Pages

Wednesday, January 31, 2024

ഷബോനിയുടെ സാമ്രാജ്യം

പുതുവർഷത്തിൽ ആദ്യമായി ലഭിച്ച പുസ്തകമായിരുന്നു 'ഷബോനിയുടെ സാമ്രാജ്യം'. ബ്ലോഗിന്റെ പുഷ്കല  കാലത്ത് സഹബ്ലോഗറായിരുന്ന ഷബ്‌ന പൊന്നാടിന്റെ കുട്ടികൾക്കുള്ള നോവലാണ് ഇത്. കുട്ടികൾക്കുള്ളതായതിനാൽ ഒറ്റ ഇരിപ്പിന് തന്നെ ഞാനത് വായിച്ചു തീർത്തു.

അരുവിക്കാട്ടിലെ രാജാവാണ്  അജിബൻ എന്ന പഞ്ചവർണ്ണക്കിളി. കാട്ടിലെ നിയമമനുസരിച്ച് രാജാവാകാൻ കഠിനമായ മൂന്ന് പരീക്ഷണങ്ങൾ തരണം ചെയ്യേണ്ടതുണ്ട്. അടുത്ത രാജാവാകാൻ കൊതിക്കുന്ന ചുകൻ ചെമ്പോത്ത്, രാജാവാകാൻ സാധ്യതയുള്ള അജിബന്റെ മകൻ ഷബോനിയെ ചതിച്ച് പരീക്ഷണത്തിൻ്റെ മൂന്നാമത്തെ ഘട്ടത്തിൽ 'പരാജയപ്പെടുത്തി. ശേഷം ഈ പരീക്ഷണങ്ങൾക്ക്.ഒന്നും വിധേയമാകാതെ തന്നെ ചുകൻ രാജാവായി സ്വയം അവരോധിച്ചു.

പരീക്ഷണത്തിൽ പരാജയപ്പെട്ട അജിബനും കുടുംബവും അരുവിക്കാടിൻ്റെ നിയമമനുസരിച്ച് കാട് വിട്ട് മറ്റൊരു സ്ഥലത്ത് താമസമാക്കി. മുൻ ധാരണക്ക് വിരുദ്ധമായി  ചെമ്പൻ വനത്തിലെ വലിയ മൃഗങ്ങൾ അരുവിക്കാട്ടിലേക്ക് കയറി അതിക്രമങ്ങൾ ചെയ്തിട്ടും ചുകന് ഒന്നും ചെയ്യാൻ സാധിക്കാതെ വന്നു. അങ്ങനെ അരുവിക്കാട്ടുകാർ  ബുദ്ധിമുട്ടുമ്പോഴാണ് ചുകൻ ചെമ്പോത്ത് ചെയ്ത ചതി മനസ്സിലാക്കി, മൂന്നാമത്തെ പരീക്ഷണമായ തുടർച്ചയായി പാട്ട് പാടാനുള്ള കഴിവ് വീണ്ടെടുത്ത് ഷബോണി തിരിച്ചെത്തുന്നതും യുവരാജാവായി സ്ഥാനമേൽക്കുന്നതും.

വലിയ മൃഗങ്ങൾ താമസിക്കുന്ന ചെമ്പൻ വനത്തിന്റെയും ചെറിയ മൃഗങ്ങൾ താമസിക്കുന്ന അരുവിക്കാടിന്റെയും പരസ്പര സഹകരണത്തിന്റെയും യുവരാജാവിന്റെ സ്ഥാനാരോഹണത്തിന്റെയും കഥയാണ് നോവലിന്റെ ഇതിവൃത്തം.കുട്ടികൾക്ക് മനസ്സിലാവുന്ന രീതിയിൽ തന്നെ ഷബ്‌ന അത് പറഞ്ഞുപോകുന്നുണ്ട്. കഥാപാത്രങ്ങളുടെ പേരുകളും വളരെ ഹൃദ്യമായി തോന്നി. നൗഷാദ് വെള്ളലശ്ശേരിയുടെ ചിത്രീകരണവും വളരെ ഹൃദ്യമായി.ജില്ലി മുയലിനെ ഒരു കൈ കൊണ്ട് വാരിയെടുത്ത് മിഥുക്കുരങ്ങൻ അത്തിയിൽ കയറി എന്ന് പറയുന്നിടത്തെ (പേജ് 16) ചിത്രം തെറ്റിപ്പോയോ എന്നൊരു സംശയം. കുട്ടികൾക്ക് ഈ നോവൽ ഹൃദ്യമാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.

പുസ്തകം : ഷബോനിയുടെ സാമ്രാജ്യം
രചയിതാവ് : ഷബ്‌ന പൊന്നാട് 
പ്രസാധകർ : പേരക്ക ബുക്സ്
പേജ് : 112 
വില: 130 രൂപ

1 comments:

Areekkodan | അരീക്കോടന്‍ said...

കുട്ടികൾക്ക് മനസ്സിലാവുന്ന രീതിയിൽ തന്നെ ഷബ്‌ന അത് പറഞ്ഞുപോകുന്നുണ്ട്.

Post a Comment

നന്ദി....വീണ്ടും വരിക