മൂത്തുമ്മയുടെ പറമ്പിലെ ഒരു മരത്തിൽ നിന്ന് പറിക്കുന്ന പച്ചിലകൾ തിന്നുന്നത് കുട്ടിക്കാലത്ത് ഞങ്ങളുടെ ഒരു ശീലമായിരുന്നു. അധികം ശാഖകളില്ലാത്തതിനാൽ ആ മരത്തിൽ കയറാൻ അത്ര എളുപ്പമായിരുന്നില്ല. അതിനാൽ കല്ലെടുത്ത് എറിഞ്ഞോ വടി കൊണ്ട് അടിച്ചു വീഴ്ത്തിയോ ആയിരുന്നു ഇലകൾ ശേഖരിച്ചിരുന്നത്. പുളി രസമുള്ള പരന്ന ആ ഇലകൾ തിന്നുന്നത് നല്ലതല്ല എന്നത് കൊണ്ടാണോ അതല്ല ഇല മൊത്തം തല്ലി വീഴ്ത്തി മരം നശിപ്പിക്കും എന്നതിനാലാണോ അതല്ല കല്ലേറു കൊണ്ട് സമീപത്തെ ആലയുടെ മേൽക്കൂര തകരുന്നതിനാലോ എന്നറിയില്ല മൂത്തുമ്മയോ മൂത്താപ്പയോ കണ്ടാൽ ഞങ്ങൾക്ക് വഴക്ക് കേൾക്കുമായിരുന്നു.
അമ്പഴങ്ങയുടെ മരമായിരുന്നു പ്രസ്തുത മരം. എന്നാൽ അമ്പഴങ്ങ അതിൽ ഉണ്ടായതായി ഞങ്ങൾ കണ്ടിട്ടേ ഇല്ല. അതിനാൽ തന്നെ "ആനവായിൽ അമ്പഴങ്ങ" എന്ന് കേട്ടതല്ലാതെ അമ്പഴങ്ങയുമായി ഞങ്ങൾക്കുണ്ടായിരുന്നത് ഈ ഇലതീറ്റ ബന്ധം മാത്രമായിരുന്നു. കാലചക്രത്തിൻ്റെ കറക്കത്തിൽ ഞങ്ങളെല്ലാം മുതിർന്നപ്പോൾ അമ്പഴങ്ങയും പരിസരവും ഞങ്ങൾ മറന്നു. പിന്നീടെപ്പഴോ ആ മരവും കാണാതായി.
അമ്പഴങ്ങ വീണ്ടും ജീവിതത്തിലേക്ക് കടന്നു വന്നത് എൻ്റെ അനിയൻ്റെ പറമ്പിൽ അതിൻ്റെ മരം വളർന്ന് വന്ന് അതിൻ്റെ ഇല ഞങ്ങളുടെ പെൺമക്കൾ തിന്നാൻ തുടങ്ങിയപ്പോഴാണ്. അമ്പഴത്തിൻ്റെ കമ്പ് എവിടെ നിന്നോ കൊണ്ട് വന്ന് നട്ടതായതിനാൽ ഈ മരവും സാമാന്യം തടിയുള്ളതും കയറിപ്പറ്റാൻ പറ്റാത്തതുമായിരുന്നു. പുതിയ ഇലതീനികൾ പെൺകുട്ടികൾ ആയതിനാൽ ഞങ്ങളെപ്പോലെ എറിഞ്ഞും തൊഴിച്ചും മരത്തെ വേദനിപ്പിക്കാത്തത് കാരണമാകാം ഈ അമ്പഴമരത്തിൽ ധാരാളം അമ്പഴം ഉണ്ടാകാറുണ്ട്.മൂപ്പിൻ്റെ കാര്യത്തിൽ നിശ്ചയം ഇല്ലാത്തതിനാൽ ഉള്ളിൽ ചകിരി നിറഞ്ഞിട്ടേ പലപ്പോഴും അമ്പഴങ്ങ പറിക്കാറുള്ളൂ എന്ന് മാത്രം.
അങ്ങനെ കാലം മുന്നോട്ടു ഗമിക്കവെയാണ് എൻ്റെ ഭാര്യയുടെ കണ്ണിൽ ഒരു അമ്പഴമരം പെട്ടത്. ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ വീട്ടു വളപ്പിലെ ആ മരത്തിൻ്റെ ചരിത്രവും ഭൂമിശാസ്ത്രവും രാസ-ഭൗതിക ഗുണഗണങ്ങളും എല്ലാം അവൾ മനസ്സിലാക്കി. മരം ഞാൻ കണ്ടിട്ടില്ല എങ്കിലും അവളുടെ വർണ്ണനയിൽ നിന്ന് ഉയരം കുറഞ്ഞ് അമ്പഴങ്ങ കുലകളായി തൂങ്ങി നിൽക്കുന്ന ഒരു അമ്പഴങ്ങമരം എൻ്റെ മനസ്സിലും മുളച്ച് വന്നു. എങ്കിലും, ഒരു കടി കടിച്ചാൽ പല്ല് പുളിക്കുന്ന അമ്പഴങ്ങ എൻ്റെ ഹൃദയത്തിൽ ചേക്കേറിയില്ല.
നാളുകൾ പിന്നെയും കടന്നു പോയി. ഒരേ ബർത്ത് ഡേറ്റുള്ള രണ്ട് മക്കളുടെ ബർത്ഡേ മരം വയ്ക്കാൻ പദ്ധതി ഇട്ടു കൊണ്ട് ഒരു തൈ വാങ്ങാൻ ഞാൻ പുറപ്പെടുന്നത് അവളുടെ ഇൻ്റലിജൻസ് സംവിധാനം എങ്ങനെയോ മണത്തറിഞ്ഞു. പുളിക്കുന്ന അമ്പഴങ്ങ വാങ്ങാൻ ഞാൻ കൂട്ടാക്കില്ല എന്നതിനാൽ പുതിയ ഒരു തൈ ആയിരുന്നു അവളുടെ ആവശ്യം - സ്വീറ്റ് അമ്പഴങ്ങ.
അങ്ങനെ ഈ വർഷത്തെ അവളുടെ ജന്മദിനവും ഞങ്ങളുടെ വിവാഹ വാർഷികവും പ്രമാണിച്ച് ഒരു മധുര അമ്പഴങ്ങ മരം എൻ്റെ വീട്ടു വളപ്പിൽ സ്ഥാനം പിടിച്ചു. എൻ്റെ മധുരക്കട്ടേ എന്ന് അവളെ വിളിക്കുന്നതിന് പകരം എൻ്റെ അമ്പഴങ്ങേ എന്ന് വിളിക്കാൻ ഈ മരത്തിൽ അമ്പഴങ്ങ ഉണ്ടാകുന്നതും കാത്തിരിക്കുകയാണ് ഞാൻ.അഥവാ പുളിയൻ അമ്പഴങ്ങയാണ് ഫലമെങ്കിൽ ഒരു കുമ്പളങ്ങ വള്ളി അങ്ങ് മരത്തിൽ കയറ്റി വിടാം എന്നും കരുതുന്നു.


1 comments:
എൻ്റെ മധുരക്കട്ടേ എന്ന് അവളെ വിളിക്കുന്നതിന് പകരം എൻ്റെ അമ്പഴങ്ങേ എന്ന് വിളിക്കാൻ ഈ മരത്തിൽ അമ്പഴങ്ങ ഉണ്ടാകുന്നതും കാത്തിരിക്കുകയാണ് ഞാൻ.
Post a Comment
നന്ദി....വീണ്ടും വരിക