ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിൽ എൻ്റെ ഡിപ്പാർട്ട്മെൻ്റ് തലവനും സ്റ്റാഫ് ഹോസ്റ്റലിൽ ഒരുമിച്ച് താമസക്കാരനും ആയിരുന്നു തൃപ്പൂണിത്തുറ സ്വദേശി ഡോ.രമേഷ് ബാബു. അദ്ദേഹത്തിൻ്റെ അഛൻ ആഴ്ചകൾക്ക് മുമ്പ് മരണപ്പെട്ടു. വിവരം അറിഞ്ഞത് താമസിച്ചായതിനാൽ ഞാൻ അനുശോചനം അറിയിക്കാനൊന്നും മിനക്കെട്ടില്ല. അല്ലെങ്കിലും അത്ര അടുത്ത സഹവർത്തിത്വം ഞങ്ങൾ തമ്മിൽ ഇല്ലാത്തതിനാൽ അതിൻ്റെ ഒരാവശ്യം ഉണ്ടെന്ന് എനിക്ക് ബോധ്യം വന്നില്ല.
ദിവസങ്ങൾക്ക് മുമ്പ്, രമേഷ് സാറുമായി എന്നെക്കാളും കൂടുതൽ ബന്ധമുള്ള എൻ്റെ ഇപ്പോഴത്തെ സഹപ്രവർത്തകനും നാട്ടുകാരനുമായ സുമേഷ് എന്നെ വിളിച്ച് തൃപ്പൂണിത്തുറ വരെ പോകുന്നതിലുള്ള അഭിപ്രായം ആരാഞ്ഞു. അവധി ആയതിനാൽ ഞാൻ ഒരു അർദ്ധ സമ്മതം മൂളി.ഹോസ്റ്റലിലെ പഴയ അന്തേവാസികളായ കൊടുങ്ങല്ലൂർ സ്വദേശി ഷൈൻ സാറെയും കോഴിക്കോട്ടുകാരൻ റഹീം മാഷെയും കൂടി വിളിക്കാം എന്ന് പറഞ്ഞപ്പോൾ എനിക്ക് പൂർണ്ണ സമ്മതമായി. ചാലക്കുടിക്കാരൻ ജയപാലിനെ കൂടി കൂട്ടിയാൽ ഞങ്ങളുടെ പഴയ "ഭക്ഷണക്കൂട്ടം" റീ യൂണിയൻ കൂടി ആകും എന്നതിനാൽ ഞാൻ അദ്ദേഹത്തെയും വിളിച്ച് യാത്ര സെറ്റാക്കി. ശനിയാഴ്ച ഉദ്ദേശിച്ച യാത്ര തട്ടിത്തിരിഞ്ഞ് ബുധനാഴ്ചയിലെത്തി.
ഷൈൻ സാർ സ്വന്തം കാറിലും മറ്റെല്ലാവരും കേന്ദ്രത്തിൻ്റെ ട്രെയിനിലുമായി ആലുവയിലെത്തി. ഭക്ഷണക്കൂട്ടം റീസെറ്റായ സന്തോഷത്തിൽ സ്റ്റാർട്ടറായി എല്ലാവരും ഓരോ ദോശ കഴിച്ചു. ശേഷം രമേഷ് സാറിൻ്റെ വീട്ടിലെത്തി. ഒരു പായസം കുടിക്കാനും വന്നതിൻ്റെ കാര്യങ്ങൾ പറയാനും സൗഹൃദം പുതുക്കാനും അല്പനേരം ചെലവഴിച്ച ശേഷം രണ്ട് മണിക്ക് ഞങ്ങൾ അവിടെ നിന്ന് തിരിച്ചിറങ്ങി.
നാട്ടിലേക്കിനി വൈകിട്ട് അഞ്ച് മണിക്കേ ട്രെയിൻ ഉള്ളൂ എന്നതിനാൽ ഷൈൻ സാറിൻ്റെ കൂടെ കൊടുങ്ങല്ലൂർ വരെ പോകാമെന്നും അവിടെ നിന്ന് ബസ് കയറിയാൽ മൂന്ന് മണിക്കൂർ കൊണ്ട് കോഴിക്കോട് എത്താമെന്നും കരുതി ഞങ്ങൾ യാത്ര ആരംഭിച്ചു. വഴിയിൽ ഏതെങ്കിലും ഹോട്ടലിൽ കയറി ജയപാലൻ്റെ പഴയ കാട ഫ്രൈ പ്രേമം തട്ടിയുണർത്താമെന്നും പദ്ധതിയിട്ടു.
വൈറ്റില ഹബ്ബ് പിന്നിട്ട് പാലാരിവട്ടം പാലവും കഴിഞ്ഞപ്പോൾ, കോൺഗ്രസ് നേതാവ് കൂടിയായ ഷൈൻ സാറെ ആരോ വിളിച്ച് ആലുവയിലെത്താൻ പറഞ്ഞു. അൽപം കൂടി മുന്നോട്ട് പോയപ്പോഴേക്കും നിയുക്ത എം.എൽ. എ യും എറണാകുളം ഡി.സി.സി പ്രസിഡണ്ടുമായ മുഹമ്മദ് ഷിയാസ്, ഷൈൻ സാറെ വിളിച്ച് വി.ഡി സതീശൻ്റെ വീട്ടിലെത്താൻ ആവശ്യപ്പെട്ടു. അതോടെ നമസ്കാരവും ഭക്ഷണവും കഴിഞ്ഞ് ഞങ്ങളെ ആലുവയിൽ ഡ്രോപ് ചെയ്യാമെന്നും സാറിന് അങ്ങോട്ട് പോകാമെന്നും തീരുമാനിച്ചു.
ഭക്ഷണ ശേഷം വീണ്ടും പ്ലാൻ മാറി. വി.ഡി സതീശനെ മുഖ്യമന്തിയായി വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കുമെന്നും എല്ലാവർക്കും അദ്ദേഹത്തെ ഒന്ന് പോയി കാണാമെന്നുമായി. നാട്ടിലെത്താൻ എന്തായാലും രാത്രി ഏറെ വൈകും എന്നതിനാൽ നിയുക്ത മുഖ്യമന്ത്രിയെ കണ്ട് ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാം എന്ന ഷൈൻ സാറുടെ നിർദ്ദേശം ഞങ്ങൾ അംഗീകരിച്ചു.അങ്ങനെ ആലുവ ദേശത്തുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ ഞങ്ങൾ എത്തി.
പാർട്ടി പ്രവർത്തകരുടെ തിരക്കിനിടയിലൂടെ "കോഴിക്കോട്ട് നിന്നും കാണാൻ വന്നവർ" എന്ന ലേബലിൽ ഷൈൻ സാർ ഞങ്ങളെ അകത്ത് കയറ്റി. സുസ്മേര വദനനായി ഓരോരുത്തർക്കും കൈ കൊടുത്ത് ഫോട്ടോക്ക് പോസ് ചെയ്യുന്ന നിയുക്ത മുഖ്യമന്ത്രിയെ ഞങ്ങളും കണ്ടു. കൈ കൊടുത്ത് ഞാനും അഭിനന്ദനങ്ങൾ അറിയിച്ചു.ഷൈൻ സാർ അത് ക്യാമറയിൽ പകർത്തി.
ഇന്ന് ആ പ്രഖ്യാപനം വന്നു. രമേശ് ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും പിന്തള്ളി വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. പത്ത് ദിവസത്തെ കാത്തിരിപ്പിന് (ഇന്ന് യാത്രക്കിടയിൽ അതിനെപ്പറ്റി എഴുതിയ ഒരു സീസണൽ മാങ്ങാക്കഥ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക) വിരാമമായതിൽ സന്തോഷം. ഒപ്പം, രാഷ്ട്രീയത്തിൽ ഒരു താല്പര്യവും ഇല്ലാത്ത എനിക്കും ആദ്യമായി ഒരു മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിക്കാൻ യാദൃശ്ചികമായി ലഭിച്ച അവസരത്തിൻ്റെ അമ്പരപ്പും.


1 comments:
എൻ്റെ ജീവിതത്തിൽ ചില കാര്യങ്ങൾ അങ്ങനെയാണ്. തികച്ചും ആകസ്മികം
Post a Comment
നന്ദി....വീണ്ടും വരിക