Pages

Friday, April 06, 2018

ജന്മദിനത്തിൽ തൈ ഒന്നു നട്ടാൽ - 2


              വീട് ഉണ്ടാക്കുന്നതിന് മുമ്പേ തന്നെ പരിസരത്ത് വളരേണ്ട ചില മരങ്ങളെപ്പറ്റി ഞാൻ ഏകദേശം ധാരണ ഉണ്ടാക്കിയിരുന്നു. അതിൽ നിർബന്ധമായും ഉണ്ടാകണം എന്ന് ഉദ്ദേശിച്ചവ രണ്ട് മരങ്ങളാണ്. റോസാപ്പിൾ മരവും ഇലഞ്ഞി മരവും.

              റോസാപ്പിൾ എന്ന് ഞങ്ങൾ പറയുന്ന പഴത്തിന് മറ്റു നാടുകളിൽ എന്താണ് പേര് എന്നെനിക്കറിയില്ല (ഇടക്ക് വീട്ടിൽ വന്ന ആരോ അതിനെ പനിനീർ ചാമ്പ എന്ന് പറയുന്നതും കേട്ടു). തറവാട്ടു മുറ്റത്ത് ഇതിന്റെ ഒരു പടുകൂറ്റം മരം ഉണ്ടായിരുന്നു.വളരെ ഉയരത്തിൽ പോയതിനാൽ വവ്വാൽ കടിക്കുമ്പോൾ താഴെ വീഴുന്നവ മാത്രമേ ഞങ്ങൾക്ക് കിട്ടാറുള്ളൂ. ഒരു ചെറുനാരങ്ങയോളം വലിപ്പത്തിൽ മഞ്ഞ നിറത്തിൽ കട്ടിയുള്ള എന്നാൽ സോഫ്റ്റ് ആയ പുറം തോടുള്ള (അതാണ് തിന്നുന്നത്) ഈ പഴത്തിന്റെ വാസന , അത് ഇന്നും ഒരു ഗൃഹാതുരത്വം ഉണർത്തുന്നതാണ്.അതിനാൽ തന്നെയാണ് എന്റെ സ്വന്തം മുറ്റത്ത് ഇതുണ്ടാകണം എന്ന് തീരുമാനിച്ചത്.

              മൂന്നാല് വർഷങ്ങളായി ഇതിൽ ഒറ്റയും തെറ്റയുമായി പൂവിടുന്നു. ഈ വർഷം പൂക്കളുടെ എണ്ണം കൂടി. മക്കൾക്ക് കാണിച്ചു കൊടൂക്കാൻ ഒരു കായ എങ്കിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

              ഇലഞ്ഞി വീട്ടിലുണ്ടാകണം എന്ന തീരുമാനം വന്നത് മുമ്പ് ഞാനിവിടെ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ഇലഞ്ഞിയുടെ പൂ ശേഖരിക്കാൻ  മദ്രസ വിട്ടു വരുമ്പോൾ ഞങ്ങൾ തൊട്ടടുത്ത ഹരിജൻ കോളനിയിൽ പോകും.മടങ്ങി വരുന്ന വഴി അതിലൂടെ വരാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിലും വീട്ടിലെത്തിയ ശേഷം അങ്ങോട്ട് പോകാൻ അനുമതി ഇല്ലായിരുന്നു. പിൽക്കാലത്ത് മൂത്തുമ്മയുടെ മകന്റെ വീടിന്റെ മുന്നിൽ എങ്ങനെയോ ഒരു ഇലഞ്ഞി മരം വളർന്നു വന്നു. അപ്പോഴേക്കും എന്റെ പെങ്ങളുടെ മകൾ പൂ പെറുക്കുന്ന പ്രായമായി.പക്ഷേ അവൾ എത്തുമ്പോഴേക്കും പൂക്കളെല്ലാം മറ്റുള്ളവർ പെറുക്കി പോകും.നാലഞ്ച് പൂവുകൾ മാത്രം കിട്ടുന്ന അവളുടെ മുഖത്തെ സങ്കടം, എന്റെ വീട്ടിലും ഒരു ഇലഞ്ഞി മരം വേണമെന്ന തീരുമാനത്തിൽ എത്തിച്ചു. പെങ്ങളുടെ പറമ്പിൽ തന്നെ ഒന്നിനെ താലോലിച്ച് വളർത്തി.ഇപ്പോൾ എന്റെ വീട്ടുമുറ്റത്തും ഈ വേനലിൽ സുഗന്ധം വിതറി ഒരു ഇലഞ്ഞി മരം പൂത്ത് നിൽക്കുന്നു.

                 എന്റെ ചില ഫലവൃക്ഷ പരീക്ഷണ പിരാന്തുകളെക്കുറിച്ചും രണ്ട് വർഷം മുമ്പ് ഞാനിവിടെ പറഞ്ഞിരുന്നു. അന്ന് വെറുതെ മനസ്സിൽ തോന്നി ഗ്രോബാഗിൽ ഊന്നിയ ഉറുമാമ്പഴത്തിന്റെ മുത്തുകൾ ചെടിയായി ഇപ്പോൾ ഒന്നര ആൾ പൊക്കത്തിലായി. രണ്ട് വർഷം മുമ്പ് രണ്ടാം വയസ്സിൽ ഒരു പൂവ് ഉണ്ടായിരുന്നു.ഈ വേനലവധിയിൽ ധാരാളം പൂക്കളും മൊട്ടുകളും അതിലും കാണുന്നു.ദൈവം എനിക്ക് ഒരു പഴമെങ്കിലും തരാതിരിക്കില്ല.സർവ്വശക്തന് സ്തുതി, അൽഹംദുലില്ലാഹ്.
              ലൂന മോളുടെ രണ്ടാം ജന്മദിനത്തിൽ നട്ട സീതപ്പഴം അവൾക്ക് ആറ് വയസ്സായപ്പോൾ കായ തന്നു തുടങ്ങി.കടയിൽ നിന്ന് വാങ്ങിയ പഴത്തിന്റെ വിത്ത് നട്ടതായിട്ടും കഴിഞ്ഞ വർഷം ധാരാളം കായകൾ കിട്ടി.ഈ വർഷവും മാർച്ച് പകുതി വരെ ഇലകൾ എല്ലാം പൊഴിച്ച് അവൾ സമാധിയിലായിരുന്നു. നനച്ചു കൊടുത്താൽ പൂവിടും എന്ന ഒറ്റ വാക്കിൽ മക്കൾ നന്നായി പരിചരിച്ചു. വേനലവധി തുടങ്ങിയതും സീതമരം പൂവിടുന്നതും ഒരേ ദിവസമായിരുന്നു! ഇപ്പോൾ ധാരാളം പൂക്കൾ അതിലും ഉണ്ട്.

              ഞാനിങ്ങനെ മരം നട്ടു നടക്കുന്നതിനിടക്ക് ഏതോ പക്ഷിയും ഒരു മരം നട്ടു!അറിയാത്ത മരം ആയതിനാൽ അതും അവിടെ വളരട്ടെ എന്ന് കരുതി വെള്ളവും വളവും നൽകിപ്പോന്നു. വലുതായപ്പോൾ മനസ്സിലായി കുട്ടികൾക്കാർക്കും ഇഷ്ടമില്ലാത്ത മുട്ടപ്പഴം ആണ് അതെന്ന്. പക്ഷികൾക്കായി അവളും അവിടെ വളരട്ടെ എന്ന് ഞാൻ തീരുമാനിച്ചു. ഈ സീസണിൽ അവളും ആദ്യമായി ഋതുമതിയായി !!

               വർഷങ്ങൾക്ക് മുമ്പ് ഞാൻ വീട്ടുകാരോട് പറഞ്ഞിരുന്നു - റംസാൻ നോമ്പ് മൂന്ന്- നാല് വർഷം കഴിഞ്ഞാൽ വേനലിലേക്ക് കയറും. അന്ന് ധാരാളം പഴങ്ങൾ ആവശ്യമായി വരും. ഇൻഷാ അല്ലാഹ് നമ്മുടെ വീടിന്റെ മുറ്റത്ത് നിന്ന് നമുക്ക് അത് പറിച്ചെടുക്കാൻ സാധിക്കും.ഈ വർഷം മെയ് പകുതിയോടെ റംസാൻ കടന്നു വരും. ദൈവം അനുഗ്രഹിച്ചാൽ  ഞങ്ങളുടെ നോമ്പ് തുറക്കുള്ള മിക്ക പഴങ്ങളും എന്റെ വീട്ടിന്റെ മുറ്റത്ത് നിന്ന് തന്നെ കിട്ടും.

               ഞാൻ വലിയൊരു ഭൂവുടമയൊന്നുമല്ല. വീടും സ്ഥലവുമടക്കം 15 സെന്റ് സ്ഥലത്താണ് ഈ കച്ചവടമെല്ലാം നടക്കുന്നത്. വീട്ടുമുറ്റത്ത് മരങ്ങൾ നടൂ...ഈ സന്തോഷം അനുഭവിച്ചറിയൂ.

              (ഏപ്രില്‍ 15ന് ലിദു മോന്റെ മൂന്നാം ജന്മദിനത്തില്‍ മുറ്റത്തെ മരങ്ങളിലൂടെ ഒരു എത്തിനോട്ടം നടത്തിയപ്പോള്‍ അതാ, റോസാപ്പിള്‍ കായ മൂത്ത് നില്‍ക്കുന്നു. കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കാനും രുചി അറിയാനും ഇതോടെ സാധിച്ചു)

5 comments:

Areekkodan | അരീക്കോടന്‍ said...

വർഷങ്ങൾക്ക് മുമ്പ് ഞാൻ വീട്ടുകാരോട് പറഞ്ഞിരുന്നു - റംസാൻ നോമ്പ് മൂന്ന്- നാല് വർഷം കഴിഞ്ഞാൽ വേനലിലേക്ക് കയറും. അന്ന് ധാരാളം പഴങ്ങൾ ആവശ്യമായി വരും. ഇൻഷാ അല്ലാഹ് നമ്മുടെ വീടിന്റെ മുറ്റത്ത് നിന്ന് നമുക്ക് അത് പറിച്ചെടുക്കാൻ സാധിക്കും.ഈ വർഷം മെയ് പകുതിയോടെ റംസാൻ കടന്നു വരും. ദൈവം അനുഗ്രഹിച്ചാൽ ഞങ്ങളുടെ നോമ്പ് തുറക്കുള്ള മിക്ക പഴങ്ങളും എന്റെ വീട്ടിന്റെ മുറ്റത്ത് നിന്ന് തന്നെ കിട്ടും.

Cv Thankappan said...

പറമ്പില്‍ പ്ലാവും(ചക്കമരം)ഉണ്ടായിരിക്കുമല്ലേ മാഷേ...
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...പ്ലാവ് ഇതാ ഈ പോസ്റ്റില്‍. https://abidiba.blogspot.in/2015/11/blog-post_58.html

© Mubi said...

ഫാഷന്‍ ഫ്രൂട്ട് എന്ന് ഫാഷനായി വിളിക്കുന്നതാണോ മുട്ടപ്പഴം?

Areekkodan | അരീക്കോടന്‍ said...

മുബീ...അല്ല.പുറം ഭാഗം ജാതിക്ക പോലിരിക്കും.അകത്ത് മുട്ടയുടെ മഞ്ഞക്കരു പോലെ മാംസളമായ തിന്നാൻ പറ്റുന്ന ഭാഗവും.

Post a Comment

നന്ദി....വീണ്ടും വരിക