Pages

Saturday, September 27, 2014

മെട്രോ ട്രെയിനിൽ.... (ആദ്യ വിമാനയാത്ര - 10)


കയറിയ ഗേറ്റിലൂടെത്തന്നെ പുറത്തിറങ്ങണം എന്ന രാഷ്ട്രപതി ഭവനിലെ അലിഖിതനിയമം പുറത്തിറങ്ങിയപ്പോഴാണ് അറിഞ്ഞത്.ഗേറ്റ് നമ്പർ 37ലൂടെത്തന്നെ പുറത്തേക്ക് കടന്ന ഞങ്ങൾക്ക് മുമ്പിൽ നോക്കെത്താദൂരത്തോളം മതിലും റോഡും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

“ സാറെ...ചൈനയിലെ വന്മതിൽ ഇന്ത്യയിലാണോ ?” അഫ്നാസിന് സംശയമായി.

“നീ ഡെൽഹിയിൽ താജ്മഹൽ കണ്ട സ്ഥിതിക്ക് ചൈനയിലെ വന്മതിൽ ഇന്ത്യയിൽ കാണാൻ സാധ്യതയുണ്ട്...”

“ഏതായാലും നമ്മുടെ ആമാശയത്തിന് മുന്നിൽ ഒരു വന്മതിൽ ഉണ്ടാകാൻ സാധ്യതയുണ്ട്..ഈ അടുത്തൊന്നും ഒരു ഹോട്ടൽ പോയിട്ട് മുറുക്കാൻ കട പോലും കാണാനില്ല...”ആരോ സന്ദേഹിച്ചു.

“അതേയ്....ഇത് രാജ്പഥ് ആണ്....” രണ്ട് ദിവസം മുമ്പ് വന്ന ഷാജഹാൻ സാർ ഓർമ്മിപ്പിച്ചു.

“എന്ന് വച്ച് വഴിയാത്രക്കാർ പട്ടിണി കിടക്കണോ ?”

“ങാ....ഭക്ഷണം കിട്ടണമെങ്കിൽ കരോൾബാഗിൽ പോകണം...”

“ഏത് ബാങ്കിൽ ?” അഫ്നാസ് വീണ്ടും സംശയിച്ചു.

“ബാങ്ക് അല്ല..കരോൾ ബാഗ്....ഏറ്റവും അടുത്ത സ്ട്രീറ്റ് അതാണ്...”

“എങ്കിൽ ആ ബാഗിലേക്ക് വേഗം നടക്കാം... ആമാശയം നയം വ്യക്തമാക്കിത്തുടങ്ങി...”

“ങാ...അങ്ങിനെ വേഗം നടന്നലൊന്നും എത്തുന്ന സ്ഥലമല്ല കരോൾ ബാഗ്....ട്രെയിനിൽ പോകണം...”

“ദൈവമേ !!!ഭക്ഷണം കഴിക്കാൻ ട്രെയിനിൽ പോകണം എന്നോ?”

“അതേ...ഇവിടെ നിന്നും രണ്ടാമത്തെ സ്റ്റേഷനാണ് കരോൾ ബാഗ്....“

“യാ കുദാ...ഭക്ഷണം കഴിച്ച് ഇവിടേക്ക് തന്നെ തിരിച്ചും വരേണ്ടേ...?”

“അതേ....കുറച്ച് കൂടി മുന്നോട്ട് പോയാൽ സെൻ‌ട്രൽ സെക്രട്ടറിയേറ്റ് സ്റ്റേഷൻ....”

“ങേ....!!ഇതെന്തൊരു പേരാ ഈ സ്റ്റേഷന്?”

“ഇതാണ് മെട്രോസ്റ്റേഷൻ...മെട്രോട്രെയിനിന്റെ സ്റ്റേഷൻ ഇങ്ങനെയൊക്കെയാ...”


“അപ്പോ നമുക്ക് പോകേണ്ടത് മെട്രോട്രെയിനിൽ ആണോ?” എല്ലാവരുടേയും മുഖത്ത് ഒരു ആകാംക്ഷ പടർന്നു.

“അതേ...ഹുദാ സിറ്റി സെന്ററിലേക്കുള്ള മെട്രോട്രെയിനിൽ പോകണം..”

“ഹായ്...നമ്മുടെ ശ്രീധരേട്ടന്റെ ഡെൽഹി മെട്രോ...” മലയാളികളുടെ ശബ്ദം ഒന്നിച്ചുയർന്നു.

“മലപ്പൊറത്താരുടെ സ്രീതരനേട്ടനാ...”സംഘത്തിൽ ഭൂരിഭാഗം വരുന്ന മലപ്പുറത്ത് നിന്നുള്ളവർ വിട്ടില്ല.

“ങാ..വേഗം വാ...ഭക്ഷണം കഴിച്ച് പെട്ടെന്ന് തിരിച്ചെത്തണം...”

“അത് ശരിയാ...നമ്മളെ അങ്ങാടിപ്പുറം പോലെയുള്ള സ്റ്റേഷനാണെങ്കിൽ ഒരു ട്രെയിൻ പോയാൽ പിന്നെ അടുത്തത് വരണമെങ്കിൽ വൈകുന്നേരമാകും...” ഒരു മലപ്പുറത്ത്കാരൻ പറഞ്ഞു.

“ഹ ഹ ഹാ...ഇത് മെട്രോട്രെയിനാ....മിനുട്ടിന് മിനുട്ടിന് വണ്ടി വരും...”

“ങേ.... മിനുട്ടിന് മിനുട്ടിന് തീവണ്ടിയോ...എങ്കിൽ ഞാനില്ല...” ഒരു പെൺശബ്ദം ഉയർന്നു.

“അതെന്താ?”

“മിനുട്ടിന് മിനുട്ടിന് വണ്ടി പോകുമ്പോൾ മുമ്പിൽ പോകുന്ന ഡ്രൈവർ ഒന്ന് സ്ലോ ആക്കിയാൽ..??”

“ഒരു പ്രശ്നവും വരില്ല...എല്ലാ വണ്ടിയും നിൽക്കും..”

“ആഹാ...അപ്പോ ഏതെങ്കിലും ഒരു വണ്ടി ബ്രേക്കിട്ടാൽ എല്ലാ വണ്ടിയും നിൽക്കും എന്നോ....അപ്പോ അതിന്റെ ബ്രേക്കിംഗ് സിഗ്നൽ വായുവിലൂടെയാണോ പോകുന്നത്?” ഇലക്ട്രോണിക്സ് വിദ്യാർത്ഥി അഫ്നാസ് വീണ്ടും ചോദ്യമുയർത്തി.

“ഇതാ സ്റ്റേഷൻ എത്തി...ഞാൻ ടിക്കറ്റ് എടുത്ത് വരാം...”ഷാജഹാൻ സാർ ചില്ലുക്കൂട്ടിൽ ഇരിക്കുന്ന ഒരു പെൺകുട്ടിക്ക് നോട്ട് കൊടുക്കുന്നതും കുറേ പ്ലാസ്റ്റിക് വട്ടങ്ങൾ തിരിച്ച് കൊടുക്കുന്നതും ഞങ്ങൽ കണ്ടു.

“സ്റ്റേഷനിലെ ഇലക്ടോണിക് ഗേറ്റിൽ ഇതേ പോലെ ഒരു വട്ടം കാണും.അവിടെ ഇത് വയ്ക്കുക..ഗേറ്റ് തുറന്നാൽ അതിലൂടെ ഓടി അകത്ത് കയറുക...”

“അപ്പോൾ ടിക്കറ്റ് എവിടന്ന് കിട്ടും?”

“ഇത് തന്നെയാ ടിക്കറ്റ്...ട്രെയിൻ ഇറങ്ങി സ്റ്റേഷനിലെ ഗേറ്റിൽ ഇത് നിക്ഷേപിച്ചാലേ പുറത്തിറങ്ങാൻ പറ്റൂ...” ഷാജഹാൻ സാർ വിശദീകരിച്ചു.

“സ്റ്റേഷൻ അധികമില്ലെങ്കിലും നമ്മളെ മലപ്പൊറത്താരെന്റെ ഐഡിയ സൂപ്പർ ട്ടോ...” മലപ്പുറത്ത്കാർ വീണ്ടും അഭിമാനിച്ചു.

എല്ലാവരും ഇലക്ടോണിക് ഗേറ്റിലൂടെ അകത്ത് കയറി.ആദ്യം വന്ന വണ്ടിയിൽ തന്നെ എല്ലാവരും കയറി.നിമിഷങ്ങൾക്കകം വണ്ടി നീങ്ങിത്തുടങ്ങി.
”അഗല സ്റ്റേഷൻ രാജീവ് ചൌക്...ദർവാസ ബായേം ഓർ ഖുലേഗ...കൃപയാ ഗ്യാപ് ധ്യാൻ കീജിയേ..” ട്രെയിനിനുള്ളിലെ കാഴ്ചകൾ കാണുന്നതിനിടക്ക് കേട്ട പതിഞ്ഞ ശബ്ദം ഞങ്ങളെ ആശ്ചര്യപ്പെടുത്തി.അടുത്ത സ്റ്റേഷന്റെ പേരും വാതിൽ തുറക്കുന്ന വശവും ഇറങ്ങുമ്പോൾ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ ഉള്ള ഗ്യാപ് ശ്രദ്ധിക്കാനും മറ്റുമുള്ള നിർദ്ദേശങ്ങൾ ആയിരുന്നു അത്.കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നതിന് മുമ്പേ ഞങ്ങൾ കരോൾ ബാഗ് സ്റ്റേഷനിൽ എത്തി.


പറഞ്ഞപോലെ കയ്യിലുള്ള “വട്ടം” ഗേറ്റിൽ നിക്ഷേപിച്ച് എല്ലാവരും പുറത്തിറങ്ങി.അല്പ സമയത്തിനകം തന്നെ നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണവും തട്ടി അടുത്ത വണ്ടിക്ക് തന്നെ സെൻ‌ട്രൽ സെക്രട്ടറിയേറ്റിലേക്ക് വണ്ടി കയറി.പുറത്ത് പോയ അതേ ഗേറ്റിലൂടെ തന്നെ വീണ്ടും രാഷ്ട്രപതിഭവന്റെ അകത്ത് കയറി.

(തുടരും..)

3 comments:

ajith said...

അപ്പോ വട്ടം നഷ്ടപ്പെട്ട് പോയാല്‍ വട്ടം ചുറ്റിയത് തന്നെ. അല്ലേ!

വിനുവേട്ടന്‍ said...

വട്ടം കൈയിലുണ്ടോ... വട്ടം കൈയിലുണ്ടോ... :)

Cv Thankappan said...

വട്ടം പാച്ചില്‍......
ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക