എൻ്റെ കൂടെ പത്താം ക്ലാസ്സിൽ പഠിച്ചവരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചത് 2019 ൽ ആണ്.പ്രഥമ സംഗമം കഴിഞ്ഞ് അഞ്ചു വർഷത്തിന് ശേഷം ഒരു സംഗമം കൂടി നടത്തി.കഴിഞ്ഞ ആറു വർഷമായി വിവിധതരം സാമൂഹ്യ സേവന പ്രവർത്തനങ്ങളും അവൈലബിൾ അംഗങ്ങളുടെ ഒത്തുചേരലുകളും യാത്രകളും എന്നു വേണ്ട, ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് വേണ്ടതായ എല്ലാ ചേരുവകളും നിറച്ച് ഈ കൂട്ടായ്മ മുന്നോട്ട് പോകുന്നു.
ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ആയ ഞാൻ തന്നെയാണ് നിലവിലുള്ള ചെയർമാനും.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ സാമൂഹ്യ സേവന രംഗത്തുള്ള പരിചയം ഗ്രൂപ്പിനെ നയിക്കാൻ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.ഒരു സഞ്ചാരി കൂടി ആയതിനാൽ ഗ്രൂപ്പിന്റെ കാസർഗോഡ്,വയനാട്,പാലക്കാട് യാത്രകൾ ആസൂത്രണം ചെയ്യാനും വിജയകരമായി പൂർത്തിയാക്കാനും എനിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് എൻ്റെ വിശ്വാസം.ഈ പരിചയ സമ്പത്ത് തന്നെയായിരുന്നു സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യാൻ ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രേരകമായതിനും അതിന് എന്നെത്തന്നെ ചുമതലപ്പെടുത്തിയതിനും കാരണം.
സംസ്ഥാനം വിട്ടുള്ള ഞങ്ങളുടെ ആദ്യ യാത്ര ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിലേക്കായിരുന്നു പ്ലാൻ ചെയ്തത്. മുമ്പ് മൂന്ന് തവണ സഞ്ചാരിയായി തന്നെ കാശ്മീരിൽ പോയി പരിചയമുള്ളതിനാൽ നേതൃത്വം നൽകാൻ എനിക്ക് യാതൊരു മടിയും തോന്നിയില്ല.പോകേണ്ട സമയവും കാണേണ്ട സ്ഥലങ്ങളും കയറേണ്ട വണ്ടികളും ഒരാൾക്ക് വരുന്ന ചെലവുകളും എല്ലാം നേരത്തെ തന്നെ അറിയിച്ചതിനാൽ പലരും ജീവിതത്തിലെ അദമ്യമായ ഒരാഗ്രഹം സഫലീകരിക്കാൻ തീരുമാനിച്ചിറങ്ങി.
Man proposes, God disposes എന്ന ചൊല്ല് അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതായിരുന്നു ഞങ്ങളുടെ കാശ്മീർ യാത്രയും കാഴ്ചകളും അനുഭവങ്ങളും. മുന്നിൽ വന്ന പ്രശ്നങ്ങൾ നിഷ്പ്രയാസം പരിഹരിക്കാനും പ്രതീക്ഷിക്കാത്ത കാഴ്ചകൾ കാണാനും അനുഭവിക്കാനുമെല്ലാം, യാത്രക്കായി തെരഞ്ഞെടുത്ത ദിവസങ്ങൾ തികച്ചും അനുയോജ്യമായി എന്നത് ദൈവത്തിന്റെ കളികൾ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. പന്ത്രണ്ട് ദിവസം കഴിഞ്ഞു പോയത് അറിഞ്ഞില്ല എന്ന് മാത്രമല്ല തിരിച്ചെത്തി ഒന്നര മാസം പിന്നിട്ടിട്ടും കാശ്മീരിന്റെ ത്രില്ല് ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഒഴിഞ്ഞു പോകുന്നില്ല.
ഈ കാശ്മീർ യാത്രയിൽ എനിക്ക് നിരവധി സമ്മാനങ്ങൾ കാശ്മീരിൽ നിന്ന് തന്നെ കിട്ടിയിരുന്നു (നാലാം കാശ്മീർ യാത്രയുടെ പോസ്റ്റിൽ അത് വിവരിക്കാം).ബട്ട്, നാട്ടിൽ എത്തിയ ശേഷം തരാനായി എൻ്റെ സഹയാത്രികർ ഒരു സമ്മാനം ഞാനറിയാതെ കരുതി വെച്ചിരുന്നു.
എൻ്റെ ഭാര്യ ഏറെ കാലമായി വാങ്ങണം എന്ന് മനസ്സിൽ കരുതിയതും മൂത്ത മകൾ ലുലു അവളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതുമായ ഡബിൾ സൈഡ് ക്ലോക്ക് ആയിരുന്നു ഈ കാശ്മീർ യാത്രയുടെ ഓർമ്മക്കായി അവർ തന്നത്.യാത്രയുടെ ആസൂത്രണവും നടത്തിപ്പും മികവുറ്റതായി എന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രസ്തുത സമ്മാനം ഞാൻ ഏറെ വിലമതിക്കുന്നു.കാരണം കുടുംബ യാത്രകളുടെ പ്ലാനുകൾ തയ്യാറാക്കി മാത്രം പരിചയമുള്ള എന്റെ ആദ്യ ശ്രമം തന്നെ സൂപ്പർ ഹിറ്റായി എന്നതിന്റെ സാക്ഷ്യപത്രമാണത്.
ഇത്തരം യാത്രകൾ ഇനിയും വേണം എന്നാണ് കൂട്ടുകാരുടെ എല്ലാം അഭിപ്രായം.യാത്രകൾ തുടരും,കഥകളും തുടരും.എനിക്ക് ഇങ്ങനെ ഒരവസരം ഒരുക്കിത്തന്ന എല്ലാ പ്രിയ സഹയാത്രികർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.



1 comments:
കുടുംബ യാത്രകളുടെ പ്ലാനുകൾ തയ്യാറാക്കി മാത്രം പരിചയമുള്ള എന്റെ ആദ്യ ശ്രമം തന്നെ സൂപ്പർ ഹിറ്റായി എന്നതിന്റെ സാക്ഷ്യപത്രമാണത്.
Post a Comment
നന്ദി....വീണ്ടും വരിക