കണക്ക് പഠിച്ച് കഴിഞ്ഞ ശേഷം യഥാർത്ഥ ജീവിതത്തിൽ എത്തുമ്പോൾ നാം പഠിച്ച കണക്കുമായി യാതൊരു ബന്ധവുമില്ലാത്ത കണക്ക് കൂട്ടലുകൾ ഉണ്ടാകാറുണ്ട്. അത്തരം കണക്ക് കൂട്ടലുകൾ ശരിയായി വരുമ്പോൾ ലഭിക്കുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. കണക്കിൽ എത്ര ശരിയുത്തരം കിട്ടിയാലും മേൽ പറഞ്ഞ സന്തോഷത്തിന് സമമാകില്ല എന്നാണ് എൻ്റെ അനുഭവം.
എൻ്റെ ഒരു സഹപ്രവർത്തകൻ്റെ മകളുടെ വിവാഹ സത്ക്കാരം ഇക്കഴിഞ്ഞ തിരുവോണ ദിവസം വൈകിട്ടായിരുന്നു. നേരത്തെ പുറപ്പെട്ട് അതിൽ പങ്കെടുത്ത് തിരിച്ച് വീട്ടിൽ എത്താൻ സാധിക്കുന്ന വിധത്തിലുള്ള ഒരു ഫംഗ്ഷൻ ആയിരുന്നു അത്. മാത്രമല്ല, വരൻ എൻ്റെ നാട്ടുകാരൻ കൂടിയായതിനാൽ വൈകിയാലും തിരിച്ച് പോരാൻ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്ന് എൻ്റെ മനസ്സ് പറഞ്ഞു.
അവധിക്കാലമായതിനാൽ എൻ്റെ ഭാര്യയും മക്കളും അവളുടെ വീട്ടിൽ പോയതായിരുന്നു. ഒറ്റക്കായതിനാൽ സത്കാരത്തിനിറങ്ങാൻ ഞാൻ അല്പം വൈകിപ്പോയി.വീട് പൂട്ടി താക്കോലും കൊണ്ടായിരുന്നു ഞാൻ ഇറങ്ങിയത്. തിരുവോണ ദിവസമായതിനാൽ അന്ന് പല ബസ്സുകളും ഓടിയിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ സൽക്കാരപ്പന്തലിൽ ഞാൻ എത്തുമ്പോൾ സമയം ഏഴര കഴിഞ്ഞിരുന്നു.നാട്ടിൽ നിന്ന് വന്നവർ മാത്രമല്ല ക്ഷണിക്കപ്പെട്ടവർ മിക്കവാറും എല്ലാവരും അപ്പോഴേക്കും മടക്കയാത്ര ആരംഭിച്ചിരുന്നു.
ആതിഥേയനെ കണ്ട് പെട്ടെന്ന് തന്നെ ഞാൻ ഭക്ഷണവും കഴിച്ച് വീണ്ടും വേദിയിലെത്തി. നാട്ടുകാരനായ ഒരാൾ അപ്പോൾ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബട്ട്, അദ്ദേഹത്തിൻ്റെ കുടുംബത്തെ തന്നെ ഉൾക്കൊള്ളാൻ അവരുടെ വാഹനത്തിന് കഴിയില്ലായിരുന്നു. അതിനാൽ, ആതിഥേയനോട് ബൈ പറഞ്ഞ് ഞാൻ വേഗം മെയിൻ റോഡിലേക്കിറങ്ങി നിന്നു.
ഏറെ നേരം കാത്ത് നിന്നിട്ടും തൊട്ടടുത്ത സ്റ്റോപ്പായ ഫറോക്കിലേക്ക് ഒരു ബസ്സോ ഓട്ടോയോ ഒന്നും എനിക്ക് കിട്ടിയില്ല. അവസാനം ഓഡിറ്റോറിയത്തിൽ നിന്ന് പുറത്തേക്ക് വന്ന ഒരു ഓംനി വാനിന് ഞാൻ കൈ കാട്ടി. കാറ്ററിംഗ് ടീമിൻ്റെ വണ്ടിയായിരുന്നു അത്. മഞ്ചേരിക്കാരനായ ഡ്രൈവർ എന്നെ ഫറോക്കിൽ എത്തിച്ചു തന്നു.
ഫറോക്കിൽ നിന്ന് കോഴിക്കോട്ടേക്ക് പോകാനായിരുന്നു എൻ്റെ പദ്ധതി. രാത്രി പതിനൊന്ന് മണിക്കുള്ള ലാസ്റ്റ് ബസ്സിൽ നാട്ടിലെത്താം എന്നായിരുന്നു കരുതിയത്. പെട്ടെന്നാണ് തിരുവോണ ദിവസമാണെന്നും ബസ് ഉണ്ടാകാൻ സാധ്യത കുറവാണ് എന്നും ഓർമ്മ വന്നത്. കൊണ്ടോട്ടിയിലേക്ക് പോയാലും നാട്ടിലേക്കുള്ള അവസാന ബസ് പിടിക്കാൻ കഴിയാത്തത്ര വൈകിയിരുന്നു. അതിനാൽ ഫറോക്ക് കോളജിനടുത്ത് താമസിക്കുന്ന അനിയൻ്റെ വീട്ടിലേക്ക് പോകണോ അതല്ല നല്ലളത്തുള്ള എളാമയുടെ വീട്ടിൽ പോകണോ എന്ന ചിന്തയായി. അവസാനം അത് രണ്ടും ഒഴിവാക്കി കൊണ്ടോട്ടിയിലെ സുഹൃത്തായ നൗഷാദിൻ്റെ വീട്ടിൽ തങ്ങാം എന്ന് ഞാൻ കരുതി.
അപ്പോഴാണ് വിരുന്നു പോയവരിൽ മൂത്ത മോൾ മാത്രം വീട്ടിൽ തിരിച്ചെത്തിയത്. താക്കോൽ സാധാരണ വയ്ക്കുന്നിടത്ത് കാണാത്തതിനാൽ അവൾ എന്നെ വിളിച്ചു. താക്കോൽ എൻ്റെ കയ്യിലായതിനാൽ വീട്ടിൽ തിരിച്ചെത്തൽ എനിക്ക് നിർബന്ധമായി. അപ്പോഴും നൗഷാദിൻ്റെ സേവനം തേടാം എന്ന് കരുതി ഞാൻ നൗഷാദിനെ വിളിച്ചു.
എൻ്റെ വീട്ടിലെ അതേ അവസ്ഥയായിരുന്നു അവൻ്റെ വീട്ടിലും. ഭാര്യയും മക്കളും വിരുന്നു പോയതിനാൽ ഒറ്റക്കായ അവൻ ഒരു സഹാദ്ധ്യാപകൻ്റെ വീട്ടിൽ പോകാൻ ഉദ്ദേശിച്ച് കൊണ്ടോട്ടിയിൽ എത്തിയ സമയത്താണ് എൻ്റെ വിളി അവനെ തേടി എത്തിയത്. എൻ്റെ അവസ്ഥ പറഞ്ഞപ്പോൾ, കിട്ടുന്ന ബസ്സിന് കൊണ്ടോട്ടി എത്തിയാൽ അരീക്കോട് എന്നെ എത്തിക്കുന്ന കാര്യം അവനേറ്റു എന്നറിയിച്ചു.
നൗഷാദിനെ ഞാൻ പരിചയപ്പെടുന്നത് 1987 ൽ പ്രീഡിഗ്രിക്ക് പി.എസ്.എം.ഒ കോളേജിൽ ചേർന്നപ്പോഴാണ്.പിന്നീട് ഡിഗ്രിക്കും ഞങ്ങൾ ഫാറൂഖ് കോളേജിൽ വ്യത്യസ്ത ബാച്ചുകളിലായി സൗഹൃദം തുടർന്നു. പഠന ശേഷം അവൻ ഗൾഫിലും ഞാൻ നാട്ടിലും ജോലിക്ക് കയറി. അപ്പോഴും ഞങ്ങളുടെ സൗഹൃദ ബന്ധം മുറിഞ്ഞില്ല. രണ്ട് പേരുടെയും കല്യാണ ശേഷം ഞങ്ങളുടെ ഭാര്യമാരും സൗഹൃദത്തിലായി.
വീണ്ടും വർഷങ്ങൾ കഴിഞ്ഞപ്പോൾ ഊട്ടിയിലേക്ക് കുടുംബ സമേതം ഒരു ജീപ്പ് യാത്ര നടത്താൻ നൗഷാദ് എന്നെ ക്ഷണിച്ചു. അതിലും ഞങ്ങൾ പങ്കാളികളായി. ഇതിനിടയിൽ നൗഷാദിൻ്റെ അനിയത്തിയെ എൻ്റെ പ്രീഡിഗ്രി സുഹൃത്ത് വിവാഹം ചെയ്തു. പരസ്പര ഗൃഹ സന്ദർശനത്തിലൂടെ ഞങ്ങളുടെ കുടുംബം കൂടുതൽ കൂടുതൽ അടുത്തു. അവസാനം 2023 ൽ കുടുംബ സമേതം കാശ്മീരിലേക്ക് ഒരു യാത്ര പോകാൻ ഞാൻ തീരുമാനിച്ചപ്പോൾ നൗഷാദിനെയും ക്ഷണിച്ചു. അങ്ങനെ അവനും ഫാമിലിയും എൻ്റെ പ്രഥമ കാശ്മീർ യാത്രയിലും (click & Read)പങ്കാളികളായി.
ഫറോക്കിൽ നിന്നും കൊണ്ടോട്ടിയിൽ ഞാൻ എത്തുമ്പോൾ കാറുമായി നൗഷാദ് കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാൻ വിളിക്കുമ്പോൾ സ്കൂട്ടർ ഉണ്ടെന്നായിരുന്നു അവൻ പറഞ്ഞത്. പക്ഷെ, മഴ സാധ്യതയും രാത്രി യാത്രയും രണ്ട് പേരുടെയും വയസ്സിന് അനുയോജ്യമല്ല എന്ന് പറഞ്ഞു കൊണ്ട് അവൻ വീട്ടിൽ പോയി കാറെടുത്ത് വന്നതായിരുന്നു ! അങ്ങനെ രാത്രി പതിനൊന്ന് മണിയോടെ ഞാൻ എൻ്റെ വീട്ടിലെത്തി.


1 comments:
A Friend in need is a friend indeed എന്ന ഇംഗ്ലീഷ് ചൊല്ല് നൗഷാദ് അർത്ഥവത്താക്കി.
Post a Comment
നന്ദി....വീണ്ടും വരിക