നിസാമുദ്ദീൻ ദർഗ്ഗയിൽ നിന്ന് ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ തന്നെ തിരിച്ചെത്തി. ലഗേജുകൾ എടുത്ത ശേഷം, ഡൽഹിയിൽ പഠിക്കുന്ന എൻ്റെ രണ്ടാമത്തെ മകൾ ലുഅയെ കാത്തിരുന്നു.രണ്ടാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനാൽ ആദ്യ രണ്ടു ദിവസം പുറത്ത് റൂമെടുത്തും ശേഷം അവളുടെ റൂമിലും താമസിക്കാം എന്നായിരുന്നു പ്ലാൻ ചെയ്തിരുന്നത്.ഇതുപ്രകാരം ഞങ്ങൾ റൂമെടുത്തത് ഓഖ്‌ല യിൽ ആയിരുന്നു. താമസിയാതെ ലുഅ മോൾ എത്തി.ഞാൻ ഒഴികെ ബാക്കി എല്ലാവരും അവളെ കാണുന്നത് നാലു മാസങ്ങൾക്ക് ശേഷമായിരുന്നു.ഊബർ ടാക്സി വിളിച്ച് ഞങ്ങൾ ഓഖ്‌ലയിലേക്ക് തിരിച്ചു.
ഓഖ്‌ലയിലെ അബുൽ ഫസൽ എൻക്ലേവിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര ഓഫീസിനടുത്ത്, ഒരു മലയാളി സ്ത്രീ നടത്തുന്ന ഹോസ്റ്റലിൽ ആയിരുന്നു ഞങ്ങളുടെ താമസം.പ്രാതലും അത്താഴവും അടക്കം ആയിരത്തി അഞ്ഞൂറ് രൂപയായിരുന്നു പ്രതിദിന വാടക.ഞങ്ങൾ ആളെണ്ണം കൂടുതലായതിനാൽ രണ്ടായിരം രൂപയായി.മലയാളി വിദ്യാർത്ഥിനികൾ ആയിരുന്നു ഹോസ്റ്റലിലെ മറ്റ് അന്തേവാസികൾ.കഴിഞ്ഞ രണ്ട് ദിവസവും കുളിക്കാത്തതിനാലും ഡൽഹിയിലെ ചൂടും കാരണം റൂമിലെത്തിയ ഉടൻ തന്നെ എല്ലാവരും കുളിച്ചു വൃത്തിയായി.ശേഷം തൊട്ടടുത്ത തെരുവിൽ മലയാളികൾ നടത്തുന്ന റൂമി റസ്റ്റാറന്റിൽ പോയി സുഭിക്ഷമായി ഭക്ഷണം കഴിച്ചു.
ആമാശയത്തിന് ആശ്വാസം കിട്ടിയതോടെ അന്നത്തെ അടുത്ത പരിപാടികൾ ആസൂത്രണം ചെയ്യാൻ തുടങ്ങി. രാത്രി ആവാറായതിനാൽ ഏതെങ്കിലും മാർക്കറ്റിൽ പോകാം എന്ന് തീരുമാനിച്ചു.ഡ്രെസ് മെറ്റീരിയലുകൾ പ്രത്യേകിച്ചും ചുരിദാർ പീസുകൾ കിട്ടുന്ന ഷഹീൻബാഗ് മാർക്കറ്റ് അടുത്തുണ്ട് എന്ന് ലുഅയുടെ കൂട്ടുകാരികൾ പറഞ്ഞു.പൗരത്വ ബിൽ എന്ന കിരാത നിയമത്തിനെതിരെ കുടിൽ കെട്ടി സമരം നടന്ന ഷഹീൻബാഗ് ഇവിടെയാണെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. പരീക്ഷ ആയതിനാൽ ലുഅ അവളുടെ റൂമിലേക്കും ഞങ്ങൾ ഷഹീൻബാഗ് മാർക്കറ്റിലേക്കും പുറപ്പെട്ടു.
റിക്ഷ ഇറങ്ങി ഇടുങ്ങിയ ഒരു റോഡിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ലുഅ അയച്ച് തന്ന ഗൂഗിൾ മാപ്പ് നോക്കി ഞങ്ങൾ നടക്കാൻ തുടങ്ങി.നടക്കുന്തോറും തെരുവ് കൂടുതൽ കൂടുതൽ ജനനിബിഢമാകാൻ തുടങ്ങി.പലതരം കച്ചവടങ്ങളും തെരുവിൽ പൊടി പൊടിക്കുന്നുണ്ട്.ഇതിനിടയിലൂടെ ഇരു ചക്ര വാഹനങ്ങൾ നുഴഞ്ഞും ഇഴഞ്ഞും പോയിക്കൊണ്ടിരുന്നു. മഴ പെയ്ത കാരണം തെരുവിൽ വെള്ളവും കെട്ടി നിൽക്കുന്നുണ്ട്. എല്ലാം തരണം ചെയ്ത് ഞങ്ങൾ മുന്നോട്ട് നടന്നു.
ഗൂഗിൾ മാപ്പ് കാണിച്ച് തന്ന പ്രകാരം കൂടുതൽ ഇടുങ്ങിയതും വളരെ തിരക്കേറിയതുമായ ഒരു ഗല്ലിയിലേക്ക് ഞങ്ങൾ പ്രവേശിച്ചു.വിവിധതരം വസ്ത്രങ്ങളുടെയും തുണികളുടെയും വിശാലമായ ഒരു ലോകമായിരുന്നു അത്. സാധനങ്ങൾ വാങ്ങാൻ വന്നവരിൽ കൂടുതലും സ്ത്രീകളായിരുന്നു. നാട്ടിൽ, വിവിധ ആഘോഷ സമയങ്ങളിൽ കാണുന്ന തിരക്ക് എല്ലാ കടകളിലും കണ്ടു.വിവിധ കടകളിൽ കയറി ഞങ്ങളും നിരവധി ഡ്രസ്സ് മെറ്റീരിയൽസ് വാങ്ങിക്കൂട്ടി.പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഹോസ്റ്റൽ ആയതിനാൽ പത്ത് മണിക്ക് ഗേറ്റ് അടക്കും എന്ന് ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു.ആയതിനാൽ സമയം വൈകാതെ ഞങ്ങൾ ഷഹീൻബാഗിൽ നിന്നും തിരിച്ചു പോന്നു. റൂമിലെത്തി അടുത്ത ദിവസത്തെ സന്ദർശന സ്ഥലങ്ങളും സമയക്രമവും ഒന്ന് കൂടി ഉറപ്പു വരുത്തി. അത്താഴം ആർക്കും ആവശ്യം ഇല്ലാത്തതിനാൽ ഞങ്ങൾ പെട്ടെന്ന് തന്നെ നിദ്രയിലേക്ക് ഊളിയിട്ടു.
(തുടരും...)
0 comments:
Post a Comment
നന്ദി....വീണ്ടും വരിക