Pages

Saturday, September 06, 2014

പെരുച്ചാഴിയും കൃഷിയും തമ്മിലുള്ള ബന്ധം !


 ഓണപ്പരീക്ഷ കഴിഞ്ഞ് ഓണാവധിയും തുടങ്ങി. ആറാം ക്ലാസ്സിൽ മലയാളം എടുക്കുന്ന ദാമോദരൻ മാസ്റ്റർ വീണ്ടും വീട്ടിൽ കർതവ്യനിരതനായി. ഇത്തവണയെങ്കിലും പറഞ്ഞ സമയത്ത് പേപ്പറുകൾ നോക്കി തിരിച്ചേൽ‌പ്പിക്കണം എന്നായിരുന്നു അദ്ധ്യാപകദിനത്തിൽ മാസ്റ്റർ എടുത്ത പുതിയ തീരുമാനം. അത് പ്രകാരം ഓണാവധിയുടെ ആദ്യദിനമായ ഉത്രാടത്തിന് തന്നെ ഐശ്വര്യമായി മാസ്റ്റർ തുടങ്ങി.

ചോദ്യം നമ്പർ 6 : പെരുച്ചാഴിയും കൃഷിയും തമ്മിലുള്ള ബന്ധങ്ങൾ വിവരിക്കുക.

‘ഹോ.ഇത് ഒരു ഒടുക്കത്തെ ചോദ്യമായിപ്പോയി’ മാഷ് മനസ്സിൽ പറഞ്ഞു. ഏതെങ്കിലും വിദ്വാന്മാർ കണ്ടെത്തിയ ‘പുതിയ കണ്ടുപിടുത്തങ്ങൾ’ അറിയാനായി മാസ്റ്റർ അതിന്റെ ഉത്തരങ്ങളിലേക്ക് കടന്നു.അദ്ധ്യാപകരുടെ ‘കണ്ണിൽ ചാടിയ ഉണ്ണി’യായ പൌലോസിന്റേതായിരുന്നു മാഷ് ആദ്യം നോക്കിയ പേപ്പർ.ചോദ്യം നമ്പർ ആറിന് പൌലോസ് അത്യാവശ്യം നന്നായി തന്നെ ഉത്തരം എഴുതിയതു കണ്ട് ദാമോദരൻ മാസ്റ്റർക്ക് സന്തോഷമായി.മാഷ് ഉത്തരം വായിക്കാൻ തുടങ്ങി.

‘പെരുച്ചാഴിയും കൃഷിയും തമ്മിലുള്ള ബന്ധം പവിത്രമായ ഒരു ബന്ധമാണ്.ഇന്ന് പലയിടത്തും കാണുന്നപോലെയുള്ള അവിശുദ്ധ-അസാന്മാർഗ്ഗിക-അവിഹിത ബന്ധമല്ല ഇത്.രണ്ട് തരത്തിൽ പെരുച്ചാഴിയും കൃഷിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.

1.    പെരുച്ചാഴിയുടെ മുഖ്യഭക്ഷണത്തിൽപ്പെട്ട കപ്പ, കൃഷി ചെയ്താണ് ഉണ്ടാക്കുന്നത്. താനെ മുളച്ചു വരുന്നതല്ല.കൂടാതെ പെരുച്ചാഴിയെ കൊല്ലാൻ മനുഷ്യരായ നാം ഉപയോഗിക്കുന്ന വിഷം കപ്പയിൽ കലർത്തിയാണ് വയ്ക്കുന്നത്.ആ കപ്പയും കൃഷി ചെയ്താണ് ഉണ്ടാക്കുന്നത്.’

‘ഹോ.പെരുച്ചാഴിയും കൃഷിയും തമ്മിൽ അഭേദ്യമായ ബന്ധം തന്നെ’ ദാമോദരൻ മാസ്റ്റർ ആത്മഗതം ചെയ്തു.’.രണ്ടാം ബന്ധം കൂടി വായിച്ചു നോക്കട്ടെ

2.    പെരുച്ചാഴിയും കൃഷിയും തമ്മിലുള്ള രണ്ടാം ബന്ധം ഒരു വളഞ്ഞ ബന്ധമാണ്. ഇന്നത്തെകാലത്ത് പുതുതലമുറക്ക് ,പ്രത്യേകിച്ചും യുവാക്കൾക്ക് കൃഷിയിൽ ഒട്ടും താല്പര്യമില്ല.കൂടുതലും വിനോദങ്ങളിലാണ് താല്പര്യം.എന്നാൽ കൃഷിയുമായി ബന്ധപ്പെട്ട മലയാളിയുടെ ഒരു പ്രമുഖ ആഘോഷമാണ് ഓണം. ഓണത്തിന് വിനോദങ്ങളിൽ മുഴുകുന്ന മലയാളികളിൽ മിക്കവരും സിനിമ കാണാൻ പോകാറുണ്ട്.അങ്ങനെ ഈ ഓണക്കാലത്ത് ഇറങ്ങിയ ഒരു സിനിമയുടെ പേരാണ് പെരുച്ചാഴി.അതിനാൽ പെരുച്ചാഴിയുമായി ബന്ധപ്പെട്ട ഓണവുമായി ബന്ധപ്പെട്ട കൃഷി.ഹോ,എന്താ ഒരു ബന്ധം!

പ്രിയപ്പെട്ട സാർപെരുച്ചാഴി സിനിമ കാണാൻ തിക്കിത്തിരക്കുന്ന മലയാളികൾ വല്ല പാടത്തും ഇറങ്ങി ഇതേ പരിപാടി കാണിച്ചാൽ പിന്നെ അവിടെ ഉഴുതുമറിക്കേണ്ടതായി വരില്ല.അപ്പോൾ ഒന്നാംതരം കൃഷി നടത്തുകയും ചെയ്യാം.അപ്പോഴും ബന്ധം പോകുന്ന പോക്കു കണ്ടോ സാർപെരുച്ചാഴിയും കൃഷിയും തമ്മിൽ തന്നെ !

ഇനിയും ധാരാളം ബന്ധങ്ങൾ എഴുതാൻ മനസ്സ് വെമ്പുന്നുണ്ട്.ഈ ചോദ്യത്തിന് മാത്രം ഉത്തരം എഴുതിയാൽ മതിയാകില്ലല്ലോ.അതിനാൽ പെരുച്ചാഴിയെ അതിന്റെ പാട്ടിന് വിടുന്നു.പൌലോസ് അടുത്ത ചോദ്യത്തിലേക്കും.

11 comments:

Areekkodan | അരീക്കോടന്‍ said...

പ്രിയപ്പെട്ട സാർ…പെരുച്ചാഴി സിനിമ കാണാൻ തിക്കിത്തിരക്കുന്ന മലയാളികൾ വല്ല പാടത്തും ഇറങ്ങി ഇതേ പരിപാടി കാണിച്ചാൽ പിന്നെ അവിടെ ഉഴുതുമറിക്കേണ്ടതായി വരില്ല.അപ്പോൾ ഒന്നാംതരം കൃഷി നടത്തുകയും ചെയ്യാം.അപ്പോഴും ബന്ധം പോകുന്ന പോക്കു കണ്ടോ സാർ…പെരുച്ചാഴിയും കൃഷിയും തമ്മിൽ തന്നെ !

ajith said...

അവന്‍ തന്നെ പെരുച്ചാഴി!

Cv Thankappan said...

എളുപ്പായി.....
കുട്ട്യോള്‌ പഠിച്ചോളും!
ആശംസകള്‍

വിനുവേട്ടന്‍ said...

എന്നാലും അമീബ ഇര പിടിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരത്തിന്റെ അത്രയും ഗുമ്മായില്ല കേട്ടോ മാഷേ... :)

Mubi said...

ചോദ്യം തയ്യാറാക്കിയവരെ കുഴപ്പിക്കുന്ന ഉത്തരങ്ങളെ ഈ കുട്ടിയോള് എഴുതൂ....

മിനി പി സി said...

നല്ല ബന്ധം ....................

Harinath said...

Very Good...ഇത്തരം നർമ്മകഥകൾ ഇഷ്ടമാണ്‌.

sathees makkoth said...

പൗലോസ് കീ ജയ്
(എന്നിട്ട് പരീക്ഷ ജയിച്ചോ പൗലോസ്)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ പൗലോസാണ് താരം , പെരുച്ചാഴിയെയും കടത്തിവെട്ടി

Areekkodan | അരീക്കോടന്‍ said...

അജിത്തേട്ടാ....സത്യം , അവൻ തന്നെ പെരുച്ചാഴി

തങ്കപ്പൻ ചേട്ടാ.....നന്ദി

വിനുവേട്ടാ....അത് ഈ പൌലോസിന്റെ അച്ഛൻ ചരിതം!

മുബി....ന്യൂ ജനറേഷൻ ആയതുകൊണ്ടാകും

Areekkodan | അരീക്കോടന്‍ said...

മിനി....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.

ഹരിനാഥ്....താങ്കൾക്കും മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം. അനുഭവ നർമ്മങ്ങൾ ഈ ബ്ലോഗിൽ ധാരാളം കണ്ടെത്താം...

സതീഷ്ജി.....ജയവും പരാജയവും ദാമോദരൻ മാസ്റ്റർ തീരുമാനിക്കട്ടെ...

ഡോക്ടറേ....പെരുച്ചാഴി പൌലൊസെന്ന് പിൽക്കാലത്ത് പേര് വീഴും എന്ന് ഉറപ്പാ.

Post a Comment

നന്ദി....വീണ്ടും വരിക