Pages

Friday, January 05, 2024

ഒരു തേങ്ങാ പുരാണം

അവധിക്കാലത്ത് കുടുംബ സമേതം ഒരു വിനോദയാത്ര പോകൽ ഏതാനും വർഷങ്ങളായി ഞാൻ തുടർന്ന് വരുന്ന ഒരു കാര്യമാണ്. യാത്രക്ക് മുന്നോടിയായോ പിന്നോടിയായോ ഭാര്യ അവളുടെ വീട്ടിൽ ഒന്നു പോയി വരലും  സ്ഥിര കർമ്മങ്ങളിൽ ഒന്നാണ്. അങ്ങനെ പോകുന്ന ഭാര്യയെ കൂട്ടിക്കൊണ്ടു വരാൻ കാറുമായി ഞാൻ ഭാര്യാ വീട്ടിൽ പോകുന്നത് മറ്റൊരു പതിവ് ചടങ്ങാണ്. അങ്ങനെ ചെല്ലുമ്പോൾ വെറും കാറോടെ മടയ്ക്കണ്ട എന്ന് കരുതി, തേങ്ങയും വാഴക്കുലയും ചക്കയും മാങ്ങയും (കാലത്തിനനുസരിച്ച്) കൊണ്ട് കാറിൻ്റെ ഡിക്കി നിറയ്ക്കൽ ഭാര്യാ മാതാവിൻ്റെ ഒരു ഹോബിയുമാണ് (കാറിൽ ചളിയും മണ്ണും കറയും ആകും എന്നതിനാൽ എനിക്കീ പരിപാടി ഇഷ്ടമില്ല.ബട്ട്, ചാക്കിലാണെങ്കിൽ ഓ കെ).

അങ്ങനെ ഇത്തവണയും ഇതെല്ലാം മുറപോലെ സംഭവിച്ചു. മൂന്ന് ദിവസത്തെ നാട് ചുറ്റലും കാഴ്ച കാണലും കഴിഞ്ഞ് മടിക്കേരിയിൽ നിന്നും മാനന്തവാടി വഴി ഞങ്ങൾ നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. രാവിലെ ആരംഭിച്ച ഡ്രൈവിംഗ് മനസ്സിനെ മുഷിപ്പിച്ച് തുടങ്ങിയതിനാൽ അൽപം വേഗത്തിലായിരുന്നു താമരശ്ശേരി ചുരത്തിലെ വളവുകളും തിരിവുകളും ഞാൻ പിന്നിട്ടിരുന്നത്. പെട്ടെന്നാണ് ഭാര്യയുടെ ശബ്ദം ഉയർന്ന് കേട്ടത് ...

"നിർത്ത് ... നിർത്ത് ..... "

ചുരത്തിൽ കടുവയിറങ്ങി എന്ന വാർത്തയുള്ളതിനാൽ റോഡ് സൈഡിലോ മരത്തിന് മുകളിലോ മറ്റോ അതിനെ കണ്ടോ എന്ന് കരുതി ഞാൻ വണ്ടി നിർത്തി.

"എവിടെയാ കടുവ ?" മനസ്സിലെ ആശങ്കയിൽ നിന്ന് എൻ്റെ ചോദ്യമുയർന്നു. 

"കടുവയോ? ഞാൻ കണ്ടില്ല ല്ലോ..''

"പിന്നെ എന്തിനാ നീ വണ്ടി നിർത്താൻ പറഞ്ഞത്?"

"അത് നിങ്ങൾ ഒരു ശബ്ദം കേട്ടില്ലേ?"

"എവിടെ നിന്ന് ?"

"വണ്ടിയിൽ നിന്ന് തന്നെ..."

"ഞാൻ ഒന്നും കേട്ടില്ല ... നിനക്ക് തോന്നിയതായിരിക്കും... " ഞാൻ കാർ വീണ്ടും സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീങ്ങി. അൽപ നേരത്തേക്ക് അപശബ്ദങ്ങൾ എന്തെങ്കിലും കേൾക്കുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചു. പിന്നീടത് മറന്ന് പോവുകയും ചെയ്തു.

നാലാം ഹെയർപിൻ വളവ് തിരിഞ്ഞപ്പോൾ ഭാര്യ വീണ്ടും ശബ്ദമുയർത്തി.
"ദേ... നിർത്ത് ... നിർത്ത് ..... ഇപ്പോഴും കേട്ടു... വണ്ടിയുടെ പിന്നിൽ നിന്നാണ്..... അന്നത്തെപ്പോലെ ടയറ് ഊരിത്തെറിക്കാനായിട്ടുണ്ടോ ന്ന് ചെക്ക് ചെയ്തിട്ട് പോയാൽ മതി.....ഇത് ചുരമാ ... "

മുമ്പ് ഒരു തവണ എന്തോ  ഒരു അപശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ്, ടയറും ആക്സിലും തമ്മിലുള്ള ബന്ധം വഷളായി ടയർ ഊരിത്തെറിക്കാൻ നിൽക്കുന്നത് കണ്ടത്. ആ സംഭവം അവളുടെ മനസ്സിൽ ഉള്ളതിനാൽ അവൾ കാറിൽ നിന്ന് വേഗം ഇറങ്ങി. ഞാനും പുറത്തിറങ്ങി ടയറും മറ്റും ഒക്കെ ചെക്ക് ചെയ്തെങ്കിലും ഒരു കുഴപ്പവും ശ്രദ്ധയിൽ പെട്ടില്ല. ചുരം കഴിഞ്ഞ് അടിവാരത്തെത്താൻ ഇനിയും സഞ്ചരിക്കാനുള്ളതിനാൽ ഭാര്യയുടെ വാക്ക് അവഗണിച്ച് മുന്നോട്ട് പോകാനും വയ്യാതായി. കാർ മെല്ലെ സൈഡാക്കി ഞാൻ ഒരു മെക്കാനിക്കിനെ അന്വേഷിച്ചു.

"രണ്ട് കിലോമീറ്റർ താഴെ അടിവാരത്ത് ഉണ്ട് ... വേഗം അടുത്ത ബസ്സിന് തന്നെ കയറിക്കോളൂ... നേരം ഇത്രയും ആയതിനാൽ പൂട്ടിപ്പോകാൻ സാദ്ധ്യതയുണ്ട്..." വാച്ചിലേക്ക് നോക്കിക്കൊണ്ട് നാട്ടുകാരിൽ ഒരാൾ പറഞ്ഞു. 

"ശരി... " ഞാൻ ബസ്സിനായി കാത്തു നിന്നു. ആദ്യം വന്ന ബസ്സിന് തന്നെ കൈ കാണിച്ചു. ഭാഗ്യം!! ഡ്രൈവർ ബസ് നിർത്തി.

"ഒരു ... അടിവാരം " ടിക്കറ്റുമായി കണ്ടക്ടർ വന്നപ്പോൾ ഞാൻ പറഞ്ഞു.

"അറുപത്തഞ്ച് രൂപ... "

"ങേ!! രണ്ട് കിലോ മീറ്റർ അപ്പുറത്തുള്ള അടിവാരമാ ഞാൻ പറഞ്ഞത്..." കണ്ടക്ടർ തെറ്റിദ്ധരിച്ചോ എന്ന ആശങ്കയിൽ ഞാൻ പറഞ്ഞു.

"ങാ... അങ്ങോട്ടു തന്നെയാ അറുപത്തഞ്ച് രൂപ... ഇത് സൂപ്പർ ഫാസ്റ്റ് ബസ്സാ... കൽപറ്റ കഴിഞ്ഞാൽ അടുത്ത സ്റ്റേജ് താമരശ്ശേരിയാ... "

"എന്നാ എന്നെ ഇറക്കി തരാമോ?"

"ടിക്കറ്റ് എടുത്താൽ ഇറങ്ങാം... വഴിയിൽ നിന്ന് ചെക്കിംഗ് ഇൻസ്പെക്ടർ കയറിയാൽ എൻ്റെ കാശ് പോകും.." 

ഗത്യന്തരമില്ലാതെ രണ്ട് കിലോമീറ്ററിന് അറുപത്തഞ്ച് രൂപ നൽകി ഞാൻ അടിവാരത്തെത്തി. വർക്ക്‌ഷോപ്പ് അടച്ചു കൊണ്ടിരുന്ന ഒരു മെക്കാനിക്കിനെ കണ്ടെത്തി.

"ചേട്ടാ... അടയ്ക്കല്ല... ഒരു മിനുട്ട് ..." ഞാൻ ഓടിച്ചെന്ന് പറഞ്ഞു.

"ങും " അയാൾ എന്നെ നോക്കി.

"എൻ്റെ കാറ് വഴിയിൽ കുടുങ്ങി... എന്തോ ഒരു ശബ്ദം കേട്ടു എന്ന് ഭാര്യ പറഞ്ഞു... ഞാൻ നോക്കിയിട്ട് ഒന്നും കണ്ടില്ല ... ഒന്ന് വന്ന് നോക്കാമോ?"

"എവിടെയാ?"

"നാലാം വളവിനടുത്ത് "

" വണ്ടി വിളിച്ച് പോകണ്ടി വരുമല്ലോ?"

"ബസ്സിന് പോകാം.." 

സൂപ്പർ ഫാസ്റ്റ് അല്ലാത്ത ഒരു ബസ്സ് വരണേ എന്ന പ്രാർത്ഥനയോടെ ഞാൻ കാത്തിരുന്നു. ആദ്യം വന്ന ഫാസ്റ്റ് പാസഞ്ചറിന് കൈ കാട്ടിയെങ്കിലും ബ്രേക്ക് കിട്ടാത്തതിനാലാണെന്ന് തോന്നുന്നു, വണ്ടി നിർത്തിയില്ല. ഭാഗ്യത്തിന്  അടുത്ത ബസ് ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പായിരുന്നു. ഞാനും അദ്ദേഹവും അതിൽ കയറി കാറ് നിർത്തിയിട്ട സ്ഥലത്തിറങ്ങി.

"എന്ത് ശബ്ദമാണ് നിങ്ങൾ കേട്ടത് ?"
കാറിൻ്റെ ചുറ്റും നടന്ന് നോക്കുന്നതിനിടയിൽ മെക്കാനിക് ചോദിച്ചു.

"ഞാൻ കേട്ടത് എൻ്റെ ഭാര്യയുടെ ശബ്ദമാണ്... അവൾ കേട്ടത് എന്താണെന്ന് എനിക്കറിയില്ല .." 

"ഒരു തരം മുരളൽ ... " ഭാര്യ പറഞ്ഞു.

" ങേ ! " എന്റെ മനസ്സിൽ, ഒന്നാം ക്ലാസിലെ 'മൂളുന്ന വണ്ടേ മുരളുന്ന വണ്ടേ...' എന്ന പാട്ടാണ് പെട്ടെന്ന് ഓടിവന്നത്.      

"വണ്ടിയിൽ കയറൂ... ഒന്ന് ഓടിച്ച് നോക്കട്ടെ..." മെക്കാനിക്ക് പറഞ്ഞു.

ഞാനും ഭാര്യയും കാറിൽ കയറി. മെക്കാനിക്ക് കാർ സ്റ്റാർട്ടാക്കി ഓടിക്കാൻ തുടങ്ങി. അൽപദൂരം ഓടിയിട്ടും പ്രത്യേകിച്ച് ഒരു ശബ്ദവും കേൾക്കാത്തതിനാൽ ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി. പെട്ടെന്ന് കാർ ഒരു വളവ് വളഞ്ഞതും എന്തൊക്കെയോ ഉരുളുന്ന പോലെ ഒരു ശബ്ദം കേട്ടു.

"ദാ... ഇപ്പോ കേട്ടില്ലേ ?" ഭാര്യ ഉറക്കെ ചോദിച്ചു.

"ഞാൻ കേട്ടില്ല ..." മെക്കാനിക്ക് പറഞ്ഞു. 

കാർ വീണ്ടും മുന്നോട്ട് നീങ്ങി. അടുത്തടുത്ത രണ്ട് ഹെയർപിൻ വളവുകൾ തിരിഞ്ഞപ്പോൾ ശബ്ദം വ്യക്തമായി കേട്ടു. മെക്കാനിക്ക് കാർ നിർത്തി പുറത്തിറങ്ങി. ഞാനും പുറത്തിറങ്ങി.

" ഇപ്പോൾ കേട്ടതല്ലേ നിങ്ങൾ പറഞ്ഞ ശബ്ദം ...?"

"ആ...?". ഭാര്യ ആദ്യം സൂചിപ്പിച്ച ശബ്ദം ഞാൻ കേട്ടിട്ടില്ലാത്തതിനാൽ എനിക്ക് ഒന്നും പറയാനായില്ല.

" കാറിൽ തേങ്ങ കയറ്റാറുണ്ടോ?"

" ഇടക്ക് ....ഭാര്യ വീട്ടിൽ പോകുമ്പോൾ ..... "

" ഈ അടുത്ത് എപ്പോഴെങ്കിലും ...? "

"നാല് ദിവസം മുമ്പ് ഭാര്യ വീട്ടിൽ പോയിരുന്നു... പക്ഷേ അന്ന് ഞാൻ ഡിക്കി തുറന്ന് കൊടുത്തിട്ടില്ല ..."

"അന്ന് ഭാര്യ കാറിൻ്റെ താക്കോൽ വാങ്ങിയിരുന്നോ?"

"യെസ് "

"അപ്പോൾ സംശയം വേണ്ട.... ഡിക്കി തുറക്ക്..."

ഞാൻ കാറിൻ്റെ ഡിക്കി തുറന്നു. പതിനഞ്ചോളം തേങ്ങകൾ !!ഓരോ വളവും തിരിയുമ്പോൾ അവ ഉരുളുന്ന ശബ്ദമാണ് ഭാര്യ കേട്ടത്. ഏതായാലും തേങ്ങ കൊണ്ട് കൂടുതൽ പൊല്ലാപ്പ് ഉണ്ടാകുന്നതിൻ്റെ മുമ്പ് മെക്കാനിക്കിന് അയാളുടെ നോക്ക് കൂലിയും കൊടുത്ത് ഞാൻ വേഗം കാറെടുത്ത് സ്ഥലം വിട്ടു.

1 comments:

Areekkodan | അരീക്കോടന്‍ said...

ഠോ ... ഠോ ... ഠോ ...2024 ലെ പോസ്റ്റുകൾ ആരംഭിക്കട്ടെ

Post a Comment

നന്ദി....വീണ്ടും വരിക