Pages

Tuesday, September 09, 2014

ഓണം ബോണസ്സ്

പഴയതും പുതിയതുമായ കൂട്ടുകാരെ (ബൂലോകർ ഒഴികെ) എല്ലാം ഒന്ന് നേരിട്ട് വിളിച്ച് ഓണാശംസകൾ അറിയിക്കാം എന്നതായിരുന്നു പതിവ് പോലെ ഈ തിരുവോണത്തിനും എന്റെ തീരുമാനം. അല്ലെങ്കിലും എല്ലാവരും ചെയ്യുന്ന പോലെ ഒരു മെയിൽ അയച്ചാൽ അല്ലെങ്കിൽ ഒരു എസ്.എം.എസ് അയച്ചാൽ അല്ലെങ്കിൽ ഫേസ്ബുക്കിൽ ഒരു സന്ദേശമിട്ടാൽ (ഞാനും അത് ചെയ്തു – എന്റെ ഒരു പോസ്റ്റിന്റെ ലിങ്കിന്റെ കൂടെ സൌജന്യമായി!) അതിന്റെ ആത്മാർത്ഥത എത്രത്തോളം ഉണ്ടാകും എന്നതിൽ എനിക്ക് എപ്പോഴും ശങ്ക ഉണ്ടാകാറുണ്ട്.സമയം ഇല്ലെങ്കിലും ചുമ്മാ ഒരു ആശംസ എന്ന രീതിയിലും  സ്വീകരിക്കുന്ന ഒരു മാർഗ്ഗമായിട്ടാണ്  ഞാൻ മേല്പറഞ്ഞവയെ കാണുന്നത്.

ഏതായാലും വിളി തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ഇത് അത്ര എളുപ്പമല്ല എന്ന് എനിക്ക് മനസ്സിലായത്.മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ലെ എന്നതിനാൽ ഞാൻ വിളി തുടർന്നു.പലരുടേയും സങ്കടങ്ങളും ജീവിതത്തിരക്കുകളും മറ്റും എല്ലാം ഈ വിളികൾ വഴി ഞാൻ മനസ്സിലാക്കി.മേല്പറഞ്ഞ മാർഗ്ഗങ്ങളിൽ കൂടി ഒരു ആശംസ നേർന്നിരുന്നുവെങ്കിൽ എനിക്ക് ഇതൊന്നും മനസ്സിലാക്കാൻ പറ്റില്ലാ‍യിരുന്നു എന്ന തിരിച്ചറിവ് എന്നെ അസ്വസ്ഥനാക്കി.

ഈ വിളികൾക്കിടയിൽ തന്നെ എന്റെ പ്രിയപ്പെട്ട ബാപ്പ ജീവിച്ചിരുന്നപ്പോൾ നടത്തിയിരുന്ന ഒരു കർമ്മം നിർവ്വഹിക്കുകയും ചെയ്തു – എത്രയോ വർഷങ്ങളായി ഞങ്ങളുടെയും അയൽ‌വാസികളുടേയും പറമ്പിൽ വിവിധതരം പണി എടുക്കുന്ന ഗോപാലേട്ടനുള്ള ഓണക്കോടി വിതരണമായിരുന്നു അത്. ബാപ്പ മരിച്ച് ആറു വർഷം കഴിഞ്ഞിട്ടും ഉമ്മ ആ പതിവ്‌ തുടരുന്നു. എന്റെ കുഞ്ഞുമോൾ ലൂന എന്ന അബിയ്യ ഫാത്തിമ ഗോപാലേട്ടന് ഓണക്കോടി കൈമാറി.

ഞാൻ വിളി തുടരുന്നതിനിടയിലാണ് ഞങ്ങൾ ‘ചെറുവാടി വല്ല്യാപ്പ’ എന്ന് വിളിക്കുന്ന ഒരാൾ പതിവ് സന്ദർശനത്തിന് എത്തിയത്. ഞാൻ അദ്ദേഹത്തോട് കയറിയിരിക്കാൻ ആംഗ്യം കാട്ടി.അദ്ദേഹം അത് അനുസരിച്ചു.

“ആരെയാ മോൻ ഇപ്പോൾ വിളിച്ചത് ? പരിചയക്കാരെയാണോ” എന്റെ ഫോൺ വിളി കഴിഞ്ഞപ്പോൾ ആ ദേഹം ചോദിച്ചു

“അതെ25 വർഷം മുമ്പ് പരിചയപ്പെട്ട ഒരു സുഹൃത്തിനെ.” ഞാൻ മറുപടി കൊടുത്തു.

“യാഅല്ലാഹ്.” അദ്ദേഹത്തിന്റെ അത്ഭുതം ഒരു നെടുവീർപ്പായി.

“എന്റെ പഴയ സുഹൃത്തുക്കളിൽ പലരേയും ഞാൻ ഇന്ന് വിളിച്ചു ..”

“അതെഅത് വളരെ നല്ലതാ.എല്ലാവരേയും ഓർമ്മിക്കുന്നുണ്ടല്ലോ.മോന്റെ ബാപ്പയും അതുപോലെയായിരുന്നു.” പിന്നീട് ബാപ്പയെ കുറിച്ച് ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം അയവിറക്കി , ബാപ്പാക്ക് വേണ്ടി ഇരുന്ന ഇരിപ്പിൽ തന്നെ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്തു.അഗതികളുടേയും അക്രമത്തിനിരയായവരുടേയും പ്രാർത്ഥന ദൈവം സ്വീകരിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട്.അതിനാൽ ഈ പ്രാർത്ഥന എനിക്ക് കിട്ടിയ ഓണം ബോണസ്സായി.
12 comments:

Areekkodan | അരീക്കോടന്‍ said...

അഗതികളുടേയും അക്രമത്തിനിരയായവരുടേയും പ്രാർത്ഥന ദൈവം സ്വീകരിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട്.അതിനാൽ ഈ പ്രാർത്ഥന എനിക്ക് കിട്ടിയ ഓണം ബോണസ്സായി.

Harinath said...

വളരെ സന്തോഷം. ഇത്തരം അനുഭവങ്ങൾ ഇനിയുമുണ്ടാവട്ടെ...

ajith said...

സന്തോഷം!

sathees makkoth said...


കൊച്ചു കൊച്ചു സന്തോഷങ്ങൾ...
നല്ലത്...ആശംസകൾ!

Cv Thankappan said...

ആശംസകള്‍ മാഷെ

Mubi said...

സന്തോഷായി മാഷേ......

വിനുവേട്ടന്‍ said...

ഊഷ്മളമായ സൌഹൃദങ്ങൾ കാത്തു സൂക്ഷിക്കുക എന്നത് ഒരു വരദാനം തന്നെയാണ്... നന്നായി മാഷേ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ബൂലോകർ ഒഴികെ എന്ന് ബ്രാകറ്റിൽ എഴുതിയത് നന്നായി. ഇല്ലായിരുന്നെങ്കിൽ ഇപ്പൊ ചിലത് അങ്ങോട്ട് കേട്ടേനെ :)

Areekkodan | അരീക്കോടന്‍ said...

ഹരിനാഥ്....പ്രാർഥനകൾക്ക് നന്ദി

അജിത്തേട്ടാ....സന്തോഷം

സതീഷ്....അതേ, കുറേ കൊച്ചു കൊച്ചു സന്തോഷങ്ങൾ കൂടിച്ചേർന്ന് ഇമ്മിണി ബല്യ സന്തോഷമായി മാറുന്നു.

തങ്കപ്പേട്ടാ.....നന്ദി

Areekkodan | അരീക്കോടന്‍ said...

Mubi...നന്ദി

വിവുവേട്ടാ....അതേ, ദൈവം ചില വരദാനങ്ങൾ നൽകുന്നു...നാമത് പാലിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാൻ.സുഹൃത്ബന്ധം സൂക്ഷിക്കുന്നതിൽ ഞാൻ ആഹ്ലാദം കണ്ടെത്തുന്നു.

ഇന്ത്യ ഹെറിറ്റേജ്....ഈ പോസ്റ്റിൽ അത് പറഞ്ഞില്ലെങ്കിൽ എനിക്ക് ഇഷ്ടം പോലെ കിഴുക്ക് കിട്ടും എന്നറിയാം.പിന്നെ ബൂലോക പരിചയം വെറും 8 വർഷം മാത്രമല്ലേ ആയിട്ടുള്ളൂ.അപ്പോൾ ഒരു ത്രിൽ കുറവ് കൂടി ഉണ്ട്!!(Chumma)

Basheer Vellarakad said...

നന്നായി.. തുടരുക.. ആശംസകൾ

വീകെ said...

ആശംസകൾ മാഷേ...

Post a Comment

നന്ദി....വീണ്ടും വരിക