Pages

Thursday, January 11, 2024

തുള്ളിസ് ... (വിൻ്റർ ഇൻ കാശ്മീർ - 6)

 Part 5: ആട്ടിടയന്മാരുടെ താഴ് വരയിലേക്ക്...

കുതിര സവാരി തുടങ്ങി അഞ്ച് മിനുട്ട് കഴിഞ്ഞപ്പഴേക്കും കുതിരക്കാരൻ മഹ്മൂദ് യൂസുഫുമായി ഞങ്ങൾ ചങ്ങാത്തത്തിലായി. നേരത്തെ നിഖിൽ സൂചിപ്പിച്ചതുപോലെ, യൂസുഫ് തൻ്റെ കഷ്ടപ്പാടുകൾ വിശദീകരിക്കാൻ തുടങ്ങി. പക്ഷെ, പൊള്ളയായ ആവലാതികളായി അതിനെ തള്ളിക്കളയാതെ ഞാനും സത്യൻമാഷും അത് ശ്രവിച്ചു കൊണ്ടിരുന്നു. ഉടമസ്ഥാവകാശം ഇല്ലാതെ ഒരു വെറും കുതിരക്കാരനായി ദിവസവും രണ്ടും മൂന്നും തവണ ആ മല കയറി ഇറങ്ങിയാൽ ലഭിക്കുന്ന തുഛമായ വരുമാനം കൊണ്ട് അഞ്ച് മക്കളും ഭാര്യയും അടങ്ങിയ ഒരു കുടുംബം പുലർത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരുന്നു.

പത്ത് മിനുട്ട് യാത്ര ചെയ്തപ്പോഴേക്കും മരങ്ങൾ നിറഞ്ഞ ഒരു സമതല പ്രദേശത്ത് ഞങ്ങളെത്തി. മല കയറിക്കൊണ്ടിരിക്കുന്ന എല്ലാ കുതിരക്കാരും അവിടെ ഒന്ന് നിർത്തുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കി. ഒരു പക്ഷെ കുതിരക്കും കൂട്ടുകാരനും ഒരു ചിന്ന വിശ്രമം എന്ന നിലക്കായിരിക്കും ഈ സ്റ്റോപ്പിംഗ്. എൻ്റെ കഴിഞ്ഞ വർഷത്തെ യാത്രയിൽ ഒരു പെൺകുട്ടി മുയലുമായി ഞങ്ങളെ സമീപിച്ചിരുന്ന സ്ഥലമായിരുന്നു അത്. ചെറിയ ചെറിയ ചില കുടിലുകളും അങ്ങിങ്ങായി കാണാമായിരുന്നു. മഹ്മൂദ് കുതിരയുടെ കടിഞ്ഞാൺ പിടിച്ച് നിർത്തി.

"യഹ് ഹെ ഡബിയൻ വാലി" മഹ്മൂദ് പറഞ്ഞു.

യാത്ര തുടങ്ങുന്നതിന് മുമ്പ് കണ്ട ബോർഡിലെ ഡബിയൻ വാലിയും ഈ ഡബിയൻ വാലിയും ആനയും അണ്ണാനും എന്ന പോലെ വ്യത്യസ്തമാണ്. പണ്ട് മുതലേ പാടുന്നത് എല്ലാ കുതിരക്കാരും തുടരുന്നു എന്നാണ് ഞാൻ ഇതിൽ നിന്നും മനസ്സിലാക്കിയത്. ഏതോ രാജാവിൻ്റെ പേരൊക്കെ ഈ സ്ഥലത്തോട് ചേർത്ത് പറയുന്നുണ്ട്.

'ഡെബിയൻ' വാലി കഴിഞ്ഞാൽ പിന്നെ ചെറിയ ചെറിയ കയറ്റങ്ങളാണ്. മഞ്ഞ് വീണ് കുതിർന്ന മണ്ണിലൂടെ കുതിരകൾ തലങ്ങും വിലങ്ങും നടന്ന് വഴി കുഴമ്പ് രൂപത്തിലായി മാറിയിരുന്നു. ചെങ്കുത്തായ സ്ഥലത്തിൻ്റെ അരികിൽ കൂടി കുതിര നടന്ന് കയറുമ്പോൾ ഉൾഭയം തോന്നി.  തിരിച്ചിറങ്ങുന്ന കുതിരയുടെ പുറത്തിരിക്കുന്ന ഒരു സ്ത്രീ കണ്ണടച്ച് പിടിച്ച് എന്തൊക്കെയോ വിളിച്ച് കൂവിക്കൊണ്ടിരുന്നു. കുതിര കൂടുതൽ കുത്തനെയുള്ള ഭാഗത്ത് കൂടെ കയറാൻ ശ്രമിച്ചപ്പോൾ എനിക്കും ഭയം വർദ്ധിച്ചു.

"തുള്ളിസ്" മഹ്മൂദ് കുതിരക്ക് നിർദ്ദേശം നൽകി.

"തുള്ളിസ് മത് ലബ് ക്യാ ഹെ ?" എല്ലാ കുതിരക്കാരും പറയുന്നത് കേട്ടതിനാൽ ഞാൻ ചോദിച്ചു.

" ആഗെ ചലോ ... പ്യാർ സെ കഹ്ത ഹെ..." 

"ഹ..ഹ... ഹാ.. " എനിക്ക് ചിരി വന്നു.തുള്ളിച്ചാടി നടക്കാൻ കുതിരയോട് സ്നേഹത്തോടെ പറയുന്നതാണ് തുള്ളിസ് ... ദ്വേഷ്യത്തോടെയാണ് പലരും അത് പറയുന്നത് എന്ന് മാത്രമല്ല,ഒപ്പം പാവം കുതിരക്ക് ഒരടിയും  കിട്ടും...!!

"തുള്ളിസ് " ഒട്ടും ദ്വേഷ്യം ഇല്ലാതെ ഞാനും പറഞ്ഞു നോക്കി.

"എൻ്റുമ്മച്യേ... " 

ഞാൻ പറഞ്ഞത് കേട്ട് തൊട്ടുമുന്നിലെ കുതിരക്കാണ് സ്പീഡ് കൂടിയത് !! അതിൻ്റെ പുറത്തിരുന്ന ഞങ്ങളുടെ സംഘാംഗം തന്നെയായ സഫൂറ വിളിച്ച് കൂവി. സ്പീഡ് കുറക്കാൻ എന്താണാവോ പറയുക എന്നാലോചിക്കുമ്പഴേക്കും ഘോഡാവാല അതിൻ്റെ കടിഞ്ഞാൺ പിടിച്ചതിനാൽ അവൾക്കും അവളുടെ കെട്ട്യോനും എനിക്കും സമാധാനമായി. വീണ്ടും എല്ലാ കുതിരകളും സ്റ്റോപ്പാകാൻ തുടങ്ങി.

"സാബ് ... യെ ഹെ കാശ്മീർ വാലി ... " കിതച്ചുകൊണ്ട് മഹ്മൂദ് പറഞ്ഞു.

"സെക്കൻ്റ് സ്പോട്ട് ഹെ ന?" ഞാൻ ചോദിച്ചു.

"ഹാ.... പീച്ചെ ദേഖൊ... ബർഫ് ഭരാ പഹാട് ദേഖ്ത ഹേ ന ?" പിന്നിൽ അങ്ങകലെ കാണുന്ന മഞ്ഞ് മൂടിയ മല കാണിച്ചുകൊണ്ട് മഹ്മൂദ് ചോദിച്ചു.

'ഹാ...."

'പഹാട് കെ ആഗെ ശ്രീനഗർ ഹെ... പ്രാചിൻ സമയ് മേം യഹാം സെ ലോഗ് പൈദൽ ചൽതാ ധ... " മഹ്മൂദ് വീണ്ടും ബഡായി അടിച്ചു.

"കിത്‌ന ദിൻ ക രാസ്ത ...? " തള്ളിൻ്റെ ആഴം അറിയാനായി ഞാൻ ചോദിച്ചു. 

"തീൻ - ചാർ ഖണ്ഡെ ..... " മഹ്മൂദ് പിന്നെയും എന്തൊക്കെയോ കഥകൾ പറഞ്ഞു കൊണ്ടിരുന്നു.

" തുള്ളിസ് ... "
ടാക്സിയിൽ പോന്നാൽ രണ്ട് മണിക്കൂർ എടുക്കുന്ന ദൂരം , ഇത്രയും വലിയ ഒരു മല കയറി ഇറങ്ങി താണ്ടാൻ മൂന്നാല് മണിക്കൂർ മതി എന്ന വീരവാദം എനിക്ക് പിടിക്കാത്തതിനാൽ ഞാൻ കുതിരക്ക് നിർദ്ദേശം നൽകി. 

മുന്നിൽ ഇനി കുത്തനെയുള്ള കയറ്റങ്ങളാണ് . കയറ്റം കയറുമ്പോൾ മുന്നോട്ട് ആഞ്ഞിരിക്കണമെന്നും ഇറക്കം ഇറങ്ങുമ്പോൾ പിന്നോട്ട് ചാഞ്ഞിരിക്കണമെന്നും മഹ്മൂദ് പറഞ്ഞു. മുകളിൽ നിന്നും ഇറങ്ങി വരുന്ന കുതിരകൾക്ക് അടി തെറ്റിയാൽ ഉരുണ്ട് വന്ന് നമ്മളെയും കൂടി തള്ളിയിടും എന്ന് ഉറപ്പായിരുന്നു. അങ്ങനെ ഒരു അപകടം എവിടെയും കണ്ടില്ലെങ്കിലും കുതിരപ്പുറത്ത് നിന്ന് ചിലരൊക്കെ വീഴുന്നത് കാണാമായിരുന്നു. അവസാനം,  കുഴപ്പങ്ങൾ ഒന്നും സംഭവിക്കാതെ ഞങ്ങളും ബൈസരൺ വാലിയുടെ ഗേറ്റിന് മുന്നിൽ എത്തി. മുപ്പത് രൂപ യുടെ പ്രവേശന ടിക്കറ്റ് എടുത്ത് ജീവിതത്തിൽ രണ്ടാം തവണയും ഞാൻ മിനി സ്വിറ്റ്സർലൻ്റിൽ കാല് കുത്തി.

Part 7: റുബീനയുടെ കുഞ്ഞാട് 

1 comments:

Areekkodan | അരീക്കോടന്‍ said...

തുള്ളിച്ചാടി നടക്കാൻ കുതിരയോട് സ്നേഹത്തോടെ പറയുന്നതാണ് തുള്ളിസ് ... ദ്വേഷ്യത്തോടെയാണ് പലരും അത് പറയുന്നത് എന്ന് മാത്രമല്ല,ഒപ്പം പാവം കുതിരക്ക് ഒരടിയും കിട്ടും...!!

Post a Comment

നന്ദി....വീണ്ടും വരിക