ബൈസരൺ വാലിയിൽ നിന്നും ഞങ്ങൾ തിരിച്ചിറങ്ങിയത് മറ്റൊരു വഴിയേ ആയിരുന്നു. മിക്ക ഘോഡാവാലകളും അത് വഴി തന്നെയാണ് താഴെ എത്തുന്നത്. താഴെ എത്തുന്നതിൻ്റെ അൽപം മുമ്പായി ഒരു കുടിൽ എൻ്റെ ശ്രദ്ധയിൽ പെട്ടു. കഴിഞ്ഞ വർഷം എൻ്റെ ഭാര്യയും മൂത്ത മക്കളും ബൈസരൺ വാലിയിൽ നിന്ന് തിരിച്ച് ഇറങ്ങിയപ്പോൾ ഒരു മൺകുടിലിൽ കയറിയിരുന്നതായി പറഞ്ഞിരുന്നു. ആ വീടിൻ്റെ ദയനീയാവസ്ഥയും അവർ പങ്ക് വച്ചിരുന്നു. ഭൂമിയിലെ സ്വർഗ്ഗത്തിൽ, നിരവധി വിനോദ സഞ്ചാരികൾ വന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് പെൺകുട്ടികൾ അടങ്ങുന്ന ഒരു കുടുംബം ഇത്തരം ഒരു വീട്ടിൽ താമസിക്കുന്നു എന്നത് മനസ്സിനെ വേദനിപ്പിച്ചു.
പഹൽഗാം ടൗണിൽ ഞങ്ങൾ തിരിച്ചെത്തുമ്പോൾ സമയം മൂന്ന് മണിയേ ആയിട്ടുണ്ടായിരുനുള്ളൂ. സിറ്റി കാണേണ്ടവർക്ക് അത് കാണാനും ഷോപ്പിംഗ് നടത്തേണ്ടവർക്ക് അതിന് പോകാനും ഭക്ഷണ പ്രിയർക്ക് ആ ആഗ്രഹം നിറവേറ്റാനും എല്ലാം സമയമുള്ളതായി നിഖിൽ അറിയിച്ചു. പലരും പല വഴിക്കും തിരിഞ്ഞപ്പോൾ ഞാൻ സമീപത്തുള്ള പള്ളിയിൽ പോയി നമസ്കാരം നിർവ്വഹിക്കാൻ കയറി. മുൻ അനുഭവത്തിൽ നിന്നും വ്യത്യസ്തമായി പള്ളികളിൽ യുവാക്കളുടെ സാന്നിദ്ധ്യം കൂടുതലായി കണ്ടു.
പഹൽഗാം ടൗണിൻ്റെ പാതയോരങ്ങളിൽ അങ്ങിങ്ങായി തടിയിൽ നിർമ്മിച്ച ഇരിപ്പിടങ്ങൾ സ്ഥാപിച്ചിരുന്നു. പദയാത്രികർക്ക് ഇരിക്കാനും സഞ്ചാരികൾക്ക് ഫോട്ടോ എടുക്കാനും എല്ലാം ഇവ ഉപയോഗിക്കാം. ഇലപൊഴിച്ച്, ഉണങ്ങിയ പോലെ നിൽക്കുന്ന മരവും മഞ്ഞ നിറത്തിലുള്ള വേലിയും ഇരിപ്പിടവും അതിലിരിക്കുന്ന സത്യൻ മാഷെയും കൂടി ഒറ്റ ഫ്രെയിമിൽ പകർത്തിയപ്പോൾ പഹൽഗാമിൻ്റെ മനോഹരമായ ഒരു ചിത്രം കൂടി കിട്ടി.
പാർക്കിംഗ് ഏരിയയും അതിന് പിന്നിലെ പൈൻ മരങ്ങളും മഞ്ഞ് പുതച്ച മലനിരകളും പിന്നെ ഞാനും ചേർന്നപ്പോൾ എന്നെന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു ചിത്രം കൂടി കിട്ടി.
"മാഷേ, ബെരി ബെരി..." എവിടെ നിന്നോ പരിചിതമായ ഒരു ശബ്ദം കേട്ട് ഞാനും സത്യൻ മാഷും ചുറ്റും നോക്കി.
"ആവോ... പിയോ കേസർ ദൂധ് .." ഒരു കടക്കാരൻ ഞങ്ങളെ മാടി വിളിച്ചു, കടക്കുള്ളിലേക്ക് നോക്കിയ ഞങ്ങളെ കൊണ്ടോട്ടിക്കൂട്ടം സ്വാഗതം ചെയ്തു.
"മാഷേ... കുങ്കുമപ്പാല് കുടിച്ചിട്ടാണ് കാശ്മീരികൾക്ക് ഇജ്ജാതി കളർ എന്നാണ് ഇവർ പറയുന്നത്..... " ഹനീഫാക്ക പറഞ്ഞു.
"എന്നിട്ട് എത്ര ഗ്ലാസ് കുടിച്ചു?"
"നാല് ഗ്ലാസ് "
" ൻ്റെ റബ്ബേ .... നാല് ഗ്ലാസോ?" ഞാൻ ഹനീഫാക്കയെ നോക്കി.
"ഒറ്റക്കല്ല ...ഞങ്ങള് നാലാളും കൂടി ... മാഷമ്മാര് രണ്ടാളും ഇരിക്കി...... നമ്മളെ വക ഇങ്ങളും കുടിക്കി കുങ്കുമപ്പാല് ... ഒന്ന് ചൊർക്ക് ബെക്കട്ടെ..."
അങ്ങനെ കുങ്കുമപ്പൂവ് പൊടിച്ച് ചേർത്തത് എന്ന് പറയപ്പെടുന്ന ചൂടുള്ള ഒരു പാല് ഞങ്ങളും കുടിച്ചു. നാട്ടിലെ ബദാം മിൽക്ക് മഞ്ഞ നിറത്തിലായത് പോലെയാണ് എനിക്ക് തോന്നിയത്.
"റോഡിൻ്റെ മറുവശത്ത് ഒരു പൊയ ണ്ട് ... ലീഡർ പൊയ എന്നാണ് അതിൻ്റെ പേര്.." എൻ്റെ നാട്ടുകാരൻ കൂടിയായ ടൂർ മാനേജർ ഹബീൽ പറഞ്ഞു.
" ലീഡർ അല്ല... ലിഡർ റിവർ ആണ്.. " ഞാൻ തിരുത്തി.
"ആ... എന്നാ മാഷ് പറഞ്ഞ മാതിരി ... റീൽസിനും ഫോട്ടോഷൂട്ടിനും പറ്റിയ സ്പോട്ടുകൾ ഉണ്ടാകും. വീഴുമ്പോൾ പാറ ഒഴിവാക്കി വീഴാൻ ശ്രദ്ധിക്കുക "
ഞങ്ങളെല്ലാവരും പുഴയിലേക്ക് ഇറങ്ങാൻ തുടങ്ങി. വെള്ളത്തിൽ തൊട്ടപ്പോൾ പലരും കരയിലേക്ക് തന്നെ തിരിച്ച് കയറി. മഞ്ഞ് അലിഞ്ഞ് ചേർന്ന വെള്ളത്തിന് അത്രയും തണുപ്പായിരുന്നു.
"ബ്ലും " ആദ്യത്തെ വീഴ്ച സംഭവിച്ചു, സത്യൻ മാഷാണ് പാറയിൽ തെന്നി വെള്ളത്തിൽ കാല് കുത്തിയത്. മാഷ് വേഗം അടുത്ത പാറയിലേക്ക് കയറി.
"ബ്ലും.." വീണ്ടും ശബ്ദം കേട്ടു. കയറി നിന്ന പാറയിൽ നിന്ന് സത്യൻ മാഷ് വീണ്ടും വെള്ളത്തിൽ !
"ദേ ... ഇങ്ങോട്ട് കയറ്....." ഞാൻ നിൽക്കുന്ന പാറയിലേക്ക് കയറ്റാനായി ഞാൻ കൈ നീട്ടി.
സത്യൻ മാഷ് അങ്ങോട്ട് കയറിയതോടെ എൻ്റെ ബാലൻസ് തെറ്റി കൈ വിട്ടുപോയി.
"ബ്ലും" ദേ സത്യൻ മാഷ് വീണ്ടും വെള്ളത്തിൽ !! കിലുക്കം സിനിമയിലെ ജഗതിയെയാണ് പെട്ടെന്ന് എനിക്ക് ഓർമ്മ വന്നത്. ഇതിനിടയിൽ, തണുത്ത് മരവിച്ച കഷണ്ടിയിൽ നിന്ന് എൻ്റെ തൊപ്പി എവിടെയോ ഊർന്ന് വീണ് പോയിരുന്നു.
ഇനി അധിക സമയം അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയതിനാൽ, ഞങ്ങളുടെ സംഘത്തിലെ യുവ മിഥുനങ്ങളെ അവരറിയാതെ ക്യാമറയിൽ പകർത്തി ഞങ്ങൾ തിരിച്ചു കയറി. അഞ്ചര മണിയോടെ ഞങ്ങൾ പഹൽഗാമിനോട് വിട പറഞ്ഞു.
Part 9: ദാൽ തീരത്തെ പ്രഭാത സവാരി
2 comments:
"ബ്ലും" ദേ വീണ്ടും സത്യൻ മാഷ് വെള്ളത്തിൽ !! കിലുക്കം സിനിമയിലെ ജഗതിയെയാണ് പെട്ടെന്ന് ഓർമ്മ വന്നത്.
സൂപ്പർ 🥰
Post a Comment
നന്ദി....വീണ്ടും വരിക