1987 ലെ എസ്.എസ്.സി പരീക്ഷ എന്ന മഹാസംഭവം കഴിഞ്ഞ്,അന്നത്തെ ഞങ്ങളുടെ പാഠപുസ്തകങ്ങൾ പോലെയുള്ള ഒരു ഗമണ്ടൻ എസ്.എസ്.സി ബുക്കും അത്ര തന്നെ വലിപ്പമുള്ള മാർക്കും കൊണ്ടാണ് ഞാൻ പ്രീഡിഗ്രിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ചേർന്നത്.വീട്ടിൽ നിന്ന് വെറും അമ്പത് മിനുട്ട് കൊണ്ട് എത്താവുന്ന ദൂരത്തിലായിരുന്നു കോളേജ്.എന്നിട്ടും ഉപ്പ എന്നെ ഹോസ്റ്റലിൽ ചേർത്തു.അത് വളരെ നന്നായി എന്ന് വളരെക്കാലം കഴിഞ്ഞ് എനിക്ക് മനസ്സിലായി.
ഹോസ്റ്റലിൽ ആദ്യ വർഷം എൻ്റെ റൂം മേറ്റ്സ് ആരൊക്കെയായിരുന്നു എന്ന് ഓർമ്മയില്ല.രണ്ടാം വർഷമാണ് ചാവക്കാട്ടുകാരനായ അഷ്‌റഫ് എൻ്റെ റൂം മേറ്റ് ആയി വന്നത്.ഞാൻ സെക്കൻഡ് ഗ്രൂപ്പ് മോർണിംഗ് ബാച്ചിലും അവൻ സെക്കൻഡ് ഗ്രൂപ്പ് ഈവനിംഗ് ബാച്ചിലും ആയിരുന്നു.പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് ഞാൻ ഫാറൂഖ് കോളേജിലും അഷ്‌റഫ് എം.ഇ.എസ്.പൊന്നാനി കോളേജിലും ചേർന്നു.അവൻ കൊടൈക്കനാലിൽ ടൂർ പോയപ്പോൾ ഒരു കാർഡിൽ “ഈ കത്തെഴുതുന്നത് കൊടൈക്കനാലിൽ നിന്ന്” എന്ന് എഴുതി വിട്ടതിന് ‘പ്രതികാരം’ എന്ന നിലയിൽ എൻ്റെ ആദ്യ താജ്മഹൽ സന്ദർശന വേളയിൽ ഞാൻ തിരിച്ച് അവനും ഒരു കാർഡ് എഴുതി ‘ഇത് എഴുതുന്നത് ലോകാൽഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ മുമ്പിൽ നിന്ന്’ !
വർഷങ്ങൾക്ക് ശേഷം, 2009 ൽ പഴയ പ്രീഡിഗ്രിക്കാർ കുടുംബ സമേതം കോഴിക്കോട് ഒത്തുകൂടിയപ്പോഴാണ് അഷ്‌റഫിനെ വീണ്ടും കണ്ടുമുട്ടുന്നത്.മേൽ പറഞ്ഞപോലെ വല്ലപ്പോഴും അയക്കുന്ന കത്ത് മാത്രമായിരുന്നു അതുവരെ ഉണ്ടായിരുന്ന നൂൽ ബന്ധം.പക്ഷേ,ഈ സംഗമത്തിന് ശേഷം പലപ്പോഴായി പല സ്ഥലത്തും ഞങ്ങൾ ഒത്തുകൂടി.പല സ്ഥലത്തും ജോലി നോക്കിയ ശേഷം അഷ്‌റഫ് ബാംഗ്ലൂരിൽ ഫ്ലാറ്റ് സ്വന്തമാക്കി അവിടെ ജോലിയും താമസവും തുടങ്ങി.
2015 ൽ, പതിവ് പോലെയുള്ള കുടുംബ യാത്ര ബാംഗ്ലൂരിലേക്കായിരുന്നു ഞങ്ങൾ തീരുമാനിച്ചത്.മുൻ പരിചയമില്ലാത്ത നഗരമായതിനാൽ ഞാൻ അഷ്‌റഫിന്റെ സഹായം തേടി.കുടുംബം നാട്ടിലാണെന്നും ഫ്ലാറ്റ് ഒഴിവാണെന്നും താമസം അവിടെയാക്കാമെന്നും അവൻ പറഞ്ഞപ്പോൾ പിന്നെ ഞാൻ എതിര് പറഞ്ഞില്ല.ഞങ്ങൾക്ക് വേണ്ടി താക്കോൽ അയൽപക്കത്ത് ഏല്പിച്ച് പോയ അവൻ ജോലി കഴിഞ്ഞ് രാത്രി തിരിച്ചെത്തുമ്പോൾ ഞങ്ങൾക്കുള്ള ഭക്ഷണം കൂടി കൊണ്ട് വന്നിരുന്നു.ബാംഗ്ലൂരിലെ വിവിധ കാഴ്ചകൾ കാണിക്കാനായി ജോലിത്തിരക്ക് മാറ്റിവച്ച് അവൻ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.അന്ന് ഒരു മുന്തിരിത്തോട്ടത്തിൽ ഞങ്ങളെ അവൻ കൊണ്ടുപോയ അനുഭവമാണ് വീട്ടിൽ ഒരു മുന്തിരി വള്ളി നടാൻ എനിക്ക് പ്രചോദനം നൽകിയത്.
ബാംഗ്ലൂർ ഫ്ലാറ്റിലെ താമസം മക്കൾക്കും പുതിയൊരു അനുഭവമായിരുന്നു.അതിനു ശേഷം എൻ്റെ ഫാമിലിക്കും അഷ്‌റഫ് സുപരിചിതനായി. കഴിഞ്ഞ വർഷം ചാവക്കാട് മറൈൻ വേൾഡ് അക്വേറിയം കാണാൻ പോയപ്പോഴും അതിന്റെ വിശദ വിവരങ്ങൾ ആരായാൻ ഞാൻ അഷ്റഫിനെയാണ് ആശ്രയിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് കാശ്മീർ യാത്ര പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. എൻ്റെ ജയ്പൂർ സന്ദർശന വേളയിൽ എനിക്ക് താമസ സൗകര്യം ഒരുക്കിത്തന്ന രാജസ്ഥാനി കുടുംബം അന്ന് രാവിലെ എൻ്റെ വീട്ടിൽ വരുന്ന വിവരം അറിയിച്ചിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി അഷ്റഫിൻ്റെ വിളി വന്നത്.
"ആബിദേ, നീ നാട്ടിലുണ്ടോ?" എൻ്റെ സഞ്ചാര കൗതുകം അറിയുന്ന അഷ്റഫ് ചോദിച്ചു.
"ഇപ്പോൾ വീട്ടിലുണ്ട്... പന്ത്രണ്ട് മണിയോടെ വിടും" ഞാൻ മറുപടി പറഞ്ഞു.
"എങ്ങോട്ടാ ?"
"കാശ്മീരിലേക്ക് ...."
"ങാ...അവധി കിട്ടിയാൽ നീ സ്ഥലം വിടും എന്നറിയുന്നതോണ്ടാ ചോദിച്ചത്.."
"ആട്ടെ ... നീ ഈ പരിസരത്ത് എവിടേലും ഉണ്ടോ?" ഞാൻ തിരിച്ചു ചോദിച്ചു.
"ങാ... വന്നു കൊണ്ടിരിക്കുന്നു... കക്കാടംപൊയിലിലേക്ക്..."
"ആഹാ... ആരൊക്കെയുണ്ട്?"
"ഞാനും ഫാമിലിയും അളിയനും ഉമ്മയും.."
പെട്ടെന്ന് എനിക്ക് ഒരു വ്യസനം തോന്നി. പത്തോളം പേരടങ്ങുന്ന ഒരു ഫാമിലി അൽപ സമയത്തിനകം വീട്ടിലെത്തും. അതേ സമയത്ത് തന്നെ എനിക്ക് ധാരാളം സൗകര്യങ്ങൾ ഒരുക്കിത്തന്ന അഷ്റഫും ഫാമിലിയും എൻ്റെ നാട്ടിലും എത്തും. അവരെയും ക്ഷണിക്കാതിരിക്കാൻ വയ്യ. കാശ്മീർ യാത്രക്കുളള സാധനങ്ങൾ ഒരുക്കാൻ ഇനിയും കിടക്കുകയും ചെയ്യുന്നു. അവസാനം രണ്ടും കൽപിച്ച് ഞാൻ പറഞ്ഞു
"എങ്കിൽ നീ ഇവിടെ കയറിയിട്ട് പോയാൽ മതി "
അഷ്റഫ് പല ഒഴിവ് കഴിവുകൾ പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. അങ്ങനെ ആദ്യം അഷ്റഫും അൽപം കഴിഞ്ഞ് അവനെത്തിരഞ്ഞ് അവൻ്റെ മോളും എൻ്റെ വീട്ടിലെത്തി. ഏതാനും മിനുട്ടുകൾ മാത്രമേ ചെലവഴിച്ചുള്ളൂ എങ്കിലും എനിക്ക് ഒരാശ്വാസം തോന്നി. കുടുംബ സമേതം മറ്റൊരിക്കൽ വരണം എന്ന് സ്നേഹപൂർവ്വം ശാസന നൽകി ഞാനവനെ യാത്രയാക്കി.
"Friendship is most enjoyable when it is refreshed " എന്ന് പറഞ്ഞത് മറ്റാരുമല്ല, ഞാൻ തന്നെയാണ്.


1 comments:
സൗഹൃദത്തിൻ്റെ മധുരം ഒന്ന് വേറെത്തന്നെ
Post a Comment
നന്ദി....വീണ്ടും വരിക