Pages

Wednesday, April 25, 2018

ധനുഷ്കോടിയിലെ ഫിഷ് ഫ്രൈ

      36000 അടി ഉയരത്തിലിരുന്നാണ് ഈ കുറിപ്പ് എഴുതുന്നത്. കൊച്ചിയില്‍ നിന്നും ഡെല്‍ഹിയിലേക്കുള മൂന്ന് മണിക്കൂര്‍ വിമാനയാത്ര അറുബോറന്‍ ആയപ്പോള്‍ ഞാന്‍ വീണ്ടും രാമേശ്വരത്തേക്ക് തിരിഞ്ഞു.

     ധനുഷ്കോടിയില്‍ ഇരുട്ട് പരന്നതോടെ അത് ശരിക്കും ഒരു പ്രേത നഗരം തന്നെയായി. ചര്‍ച്ചും പോസ്റ്റ് ഓഫീസും മറ്റു കെട്ടിടങ്ങളും ഓരോ പിശാചിന്റെ രൂപങ്ങളായി മാറുന്നത് ഞങ്ങള്‍ തിരിച്ചറിഞ്ഞു. പോലീസ് എല്ലാവരെയും അവിടെ നിന്ന് തുരത്തുന്നതും ഈ ഭീകര രൂപങ്ങളില്‍ നിന്ന് സഞ്ചാരികളെ രക്ഷിക്കാനായിരിക്കും.

     അരിചല്‍മുനയിലേക്ക് പോകുമ്പോള്‍ പല സ്ഥലത്തും ഫ്രെഷ് ഫിഷ് ഫ്രൈ തയ്യാറാക്കി വച്ചതും ഓര്‍ഡര്‍ അനുസരിച്ച് തയ്യാറാക്കുന്നതും കണ്ടിരുന്നു.പോകുന്ന വഴിയില്‍ ഡ്രൈവര്‍ മണികണ്ഠന്‍ ഒരു കടയിലേക്ക് താളം കാട്ടുന്നതും കണ്ടിരുന്നു.പക്ഷെ മടക്കത്തില്‍ ഇരുട്ട് പരക്കാന്‍ ആരംഭിച്ചതിനാല്‍ ഈ ആഗ്രഹം നടക്കാതെ പോകുമോ എന്ന് സംശയം തോന്നി. 2007ലെ ഫാമിലി ടൂറില്‍ ചെന്നൈ മറീന ബീച്ചില്‍ നിന്നും വാങ്ങിക്കഴിച്ച കൊഞ്ച് ഫ്രൈയുടെ രുചി നാവില്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഫ്രൈ നിര്‍ബന്ധമാണെന്ന്, എനിക്കറിയാവുന്ന തമിഴില്‍ ഞാന്‍ മണികണ്ഠനെ ധരിപ്പിച്ചു.

      അധികം പോകുന്നതിന് മുമ്പെ തന്നെ മണികണ്ഠന്‍ സംഗതി ഒപ്പിച്ചു. വഴിയരികില്‍ അവസാനത്തെ ആര്‍ത്തി പണ്ടാരങ്ങളെയും കാത്ത് നില്‍ക്കുന്ന ഒരു വൃദ്ധന്‍. ഓട്ടോ സൈഡാക്കി വില ചോദിച്ചപ്പോള്‍ ചെറിയ ഒരു കഷ്ണം ഫ്രൈക്ക് 20 രൂപ.അല്പം വലുതിന് 30 രൂപയും. മണികണ്ഠന്‍ തമിഴില്‍ എന്തോ പറഞ്ഞപ്പോള്‍ കരിമീന്‍ പോലെ പരന്ന ഒരു മീന്‍ കാണിച്ച് തന്നു.അതിന് 40 രൂപ. മണികണ്ഠന്‍ വീണ്ടും എന്തോ പറഞ്ഞതോടെ പീസിന് 30 രൂപയായി.
      ആ കൊച്ചു കട തന്നെയാണ് അദ്ദേഹത്തിന്റെ വീടും എന്ന് അകത്ത് കയറിയപ്പോള്‍ മനസ്സിലായി. വീടിന്റെ നേരെ പിന്നില്‍ കടല്‍ ഇരമ്പുന്നുണ്ടായിരുന്നു. മീന്‍ ഫ്രൈ ആകുന്നത് വരെ ഞങ്ങള്‍ കാഴ്ചകള്‍ ആസ്വദിച്ച് കാത്തിരുന്നു. നാട്ടിന്‍പുറത്തെ ഒരു കള്ള്ഷാപ്പ് ലുക്ക് ആ കടക്ക് ഉണ്ടായിരുന്നു. 
       വിറക് ശേഖരിക്കാന്‍ പോയ കടയുടമയുടെ ഭാര്യ വന്നതോടെ പൊരിയുടെ ചട്ടുകം അവര്‍ ഏറ്റെടുത്തു. അല്പ സമയത്തിനകം തന്നെ ഫ്രൈ റെഡിയായി.ഈ അവസരം ഒരുക്കിത്തന്ന മണികണ്ഠനെയും ഞങ്ങളുടെ കൂടെ കൂട്ടി.
       മീനിനെപ്പറ്റി കടയുടമ അഭിപ്രായം ചോദിച്ചു. കുഞ്ഞുമോനടക്കം ഏഴു പേര്‍ക്കും ആ ഫ്രൈ ഇഷ്ടമായി. സ്ഥലം വിടുന്നതിന് മുമ്പെ ഞാന്‍ അദ്ദേഹത്തോട് പേര് ചോദിച്ചു.രാമനാഥന്‍ എന്ന മറുപടിക്കൊപ്പം ചിരിച്ചു കൊണ്ട് ഇതും കൂടി ചേര്‍ത്തു – “കോവിലിന് ഉള്ളേ ഇരിക്കുന്നത് ഞാന്‍ താന്‍ തന്നെ !”

      രാമനാഥന്‍ ചേട്ടന്‍ ആ നാട്ടിലെ ഒന്നാം നമ്പര്‍ പാല്‍ വ്യാപാരിയായിരുന്നു പോലും. രണ്ട് പെണ്മക്കളെ കല്യാണം കഴിപ്പിച്ച് വിട്ടതോടെ സമ്പാദ്യം മുഴുവന്‍ തീര്‍ന്നു. ഇപ്പോള്‍ ഭാര്യയോടൊത്ത് ഈ പ്രേത നഗരത്തിന്റെ സമീപം ഞങ്ങളെപ്പോലെയുള്ള‍ മീന്‍ കുതുകികളെ ഫ്രെഷ് ഫിഷ് ഫ്രൈ തീറ്റിച്ച് സന്തോഷമായി കഴിഞ്ഞ് പോരുന്നു എന്ന് മണികണ്ഠന്‍ പറഞ്ഞു.

      ആശിച്ച സംഗതി നടന്നതോടെ ഞങ്ങള്‍ തിരിച്ച് കയറി.കോവിലില്‍ ഇനി കയറാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായി മണികണ്ഠന്‍ വാച്ചിലേക്ക് നോക്കി. പിന്നെ മണികണ്ഠന്‍റ്റെ ഓട്ടോ പാഞ്ഞത് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയായിരുന്നു.

3 comments:

Areekkodan | അരീക്കോടന്‍ said...

വഴിയരികില്‍ അവസാനത്തെ ആര്‍ത്തി പണ്ടാരങ്ങളെയും കാത്ത് നില്‍ക്കുന്ന ഒരു വൃദ്ധന്‍. ഓട്ടോ സൈഡാക്കി വില ചോദിച്ചപ്പോള്‍ ചെറിയ ഒരു കഷ്ണം ഫ്രൈക്ക് 20 രൂപ.അല്പം വലുതിന് 30 രൂപയും.

Cv Thankappan said...

മണികണ്ഠന്‍ ആള് കൊള്ളാമല്ലോ!
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അതേ തങ്കപ്പെട്ട മനുഷ്യന്‍ !

Post a Comment

നന്ദി....വീണ്ടും വരിക