Pages

Monday, August 29, 2016

ഒരു പെന്‍ഡ്രൈവ് സ്റ്റോറി

                2013 നവമ്പര്‍ 20 - ഇന്ദിരാഗാന്ധി എന്‍.എസ്.എസ് നാഷണല്‍ അവാര്‍ഡ് രാഷ്ട്രപതി ഭവനില്‍ വച്ച് ഞാന്‍ സ്വീകരിച്ചതിന്റെ പിറ്റെ ദിവസം. അന്ന് ഡല്‍ഹിയിലെ ദിനപത്രങ്ങളില്‍ അതൊരു വാര്‍ത്തയായോ എന്ന് എനിക്ക് നോക്കാന്‍ പറ്റിയില്ല. പക്ഷേ മാതൃഭൂമിയുടെ ഡല്‍ഹി എഡിഷനില്‍ ഒരു അച്ചടിപിശക് മൂലം ഞാന്‍ അവാര്‍ഡ് സ്വീകരിക്കുന്ന ഫോട്ടോ അടുത്തടുത്ത് പ്രസിദ്ധീകരിച്ചു!കേരളത്തിലെ പത്രങ്ങളിലും ഈ ഫോട്ടോയും റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കുന്നതിനായി അവ ഉടന്‍ പത്രമാഫീസുകളിലേക്ക് മെയില്‍ ചെയ്യണം എന്ന സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററുടെ നിര്‍ദ്ദേശ പ്രകാരം വാര്‍ത്താകുറിപ്പും , ഫോട്ടോയും ഞാന്‍ പെന്‍ഡ്രൈവിലാക്കി.ശേഷം  ഞങ്ങള്‍ താമസിക്കുന്ന പഹാഡ്‌ഗഞ്ചിലെ ഹോട്ടലിന് മുന്നില്‍ കണ്ട ഇന്റെര്‍നെറ്റ് കഫെയിലേക്ക് ഞാന്‍ കയറി.

      കൌണ്ടറില്‍ ഇരുന്ന ഏതോ സിംഗ് എന്റെ ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചു.അത് സ്കാന്‍ ചെയ്തെടുത്ത ശേഷം എന്നോട് ഒരു കാബിനില്‍ ഇരിക്കാന്‍ പറഞ്ഞു.അദ്ദേഹം ഓണാക്കി തരുന്നതിന് മുമ്പ് തന്നെ ഞാന്‍ സിസ്റ്റം ഓണാക്കി.പക്ഷെ അത് വര്‍ക്ക് ചെയ്തില്ല.

യെഹ് കാം നഹീം കര്‍താ ഹെ...” ഞാന്‍ സര്‍ദാര്‍ജിയോട് പറഞ്ഞു.

“അരെ സാബ്...വര്‍ക്ക് കരേഗ....സബൂര്‍ കരൊ...” സര്‍ദാര്‍ജിയുടെ മറുപടി.

“യെഹ് ജാംബ(വാന്‍‌) യുഗ് കെ കമ്പ്യൂട്ടര്‍ ഹെ...മുജെ എക് അലഗ് ദൊ..” കമ്പ്യൂട്ടറിന്റെ പഴക്കം കണ്ട് ഞാന്‍ പറഞ്ഞു.

“ജംബോസിംഗ് നഹീം...മെം ജഗ്ബീര്‍ സിംഗ് ഹും...” സര്‍ദാര്‍ജി കേട്ടത് മാറിപ്പോയി.

“നീ ഏത് സിംഗായാലും വേണ്ടില്ല...ഇത് വേഗം മാറ്റിത്തരൂ...“


എന്റെ തിരക്ക് കണ്ട സര്‍ദാര്‍ജി എന്നെ അടുത്ത കാബിനിലേക്ക് മാറ്റി.ഇതിനിടയില്‍ സര്‍ദാര്‍ജിയുടെ ഒരു സുഹൃത്ത് രണ്ട് ചായയും കൊണ്ട് അവിടെ എത്തി.ഞാന്‍ അടുത്ത സിസ്റ്റം ഓണാക്കിയ ശേഷം മുന്‍‌ഭാഗത്ത് കണ്ട ഫ്രണ്ട് പാനല്‍ യു.എസ്.ബിയില്‍ പെന്‍ഡ്രൈവ് കുത്തി ഒന്നമര്‍ത്തി.ആനയുടെ വായില്‍ ശര്‍ക്കരയുണ്ട വച്ച പോലെ പെന്‍ഡ്രൈവ് പെട്ടെന്ന് അപ്രത്യക്ഷമായി.പെന്‍ഡ്രൈവ് എവിടെപ്പോയി എന്നറിയാന്‍ ഞാന്‍ കുനിഞ്ഞ് നോക്കിയെങ്കിലും അതിന്റെ പൊടിപോലും കാണാനില്ലായിരുന്നു.അത് യു.എസ്.ബി ഡ്രൈവും കടന്ന് സി.പി.യുവിന് ഉള്ളിലേക്ക് വീണിരുന്നു.

“അരെ സര്‍ദാര്‍ജി, മേര പെന്‍ഡ്രൈവ് അന്തര്‍ഗയ...”

“അരെ സബൂര്‍ കരൊ...ചായ് പീനെ കെ ബാദ് ആയേഗ...”

“ങേ!!പെന്‍ഡ്രൈവ് ചായ കുടിച്ചിട്ട് വരും എന്നോ...? യെ ബഡ്കൂസ്....പെന്‍ഡ്രൈവ് കമ്പ്യൂട്ടര്‍ ക അന്തര്‍ഗയ...” ഞാന്‍ അല്പം ഉച്ചത്തില്‍ പറഞ്ഞു.

അന്തര്‍ഗയ??...ആപ് പഹ്‌ലെ ഡ്രൈവ് നഹീം ദേഖ (അകത്തു പോകുകയോ,ഡ്രൈവ് ആദ്യം നോക്കിയില്ലേ)??”

“എനിക്ക് തന്നെ ഇരിക്കാന്‍ കഴിയാത്ത ഈ കാബിനകത്ത് പഹ്‌ലെ എങ്ങനെ ദേഖാന സര്‍ദാര്‍ജീ...”

“വെയ്റ്റ്...മേരെ ഭായി ചായ് പീനെ കെ ബാദ് ആയേഗ...”

“നിന്റേം ഭായിയുടേം ഒരു ചായകുടി...എനിക്ക് വൈകിട്ടുള്ള ട്രെയ്നിന് നാട്ടിലേക്ക് പോകാനുള്ളതാ....” ഇനിയും ഹിന്ദി പറഞ്ഞ് നിന്നാല്‍ ശരിയാകില്ല എന്നതിനാല്‍ ഞാന്‍ ഒന്ന് ശബ്ദം കനപ്പിച്ചു.

“ക്യാ ഹെ മുശ്കില്‍ (എന്താ പ്രശ്നം)?”  സര്‍ദാര്‍ജിയുടെ സുഹൃത്ത് എന്റെ വെപ്രാളം കണ്ട് ചോദിച്ചു.

“മേം പെന്‍ഡ്രൈവ് (കുത്തുന്ന ആംഗ്യം കാണിച്ചു)...അന്തര്‍ഗയ...“

കമ്പ്യൂട്ടര്‍ ക അന്തര്‍?”

“അല്ലാതെ പിന്നെ എന്റെ അന്തര്‍ പോകുമോ?”

“അരെ....യെ ഖുലാ പഡേഗ (തുറക്കേണ്ടി വരും)....“ കൌണ്ടറിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു.

“ഖുലാന....ആപ് കെ പെന്‍ഡ്രൈവ് കെ ലിയെ മേര സിസ്റ്റം ഖരാബ് കര്‍നെ കൊ മേം നഹീം കോശിശ് കരേഗ (നിന്റെ പെന്‍ഡ്രൈവിന് വേണ്ടി എന്റെ കമ്പ്യൂട്ടര്‍ ഞാന്‍ കേട് വരുത്തില്ല..)“

“പസ്റ്റ്....ഇമ്മാതിരി കുന്ത്രാണ്ടങ്ങള്‍ കൊണ്ടുവച്ചിട്ട് അത് ഇനിയും കേടുവരുത്താന്‍ പറ്റില്ല എന്നല്ലേ....മുജെ മേര പെന്‍ഡ്രൈവ് ചാഹിയെ...” ഞാന്‍ വീണ്ടും രോഷം കൊണ്ടു.

“വെയ്റ്റ്....യഹാം കോയി സ്ക്രൂഡ്രൈവര്‍ നഹീം...മേര ബായി ആയ തൊ മിലേഗ (ഇവിടെ സ്ക്രൂഡ്രൈവര്‍ ഇല്ല,സഹോദരന്‍ വന്നാല്‍ കിട്ടുമായിരിക്കും)..”

“വഹ് കബ് ആയേഗ?”

“കരീബ് എക് ഖംടെ മേം (ഒരു മണിക്കൂറിനുള്ളില്‍...)“

“ഒരു മണിക്കൂര്‍ കഴിഞ്ഞോ....മുജെ കേരള ട്രെയിന്‍ മേം ജാനാ ഹെ....”

“ബിനാ പെന്‍ഡ്രൈവ് ജാവൊ (പെന്‍ഡ്രൈവ് ഇല്ലാതെ പൊയ്ക്കോളൂ)..”

സ്ക്രൂഡ്രൈവര്‍ മില തൊ ആപ് ഖുലേഗ?” ഞാന്‍ വെറുതെ ചോദിച്ചു.

“ഹാം...കോശിശ് കരേഗ...”

“ഏത് കോശി ചെയ്യും ന്നാടോ നീ ഇപ്പറയുന്നത്...” എനിക്ക് കലി കയറാന്‍ തുടങ്ങി.

പെന്‍ഡ്രൈവ് തിരിച്ചു കിട്ടല്‍ നിര്‍ബന്ധമായതിനാല്‍ സ്ക്രൂഡ്രൈവറിനായി ഞാന്‍ പഹാഡ്ഗഞ്ചിലെ ഗല്ലിയിലൂടെ ഒന്ന് നടന്ന് നോക്കാന്‍ തീരുമാനിച്ചു. പുറത്തിറങ്ങിയ ഉടനെ ഞാന്‍ നേരെ എതിര്‍വശത്ത് കണ്ടത് ഉന്തുവണ്ടിയില്‍ പലതരം ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു വൃദ്ധനെയായിരുന്നു !തേടിയ പുലി കാറിന് കൈ കാട്ടി എന്ന് പറഞ്ഞപോലെ ഒരു ടെസ്റ്റര്‍ കം സ്ക്രൂഡ്രൈവര്‍ വെറും 20 രൂപക്ക് കിട്ടി. അതുമായി ഞാന്‍ സര്‍ദാര്‍ജിയുടെ അടുത്തേക്കോടി.

“ആപ് ഹീ കോശിശ് കരൊ...?” സ്ക്രൂഡ്രൈവര്‍ കൊണ്ടുവന്നപ്പോള്‍ സര്‍ദാര്‍ജി കാലുമാറി.

‘ഓഹ്...അപ്പോ ആ കോശി ഞാന്‍ ആണല്ലേ..?ഞങ്ങള്‍ ശശി എന്നാണ് ഇവരെ പറയാറ്....’ ഞാന്‍ മനസ്സില്‍ പറഞ്ഞു.പക്ഷെ സര്‍ദാര്‍ജിയുടെ അനുവാദത്തില്‍ ചെറിയൊരു അപകടം മണത്തതിനാല്‍ ഞാന്‍ പറഞ്ഞു- “ആപ് ഹീ ശശി കരോ...”

സംഗതി വശമില്ലാത്ത സര്‍ദാര്‍ജി സുഹൃത്തിനെ നോക്കി.അദ്ദേഹം ധൈര്യപൂര്‍വ്വം സി.പി.യുവിന്റെ ഒരുവശത്തെ സ്ക്രൂ അഴിച്ചു - അതാ എന്റെ പെന്‍ഡ്രൈവ് ! ചക്ക കണ്ട വാഴക്കോടനെപ്പോലെ ഒറ്റവാരലിന് ഞാന്‍ പെന്‍ഡ്രൈവ് കൈക്കലാക്കി. സര്‍ദാര്‍ജിയുടെ സുഹൃത്ത് കമ്പ്യൂട്ടര്‍ വീണ്ടും സ്ക്രൂവിട്ട് മുറുക്കി.

സ്ക്രൂഡ്രൈവര്‍ തിരിച്ച് വാങ്ങി, മൂന്നാമത്തെ സിസ്റ്റത്തില്‍ സൂക്ഷ്മതയോടെ പെന്‍ഡ്രൈവ് കുത്തി വാര്‍ത്തയും ചിത്രവും അയച്ച ശേഷം സാമാധാനത്തിന്റെ ദീര്‍ഘശ്വാസവും വിട്ട് ഞാന്‍ ഹോട്ടലിലേക്ക് തിരിച്ചുപോയി.

           ആയിരാമത് പോസ്റ്റ് ലിദുമോന്‍ പബ്ലിഷ് ചെയ്യുന്നു.

Saturday, August 27, 2016

പ്രശ്നം‌ല്ല്യ,സാരം‌ല്ല്യ,കൊഴപ്പം‌ല്ല്യ

                1969 നവമ്പര്‍ 19ന് റിയോഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിലേക്ക് ഫുട്ബാള്‍ പ്രേമികള് കുത്തിയൊഴുകി.ബ്രസീലിയന്‍ ക്ലബ്ബുകളായ സാന്റോസും വാസ്കൊ ഡ ഗാമയും തമ്മിലുള മല്‍സരം കാണാനായിരുന്നു ഈ കുത്തൊഴുക്ക്.സാന്റോസ് നിരയിലെ എഡ്സണ്‍ അരാന്റസ് ഡി നാസിമെന്റൊ എന്ന പെലെ രാജ്യത്തിനും ക്ലബ്ബുകള്‍ക്കുമായി മൊത്തം 999 ഗോള്‍ നേടിയ ശേഷമുള മത്സരമായിരുന്നു അത്.പെലെയുടെ ആയിരാം ഗോള്‍ നേരിട്ട് കാണാന്‍ അന്ന് മാരക്കാനാ സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയത് 80000-ലധികം കാണികളാണ്.ഒരു പെനാല്‍റ്റി കിക്കിലൂടെ പെലെ ആയിരം തൊട്ടു.ആ കിക്ക് എടുക്കുന്നതിന് തൊട്ടു മുമ്പ് പെലെയുടെ മനസ്സിന്റെ അവസ്ഥ എന്തായിരുന്നിരിക്കണം എന്ന് പലയിടത്തും തപ്പി നോക്കിയെങ്കിലും കിട്ടിയില്ല (പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഇംഗ്ലീഷ് പ്രോസില്‍ ഒരു പാഠം പെലെയുടെ ആയിരാമത് ഗോള്‍ എന്ന പേരിലായിരുന്നു).
      ഇന്ന് എന്റെ മനസ്സും വളരെയധികം എക്സൈറ്റഡ് ആണ്.2006 ആഗസ്തില്‍ “അരീക്കോടന്റ കാടന്‍ ചിന്തകള്‍” എന്ന പേരില്‍ ഞാന്‍ ബൂലോകത്ത് പിച്ചവച്ച് തുടങ്ങി. എന്റെ മനസ്സില്‍ തോന്നുന്ന അക്ഷരങ്ങളെ കോര്‍ത്തിണക്കുന്ന ബ്ലോഗിന്റെ തലക്കെട്ട് പെട്ടെന്ന് തന്നെ “മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍” എന്നാക്കി മാറ്റി. ഇപ്പോള്‍ ഇവിടെ ഞാന്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു.ഒപ്പം ആയിരാമത്തെ പോസ്റ്റിന്റെ പടിവാതില്‍ക്കലും.
      അതെ ഇത് ബൂലോകത്തെ എന്റെ 999-ആം പോസ്റ്റ് ആണ്. അഞ്ഞൂറാം പോസ്റ്റിട്ടപ്പോള്‍ പലരും ആശംസിച്ചു, ആയിരത്തിലെത്താന്‍. ഇന്‍ഷാ അല്ലാഹ് രണ്ട് ദിവസത്തിനകം “മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍” ആയിരം പോസ്റ്റുകളാല്‍ ധന്യമാകും.
     അന്നത്തെ പലരും ബസ്സില്‍ കയറി (ബസ്സ് മറിഞ്ഞു, സോറി മറഞ്ഞു) അപ്രത്യക്ഷരായി.വേറെ കുറെ പേര്‍ പ്ലസ്സിലേക്ക് കയറി.കുറെ ബ്ലോഗര്‍മാര്‍ ഫേസ്ബുക്കിലും കുടിയേറി.എങ്കിലും അന്നും ഇന്നും എന്നെ പ്രോത്സാഹിപ്പിച്ച നിരവധി വായനക്കാര്‍ ഇപ്പോഴും എന്റെ കൂടെയുണ്ട്.ഉപചാരത്തിന്റെ നന്ദി വാക്കുകള്‍ പറയാന്‍ ഞാന് മുതിരുന്നില്ല , പകരം നേരുന്നു ഞാന്‍ ഹൃദയത്തില്‍ നിന്നുള നന്ദിയുടെ ഒരായിരം പൂ മൊട്ടുകള്‍.ഇനിയും പിന്തുണയും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചു കൊണ്ട് എന്റെ പ്രൊഫൈല്‍ ഒരിക്കല്‍ കൂടി –

നാക്കിന്‍ തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും
മൂക്കിന്‍ തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് – പ്രശ്നം‌ല്ല്യ. 
തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും 
മൊത്തം കഷണ്ടി കയറി തലയിലെ “വര” തെളിഞ്ഞു – സാരം‌ല്ല്യ. എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ 
ജോലി കിട്ടി കിട്ടി ഞാന്‍ തെണ്ടി-കൊഴപ്പം‌ല്ല്യ.
അപ്പോ എന്റെ പേര്‍ ആബിദ് തറവട്ടത്ത്.
മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.

“ടീം PSMO" സംഗമം 2016 - ഭാഗം 3

സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. യൂക്കാലി മരങ്ങളും തേയിലത്തോട്ടങ്ങളും കടന്ന് ഊട്ടിയില്‍ എത്തുമ്പോഴേക്കും ഏതൊരു സഞ്ചാരിയുടെയും മനസ്സ് പാകപ്പെട്ടിരിക്കും – ഊട്ടിയുടെ സൌന്ദര്യം മുഴുവനായി ആസ്വദിക്കാന്‍. അപ്പോള്‍ അവരുടെ മനസ്സ് പറയും , ഊട്ടീ നീ എത്ര ധന്യ. അതെ ഊട്ടിയുടെ മാദക സൌന്ദര്യം സഞ്ചാരികളെ എന്നും മത്ത്പിടിപ്പിക്കും.എത്ര ആസ്വദിച്ചാലും മതിവരാത്ത പ്രകൃതി സൌന്ദര്യം. അതു തന്നെയാണ് നേരം ഇരുട്ടും നേരത്ത് മസിനഗുഡിയില്‍ നിന്നും ഊട്ടിയിലേക്ക് കയറാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതും.
കല്ലട്ടി ചുരത്തിലെ അപകട പരമ്പരകളെപ്പറ്റിയുള കഥകള്‍ കേട്ട് രാത്രി ഒമ്പത് മണിയോടെ ഞങ്ങള്‍ ഊട്ടിയിലെത്തി.സഫറുള പറഞ്ഞ പ്രകാരം ചാരിംഗ് ക്രോസ്സിലെ ഹോട്ടല്‍ നഹറില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു.ഇത്രയും വലിയൊരു പട്ടണത്തിലെ പ്രശസ്തമായ ഹോട്ടലില്‍ അന്നേരം ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുളൂ. "ചിന്ന ശാപ്പാട് പെരിയ കാശ്" എന്ന പരസ്യവാചകം  ഇവര്‍ക്ക് ശരിക്കും ചേരും.
ഭക്ഷണം കഴിച്ച് പുറത്തിറങ്ങി ഊട്ടിയുടെ തണുപ്പ് ആസ്വദിക്കാന്‍ ഒന്ന് നടന്നപ്പോഴാണ് തൊട്ടടുത്ത് തന്നെ പുതുതായി ആരംഭിച്ച ഒരു ബേക്കറി കം ഹോട്ടല്‍ ശ്രദ്ധയില്‍ പെട്ടത്.അവിടെ നല്ല തിരക്കും ഉണ്ടായിരുന്നു.ഇന്ന് പറ്റിയ അമളിക്ക് നാളെ പകരം വീട്ടാമെന്ന തീരുമാനം ഞങ്ങള്‍ ഐക്യകണ്ഠേന പാസാക്കി.തൊട്ടടുത്ത് തന്നെ മൂന്ന് നാല് കോഴികള്‍ തുണിയുരിഞ്ഞ് തീയില്‍ കുളിക്കുന്നത് കണ്ടപ്പോള്‍ കൂട്ടത്തിലൊരു കുറുക്കന്റെ വായില്‍ വെളമൂറി.അങ്ങനെ 200 രൂപ കൊടുത്ത് ഒരുത്തനെ ആ തീയില്‍ നിന്നും രക്ഷിച്ച് ഞങ്ങള്‍ റൂമിലേക്ക് കൊണ്ടുപോയി.
രാത്രി വൈകി മൂഞ്ഞില്‍ ഇല്ലം എന്ന വില്ലയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സൂക്ഷിപ്പുകാരന്‍ ആനന്ദ് അവിടെ ഉണ്ടായിരുന്നില്ല.പക്ഷെ ഞങ്ങള്‍ക്ക് എടുക്കാന്‍ പാകത്തില്‍ താക്കോല്‍ കൃത്യമായി വച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പരിചയവും, ശേഷം സഫറുള്ള ഇടക്ക് ഊട്ടി സന്ദര്‍ശിച്ച് പരിചയം പുതുക്കിയിരുന്നതുമാണ് ഈ ബന്ധത്തിന് കാരണമായത്.റൂമില്‍ കയറി വസ്ത്രങ്ങള്‍ മാറിയ ഉടനെ എല്ലാവരും കൂടി ആ ചിക്കനെ പിച്ചിച്ചീന്തി അകത്താക്കി.കലാലയ സ്മരണകളുടെ ഭണ്ഠാരം കുത്തിത്തുറക്കാന്‍ തുടങ്ങുമ്പോഴേക്കും അടുത്ത ദിവസം പിച്ചവച്ച് തുടങ്ങിയിരുന്നു.
ഊട്ടിയിലെ ലാന്റ്‌മാര്‍ക്കുകളില്‍ ഏതെങ്കിലും ഒന്നില്‍ തൊടാതെ സ്ഥലം വിടുന്നത് ശരിയല്ല എന്ന സുനിലിന്റെ നിര്‍ദ്ദേശം മാനിച്ച് ഞങ്ങള്‍ ഇത്തവണയും ബോട്ടിംഗ് നടത്താന്‍ തീരുമാനിച്ചു.എട്ട് പേര്‍ക്ക് കയറാവുന്ന സ്പീഡ് ബോട്ടിന് 560 രൂപയായിരുന്നു റേറ്റ്.ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുമ്പോള്‍, ഒരു ഡെല്‍ഹി നവദമ്പതികള്‍ അവരെക്കൂടി ഞങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമോ എന്നാരാഞ്ഞു.”ബാച്ചിലേഴ്സ്” ആയ ഞങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ സഹിക്കാമെങ്കില്‍ കയറാമെന്ന് ഞങ്ങള്‍ അറിയിച്ചു.സന്തോഷപൂര്‍വ്വം അവര്‍ അത് സ്വീകരിച്ചു.
ഊട്ടി തടാകത്തില്‍ തണുപ്പ് അത്യാവശ്യം ഉണ്ടായിരുന്നു.ഈ തടാകക്കരയില്‍ വച്ച് ഷൂട്ടിംഗ് നടത്തിയ വിവിധ മലയാള സിനിമകളെക്കുറിച്ച് ബോട്ട് ഡ്രൈവര്‍ പറഞ്ഞ് തന്നു.പേരുകള്‍ പരിചിതമായിരുന്നെങ്കിലും സിനിമ കാണാത്തതിനാല്‍ എനിക്കതില്‍ താല്പര്യം തോന്നിയില്ല.അര മണിക്കൂര്‍ നേരത്തെ ബോട്ടിംഗ് 20 മിനുട്ട് കഴിഞ്ഞപ്പോഴേ ഞങ്ങള്‍ നിര്‍ത്തി.ഇതിനിടയില്‍ ഒരല്പ നിമിഷത്തേക്ക് ബോട്ടിന്റെ നിയന്ത്രണവും ഞാന്‍ ഏറ്റെടുത്തു.
ബോട്ട് ഹൌസിന് സമീപമുള്ള പൂന്തോട്ടം കൂടുതല്‍ മനോഹരമായിരുന്നു.മാത്രമല്ല കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജനത്തിരക്കും ഉണ്ടായിരുന്നു.അല്പനേരം അതും കൂടി ആസ്വദിച്ച ശേഷം ഞങ്ങള്‍ റൂമിലേക്ക് തന്നെ തിരിച്ചു.
               അല്പ സമയത്തിനകം തന്നെ ആനന്ദും എത്തിച്ചേര്‍ന്നു. ഓഫ് സീസണ്‍ വാടകയായ 2500 രൂപ ആവശ്യപ്പെട്ടെങ്കിലും 2000 രൂപയും 100 രൂപ ടിപ്പും നല്‍കി ആനന്ദിനെ തൃപ്തനാക്കി.വില്ല ഒഴിഞ്ഞ് പോകുമ്പോള്‍ താക്കോല്‍ പഴയ സ്ഥാനത്ത് തന്നെ വച്ചാല്‍ മതി എന്ന നിര്‍ദ്ദേശം തന്ന് ആനന്ദ് സ്ഥലം വിടുകയും ചെയ്തു.
ഒരു ചെറിയ ഷോപ്പിംഗ് ആകാമെന്ന തീരുമാനത്തില്‍, ചെറിയ പോരായ്മകള്‍ കാരണം കമ്പനി ഒഴിവാക്കുന്ന, എക്സ്പോര്‍ട്ട് ക്വാളിറ്റി ലെതര്‍ ഐറ്റംസ് വില്‍ക്കുന്ന ഊട്ടി സ്വദേശി സിദ്ദീക് ഭായിയുടെ ചാറിംഗ് ക്രോസിലെ ചെറിയ കടയില്‍ ഞങ്ങള്‍ എത്തി.അതോടെ ഇനി മറ്റൊരു കസ്റ്റമര്‍ക്ക് കയറാന്‍ അതിനകത്ത് സ്ഥലം ഇല്ലാതായി! മെഹ്‌റൂഫിന്റെ ജ്യേഷ്ടന്റെ പരിചയക്കാരനായിരുന്നു സിദ്ദീക് ഭായി.4000 രൂപയിലധികം വിലവരുന്നതും 2000 രൂപ വില പറഞ്ഞതുമായ ഒരു കാറ്റര്‍പില്ലര്‍ ബ്രാന്റ് ഷൂസും 200 രൂപയുടെ ഒരു പെഴ്സും 50 രൂപയുടെ ബാറ്റ ഷൂസിന്റെ നൈസ് ലൈസും ഞാന്‍ വാങ്ങി.സിദ്ദീക് ഭായി 1750 രൂപയേ അതിന് ഈടാക്കിയുള്ളൂ. പെഴ്സ് വാങ്ങുന്നവര്‍ക്ക് അതില്‍ പുത്തന്‍ പത്ത് രൂപ നോട്ട് നിക്ഷേപിച്ച് നല്‍കുന്ന സിദ്ദീക് ഭായിയുടെ രീതി എനിക്കേറെ ഇഷ്ടപ്പെട്ടു.
പിറ്റെ ദിവസം എല്ലാവര്‍ക്കും അവന‌വന്റെ ജോലികളില്‍ കയറാനുള്ളതിനാല്‍ ഉച്ച തിരിഞ്ഞതോടെ ഈ വര്‍ഷത്തെ സംഗമം അവസാനിപ്പിച്ച് ഞങ്ങള്‍ ഊട്ടിയോട് സലാം പറഞ്ഞു.


(അവസാനിച്ചു)

Thursday, August 25, 2016

“ടീം PSMO" സംഗമം 2016 - ഭാഗം 2

ഭാഗം 1
               തേയില തോട്ടത്തിന് നടുവിലെ കുഞ്ഞ് വീടും പരിസരവും എനിക്കേറെ ഇഷ്ടപ്പെട്ടു. അല്ലെങ്കിലും സ്വപ്ന ലോകത്തൊരു വീട് പണിയുമ്പോള്‍ ഞാന്‍ അതെപ്പോഴും മുള കൊണ്ടാണ് പണിയാറ്.അതിന്റെ മുന്നില്‍ ഒരു റാന്തല്‍ അതിന്റെ കുഞ്ഞുവെട്ടം പരത്തും.ആ വെട്ടത്തോട് മത്സരിക്കാന്‍ അല്പമകലെ ഒരു മിന്നാമിന്നി വട്ടമിട്ട് പറന്നുകൊണ്ടിരിക്കും.മരങ്ങളും ചെടികളും ആ വീടിന് ചുറ്റും പരവതാനി വിരിക്കും.എന്റെ സ്വപ്നത്തിലെ വീടിന് സമാനമായ ഒരു വീട് ഇതാ കണ്മുന്നില്‍ യഥാര്‍ത്ഥമായി !
           റിസോര്‍ട്ടിന്റെ പിന്നില്‍ ഒരു പേരക്കമരം അതിഥികളെയും കാത്ത് നിന്നിരുന്നു.പഴുത്ത് മഞ്ഞ നിറത്തിലായവയും പഴുക്കാന്‍ തുടങ്ങുന്നവയും പക്ഷികള്‍ രുചി നോക്കിയവയും എല്ലാം അക്കൂട്ടത്തിലുണ്ട്.  പേരക്ക വേണോ എന്ന മെഹ്‌റൂഫിന്റെ ചോദ്യം മുഴുവന്‍ കേള്‍ക്കുന്നതിന് മുമ്പെ സഫറുള്ള മതിലിന് മുകളില്‍ കയറി പേരക്ക പറിക്കാന്‍ തുടങ്ങിയിരുന്നു. സഫറുള്ളയും മെഹ്‌റൂഫും താഴേക്കെറിഞ്ഞ് തന്ന പേരക്കകള്‍ ഞാന്‍ കൃത്യമായി പിടിച്ച് പാന്റിന്റെ കീശയിലേക്ക് താഴ്ത്തികൊണ്ടിരുന്നു.കീശ രണ്ടും നിറഞ്ഞതോടെ പറിക്കലും നിര്‍ത്തി.
           സുനിലിന്റെ മനസ്സില്‍ ‘മസിനഗുഡിയില്‍ ഒരു രാത്രി’ എന്ന സ്വപ്നം ഉണ്ടായിരുന്നതിനാല്‍ മെഹ്രൂഫിന്റെ റിസോര്‍ട്ടില്‍ നിന്നും വേഗം സ്ഥലം വിടാന്‍ തീരുമാനമായി.കലശലായ ആനപ്പേടി കാരണം എത്രയും പെട്ടെന്ന് വനാതിര്‍ത്തി താണ്ടണമെന്നും സുനില്‍ നിര്‍ദ്ദേശിച്ചു.റോഡിന്റെ ശോചനീയാവസ്ഥ സമയം വൈകിക്കും എന്നും അത് കൂടുതല്‍ റിസ്കിലേക്ക് നയിക്കുമെന്നും സുനില്‍ ഓര്‍മ്മപ്പെടുത്തി.അതിനാല്‍  അഞ്ച്  മണിയോടെ ഞങ്ങള്‍ അവിടെ നിന്നും വണ്ടി വിട്ടു.
           ഗൂഡലൂര്‍ നിന്നും മൈസൂര്‍ റോഡിലേക്ക് കയറി ഞങ്ങള്‍ യാത്ര തുടര്‍ന്നു.വഴിക്കെവിടെ വച്ചോ ഒരു ‘സമോവര്‍’ ചായ കുടിക്കനുള്ള മോഹം ബാസിലിന്റെ മനസ്സില്‍ മൊട്ടിട്ടു.ഞങ്ങള്‍ അതിന് വെള്ളമൊഴിച്ചതോടെ അത് പൂവായി വിരിഞ്ഞു.തുറപ്പള്ളിയില്‍ റോഡ്‌സൈഡില്‍ തന്നെ “സമോവറ്” കണ്ടതോടെ വണ്ടി നിര്‍ത്തി.ഈ രണ്ട് ചായയും പക്കുവടയും പരിപ്പ് വടയും വീതം എല്ലാവരും അകത്താക്കി!സമയം വൈകുന്നതിനനുസരിച്ച് സുനിലിന്റെ ചങ്കിടിപ്പ് ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ തുടങ്ങി. മസിനഗുഡിയില്‍ റിസോര്‍ട്ട് കിട്ടാന്‍ പ്രയാസപ്പെടുമെന്ന ഭീഷണി ഉയര്‍ത്തി സുനില്‍ ഞങ്ങളെ ഒന്ന് വിരട്ടാന്‍ ശ്രമിച്ചു.വണ്ടി വീണ്ടും കുതിക്കാന്‍ തുടങ്ങി.
             അല്പം കഴിഞ്ഞതോടെ തന്നെ മാന്‍‌കൂട്ടങ്ങള്‍ പാതയോരത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
മാനുകള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നതിനിടെ ഒരാനയെയും കണ്ടു. അത് ചങ്ങലക്കിട്ടതാണെന്നറിഞ്ഞതോടെ സുനിലിന് സമാധാനമായി.പക്ഷെ സമാധാനം അധിക നേരം നീണ്ടു നിന്നില്ല.റോഡില്‍ നിന്നും അല്പം മാറി ഒരു കൊമ്പന്‍ നില്‍ക്കുന്നു !

“നിര്‍ത്ത് നിര്‍ത്ത്....ഒരു ഫോട്ടോ എടുക്കട്ടെ...” ഞാന്‍ പറഞ്ഞു.

“വിട് വിട്....ഇത് കൊമ്പനാനയാ....” സുനില്‍ അറിയിച്ചു.

കിട്ടിയ ഗ്യാപിലൂടെ ഞാന്‍ ഒരു ഫോട്ടോ എടുത്തെങ്കിലും അവനെ മുഴുവനായും കിട്ടിയില്ല.
തെപ്പക്കാട് എത്തിയതോടെ സുനില്‍ ശ്വാസം നേരെ വിട്ടു.  വലത്തോട്ട് തിരിഞ്ഞ് അല്പം മുന്നോട്ട് നീങ്ങിയതോടെ തന്നെ മയിലുകള്‍ സൈഡില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ആറ് മണി കഴിഞ്ഞതോടെ ഞങ്ങള്‍ മസിനഗുഡി ടൌണിലെത്തി.അല്പം കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിഞ്ഞ് കാട്ടിനകത്തേക്ക് നീളുന്ന പാതയിലൂടെ ഞങ്ങളുടെ വണ്ടി നീങ്ങി - വൈല്‍ഡ് ഇന്‍ എന്ന റിസോര്‍ട്ട് തേടിക്കൊണ്ട്. ഇവിടെ താമസിച്ച കഥയും രാവിലെ മാനുകള്‍ കൂട്ടമായി എത്തിയതും എല്ലാം സുനില്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും അല്പം ആവേശം കയറി.
ഓഫ് സീസണ്‍ ആയതിനാല്‍ വൈല്‍ഡ് ഇന്നില്‍ റിസോര്‍ട്ടുകള്‍ യഥേഷ്ടം കാലിയായിരുന്നു.പക്ഷെ രണ്ട് പേര്‍ക്ക് താമസിക്കാവുന്നവയായിരുന്നു അവയെല്ലാം.ഒരു ദിവസത്തിന് 3000 രൂപ വാടകയും.അഞ്ച് പേര്‍ക്ക്  താമസിക്കാവുന്നതും ഉണ്ട് എന്നറിഞ്ഞ് ഞങ്ങള്‍ പോയി നോക്കി.ഭക്ഷണം ഇല്ലാതെ ഒരു ദിവസത്തിന് 5000 രൂപ വാടക നല്‍കണം !അവിടെ വരുന്നവരുടെ കയ്യില്‍ ഗ്ലാസ്സുകളും കുപ്പികളും കണ്ടതോടെ “വൈല്‍ഡ് ഇന്‍“ ഞങ്ങള്‍ക്ക് പറ്റിയതല്ല എന്ന് മനസ്സിലായി.

സമയം ആറര കഴിഞ്ഞതിനാല്‍ ഗൂഡല്ലൂരിലേക്ക് തിരിച്ചുപോക്ക് സാധ്യമായിരുന്നില്ല.മസിനഗുഡിയില്‍ താമസിക്കാന്‍ നിര്‍വ്വാഹവുമില്ല.ഇനി ഏക മാര്‍ഗ്ഗം ഊട്ടിയിലേക്ക് കയറുക എന്നതായിരുന്നു.കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ താമസിച്ച മൂഞ്ഞില്‍ ഇല്ലം നടത്തിപ്പുകാരന്‍ ആനന്ദിനെ വിളിച്ചപ്പോള്‍ വില്ല കാലിയാണെന്നറിഞ്ഞു.അങ്ങനെ 36ഹെയര്‍പിന്‍ വളവുകളുള്ള, അപകടം പതിയിരിക്കുന്ന കല്ലട്ടി ചുരത്തിലൂടെ ഊട്ടിയിലേക്ക് തിരിക്കാന്‍ തീരുമാനമായി.സുനിലിന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നത് വീണ്ടും  ഞങ്ങള്‍ കേട്ടു.

(തുടരും....)

Wednesday, August 24, 2016

“ടീം PSMO" സംഗമം 2016 - ഭാഗം 1

                 കാലം എന്നും മുന്നോട്ടേ ചലിച്ചിട്ടുള്ളൂ.ശൈശവവും ബാല്യവും കൌമാരവും യുവത്വവും പിന്നിട്ട് കഴിയുമ്പോഴാണ് കാലം ഒന്ന് റിവേഴ്സ് ഗിയറിലേക്ക് മാറിയിരുന്നെങ്കില്‍ എന്ന് മനുഷ്യന്‍ പലപ്പോഴും മോഹിക്കുക. വെറുതെയാണ് ഈ മോഹമെങ്കിലും പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമത്തിലൂടെയും മറ്റും ഈ മോഹത്തിന്റെ സാക്ഷാല്‍ക്കാരം നടത്തുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇങ്ങനെ ഒരു സംഗമത്തിന്റെ ഭാഗമാകാനും കലാലയ ജീവിതത്തിന്റെ തുടക്കമായ പ്രീഡിഗ്രിക്കാലത്തേക്ക് ഒരു ദിവസത്തേക്കെങ്കിലും തിരിച്ച് നടക്കാനും സാധിക്കാറുണ്ട്.

                 പതിവ്‌പോലെ ഈ വര്‍ഷവും ഞങ്ങളുടെ “ടീം PSMO" സംഗമം നടന്നു.ആസൂത്രണമാണ് ഏതൊരു പരിപാടിയുടെയും വിജയം എന്ന് ഞാനും പലയിടത്തും പ്രസംഗിച്ചിട്ടുണ്ട്.പക്ഷേ പൂര്‍ണ്ണമായും പഴയ  പ്രീഡിഗ്രിക്കാലത്തേക്ക് മാറുന്ന പരിപാടി ആയതിനാല്‍ ഒരിടത്ത് ഒന്നിച്ച് ചേര്‍ന്നതിന് ശേഷം ആസൂത്രണം എന്നതാണ് ഞങ്ങളുടെ സ്ഥിരം പരിപാടി.അങ്ങനെ ഇത്തവണയും വഴിക്കടവ് അടുത്ത് എടക്കരയില്‍ മെഹ്‌റൂഫിന്റെ വീട്ടില്‍ സുനില്‍,സഫറുള്ള,ബാസില്‍ എന്നിവരും ഞാനും ആഗസ്ത് 2ന് ഉച്ചക്ക് 12 മണിക്ക് ഒത്തുകൂടി.

                   അഞ്ച് പേര്‍ക്ക് പോകാന്‍ കാറ് മതി എന്ന വിദഗ്ദാഭിപ്രായത്തില്‍ ചായ കുടിച്ച ശേഷം മെഹ്‌റൂഫിന്റെ മുറ്റത്തുണ്ടായിരുന്ന വലിയ കാറില്‍ ഞങ്ങള്‍ കയറി.

“ഇത് ഒരു മാതിരി പുത്യാപ്ല പോകുന്ന പോലെയുണ്ട്...”  ഇരുന്ന പാടെ ബാസിലിന്റെ കമന്റ് വന്നു.

“ശരിയാ...നമുക്ക് വലിയ വണ്ടി എടുക്കാം...” സഫറുള്ളയും പിന്താങ്ങി.

“എങ്കില്‍ ഇന്നോവ എടുക്കാം...” സ്റ്റാര്‍ട്ടാക്കിയ വണ്ടി ഓഫാക്കി മെഹ്‌റൂഫ് ഇറങ്ങി.ഞങ്ങളും പിന്നാലെ ഇറങ്ങി തൊട്ടടുത്തുണ്ടായിരുന്ന ഇന്നോവയിലേക്ക് മാറിക്കയറി.

“ഭക്ഷണം നമുക്ക് വഴിയില്‍ നിന്ന് കഴിക്കാം...ഇന്ന് എങ്ങോട്ട് പോകണം എവിടെ തങ്ങണം എന്നതും യാത്രയില്‍ തീരുമാനമാക്കാം...” ആരോ നിര്‍ദ്ദേശിച്ചു.അങ്ങനെ ഈ വര്‍ഷത്തെ  “ടീം PSMO"യുടെ  യാത്ര ആരംഭിച്ചു.

“ഗൂഡലൂര്‍ നിന്നും ഭക്ഷണം കഴിച്ച് നമുക്ക് ഞങ്ങളുടെ റിസോര്ട്ടി‍ല്‍ പോയി നോക്കാം...അവിടെ താമസിച്ചാല്‍ മതിയെങ്കില്‍ അവിടെ തങ്ങുകയും ചെയ്യാം...” മെഹ്രൂഫ് നിര്‍ദ്ദേശിച്ചു.

“ഏയ്...അവിടെ വേണ്ട...” സുനിലിന്റെ മറുപടി പെട്ടെന്നായിരുന്നു. നാടുകാണിയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ദേവാല പോകുന്ന റൂട്ടിലുള്ളതും മുമ്പ് ഞങ്ങള്‍ പോയതും നിരവധി തവണ ആന ഭീഷണി ഉണ്ടായതുമായ തോട്ടത്തെപ്പറ്റിയാണ് മഹ്‌റൂഫ് പറയുന്നത് എന്ന ധാരണയിലായിരുന്നു ആനയെ ഭയങ്കരമായി പേടിക്കുന്ന സുനിലിന്റെ മറുപടി.

“ഇത് നീ ഉദ്ദേശിച്ച സ്ഥലമല്ല...ഞങ്ങള്‍ ഈയിടെ വാങ്ങിയ സ്ഥലമാണ്.ആനയൊന്നും വരില്ല...”

“എങ്കില്‍ നമുക്കൊന്ന് പോയി നോക്കിയിട്ട് തീരുമാനിക്കാം....” ഈ പ്രോഗ്രാമിന്റെ ഫിനാന്‍സ് കണ്‍‌വീനറായ ഞാന്‍ ഇടപെട്ടു.

അങ്ങനെ ഉച്ചഭക്ഷണം വൈകുന്നേരം കഴിച്ച് ബത്തേരി റോഡിലൂടെ ഏകദേശം മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് ഞങ്ങള്‍ മെഹ്‌റൂഫിന്റെ തോട്ടത്തിലേക്കുള്ള ഗേറ്റിന് മുന്നിലെത്തി.മഴ പെയ്യാത്തതിനാല്‍ തോട്ടത്തിലേക്കുള്ള ഇടുങ്ങിയ വഴി ഉണങ്ങി കിടന്നിരുന്നു.അതിനാല്‍ തന്നെ വണ്ടി റിസോര്‍ട്ട് വരെ പോകും എന്ന് മെഹ്‌റൂഫ് പറഞ്ഞു.അവന്റെ ധൈര്യത്തില്‍ വണ്ടിയില്‍ മുറുകെപ്പിടിച്ച് ഞങ്ങള്‍ ഇരുന്നു.ഒരു തവണ ചെളിയില്‍ തെന്നി നീങ്ങിയപ്പോള്‍ ചെറുതായൊന്ന് പേടിക്കുകയും ചെയ്തു.പക്ഷെ പ്രശ്നങ്ങളൊന്നും കൂടാതെ വൈകിട്ട് നാല് മണിക്ക്, ഉടമയായ മെഹ്രൂഫിന് പോലും പേരറിയാത്ത റിസോര്‍ട്ട്ന്റെ (അതോ ഹോംസ്റ്റെയൊ?)  മുമ്പില്‍ ഞങ്ങളെത്തി.


(തുടരും...)

Monday, August 22, 2016

ഒരു ത്രിദിന ക്യാമ്പ് കൂടി....

നാഷണൽ സർവീസ് സ്കീമിന്റെ ചുക്കാൻ ഏറ്റെടുത്തതിന് ശേഷം കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലും വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലും പലതരം ക്യാമ്പുകൾ കുട്ടികൾക്കായി സംഘടിപ്പിക്കാനും വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കാനും ഞാൻ പരമാവധി ശ്രമിച്ചിരുന്നു.കുട്ടികൾക്ക് പരിമിതമായ സൌകര്യങ്ങളിൽ കഴിയാനുള്ള പരിശീലനവും,സംഘ ജീവിതവും,പരസ്പര അഡ്ജസ്റ്റ്മെന്റുകളും അറിയാനും പ്രയോഗിക്കാനും എല്ലാം ആണ് ഈ ക്യാമ്പിലൂടെ ലക്ഷ്യമിട്ടിരുന്നത്.സംസ്ഥാന-ദേശീയതല ക്യാമ്പുകളിൽ ഇങ്ങനെ കുട്ടികളെ പങ്കെടുപ്പിക്കുകയും അവരോടൊപ്പം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

ഒരു ക്യാമ്പ് സംഘടിപ്പിക്കുമ്പോൾ വ്യക്തിപരമായ പല കാര്യങ്ങളും നാം മാറ്റി വയ്ക്കേണ്ടി വരും.ക്യാമ്പുമായി സഹകരിക്കുന്ന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും എണ്ണവും പലപ്പോഴും കുറവായിരിക്കും.എന്നിരുന്നാലും അത്തരം കാര്യങ്ങൾ പലപ്പോഴും ഒരു പ്രതിബന്ധമായി ഞാൻ എടുക്കാറില്ല.“അവൈലബിൾ പി.ബി” വച്ച് ക്യാമ്പ് നടത്തുക എന്നത് മാത്രമാണ് സന്നദ്ധരായി വന്നവർക്ക് പ്രോത്സാഹനം നൽകാനുള്ള ഏകമാർഗ്ഗം. ക്യാമ്പ് കഴിഞ്ഞ് പോകുമ്പോൾ, എത്ര കുറഞ്ഞ സമയത്തേക്കാണെങ്കിലും ആ സുന്ദര നിമിഷങ്ങളെപ്പറ്റി വാ തോരാതെ പറയാനുണ്ടാകും.

വയനാട്ടിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ത്രിദിന പകൽ ക്യാമ്പ് നടത്തിയതിന്റെ അനുഭവം ഞാൻ ഇവിടെ പങ്കു വച്ചിരുന്നു. ആ ക്യാമ്പിന്റെ പ്രാഥമിക ലക്ഷ്യം അന്ന് കൈവരിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു.അതിന്റെ തുടർച്ചയായി കുട്ടികൾ റെസിഡൻഷ്യൽ ക്യാമ്പ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്റ്റാഫിന്റെ കുറവ് കാരണം മുന്നിട്ടിറങ്ങാൻ തോന്നിയിരുന്നില്ല.പക്ഷേ ഇത്തവണത്തെ സ്വാതന്ത്ര്യദിനം ഒരു തിങ്കളാഴ്ച ആയിരുന്നതിനാൽ കാമ്പസ്സിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കുട്ടികളെ കിട്ടണമെങ്കിൽ ചെറിയ ഒരു പൊടിക്കൈ പ്രയോഗം ആവശ്യമായിരുന്നു.അത് പ്രകാരം മൂന്ന് ദിവസത്തെ ഒരു റെസിഡൻഷ്യൽ ക്യാമ്പ് സപ്തദിന ക്യാമ്പിന്റെ ട്രയൽ എന്ന നിലയിൽ ഞാൻ സംഘടിപ്പിച്ചു.

അവധി ദിവസങ്ങളായതിനാൽ മിക്ക സ്റ്റാഫും നാട്ടിൽ പോയിരുന്നു. ക്യാമ്പിന്റെ സംവിധായകനും സംഘാടകനും സ്റ്റാഫും ഒക്കെയായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ആണും പെണ്ണും അടക്കം അറുപതോളം കുട്ടികളെ കോളേജിൽ താമസിപ്പിക്കാനും കുട്ടികൾക്ക് എന്നെന്നും മനസ്സിൽ തങ്ങുന്ന ഒരു ത്രിദിന ക്യാമ്പ് സമ്മാനിക്കാനും എന്റെ എൻ.എസ്.എസ് വളണ്ടിയർമാർ എനിക്ക് കരുത്തേകി.ക്യാമ്പിന്റെ ഫീഡ്ബാക്ക് കേട്ട ഞാൻ സന്തോഷം കൊണ്ട് വീർപ്പുമുട്ടി - ആദ്യമായി എൻ.എസ്.എസ് ക്യാമ്പിന് വന്നവരും മടിച്ച് മടിച്ച് പങ്കെടുത്തവരും പഠനാവസാനം 2 ക്രെഡിറ്റ് പോയിന്റിനായി വന്നവരും എല്ലാം ഈ കുടുംബത്തിന്റെ ബന്ധം തിരിച്ചറിഞ്ഞു.ക്യാമ്പുകളും പ്രവർത്തനങ്ങളും അവസരങ്ങളും കൂടുതൽ വേണമെന്ന ആവശ്യമായിരുന്നു പലർക്കും.

പിറ്റേന്ന് മുതൽ എൻ.എസ്.എസ് എന്ന് പറയുമ്പോഴേക്കും വളണ്ടിയർമാർ ഓടിക്കൂടി.ക്യാമ്പ് കഴിഞ്ഞ് ഇന്നേക്ക് ഏഴ് ദിവസമേ ആയിട്ടുള്ളൂ.അപ്പോഴേക്കും അഞ്ച് പരിപാടികൾ അവർ തന്നെ മുൻ‌കയ്യെടുത്ത് സംഘടിപ്പിച്ചു എന്നത് ഈ ക്യാമ്പിന്റെ വിജയം വിളിച്ചോതുന്നു .വയനാട് എഞ്ചിനീയറിംഗ് കോളേജിന്റെ ചരിത്രത്തിലെ ആദ്യത്തെ ത്രിദിന ക്യാമ്പ് വിജയിപ്പിച്ചതിന് എല്ലാവർക്കും നന്ദി നന്ദി നന്ദി , അത്യുന്നതങ്ങളിലെ ദൈവത്തിന് സ്തുതിയും.

Saturday, August 20, 2016

കലാലയ പച്ചക്കറി കൃഷി കർമ്മപദ്ധതി മാതൃക

ഗവ.എഞ്ചിനീയറിംഗ് കോളേജ് വയനാട്, മാനന്തവാടി
“ഹരിത” - കലാലയ പച്ചക്കറി കൃഷി കർമ്മപദ്ധതി 2016-17
ബ്ലോക്ക് :മാനന്തവാടി                                          കൃഷിഭവൻ : തവിഞ്ഞാൽ

ആമുഖം
വയനാട്ജില്ലയിലെ ഏക ഗവ. എഞ്ചിനീയറിംഗ് കോളേജാണ് തവിഞ്ഞാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവ. എഞ്ചിനീയറിംഗ് കോളേജ് വയനാട്.വളരെ നല്ല നിലയിൽ വിവിധ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്ന മൂന്ന് എൻ.എസ്.എസ് (നാഷണൽ സർവീസ് സ്കീം) യൂണിറ്റുകളും ഭൂമിത്രസേനാക്ലബ്ബും ഈ കലാലയത്തിൽ ഉണ്ട്. പഠനത്തോടൊപ്പം മറ്റ് തൊഴിൽ മേഖലകളും പരിചയപ്പെടുത്താനും അവയുടെ അന്തസ്സ്  ബോധ്യപ്പെടുത്താനും അവയിൽ സാധ്യമായിടത്തോളം സാങ്കേതികത പ്രയോഗിക്കാനും വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന രൂപത്തിൽ എൻ.എസ്.എസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു .
പുതു തലമുറയിൽ കാർഷിക സംസ്കാരം വളർത്താനും കൃഷിയിൽ കൂടുതൽ താൽപര്യം ജനിപ്പിക്കാനും ഈ എൻ.എസ്.എസ് യൂണിറ്റുകൾ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. .എന്നാൽ സാമ്പത്തിക പരിമിതിയും വിഷയ വിദഗ്ദരുടെ അഭാവവും പദ്ധതികളുടെ മുന്നോട്ടുള്ള ഗമനത്തിന് തടസ്സം സൃഷ്ടിക്കുന്നു. “ഹരിത” എന്ന കലാലയ പച്ചക്കറി കൃഷി പദ്ധതിയിലൂടെ കോളേജിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ നന്നാക്കി എടുക്കാനും നിലവിലുള്ള സ്ഥാനങ്ങളിൽ ഗ്രോബാഗിൽ പച്ചക്കറി കൃഷി നടത്താനും യൂണിറ്റ് ഉദ്ദേശിക്കുന്നു .
ലക്ഷ്യങ്ങൾ
ഈ തലമുറക്ക് നഷ്ടമായ കാർഷിക സംസ്കാരം തിരിച്ച് പിടിക്കാനും വിദ്യാർത്ഥികളിൽ കാർഷികാഭിരുചി വളർത്തി, കൃഷി ജീവിതത്തിന്റെ ഭാഗമായി മാറ്റാനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സാധ്യമായ നൂതന സാങ്കേതികവിദ്യകൾ ഈ രംഗത്ത് കൊണ്ട് വരാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ആരോഗ്യമുള്ള ജനതക്ക് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യവും ഇതിലൂടെ സാക്ഷാൽക്കരിക്കാൻ സാധിക്കും .പച്ചക്കറി ഉല്പാദനരംഗത്ത് ഓരോ പഞ്ചായത്തിനും സ്വയംപര്യാപ്തത നേടാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു .
പ്രവർത്തന രീതി
എൻ.എസ്.എസ് യൂണിറ്റുകളുടെയും ഭൂമിത്രസേനക്ലബ്ബിന്റെയും വളണ്ടിയർമാരുടെ വിഭവശേഷി ഉപയോഗപ്പെടുത്തിക്കൊണ്ട് കൃഷി വകുപ്പിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ വിവിധതരം പച്ചക്കറികൾ ഗ്രോബാഗിൽ കൃഷിചെയ്യും .പന്തലിച്ച് വളരുന്ന വിളകൾക്ക് പ്രത്യേകം നിലമൊരുക്കി കൃഷിചെയ്യും. വളം, വിത്ത്, ഗ്രോബാഗ് ,ജലസേചനത്തിനാവശ്യമായ ഉപകരണങ്ങൾ അടക്കം മറ്റ് എല്ലാ സാധനങ്ങളും ആവശ്യമായ മറ്റ് ഉപദേശ നിർദ്ദേശങ്ങളും കൃഷി വകുപ്പിൽ നിന്നും തേടും.
പ്രവർത്തന ഘട്ടങ്ങൾ
       * സമീപഭാവിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ വരാൻ സാധ്യതയില്ലാത്ത, കാമ്പസ്സിലെ കാട് മൂടി കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കൽ.
·        * വിവിധ വിളകൾക്ക് അനുയോജ്യമായ സ്ഥലം നിർണ്ണയിക്കൽ
·        * ജലസേചന സൊകര്യങ്ങളും സംരക്ഷണ ഉപാധികളും ഒരുക്കൽ
·         *വളം ശേഖരിക്കൽ
·         *മണ്ണൊരുക്കൽ
·         *വിത്ത്/തൈകൾ ശേഖരിക്കൽ
·        * നടീൽ
·         *വളപ്രയോഗവും തൈ പരിചരിക്കലും
·         *പരിചരണത്തിലൂടെ കാർഷിക അറിവുകൾ ശേഖരിക്കൽ
·        * സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യത തേടൽ
·         *വിളവെടുക്കൽ
ഗുണഭോക്താക്കൾ
    ഈ പദ്ധതിയിലൂടെ കിട്ടുന്ന ജൈവവിളകൾ കോളേജ് കാന്റീൻ, ഹോസ്റ്റലുകൾ എന്നിവയിലേക്ക് നൽകാൻ ഉദ്ദേശിക്കുന്നു. അത് വഴി ഈ കോളേജിലെ വിദ്യാർഥികൾക്ക് തന്നെ ഉപയോഗപ്പെടുന്നു. കൂടാതെ കോളെജിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും നൽകാനും ഉദ്ദേശിക്കുന്നു. ജൈവപച്ചക്കറിയുടെ യഥേഷ്ട ലഭ്യത ഈ പ്രവർത്തനം വഴി ഉറപ്പ് വരുത്തുന്നു.


കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകൾ
·         തക്കാളി
·         പച്ചമുളക്
·         വെണ്ട
·         വഴുതന
·         പയർ
·         ചീര
·         മത്തൻ
·         കുമ്പളം
·         കോളിഫ്ലവർ
·         വാഴ
·         കപ്പ

പദ്ധതി കാലാവധി
2016 ആഗസ്ത് 1 മുതൽ  2017മാർച്ച് 31 വരെ

പ്രതീക്ഷിതചെലവ്
ഗ്രോബാഗ് – 1000എണ്ണം            : 20000.00
വളം – 10 ട്രാക്ടർ ലോഡ്         : 25000.00
ജലസേചന സൗകര്യങ്ങൾ            : 25000.00
പന്തലൊരുക്കൽ                   : 10000.00
വിത്ത്/തൈ                       : 4000.00
വേലി                            : 5000.00
പണിക്കൂലി                       : 10000.00

ആകെ                                                                        : 99,000.00

 പ്രതീക്ഷിത നേട്ടങ്ങൾ
1.   വിഷരഹിത പച്ചക്കറിയുടെ ലഭ്യത
2.   കാർഷിക സംസ്കാരം വളർത്തൽ
3.   കാർഷിക രംഗത്ത് സാങ്കേതികവിദ്യാ പ്രയോഗം
4.   പഠന പ്രവർത്തനങ്ങൾ നടത്താനുള്ള അവസരം
5.   അധിക നൈപുണ്യ വികസനം
6.   പച്ചക്കറി സ്വയം പര്യാപ്തത
ഉപസംഹാരം
മലയാളികൾക്കിടയിൽ വർദ്ധിച്ച് വരുന്ന വിവിധ രോഗങ്ങൾ നമ്മുടെ മാറിയ ജീവിത ശൈലിയിൽ നിന്ന് ഉടലെടുത്തതാണ്. ജൈവകൃഷിയും ജൈവപച്ചക്കറി ഉപയോഗവും വഴി ഒരു പരിധി വരെ മലയാളിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും. വിദ്യാർഥീ ജീവിതത്തിൽ ലഭിക്കുന്ന പ്രചോദനം അതിന് മുതൽക്കൂട്ടാകും എന്ന പ്രതീക്ഷയോടെ ഈ കർമ്മപദ്ധതി സമർപ്പിക്കുന്നു .

   
                              പ്രിൻസിപ്പാൾ,
                               ഗവ. എഞ്ചിനീയറിംഗ് കോളേജ്
                          വയനാട്, മാനന്തവാടി

സൌജന്യസേവനങ്ങള്‍ - കൃഷി വകുപ്പ്

        കാര്‍ഷിക സംസ്കാരവുമായി ഏറെ ബന്ധമുള നാടായിരുന്നു കേരളം. നെല്‍‌വയലുകള്‍ നിറഞ്ഞ് നില്‍ക്കുന്ന ഗ്രാമങ്ങള്‍ യാത്രയിലുടനീളം കാണാന്‍ സാധിക്കുന്ന നാട്. എന്നാല്‍ ഇന്ന് വയലുകള്‍ പലതും നികത്തപ്പെട്ടു.കാര്‍ഷികവൃത്തി ജീവിക്കാനുതകുന്ന തൊഴിലായി സ്വീകരിച്ചവരുടെ എണ്ണം നന്നെ ചുരുങ്ങി. കൃഷിയില്‍ പണം മുടക്കിയ പലരും പാപ്പരായി. പരാജയത്തില്‍ മനം നൊന്ത് ചിലര്‍ ഈ ഭൂമിയില്‍ നിന്ന് തന്നെ വിടപറഞ്ഞു.
         കാര്‍ഷിക സംസ്കാരം എന്നാണ് പണ്ടുമുതലേ നാം പറഞ്ഞുവന്നിരുന്നത്. കൃഷി ഒരു ജോലി എന്നതിലുപരി ഒരു സാംസ്കാരിക പദ്ധതിയായാണ് നാം പരിഗണിച്ചിരുന്നത്. തിരുവാതിര ഞാറ്റുവേല എന്ന തിരിമുറിയാതെ പെയ്യുന്ന മഴയോട് കൂടി ആരംഭിക്കുന്ന ഒരു സാസ്കാരിക ഉത്സവം കൊയ്ത്തുത്സവത്തോടെ അവസാനിക്കുന്നു. ഇതിനിടയില്‍ കൃഷിയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ പലതരം പരിപാടികളായി പാടത്തും സ്റ്റേജിലും അരങ്ങേറിയിരുന്നു. എന്നാല്‍ ഇന്ന് അവയില്‍ പലതും നഷ്ടമായി.
      നഷ്ടപ്പെട്ട നമ്മുടെ ആ കാര്‍ഷിക സംസ്കാരം തിരിച്ചു പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ കൃഷി വകുപ്പ് നിരവധി പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ചിങ്ങം ഒന്നിന് കര്‍ഷക ദിനമായി ആചരിച്ച് കൊണ്ടാണ് കൃഷി ഭവന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
     ഇന്ന് വിദ്യാര്‍ത്ഥികളില്‍ കൂടി ഈ കാര്‍ഷിക സംസ്കാരം ഊട്ടിയുറപ്പിച്ച് സ്വന്തം വീട്ടിലേക്കു പച്ചക്കറികള്‍ സ്വയം വിളയിച്ചെടുക്കുന്ന പദ്ധതിക്ക് കൂടി കൃഷിവകുപ്പ് പ്രോത്സാഹനം നല്‍കുന്നു.സബ്സിഡി നിരക്കില്‍ ഓരോ വീട്ടിലേക്കും മണ്ണും വളവും മിശ്രണം ചെയ്ത് തയ്യാറാക്കിയ ഗ്രോബാഗുകളും പച്ചക്കറി തൈകളും വകുപ്പ് നല്‍കുന്നുണ്ട്. ശരിയായി പരിപാലിച്ച് വിളവെടുക്കുക എന്നത് മാത്രമെ ഉപഭോക്താവിന് പിന്നീട് ചെയ്യാനുളളൂ. സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറി വിത്തിന്റെ കിറ്റ് സൌജന്യമായി നല്‍കുന്ന പരിപാടിയും നടന്നു വരുന്നു.
      ഈ വര്‍ഷം മുതല്‍ കൃഷിവകുപ്പ് മറ്റൊരു ബൃഹത് പദ്ധതി കൂടി നടപ്പിലാക്കി വരുന്നു. 50 സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെയുള്ള സ്ഥലത്ത് കൃഷി ചെയ്യാനുദ്ദേശിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ(കര്‍മ്മ രേഖയില്‍ 99000 രൂപ കാണിക്കുക.ഇല്ലെങ്കില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകും)  വകുപ്പ് അനുവദിക്കുന്നുണ്ട്. ജലസേചനമടക്കമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ആവശ്യമായ ഉപകരണങ്ങളും വിത്തും വളവും വാങ്ങാനും ഈ പദ്ധതിയിലൂടെ സാധിക്കും. നിലത്ത് കൃഷി ചെയ്യാന്‍ സാധിക്കാത്ത വിദ്യാലയങ്ങള്‍ക്ക് ഗ്രോബാഗിലും കൃഷി നടത്താം.
        മേല്‍ പറഞ്ഞ കലാലയ പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതിക്ക് ഒരു കര്‍മ്മരേഖ തയ്യാറാക്കി അതിന്റെ അഞ്ച് കോപി ഏറ്റവും അടുത്തുള്ള കൃഷിഭവനില്‍ സമര്‍പ്പിക്കണം.ഇപ്പോഴാണ് ഇത് സമര്‍പ്പിക്കേണ്ട സമയം.എന്റെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിനു വേണ്ടി ഞാന്‍ തയ്യാറാക്കി സമര്‍പ്പിച്ച കര്‍മ്മരേഖ അടുത്ത പോസ്റ്റില്‍ ദര്‍ശിക്കാം. 

Friday, August 19, 2016

ഉണ്ടനും നൂലനും - ഒരനുഭവക്കുറിപ്പ്

               പതിവ് പോലെ ഒരു തിങ്കളാഴ്ച.ഞാന്‍ നാട്ടില്‍ നിന്നും മാനന്തവാടിയിലേക്ക് ബസ് കയറി.എന്റെ ബാഗില്‍ പല സാധനങ്ങള്‍ക്കും പുറമെ രണ്ട് പുസ്തകങ്ങള്‍ കൂടി ഉണ്ടായിരുന്നു. ശ്രീ.വീരാന്‍‌കുട്ടി എഴുതിയ “ഉണ്ടനും നൂലനും“,പിന്നെ കോഴിക്കോട് മുന്‍ കളക്ടര്‍ ശ്രീ.കെ.വി.മോഹന്‍‌കുമാര്‍ എഴുതിയ “അപ്പൂപ്പന്‍ മരവും ആകാശപ്പൂക്കളും”.യാത്രയില്‍ സാധിക്കുമെങ്കില്‍ വായിക്കാനായാണ് ഈ പുസ്തകങ്ങള്‍ കരുതിയിരുന്നത്.അതും ഒന്ന് മടുപ്പിച്ചാല്‍ മറ്റേത് തുടങ്ങാനും അതല്ലെങ്കില്‍ വല്ല സഹയാത്രികനും ചോദിച്ചാല്‍ നല്‍കാനുമായിരുന്നു.

              യാത്രയില്‍ എവിടെവച്ചോ ഞാന്‍ “ഉണ്ടനും നൂലനും“ കയ്യിലെടുത്തു വായന തുടങ്ങി.  ഓമശ്ശേരിയില്‍ നിന്നാണെന്ന് തോന്നുന്നു എന്റെ അടുത്ത് ഒരു മാന്യന്‍ വന്നിരുന്നു.ഞാന്‍ വായന തുടര്‍ന്നു.താമരശ്ശേരി കഴിഞ്ഞപ്പോള്‍ ഉറക്കം വന്നതിനാല്‍ ഞാന്‍ പുസ്തകം പൂട്ടി ബാഗില്‍ വച്ചു. ഉടന്‍ എന്റെ സഹയാത്രികന്‍ പുസ്തകം വായിക്കാന്‍ തരാമോ എന്ന് ചോദിച്ചു. പുസ്തകം കൊടുത്ത് ഞാന്‍ ഉറങ്ങാന്‍ തുടങ്ങി.

                കല്പറ്റ കഴിഞ്ഞപ്പോഴേക്കും എന്റെ ഉറക്കം വിട്ടു. സഹയാത്രികന്‍ പുസ്തകത്തിന്റെ അവസാന പേജുകളിലേക്ക് എത്തിയിട്ടുണ്ട്.അല്പ സമയത്തിനകം തന്നെ വായന തീര്‍ത്ത് അദ്ദേഹം പുസ്തകം ഒന്ന് തിരിച്ചും മറിച്ചും നോക്കി തിരിച്ച് തന്നു.ശേഷം എന്നെപ്പറ്റി ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.എഞ്ചിനീയറിംഗ് കോളേജിലാണ് എന്നറിഞ്ഞപ്പോള്‍ എന്റെ സഹപ്രവര്‍ത്തകരില്‍ ചിലരെ അന്വേഷിച്ചു.കമ്പളക്കാട്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന ഇദ്ദേഹം അവരെ എങ്ങനെ അറിഞ്ഞു എന്ന സ്വാഭാവിക സംശയം എന്നിലുണ്ടായി.അതും അദ്ദേഹം ക്ലിയര്‍ ചെയ്തു തന്നു.

               പിന്നെ പുസ്തകത്തെപ്പറ്റിയായി ചര്‍ച്ച.ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച പുസ്തകം അദ്ദേഹത്തിന് വളരെ ഇഷ്ടമായി എന്ന് ആ സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.തന്റെ കുട്ടികള്‍ക്കും വായിക്കാനായി ഇത്തരം പുസ്തകങ്ങള്‍ എവിടെ നിന്ന് കിട്ടുമെന്നും മറ്റും അദ്ദേഹം ചോദിച്ചറിഞ്ഞു.ഞാന്‍ അംഗമായിരുന്ന ഡി.സി.ബുക്സിന്റെ വി.ഐ.പി ബുക്ക് ക്ലബ്ബിന്റെ കാര്യവും അതില്‍ അംഗമായാല്‍ ലഭിക്കുന്ന ഗുണങ്ങളും ഇപ്പോള്‍ അത് നിര്‍ത്തിവച്ച കാര്യവും ഡി.സി.ബുക്സിന്റെ വയനാട്ടിലെയും കോഴിക്കോട്ടെയും ശാഖകളെയും പറ്റി ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു.പുസ്തകങ്ങള്‍ ഇഷ്ടമാണെങ്കിലും കുട്ടികള്‍ക്ക് ഏത് വാങ്ങി കൊടുക്കണം എന്നറിയാത്ത വിഷമം അദ്ദേഹം എന്നോട് പങ്ക് വച്ചു.ഈ പുസ്തകം കുട്ടികള്‍ക്ക് വാങ്ങികൊടുക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.ബസ് കമ്പളക്കാട് എത്തിയപ്പോള്‍ എന്നോട് യാത്ര പറഞ്ഞ് ഇറങ്ങി.ഞാന്‍ എന്റെ ലോകത്തേക്കും അയാള്‍ അയാളുടെ ലോകത്തേക്കും ഊളിയിട്ടു.

         അഞ്ച് ദിവസം കഴിഞ്ഞ് ആ ശനിയാഴ്ച രാത്രി എനിക്ക് ഒരു ഫോണ്‍ വന്നു.
“ഹലോ സര്‍, ഞാന്‍ പ്രവീണ്‍.ദിവസങ്ങള്‍ക്ക് മുമ്പ് ബസ്സില്‍ വച്ച് പുസ്തകത്തെപ്പറ്റി ചോദിച്ചയാള്‍.സാര്‍ പറഞ്ഞ പ്രകാരം ഞാന്‍ ഡി.സി ബുക്സിന്റെ കോഴിക്കോട് ശാഖയില്‍ എത്തി അന്വേഷിച്ചു.പക്ഷെ പുസ്തകം കിട്ടിയില്ല.എല്ലാ ശാഖയിലും അവര്‍ അന്വേഷിച്ചെങ്കിലും പുസ്തകം ലഭ്യമല്ല എന്നറിയിച്ചു.ഞാനാണെങ്കില്‍ കുട്ടികളോട് പുസ്തകത്തെപ്പറ്റി പറയുകയും കൊണ്ടുവരാമെന്ന് ഏല്‍ക്കുകയും ചെയ്തു. സാറുടെ നമ്പര്‍ കിട്ടാന്‍ സാറിന്റെ ഓഫീസിലെ റോയിയുടെ നമ്പര്‍ മറ്റൊരാളില്‍ നിന്നും വാങ്ങി റോയിയെ വിളിച്ചു (ഇതേ സമയം തന്നെ റോയിയുടെ നമ്പര്‍ ഞാന്‍ എന്റെ ഒരു സുഹൃത്തിനും നല്‍കിയത് യാദൃശ്ചികമായി).ആ പുസ്തകം എനിക്ക് തരുമോ?സാര്‍ പറഞ്ഞ സ്കീം നിര്‍ത്തി എങ്കിലും നിലവിലുള്ളവര്‍ക്ക് പുതിയ ഒരു പദ്ധതി തുടങ്ങുന്നതായും അറിഞ്ഞു.”

          “ഓ.കെ....അടുത്ത തിങ്കളാഴ്ച ബസ്സില്‍ കാണാം...”
           ഒരു യഥാര്‍ത്ഥ വായനക്കാരെന്റെ അപേക്ഷക്ക് മുന്നില്‍ ഞാന്‍ ആ പുസ്തകം അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച അദ്ദേഹം കയറുമ്പോള്‍ ഞാന്‍ ഉറക്കമായിരുന്നതിനാല്‍ എന്നെ അയാള്‍ ശല്യപ്പെടുത്തിയില്ല.അദ്ദേഹം കയറിയോ ഇല്ലേ എന്നറിയാന്‍ അങ്ങോട്ട് വിളിച്ചപ്പോഴാണ് ഈ വിവരം ഞാന്‍ അറിഞ്ഞത്.അങ്ങനെ “ഉണ്ടനും നൂലനും“ ഞാന്‍ സന്തോഷപൂര്‍വ്വം ആ മാന്യസുഹൃത്തിന് കൈമാറി.പുസ്തകത്തിന്റെ വില തരാന്‍ അദ്ദേഹം തയ്യാറായെങ്കിലും ഞാന്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു.


സൌജന്യ സേവനങ്ങൾ - പോലീസ് വകുപ്പ്

            "Be ready to return to the stone age" എന്ന് ഒരു പക്ഷേ ബൂലോകത്ത് അധികം ആരും കേട്ടിരിക്കില്ല. ഒരു ഗുരുതരമായ പ്രശ്നം ഉടലെടുക്കുന്നത് വരെ ഞാനും അത് കേട്ടിരുന്നില്ല.

             സംഭവം നടക്കുന്നത് ഏകദേശം 10 വർഷം മുമ്പാണ്. ഞാൻ ജോലി ചെയ്യുന്ന വയനാട് എഞ്ചിനീയറിംഗ് കോളേജിലെ ഏതോ ഒരു കുട്ടിയുടെ പേരിൽ ഒരു പാർസൽ വന്നു.വേറെ എവിടേക്കും പോകാനില്ലാത്തതിനാൽ വൈകുന്നേരങ്ങളിലും കോളേജിൽ ഉണ്ടാകാറുള്ള എന്റെ സഹപ്രവർത്തകൻ അത് വാങ്ങി വച്ചു. അവന്റെ നിർഭാഗ്യത്തിന്, അതിന്റെ പിന്നിലുണ്ടായിരുന്ന ഊരും പേരുമില്ലാത്ത ഒരു മൊബൈൽ നമ്പർ അവൻ നോട്ട് ചെയ്തു.

            രാത്രി റൂമിലിരിക്കുമ്പോൾ തലേ ദിവസം  കസിൻ അയച്ച ഒരു എസ്.എം.എസ് (അന്ന് വാട്സ് ആപ് ഇല്ല) പെട്ടെന്ന് അവന്റെ തലയിൽ മിന്നി - "Be ready to return to the stone age".അന്ന് വൈകുന്നേരം കോളേജിൽ വച്ച് നോട്ട് ചെയ്ത ഊരും പേരുമില്ലാത്ത ആ മൊബൈൽ നമ്പറിലേക്ക് അവൻ ആ മെസേജ് ചുമ്മാ ഒരു രസത്തിനായി(?) ഫോർവേഡ് ചെയ്തു.

             മെസേജ് കിട്ടിയ തിരുവനന്തപുരത്തെ വീട്ടമ്മ ഒന്ന് ഞെട്ടി.അറിയാത്ത ഒരു നമ്പറിൽ നിന്നും വന്ന മെസേജിൽ ഒരു ഭീഷണി സ്വരം ഉള്ളതിനാൽ അവർ പോലീസിൽ പരാതി നൽകി.എസ്.എം.എസ് ആയതിനാൽ പരാതി ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സൈബർ സെല്ലിലേക്ക് എത്തി.മെസേജ് അയച്ച ആളെ കണ്ടെത്താൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.നേരെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു.

              പോലീസ് ആസ്ഥാനത്ത് അടച്ചിട്ട മുറിയിൽ മൂന്ന് ദിവസം എന്റെ സഹപ്രവർത്തകൻ ചോദ്യം ചെയ്യലിന് വിധേയമായി.കാരണം 2001ൽ നടന്ന വേൾഡ് ട്രേഡ് സെന്ററ് ആക്രമണത്തിന് തൊട്ട് മുമ്പ് അൽ-ക്വയ്ദ എന്ന ഭീകര സംഘടന അയച്ച മെസേജ് ആയിരുന്നു അത്!!എന്റെ സഹപ്രവർത്തകനും അൽ‌ക്വയ്ദയും തമ്മിലുള്ള ബന്ധം കണ്ടെത്താൻ പോലീസ് നിരന്തരം ചോദ്യം ചെയ്തെങ്കിലും ഒന്നും ലഭിച്ചില്ല.അവന്റെ ഫോൺ വിളികൾ ട്രാപ് ചെയ്യും എന്നതിനാൽ ഞങ്ങളിൽ പലർക്കും പിന്നെ അവനെ വിളിക്കാനും പേടി തോന്നി.നിശ്ചയിച്ച് വച്ച കല്യാണവും ഈ കാരണത്താൽ മുടങ്ങിപ്പോകും എന്ന അവസ്ഥ വരെ എത്തി.

              ഒരു മെസേജ് ഫോർവേഡ് ചെയ്താൽ, ഒരു മിസ്കാൾ അടിച്ചാൽ, ഒരു പോസ്റ്റ് ലൈക് ചെയ്താൽ, ഒരു വീഡിയൊ അപ്‌ലോഡ് ചെയ്താൽ എല്ലാം ഒരു പക്ഷേ നാം ഒരു സൈബർ കുറ്റകൃത്യത്തിൽ അകപ്പെട്ടേക്കാം. എന്തൊക്കെയാണ് സൈബർ കുറ്റകൃത്യങ്ങൾ എന്നും അതിന്റെ ശിക്ഷകൾ എന്ത് എന്നും സൌജന്യമായി ക്ലാസ് എടുത്ത് തരാൻ പോലീസ് വകുപ്പിനെ സമീപിച്ചാൽ മതി.വെള്ളക്കടലാസിൽ അതാത് ജില്ലയിലെ പോലീസ് മേധാവിക്ക് അപേക്ഷ നൽകിയാൽ അനുയോജ്യനായ വ്യക്തിയെ അവർ തരും.നിയമ വശങ്ങളെക്കുറിച്ച് പറയാൻ KELSA പ്രതിനിധിയും വിവിധ തരം കേസുകളെപ്പറ്റി പറയാൻ അനുഭവസ്ഥരായ പോലീസ് ഉദ്യോഗസ്ഥരെയും വിളിച്ചാൽ ക്ലാസ് ഏറെ പ്രയോജനപ്പെടും. സ്മാർട്ട് ഫോൺ ഉപയോഗം വ്യാപകമായതിനാൽ ഈ വിഷയത്തിൽ എല്ലാവർക്കും ബോധവൽക്കരണം നൽകേണ്ടത് അത്യാവശ്യമാണ്.

ചിങ്ങം പിറന്നു.മണ്ണിനും മനസ്സിനും ഐശ്വര്യം പകരാൻ ദേ കൃഷി വകുപ്പ് റെഡി.അപ്പോൾ നമുക്ക് അടുത്തത് അതിനെപ്പറ്റിയാവാം....

ഉണ്ടനും നൂലനും

       കുറെ കാലത്തിന് ശേഷം യാത്രയിൽ വായിക്കാനെടുത്ത പുസ്തകമായിരുന്നു ശ്രീ.വീരാൻ‌കുട്ടി എഴുതിയ ഉണ്ടനും നൂലനും. പുസ്തകത്തിന്റെ പുറം ചട്ടയും പേരും തന്നെയാണ് എന്നെ ഈ പുസ്തകം വാങ്ങാനും വായിപ്പിക്കാനും പ്രേരിപ്പിച്ചത്.

      ഉണ്ടൻ അപ്പുവും ജ്യേഷ്ടൻ അച്ചുവും തമ്മിലുള്ള സാഹോദര്യ സ്നേഹത്തിന്റെ കഥ പറയുകയാണ് ഈ പുസ്തകത്തിലൂടെ.ഇടക്ക് അമ്മ എന്ന കഥാപാത്രവുമുണ്ട്. അവർക്കും തന്റെ രണ്ട് മക്കളോടുള്ള അളവറ്റ സ്നേഹം കഥയിലൂടെ ഒഴുകുമ്പോൾ അനുഭവപ്പെടും. അമ്മ ഒരല്പ കാലത്തേക്ക് വിട്ടുപോകുമ്പോൾ ഉണ്ടന്റെയും നൂലന്റെയും ജീവിതം തന്നെ മാറിപ്പോകുന്നത് അവർക്ക് അമ്മയോടുള്ള സ്നേഹം തെളിയിക്കുന്നുണ്ട്. പഠനത്തിൽ പിന്നോക്കം നിന്നിരുന്ന നൂലൻ അവസാനം മികവ് തെളിയിക്കുന്നതിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നു.

      ചെറിയ ചെറിയ വഴക്കും തല്ലും ഒക്കെ പണ്ട് കാലത്ത് എല്ലാ കുടുംബങ്ങളിലും സ്കൂൾ ക്ലാസ്സുകളിലും ഒക്കെ ഉണ്ടായിരുന്നു. ഇങ്ങനെ തല്ല് കിട്ടിയവനോടായിരിക്കും തല്ല് കൊടുത്തവന്റെ പിൽക്കാലത്തെ ഏറ്റവും നല്ല കൂട്ടുകെട്ട് എന്നതും രസകരമാണ്.ഈ കഥയിലും കുഞ്ഞ് കുഞ്ഞ് വഴക്കുകളും പരസ്പര പാരവയ്പ്പും എല്ലാം ഉണ്ട്. നല്ല കാര്യങ്ങൾ പുകഴ്ത്താനും ചീത്ത കാര്യങ്ങൾക്ക് ചെറിയ ശിക്ഷ നൽകി അതിലൂടെ ബോധവൽക്കരണം നടത്താനും അമ്മ എന്ന കഥാപാത്രം ശ്രമിക്കുന്നുണ്ട്. ഇതിലൂടെ കഥ സുന്ദരമായി ഒഴുകുന്നു.

      ഡി.സി ബുക്സിന്റെ മാമ്പഴം സീരിസിൽ വരുന്ന ഒരു പുസ്തകമാണ് ഉണ്ടനും നൂലനും. മാമ്പഴം സീരീസിലെ പുസ്തകങ്ങൾ വളരെ ലളിതമായ ഭാഷയിൽ കുട്ടികളുടെ മനസ്സിലേക്ക് ഇറങ്ങുന്ന രൂപത്തിൽ കഥയും കാര്യവും ചേർത്ത് പറയുന്നവയാണ്. “ഉണ്ടനും നൂലനും” കുട്ടികൾക്ക് വായിച്ച് ആസ്വദിക്കാനും ഗുണപാഠം ഗ്രഹിക്കാനും പറ്റുന്ന ഒരു പുസ്തകമായാണ് എനിക്കനുഭവപ്പെട്ടത്.

കൃതി : ഉണ്ടനും നൂലനും
കർത്താവ് : വീരാൻ‌കുട്ടി
വില: 70 രൂപ
പ്രസാധകർ : ഡി.സി ബുക്സ്, കോട്ടയം
      പുസ്തകം ഇപ്പോൾ കിട്ടാനില്ല എന്ന് ഈയിടെ പരിചയ്പ്പെട്ട ഒരു സുഹൃത്ത് പറഞ്ഞു. അത്ഭുതകരമായ ആ അനുഭവം ഇന്ന് വൈകിട്ട് പറയാം.

Wednesday, August 17, 2016

സൗജന്യ സേവനങ്ങൾ-കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി

          നിയമം അറിയില്ല എന്നത് നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമല്ല.വാഹനം ഓടിക്കുമ്പോള്‍ മോട്ടോര്‍ വാഹന നിയമങ്ങളെപ്പറ്റി അറിഞ്ഞിരിക്കണം. ഇന്റെര്‍നെറ്റും സോഷ്യല്‍മീഡിയയും ഉപയോഗിക്കുമ്പോള്‍ സൈബര്‍ നിയമങ്ങളെക്കുറിച്ച് അറിവുണ്ടാകണം. റാഗിംഗ് ഒരു കുറ്റമാണോ എന്നറിയാന്‍ അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വശമുണ്ടാകണം.ഇങ്ങനെ ഏതൊരു കാര്യമായും ബന്ധപ്പെട്ട് നില്‍ക്കുന്ന നിലവിലുള്ള നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അല്ലെങ്കില്‍ ബോധമുണ്ടാകേണ്ടത് ഒരു പൌരന്റെ ബാധ്യതയാണ്. എന്ന് വച്ച് ഈ നിയമങ്ങള്‍ എല്ലാം പഠിച്ചിരിക്കണം എന്നല്ല പറയുന്നത്.അത്യാവശ്യം മനസ്സിലാക്കി വച്ചിരിക്കണം.

              പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട നിയമങ്ങളാണ് റാഗിംഗ് സംബന്ധമായതും സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധമായതും. എന്തൊക്കെ കാര്യങ്ങള്‍ ഈ നിയമങ്ങള്‍ പ്രകാരം കുറ്റകൃത്യമായിത്തീരും എന്ന് കൃത്യമായി മനസ്സിലാക്കി വച്ചില്ലെങ്കില്‍ ഒരു നോട്ടം കാരണമോ അല്ലെങ്കില്‍ ഒരു മിസ്‌കാള്‍ കാരണമോ കുറ്റം ചുമത്തപ്പെടാം.

              ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ വരുമ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പലവിധ കോപ്രായങ്ങളും ജോലികളും അവരെക്കൊണ്ട് ചെയ്യിപ്പിക്കാറുണ്ട്. അതില്‍ മിക്കവയും ഒരു സൌഹൃദാന്തരീക്ഷത്തില്‍ ആണ് നടന്നുപോകാറ്‌. എന്നാല്‍ ഈ അടുത്ത് കര്‍ണ്ണാടകയിലെ കലബുറഗിയില്‍ സംഭവിച്ച പോലെ ക്രൂരമായ പീഠനങ്ങളും നടന്നേക്കാം. എങ്ങനെയായാലും ഒരു സീനിയര്‍ വിദ്യാര്‍ത്ഥി കാരണം ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് എന്തെങ്കിലും തരത്തില്‍ പ്രയാസങ്ങള്‍ നേരിട്ടാല്‍ അത് റാഗിംഗ് എന്നതില്‍ പെടുത്തി കേസ് ചാര്‍ജ്ജ് ചെയ്യാവുന്ന ഗണത്തില്‍ പെടും. തുറിച്ചുള്ള ഒരു നോട്ടം പോലും ഒരാളെ ചിലപ്പോള്‍ കുടുക്കിയേക്കും എന്ന് ഇക്കഴിഞ്ഞ റാഗിംഗ് ബോധവല്‍ക്കരണ ക്ലാസ്സിലാണ് ഞാന്‍ മനസ്സിലാക്കിയത്.

                 പൊതുജനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ തരം നിയമങ്ങളെപ്പറ്റി ബോധവല്‍ക്കരണം നടത്താന്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി(KELSA) യുടെ സഹായം തേടാം. KELSAയുടെ കീഴില്‍ ജില്ലാ ജഡ്ജി നേതൃത്വം നല്‍കുന്ന ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചാല്‍ ഈ വിഷയത്തില്‍ ക്ലാസ്സെടുക്കാന്‍ ആവശ്യമായ റിസോഴ്സ് പേഴ്സണെ അവര്‍ സൌജന്യമായി എത്തിച്ച് തരും. ഒപ്പം നിയമങ്ങളെക്കുറിച്ച് സംക്ഷിപ്ത വിവരം നല്‍കുന്ന ഒരു കൈപുസ്തകവും ആവശ്യാനുസരണം നല്‍കും.

                ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്കും , കോളേജുകള്‍ക്കും , റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും എല്ലാം വിവിധ നിയമവശങ്ങള്‍ അറിയാന്‍ ഈ അതോറിറ്റിയുടെ സേവനം ഉപകാരപ്പെടും.  നിര്‍ഭാഗ്യവശാല്‍ ഈ സേവനം അധികപേരും ഉപയോഗപ്പെടുത്താതെ നിയമത്തിന് മുന്നില്‍ തലകുനിക്കുകയാണ് ചെയ്യുന്നത്.

                 ഇന്നത്തെ സാഹചര്യത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും അത്യാവശ്യമായി ബോധവല്‍ക്കരിക്കേണ്ട ഒരു മേഖലയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍. അതിനുള്ള സൌജന്യ സേവനം ലഭിക്കുന്നത് പോലീസ് വകുപ്പില്‍ നിന്നാണ്. അതേപറ്റി പിന്നീട്.


ചിങ്ങം 1 - ഞങ്ങളുടെ ദിനം

                  അങ്ങനെ വീണ്ടും ഒരു  ചിങ്ങം കൂടി പിറന്നു.മലയാളികള്‍  സ‌മൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒക്കെ മാസമായി കണക്കാക്കുന്ന ചിങ്ങം.വര്‍ഷങ്ങളായി നമ്മുടെ സംസ്ഥാനത്ത് ചിങ്ങം 1 കര്‍ഷകദിനമായി ആചരിച്ച് വരുന്നു.
                  കഴിഞ്ഞ കുറെ മാസങ്ങളായി വീട്ടിലും കോളേജിലും താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലും ഒക്കെ വിവിധതരം പച്ചക്കറികള്‍ നട്ടുണ്ടാക്കുന്നതിന് ഞാന്‍ സമയം കണ്ടെത്തിയിരുന്നു.വീട്ടിലുണ്ടാക്കിയ കോവക്ക, ചീര , കാരറ്റ് തുടങ്ങിയവപ്പറ്റി ഞാന്‍ ഇവിടെ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ മഴക്കാലം ആരംഭിച്ചതോടെ വീട്ടിലെ വിളകള്‍ പലതും അവസാനിച്ചു. പുതിയവ കൃഷി ചെയ്തു. അതില്‍ തക്കാളി, വെണ്ട, മുളക്,വഴുതന,മല്ലി  എന്നിവയുടെ തൈകള്‍ ഗ്രോബാഗില്‍ നന്നായി വരുന്നു.
                   മഴ തുടങ്ങിയതോടെ എന്റെ കോവക്ക പന്തല്‍ വീണിരുന്നു. അതോടെ ആ പന്തലും വള്ളികളും പൂര്‍ണ്ണമായും ഞാന്‍ നീക്കം ചെയ്തു. പഴയ വള്ളിയുടെ ശേഷിപ്പില്‍ നിന്നുണ്ടാകുന്ന പുതിയ വള്ളികള്‍ പടര്‍ത്താനായി ഒരു പുതിയ പന്തലും ഇട്ടു. ഇന്ന് അതിലേക്കുള്ള ആദ്യവള്ളി പടര്‍ന്ന് തുടങ്ങി.
                   എന്റെ തൊട്ടടുത്ത പറമ്പ് കാലങ്ങളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. അദ്ധ്യാപികയായിരുന്ന എന്റെ ഉമ്മ റിട്ടയര്‍മെന്റ് ജീവിതത്തില്‍ സമയം കളയുന്നത് ഇങ്ങനെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് എന്തെങ്കിലും കൃഷി ചെയ്തുകൊണ്ടാണ്.ആറേഴ് മാസങ്ങള്‍ക്ക് മുമ്പ് നിരപ്പാക്കിയ പ്രസ്തുത സ്ഥലത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കും എന്ന ധാരണയില്‍ ഇത്തവണ ഉമ്മ അവിടെ ഒന്നും നട്ടില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും അവിടെ ഒരു പ്രവൃത്തിയും നടക്കാതായതോടെ ചാക്കില്‍ നിന്നും പുറത്ത് ചാടാന്‍ തുടങ്ങിയ തക്കാളി, ചീര,പച്ചമുളക് തുടങ്ങിയവയുടെ തൈകള്‍ കഴിഞ്ഞ മാസം ഉമ്മ അവിടേക്ക് മാറ്റി. 75 പിന്നിട്ട ഉമ്മ എന്നും അവയെ പരിചരിക്കുന്നു.  ഇന്ന് ചിങ്ങം ഒന്നിന് ചീരയുടെ ആദ്യ വിളവെടുപ്പ് നടത്തി.
                ഇന്ന് ആഗസ്ത് 17 കൂടി ആണ്. എന്റെ മൂത്തമോള്‍ ലുലുവിന്റെ പതിനെട്ടാം ജന്മദിനം. ഒരു മരം കൂടി ഇന്ന് എന്റെ പറമ്പില്‍ വളരാന്‍ തുടങ്ങും, ഇന്‍ഷാ അല്ലാഹ്. അങ്ങനെ എല്ലാം ഒത്തുവന്നതിനാല്‍ ഞാന്‍ പറയുന്നു , ചിങ്ങം 1 - ഞങ്ങളുടെ ദിനം.

Tuesday, August 16, 2016

“തല്ലണ്ടമ്മാവാ....ഞാന്‍ നന്നാവില്ല”

“തല്ലണ്ടമ്മാവാ....ഞാന്‍ നന്നാവില്ല” എന്ന ഒരു ചൊല്ല്‌ ഭൂമിമലയാളത്തിലെ 20 വയസ്സ് പിന്നിട്ട എല്ലാവരും കേട്ടിരിക്കും എന്നാണ് എന്റെ വിശ്വാസം. കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ 20 വയസ്സ് കഴിയാത്തവര്‍ ആരും ഉണ്ടാകില്ല എന്നും ഞാന്‍ കരുതുന്നു.

ഇന്നലെ എന്‍.എസ്.എസ് ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യദിന പരിപാടികള്‍ കഴിഞ്ഞ് വൈകിട്ട് 5 മണിക്ക് ഞാന്‍ കോളേജില്‍ നിന്നും അത്യാവശ്യമായി നാട്ടിലേക്ക് പോന്നു. മാനന്തവാടിയില്‍ നിന്നും അഞ്ചരക്കുള്ള പോയിന്റ് റ്റു പോയിന്റ് രാജധാനി ബസില്‍ കയറി കല്പറ്റയില്‍ എത്തിയാല്‍ മൈസൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള ബസ് പിടിക്കാമെന്ന് ഞാന്‍ മനസ്സിലാക്കി വച്ചിരുന്നു.ആ ബസ് വന്നില്ലെങ്കിലും  കിട്ടിയില്ലെങ്കിലും രാത്രി പെരുവഴിയില്‍ കുടുങ്ങും എന്നും എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

എന്റെ ഈ രണ്ട് അറിവും സഹിതം 5.25ന് ഞാന്‍ മാനന്തവാടി സ്റ്റാന്റില്‍ എത്തി.പാര്‍ക്ക് ചെയ്ത ബസുകള്‍ക്കിടയില്‍ “രാജധാനി“യെ മാത്രം കണ്ടില്ല.മൂന്ന് മിനുട്ട് കഴിഞ്ഞിട്ടും ബസ്സിനെ കാണാതായപ്പോള്‍ ഡ്യൂട്ടിയിലുള്ള സ്റ്റേഷന്‍ മാസ്റ്ററോട് ഞാന്‍ ചോദിച്ചു - “പോയിന്റ് റ്റു പോയിന്റ് പോയോ?”

“പോയിന്റ് റ്റു പോയിന്റ് അഞ്ചരക്ക് പോയി..ഇപ്പോള്‍ കോഴിക്കോട്ടേക്കുള്ള ടി.ടി വരും...!!!” വാച്ചിലേക്ക് ഒന്ന് വെറുതെ നോക്കി അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ തലക്ക് മുകളില്‍ തൂങ്ങുന്ന ക്ലോക്കിലും എന്റെ വാച്ചിലും സ്റ്റാന്റിലെ ക്ലോക്കിലും അപ്പോഴും അഞ്ചര മണി ആയിരുന്നില്ല !!!

ടി.ടി വരാനുണ്ടല്ലോ എന്ന ധാരണയില്‍  കല്പറ്റയിലേക്കുള്ള രണ്ട് ലോക്കല്‍ ബസുകളില്‍ ഞാന്‍ കയറിയില്ല.  സമയം 5.40 ആയിട്ടും ടി.ടിയെ കാണാതായപ്പോള്‍ എന്റെയുള്ളില്‍ ഇടി മുഴങ്ങിത്തുടങ്ങി.അഞ്ചേമുക്കാല്‍ ആയപ്പോള്‍ എന്നെ സമാധാനിപ്പിച്ച് ആ വണ്ടി എത്തി.സ്റ്റേഷന്‍ മാസ്റ്റര്‍ ഉദ്ദേശിച്ച ടി.ടി ഇതുതന്നെയാണോ എന്നറിയാന്‍ പുറത്ത് നിന്നിരുന്ന അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു - “ഈ ബസ് എപ്പോള്‍ പുറപ്പെടും ?”

“അര മണിക്കൂറിനകം...!!”

തിരിച്ച് റൂമിലേക്ക്   പോകണോ അതോ ഒരു  ഭാഗ്യപരീക്ഷണം നടത്തണോ എന്ന് എന്റെ മനസ്സ് ചോദിക്കാന്‍ തുടങ്ങി.രണ്ടും കല്പിച്ച് ഞാന്‍ ആ ബസില്‍ നിന്നും ഇറങ്ങിവന്ന കണ്ടക്ടറോട് ചോദിച്ചു - “ ഈ ബസ് കല്പറ്റയില്‍ എപ്പോള്‍ എത്തും ?”

“കല്പറ്റ ഇവിടെ നിന്നും ഒരു മണിക്കൂര്‍ ദൂരം...”

“അതെ...ഇത് എപ്പോള്‍ പുറപ്പെടും..?”

“അഞ്ച് മിനുട്ടിനുള്ളില്‍ പുറപ്പെടും...”

കണ്ടക്ടര്‍ പറഞ്ഞ പ്രകാരമാണെങ്കില്‍ 7 മണിക്ക് മുമ്പെ കല്പറ്റ എത്താമെന്നും 7.10ന് കല്പറ്റയിലൂടെ കടന്ന് പോകുന്ന  മൈസൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസ് പിടിക്കാമെന്നും കണക്കുകൂട്ടി  ഞാന്‍ ബസ്സില്‍ കയറി ഇരുന്നു. പക്ഷേ ബസ്സിളകിയത് ആറ് മണിക്ക് നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ !!

ഡി.വൈ.എഫ്.ഐ യുടെ യുവസാഗരം എന്ന “ബ്ലോക്കിംഗ്”  പരിപാടി നടക്കുന്നതിനാല്‍  ടൌണ്‍ എത്തുന്നതിന് മുമ്പേ ബൈപാസ് വഴി തിരിച്ചു വിട്ട  ബസ് കല്പറ്റ പുതിയ സ്റ്റാന്റില്‍ 7:05ന് എത്തി.ഞാന്‍ ഉദ്ദേശിച്ച ബസ്, സ്റ്റാന്റില്‍ കയറാതെ ബൈപാസ് വഴി നേരെ പോകുമോ അതല്ല ഇവിടെ വരുമോ എന്ന ചിന്തയായി പിന്നീട്. ബസുകള്‍ പലതും സ്റ്റാന്റില്‍ വന്നെങ്കിലും എന്റെ ബസ് മാത്രം വന്നില്ല. സമയം ഏഴര ആയതോടെ എന്റെ വഴി പെരുവഴി എന്ന്‍ ഏകദേശം തീരുമാനമായി.തിരിച്ച് മാനന്തവാടിയില്‍ പോയാലും റൂമില്‍ എത്താന്‍ ഓട്ടോ പിടിക്കേണ്ടി വരും എന്നതിനാല്‍ ദൈവത്തില്‍ ഭരമേല്പിച്ച് അടുത്ത കോഴിക്കോട് ബസില്‍ കയറാന്‍ ഞാന്‍ തീരുമാനിച്ചു.

7.40ന് ബ്ലോക്ക് മാറി യഥാര്‍ത്ഥ വഴിയിലൂടെ ബസ് വരാന്‍ തുടങ്ങി.രണ്ടാമതായി വന്ന സൂപ്പര്‍ ഫാസ്റ്റിന്റെ ബോറ് ഡിലേക്ക് ഞാന്‍ വീണ്ടും വീണ്ടും നോക്കി - “പെരിന്തല്‍മണ്ണ!!”.ദൈവം എന്നെ കൈവിടില്ല എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.

“കോഴിക്കോട് പോകില്ല....കോഴിക്കോട് പോകില്ല“ ബസ്സിനകത്ത് നിന്നും കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു. ലേറ്റ് ആയി വന്നതിനാലാണ് ആളെ കയറ്റാത്തത് എന്ന ധാരണയില്‍ പലരും മാറി നിന്നു. താമരശ്ശേരി -മുക്കം-അരീക്കോട് വഴിയാണ്    പോകുന്നത് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇതിനിടക്ക് ഇറങ്ങേണ്ട യാത്രക്കാര്‍ക്ക് സൌകര്യമാവുമായിരുന്നു.

ഇന്നലത്തെ ഈ അനുഭവങ്ങളോടെ എനിക്ക് ഒരു കാര്യം ഉറപ്പായി.ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍, കോര്‍പ്പറേഷനെ അല്പമെങ്കിലും മെച്ചപ്പെടുത്താന്‍, പൊതുജനങ്ങളോട് എങ്ങനെയൊക്കെ പെരുമാറണം എന്ന്  കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അത്യാവശ്യമായി ഒരു ബോധവല്‍ക്കരണ ക്ലാസ് നല്കണം.അതൊക്കെ നല്‍കിയിട്ടും ഇതേ സ്ഥിതി ആണെങ്കില്‍ “തല്ലണ്ടമ്മാവാ....ഞാന്‍ നന്നാവില്ല”.

Friday, August 12, 2016

മരപ്പൊട്ടൻ

ടീച്ചർ: ഒരു സ്ഥലത്ത് നിന്നും കപ്പലിൽ യാത്ര ആരംഭിച്ച് അതേ സ്ഥലത്ത് തന്നെ തിരിച്ചെത്തിയതോടെ ഭൂമി ഉരുണ്ടതാണെന്ന് മഗല്ലൻ തെളിയിച്ചു. ടോമിന് ഇതിൽ നിന്നും എന്ത് മനസ്സിലായി ?

ടോം: മഗല്ലൻ ഒരു പൊട്ടനായിരുന്നു ന്ന്

ടീച്ചർ: ങ്ങേ!!!അതെന്താ അങ്ങനെ പറയാൻ?


ടോം: ഒരു ഗ്ലോബ് എടുത്ത് വച്ച് നോക്ക്യാൽ തീരുന്ന കേസല്ലേ മൂപ്പര് ദിവസങ്ങൾ കപ്പലിൽ താണ്ടി തെളിയിച്ചത്…അപ്പോൾ വെറും പൊട്ടൻ അല്ല , മരപ്പൊട്ടൻ !!

Thursday, August 11, 2016

സൗജന്യ സേവനങ്ങൾ - കേരളാ ശുചിത്വ മിഷന്‍

ശുചിത്വബോധം ഏറ്റവും കൂടുതലുള്ള ഒരു വിഭാഗമാണ് മലയാളികള്‍. വ്യക്തിശുചിത്വത്തില്‍ മലയാളിയെ കവച്ചു വയ്ക്കാന്‍ ലോകത്ത് തന്നെ മറ്റാരും ഉണ്ടായിരിക്കില്ല. വിരോധാഭാസമെന്ന് പറയട്ടെ ശുചിത്വത്തെപ്പറ്റി ബോധവല്‍ക്കരിക്കാനും പ്രവര്‍ത്തിക്കാനും കേരളാ ശുചിത്വ മിഷന്‍ എന്ന ഒരു ഗവണ്മെന്റ് ഏജന്‍സി പ്രവര്‍ത്തിക്കുന്നതും ഈ കേരളത്തില്‍ തന്നെ. അതിന് ഞാന്‍ മനസ്സിലാക്കുന്ന കാരണം വ്യക്തിശുചിത്വം കാത്ത് സൂക്ഷിക്കാന്‍ മലയാളി പരിസര മലിനീകരണം നടത്തുന്നു എന്നാണ്. അഥവാ വ്യക്തിശുചിത്വത്തില്‍ മുന്‍‌നിരയിലാണെങ്കിലും പരിസരശുചിത്വത്തില്‍ നാം വളരെ വളരെ പിന്നിലാണ്.

മാലിന്യം സൃഷ്ടിക്കുന്ന സ്ഥലത്ത് തന്നെ അത് സംസ്കരിക്കുന്നതിലൂടെ മാത്രമേ ഇന്ന് കേരളം നേരിടുന്ന മാലിന്യപ്രശ്നം ലഘൂകരിക്കാന്‍ കഴിയൂ. അതിനുതകുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പൈപ് കമ്പോസ്റ്റ് , വെര്‍മി കമ്പോസ്റ്റ്, കമ്പോസ്റ്റ് പിറ്റ് തുടങ്ങീ ലളിത മാര്‍ഗ്ഗങ്ങള്‍ മുതല്‍ ബയോഗ്യാസ് പ്ലാന്റ് വരെയുള്ളവയുണ്ട് ഈ ഗണത്തില്‍.പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വകുപ്പാണ് കേരളാ ശുചിത്വ മിഷന്‍. ഈ ഏജന്‍സിയെ സമീപിച്ചാല്‍ ഓരോ സ്ഥലത്തിനും അനുയോജ്യമായ മാലിന്യസംസ്കരണ രീതി പറഞ്ഞ് തരും.മേല്‍ പറഞ്ഞ രീതികള്‍ സബ്സിഡിയോട് കൂടി ചുരുങ്ങിയ ചെലവില്‍ വീടുകളില്‍ സ്ഥാപിച്ച് കിട്ടാനുള്ള മാര്‍ഗ്ഗങ്ങളും ശുചിത്വ മിഷനില്‍ നിന്നും ലഭിക്കും.

മാലിന്യം ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിസര മലിനീകരണം കാരണം  മണ്‍സൂണ്‍ കാലത്ത്  പരക്കുന്ന രോഗങ്ങളെക്കുറിച്ചും അതില്‍ നിന്നും മുക്തമാകാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ലീഫ്‌ലെറ്റുകളും നോട്ടീസുകളും ശുചിത്വ മിഷനെ സമീപിച്ചാല്‍ ലഭിക്കും. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ഈ സൌകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.കൂടാതെ ഓരോ ജില്ലയിലുമുള്ള ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍മാരെ സമീപിച്ചാല്‍ ഈ വിഷയത്തില്‍ ക്ലാസെടുക്കാനുള്ള വിദഗ്ദരെയും സൌജന്യമായി തരും. വീഡിയോ ക്ലിപ്പിംഗ് സഹിതമുള്ള പ്രസ്തുത ക്ലാസ്സ് ശുചിത്വബോധം വളര്‍ത്താന്‍ ഏറെ സഹായകമാകും.റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കും കുടുംബശ്രീ യൂനിറ്റുകള്‍ക്കും ഈ സൌകര്യം ഉപയോഗപ്പെടുത്താം.

സ്വച്ച് ഭാരത് എന്ന ആശയവുമായി മുന്നോട്ട് പോകുമ്പോള്‍ ഏറെ സഹായകമാണ് ശുചിത്വ മിഷന്‍. തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് ഒഴിവാക്കാന്‍ വേണ്ടി പൊതു കക്കൂസുകളും ശൌച്യാലയങ്ങളും സ്ഥാപിക്കാനുള്ള പദ്ധതികള്‍ ശുചിത്വ മിഷന്റെ കീഴില്‍ ഉണ്ട്.ശൌച്യാലയ സൌകര്യം ഇല്ലാത്ത കോളനികളിലും മറ്റും അവ സ്ഥാപിക്കുന്നതിനും സ്ഥാപിച്ച് കിട്ടുന്നതിനും ഈ ഏജന്‍സിയുടെ സഹായം ഉപയോഗപ്പെടുത്താം.സ്കൂളുകളിലും കോളെജുകളിലും മാലിന്യസംസ്കരണ യൂണിറ്റുകള്‍ സ്ഥാപിച്ച് കിട്ടാനും ശുചിത്വമിഷനെ സമീപിക്കാം.

വ്യക്തിശുചിത്വം പോലെ പരിസര ശുചിത്വവും പാലിക്കേണ്ടത് ഓരോ പൌരന്റെയും കടമയാണ്. ഈ ബോധമില്ലാത്തിടത്തോളം കാലം ഏത് ഏജന്‍സി ഉണ്ടായിട്ടും സമ്പൂര്‍ണ്ണ ശുചിത്വം സാധ്യമല്ല.അതിനാല്‍ നമ്മുടെ സമീപനമാണ് മാറേണ്ടത്.അഥവാ മാലിന്യ നിര്‍മാര്‍ജ്ജനത്തിന്  ശുചിത്വമുള്ള ഒരു മനസ്സാണ് ബാഹ്യശുചിത്വത്തെക്കാളും മലയാളിയില്‍ ഉണ്ടാകേണ്ടത്.

കേരളം പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ നിരവധി നിയമങ്ങള്‍ക്ക് നാം  വിധേയരാകേണ്ടി വരും. നിയമങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞ് തരാന്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയെ (KELSA) സമീപിക്കാം.അതെ പറ്റി പിന്നീട്.

Wednesday, August 10, 2016

സൗജന്യ സേവനങ്ങൾ - വനം വന്യ ജീവി വകുപ്പ്

          കേരളം എന്നാൽ പലരുടെയും മനസ്സിലേക്ക് ഓടിവരുന്നത് പലതരം ചിത്രങ്ങളാണ്. തീർച്ചയായും ദൈവത്തിന്റെ സ്വന്തം നാട് എന്ന ഒരു പേര് കേരളത്തിന് പതിച്ച് നൽകിയത് അതിന്റെ പ്രകൃതി രമണീയത കൊണ്ടാണ് എന്ന ഞാൻ കരുതുന്നു (കേരളീയരുടെ പെരുമാറ്റവും കാരണമായിരുന്നെങ്കിലും ഇന്ന് അത് ചോദ്യം ചെയ്യപ്പെടുന്നു). പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു നാടാണ് കേരളം. 44 നദികളും നിരവധി കായലുകളും വനങ്ങളും മനുഷ്യരും മറ്റു മൃഗങ്ങളും പക്ഷികളും എല്ലാം ഉള്ള ഒരു തുരുത്ത് ആണ് കേരളം എന്ന് പറയാം. ഈ തുരുത്തിന്റെ ഭംഗി കാത്തുസൂക്ഷിക്കേണ്ടത് ഇവിടത്തെ നിവാസികൾ തന്നെയാണ്. അതിന് സഹായിക്കുന്ന , പ്രവർത്തിക്കുന്ന നിരവധി ഡിപ്പാർട്മെന്റുകളെക്കുറിച്ച് മുൻ കുറിപ്പുകളിൽ ഞാൻ സൂചിപ്പിച്ചിരുന്നു.

          കേരളത്തിന്റെ വിനോദ സഞ്ചാര രംഗത്തും പരിസ്ഥിതി സംരക്ഷണ രംഗത്തും ഒരേ പോലെ പ്രാധാന്യമുള്ള ഒരു വകുപ്പാണ് കേരളാ വനം വന്യ ജീവി വകുപ്പ്. 14 വന്യജീവി സങ്കേതങ്ങളും 6 നാഷണൽ പാർക്കുകളും നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ട് എന്നത് തന്നെ ഈ ഡിപ്പാർട്ട്മെന്റിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.വന സംരക്ഷണത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ഈ വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നു. ഇതിൽ പലതിലും പൊതുജന പങ്കാളിത്തവും വകുപ്പ് തേടുന്നുണ്ട്.

          വനം വന്യ ജീവി വകുപ്പിന്റെ വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ് സാമൂഹ്യ വനവൽക്കരണം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വച്ച് പിടിപ്പിക്കാനുള്ള വിവിധ തരത്തിലുള്ള വൃക്ഷത്തൈകൾ വനം വകുപ്പ് സൗജന്യമായി നൽകുന്നുണ്ട്. വനം വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ വനവൽക്കരണ വിഭാഗത്തിൽ മെയ് മാസത്തിൽ തന്നെ അപേക്ഷ നൽകിയാൽ സ്‌കൂളുകൾക്കും കോളേജുകൾക്കും യൂത്ത് ക്ലബ്ബ്കൾക്കും ഇത്തരം പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റു സംഘടനകൾക്കും എല്ലാം സൗജന്യമായി തൈകൾ നൽകും. ഈ വര്ഷം  എന്റെ കോളേജിലേക്ക് 200 തൈകൾക്ക് വേണ്ടി അപേക്ഷ നൽകി. 200 തൈകൾ കോളേജ് കാമ്പസ്സിൽ എത്തിച്ച് തന്നു കൊണ്ട് ഡിപ്പാർട്ട്മെന്റ് മാതൃക കാട്ടി.

            ഇതേ വകുപ്പിന്റെ വളരെ ശ്ലാഘനീയമായ ഒരു പ്രവർത്തനമാണ് പൊതുജനങ്ങൾക്കും വിദ്യാര്തഥികൾക്കുമായുള്ള പ്രകൃതി പഠന ക്യാംപുകൾ.കേരളത്തിലെ ഒട്ടു മിക്ക വന്യജീവി സങ്കേതങ്ങളിലും ചില നാഷണൽ പാർക്കുകളിലും വനം വകുപ്പിന്റെ നേതൃത്വത്തിൽ ഏകദിനം മുതൽ ത്രിദിനം വരെയുള്ള ക്യാംപുകൾ നടത്തുന്നുണ്ട്.ഒരു ക്യാംപിൽ 40 മുതൽ 45 വരെ അംഗങ്ങൾക്ക് പങ്കെടുക്കാം.ക്യാമ്പ് ചെയ്യാനുദ്ദേശിക്കുന്ന വന്യജീവി സങ്കേതം ഉൾകൊള്ളുന്ന ജില്ലയിലെ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡനാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ ഫോമും അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെ മേൽവിലാസവും വന്യജീവി സങ്കേതങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ് (www.forest.kerala.gov.in ) .

              മറ്റു ജില്ലകളിലേക്ക് അപേക്ഷിക്കുമ്പോൾ ക്യാമ്പ് കിട്ടാനുള്ള  സാധ്യത കുറയും.അതാത് ജില്ലകളിലെ അപേക്ഷകൾക്കാണ് വകുപ്പ് മുൻഗണന നൽകുക.സ്വന്തം ജില്ലയിൽ ക്യാമ്പ് നടക്കുന്നില്ലെങ്കിൽ അവർക്ക് തൊട്ടടുത്ത ജില്ലകളിൽ അപേക്ഷ നൽകാം.സ്‌കൂളുകൾക്കും കോളേജുകൾക്കും പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബ്കൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം .മൂന്ന് ദിവസത്തെ ക്യാമ്പാണ് ഏറ്റവും പ്രയോജനപ്രദം.കാട്ടിനകത്തേക്കുള്ള  10-15 കിലോമീറ്റർ നടത്തം കാടിനെ അടുത്തറിയാൻ    ഏറെ സഹായകമാകും എന്നത് തീർച്ചയാണ്. വന്യജീവികളെ നേരിൽ കാണാനും അതിലൂടെ സാധിക്കും.വകുപ്പ് നൽകുന്ന വിവിധ പരിസ്ഥിതി അവബോധ ക്ളാസുകളും നമ്മെ ഒരു പരിസ്ഥിതി സ്നേഹിയാക്കി മാറ്റും.മൂന്ന് ദിവസത്തെ ഭക്ഷണവും താമസവും വനം വകുപ്പ് സൗജന്യമായി  നൽകും.

            എൻ.എസ്.എസ് വളന്റിയര്മാരെയും നയിച്ച് കൊണ്ട് അഞ്ച് പ്രകൃതി പഠന ക്യാമ്പുകൾക്ക് ഞാൻ പോയിട്ടുണ്ട്.അതിന്റെ അനുഭവങ്ങൾ പിന്നീട് പറയാം. ക്യാമ്പ് അനുവദിച്ച് കിട്ടാൻ അപേക്ഷ നൽകേണ്ടത് ജൂലൈ , ആഗസ്ത് മാസങ്ങളിലാണ്.

          സ്‌കൂളുകൾക്കും കോളേജുകൾക്കും ഉപയോഗപ്പെടുത്താവുന്ന മറ്റൊരു ഏജൻസിയാണ് കേരളാ ശുചിത്വ മിഷൻ.അതേപ്പറ്റി പിന്നീട്...