Pages

Thursday, April 05, 2018

ജന്മദിനത്തിൽ തൈ ഒന്നു നട്ടാൽ - 1

                 വിശേഷ ദിവസങ്ങളിൽ മുറ്റത്ത് എന്തെങ്കിലും ഒരു വൃക്ഷത്തൈ നടുന്നത് വർഷങ്ങളായി ഞാൻ തുടരുന്നതും മറ്റുള്ളവരോട് അപേക്ഷിക്കുന്നതും ആയ ഒരു കുഞ്ഞു പ്രവർത്തനമാണ്. എല്ലാവരും പ്രാവർത്തികമാക്കിയാൽ ശുദ്ധവായു ശ്വസിക്കുന്നതോടൊപ്പം നാലോ അഞ്ചോ വർഷം കഴിയുമ്പോൾ നല്ല പഴങ്ങളും തിന്നാം. ഇക്കഴിഞ്ഞ മാസവും രണ്ട് മക്കളുടെയും ജന്മ ദിനത്തിൽ നടാനായി രണ്ട് തൈകൾ  അവർക്ക് നൽകി.

                 മധ്യ വേനലവധിയായി. എന്റെ ബാപ്പ ജീവിച്ചിരുന്ന കാലത്ത് അവധിക്കാലം എന്നത് ഞങ്ങൾക്ക് പഴക്കാലം കൂടിയായിരുന്നു. ബാപ്പ നട്ട പല മരങ്ങളിലും കായ പിടിക്കാൻ തുടങ്ങുന്ന കാലം ആണ് ഞങ്ങളുടെ സ്കൂൾ പൂട്ടുന്ന കാലമായി ഞങ്ങൾ മനസ്സിലാക്കിയിരുന്നത്. ഇന്ന് എന്റെ മക്കളും ഒരു പക്ഷെ അങ്ങനെയാകും കരുതുന്നത്.

                 ഈ മധ്യ വേനലവധിക്കാലം എന്റെ വീട്ടു മുറ്റം ഫല സ‌മൃദ്ധം കൂടിയാണ്. കാലങ്ങളായി മുരടിച്ച് നിന്നിരുന്നതും പല തവണ വച്ചിട്ടും പിടിക്കാൻ മടിച്ചതുമായ ചാമ്പ മരം ഇത്തവണ ആദ്യമായി പൂവിട്ടു. ഇപ്പോൾ അതിൽ കായയും പിടിച്ചു. എന്റെ മക്കൾ ആദ്യമായി സ്വന്തം വീട്ടിൽ നിന്നുള്ള ചാമ്പക്കയുടെ രുചി അനുഭവിച്ചു.അവർ നനക്കുന്നത് കൂടി ആയതിനാൽ രുചി കൂടുതലായി തോന്നും.
               ചാമ്പ മരത്തിന്റെ തൊട്ട അയൽ‌വാസിയായി നാലഞ്ച് വർഷമായി ഒരു സപ്പോട്ട മരവും ഉണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്തേ മൂത്താപ്പയുടെ വീട്ടിലുണ്ടായിരുന്ന വലിയൊരു സപ്പോട്ട മരം കുട്ടികളായ ഞങ്ങളെ കൊതിപ്പിച്ചിരുന്നു. പക്ഷെ എന്റെ ഈ തൈ ബഡ് ചെയതതായതിനാൽ അധികം ഉയരമില്ല.രണ്ടാം ക്ലാസുകാരി ലൂനമോൾക്ക് പോലും കയ്യെത്തും ഉയരത്തിൽ സപ്പോട്ട മരത്തിലും കായ പിടിച്ചു. സ്നേഹപരിചരണത്തിനനുസരിച്ചുള്ള വലുപ്പം കായയിൽ കാണുന്നുണ്ട്.
                    മുറ്റത്തെ മൂവാണ്ടൻ മാവിനെപ്പറ്റി ഞാൻ പല തവണ ഇവിടെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ പൂവ് കുറഞ്ഞതിന് പലിശ അടക്കം തന്നാണ് ഇത്തവണ അവൾ പുഷ്പിണിയാകുന്നത്. ഒന്നും രണ്ടും അല്ല അഞ്ച് ഘട്ടങ്ങളായി പൂത്തുലഞ്ഞ്, വിവിധ വലിപ്പത്തിലുള്ള മാങ്ങകളുമായി സന്ദർശകരെ മുഴുവൻ ഒരു നിമിഷം നോക്കാൻ പ്രേരിപ്പിക്കുന്നു. അച്ചാറിടാനുള്ള കണ്ണിമാങ്ങയും കറിയിലിടാനുള്ള പുളിമാങ്ങയും ചെത്തി തിന്നാനുള്ള പഴുത്ത മാങ്ങയും ഒരേ സമയം ഒരൊറ്റ മാവിൽ നിന്ന് നേരിട്ട് കൈകൊണ്ട് പറിക്കുന്നു!
             വീട്ടിൽ തന്നെ മുളപ്പിച്ച തൈ, അരിനെല്ലിക്കയാണെന്ന് തെറ്റിദ്ധരിച്ച് ഏതോ ഒരു വിശേഷ ദിവസത്തിൽ വച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി നല്ല ഇരുമ്പൻ പുളിയാണ് അവൾ തരുന്നത്. ഉപ്പു തിരുമ്മി തിന്നാനും കറിയിലിടാനും അച്ചാറിടാനും ജ്യൂസടിക്കാനും  ആവശ്യമുള്ളവർ എല്ലാം അതിൽ നിന്ന് പറിച്ചു കൊണ്ടു പോകുന്നു.
                  ഇനിയുമുണ്ട് വീട്ടുമുറ്റത്തെ ഫലങ്ങളെപ്പറ്റി പറയാൻ. ഇപ്പോൾ പൂവിട്ടുകൊണ്ടിരിക്കുന്നതും കാ പിടിക്കുന്നതും മറ്റും മറ്റും...അടുത്തതിൽ പറയാം.

ജന്മദിനത്തിൽ തൈ ഒന്നു നട്ടാൽ - 2 

5 comments:

Areekkodan | അരീക്കോടന്‍ said...

ബാപ്പ നട്ട പല മരങ്ങളിലും കായ പിടിക്കാൻ തുടങ്ങുന്ന കാലം ആണ് ഞങ്ങളുടെ സ്കൂൾ പൂട്ടുന്ന കാലമായി ഞങ്ങൾ മനസ്സിലാക്കിയിരുന്നത്.

© Mubi said...

എനിക്കിഷ്ടപ്പെട്ട പഴങ്ങളില്‍ ഒന്നാണ് സപ്പോട്ട. വീട്ടില്‍ ഞാന്‍ നട്ട സപ്പോട്ട മരത്തില്‍ കായ്കള്‍ ഉണ്ടായത് ഞാന്‍ പ്രവാസിയായതിന് ശേഷവും.. :(

Areekkodan | അരീക്കോടന്‍ said...

മുബീ...മരങ്ങൾ നടുന്നത് “സദഖത്തും ജാരിയ” ആണ്.നമുക്ക് അതിന്റെ ഫലം നേരിട്ട് ലഭിച്ചില്ലെങ്കിലും അതിനെ ഉപ്യോഗപ്പെടുത്തുന്ന ജീവികളിലൂടെ അത് നമ്മുടെ മരണാനന്തര ജീവിതത്തിലേക്കുള്ള സ്വത്ത് ആയി മാറുന്നു.

Cv Thankappan said...

വീട്ടിലെ ഇലകൊഴിഞ്ഞ നെല്ലിമരത്തില്‍ നെല്ലിക്കായ് തൂങ്ങിനില്‍ക്കുന്നതുക്കാണാന്‍ നല്ല കാഴ്ചയാണ്...
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നെല്ലി ഒന്ന് കിട്ടിയത് അനിയന് കൊടുത്തു.എന്റെ അതിരില്‍ തന്നെ അവന്റെ പറമ്പില്‍ അതും വളരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക