എൽ.എസ്.എസ് സ്കോളർഷിപ്പിന് പഠിച്ചിരുന്ന അന്ന് മുതൽ ക്വിസ് മത്സരം എന്റെ വീക്നെസ് ആയ കഥ ഞാൻ മുമ്പ് ഇവിടെ ഷെയർ (Click & Read) ചെയ്തിരുന്നു അക്കാലത്ത് വളരെ അപൂർവ്വമായേ ഇത്തരം മത്സരങ്ങൾക്ക് അവസരം ലഭിക്കാറുണ്ടായിരുന്നുള്ളൂ.മക്കളിൽ എൻ്റെ ഈ പാരമ്പര്യം കിട്ടിയത് രണ്ടാമത്തവൾക്കാണ്.സ്കൂളിലും കോളേജിലുമായി നിരവധി ക്വിസ് മത്സരങ്ങളിൽ അവൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.
മക്കളിൽ ഏറ്റവും ഇളയവനും ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടെങ്കിലും മുൻ നിരയിൽ എത്താറുണ്ടായിരുന്നില്ല.എന്നാൽ ഈ വർഷം അവനും ആരുടെയോ കുത്തക തകർത്ത് ക്ളാസ് ക്വിസ് മത്സരത്തിൽ ആദ്യമായി ഒന്നാമനായി.ഒന്നാം സ്ഥാനം ലഭിക്കുന്നതിന്റെ സന്തോഷം അവൻ അന്ന് ആസ്വദിക്കുകയും ചെയ്തു.യഥാർത്ഥത്തിൽ അവൻ്റെ ഈ നേട്ടം ശ്രദ്ധിച്ചത് സ്കൂളിലെ അറബി അദ്ധ്യാപകൻ ആയിരുന്നു.കാരണം ഉടൻ അരങ്ങേറാൻ പോകുന്ന ഉപജില്ലാ തലത്തിലുള്ള ഒരു മത്സരത്തിലേക്ക് മത്സരാർത്ഥിയെ അന്വേഷിക്കുകയായിരുന്നു അദ്ദേഹം.
അങ്ങനെ അറബി അദ്ധ്യാപകരുടെ സംഘടനയായ കെ.എ.ടി.എഫ് സംഘടിപ്പിച്ച 'അലിഫ് അറബിക് ടാലെന്റ്റ് സേർച്ച് ക്വിസ്' എന്ന അരീക്കോട് ഉപജില്ലാ തല അറബിക് ക്വിസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് മോൻ പങ്കെടുത്തു.ഇരുപതിൽ പതിനെട്ട് മാർക്ക് നേടി അവൻ ആദ്യ മത്സരം ഗംഭീരമായി തന്നെ ഫിനിഷ് ചെയ്തു.രണ്ടാം സ്ഥാനത്ത് രണ്ട് പേർ ഉണ്ടായിരുന്നതിനാൽ അന്ന് മൂന്നാം സ്ഥാനം നഷ്ടപ്പെട്ടു. പക്ഷേ, ഉടൻ നടക്കാൻ സാദ്ധ്യതയുള്ള അറബിക് കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിക്കാൻ അവന് അവസരം തെളിഞ്ഞു.
നാലാം ക്ളാസിൽ എത്തിയതിനാൽ എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചതോടെ പൊതുവിജ്ഞാനത്തിൽ അവന്റെ അറിവ് കൂടിക്കൂടി വന്നു.അറബിക് ക്വിസ് മത്സരത്തിലെ ചോദ്യങ്ങൾ അറബിയിലായതിനാൽ പലതിന്റെയും അറബി വാക്കുകളും ഹൃദിസ്ഥമായി. നിരന്തര പരിശീലനത്തിലൂടെയും സ്റ്റഡി മെറ്റീരിയലുകൾ നൽകിയും അവൻ്റെ അറബി അദ്ധ്യാപകൻ മുസ്തഫ മാഷും അവന് പ്രചോദനം നൽകിക്കൊണ്ടിരുന്നു.
അങ്ങനെ കാത്തിരുന്ന ആ സുദിനം എത്തി.അരീക്കോട് ഉപജില്ലാ കലോത്സവം ഇത്തവണ കീഴുപറമ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചായിരുന്നു അരങ്ങേറിയത്.കുന്നോളം പഠിച്ചതിൽ നിന്ന് കുന്നിമണിയോളം ചോദിച്ച അറബിക് ക്വിസ് മത്സരമായിരുന്നു ഉപജില്ലാ തലത്തിൽ നടന്നത്.പത്തിൽ എട്ട് മാർക്ക് നേടിക്കൊണ്ട് ഇത്തവണയും മൂന്നാം സ്ഥാനത്ത് എൻ്റെ മോൻ ഫിനിഷ് ചെയ്തു.ആദ്യ മത്സരത്തിൽ എന്ന പോലെ രണ്ടാം സ്ഥാനത്ത് രണ്ട് പേർ ഉണ്ടായിരുന്നതിനാൽ ഇത്തവണയും സ്ഥാനങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല.പക്ഷേ,എ ഗ്രേഡിലൂടെ സ്കൂളിന് വിലപ്പെട്ട പോയന്റ് കരസ്ഥമായി.
മേളയുടെ സമാപന ദിവസം എൽ.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി അവൻ്റെ സ്കൂൾ ഫിനിഷ് ചെയ്യുമ്പോൾ ട്രോഫി ഏറ്റുവാങ്ങാൻ അവനും ക്ഷണം ലഭിച്ചു.അങ്ങനെ സാമൂഹ്യ ശാസ്ത്ര മേളയിൽ മോളും കലാമേളയിൽ മോനും തിളങ്ങിയ ഒരു വർഷമായി 2025 മാറി.ദൈവത്തിന് സ്തുതി.


1 comments:
,അങ്ങനെ സാമൂഹ്യ ശാസ്ത്ര മേളയിൽ മോളും കലാമേളയിൽ മോനും തിളങ്ങിയ ഒരു വർഷമായി 2025 മാറി.ദൈവത്തിന് സ്തുതി
Post a Comment
നന്ദി....വീണ്ടും വരിക