ശ്രീ നാരായണ ഗുരുവിൻ്റെ സമാധി സ്ഥലമായ ശിവഗിരിയെപ്പറ്റി നിരവധി തവണ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് ഉള്ള ട്രെയിൻ യാത്രയിൽ എത്രയോ പ്രാവശ്യം വർക്കല ശിവഗിരി എന്ന സ്റ്റേഷനിലൂടെ കടന്ന് പോയിട്ടുമുണ്ട്. വർക്കല പാപനാശം ബീച്ചും പലപ്പോഴായി ചെവിയിലൂടെ കടന്നു പോയ ഒരു പേരാണ്. ആറ്റിങ്ങൽ സ്വദേശിയായ പ്രിയ സുഹൃത്ത് ശറഫുദ്ദീനിൻ്റെ വീട്ടിൽ ഒരു തവണ താമസിച്ചപ്പോൾ കാണണം എന്ന് പ്ലാൻ ചെയ്തു നടക്കാതെ പോയ ഒരു ഓർമ്മയും വർക്കല ബീച്ചിനെപ്പറ്റി എൻ്റെ മനസ്സിലുണ്ട്. ഇതെല്ലാം കാരണമായിട്ടാണ് ഇക്കഴിഞ്ഞ തിരുവനന്തപുരം യാത്രയിൽ വർക്കല ബീച്ചും ക്ലിഫും കാണണം എന്ന് ഞാൻ തീരുമാനിച്ചതും അതനുസരിച്ച് മറ്റു പരിപാടികൾ ആസൂത്രണം ചെയ്തതും.
കൊച്ചുവേളിയിൽ നിന്നും ട്രെയിൻ കയറി അര മണിക്കൂർ കൊണ്ട് ഞങ്ങൾ വർക്കല സ്റ്റേഷനിൽ എത്തി. ശിവഗിരിയിലേക്ക് പോകാൻ ഞങ്ങൾക്ക് ആർക്കും താല്പര്യമില്ലാത്തതിനാൽ സ്റ്റേഷന് പുറത്തിറങ്ങിയ ഉടൻ വർക്കല ക്ഷേത്രത്തിലേക്ക് പോകുന്ന ബസ്സിൽ കയറി. 2500 വർഷത്തോളം പഴക്കമുള്ള ജനാർദ്ദന സ്വാമി ക്ഷേത്രമാണ് വർക്കല ക്ഷേത്രം എന്നറിയപ്പെടുന്നത്. റെയിൽവെ സ്റ്റേഷനിൽ നിന്ന് മിനിമം ചാർജ്ജ് മാത്രമേയുള്ളൂ. ഇവിടെ ഇറങ്ങി , ക്ഷേത്രക്കുളത്തിന് സമീപത്ത് കൂടെയുള്ള റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ വർക്കല ബീച്ചിൽ എത്തും.
ശറഫുദ്ദീൻ പറഞ്ഞ പ്രകാരം ഞങ്ങൾ നേരെ ബീച്ചിലേക്ക് നടന്നു. ചായ കുടിച്ചാൽ കൊള്ളാം എന്നൊരാഗ്രഹം എല്ലാവരും ചായ കുടിച്ചു തന്നെ തീർത്തു. ചായക്കടക്ക് നേരെ എതിർവശത്ത് മറ്റൊരു ബോർഡ് ശ്രദ്ധയിൽ പെട്ട രണ്ട് പേർക്ക് ഉടൻ മൂത്ര ശങ്കയും മറ്റെന്തോ ആശങ്കയും മുള പൊട്ടിയതിനാൽ അവർ അങ്ങോട്ടും ഞാനും മറ്റ് രണ്ട് പേരും ബീച്ചിലേക്കും നീങ്ങി.
ഹിന്ദുമത വിശ്വാസ പ്രകാരം പാപനാശം നടത്താനുള്ള സ്ഥലങ്ങളിൽ ഒന്നാണ് വർക്കല പാപനാശം ബീച്ച്. പക്ഷെ, അതിൻ്റെതായ തിരക്കുകൾ ഒന്നും തന്നെ ഈ ബീച്ചിൽ അനുഭവപ്പെട്ടില്ല. കോവളത്തെപ്പോലെ പൊതുജനത്തിരക്ക് ഇല്ലാത്തതിനാലാവാം വിദേശി ടൂറിസ്റ്റുകൾ ഇവിടെ ധാരാളമുണ്ടായിരുന്നു. കടൽ വളരെ പരുക്കനായതിനാൽ കടലിൽ ഇറങ്ങുവാൻ ആരെയും അനുവദിച്ചിരുന്നില്ല. കടലിൽ നിന്നും മീറ്ററുകൾ അകലെ കയറുകെട്ടി, ലൈഫ് ഗാർഡുകൾ സദാ ജാഗരൂകരായി നിൽക്കുന്നുണ്ടായിരുന്നു. അതിനാൽ ബീച്ചിലൂടെ അൽപം മാത്രം നടന്ന് ഞങ്ങൾ ക്ലിഫിലേക്ക് കയറാൻ തീരുമാനിച്ചു.
ക്ലിഫിൻ്റെ മുകളിൽ കയറിയ ഞങ്ങൾ എത്തിയത് മറ്റൊരു ലോകത്തിലാണ്. വിശാലമായ പാർക്കിംഗ് ഏരിയയിൽ ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. പല തരത്തിലുള്ള സാധനങ്ങളും വിൽക്കുന്ന നിരവധി കടകളുമുണ്ട്. ബീച്ചിലുള്ളതിനെക്കാളും ജനങ്ങളുമുണ്ടായിരുന്നു അവിടെ. ടൗണിൽ നിന്ന് വാഹന സൗകര്യമുള്ള റോഡും ബീച്ചിൽ നിന്നും ഒരു നടപ്പാതയും ക്ലിഫിലേക്ക് ഉണ്ടായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്.
ബീച്ച് സൈഡിൽ ചെങ്കൽ പാറക്കെട്ട് കാണപ്പെടുന്ന ഇന്ത്യയിലെ ഒരേ ഒരു സ്ഥലമാണ് വർക്കല ബീച്ച്. ബീച്ചിൽ നിന്ന് നോക്കുമ്പോൾ കടൽ കാർന്ന് തിന്ന ഒരു മലയായി അത് തോന്നും. എന്നാൽ മുകളിൽ എത്തുമ്പോൾ വിശാലമായ ഒരു മൈതാനവും. യഥാർത്ഥത്തിൽ അത് ഒരു ഹെലിപാഡ് ആണ്. ഇവിടെ നിന്നുള്ള ബീച്ചിൻ്റെ കാഴ്ചയും സൂര്യാസ്തമയ കാഴ്ചയും വളരെ മനോഹരമാണ്. ക്ലിഫിൽ നിന്നുള്ള നിരവധി ഫോട്ടോകളും വീഡിയോകളും സൂര്യാസ്തമയവും ക്യാമറയിൽ പകർത്തി ഞങ്ങൾ തിരിച്ചിറങ്ങി.
വർക്കല ടൗണിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള അയിരൂരിലായിരുന്നു ലിജിൻ മാസ്റ്റർ താമസിച്ചിരുന്നത്. 2019 ൽ ഞങ്ങളുടെ പത്താം ക്ലാസ് ബാച്ചിൻ്റെ പ്രഥമ പൂർവ വിദ്യാർത്ഥി സംഗമം നടത്തിയപ്പോൾ സ്‌കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു ലിജിൻ മാസ്റ്റർ. മാഷെ വീട്ടിൽ പോകുന്ന വിവരം ഞാൻ സഹപാഠികളോട് ആരോടും പറഞ്ഞിരുന്നില്ല. നാട്ടിൽ നിന്നും പോകുമ്പോൾ കരുതിയിരുന്ന നാരായണൻ്റെ വീട്ടിലെ കിളിച്ചുണ്ടൻ മാമ്പഴം ഞങ്ങൾ മാസ്റ്റർക്ക് കൈമാറി. മാഷ് നൽകിയ അത്താഴ വിരുന്ന് ഞങ്ങളും ആസ്വദിച്ചു. ശേഷം അദ്ദേഹം തന്നെ ഞങ്ങളെ റെയിൽവെ സ്റ്റേഷനിൽ ഡ്രോപ് ചെയ്തു.
നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് കൃത്യ സമയത്ത് തന്നെ എത്തി.പിറ്റേന്ന് കാലത്ത് വാണിയമ്പലം സ്റ്റേഷനിൽ ഞങ്ങൾ വണ്ടി ഇറങ്ങി. കാർ പാർക്ക് ചെയ്തിരുന്നത് എൻ്റെ ബ്ലോഗ് സുഹൃത്തായ OAB യുടെ വീട്ടിലായിരുന്നു. ഒരു സഞ്ചി നിറയെ മാങ്ങ തന്ന് അദ്ദേഹവും ഞങ്ങളെ യാത്രയാക്കിയതോടെ സൗഹൃദങ്ങൾ കൂട്ടിയിണക്കിയ ഒരു യാത്ര കൂടി വിജയകരമായി പൂർത്തിയാക്കി.
(അവസാനിച്ചു)







1 comments:
സൗഹൃദങ്ങൾ കൂട്ടിയിണക്കിയ ഒരു യാത്ര കൂടി വിജയകരമായി പൂർത്തിയാക്കി.
Post a Comment
നന്ദി....വീണ്ടും വരിക