുമോ എന്ന് കാണുന്നവര്‍ക്ക് തോന്നിപ്പോകും.അള്‍ത്താരയില്‍ നിന്നും പള്ളിമകുടത്തില്‍ നിന്നും ആരൊക്കെയോ ആമേന്‍ പറയുന്നു !എന്റെ തോന്നലിനു  പോലും ആമേന്‍ മറുപടി കിട്ടുന്നു! 
             കിട്ടിയ അവസരം ചെറിയവര്‍ രണ്ട് പേരും വെറുതെക്കളഞ്ഞില്ല. പള്ളിയുടെ തന്നെ തിരു ശേഷിപ്പുകളായ അടര്‍ന്നു വീണ കല്ലുകള്‍ മണലില്‍ അടുക്കി വച്ച് അവര്‍ പുതിയൊരു പള്ളി ഉണ്ടാക്കി കളിച്ചു.
                                          
                ഞാന്‍ കുട്ടികളെ ശ്രദ്ധിച്ച് നില്‍ക്കുമ്പോഴാണ് പള്ളിയുടെ തൊട്ടടുത്ത കടയിലെ ചെറുപ്പക്കാരന്‍ ഒരു കൂട്ടത്തോട് ധനുഷ്‌കോടിയുടെ ചരിത്രം പറയുന്നത് കേട്ടത്. ഞാനും അതിന് ചെവി കൊടുത്തുകൊണ്ട് അവിടെ നിന്നു.

               “പ്രതാപ കാലത്ത്” ധനുഷ്കോടി അറിയപ്പെട്ടിരുന്നത് മിനി സിംഗപ്പൂര്‍ എന്നായിരുന്നു പോലും. എല്ലാ സാധനങ്ങളും കിട്ടിയിരുന്നത് കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താലോ എന്നറിയില്ല ഈ പേര് വന്നത്.കടയുടെ പുറകില്‍ കാണുന്ന അവശിഷ്ടങ്ങള്‍ പോസ്റ്റ് ഓഫീസും സ്കൂളും മറ്റും പ്രവര്‍ത്തിച്ചതായിരുന്നുവത്രെ. 1964ലെ ചുഴലിക്കാറ്റ് എല്ലാം നക്കിത്തുടച്ച് വൃത്തിയാക്കി കൊടുത്തു.
                 2004ല്‍ സുനാമി എത്തിയപ്പോള്‍ ഈ സ്ഥലത്ത് കടല്‍, കരയെ ഉപേക്ഷിച്ച് പിന്നോട്ട് പോയി എന്ന് ആ കടക്കാരന്‍ പറഞ്ഞു. അങ്ങനെ മൂന്ന് കിലോമീറ്ററോളം കടലിനടിയില്‍ നിന്നും വെളിയിലേക്ക് വന്നപ്പോള്‍ കണ്ട കാഴ്ച അത്ഭുതമുളവാക്കുന്നതാ‍യിരുന്നു.ഇപ്പോള്‍ കരയില്‍ കാണുന്ന പോലെ നിരവധി അവശിഷ്ടങ്ങള്‍ വെള്ളത്തിനടിയിലും ഉണ്ട് പോലും !

                 പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചെഞ്ചായം വിതറിയ അര്‍ക്കന്‍ മെല്ലെ കടലിലേക്ക് അരിച്ചിറങ്ങാന്‍ തുടങ്ങി. പ്രതാപകാലത്തിന്റെ ശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്ന പള്ളിയെയും റെയിൽവേ സ്റ്റേഷനെയും തകർന്ന കെട്ടിടങ്ങളേയും ഇനി വരുന്നവര്‍ക്ക് കൂടി കാണാന്‍ ബാക്കിയാക്കി ഞങ്ങള്‍ തിരിച്ച് കയറി.
            ധനുഷ്കോടിയില്‍ ചെയ്യാനായി ഒരു സംഗതി കൂടി ബാക്കിയുണ്ട്. മറ്റൊന്നുമല്ല , ഒരു ശാപ്പാട് - ഫ്രെഷ് ഫിഷ് ഫ്രൈ.ഡ്രൈവര്‍ മണികണ്ഠന്‍ അതും ഞങ്ങള്‍ക്ക് സാധിച്ചു തന്നു.

Monday, April 23, 2018

അരിചല്‍മുനയിലെ കടല്‍ സംഗമം

               2004 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്തുമസ് ആഘോഷിച്ചു. പക്ഷെ അതേ ദിവസം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരമായ ഒരു പ്രകൃതി ദുരന്തവും നടക്കുന്നുണ്ടായിരുന്നു. അന്നാണ് ഞാന്‍ ആദ്യമായി സുനാമി എന്ന പദം കേള്‍ക്കുന്നത്. ലോകത്തിന്റെ ഏതോ ഭാഗത്ത് കടലിനടിയിലുണ്ടായ ഒരു ഭൂകമ്പം കാരണം അന്ന് ഉയര്‍ന്നു പൊങ്ങിയ തിരമാലകള്‍ നോഹയുടെ കാലത്തെ വെള്ളപ്പൊക്കം സംഭവ്യം തന്നെയെന്ന് തെളിയിച്ചു. ഇന്ന് ധനുഷ്‌കോടിയിലേക്ക് പോകുമ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ മണികണ്ഠന്‍ നിര്‍ത്താതെ സംസാരിച്ചത് 2004 നും 40 വര്‍ഷം മുന്നെ ധനുഷ്‌കോടിയെ തകര്‍ത്ത ഒരു കൊടുങ്കാറ്റിനെക്കുറിച്ചാണ്.

              ധനുഷ്‌കോടിയും കടന്ന് അഞ്ച് കിലോമീറ്റര്‍ കൂടി പോയാല്‍ എത്തുന്ന അരിചല്‍മുനയാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് ഇന്ത്യയുടെ അവസാന കരഭാഗങ്ങളില്‍ ഒന്ന്. ഓട്ടോറിക്ഷ കുതിക്കുന്നത് നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു പെരുമ്പാമ്പിന്റെ പുറത്ത് കൂടിയാണ്. റോഡിന്റെ ഇരുഭാഗത്തും കടലാണ്. കല്ല് കൊണ്ടൂള്ള സംരക്ഷണ ഭിത്തിയാണ് ഞങ്ങളുടെയും കടലിന്റെയും ഇടയിലുള്ള ഏക തടസ്സം. ചെങ്കടല്‍ പിളര്‍ന്ന് മൂസാ നബി കടന്നു പോയപ്പോള്‍ ഫറോവ ചക്രവര്‍ത്തി പിന്തുടര്‍ന്ന പോലെ ആരോ പിളര്‍ത്തി വച്ച കടലിന് നടുവിലൂടെ ഞങ്ങള്‍ കുതിക്കുകയാണ്. കടല്‍ ഒരു സെന്റിമീറ്റര്‍ ഉയര്‍ത്താന്‍ ദൈവം തീരുമാനിച്ചാല്‍ മതി ആയിരക്കണക്കിന് സഞ്ചാരികള്‍ വെള്ളത്തില്‍ തീരുമാനമാകും !

               ചില ഓട്ടോകളും ടാക്സികളും വലത്തോട്ട് തിരിയുന്നതും അവിടെ നെടു നീളത്തില്‍ ഒരു ദ്വീപ് പോലെ കാണുന്നതും എന്റെ ശ്രദ്ധയില്‍ പെട്ടു.

“ഇന്ത പക്കം എന്തിരുക്ക്?” തമിഴാണോ എന്നറിയില്ലെങ്കിലും ചോദ്യം വായില്‍ നിന്ന് വന്നു.

“രാമകീര്‍ത്തി...” ബാക്കി ഒന്നും എനിക്ക് മനസ്സിലായില്ല. രാമപാദം ആണ് അവിടെയുള്ള ആകര്‍ഷണം എന്ന് പിന്നീട് മനസ്സിലായി. ഞങ്ങള്‍ അങ്ങോട്ട് പോയില്ല. ധനുഷ്‌കോടി പഴയ നഗരം പ്രേത നഗരമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തിരിച്ചു വരുമ്പോള്‍ കാണാം എന്ന് ഡ്രൈവര്‍ പറഞ്ഞതിനാല്‍ ഞങ്ങള്‍ നിര്‍ത്താതെ വിട്ടു.

               ഇന്ത്യയുടെ അവസാന പോയിന്റില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സമയം അഞ്ച് മണിയോട് അടുത്തിരുന്നു. ധാരാളം സഞ്ചാരികളെക്കൊണ്ടും വാഹനങ്ങളെക്കൊണ്ടും അവിടെ തിങ്ങി നിറഞ്ഞിരുന്നു. കേരളത്തിലെ ഹര്‍ത്താല്‍ ദിനം പോലെ പോലീസുകാരും നിറയെ ഉണ്ടായിരുന്നു.        ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി.

“സര്‍...ഇങ്കെ മൊബൈല്‍ സിഗ്നല്‍ ശ്രീലങ്ക താന്‍...” മണികണ്ഠന്‍ പറഞ്ഞത് ശരിയാണോ എന്നറിയാന്‍ ഞാന്‍ മൊബൈലില്‍ നോക്കി. BSNL ആയതിനാല്‍ അതില്‍ ഒരു സിഗ്നലും കണ്ടില്ല.

“അങ്കെ സ്ട്രൈറ്റ് താന്‍ രാമസേതു...കടലുക്ക് ഉള്ളാടി....ശ്രീലങ്കക്ക് വെറും 30 കിലോമീറ്റര്‍...കന്യാകുമാരി 330 കിലോമീറ്റര്‍ !”

“ങേ!” സ്വന്തം സംസ്ഥാനത്തെ മറ്റൊരു മുനമ്പിലേക്കുള്ള ദൂരത്തിന്റെ പത്തിലൊന്ന് ദൂരം പോലും അയല്‍ രാജ്യത്തിലേക്ക് ഇല്ല!!കുട്ടിക്കാലത്ത് കേട്ട ജാഫ്നയിലെ പോരാട്ടങ്ങളും എല്‍.ടി.ടി.ഇ യും പുലി പ്രഭാകരനും മറ്റും ഒരു നിമിഷം ആ കടലിലൂടെ ഒരു സ്പീഡ് ബോട്ടില്‍ പാഞ്ഞുപോയി. അങ്ങകലെ ശ്രീലങ്ക കാണുന്നുണ്ടോ?

വിശാലമായ മണല്‍ പരപ്പിലേക്ക് ഞങ്ങള്‍ വേഗം ഇറങ്ങി.ഇടതു ഭാഗത്ത് കരയെ തഴുകി ഉറക്കാന്‍ മിനക്കെടുന്ന ശാന്തയായ കടലമ്മ. അവിടെ ഞങ്ങള്‍ കുടുംബസമേതം ഇറങ്ങി (മുന്നറിയിപ്പ് ബോര്‍ഡ് ഉള്ളതിനാല്‍ അധികം മുന്നോട്ട് പോയില്ല). ബംഗാള്‍ ഉള്‍ക്കടല്‍ ആയിരുന്നു അത്. പുഴയിലൂടെ ഒരു വള്ളം കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന കുഞ്ഞോളങ്ങള്‍ പോലെയായിരുന്നു ബംഗാള്‍ ഉള്‍ക്കടലിലെ തിരകള്‍. ആ തീരത്ത് നിന്ന് ഞങ്ങള്‍ ളുഹറും അസറും നമസ്കരിച്ചു.
റോട്ടില്‍ നിന്നിരുന്ന പോലീസ് സംഘം മുഴുവനായി കടല്‍ തീരത്തേക്ക് നീങ്ങാന്‍ തുടങ്ങി.ഒപ്പം വിസിലടിയും കേള്‍ക്കുന്നുണ്ട്.സമയം അഞ്ചരയായി. ആള്‍ക്കാരെ മുഴുവന്‍ തിരിച്ച് കയറ്റുകയാണ്. അപ്പോള്‍ ഓട്ടോക്കാര്‍ പറഞ്ഞത് സത്യം തന്നെ. നിമിഷ നേരം കൊണ്ട് രാമസേതു തുടങ്ങുന്ന സ്ഥാനം ജനരഹിതമായി. ഞങ്ങള്‍ വേഗം വലതു ഭാഗത്തെ കടലിലേക്ക് നീങ്ങി.

കരയെ തല്ലി ഉണര്‍ത്തുന്ന രണ്ടാനമ്മയായ കടലമ്മയെയാണ് ഞങ്ങള്‍ അവിടെ കണ്ടത്. ഇന്ത്യന്‍ മഹാസമുദ്രം അതിന്റെ പേരിനൊത്ത പെരുമ കാണിക്കുകയാണ്. അടുത്തേക്ക് ചെന്നാല്‍ മൊത്തം കുളിപ്പിച്ച് തരും എന്ന നിലയിലായിരുന്നു അതിന്റെ പെരുമാറ്റം. അതിനാല്‍ ഞങ്ങള്‍ ദൂരം പാലിച്ചു. അപ്പോഴേക്കും പോലീസ് അവിടെയും എത്തി.
 “രാമസേതു എങ്ക ഇരിക്ക് ?” ഞാന്‍ പോലീസുകാരനോട് ചോദിച്ചു.

“അങ്കെ...കടലുക്ക് ഉള്ളാടി പോച്ച്...” ദൂരേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു.

“കാണാന്‍ പറ്റുമോ?”

“ഇല്ലല്ല....നമ്മള്‍ താന്‍ കണ്ടിട്ടില്ലൈ...റൊമ്പ കടലുക്ക് ഉള്ളാടി പോയാച്ച്...”

അപ്പോള്‍ അങ്ങോട്ട് പോയിട്ട് കാര്യമൊന്നുമില്ല എന്ന് മനസ്സിലായി. പോലീസ് ആട്ടിത്തെളിച്ചതോടെ ഞങ്ങള്‍ ബീച്ചില്‍ നിന്നും റോഡിലേക്ക് കയറി.
അവസാന കരയിലെ അശോകസ്തംഭത്തിന് ചുറ്റും അല്പ സമയം കൂടി ചെലവഴിച്ച് ഞങ്ങള്‍ ധനുഷ്‌കോടിയിലേക്ക് തിരിച്ച് കയറി.

Sunday, April 22, 2018

സമാധിയില്‍ ജീവിക്കുന്ന കലാം

               പാമ്പന്‍ പാലത്തിലെ കാഴ്ചകള്‍ മനസ്സിലേക്കിട്ട് ഞങ്ങള്‍ രാമേശ്വരം ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയിലാണ് ആ മഹല്‍ വ്യക്തിയുടെ ആറടി മണ്ണ് സ്ഥിതി ചെയ്യുന്നത്.

                 രാമേശ്വരത്തെപ്പറ്റി പറയുമ്പോള്‍ ആ കൊച്ചുദ്വീപിലെ മണല്പരപ്പില്‍ ഓടിക്കളിച്ച് ബഹിരാകാശ ഗവേഷണ രംഗത്തും പ്രതിരോധ രംഗത്തും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ വന്‍ശക്തിയാക്കി മാറ്റി, പിന്നീട് ഇന്ത്യന്‍ രാഷ്ട്രപതി വരെയായ ശ്രീ. അവുല്‍ പക്കീര്‍ ജൈനുല്‍ ആബിദീന്‍ അബ്ദുല്‍ കലാമിനെ മറക്കാന്‍ സാധിക്കില്ല. ജനകീയനായ രാഷ്ട്രപതി എന്ന പേരെടുത്ത ആ വലിയ മനുഷ്യന്റെ പാദസ്പര്‍ശമേറ്റ മണ്ണില്‍ നില്‍ക്കുമ്പോള്‍ ഒരു റോക്കറ്റ് എന്റെ ശരീരത്തിനകത്ത് കൂടെയും കുതിക്കുന്നുണ്ടോ എന്ന് തോന്നിപ്പോയി.
        
               രാമേശ്വരം - രാമനാഥപുരം റോഡിലെ പൈകാരുമ്പ്  (Pei Karumbu) എന്ന സ്ഥലം 2015 ജൂലായ് 17 വരെ ഒരു ഒഴിഞ്ഞ സ്ഥലമായിരുന്നു. എന്നാല്‍ ഡോ.കലാമിന്റെ ഭൌതിക ശരീരം അടക്കം ചെയ്ത സ്ഥലം എന്ന നിലയില്‍ ഇന്ന് പൈകാരുമ്പ് ലക്ഷക്കണക്കിന് ജനങ്ങളുടെ സന്ദര്‍ശന സ്ഥലമാണ്. ജീവിതത്തിലെ പാപക്കറകള്‍ കഴുകാന്‍ രാമേശ്വരത്ത് എത്തുന്ന ഭക്തരും അല്ലാത്തവരുമായ എല്ലാ ജനങ്ങളും ഈ മഹാ വ്യക്തിത്വത്തിനും കൂടി പ്രണാമമര്‍പ്പിച്ചേ മടങ്ങൂ.       

           2017 ജൂലൈ മാസത്തിലാണ് DRDO യുടെ നേതൃത്വത്തില്‍ കലാം മെമ്മോറിയല്‍ എന്ന പേരില്‍ വിപുലീകരിച്ച് APJ യുടെ സമാധി ജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്.  ഇന്ത്യാ ഗേറ്റിനെ അനുസ്മരിപ്പിക്കുന്ന ഒരു കവാടവും രാഷ്ട്രപതി ഭവന്റെ മകുടം പോലെയുള്ള ഡോമും കലാം മെമ്മോറിയലിനെ   ഡെല്‍ഹിയുമായി ബന്ധിപ്പിക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. പുറത്ത് നിന്ന് കണ്ടാല്‍ ഗള്‍ഫ് രാജ്യത്തെ ഇന്ത്യന്‍ കാര്യാലയമാണോ എന്നും തോന്നിപ്പോകുന്നുണ്ടോ?
              കലാം മെമ്മോറിയലില്‍ പ്രവേശിക്കുമ്പോള്‍ തന്നെ കാണുന്നത് വിവിധ രാഷ്ട്രനേതാക്കള്‍ക്കൊപ്പം ശ്രീ. കലാം നില്‍ക്കുന്ന കട്ടൌട്ടുകളും ശില്പങ്ങളുമാണ്. പ്രെസിഡണ്ട് കസേരയില്‍ ഇരിക്കുന്ന കലാം ശില്പം ജീവനുള്ളതാണോ എന്ന് പോലും തോന്നിപ്പോകും. അത്രക്കും വശ്യമാണ് ആ മുഖത്തെ പുഞ്ചിരി. ഡോ. അബ്ദുല്‍ കലാമിന്റെ സ്കൂള്‍ കാലഘട്ടം മുതല്‍ DRDO വരെയുള്ള ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ അക്രൈലിക് പെയിന്റിങുകളിലൂടെ സന്ദര്‍ശകര്‍ക്ക് മെമ്മോറിയലില്‍ ദര്‍ശിക്കാം.

                 രണ്ടാമത്തെ ഹാളിലാണ് ആ മഹാമാനുഷിയുടെ ഭൌതിക ശരീരം അടക്കം ചെയ്ത സ്ഥലം ഉള്‍ക്കൊള്ളുന്നത്. ജീവിച്ചിരുന്ന കാലത്ത് നേരിട്ട് കാണാന്‍ സാധിച്ചില്ലെങ്കിലും കേട്ടും വായിച്ചും അറിഞ്ഞ  അബ്ദുല്‍ കലാമിന് വേണ്ടി ഞാന്‍ മൌനമായി പ്രാര്‍ത്ഥിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ അദ്ദേഹം ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളും അവസാന യാത്രയില്‍ ഉപയോഗിച്ച ബാഗേജും അതിനകത്തെ സാധനങ്ങളും എല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്വദേശത്തും വിദേശത്തും നേടിയ വിവിധ അവാര്‍ഡുകളും പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ഭാരത് രത്‌ന അവാര്‍ഡും പത്മഭൂഷണ്‍ അവാര്‍ഡും മറ്റും അടുത്ത് നിന്ന് കാണാന്‍ സാധിക്കും. 

                        രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രവേശന സമയം. മെമ്മോറിയലിനകത്ത് മൊബൈല്‍ ഫോണും ക്യാമറയും ഉപയോഗിക്കാന്‍ അനുവാദമില്ല (അതുകൊണ്ടാണ് അകം കാഴ്ചകളുടെ ഫോട്ടോകള്‍ ഇല്ലാത്തത്). എന്നാല്‍ പുറത്ത് നിന്ന് ഫോട്ടോ എടുക്കാം. അകത്തേക്ക് ബാഗുകള്‍ കയറ്റാനും പറ്റില്ല. ഗേറ്റിന് പുറത്തുള്ള സ്ഥലത്ത് വച്ച് കയറാനാണ് സെക്യൂരിറ്റിക്കാര്‍ പറയുന്നത്. തിരിച്ച് വരുമ്പോള്‍ ഉണ്ടാകുമോ ഇല്ലേ എന്ന് നൊ ഗ്യാരണ്ടി. അതിനാല്‍ ഞങ്ങളുടെ മുഴുവന്‍ ബാഗേജുകളും കൊണ്ട് ഞാന്‍ തൊട്ടടുത്തുള്ള ബസ്റ്റോപ്പില്‍ ഇരുന്നു (പൊരി വെയിലത്ത് ഇരിക്കാന്‍ മറ്റൊരു സ്ഥലവും പുറത്തില്ല). കുടുംബം കാഴ്ചകള്‍ കണ്ട് വന്ന ശേഷം ഞാന്‍ അകത്ത് കയറി.  
                    ഞാന്‍ പുറത്തെത്തിയപ്പോഴേക്കും സമയം  നാല് മണിയോടടുത്തിരുന്നു. ഇനി കാണാനുള്ളത് രാമനാഥ ക്ഷേത്രമാണ്. അവിടെ കയറിയാല്‍ ധനുഷ്കോടി കാണാന്‍ പറ്റില്ല. അതിനാല്‍ കോവിലിനടുത്ത് ഇറങ്ങി  ഓട്ടോക്കാരനെ ഞങ്ങള്‍ പിരിച്ചു വിട്ടു. ധനുഷ്കോടിയിലേക്ക് ബസ് കയറാന്‍ ആയിരുന്നു പദ്ധതി. ഓട്ടോക്കാര്‍ പലരും വന്ന് റേറ്റ് പറഞ്ഞെങ്കിലും അവരെയെല്ലാം ഒഴിവാക്കി. അല്പം മാറിച്ചെന്ന് ബസ്സിനെപ്പറ്റി അന്വേഷിച്ചപ്പോഴാണ് ആ സമയത്ത് ബസ് വളരെ കുറവാണ് എന്ന് മനസ്സിലായത്. പിന്നെ ഓട്ടോക്കാരെ തേടി അങ്ങോട്ട് ചെല്ലേണ്ടി വന്നു. ആദ്യം ചോദിച്ചയാള്‍ തന്നെ ഇനി എത്തില്ല എന്ന് പറഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി. രണ്ടാമത്തെയാള്‍ 700 രൂപ ചോദിച്ചു. 600 നല്‍കാമെന്ന് ഞാനും.തര്‍ക്കിച്ച് നില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ 650 രൂപ ഉറപ്പിച്ച് 4:15ന് ഞങ്ങള്‍ വണ്ടിയില്‍ കയറി.

                  ഇനി താണ്ടാനുള്ള ദൂരം 27കിലോമീറ്റര്‍ ! അഞ്ച് മണിയോടെ അവിടെ അടക്കുകയും ചെയ്യുമത്രെ. ഞങ്ങളെയും കൊണ്ട് മണികണ്ഠന്‍ എന്ന ഓട്ടോഡ്രൈവര്‍ ധനുഷ്കോടി ലക്ഷ്യമാക്കി കുതിക്കാന്‍ തുടങ്ങി.

പാമ്പന്‍ പാലത്തിലെ തേരട്ട

               എന്റെ ഹൈസ്കൂള്‍ കാലഘട്ടത്തിലാണെന്ന് തോന്നുന്നു, ഏതോ ഒരു സിമന്റിന്റെ പരസ്യത്തില്‍ പാമ്പന്‍ പാലത്തിന്റെ പേരും പരാമര്‍ശിക്കാറുണ്ടായിരുന്നു. അന്ന് ആ പാലത്തിന്റെ മഹത്വം അറിയാത്തതിനാല്‍ അത് മൈന്റ് ചെയ്തിരുന്നില്ല. പാമ്പന്‍ പാലം കാണും വരെ മണ്മറഞ്ഞ ആ പരസ്യം മനസ്സില്‍ വന്നിരുന്നുമില്ല.

               1914 ഫെബ്രുവരി 24ന് ആണ് ഇന്ത്യയുടെ പ്രധാന കരഭാഗവും പാമ്പന്‍ ദ്വീപിലെ രാമേശ്വരവും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം തുറന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ കടല്‍ പാലമാണിത്. 2 കിലോമീറ്ററിലധികം നീളത്തില്‍ പാക് ഉള്‍ക്കടലിന് കുറുകെ കിടക്കുന്ന ഈ പാലം 2010 വരെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍ പാലം കൂടിയായിരുന്നു.
               ബോട്ടുകള്‍ക്കും ചെറിയ കപ്പലുകള്‍ക്കും കടന്നു പോകാവുന്ന രീതിയില്‍ മധ്യഭാഗം ഉയര്‍ത്തുന്ന രീതിയിലാണ് പാലം രൂപ കല്പന ചെയ്തത് എന്നത് അക്കാലത്തെ എഞ്ചിനീയറിംഗ് വിസ്മയങ്ങളില്‍ ഒന്ന് തന്നെയാണ്.ജര്‍മ്മന്‍ എഞ്ചിനീയറായ Scherzer ആണ് ഈ ഭാഗം ഡിസൈന്‍ ചെയ്തത്. ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നില്ല എന്ന് പറയപ്പെടുന്നു.
              1964ല്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ പാമ്പന്‍ പാലം തകര്‍ന്നു വീണു.ആ സമയത്ത് അതിലൂടെ സഞ്ചരിച്ചിരുന്ന ട്രെയിനും കടലില്‍ വീണ് യാത്രക്കാരായ 180 പേരും മുങ്ങി മരിച്ചു. ദ്വീപും കരയും തമ്മിലുള്ള ബന്ധം നിലച്ചത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി. അവിടെയാണ് ഇന്നത്തെ മെട്രോമാന്‍ ശ്രീ. ഇ .ശ്രീധരന്റെ സേവനം രാജ്യം തിരിച്ചറിഞ്ഞത്. വെറും 45 ദിവസം കൊണ്ട് പാലം പണിത് അദ്ദേഹം രാജ്യത്തെ ഞെട്ടിച്ചു എന്നത് ചരിത്രം. തകര്‍ന്ന് വീണ പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കാണാം.

             പാമ്പ് പോലെ നീണ്ടു കിടക്കുന്നത് കൊണ്ടാണ്  പാലത്തിന് ഈ പേര് വന്നത് എന്നായിരുന്നു എന്റെ ധാരണ. പക്ഷെ പാമ്പന്‍ ദ്വീപിലേക്കുള്ള പാലം എന്നതിനാലാണ് ഈ പേര് വന്നത് എന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കിയത്. പാലം കടക്കുന്നത് വരെ എനിക്ക് നല്ല ഭയമുണ്ടായിരുന്നു. കാരണം കൊടുങ്കാറ്റ് എപ്പോള്‍ വേണമെങ്കിലും രൂപപ്പെടുന്ന ഏരിയ കൂടിയാണിത്.
             പാമ്പന്‍ പാലത്തിലൂടെ ട്രെയിനില്‍ പോകുമ്പോള്‍ നമുക്ക് അതിന്റെ ത്രില്ല് അറിയില്ല. കാരണം എല്ലാവരുടെയും ഉള്ളീല്‍ ഒരു ഭയമാണുള്ളത്. അതിനാല്‍ രാമേശ്വരത്ത് ഇറങ്ങി ബസ്സിലോ ഓട്ടോയിലോ പാമ്പന്‍ പാലം കാണാന്‍ പോകണം എന്നാണ് എന്റെ അഭിപ്രായം. രാമേശ്വരത്ത് നിന്നും ഏകദേശം 13 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുണ്ട്. 400 രൂപയാണ് അപ് & ഡൌണ്‍ ഓട്ടോ ചാര്‍ജ്ജ്.ബസ്സിലെത്ര വരും എന്നറിയില്ല.

            പാമ്പന്‍ റെയില്‍ പാലത്തിലേക്ക് പ്രവേശനം ഇല്ല. എന്നാല്‍ സഞ്ചാരികള്‍ക്ക് തുണയായി തൊട്ടടുത്ത് തന്നെ ഒരു റോഡ് പാലം ഉണ്ട്. അണ്ണാ ഇന്ദിരാഗാന്ധി പാലം എന്നാണ് അതിന്റെ പേര്.2.345 കിലോമീറ്റര്‍ നീളത്തിലുള്ള ഈ പാലം ഉത്ഘാടനം ചെയ്തത് 1988 ഒക്റ്റോബര്‍ 2ന് ആണ്. ഇതിന് മുകളിലാണ് സഞ്ചാരികളെയും വഹിച്ചുള്ള വാഹനങ്ങള്‍ വന്ന് നില്‍ക്കുന്നത്.പാലത്തില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല.പക്ഷെ നമുക്ക് അവിടെ ഇറങ്ങി കാഴ്ചകള്‍ കാണാം.
           നട്ടുച്ച സമയത്ത് പാലത്തില്‍ നിന്നും , കടല്‍ പാലത്തിന്റെ ഭംഗി നോക്കി ആസ്വദിക്കുകയായിരുന്നു ഞങ്ങള്‍.സമയം ഉച്ച കഴിഞ്ഞ് 2:10. പെട്ടെന്ന് പതിഞ്ഞ സ്വരത്തില്‍ ഒരു കൂവല്‍ കേട്ടു.ഞങ്ങള്‍ പാലത്തിന്റെ അറ്റത്തേക്ക് നോക്കി. അതാ പാലത്തിലേക്ക് മന്ദം മന്ദം ഒരു വണ്ടി കയറുന്നു. പാലത്തില്‍ കയറിയ തീവണ്ടിയെ കണ്ടാല്‍ ഒരു തേരട്ട ഇഴഞ്ഞ് വരുന്നതായെ തോന്നൂ.വശങ്ങളില്‍ ഒരു തടസ്സവും ഇല്ലാത്ത പാലത്തിലൂടെ വണ്ടി പോകുന്നത് കാണുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഭയം വരുന്നത്. 



              അപൂര്‍വ്വമായി ലഭിക്കുന്ന ആ കാഴ്ചയും കണ്ട ശേഷം ഞങ്ങള്‍ അടുത്ത സ്ഥലമായ അബ്ദുല്‍ കലാം സമാധിയിലേക്ക് നീങ്ങി.

Friday, April 20, 2018

രാമേശ്വരത്തേക്ക്...

                 രാമേശ്വരം  എന്നെ മാടിവിളിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. 2017ലെ വേനലവധിക്കാലത്ത് ഇന്ത്യന്‍ റെയില്‍‌വെ ആരംഭിച്ച (ഞാന്‍ അന്നാണ് ശ്രദ്ധിച്ചത്, അതിന്റെ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നോ എന്നറിയില്ല) എറണാകുളം - രാമേശ്വരം സ്പെഷല്‍ ട്രെയിന്‍ സര്‍വീസ്, ആ വിളിക്ക് ഉത്തേജനം പകര്‍ന്നു.പക്ഷേ കഴിഞ്ഞ വര്‍ഷം ആലപ്പുഴയിലും  അതിന് ഒരാഴ്ച മുമ്പെ മസിനഗുഡിയിലും ഒക്കെ കറങ്ങിയതിനാല്‍ ആ വര്‍ഷം രാമേശ്വരം കൂടി വേണ്ട എന്ന് തീരുമാനിച്ചു. 2018 വേനലവധി ആരംഭിച്ചതു മുതല്‍ പത്രങ്ങളിലും യാത്രാ ഗ്രൂപ്പുകളിലും എല്ലാം ഈ ട്രെയിനിനെപ്പറ്റി വീണ്ടും വാര്‍ത്തകള്‍ വന്നതോടെ എന്റെ ആഗ്രഹങ്ങള്‍ക്ക് വീണ്ടും മുളപൊട്ടി. അങ്ങനെ കുടുംബ സമേതം ഒരു രാമേശ്വരം യാത്രക്ക് പ്ലാന്‍ ഇട്ടു.

               സ്പെഷല്‍ ട്രെയിന്‍ ആണെങ്കിലും ടിക്കറ്റിന് അത്ര ഡിമാന്റ് ഇല്ലായിരുന്നു. അതിന് കാരണമായി ഞാന്‍ മനസ്സിലാക്കിയത് ഇത് സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ കൂടി ആണെന്നതാണ്.തൃശൂരില്‍ നിന്നും പാലക്കാട് നിന്നും ഒക്കെ രാമേശ്വരത്തേക്ക് സ്ലീപ്പര്‍ ചാര്‍ജ്ജ് 375 രൂപയാണ്. ദിവസവും ഓടുന്ന ഏതെങ്കിലും വണ്ടിക്ക് മധുരയില്‍ എത്തി അവിടെ നിന്നും രാമേശ്വരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചാല്‍ യാത്രാ ചിലവ് ചുരുക്കാനും നേരത്തെ എത്താനും പറ്റും എന്ന് മനസ്സിലായി.

                ടിക്കറ്റിന് ഡിമാന്റില്ലാത്തതിന് രണ്ടാമത്തെ കാരണം ഇതിന്റെ സമയ ക്രമീകരണമാണ്.ചൊവ്വാഴ്ച രാത്രി 11.50ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ കൃത്യ സമയം പാലിച്ചാല്‍ ബുധനാഴ്ച രാവിലെ 11 മണിക്ക് രാമേശ്വരത്ത് എത്തും - അതായത് വെയില്‍ ചൂട് പിടിക്കാന്‍ തുടങ്ങുമ്പോള്‍. പക്ഷെ ഞങ്ങള്‍ ഇക്കഴിഞ്ഞ ചൊവാഴ്ച അനുഭവിച്ചത് ഒന്നര മണിക്കൂറിലധികം ലേറ്റ് ആണ്. ഉച്ചക്ക് പന്ത്രണ്ടരക്ക് ശേഷമാണ് ട്രെയിന്‍ എത്തിയത്.

              ട്രെയിന്‍ വൈകിയത് കാരണം നട്ടുച്ചക്ക് തന്നെ കാഴ്ചകള്‍ കാണാന്‍ ഇറങ്ങേണ്ടി വന്നു. കലാം സമാധിയും അരിചല്‍ മുനെയും അഞ്ച് മണിക്ക് അടക്കുന്നതിനാല്‍ ഊണ് പോലും കഴിക്കാതെ കാഴ്ചകള്‍ കാണാനിറങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. മുമ്പ് പോയവര്‍ ആരും തന്നെ ഈ സമയ പരിധി സൂചിപ്പിക്കാത്തതിനാല്‍ ധനുഷ്കോടി കാണാനുള്ള അവസരം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഞങ്ങള്‍ക്ക് നഷ്ടമാകുമായിരുന്നു.ദൈവത്തിന് സ്തുതി , വാഗ അതിര്‍ത്തിയില്‍ സംഭവിച്ചത് ഇവിടെ ആവര്‍ത്തിച്ചില്ല.

                 ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ ഇറങ്ങിയാല്‍ പുറത്തേക്ക് കടക്കാന്‍ തന്നെ 15 മിനുട്ടിലധികം എടുക്കും എന്നാണ് എന്റെ അനുഭവം. കുടയോ തൊപ്പിയോ കയ്യിലുണ്ടായാല്‍ പൊള്ളുന്ന വെയിലില്‍ നിന്ന് അല്പം സമാധാനം കിട്ടും. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്നെ ഓട്ടോ ഡ്രൈവര്‍മാര്‍ ഓടി വരും. കാണാനുള്ള സ്ഥലങ്ങളെപ്പറ്റി ഒരു നീണ്ട ലിസ്റ്റ് അവതരിപ്പിക്കും.അതില്‍ 80% വും ക്ഷേത്രങ്ങള്‍ ആയിരിക്കും. ഇവയെല്ലാം കാണണോ എന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. അവര്‍ തരുന്ന ലിസ്റ്റ് കാണേണ്ട സ്ഥലങ്ങളുടേതാണ്, കൊണ്ടുപോകുന്ന സ്ഥലങ്ങളുടേതല്ല എന്ന് പ്രത്യേകം മനസ്സിലാക്കുക.

                  അബുല്‍ കലാം സമാധിയും (മെമ്മോറിയല്‍) പാമ്പന്‍ പാലവും  കണ്ട് രാമനാഥ ക്ഷേത്രത്തിന് മുന്നില്‍ കൊണ്ടു വിടുന്നതിന് 400 രൂപയാണ് ഓട്ടോക്കാര്‍ ഈടാക്കുന്നത്. 17 കിലോമീറ്ററോളം ദൂരം ഒരു ഭാഗത്തേക്ക് മാത്രം യാത്ര ചെയാനുണ്ട്. പേശിയാല്‍ 300 രൂപക്കും തരമാകും.അതിനനുസരിച്ച് സമയം കുറക്കും എന്ന് മാത്രം. 350 രൂപക്ക് ഓട്ടം ഉറപ്പിച്ച് ഞങ്ങളും കാഴ്ചകള്‍ കാണാനിറങ്ങി.

യാത്രക്കാരുടെ ശ്രദ്ധക്ക്:-

1. സ്പെഷല്‍ ട്രെയിന്‍ നിങ്ങളുടെ സമയം നഷ്ടപ്പെടുത്തിയേക്കാം.
2. പ്രധാന കാഴ്ചകളില്‍ പെട്ട കലാം സമാധിയും അരിചല്‍ മുനയും 5 മണിയോടെ അടക്കും.
3. ബസില്‍ കയറി പോകാന്‍ ഉദ്ദേശിക്കുന്നവര്‍ അത്യാവശ്യം സമയം ഉണ്ടെങ്കില്‍ മാത്രം കയറുക.ധനുഷ്കോടിയിലേക്ക് ബസ് മണിക്കൂറില്‍ ഒന്ന് എന്ന തോതിലേ ഉള്ളൂ.അതിനാല്‍ മൂന്നരക്ക് ശേഷം ബസ് കാത്ത് നില്‍ക്കുന്നത് റിസ്ക് ആണ്.


(തുടരും...)
               

Sunday, April 15, 2018

ഒരു പഞ്ഞിക്കഥ

                എന്‍.എസ്.എസ് ന്റെ ഏത് ക്യാമ്പിലും വളണ്ടിയര്‍മാര്‍ക്ക് പരിക്ക് പറ്റുന്നത് സര്‍വ്വ സാധാരണമാണ്. അതിനാല്‍ തന്നെ എല്ലാ ക്യാമ്പുകളിലും ഒരു ഫസ്റ്റ് എ‌യിഡ് ബോക്സ് ഞാന്‍ കരുതാറുണ്ട്. ഓരോ ദിവസവും അതിന് ചുമതലപ്പെടുത്തിക്കൊണ്ടൂള്ള ഒരു കമ്മിറ്റിയും ഉണ്ടാകും.ആര്‍ക്കെങ്കിലും ഒരു മുറിവ് പറ്റിയാല്‍ അതിന് പ്രഥമ ശുശ്രൂഷ നല്‍കാന്‍ ആവശ്യമായ സാധനങ്ങള്‍ ആ പെട്ടിയില്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തേണ്ടത് ആ കമ്മിറ്റിയുടെ തലവന്റെ ഉത്തരവാദിത്വം കൂടിയാണ്.

                 ഞങ്ങളുടെ ഈ വര്‍ഷത്തെ സപ്തദിനക്യാമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെയായിരുന്നു. അത്യാവശ്യം പ്രഥമ ശുശ്രൂഷയും ശേഷമുള്ള ചികിത്സയും എല്ലാം സൌജന്യമായും മുന്‍‌ഗണനയോട് കൂടിയും  കിട്ടും എങ്കിലും ക്യാമ്പിന്റെ നിയമ പ്രകാരമുള്ള  ഫസ്റ്റ് എ‌യിഡ് കമ്മിറ്റി ഞങ്ങള്‍ ഒഴിവാക്കിയില്ല.കാരണം, പരിക്ക് പറ്റാന്‍ ഏറെ സാധ്യതയുള്ള അടുക്കള ഹോസ്പിറ്റലില്‍ നിന്നും ദൂരെയായിരുന്നു. മാത്രമല്ല വളണ്ടിയര്‍മാര്‍ ഏര്‍പ്പെട്ടിരിക്കുന്നതും പരിക്കിന് സാധ്യതയുള്ള പണികളില്‍ ആയിരുന്നു.

                  അന്ന് വളണ്ടിയര്‍ സെക്രട്ടറി കൂടിയായ സംഗീതയും മറ്റൊരാളും ആയിരുന്നു ഫസ്റ്റ് എ‌യിഡ് കമ്മിറ്റി അംഗങ്ങള്‍. പതിവ് പോലെ അടുക്കളയില്‍ നിന്ന് ആദ്യത്തെ കൈ മുറിയല്‍ റിപ്പോര്‍ട്ട് ചെയ്തു. കയ്യിലുള്ള പഞ്ഞി കൊണ്ട് മുറിവ് നന്നായി തുടച്ച് വൃത്തിയാക്കി.പിന്നെ ചെറിയ ബാന്റ് എയിഡില്‍ അത് ഒതുക്കി. അപ്പോഴേക്കും ആശുപത്രിയിലെ വര്‍ക്കിനിടക്ക് ആരോ തലചുറ്റി വീണതായി വിവരം കിട്ടി.  മറ്റുള്ളവര്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെങ്കിലും കമ്മിറ്റി അംഗങ്ങള്‍ ‘സംഭവ സ്ഥലത്ത്’ എത്തിയിരിക്കണം എന്നത് ക്യാമ്പിന്റെ അലിഖിത നിയമങ്ങളില്‍ പെട്ട ഒന്നാണ്. അതിനാല്‍ സംഗീതയും കൂട്ടുകാരിയും ആവുന്നത്ര സ്പീഡില്‍ സ്പോട്ടിലേക്കോടി.പക്ഷെ കമ്മിറ്റി എത്തുമ്പോഴേക്കും വീണ ആളെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു.

                    കാഷ്വാലിറ്റിയില്‍ പോയി ‘രോഗി’യെക്കണ്ട് അല്പ നേരം വിശ്രമിക്കാനായി ഇരുന്നപ്പോഴാണ് ആശുപത്രിയുടെ തന്നെ മറ്റൊരു ഭാഗത്ത് നിന്ന് ആരുടെയോ കൈക്ക് മുറിവ് പറ്റിയ വിവരം കിട്ടിയത്.കമ്മിറ്റി അംഗങ്ങള്‍ ഉടന്‍ അങ്ങോട്ടോടി. രക്തം അല്പം കൂടുതലായി പുറത്തേക്ക് വന്നതിനാല്‍ കയ്യിലുള്ള പഞ്ഞിയും മുറി കെട്ടുന്ന തുണിയും അതോടെ തീര്‍ന്നു. ഇനി ഇന്നത്തേക്ക് ആര്‍ക്കും ഒന്നും പറ്റല്ലേ എന്ന പ്രാര്‍ത്ഥനയോടെ സംഗീതയും കൂട്ടുകാരിയും ബാക്കി മരുന്നുകളും കൊണ്ട് റോന്ത് ചുറ്റിക്കൊണ്ടിരുന്നു.

                  പക്ഷെ സമാധാനം അധിക നേരം നീണ്ടു നിന്നില്ല.സ്കൂളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന താല്‍കാലിക വര്‍ക്‍ഷോപ്പിലേക്ക് അത്യാവശ്യമായി പഞ്ഞി ആവശ്യമുള്ളതായി വിവരം ലഭിച്ചു. വര്‍ക്ക്‍ഷോപ്പിനകത്ത് ചെയ്യുന്ന പണികള്‍ ഇത്തിരി കടുപ്പമുള്ളതായതിനാല്‍ പരിക്കും കടുപ്പമേറിയതായിരിക്കും എന്ന് സംഗീത കണക്ക് കൂട്ടി. പഞ്ഞി തപ്പിക്കൊണ്ട് സംഗീത വേഗം തൊട്ടടുത്ത നഴ്സിംഗ് റൂമിലേക്ക് ഓടിക്കയറി.

“എന്താ ....എന്തുപറ്റി?“ ഓടിക്കിതച്ച് വന്ന സംഗീതയോട്  ഡ്യൂട്ടി നഴ്സ് ചോദിച്ചു.

“ഞങ്ങളുടെ കൂടെയുള്ള ഒരു പയ്യന്....” കിതപ്പ് കാരണം സംഗീതക്ക് മുഴുവനാക്കാന്‍ സാധിച്ചില്ല.

“പയ്യന് എന്തുപറ്റി ?”

“എന്തോ പറ്റി സ്കൂളില്‍ കിടപ്പുണ്ട്....അത്യാവശ്യമായി കുറച്ച് പഞ്ഞി വേണം....” സംഗീത മുഴുവനാക്കി.

“അയ്യോ...ഇവിടെ ദാ ഇപ്പോ കഴിഞ്ഞു...”

“ഇനി എവിടെന്നാ ഉറപ്പായും കിട്ട്വാ?” സംഗീത ചോദിച്ചു.

“മോള് വേഗം  കാഷ്വാലിറ്റിയിലേക്ക് ചെല്ലൂ...അവിടെ എന്തായാലും ഉണ്ടാകും...”

സംഗീത വീണ്ടും കാഷ്വാലിറ്റി ലക്ഷ്യമാക്കി ഓടി. പിന്നാലെ സഹ വളണ്ടിയറും. വലിയൊരു കെട്ട് പഞ്ഞി തന്നെ കാഷ്വാലിറ്റിയില്‍ നിന്നും അവര്‍ നല്‍കി. അതും കൊണ്ട് സംഗീതയും കൂട്ടുകാരിയും സ്കൂള്‍ ലക്ഷ്യമാക്കി ഓടി.

“എവിടെ..? എവിടെ പരിക്ക് പറ്റിയ അഖില്‍?” സ്കൂളില്‍ എത്തി ആദ്യം കണ്ട ആളോട് സംഗീത ചോദിച്ചു.

“അറിയില്ല.....” മറുപടി മുഴുവനാകുന്നതിന് മുമ്പ് സംഗീത വര്‍ക്ക്‍ഷോപ്പിലേക്ക് ഓടി.

“പഞ്ഞി തീര്‍ന്നത് കാരണമാ എത്താന്‍ വൈകിയത്.... അഖില്‍ എവിടെ?...“ ക്ഷമാപണത്തോടെ സംഗീത ചോദിച്ചു.

“ഇതെന്തിനാ ഇത്ര അധികം പഞ്ഞി...?” മുറിയുടെ ഒരു മൂലയില്‍ ഇരുന്ന അഖില്‍ ചോദിച്ചു.

“നീ അല്ലേ എന്തിനോ പഞ്ഞി ചോദിച്ച് വിളിച്ചത്...എന്നിട്ട്?”

“അത് ആ മൈക്രോസ്കോപ്പിന്റെ ലെന്‍സ് തുടക്കാനായിരുന്നു...അത് ഞങ്ങള്‍ തുണി കൊണ്ട് തുടച്ചു...”

“പ്ധിം!!” ഉത്തരം കേട്ട്  അതുവരെ ഓടി ഓടിത്തളര്‍ന്ന സംഗീത നിലം‌പൊത്തി.

Friday, April 06, 2018

ജന്മദിനത്തിൽ തൈ ഒന്നു നട്ടാൽ - 2


              വീട് ഉണ്ടാക്കുന്നതിന് മുമ്പേ തന്നെ പരിസരത്ത് വളരേണ്ട ചില മരങ്ങളെപ്പറ്റി ഞാൻ ഏകദേശം ധാരണ ഉണ്ടാക്കിയിരുന്നു. അതിൽ നിർബന്ധമായും ഉണ്ടാകണം എന്ന് ഉദ്ദേശിച്ചവ രണ്ട് മരങ്ങളാണ്. റോസാപ്പിൾ മരവും ഇലഞ്ഞി മരവും.

              റോസാപ്പിൾ എന്ന് ഞങ്ങൾ പറയുന്ന പഴത്തിന് മറ്റു നാടുകളിൽ എന്താണ് പേര് എന്നെനിക്കറിയില്ല (ഇടക്ക് വീട്ടിൽ വന്ന ആരോ അതിനെ പനിനീർ ചാമ്പ എന്ന് പറയുന്നതും കേട്ടു). തറവാട്ടു മുറ്റത്ത് ഇതിന്റെ ഒരു പടുകൂറ്റം മരം ഉണ്ടായിരുന്നു.വളരെ ഉയരത്തിൽ പോയതിനാൽ വവ്വാൽ കടിക്കുമ്പോൾ താഴെ വീഴുന്നവ മാത്രമേ ഞങ്ങൾക്ക് കിട്ടാറുള്ളൂ. ഒരു ചെറുനാരങ്ങയോളം വലിപ്പത്തിൽ മഞ്ഞ നിറത്തിൽ കട്ടിയുള്ള എന്നാൽ സോഫ്റ്റ് ആയ പുറം തോടുള്ള (അതാണ് തിന്നുന്നത്) ഈ പഴത്തിന്റെ വാസന , അത് ഇന്നും ഒരു ഗൃഹാതുരത്വം ഉണർത്തുന്നതാണ്.അതിനാൽ തന്നെയാണ് എന്റെ സ്വന്തം മുറ്റത്ത് ഇതുണ്ടാകണം എന്ന് തീരുമാനിച്ചത്.

              മൂന്നാല് വർഷങ്ങളായി ഇതിൽ ഒറ്റയും തെറ്റയുമായി പൂവിടുന്നു. ഈ വർഷം പൂക്കളുടെ എണ്ണം കൂടി. മക്കൾക്ക് കാണിച്ചു കൊടൂക്കാൻ ഒരു കായ എങ്കിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

              ഇലഞ്ഞി വീട്ടിലുണ്ടാകണം എന്ന തീരുമാനം വന്നത് മുമ്പ് ഞാനിവിടെ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ഇലഞ്ഞിയുടെ പൂ ശേഖരിക്കാൻ  മദ്രസ വിട്ടു വരുമ്പോൾ ഞങ്ങൾ തൊട്ടടുത്ത ഹരിജൻ കോളനിയിൽ പോകും.മടങ്ങി വരുന്ന വഴി അതിലൂടെ വരാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിലും വീട്ടിലെത്തിയ ശേഷം അങ്ങോട്ട് പോകാൻ അനുമതി ഇല്ലായിരുന്നു. പിൽക്കാലത്ത് മൂത്തുമ്മയുടെ മകന്റെ വീടിന്റെ മുന്നിൽ എങ്ങനെയോ ഒരു ഇലഞ്ഞി മരം വളർന്നു വന്നു. അപ്പോഴേക്കും എന്റെ പെങ്ങളുടെ മകൾ പൂ പെറുക്കുന്ന പ്രായമായി.പക്ഷേ അവൾ എത്തുമ്പോഴേക്കും പൂക്കളെല്ലാം മറ്റുള്ളവർ പെറുക്കി പോകും.നാലഞ്ച് പൂവുകൾ മാത്രം കിട്ടുന്ന അവളുടെ മുഖത്തെ സങ്കടം, എന്റെ വീട്ടിലും ഒരു ഇലഞ്ഞി മരം വേണമെന്ന തീരുമാനത്തിൽ എത്തിച്ചു. പെങ്ങളുടെ പറമ്പിൽ തന്നെ ഒന്നിനെ താലോലിച്ച് വളർത്തി.ഇപ്പോൾ എന്റെ വീട്ടുമുറ്റത്തും ഈ വേനലിൽ സുഗന്ധം വിതറി ഒരു ഇലഞ്ഞി മരം പൂത്ത് നിൽക്കുന്നു.

                 എന്റെ ചില ഫലവൃക്ഷ പരീക്ഷണ പിരാന്തുകളെക്കുറിച്ചും രണ്ട് വർഷം മുമ്പ് ഞാനിവിടെ പറഞ്ഞിരുന്നു. അന്ന് വെറുതെ മനസ്സിൽ തോന്നി ഗ്രോബാഗിൽ ഊന്നിയ ഉറുമാമ്പഴത്തിന്റെ മുത്തുകൾ ചെടിയായി ഇപ്പോൾ ഒന്നര ആൾ പൊക്കത്തിലായി. രണ്ട് വർഷം മുമ്പ് രണ്ടാം വയസ്സിൽ ഒരു പൂവ് ഉണ്ടായിരുന്നു.ഈ വേനലവധിയിൽ ധാരാളം പൂക്കളും മൊട്ടുകളും അതിലും കാണുന്നു.ദൈവം എനിക്ക് ഒരു പഴമെങ്കിലും തരാതിരിക്കില്ല.സർവ്വശക്തന് സ്തുതി, അൽഹംദുലില്ലാഹ്.
              ലൂന മോളുടെ രണ്ടാം ജന്മദിനത്തിൽ നട്ട സീതപ്പഴം അവൾക്ക് ആറ് വയസ്സായപ്പോൾ കായ തന്നു തുടങ്ങി.കടയിൽ നിന്ന് വാങ്ങിയ പഴത്തിന്റെ വിത്ത് നട്ടതായിട്ടും കഴിഞ്ഞ വർഷം ധാരാളം കായകൾ കിട്ടി.ഈ വർഷവും മാർച്ച് പകുതി വരെ ഇലകൾ എല്ലാം പൊഴിച്ച് അവൾ സമാധിയിലായിരുന്നു. നനച്ചു കൊടുത്താൽ പൂവിടും എന്ന ഒറ്റ വാക്കിൽ മക്കൾ നന്നായി പരിചരിച്ചു. വേനലവധി തുടങ്ങിയതും സീതമരം പൂവിടുന്നതും ഒരേ ദിവസമായിരുന്നു! ഇപ്പോൾ ധാരാളം പൂക്കൾ അതിലും ഉണ്ട്.

              ഞാനിങ്ങനെ മരം നട്ടു നടക്കുന്നതിനിടക്ക് ഏതോ പക്ഷിയും ഒരു മരം നട്ടു!അറിയാത്ത മരം ആയതിനാൽ അതും അവിടെ വളരട്ടെ എന്ന് കരുതി വെള്ളവും വളവും നൽകിപ്പോന്നു. വലുതായപ്പോൾ മനസ്സിലായി കുട്ടികൾക്കാർക്കും ഇഷ്ടമില്ലാത്ത മുട്ടപ്പഴം ആണ് അതെന്ന്. പക്ഷികൾക്കായി അവളും അവിടെ വളരട്ടെ എന്ന് ഞാൻ തീരുമാനിച്ചു. ഈ സീസണിൽ അവളും ആദ്യമായി ഋതുമതിയായി !!

               വർഷങ്ങൾക്ക് മുമ്പ് ഞാൻ വീട്ടുകാരോട് പറഞ്ഞിരുന്നു - റംസാൻ നോമ്പ് മൂന്ന്- നാല് വർഷം കഴിഞ്ഞാൽ വേനലിലേക്ക് കയറും. അന്ന് ധാരാളം പഴങ്ങൾ ആവശ്യമായി വരും. ഇൻഷാ അല്ലാഹ് നമ്മുടെ വീടിന്റെ മുറ്റത്ത് നിന്ന് നമുക്ക് അത് പറിച്ചെടുക്കാൻ സാധിക്കും.ഈ വർഷം മെയ് പകുതിയോടെ റംസാൻ കടന്നു വരും. ദൈവം അനുഗ്രഹിച്ചാൽ  ഞങ്ങളുടെ നോമ്പ് തുറക്കുള്ള മിക്ക പഴങ്ങളും എന്റെ വീട്ടിന്റെ മുറ്റത്ത് നിന്ന് തന്നെ കിട്ടും.

               ഞാൻ വലിയൊരു ഭൂവുടമയൊന്നുമല്ല. വീടും സ്ഥലവുമടക്കം 15 സെന്റ് സ്ഥലത്താണ് ഈ കച്ചവടമെല്ലാം നടക്കുന്നത്. വീട്ടുമുറ്റത്ത് മരങ്ങൾ നടൂ...ഈ സന്തോഷം അനുഭവിച്ചറിയൂ.

              (ഏപ്രില്‍ 15ന് ലിദു മോന്റെ മൂന്നാം ജന്മദിനത്തില്‍ മുറ്റത്തെ മരങ്ങളിലൂടെ ഒരു എത്തിനോട്ടം നടത്തിയപ്പോള്‍ അതാ, റോസാപ്പിള്‍ കായ മൂത്ത് നില്‍ക്കുന്നു. കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കാനും രുചി അറിയാനും ഇതോടെ സാധിച്ചു)

Thursday, April 05, 2018

ജന്മദിനത്തിൽ തൈ ഒന്നു നട്ടാൽ - 1

                 വിശേഷ ദിവസങ്ങളിൽ മുറ്റത്ത് എന്തെങ്കിലും ഒരു വൃക്ഷത്തൈ നടുന്നത് വർഷങ്ങളായി ഞാൻ തുടരുന്നതും മറ്റുള്ളവരോട് അപേക്ഷിക്കുന്നതും ആയ ഒരു കുഞ്ഞു പ്രവർത്തനമാണ്. എല്ലാവരും പ്രാവർത്തികമാക്കിയാൽ ശുദ്ധവായു ശ്വസിക്കുന്നതോടൊപ്പം നാലോ അഞ്ചോ വർഷം കഴിയുമ്പോൾ നല്ല പഴങ്ങളും തിന്നാം. ഇക്കഴിഞ്ഞ മാസവും രണ്ട് മക്കളുടെയും ജന്മ ദിനത്തിൽ നടാനായി രണ്ട് തൈകൾ  അവർക്ക് നൽകി.

                 മധ്യ വേനലവധിയായി. എന്റെ ബാപ്പ ജീവിച്ചിരുന്ന കാലത്ത് അവധിക്കാലം എന്നത് ഞങ്ങൾക്ക് പഴക്കാലം കൂടിയായിരുന്നു. ബാപ്പ നട്ട പല മരങ്ങളിലും കായ പിടിക്കാൻ തുടങ്ങുന്ന കാലം ആണ് ഞങ്ങളുടെ സ്കൂൾ പൂട്ടുന്ന കാലമായി ഞങ്ങൾ മനസ്സിലാക്കിയിരുന്നത്. ഇന്ന് എന്റെ മക്കളും ഒരു പക്ഷെ അങ്ങനെയാകും കരുതുന്നത്.

                 ഈ മധ്യ വേനലവധിക്കാലം എന്റെ വീട്ടു മുറ്റം ഫല സ‌മൃദ്ധം കൂടിയാണ്. കാലങ്ങളായി മുരടിച്ച് നിന്നിരുന്നതും പല തവണ വച്ചിട്ടും പിടിക്കാൻ മടിച്ചതുമായ ചാമ്പ മരം ഇത്തവണ ആദ്യമായി പൂവിട്ടു. ഇപ്പോൾ അതിൽ കായയും പിടിച്ചു. എന്റെ മക്കൾ ആദ്യമായി സ്വന്തം വീട്ടിൽ നിന്നുള്ള ചാമ്പക്കയുടെ രുചി അനുഭവിച്ചു.അവർ നനക്കുന്നത് കൂടി ആയതിനാൽ രുചി കൂടുതലായി തോന്നും.
               ചാമ്പ മരത്തിന്റെ തൊട്ട അയൽ‌വാസിയായി നാലഞ്ച് വർഷമായി ഒരു സപ്പോട്ട മരവും ഉണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്തേ മൂത്താപ്പയുടെ വീട്ടിലുണ്ടായിരുന്ന വലിയൊരു സപ്പോട്ട മരം കുട്ടികളായ ഞങ്ങളെ കൊതിപ്പിച്ചിരുന്നു. പക്ഷെ എന്റെ ഈ തൈ ബഡ് ചെയതതായതിനാൽ അധികം ഉയരമില്ല.രണ്ടാം ക്ലാസുകാരി ലൂനമോൾക്ക് പോലും കയ്യെത്തും ഉയരത്തിൽ സപ്പോട്ട മരത്തിലും കായ പിടിച്ചു. സ്നേഹപരിചരണത്തിനനുസരിച്ചുള്ള വലുപ്പം കായയിൽ കാണുന്നുണ്ട്.
                    മുറ്റത്തെ മൂവാണ്ടൻ മാവിനെപ്പറ്റി ഞാൻ പല തവണ ഇവിടെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ പൂവ് കുറഞ്ഞതിന് പലിശ അടക്കം തന്നാണ് ഇത്തവണ അവൾ പുഷ്പിണിയാകുന്നത്. ഒന്നും രണ്ടും അല്ല അഞ്ച് ഘട്ടങ്ങളായി പൂത്തുലഞ്ഞ്, വിവിധ വലിപ്പത്തിലുള്ള മാങ്ങകളുമായി സന്ദർശകരെ മുഴുവൻ ഒരു നിമിഷം നോക്കാൻ പ്രേരിപ്പിക്കുന്നു. അച്ചാറിടാനുള്ള കണ്ണിമാങ്ങയും കറിയിലിടാനുള്ള പുളിമാങ്ങയും ചെത്തി തിന്നാനുള്ള പഴുത്ത മാങ്ങയും ഒരേ സമയം ഒരൊറ്റ മാവിൽ നിന്ന് നേരിട്ട് കൈകൊണ്ട് പറിക്കുന്നു!
             വീട്ടിൽ തന്നെ മുളപ്പിച്ച തൈ, അരിനെല്ലിക്കയാണെന്ന് തെറ്റിദ്ധരിച്ച് ഏതോ ഒരു വിശേഷ ദിവസത്തിൽ വച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി നല്ല ഇരുമ്പൻ പുളിയാണ് അവൾ തരുന്നത്. ഉപ്പു തിരുമ്മി തിന്നാനും കറിയിലിടാനും അച്ചാറിടാനും ജ്യൂസടിക്കാനും  ആവശ്യമുള്ളവർ എല്ലാം അതിൽ നിന്ന് പറിച്ചു കൊണ്ടു പോകുന്നു.
                  ഇനിയുമുണ്ട് വീട്ടുമുറ്റത്തെ ഫലങ്ങളെപ്പറ്റി പറയാൻ. ഇപ്പോൾ പൂവിട്ടുകൊണ്ടിരിക്കുന്നതും കാ പിടിക്കുന്നതും മറ്റും മറ്റും...അടുത്തതിൽ പറയാം.

ജന്മദിനത്തിൽ തൈ ഒന്നു നട്ടാൽ - 2 

Sunday, April 01, 2018

ചതുപ്പ് - ഒരു വായനക്കുറിപ്പ്


Mubi said...
സിറാജുന്നിസയെന്ന കഥയേക്കാളും ബലികുടീരങ്ങളും, വിശ്വാസം അതല്ലേ എല്ലാം എന്നീ കഥകളാണ് എനിക്ക് ഇഷ്ടമായത്. മാഷ്‌ എം. കമറുദീന്‍റെ ചതുപ്പ് വായിക്കൂ...
            സിറാജുന്നീസ എന്ന പുസ്തകത്തിന്റെ വായനാക്കുറിപ്പ് ബൂലോകര്‍ക്ക് പരിചയപ്പെടുത്തിയപ്പോള്‍ നല്ലൊരു വായനക്കാരിക്കൂടിയായ മുബി കാനഡയില്‍ നിന്നും ഇട്ട മേല്‍ കമന്റാണ് എന്നെ ചതുപ്പിലേക്ക് നയിച്ചത്.

            ചതുപ്പ്, അമ്മയുടെ മകന്‍,പരമാധികാരി, യുദ്ധം,പുലര്‍ച്ചെ ഒരാക്രമണം, ഒരു തടവുകാരന്‍, അമ്മേ ഞങ്ങള്‍ ജനീലോയെ കൊന്നു, ബാധ എന്നിങ്ങനെ എട്ടു കഥകളുടെ സമാഹാരമാണ് എം കമറുദ്ദീനിന്റ്റെ ചതുപ്പ് എന്ന പുസ്തകം.

           മാരകാസുഖം (?) ബാധിച്ചവനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ എന്ന പേരില്‍ ജീവന്റെ ചെടി തേടി ചതുപ്പിലേക്ക് നയിച്ച് അവനെ ജീവനോടെ അവിടെ സംസ്കരിക്കുന്ന ഒന്നാമത്തെ കഥയായ ‘ചതുപ്പ്‘ പല സമകാലീന സംഭവങ്ങളിലേക്കും ഒളിയമ്പുകള്‍ എയ്യുന്നുണ്ട്.

             ജീവിത കാലത്ത് പ്രകടിപ്പിക്കാത്ത സ്നേഹം കെട്ടി നിര്‍ത്തിയതിന്റെ സങ്കടം പങ്കിടുന്നതാണ്  “അമ്മയുടെ മകന്‍” എന്നകഥ . കഥയുടെ അവസാന ഭാഗത്തുള്ള ഈ വരി വായിക്കുമ്പോള്‍ കണ്ണ് നിറയും - ‘ ഇടയ്ക്ക് ഞങ്ങള്‍ നാലു പേരും നാട്ടില്‍ ഒരുമിച്ച് കൂടിയ ഒരു ദിവസം അമ്മയുടെ പഴയ തകരപ്പെട്ടി എന്റെ അനുജന്‍ തുറന്നു.പെട്ടിയില്‍ അമ്മയുടെ കണ്ണടയും പിന്നെ  അമ്മയുടെ മകന്റെ ഒരു കുപ്പായവും ഉണ്ടായിരുന്നു’. ഒരമ്മ തന്റെ ആദ്യത്തെ ബന്ധത്തിലെ മകനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നും മറ്റു മക്കളെ ആ സ്നേഹം പഠിപ്പിക്കുന്നതും ഇതിലൂടെ വ്യക്തമാണ്.

               ‘പരമാധികാരി’ എന്ന കഥ എനിക്ക് ഇഷ്ടപ്പെട്ടതേ ഇല്ല. സ്വന്തം മകന്റെ വിശപ്പടക്കാന്‍ വേണ്ടി ഔത മുതലാളിയെ ആക്രമിക്കാന്‍ പോകുന്ന ഒരച്ഛന്‍, മുതലാളിയുടെ സ്നേഹപാത്രമാകുന്നതും മറ്റാരോ മുതലാളിയെ ആക്രമിച്ചപ്പോള്‍ രക്ഷപ്പെടുത്തുന്നതും പക്ഷെ പ്രസ്തുത കുറ്റത്തിലെ പ്രതിയാകുന്നതും പ്രദിപാദിക്കുന്ന ‘പുലര്‍ച്ചെ ഒരാക്രമണം‘ എന്ന കഥ വിശപ്പിന്റെ സംഘര്‍ഷങ്ങള്‍ വ്യക്തമാക്കിത്തരുന്നു.

                യുദ്ധം, ഒരു തടവുകാരന്‍, അമ്മേ ഞങ്ങള്‍ ജനീലോയെ കൊന്നു തുടങ്ങിയ കഥകളെപ്പറ്റി ഒരഭിപ്രായം പറയാന്‍ ഞാന്‍ അശക്തനാണ്. കഥാകൃത്ത് ഉദ്ദേശിച്ചത് അതില്‍ നിന്നും മനസ്സിലാക്കിയെടുക്കാന്‍ എന്നെപ്പോലെയുള്ള ഒരു വായനക്കാരന് സാമാന്യം ബുദ്ധിമുട്ടായിരിക്കും എന്ന് പറയാനേ എനിക്ക് കഴിയൂ.’ബാധ‘ എന്ന കഥ പാരമ്പര്യ തൊഴില്‍ നഷ്ടമാകുന്നവരുടെ കഥയാണ്. സ്വന്തം മകന്റെ ഭാവിയെപ്പറ്റി ആകുലപ്പെടുന്ന ഒരു പിതാവിനെ ഈ കഥയിലും കാണാം.

                 ബന്ധങ്ങളുടെ ബന്ധനങ്ങളും  നിബന്ധനകളും വരച്ചു കാണിക്കുന്ന കഥകളാണ് ‘ചതുപ്പ്’ എന്നാണ് എനിക്ക് തോന്നിയത്.ഒറ്റ ഇരുപ്പില്‍ വായിച്ച് തീര്‍ക്കാന്‍ മാത്രം ഉയരത്തില്‍ ചതുപ്പ് എത്തുന്നില്ല.എങ്കിലും മുഴുവന്‍ വായിക്കാന്‍ പ്രേരണ നല്‍കിക്കൊണ്ടേ ഇരിക്കും.



പുസ്തകം  : ചതുപ്പ്
രചയിതാവ് : എം കമറുദ്ദീൻ
പ്രസാധകർ : ഡി സി ബുക്സ്
വില  : 90 രൂപ
പേജ്  : 102 

സൌഹൃദം പൂക്കുന്ന വഴികള്‍ - 3

സൌഹൃദം പൂക്കുന്ന വഴികള്‍ - 2
               ജോയലിന്റെ വീട്ടില്‍ നിന്നും കാലടിയിലേക്ക് മടങ്ങുമ്പോള്‍ എന്റെ ഫോണ്‍ റിംഗ് ചെയ്തു - പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള ഒരു വിളി.

“ഹലോ...ആബിദ് മാഷല്ലേ?” വിളിയന്‍ ചോദിച്ചു

“അതേ...”

“ഹാവൂ...സമാധാനായി...ഇപ്പോഴെങ്കിലും മാഷെ കിട്ടിയല്ലോ...”

“ഞാന്‍ യാത്രയിലാ...ആരാ ഇത്?” ഞാന്‍ ചോദിച്ചു.

“എനിക്ക് കുറച്ചധിക നേരം മാഷോട് സംസാരിക്കണം...അതിന് എപ്പോള്‍ വിളിക്കണം?” വിളിയന്റെ അടുത്ത ചോദ്യം.

“പത്ത് മണി കഴിഞ്ഞ് വിളിച്ചോളൂ...”

ഞാന്‍ കാലടി കോളെജിന്റെ ഗേറ്റില്‍ എത്തിയതും വീണ്ടും വിളി എത്തി.

“മാഷെ...എന്റെ പേര് സൈഫുദ്ദീന്‍...ഓര്‍മ്മയുണ്ടാവില്ല എന്നറിയാം... 22 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മാഷുടെ ഒരു വിദ്യാര്‍ത്ഥി. ഞങ്ങളുടെ ആദ്യത്തെ കമ്പ്യൂട്ടര്‍ മാഷ് ആണ് നിങ്ങള്‍....”

“ഓ...അരിമ്പ്ര ഹൈസ്കൂള്‍...”

“അതേ...നിങ്ങളെ കിട്ടാന്‍ ഒരു പാട്, ഒരു പാട് കഷ്ടപ്പെട്ടു...ഇപ്പോള്‍ കിട്ടിയപ്പോള്‍ വളരെ വളരെ സന്തോഷം...എങ്ങനെയോ കിട്ടിയ ലാന്റ് ലൈനില്‍ വിളിച്ച് നിങ്ങളെ നമ്പര്‍ വാങ്ങി...പക്ഷെ അത് വേറെ ആര്‍ക്കോ ആണ് പോകുന്നത്...”

അപ്പോഴാണ് ലുലു മോള്‍ നമ്പറ് കൊടുത്തപ്പോള്‍ പകുതി എന്റേതും പകുതി അവളുടേതും ആയിപ്പോയത് പറഞ്ഞ കാര്യം ഞാന്‍ ഓര്‍ത്തത്.

“എന്നിട്ട്...?”

“വീണ്ടും വീട്ടില്‍ വിളിച്ചു കിട്ടിയ നമ്പറില്‍ ശ്രമിച്ചു...കൃത്യം ആബിദ് മാഷെ തന്നെ കിട്ടി. കമ്പ്യൂട്ടര്‍ അധ്യാപകനും ആണ്....പക്ഷേ ഒരു പ്രശ്നം മാത്രം. ഞങ്ങള്‍ ഉദ്ദേശിച്ച ആബിദ് മാഷ് അല്ല!!”

“അയ്യോ? എന്നിട്ടോ ?” കഥ കേള്‍ക്കാന്‍ രസമുള്ളതിനാല്‍ ഞാന്‍ ചോദിച്ചു.

“അദ്ദേഹം ബൈക്ക് ഓടിക്കുകയായിരുന്നു...അത് സൈഡാക്കി, കുറെ നേരം സംസാരിച്ചു. ഞങ്ങളുടെ ശ്രമത്തെ പ്രോത്സാഹിപ്പിച്ചു...പ്രയ്ത്നം തുടരാന്‍ പ്രചോദിപ്പിച്ചു...അപ്പോളാണ് നിങ്ങളുടെ നാട്ടുകാരനായ എം.എ സുഹൈലിന്റെ ഫേസ്ബുക്ക് ഫ്രന്‍സ് ലിസ്റ്റില്‍ നിങ്ങളുടെ പേര് കണ്ടത്....”

“ആ...അദ്ദേഹം എന്റെ സുഹൃത്താണ്...”

“അദ്ദേഹത്തെ വിളിച്ചു , നിങ്ങളെപ്പറ്റി ചോദിച്ചു. നമ്പറ് വേണോ എന്ന് ചോദിച്ചതും ഞങ്ങള്‍ ചാടിപ്പിടിച്ചു...അങ്ങനെ മാഷെ കിട്ടി....ഇനി വിളിച്ച കാര്യം...ഞങ്ങളുടെ ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമം ഏപ്രില്‍ 8 ഞായറാഴ്ച നടക്കുന്നു...മാഷ് കുടുംബ സമേതം നിര്‍ബന്ധമായും പങ്കെടുക്കണം...ഫേസ്‌ബുക്കില്‍ കയറിയപ്പോള്‍ മാഷെപ്പറ്റി വേറെ പല വിവരങ്ങളും കിട്ടി....അതെല്ലാം പറയാം...ഞങ്ങള്‍ക്ക് മാഷെ നേരിട്ട് കാണണം...അരീക്കോട് എന്ന് ഉണ്ടാകും എന്ന് മാത്രം പറഞ്ഞാല്‍ മതി...”

“നാളെ...ഞാന്‍ വീട്ടില്‍ ഉണ്ടാകും , ഇന്‍ഷാ‌അല്ലാഹ്”

“ശരി...നാളെ രാവിലെ ഞങ്ങള്‍ വീട്ടിലെത്തും...ഭക്ഷണം ഒന്നും ഉണ്ടാക്കരുത്...ഞങ്ങള്‍ക്ക് ഞങ്ങളുടെ ആദ്യത്തെ കമ്പ്യൂട്ടര്‍ മാഷെ കാണണം...നേരിട്ട് കണ്ട് പരിപാടിയിലേക്ക് ക്ഷണിക്കണം...അത്രമാത്രം...”

“ഓ.കെ...നാളെ കാണാം...”

അന്ന് രാത്രി വൈകി ഞാന്‍ വീട്ടിലെത്തി. പിറ്റേന്ന് രാവിലെ ഒമ്പത് മണിയോടെ അവര്‍ അഞ്ച് പേരും എത്തി.ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങിയ ആളെ മാത്രം ഞാന്‍ പേരെടുത്ത് പറഞ്ഞു - ഇംതിയാസ്.കാരണം അന്നേ ഹെഡ്മാസ്റ്റര്‍ സൂക്ഷിക്കണം എന്ന് പറഞ്ഞ കുട്ടിയായിരൂന്നു അവന്‍ (വലത്തേ അറ്റത്തെ ആള്‍). മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാട്ടിലെത്തിയ അവന്‍ ഇന്ന് ഗള്‍ഫിലേക്ക് തിരിച്ചു പോകുകയാണ് പോലും. ഈ സംഘം എന്റെ വീട്ടിലേക്കാണ് വരുന്നത് എന്ന് പറഞ്ഞപ്പോള്‍ ആ തിരക്കിനിടയില്‍ ഒപ്പം കൂടിയതാണ്. ഈ സംഗമത്തില്‍ അവന്റെ നേരിട്ടുള്ള ഒരേ ഒരു പങ്കാളിത്തം ഇതു മാത്രം!
അല്പ നേരം മാത്രമേ അവര്‍ വീട്ടില്‍ ഇരുന്നുള്ളൂ. പക്ഷെ അത് എന്നെ കൊണ്ടുപോയത് രണ്ട് ദശകങ്ങള്‍ പിന്നിലേക്കാണ്. വെറും മൂന്ന് മാസം മാത്രം പഠിപ്പിച്ച കുട്ടികളുടെ മനസ്സിലുള്ള 22 വര്‍ഷം മുമ്പത്തെ ചിത്രത്തില്‍ നിന്ന് ഉത്ഭവിച്ച ഒരു അന്വേഷണത്തിന്റെ ഫലം - ഒരാഴ്ച്ചക്കകം അനുഭവിച്ച മൂന്നാമത്തെ, സൌഹൃദം പൂക്കുന്ന വഴി. പഠിപ്പിച്ച കുട്ടികളുടെ മനസ്സില്‍ എന്നിലെ അധ്യാപകനെ കുടിയിരുത്തിയ ദൈവത്തിന് സര്‍വ്വസ്തുതിയും നേരുന്നു - അല്‍ഹംദുലില്ലാഹ്.