Pages

Saturday, January 13, 2024

റുബീനയുടെ കുഞ്ഞാട് (വിൻ്റർ ഇൻ കാശ്മീർ - 7)

 Part 6: തുള്ളിസ്

ബൈസരൺ വാലിയിലേക്കുള്ള ഗേറ്റ് കടക്കും മുമ്പ് മഹ്മൂദ്  ഞങ്ങളോട് ഒരു ചോദ്യം ചോദിച്ചു.

"കിത് ന സമയ് മേം വാപസ് ആയേഗ ?" 

സാധാരണ എല്ലാ ഘോഡാവാലകളും പതിനഞ്ച് മിനിറ്റിനകം തിരിച്ചെത്തണം എന്നാണ് പറയാറ്. മഹ്മൂദ് അത് ഞങ്ങൾക്ക് വിട്ടു തരികയായിരുന്നു. 

"ബീസ് മിനുട്ട് ..." സത്യൻ മാഷ് പറഞ്ഞു.

"നോ... നോ... ആധാ ഖണ്ഡ.." ബൈസരൺ വാലിയുടെ ആകർഷണീയത അറിയുന്നതിനാൽ ഞാൻ പറഞ്ഞു.

"മുശ്കിൽ നഹിം.." മഹ്മൂദും സമ്മതം മൂളി. മഹ്മൂദ് കുതിരയെയും കൊണ്ട് കുതിരക്കൂട്ടത്തിലേക്കും ഞങ്ങൾ ആൾക്കൂട്ടത്തിലേക്കും നീങ്ങി.

2022 മെയ് മാസത്തിൽ ഇവിടെ വന്നപ്പോൾ കണ്ട കാഴ്ചയും ഇപ്പോൾ കാണുന്ന കാഴ്ചയും വളരെ വ്യത്യസ്തമായിരുന്നു. അന്ന് പച്ചപ്പരവതാനി വിരിച്ച് നിന്നിരുന്ന വാലിയിലെ പുല്ല് മുഴുവൻ ഉണങ്ങി മഞ്ഞപ്പരവതാനി ആയി മാറിയിരിക്കുന്നു. താഴ്‌വരക്ക് അതിരിടുന്ന പൈൻ മരങ്ങളും നരച്ച കാഴ്ചകളായി മാറിയിരിക്കുന്നു. മാനത്ത് നക്ഷത്രം വിതറിയത് കണക്കെ താഴ്‌വരയിൽ നിറഞ്ഞ് നിന്നിരുന്ന ഡെയ്സി പൂക്കൾ ഒന്നു പോലും ബാക്കിയുണ്ടായിരുന്നില്ല.ശൈത്യകാലത്ത് ആറടി ഉയരത്തിൽ വരെ മഞ്ഞ് ഉണ്ടാകും എന്ന് പറഞ്ഞു കേട്ട സ്ഥലത്ത് മഞ്ഞിൻ്റെ ഒരംശം പോലും ഇല്ലായിരുന്നു. 

സമ്മറും വിൻ്ററും തമ്മിലുള്ള വ്യത്യാസം

കഴിഞ്ഞ വർഷം കണ്ട സോർബിംഗ് പോലെയുള്ള ആക്ടിവിറ്റികൾ ഇത്തവണ കണ്ടില്ല.  നീളമേറിയ ഒരു സിപ് ലൈൻ പുതിയതായി വന്നതാണെന്ന് തോന്നുന്നു. സന്ദർശകരും താരതമ്യേന കുറവായിരുന്നു. അന്ന് ഞങ്ങൾ നമസ്കാരം നിർവ്വഹിച്ചിരുന്ന താഴ്‌വരയുടെ താഴെ ഭാഗത്തുള്ള പള്ളി വീണ്ടും കണ്ടപ്പോൾ ഞാനങ്ങോട്ട് നീങ്ങി. പള്ളി പുതുക്കിപ്പണിത് ഉഷാറാക്കിയിട്ടുണ്ട്. പക്ഷെ, പൂട്ടിയിട്ടതിനാൽ അകത്ത് കയറാൻ സാധിച്ചില്ല.

തിരിച്ച് സത്യൻ മാഷുടെ അടുത്തെത്തിയപ്പോഴാണ് ഓമനത്വമുള്ള ഒരാട്ടിൻ കുട്ടിയെ കണ്ടത്. കഴിഞ്ഞ വർഷവും ഒരു വൃദ്ധനെയും ആട്ടിൻ കുട്ടിയെയും അവിടെ കണ്ടിരുന്നു. ആ വൃദ്ധനെ തിരഞ്ഞ എൻ്റെ കണ്ണുകൾ ഉടക്കിയത് അല്പം അകലെ മാറി ഇരിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടിയിലാണ്.ഒരു പക്ഷേ അന്ന് കണ്ട വൃദ്ധൻ്റെ പേരക്കുട്ടിയായിരിക്കാം ഇവൾ. വൃദ്ധൻ മരിച്ചു പോയോ എന്തോ? അവളെ സങ്കടപ്പെടുത്തേണ്ട എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല. 

ആട്ടിൻ കുട്ടിയെ കയ്യിലെടുത്ത് ഫോട്ടോ എടുക്കാൻ പത്ത് രൂപയാണ് ചാർജ്ജ്. ആരോടും ഒരു റിക്വസ്റ്റും ചെയ്യാതെ ഇരിക്കുന്ന അവളെ കണ്ടപ്പോൾ ഒന്ന് കുശലാന്വേഷണം നടത്താൻ എനിക്ക് തോന്നി.

"നാം ക്യാ ഹെ ?" ആട്ടിൻ കുട്ടിയുടെ അടുത്ത് ചെന്നിരുന്ന് ഞാൻ ചോദിച്ചു.

"അസ്ഹർ" 

'ങേ!! ഇവൾ അപ്പോൾ പെണ്ണല്ലേ ?' ഞാനൊന്ന് ഞെട്ടി.

"തുമാര നാം..??" ഉറപ്പ് വരുത്താനായി ഞാൻ ഒന്ന് കൂടി ചോദിച്ചു.

"ഓ... മേര നാം റുബീന .. " ചുണ്ടിലൊരു ചിരി വിരിയിച്ച് അവൾ പറഞ്ഞു. 

"പട്ത്ത നഹീം?" അന്ന് ചൊവ്വാഴ്ച ആയതിനാൽ ഞാൻ ചോദിച്ചു.

" ഹാം... ആഠ് മേം.." 

" ആജ് തോ സ്കൂൾ ഹേ ന?"

"അബ് ചുട്ടി ഹേ.."

"ക്രിസ്മസ് ക ചുട്ടി?" മലമുകളിൽ ക്രിസ്തുമസ് നേരത്തെ ആകുമോ എന്നറിയാത്തതിനാൽ ഞാൻ ചോദിച്ചു.

"നഹീം.. സർദ്ദീ ക ചുട്ടി" (ശൈത്യകാല അവധി )

" ഓഹ്... കേരള മേം ജൈസ  ഗർമി ക ചുട്ടി ഹെ വൈസ യഹാം സർദ്ദി ക ചുട്ടി ..."

" നഹീം... യഹാം ദിസംബർ,ജാനുവരി ഔർ ഫർവരി... തീൻ മഹീനെ സർദ്ദീ ക ചുട്ടി ഹെ... ജൂൺ ഓർ ജൂലൈ ദൊ മഹീനെ ഗർമീ ക ചുട്ടി ഭീ മിൽ ത ഹെ..." 

"പാഞ്ച് മഹീനെ ചുട്ടീ ??" എനിക്ക് അത്ഭുതമായി.

"ഹാം... " ചിരിച്ചു കൊണ്ട് റുബീന പറഞ്ഞു.

"സത്യൻ മാഷെ... കുട്ടികളെ ഇവിടത്തെ സ്കൂളിൽ ചേർത്തുന്നതാ നല്ലത്.." ഞാനും സത്യൻ മാഷും ചിരിച്ചപ്പോൾ റുബീനയും ചിരിച്ചു. അപ്പോഴേക്കും ഘോഡാവാല മഹ്മൂദും അവിടെ എത്തി.

"സാബ്....ലൗട്ടേഗ ??" മഹ്മൂദ് ചോദിച്ചു.

"അഭീ ജായേഗ .." ഏതോ ഒരു പ്രേരണയിൽ മഹ്മൂദിനെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു. മനുഷ്യൻ്റെയും കുതിരയുടെയും സമ്മിശ്രഗന്ധം എൻ്റെ മൂക്കിലടിച്ചു കയറി. മനുഷ്യത്വത്തിൻ്റെ ഗന്ധം അതിൽ അല്പം കൂടുതലായി എനിക്ക് തോന്നി.

മഹ്മൂദ് കുതിരക്ക് നൽകുന്ന മറ്റ് നിർദ്ദേശങ്ങൾ കൂടി ഞങ്ങൾ ചോദിച്ച് മനസ്സിലാക്കി. മിനി സ്വിറ്റ്സർലൻ്റിൽ ഞങ്ങൾ എത്തിയിട്ട് സമയം ആധാ ഖണ്ഡയും അതിലപ്പുറവും കഴിഞ്ഞിരുന്നു. റുബീനയോട് എന്നന്നേക്കുമായും ബൈസരൺ വാലിയോട് താല്ക്കാലികമായും വിട പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞ് നടന്നു.

കുതിരപ്പുറത്തിരുന്നുള്ള കുന്നിറക്കം ശരിക്കും പേടിപ്പെടുത്തുന്നതായിരുന്നു. പലരും കണ്ണ് പൂട്ടി ഇരിക്കുന്നതിൻ്റെ ഗുട്ടൻസ് പിടികിട്ടിയത് അപ്പോഴാണ്. തിരിച്ച് വരുന്ന വഴിയിൽ ഒരിടത്ത് കുതിരകളെ നിർത്തി പലരും താഴെയുള്ള ഒരു അരുവി കാണിച്ച് കൊടുക്കുന്നത് കണ്ടു. ബോർഡിൽ കാണിച്ച വാട്ടർഫാൾ ആണ് പോലും ! തുറസ്സായ മറ്റൊരു സ്ഥലത്തും കുറെ കുതിരക്കാരെ കണ്ടു. അന്വേഷിച്ചപ്പോൾ അതാണ് അഞ്ചാമത്തെ Spot ആയ ഡെമോ വാലി എന്നറിഞ്ഞു. 

ഞങ്ങളെ താഴെ വരെ എത്തിക്കേണ്ടെന്നും ഞങ്ങൾ കുതിരപ്പുറത്ത് കയറിയ അതേ സ്ഥലത്ത് തന്നെ ഇറക്കി വിട്ടാൽ മതിയെന്നും ഞാൻ മഹ്മൂദിനോട് പറഞ്ഞു.രണ്ട് കുതിരകൾക്കുള്ള വാടകയായി 1600 രൂപയും  മഹ്മൂദിന് ടിപ്പായി 200 രൂപയും ഞാൻ നൽകി.

"യെ പസംന്ത് സെ?" ടിപ്പ് കണ്ട ആ ഗ്രാമീണൻ നിഷ്കളങ്കമായ ചിരിയോടെ ചോദിച്ചു.

"ഹാം... പസന്ത് സെ... കാശ്മീർ ധർതീ ക ജന്നത്ത് ഹെ... ഔർ ആപ് ജൈസ ലോഗ് ഉസ്ക ഗഹനെ ഹേ... അസ്സലാമു അലൈക്കും..."

"വ അലൈക്കുമുസ്സലാം..." മഹ്മൂദിനോട് വിട പറഞ്ഞ് ഞങ്ങൾ ബസ് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.


Part 8: ലിഡർ നദിയുടെ തീരത്ത്


1 comments:

Areekkodan | അരീക്കോടന്‍ said...

"യെ പസംന്ത് സെ?" ടിപ്പ് കണ്ട ആ ഗ്രാമീണൻ നിഷ്കളങ്കമായ ചിരിയോടെ ചോദിച്ചു.

Post a Comment

നന്ദി....വീണ്ടും വരിക