Pages

Sunday, September 21, 2014

ഹോട്ടൽ സൂര്യ ഇന്റെർനാഷണൽ (ആദ്യ വിമാനയാത്ര - 7)

(കഥ ഇതുവരെ)

“പഹാട്ഗഞ്ച് പഹുംജെ.കഹാം ഉതർന ഹെ?” ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ഡ്രൈവർ ചോദിച്ചു.

“ഇത്നീ ജൽദീ?ദൂർ തൊ കമീ ഹേ???” അറുന്നൂറ് രൂപ കൊടുക്കുന്നതിന് മുമ്പ് ഒന്ന് കൂടി പേശി നോക്കാനായി ഞാൻ പറഞ്ഞു.

“അരെ സാബ്ദൂർ കമീ നഹീംസ്പീഡ് തൊ സ്യാദസൌ കിലോമീറ്റർ”ഡ്രൈവർ എന്റെ വായടക്കി.

“കിസ് മാർഗ് ചൽന ഹേ?” ഡ്രൈവർ വീണ്ടും ചോദിച്ചു.

“ഹോട്ടൽ സൂര്യ ഇന്റെർനാഷണൽഹോട്ടൽ വുഡ്ലാന്റ് കെ പാസ്

“മാർഗ് തൊ ബതാഒ

‘യാ കുദാഡൽഹിയിൽ നിനക്കറിയാത്ത വഴി പിന്നെ ഞങ്ങൾക്കാണോ അറിയാ’ എനിക്ക് ചെറിയൊരു ആശങ്ക ഉണ്ടാകാതിരുന്നില്ല.

“മത്‌ലബ് ??” ഞാൻ തിരിച്ചു ചോദിച്ചു

“മാർഗ്ഗ് മത്‌ലബ് റോഡ്..”

“ഓആരോ കിഷൻ റോഡ്” എല്ലാവർക്കും മെസ്സേജ് വന്നതിനാൽ ഉത്തരം ഐക്യകണ്ഠേന പുറത്ത് വന്നു.


പഹാർഗഞ്ജ് എന്ന തിരക്കേറിയ ഗല്ലിയിലേക്ക് കടന്നതും വർണ്ണ ബൾബുകളുടെ അലങ്കാരങ്ങളുടെ പൂരം തുടങ്ങി. കേരളത്തിൽ ഓണം , ഈദ് , കൃസ്തുമസ് തുടങ്ങിയ ആഘോഷങ്ങളുടെ അവസരങ്ങളിൽ വൻ‌പട്ടണങ്ങളിലെ തുണിക്കടകൾ ഇത്തരം വർണ്ണങ്ങളിൽ കുളിച്ച് നിൽക്കുന്നത് കണ്ടിട്ടുണ്ട്.അതിനാൽ തന്നെ ഇവയും അത്തരം തുണിക്കടകൾ ആണെന്ന ധാരണയിൽ ഞാൻ അത് ശ്രദ്ധിച്ചില്ല. വിവിധ വർണ്ണങ്ങളിൽ കുളിച്ച് നിൽക്കുന്ന വലിയ വലിയ കെട്ടിടങ്ങൾ ഓരോന്നും ഓരോ ഹോട്ടലുകൾ ആയിരുന്നു. അതിനിടയിൽ മേലാപ്പുകളോ അലങ്കാരങ്ങളോ ഒന്നും ഇല്ലാതെ ആരുടേയും ശ്രദ്ധ പെട്ടെന്ന് പിടിക്കാതെ ഒരു കൊച്ചു ഹോട്ടൽ - ഹോട്ടൽ സൂര്യ  ഇന്റെർനാഷണൽ !!

എല്ലാവരും ടാക്സിയിൽ നിന്നിറങ്ങി. രണ്ട് ദിവസം മുമ്പേ തന്നെ ഡൽഹിയിൽ എത്തിയ ഷാജഹാൻ സാർ അവിടെ കാത്തിരിപ്പുണ്ടായിരുനു.ലഗേജുകളുമായി ഞങ്ങൾ ഹോട്ടലിന്റെ കൌണ്ടറിൽ എത്തി.രണ്ട് പേർക്ക് കഷ്ടിച്ച് കടന്നു പോകാൻ കഴിയുന്ന റിസപ്ഷനിൽ ഞങ്ങളും ലഗേജുകളും കൂടി ആയതോടെ നിന്ന് തിരിയാൻ ഇടമില്ലാതായി.എല്ലാവരുടേയും ഐ.ഡി കാർഡ് ഒരാളെ ഏല്പിച്ച് ബാക്കിയുള്ളവരോട് റൂമുകളിലേക്ക് നീങ്ങാൻ റിസപ്ഷനിൽ ഇരുന്ന ആൾ പറഞ്ഞു. സ്പൈസ് ജെറ്റ് എന്ന വിമാനക്കമ്പനിക്കാർ ആകാശത്ത് നിന്നും, ഇത്രയും ഇടുങ്ങിയ ഒരു ഹോട്ടൽ ഭൂമിയിൽ എങ്ങനെ കണ്ടെത്തി എന്ന് എനിക്ക് സംശയമായി (ടിക്കറ്റ് + താമസം എന്നതായിരുന്നു ഞങ്ങളുടെ പാക്കേജ്).

ഷാജഹാൻ സാറിന്റെ പിന്നാലെ നടന്ന് ഞങ്ങൾ മൂന്ന് പേർക്ക്  മാത്രം നിൽക്കാവുന്ന ഒരു കുടുസ്സ് മുറിയിൽ എത്തി.
“രണ്ട് ആളും അവരുടെ ലഗേജും കയറ്റിക്കൊള്ളുക” ഷാജഹാൻ സാർ പറഞ്ഞു.അപ്പോഴാണ് അത് ഒരു ലിഫ്റ്റാണെന്ന് ബോധ്യമായത്.വിശാലമായ ഡൽഹിയിൽ നിന്ന് പഹാർഗഞ്ജ് എന്ന ഇടുങ്ങിയ ഗല്ലിയിലേക്ക്, പിന്നെ ഒന്ന് കൂടി ഇടുങ്ങിയ ഹോട്ടലിലേക്ക്, അവിടെ വീണ്ടും ഇടുങ്ങിയ ലിഫ്റ്റിലേക്ക്, ഇനി ഇതിലും ഇടുങ്ങിയ റൂമിലേക്ക് എന്നതാണല്ലോ മാത്മാറ്റിക്സ് പ്രകാരം സംഭവിക്കേണ്ടത് എന്ന് എന്റെ മനസ്സ് മാതമാറ്റിക്സ് കൂട്ടി.മനക്കണക്കിൽ ഒന്നാം ക്ലാസ് മുതലേ ഞാൻ ഒരു സംഭവമായിരുന്നതിനാൽ അതു തന്നെ സംഭവിച്ചു !എനിക്കും നിസാം സാറിനും ഹഫ്നാസിനും കൂടി കിട്ടിയ റൂമിൽ ലഗേജും കൂടി വച്ചതോടെ ഹഫ്നാസ് പുറത്ത്!! മുറിക്കകത്തെ ചെറിയ ഒരു വാതിൽ തുറന്ന് നോക്കിയപ്പോൾ ഹീറ്റർ അടക്കമുള്ള സംവിധാനങ്ങളോടെയുള്ള ബാത്ത്‌റൂം കം ടോയിലെറ്റ്.പക്ഷേ നിസാം സാറിന് കടന്ന് പോകാൻ പറ്റാത്ത അത്രയും ഇടുങ്ങിയതാണെന്ന് മാത്രം!!

ഇതേ പോലെയുള്ള തൊട്ടടുത്ത മുറിയിൽ ഞങ്ങളുടെ കൂടെയുള്ള സ്ത്രീ രത്നങ്ങളേയും കുടി ഇരുത്തി. രാത്രി വളരെ വൈകിയതിനാലും അതി രാവിലെ എണീറ്റ് രാഷ്ട്രപതിഭവനിന്റെ ഉള്ളിലെ കാഴ്ചകൾ കാണാൻ ഉള്ളതിനാലും (അപൂർവ്വമായി ലഭിക്കുന്ന അനുവാദമാണ് ഇതെന്ന് പിന്നീട് മനസ്സിലായി) ഞങ്ങൾ ഞെങ്ങി ഞെരുങ്ങി കിടന്നു. യാത്രാക്ഷീണം കാരണം ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങി.

“ഠോ !!!“ ഭീകരമായ ഒരു സ്ഫോടന ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയുണർന്നു.തലസ്ഥാന നഗരമായതിനാൽ ഭീകരാക്രമണത്തിന്റെ സാധ്യത തള്ളിക്കളയാൻ സാധ്യമല്ല എന്ന് പറഞ്ഞ് നിസാം സാർ നേരെ ജനലിനടുത്തേക്ക് ഓടി.ജനലിലൂടെ പുറത്ത് ചാടാൻ വേണ്ടിയാണെന്ന് കരുതി അപകടം മണത്ത് ഞാനും പിന്നാലെ ഓടി.അപ്പോഴാണ് ഞങ്ങളുടെ തൊട്ടടുത്ത റൂമിലുണ്ടാ‍യിരുന്ന സ്ത്രീകളുടെ ആർപ്പുവിളി ശ്രദ്ധയിൽ പെട്ടത്.ഉടൻ അവരുടെ വാതിലിൽ മുട്ടി .വാതിൽ തുറന്നപ്പോൾ ഭീതിയോടെ ബാത്‌റൂമിന്റെ നേരെ നോക്കിനിൽക്കുകയായിരുന്നു മൂന്ന് പേരും!

“എന്താ എന്ത് പറ്റി?” ഞങ്ങൾ ചോദിച്ചു.

“അറിയില്ല സാർ.അതിനകത്ത് നിന്നാ ” ബാത്‌റൂമിന്റെ നേരെ ചൂണ്ടി അവർ പറഞ്ഞു.

ശബ്ദം കേട്ട് റിസപ്ഷനിൽ നിന്നും ആൾക്കാർ ഓടി എത്തിയിരുന്നു.എല്ലാവരും ബാത്ത്‌റൂമിനകത്തേക്ക് തലയിട്ടു നോക്കി. അതാ തൂങ്ങി നിൽക്കുന്നു വില്ലൻ ! ബാത്‌റൂമിനകത്തെ വാട്ടർഹീറ്റർ പൊട്ടിത്തെറിച്ചതായിരുന്നു ആ ശബ്ദം.ആരോ അത് ഓണാക്കിയിട്ടു.വെള്ളം ഇല്ലാതെ ചൂടായി അത് പൊട്ടിത്തെറിച്ചു എന്നാണ് അതിനെപ്പറ്റി അറിയുന്നവർ പറഞ്ഞ് തന്നത്. നല്ല തണുപ്പായതിനാൽ റൂം ചൂടാക്കാൻ നമ്മുടെ ‘പെൺബുദ്ധികൾ’ ഒപ്പിച്ച വല്ല പണിയുമാണോ അതെന്ന് അന്വേഷിക്കാൻ ഒരു സി.ബി.ഐ യും മുതിർന്നില്ല.തണുപ്പ് കാലമായതിനാൽ നിമിഷങ്ങൾക്കകം തന്നെ അവിടെ പുതിയൊരു ഹീറ്റർ സ്ഥാപിച്ചു (ഇത് ഇവിടെ ഒരു സ്ഥിരം പരിപാടിയാണെന്ന് ആ ശുഷ്കാന്തിയിൽ നിന്നും മനസ്സിലായി).

“ഇനി വേഗം കിടന്നോളൂ.നാളെ രാവിലെ എണീറ്റ് പോകേണ്ടതാണ്” സ്ത്രീകളോടായി കൂട്ടത്തിൽ ആരോ പറഞ്ഞു.

“ഇല്ല നി ഉറങ്ങാൻ ഞങ്ങൾക്ക് പേടിയാ.ആ കാലമാടന്മാർ ഒരു ഹീറ്റർ കൂടി കൊണ്ടു വന്ന് അവിടെ ഫിറ്റ് ചെയ്തിട്ടുണ്ട് !!!ഇനി അതെപ്പോഴാണാവോ പൊട്ടിത്തെറിക്കുക“




(തുടരും……)


6 comments:

Areekkodan | അരീക്കോടന്‍ said...

"ഠോ !!!“ ഭീകരമായ ഒരു സ്ഫോടന ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയുണർന്നു.തലസ്ഥാന നഗരമായതിനാൽ ഭീകരാക്രമണത്തിന്റെ സാധ്യത തള്ളിക്കളയാൻ സാധ്യമല്ല എന്ന് പറഞ്ഞ് നിസാം സാർ നേരെ ജനലിനടുത്തേക്ക് ഓടി.ജനലിലൂടെ പുറത്ത് ചാടാൻ വേണ്ടിയാണെന്ന് കരുതി അപകടം മണത്ത് ഞാനും പിന്നാലെ ഓടി.

മിനി പി സി said...

ഹഹഹഹ.........എന്തൊക്കെ പുലിവാലുകളാണ് അല്ലെ ...........കൊള്ളാം .ആസ്വദിച്ചു .

ajith said...

അതും കൂടെ പൊട്ടിത്തെറിച്ചാല്‍ സമാധാനമായി കിടന്നുറങ്ങാമായിരുന്നു

വിനുവേട്ടന്‍ said...

ഹ ഹ ഹ... അജിത്‌ഭായിയുടെ കമന്റ് കലക്കി... :)

Areekkodan | അരീക്കോടന്‍ said...

മിനി...പുലിവാലുകൾ മാറി , സിംഹവാലന്മാർ ഇറങ്ങിത്തുടങ്ങി!!

അജിത്തേട്ടാ....ഹ ഹ ഹാ...നല്ല ആശയം

വിനുവേട്ടാ....നന്ദി

Sathees Makkoth said...

ഡൽഹിക്കഥ കൊള്ളാം

Post a Comment

നന്ദി....വീണ്ടും വരിക